മഴമുകിൽ : ഭാഗം 39

Share with your friends

എഴുത്തുകാരി: അമ്മു അമ്മൂസ്

“”അമ്മ കയഞ്ഞല്ലോ മാമിനെ കെട്ടിപ്പിടിച്ചു….”” അല്ലുമോള് പറയുന്നത് കേട്ടപ്പോൾ ഋഷി ദേവയെ ഒന്ന് സൂക്ഷിച്ചു നോക്കി…. “”എന്തിനാ അമ്മ കയഞ്ഞേ..””.. ദേവയെ ഒന്ന് നോക്കി ഋഷി വീണ്ടും മോളോട് ചോദിച്ചു…. അടുത്തതായി മോളെന്താ പറയുക എന്ന ചമ്മലും പേടിയും ദേവയുടെ മുഖത്ത് നിറയുന്നത് കണ്ടു… “”മാമി പയഞ്ഞു അമ്മ വാവേണേ തരുമ്പോൾ അല്ലുമോൾക്ക് കല്യാണം കയിച്ചം എന്ന്…. അപ്പൊ അമ്മ കരഞ്ഞല്ലോ….”” അല്ലു മോള്‌ ദേവയുടെ വിഷമത്തിന്റെ കാരണം കണ്ടു പിടിച്ചെന്ന ഭാവത്തിൽ ഋഷിയോട് പറഞ്ഞു…. അടക്കിപ്പിടിച്ച ചിരിയോടെ ദേവയെ നോക്കിയപ്പോൾ ചമ്മൽ കാരണം മുഖം തിരിക്കുന്നത് കണ്ടു…

“”അമ്മ അപ്പൊ എന്ത് പറഞ്ഞു മോളോട്…. വാവേനേ തരാം എന്ന് പറഞ്ഞോ…. “”ദേവയെ ഒന്ന് ഒളിക്കണ്ണിട്ട് നോക്കി ചോദിച്ചു… “”അമ്മ ഒന്നും പയഞ്ഞില്ലല്ലോ….””. അല്ലു മോള്‌ സങ്കടത്തോടെ ചുണ്ട് കൂട്ടിപ്പിടിച്ചു…. “”സാരമില്ലാട്ടോ….. അച്ഛാ അമ്മയോട് പറയാമെ അച്ഛെടെ അല്ലൂസിന് വാവേ തരാൻ….”” കേട്ടതും കൈയും കാലും ഇട്ടടിച്ചു സന്തോഷത്തോടെ ഋഷിയെ കെട്ടിപ്പിടിക്കുന്നത് കണ്ടു…. ഋഷിയുടെ മുഖത്തേക്ക് നോക്കാനേ പോയില്ല…. അല്ലാതെ തന്നെ വല്ലാത്ത പരവേശം തോന്നി തുടങ്ങിയിരുന്നു…. വീടിന്റെ വാതിൽക്കൽ എത്തിയതും രണ്ടാളെയും ഗൗനിക്കാതെ വേഗം വാതിൽ തുറന്നു അകത്തേക്ക് നടന്നു… “”ഹാ…. താനിതെന്തിനാ ഇപ്പൊ അടുക്കളയിൽ പോകുന്നെ…..

ഇനി ഒന്നും വേണ്ട നമ്മൾ കഴിച്ചിട്ട് അല്ലെ ഇറങ്ങിയേ വീട്ടിൽ നിന്നും….”” . അവനിൽ നിന്നും രക്ഷപെടാൻ വേണ്ടി അടുക്കളയിലേക്ക് വേഗത്തിൽ നടക്കുന്ന ദേവയെ നോക്കി ഋഷി വിളിച്ചു പറഞ്ഞു…. “”ഞാ…… ഞാൻ രാവിലെ അടുക്കള വൃത്തിയാക്കിയില്ലായിരുന്നു…. അത് കഴിഞ്ഞു വന്നോളാം….. ഋഷിയേട്ടൻ പൊക്കോ….”” അവനെ നോക്കാതെ പറഞ്ഞൊപ്പിച്ചിട്ട് വേഗം അടുക്കളയിലേക്ക് തന്നെ നടന്നു… “”അമ്മക്കെ നാണമാട കണ്ണാ….”” ദേവയുടെ പോക്ക് നോക്കി അവന്റെ തോളിലേക്ക് ചാഞ്ഞു കിടക്കുന്ന അല്ലു മോളുടെ നെറുകയിൽ ഒന്ന് മുത്തി ചിരിയോടെ ഋഷി പറഞ്ഞു… “”അല്ലൂനും നാനമാണോ….””. അവനെ നോക്കി വിടർന്ന കണ്ണുകളോടെ ചോദിച്ചു…

ഉറക്കെ ചിരിച്ചു കൊണ്ട് മോളെയും എടുത്തു മുറിയിലേക്ക് പോകുന്ന ഋഷിയെ കാൺകെ ഒരു ചിരിയോടെ ദേവ ബാക്കിയുള്ള ജോലികൾ തീർക്കാൻ തുടങ്ങി… അവന്റെ മുന്നിലേക്ക് പോകാനുള്ള മടി കാരണം രാത്രി വൈകുവോളം ഓരോ ചെറിയ ജോലികൾ ചെയ്തു അടുക്കളയിൽ തന്നെ നിന്നു… ഒടുവിൽ ഇനിയും വൈകിയാൽ ശെരിയാകില്ല എന്ന് തോന്നിയപ്പോൾ കണ്ണുകൾ ഒന്നടച്ചു ശ്വാസമെടുത്തു മുറിയിലേക്ക് നടന്നു… പ്രതീക്ഷിച്ചത് പോലെ തന്നെ മോള്‌ ഉറക്കമായിരുന്നു…. കട്ടിലിൽ ഭിത്തിയോട് ചേർത്ത് കിടത്തിയിട്ടുണ്ട്…. ഉരുണ്ടു വീഴാതിരിക്കാൻ ചുറ്റും തലയണകൾ കൊണ്ട് ഒരു മതിലും…

ഋഷിയെ അവിടെ കാണാതെ ചുറ്റും നോക്കിയപ്പോളാണ് ബാൽക്കണിയിൽ നിൽക്കുന്നത് കണ്ടത്…. ആദ്യം അവന്റെ അടുത്തേക്ക് പോകണോ എന്ന് സംശയം തോന്നി എങ്കിലും എന്തൊക്കെയോ ആലോചിച്ചുള്ള ആ നിൽപ് കണ്ടപ്പോൾ അടുത്തേക്ക് പോകാൻ തോന്നി… അടുത്ത് ചെന്ന് നിന്നതൊന്നും അറിയാതെ ആകാശത്തേക്ക് നോക്കി എന്തോ ആലോചിച്ചുള്ള നിൽപ്പാണ്…. “”ഋഷിയേട്ട….. ഇതെന്തിനാ ഈ തണുപ്പത്തു വന്നു നിൽക്കുന്നെ…”” തോളിൽ കൈ വെച്ച് വിളിച്ചപ്പോൾ അവനൊന്നു ഞെട്ടിയത് പോലെ തോന്നി…. “”. ഒന്നുമില്ലെടോ…. ഞാൻ വെറുതെ ആ കുഞ്ഞുങ്ങളെക്കുറിച്ച് ആലോചിച്ചതാ…..

ഒരു തെറ്റും ചെയ്യാതെ ഒരു നിമിഷംകൊണ്ട് അനാഥത്വത്തിലേക്ക് വലിച്ചെറിയപ്പെട്ടവർ….”” ചെറുതായി നനഞ്ഞ അവന്റെ കണ്ണുകൾ കണ്ടപ്പോൾ കഴിഞ്ഞു പോയതൊക്കെ ഓർത്തെടുക്കുകയാണ് അവനെന്ന് തോന്നി…. “”അവർക്ക് നല്ല ശിക്ഷ കിട്ടുമായിരിക്കും….”” അവനൊരു ആശ്വാസം എന്നപോലെ പതിയെ പറഞ്ഞു… “”അതുറപ്പാണ്….. വധശിക്ഷയിൽ കുറഞ്ഞൊന്നും അവനർഹിക്കുന്നില്ല…… ഇവിടെയും മറ്റു ജില്ലകളുമായി നടത്തിയ ഇരുപത്തിഎട്ടോളം കൊലപാതകങ്ങൾ അവൻ തന്നെ ഏറ്റ് പറഞ്ഞിട്ടുണ്ട്…. ശക്തിക്ക് പക്ഷേ മാനസിക രോഗത്തിന്റെ ഇളവ് കിട്ടും…..

വധശിക്ഷ ലഭിക്കില്ല…. ചികിത്സ സമയം ശിക്ഷാ കാലാവധിയിൽ കൂട്ടുകയും ചെയ്യും….”” ഒരാലോചയോടെ ഋഷി പറഞ്ഞതും പതിയെ അവന്റെ തോളിലേക്ക് തല ചായ്ച്ചു നിന്നു ദേവ… “”അതൊക്കെ പോട്ടെ….. ഇന്ന് ഏട്ടത്തി എന്താ പറഞ്ഞെ….”” കുറച്ചു നേരം അങ്ങനെ നിന്നപ്പോൾ പെട്ടെന്ന് തോന്നിയ കുസൃതിയിൽ ദേവയെ നെഞ്ചോട് ചേർത്ത് പിടിച്ചിരുന്നു ഋഷി… “”ഒ…. ഒന്നുമില്ല…. “”പറഞ്ഞൊഴിയാൻ ശ്രമിച്ചെങ്കിലും വിടാതെ ചേർത്ത് പിടിച്ചിരുന്നു… “”കുറച്ചു നേരം കൂടി നിൽക്കേടോ…. താൻ അടുത്തുള്ളപ്പോൾ നല്ല ആശ്വാസമാണ്….”” അവനത് പറഞ്ഞപ്പോൾ പിന്നെ കുതറി മാറാൻ തോന്നിയില്ല…. നിലാവിനെ നോക്കി ആ നെഞ്ചോട് ചേർന്ന് അങ്ങനെ നിന്നു… 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

രാവിലെ ഉണർന്നപ്പോൾ ഹാളിൽ ടീവിയുടെ ബഹളം കേൾക്കാമായിരുന്നു… കണ്ണ് തുറന്നു നോക്കിയപ്പോൾ ഋഷിയേയോ അല്ലു മോളെയോ അടുത്ത് കണ്ടില്ല…. ക്ലോക്കിൽ സമയം നോക്കിയപ്പോളേക്കും കണ്ണ് തള്ളി ഇരുന്ന് പോയി…. ഒൻപതു മണി കഴിഞ്ഞിരിക്കുന്നു… വെപ്രാളത്തോടെ മുടിയൊക്കെ വാരിക്കെട്ടി പുറത്തേക്ക് നടന്നു… ടീവീ വച്ചിട്ടുണ്ട് എങ്കിലും ഋഷിയെ അവിടെ ഒന്നും കണ്ടില്ല…. അല്ലുമോള് എന്തോ കാർട്ടൂൺ കണ്ടു തുള്ളിച്ചാടി നിൽപ്പുണ്ട്…. മോളെ ഒന്നൂടെ ഒന്ന് നോക്കി ചിരിച്ചിട്ട് അടുക്കളയിലേക്ക് നടന്നു…. പാത്രത്തിൽ കുറച്ചു കാപ്പി ബാക്കി വച്ചിരിക്കുന്നത് കണ്ടു.. ഋഷി രാവിലെ തന്നെ അടുക്കളയിൽ കേറി എന്ന് മനസ്സിലായി… മോൾക്കുള്ള പാലും കൊടുത്തു എന്ന് തോന്നുന്നു….

എല്ലാം ഒന്ന് നോക്കി വീണ്ടും കണ്ണുകൾ അവനെ തിരഞ്ഞു ചുറ്റിലും… കാണാതെയായപ്പോൾ നേരിയ പരിഭവത്തോടെ പുറത്തേക്ക് നടന്നു … ഹാളിൽ എത്തിയപ്പോൾ ഏതോ അവാർഡ് പരിപാടിയുടെ ഡാൻസ് പ്രോഗ്രാം വച്ചിട്ടുണ്ട്…. സ്റ്റേജിൽ അവർ ചിലങ്ക കെട്ടിയാടുന്നത് അനുകരിക്കാൻ ശ്രമിക്കുന്ന അല്ലുമോളെ കണ്ടപ്പോൾ പകപ്പോടെ നോക്കി നിന്നു പോയി… ഒരു ചുവട് പോലും നേരെ വെക്കാൻ പറ്റാത്തതിൽ ഇടയ്ക്കിടെ പിണക്കത്തോടെ ടീവിയിലേക്ക് നോക്കുന്നുണ്ട്… വീണ്ടും അവർ ചെയ്യുന്നത് പോലെയൊക്കെ ചെയ്യാൻ നോക്കുന്നുണ്ട്….. അവരുടെ വിരലുകൾ താഴ്ന്നു വരുമ്പോഴേക്കും ഇവിടൊരാൾ ഭൂമിയിൽ തൊട്ട് കഴിയും…. പിന്നെ നിലത്തേക്ക് ഇരുന്നിട്ട് വീണ്ടും എഴുന്നേൽക്കും….

അപ്പോഴേക്കും ഡാൻസ് എവിടെ എങ്കിലും എത്തിക്കാണും…. വീണ്ടും പിണക്കത്തോടെ ടീവിയിൽ ഒന്ന് നോക്കി അടുത്ത വട്ടം കറങ്ങൽ തുടങ്ങും…. മോളുടെ കളി കാൺകെ അറിയാതെ കണ്ണ് നിറയും പോലെ തോന്നി ദേവക്ക്… പണ്ട് താനും ഇങ്ങനെ ആയിരുന്നു…. വെറുതെ ഇങ്ങനെ മറ്റുള്ളവർ കളിക്കുന്നത് കണ്ടു അതുപോലെ കളിക്കാൻ ശ്രമിച്ചപ്പോഴാണ് അച്ഛൻ നൃത്തം പഠിക്കാൻ വിട്ടത്…. അന്ന് മുതൽ പ്രാണൻ പോലെ കൊണ്ട് നടന്നതാണ് തന്റെ ചിലങ്കയെ….. പ്രാണൻ അകന്നു പോകുന്ന വേദനയോടെ തന്നെയാണ് അയാൾക്ക് വേണ്ടി അന്നത് ഉപേക്ഷിച്ചതും…. കണ്ണുനീർ കവിളിനെയും നനച്ചു താഴേക്ക് ഒഴുകിയപ്പോൾ വേഗം കണ്ണുകൾ തുടച്ചു അകത്തേക്ക് പോകാൻ തിരിഞ്ഞു….

ഋഷിയുടെ നെഞ്ചിൽ തട്ടിയാണ് നിന്നത്… കുളിച്ചിട്ട് വന്നതാണ് എന്ന് തോന്നുന്നു… നല്ല തണുപ്പുണ്ടായിരുന്നു ദേഹത്തിന്….. അപ്പോഴാണ് അവനും തനിക്ക് പിന്നിൽ നിന്ന് മോളുടെ ഡാൻസ് കാണുന്നുണ്ടായിരുന്നു എന്ന് മനസ്സിലായത്… നിറഞ്ഞ കണ്ണുകൾ അവനിൽ നിന്നും ഒളിക്കാൻ ശ്രമിച്ചു വേഗം മുഖം വെട്ടിച്ചു അടുക്കളയിലേക്ക് നടന്നു…. ഒരു വാക്ക് കൊണ്ട് പോലും ഋഷി തടയാൻ ശ്രമിക്കാത്തത്തിൽ അവൾക്ക് പരിഭവം തോന്നി.. ജോലികൾ തീർക്കുന്നതിനിടക്കും വീണ്ടും വീണ്ടും കണ്ണുകൾ നിറഞ്ഞു വരുന്നുണ്ടായിരുന്നു…. മനസ്സിനെ വഴി തിരിച്ചു വിടാൻ വേണ്ടി വേഗത്തിൽ ജോലികൾ തീർക്കാൻ തുടങ്ങി…. “”അമ്മേ…. നങ്ങള് ടാറ്റാ പോവാനേ…… അല്ലൂന് മുട്ടായി വാങ്ങിച്ചാൻ പോവാ…..””

ഹാളിൽ നിന്നും മോള്‌ വിളിച്ചു പറയുന്നത് കേട്ടു… നിമിഷങ്ങൾക്കകം ബൈക്ക് സ്റ്റാർട്ട്‌ ആകുന്നതും ആ ശബ്ദം അകന്നു പോകുന്നതും ചെവിയിൽ മുഴങ്ങിയിരുന്നു… ദേഷ്യത്തോടെ കൂടുതൽ ശക്തിയിൽ പച്ചക്കറി അരിയാൻ തുടങ്ങി…. “”ദുഷ്ടൻ… ഒന്ന് ആശ്വസിപ്പിച്ചാൽ എന്താ… ഞാൻ കരയുന്നത് കണ്ടതല്ലേ…. എന്നിട്ട് മിട്ടായി വാങ്ങാൻ പോയിരിക്കുന്നു….”” പരിഭവത്തോടെ രണ്ടു കണ്ണുകളും മാറി മാറി തുടച്ചു ദേവ…. “”അല്ലെങ്കിലും ഞാനാ മണ്ടി…. വീണ്ടും വീണ്ടും ജീവിതത്തിൽ സന്തോഷം പ്രതീക്ഷിക്കാൻ പാടില്ലായിരുന്നു…..”” പിണക്കത്തോടെ വീണ്ടും വീണ്ടും കവിളിൽ കൂടി ഒഴുകി ഇറങ്ങുന്ന കണ്ണുനീർ തുള്ളികൾ വാശിയോടെ തുടച്ചു മാറ്റി… 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

രാവിലെ കണ്ണ് തുറന്നപ്പോൾ മുതൽ വല്ലാത്ത ടെൻഷൻ പോലെ തോന്നി അഭിക്ക്…. ഇന്നാണ് നിശ്ചയം…. വീട്ടുകാർ മാത്രം പങ്കെടുക്കുന്ന ചടങ്ങ് ആയിട്ട് കൂടി വല്ലാത്ത പേടി ഉള്ളിൽ നിറയും പോലെ…. അമ്പലത്തിൽ പോയി വരണം എന്ന് അമ്മക്ക് നിർബന്ധം ആയതിനാൽ വേഗം തന്നെ കുളിച്ചൊരുങ്ങി… മുറ്റത്തെങ്ങും ശ്രീയേട്ടനെ കണ്ടില്ല…. അമ്മായിയോട് ചോദിക്കാൻ വല്ലാത്ത ചമ്മൽ തോന്നിയതിനാൽ കാത്ത് നിൽക്കാതെ വേഗം അമ്പലത്തിലേക്ക് നടന്നു… ശ്രീകോവിലിന്റെ മുൻപിൽ കണ്ണുകൾ അടച്ചു ധൈര്യം തരാൻ വേണ്ടി പ്രാർത്ഥിക്കുമ്പോൾ ഉള്ളിലെ പേടി ഇത്തിരി കുറയും പോലെ തോന്നി അഭിക്ക്…. സമയം വൈകിയതിനാൽ ധൃതിയിൽ വീട്ടിലേക്ക് നടന്നു…

മുറ്റത്തു എത്തിയപ്പോളേ കണ്ടു പാചകത്തിന്റെ ആളുകളോട് എന്തൊക്കെയോ പറഞ്ഞു നിൽക്കുന്ന ശ്രീയേട്ടനെ…. ആളുടെ മുന്നിൽ പെടാതെ വേഗം അകത്തേക്ക് നടന്നു…. മുറിയിലേക്ക് എത്തിയപ്പോളേക്കും വീണ്ടും ടെൻഷൻ കൂടുന്നത് പോലെ തോന്നി…. “”എന്താ അഭി നീ ഈ ചടഞ്ഞു കൂടി ഇരിക്കുന്നെ… പത്തു മണിക്ക മുഹൂർത്തം…. ഇപ്പോൾ തന്നെ സമയം ഒൻപതു കഴിഞ്ഞു…. മര്യാദക്ക് റെഡി ആയിക്കോ നീയ്….”” അമ്മ ഇത്തിരി ദേഷ്യത്തോടെ പറഞ്ഞതും മനസ്സില്ലാ മനസ്സോടെ എഴുന്നേറ്റു…

വേഗം തന്നെ സാരി എടുത്തു ചുറ്റി… ബാക്കി ഒരുക്കിയതൊക്കെ അമ്മയായിരുന്നു… മേക്കപ്പ് ശ്രീയേട്ടന് ഇഷ്ടമല്ലാത്തതുകൊണ്ട് അധികം ഒരുങ്ങാൻ പോയില്ല…. മുടിയൊന്ന് നന്നായി വകഞ്ഞു കെട്ടി മുല്ലപ്പൂവും വെച്ചു…. നെറ്റിയിൽ ഒരു കുഞ്ഞ് പൊട്ടും കുത്തി കണ്ണുകൾ രണ്ടും കണ്മഷി ഇട്ട് നീട്ടി എഴുതി…. ക്ലോക്കിലേക്ക് നോക്കിയപ്പോൾ സമയം ഇപ്പോഴും ഒൻപതര ആയിട്ടേ ഉള്ളൂ…. “”നാശം ഇതെന്താ മുന്നോട്ട് ഓടിപ്പോകാത്തെ..””.ടെൻഷൻ കാരണം വട്ടാകും പോലെ തോന്നി അവൾക്ക്… 🔸🔸

ബൈക്കിന്റെ ശബ്ദം കേട്ടപ്പോൾ രണ്ടാളും തിരികെ വന്നു എന്ന് മനസ്സിലായി…. അങ്ങോട്ടേക്ക് പോയി നോക്കാനേ പോയില്ല… പിണക്കത്തോടെ തിരിഞ്ഞു നിന്ന് പാത്രം കഴുകാൻ തുടങ്ങി…. രണ്ടാളും എന്തൊക്കെയോ പതുക്കെ പറഞ്ഞു വരുന്നുണ്ട്…. “”ദേവേ…..”” ഋഷി വിളിക്കുന്നത് കേട്ടിട്ടും അനങ്ങാതെ നിന്ന് ജോലി തന്നെ ചെയ്തു… “”ഡോ ഒന്ന് വാടോ…. “”വാതിൽപ്പടിയിൽ നിന്ന് ഋഷിയുടെ ശബ്ദം കേട്ടു… “”ഇല്ല…. ഞാൻ…. എനിക്ക് ഇവിടെ കുറേ ജോലിയുണ്ട്….. ഋഷിയേട്ടൻ പൊക്കോ…..'””

പറഞ്ഞപ്പോൾ കുറേ കരഞ്ഞത് കാരണം ശബ്ദം അടച്ചതായി തോന്നി അവൾക്ക്… പിന്നെ ശബ്ദബമൊന്നും കേൾക്കാതെ ആയപ്പോൾ അവൻ പോയി എന്ന് തോന്നി…. ആശ്വാസത്തോടെ തിരിഞ്ഞു നോക്കാൻ തുടങ്ങിയതും വായുവിൽ ഉയർന്നു പൊങ്ങിയതും ഒന്നിച്ചായിരുന്നു… ഒരു നിലവിളിയോടെ അവന്റെ കഴുത്തിലേക്ക് ചുറ്റിപ്പിടിക്കുമ്പോൾ കണ്ടു രണ്ടു കൈ കൊണ്ടും വാ പൊത്തി ചിരിച്ചു അവരെ നോക്കി നിൽക്കുന്ന അല്ലു മോളെ……തുടരും

മഴമുകിൽ: ഭാഗം 38

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!