ഒറ്റത്തുമ്പി: ഭാഗം 5

ഒറ്റത്തുമ്പി: ഭാഗം 5

എഴുത്തുകാരി: ആഷ ബിനിൽ

“ശിഖാ.. നമുക്ക് അങ്ങോട്ട് നീങ്ങി നിൽക്കാം..?” ചേട്ടായി സെമിത്തേരിക്കു പുറത്തേക്ക് നടന്നു. അച്ചൻ താമസിക്കുന്ന ‘പള്ളിമുറി’ എന്നു വിളിക്കുന്ന വീട്ടിലേക്കാണ് പോയത്. പള്ളിയോട് ചേർന്നു തന്നെയാണത്. പാവ കണക്കെ പുറകെ ഞാനും. അച്ചൻ പള്ളിമുറിയുടെ സിറ്റ് ഔട്ടിൽ തന്നെ ഞങ്ങളെ പ്രതീക്ഷിച്ചെന്നപോലെ ഇരിക്കുന്നുണ്ടായിരുന്നു. എന്താ ഇവിടെ നടക്കുന്നത് എന്നെനിക്ക് മനസിലായതേയില്ല. അശുഭമായതെന്തോ കേൾക്കാൻ പോകുന്നു എന്നെന്റെ മനസ് പറഞ്ഞുകൊണ്ടിരുന്നു. ചേട്ടായി ഇരുന്നപ്പോൾ ഒപ്പം ഞാനും ഇരുന്നു. അച്ചൻ ഞങ്ങളെ രണ്ടുപേരെയും മാറിമാറി നോക്കി. അവർക്ക് രണ്ടുപേർക്കും സംസാരിക്കാൻ എന്തോ പ്രയാസം ഉള്ളതുപോലെ തോന്നി. “എന്താ പറയാൻ ഉള്ളത്..?”

ഒടുവിൽ ഞാൻ തന്നെയാണ് തുടക്കം ഇട്ടത്. “കൊച്ചേ… അത്… അവനു നിന്നോട് പറയാൻ ബുദ്ധിമുട്ട് ഉള്ളതുകൊണ്ടാ എന്നോട് പറയാൻ ഏൽപ്പിച്ചത്. എല്ലാം കേട്ട് കഴിയുമ്പോ കൊച്ചു ടെൻഷൻ അടിക്കുവൊന്നും ചെയ്യരുത്.” അച്ചൻ മുൻകൂർ ജാമ്യം പോലെ പറഞ്ഞു. അതോടെ എന്റെ ടെൻഷൻ കൂടി. അച്ചൻ പിന്നെ ഒറ്റ ശ്വാസത്തിൽ പറഞ്ഞു തുടങ്ങി: “കൊച്ചേ. ഈ ഇരിക്കുന്ന ജോഷ്വാ കൊച്ചിന്റെ ആങ്ങളയാണ്. കൊച്ചിന്റെ പപ്പയ്ക്ക് അന്നയുമായുള്ള കല്യാണത്തിന് ഒക്കെ മുൻപ് സൂസിയിൽ ഉണ്ടായ മോനാണ് ഇവൻ. അതിവന്റെ അപ്പൻ ജോസിനും അറിയാം. പക്ഷെ മരിക്കുന്നതിന് മുൻപ് വരെ മാത്യൂസിന് ഇക്കാര്യം അറിയില്ലായിരുന്നു.

ഞാൻ പറഞ്ഞു വന്നത്, കൊച്ച് അനാഥയാണ്, ഒറ്റയ്ക്കാണ്, എന്നൊന്നും ഉള്ള ചിന്ത വേണ്ട. ഇവൻ കാണും, എപ്പോഴും. തിരുവനന്തപുരം പോലൊരു സിറ്റിയിൽ കൊച്ചു ഒറ്റക്കായി പോകാതെ ഇരിക്കാനാ ഇവിടെ ഇത്രയും കൃഷിയും കാര്യങ്ങളും ഒക്കെ ഉണ്ടായിട്ടും എല്ലാം വിട്ട് അവൻ അവിടേക്ക് വന്നത്.” എന്റെ മനസ് അച്ചൻ ആദ്യം പറഞ്ഞ വാചകത്തിൽ ഉടക്കി നിൽക്കുകയായിരുന്നു. ബാക്കിയൊക്കെ വിദൂരതയിൽ എവിടെയോ നിന്ന് എന്നപോലെയാണ് കേട്ടത്. കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി എന്നു മനസിലായത് കവിളിൽ നനവ് തട്ടിയപ്പോഴാണ്. രണ്ടുപേരെയും ഞാൻ ഒന്നു നോക്കി.

അവിടെ ഇനിയും നിൽക്കാൻ മനസ് വന്നില്ല. കേട്ട കാര്യങ്ങളെക്കുറിച്ചു ചിന്തിക്കാൻ പോലും കഴിയാത്ത അത്രയും മനസ് ശൂന്യമായിരുന്നു. ഞാൻ വേഗം എഴുനേറ്റ് വീട്ടിലേക്ക് നടന്നു. പുറകിൽ നിന്ന് അച്ചനും ചേട്ടായിയും വിളിക്കുന്നത് കേട്ടെങ്കിലും ഞാൻ ചെവികൾ വാശിയോടെ അടച്ചുപിടിച്ചു. വീട്ടിൽ ചെന്നു കയറിയപ്പോൾ പാപ്പന്മാരും ആന്റിമാരും കസിൻസും ഒക്കെ ഉണ്ടായിരുന്നു. കപ്പയും അപ്പവും ബീഫും ആണ് അറേഞ്ച് ചെയ്തത്. എല്ലാവർക്കും ഒരു വിളറിയ പുഞ്ചിരി കൊടുത്തു ഞാൻ വേഗം റൂമിലേക്ക് വലിഞ്ഞു. ആരും ശല്യം ചെയ്യാൻ വന്നില്ല. എന്റെ കരഞ്ഞു വീങ്ങിയ മുഖം കണ്ടപ്പോൾ പപ്പയുടെ ഓർമയിൽ ആണെന്ന് തെറ്റിദ്ധരിച്ചു കാണണം.

ഞാനിത്ര അധികം വേദനിക്കാൻ ഇവിടെ എന്താ ഉണ്ടായതെന്ന് എനിക്കുതന്നെ മനസിലാകുന്നില്ലായിരുന്നു. കേട്ട കാര്യങ്ങൾ മുഴുവനും അറിയാൻ പോലും തോന്നിയില്ല. അനാഥയായ എനിക്ക് ഈ ലോകത്തൊരു സ്വന്തം ഉണ്ടെന്ന് പറയുന്നത് നല്ല കാര്യമല്ലേ..? ജോഷ്വാ ചേട്ടായിയെപ്പോലെ ഒരു കൂടപ്പിറപ്പിനെ ആരാ കൊതിക്കാത്തത്..? എന്നിട്ടും എനിക്കെന്തിനാ ഇത്ര വിഷമം..? കരഞ്ഞു കരഞ്ഞു എപ്പോഴോ ഉറങ്ങിപ്പോയി. എഴുന്നേറ്റപ്പോൾ സമയം അഞ്ചുമണി കഴിഞ്ഞിരുന്നു. വേഷം മാറി ഹാളിലേക്ക് ചെന്നപ്പോഴേക്കും ഇളയ പാപ്പനും കുടുംബവും ഒഴികെ ബാക്കി എല്ലാവരും പോയി കഴിഞ്ഞിരുന്നു. “എന്നാ ഉറക്കവാ തുമ്പീ ഇത്..? അവരെല്ലാം പോയപ്പോഴും നിന്നെ വിളിച്ചു.

നീ അറിഞ്ഞുപോലും ഇല്ല..” ആന്റി പറഞ്ഞു. ഞാൻ വെറുതെ ഒന്നു ചിരിച്ചതേയുള്ളൂ. “നീ വാ. ഞാൻ കഴിക്കാൻ എടുത്തു വയ്ക്കാം.” ആന്റി അതും പറഞ്ഞ് അടുക്കളയിലക്ക് നടന്നു. പുറകെ ഞാനും. കപ്പയും ബീഫും വിളമ്പി തന്നു. സാധാരണ ബീഫിന്റെ ചാറ് മാത്രമാണ് എനിക്ക് കിട്ടാറുള്ളത്. ബന്ധുക്കൾ ഉള്ളതുകൊണ്ടാണ് എന്താ സ്നേഹം. ശബ്ദത്തിൽ ഒക്കെ തേൻ ഒലിച്ചു ചാടുകയാണ്. എല്ലാവർക്കും കോളേജിലെ വിശേഷങ്ങൾ അറിയാൻ തിടുക്കം ആയിരുന്നു. എനിക്ക് ലൈൻ വല്ലതും ഉണ്ടോ എന്നറിയണം. അതിനാണ് ഈ കുത്തി ചോദിക്കുന്നത്. എന്തുകൊണ്ടോ ആ നിമിഷം കോളേജിലെ പൊക്കമുള്ള ചേട്ടനെ എനിക്ക് ഓർമ വന്നു. അതിനടുത്ത നിമിഷം തന്നെ ഞാനാ മുഖം വാശിയോടെ മായ്ച്ചുകളഞ്ഞു.

കേട്ട കാര്യങ്ങളുടെ സത്യാവസ്ഥ എല്ലാം വിശദമായി അറിയാൻ ഉറപ്പിച്ചാണ് പിറ്റേന്ന് പള്ളിയിൽ പോയത്. പ്രതീക്ഷിച്ചതുപോലെ ജോഷ്വാ ചേട്ടായി പള്ളിമുറിയിൽ കാത്തുനിന്നിരുന്നു. ചേട്ടായിയുടെ അമ്മ സൂസിയും പപ്പാ ജോസും കൂടി ഉണ്ടായിരുന്നു അവിടെ. അവരെ അവിടെ കണ്ടപ്പോൾ ഞാനൊന്ന് പതറി. കേട്ടത് സത്യമാണെങ്കിൽ ഈ സ്ത്രീ എന്റെ പപ്പയുടെ..??? വീണ്ടും അസ്വസ്ഥതയുടെ കൂണുകൾ എന്നിൽ മുളച്ചുതുടങ്ങി. “തുമ്പി… നിനക്ക് വിശ്വസിക്കാൻ പ്രയാസം ഉണ്ടെന്നറിയാം. എന്നാലും ഞാനിന്നലെ പറഞ്ഞതെല്ലാം സത്യമാണ്… നിനക്ക് ഒരു ഉറപ്പിനാ ഇവരെക്കൂടി കൂട്ടിയത്.”

അച്ചൻ പറഞ്ഞു തുടങ്ങി. “മോളെ.. നിന്നോടിത് പറയാൻ ജോഷ്വായ്ക്ക് ബുദ്ധിമുട്ട് ഉള്ളതുകൊണ്ടാ എന്നെ ഏൽപ്പിച്ചത്. നിന്റെ പപ്പയും സൂസിയും നേരത്തെ വിവാഹം കഴിക്കാൻ നിശ്ചയിച്ചവർ ആയിരുന്നു. ഒത്തുകല്യാണം (മനസമ്മതം അഥവാ എൻഗേജ്മെന്റ്) കഴിഞ്ഞതും ആണ്. പക്ഷെ ആ സമയത്ത് ചില കാരണങ്ങൾ കൊണ്ട് കെട്ട് കല്യാണം നീട്ടി വയ്ക്കാൻ നിന്റെ വല്യപ്പൻ സൂസിയുടെ അപ്പനോട് പറഞ്ഞു. ബന്ധുക്കൾക്ക് മുന്നിൽ നാണം കെടാൻ വയ്യ എന്നും പറഞ്ഞു സൂസിയുടെ അപ്പൻ ഇവളുടെ അനുവാദം പോലും ചോദിക്കാതെ രായ്ക്ക് രാമാനം ജോസുമായുള്ള കല്യാണം ഉറപ്പിച്ചു. തന്റെ അമ്മച്ചിയെ കൊന്നുകളയും എന്നുള്ള അപ്പന്റെ ഭീഷണിയിൽ സൂസിക്ക് അതിന് സമ്മതിക്കേണ്ടി വന്നു.

കല്യാണത്തിന് മണിക്കൂറുകൾ മുൻപാണ് ഗർഭിണി ആണെന്ന് സൂസിക്ക് സംശയം തോന്നുന്നത്. അവൾ അത് ജോസിനോട് പറഞ്ഞു. ആദ്യം ഉൾക്കൊള്ളാൻ പ്രയാസം തോന്നിയെങ്കിലും പണ്ട് മുതലേ സൂസിയെ ഇഷ്ടപ്പെട്ടിരുന്ന ജോസ് അവളുടെ കുഞ്ഞിനെ ഏറ്റെടുക്കാൻ തയ്യാറായി. സമൂഹത്തിന് മുൻപിലും, എന്തിന് സ്വന്തം അപ്പനായ മാത്യൂസിന്റെ മുൻപിൽ പോലും ജോഷ്വാ ജോസിന്റെ മകൻ ആണ്. മാത്യൂസ് മരിക്കുന്ന സമയത്ത് ആ ആശുപത്രിയിൽ സൂസിയും ജോസും ജോഷ്വായും ഉണ്ടായിരുന്നു. ഇവൻ സ്വന്തം മകൻ ആണെന്ന സത്യം അറിഞ്ഞിട്ടാ അവൻ മരിച്ചത്.

എന്റെ തുമ്പിയെ നോക്കണേ എന്നവൻ മരിക്കുന്ന നേരം ജോഷ്വായോട് പറഞ്ഞിരുന്നു. നിന്നോട് ഒന്നും പറയേണ്ട എന്നായിരുന്നു തീരുമാനം. വർഗീസിന്റെ വീട്ടിൽ നിനക്ക് സുഖമാണ് എന്നായിരുന്നു ഞങ്ങളുടെ വിശ്വാസം. അങ്ങനെ അല്ല എന്നറിഞ്ഞത് നീ ഒറ്റയ്ക്ക് പാലായിൽ എൻട്രൻസ് കോച്ചിങ്ങിന് പോകുന്നത് കണ്ടപ്പോഴാ. അന്നുമുതൽ ഇവൻ ഉണ്ടായിരുന്നു നിന്റെ കൂടെ. ഒരു നിഴൽ പോലെ.” അച്ചൻ പറഞ്ഞവസാനിപ്പിക്കുമ്പോൾ സൂസി ചേച്ചിയുടെ നിറഞ്ഞൊഴുകുന്ന കണ്ണുകൾ മാത്രം മതിയായിരുന്നു, കേട്ട കാര്യങ്ങൾ സത്യമാണെന്ന് തെളിയിക്കാൻ. അച്ചൻ പറഞ്ഞതുപോലെ ജോഷ്വാ ചേട്ടായി എന്റെ ആങ്ങള ആണെങ്കിൽ സൂസി ചേച്ചി അമ്മച്ചിയുടെ സ്ഥാനത്താണ്.

ജീവിതത്തിൽ നഷ്ടമായിപ്പോയ ഒരമ്മയുടെ കരുതൽ ഞാനാ മുഖത്തു തേടി. ഒരുനിമിഷം കഴിഞ്ഞാണ് ചെയ്തതിലെ യുക്തി തേടിയത്. ഞാൻ ജാല്യതയോടെ തല കുടഞ്ഞു. “തുമ്പീ. നിനക്ക് സമ്മതമാണെങ്കിൽ ഞങ്ങളുടെ കൂടെ പുത്തൻപുരയ്ക്കലേക്ക് വരാം. അവിടെ നിനക്ക് സ്നേഹിക്കാൻ അപ്പനും അമ്മയും വല്യമ്മച്ചിയും കൂടപ്പിറപ്പുകളും ഒക്കെയുണ്ട്. എല്ലാവരും നിന്നെ കാത്തിരിക്കുകയാണ്” ജോസ് ചേട്ടന്റെ ക്ഷണം എന്റെ ഉള്ളു തണുപ്പിച്ചു. ഇന്നല്ലെങ്കിലും, എന്നെങ്കിലും ഒരിക്കൽ ആ വീട്ടിലേക്കൊന്ന് പോകാൻ ആഗ്രഹം തോന്നി. “ഇന്നില്ല ജോസ് ചേട്ടാ. പിന്നെ ഒരിക്കൽ വരാം” “ചേട്ടനും ചേച്ചിയും അല്ല.

ചാച്ചനും അമ്മയും. അങ്ങനെ വിളിച്ചാൽ മതി ഇനി” ജോഷ്വാ ചേട്ടായി അധികാര സ്വരത്തോടെ പറഞ്ഞപ്പോൾ ഞാൻ ചിരിച്ചു. ഒപ്പം അവിടെ ഇരുന്ന എല്ലാവരും. “പപ്പാ വിളിക്കുന്ന ഓർമയിലാ ഞാൻ നിന്നെ തുമ്പീ എന്നു വിളിച്ചത്” ചേട്ടായി പറഞ്ഞു. ഞാൻ ചിരിച്ചു. “കൊച്ചേ പുത്തൻപുരയ്ക്കലേക്ക് കയറി വരാൻ നിനക്ക് ഒരിക്കലും ആരുടെയും അനുവാദം വേണ്ട. നിന്റെ വീട് തന്നെയാ അത്.” അമ്മ പറഞ്ഞു. “അതുകൊണ്ടല്ല അമ്മേ. ഞാനവിടെ താമസിക്കാൻ വന്നാൽ ഒരുപാട് ചോദ്യങ്ങൾക്ക് ഉത്തരം കൊടുക്കേണ്ടി വരും. വെറുതെ വിസിറ്റ് ചെയ്താൽ പോലും ആളുകൾ അതും ഇതും പറയും.

ചേട്ടായിയോട് ചുമ്മാ സംസാരിച്ചു നിന്നപ്പോൾ തന്നെ എത്ര പേരാ ശ്രദ്ധിച്ചത് എന്നറിയോ..? ഇനി സത്യങ്ങൾ എല്ലാം പറയാം എന്നു വച്ചാൽ തന്നെ മരിച്ചു തലയ്ക്ക് മുകളിൽ നിക്കുന്ന പപ്പായ്ക്ക് ഒരു അപമാനം കൊടുക്കാൻ എനിക്ക് വയ്യ. ഒറ്റയ്ക്കാണ് എന്നു വിചാരിച്ച എനിക്കിപ്പോ നിങ്ങളൊക്കെ ഇല്ലേ. കയറി ചെല്ലാൻ ഒരു വീടില്ലേ. അത്രേം ഒക്കെയെ ഞാനിപ്പോ ആഗ്രഹിക്കുന്നുള്ളൂ…” ഞാൻ പറഞ്ഞു. മനസിന്റെ ഭാരം ഒഴിഞ്ഞ സമാധാനത്തോടെയാണ് വീട്ടിലേക്ക് മടങ്ങിയത്…. തുടരും..

ഒറ്റത്തുമ്പി: ഭാഗം 4

Share this story