സഹയാത്രികയ്ക്ക് സ്‌നേഹപൂർവം: ഭാഗം 5

Share with your friends

എഴുത്തുകാരി: ഗൗരി ലക്ഷ്മി

കിച്ചുവിന്റെയും.രാധികയുടെയും കണ്ണുകൾ അവളിൽ പതിഞ്ഞു.. മറിഞ്ഞു പോയ പാലും ദേവുവിനെയും മാറി മാറി നോക്കി നിൽക്കുന്ന ഭദ്രയെ കണ്ടതും രാധികയുടെ കണ്ണുകളിൽ ഭീതി നിറഞ്ഞു.. ദേവു അപ്പോഴും വീണപ്പോൾ ഉരസി മുറിഞ്ഞ തന്റെ കൈമുട്ടിൽ ഊതിക്കൊണ്ട് ചിണുങ്ങുകയായിരുന്നു.. ഭദ്ര മറിഞ്ഞുപോയ പാൽപാത്രം നേരെ വെച്ച് ദേവുവിന് നേരെ നീങ്ങി..കാഴ്ച കണ്ടു നിന്നവരൊക്കെ സഹതാപത്തോടെ ദേവുവിനെ നോക്കി.. കിച്ചു ഒരു നിമിഷം സ്തംഭിച്ചു പോയിരുന്നു.. അവൾ ദേവുവിനരികിൽ എത്തിയതും കൂടി നിന്നവരൊക്കെ ഒരു അടി പ്രതീക്ഷിച്ചു.. അയ്യോ..

സുഖമില്ലാത്ത കുട്ടിയാ.. ഒന്നും ചെയ്യല്ലേ.. രാധിക സമനില വീണ്ടെടുത്തു വിളിച്ചു പറഞ്ഞു.. പെട്ടെന്ന് ഭദ്ര അവരെ നോക്കി.. കിച്ചുവും പെട്ടെന്ന് ദേവുവിനരികിലേയ്ക്ക് ചെന്നു..രാധികയും പേടിയോടെ അവൾക്കരികിലേയ്ക്കു ചെന്നു.. മോളെ.. രാധിക ദേവുവിനെ വിളിച്ചു.. മുറിഞ്ഞു..ചോര.. തന്റെ കൈ മുട്ടിലെ ഉരച്ചിൽ കാണിച്ചു അവൾ ചുണ്ട് കോട്ടി വിതുമ്പി.. എന്തിനാ ദേവൂട്ടി ഓടിയെ . കിച്ചു ചോദിച്ചു.. പൂ. ഏട്ടാ പൂ.. അവൾ പൂക്കട ചൂണ്ടി പറഞ്ഞു.. ഭദ്ര എല്ലാവരെയും ഒന്നു നോക്കി.. ക്ഷമിക്കണം.. മോൾക്ക് സുഖമില്ല.. രാധിക പറഞ്ഞു.. ഭ്രാന്താണോ.. ഭദ്ര പുച്ഛത്തോടെ ചോദിച്ചു.. രാധികയുടെ മുഖം കുനിഞ്ഞു.. ഭ്രാന്താണെങ്കിൽ എവിടെയെങ്കിലും അടച്ചിടണം. മനുഷ്യരെ ഉപദ്രവിക്കാൻ ഇറക്കി വിട്ടോളും..

രാവിലെ ഇറങ്ങിക്കോളും മനുഷ്യന്റെ സമയം കളയാൻ ഓരോന്നു കുറ്റിയും പറിച്ചു.. അവൾ ദേഷ്യത്തോടെ പറഞ്ഞു.. കൂടുതൽ പറയേണ്ട.. അവൾ കാലു തെറ്റി വീണതാണ്. നിന്റെ പാല് പോയെങ്കിൽ അതിന്റെ കാശ് തരാം.. ഇനി വീഴ്ചയിൽ വല്ലേടോം മുറിഞ്ഞെങ്കിൽ ആശുപത്രിയിലും കൊണ്ടുപോകാം.. അല്ലാതെ കൂടുതൽ പറയേണ്ട.. കിച്ചുവിന് ദേഷ്യം വന്നു.. ഡോ.. കൂടുതൽ മൂപ്പിക്കല്ലേ.. ഈ ഭ്രാന്തി വന്നിങ്ങോട്ട് ഇടിച്ചു വീഴ്ത്തിയതാ.. താൻ തരാമെന്നു പറഞ്ഞില്ലേലും ഭദ്രയ്ക്കറിയാം കാശ് വാങ്ങാൻ.. 6 ലിറ്റർ പാലുണ്ട്.. ലിറ്ററിന് 50 രൂപ വെച്ചു രൂപ 300.. അതെനിക്ക് തന്നേയ്ക്കണം..

പിന്നെ ഭദ്രേടെ മുറിവന്വേഷിക്കാൻ ഒരുത്തന്റേം സഹായം വേണ്ട.. കേട്ടോഡോ.. ഭദ്ര തിളച്ചു വന്ന ദേഷ്യത്തോടെ പറഞ്ഞു.. എടി നീ. കിച്ചു അവൾക്ക് നേരെ വിരൽ ചൂണ്ടി.. എടി പോടീന്നൊക്കെ തന്റെ വീട്ടിലിരിക്കുന്ന പെബ്രന്നോരെ വിളിക്കണം. കേട്ടൊഡോ.. അവൾ അവനു നേരെ വിരൽ ചൂണ്ടിക്കൊണ്ട് പറഞ്ഞു.. എന്റെ സാറേ അതിനോട് പറഞ്ഞിട്ട് കാര്യമില്ല… നാക്കിന് എല്ലില്ലാത്ത കൊച്ചാ.. സാറ് ചെല്ലാൻ നോക്ക്.. കൂടി നിന്നവരിൽ ഒരു സ്ത്രീ പറഞ്ഞു.. ദേ പെണ്ണുമ്പിള്ളേ.. നിങ്ങടെ ചത്തുപോയ കേട്ട്യോനോടൊന്നും അല്ലല്ലോ ഞാൻ പറഞ്ഞത്.. കൂടുതൽ പറയാൻ ഇങ്ങോട്ട് വരേണ്ട.. ഭദ്ര അവർക്ക് നേരെ ചെന്നു..

അമ്മേ.. ഭൂതം.. ഭദ്രയെ ചൂണ്ടി പേടിയോടെ ദേവു പറഞ്ഞു.. ദേ പെണ്ണേ.. ഭ്രാന്താ എന്നൊന്നും ഞാൻ നോക്കില്ല.. ഭദ്ര ദേവുവിനെ ചൂണ്ടി പറഞ്ഞതും അവൾ കരഞ്ഞുകൊണ്ട് രാധികയെ കെട്ടിപ്പിടിച്ചു.. എന്റെ കാശ് താടോ.. ഭദ്ര പറഞ്ഞു.. അവൻ പോക്കെറ്റിൽ നിന്നും 500ഇന്റെ ഒരു താളെടുത്തു കൊടുത്തു.. കൊണ്ടു പോ.. അവൻ പറഞ്ഞു.. വാ അമ്മേ.. അതും പറഞ്ഞവൻ രാധികയെ വിളിച്ചു നടന്നു.. ഡോ.. അപ്പോഴേയ്ക്കും ഭദ്ര അവനെ വിളിച്ചു.. അവനരികിലേക്ക് അവൾ ചെന്നു.. ദേ തന്റെ 200.. എനിക്കാരടേം ഔദാര്യം വേണ്ട.. അതും പറഞ്ഞു 200 രൂപ അവനെ ഏൽപ്പിച്ചു അവൾ തന്റെ പാത്രവും എടുത്തു തിരിഞ്ഞു..

ശേഷം ആ സ്ത്രീയെ നോക്കിയിട്ട് അവർക്കരികിൽ ചെന്നു.. തള്ളേടെ മോൻ വിനയൻ രൂപ 7650 എനിക്ക് തരാനുണ്ട്. നാളെ തീരും അവധി.. നാളെ കാശ് തന്നില്ലേൽ അവന്റെ ആ ചോക്കടാ ഓട്ടോ എന്റെ വീട്ടിൽ കിടക്കും. പറഞ്ഞേരെ. കേട്ടോ തള്ളേ.. അതും പറഞ്ഞവൾ ദേഷ്യത്തിൽ വണ്ടിയിൽ കയറി പോയി.. കിച്ചു അവളെ നോക്കി പല്ലു ഞെരിച്ചു.. ക്ഷേത്രത്തിലെ ദേവിയുടെ മുൻപിലെ നെയ്തിരി അപ്പോഴും തെളിമയോടെ കത്തി നിന്നു.. ആ പ്രകാശത്തിൽ ദേവിയുടെ മുഖം പ്രകാശപൂരിതമായി.. **********

ഇന്നത്തെ കണി ബെസ്റ്റാ.. ആ നാശത്തെ കണ്ടിട്ട് വേണ്ടേ ഇന്റർവ്യൂവിനു പോകാൻ.. വീട്ടിൽ നിന്നിറങ്ങാൻ നേരം കിച്ചു പറഞ്ഞു.. രാധിക കണ്ണു തുടച്ചു.. ‘അമ്മ സങ്കടപ്പെടേണ്ട.. ഞാൻ പോയിട്ട് വരാം..ദേവുവിനോടും പറഞ്ഞേരെ.. അവൻ പറഞ്ഞിട്ട് ഇറങ്ങി.. മനസ്സിൽ അച്ഛനെ സ്മരിച്ചു സർട്ടിഫിക്കറ്റുകളും എടുത്ത് അവൻ ഇറങ്ങി.. കാർ സ്റ്റാർട്ട് ചെയ്ത് ഗേറ്റിനരികിൽ എത്തിയതും അവന്റെ കാറിനു എതിരായി ഭദ്രയുടെ സ്കൂട്ടർ പാഞ്ഞു പോയി.. നാശം.. അവൻ പിറുപിറുത്തുകൊണ്ട് വണ്ടി മുൻപോട്ടെടുത്തു.. **********

ഡി വിച്ചൂ.. വിച്ചുവേ.. ഭദ്ര വാതിൽക്കൽ നിന്നലറി വിളിച്ചു.. എന്താടി.. വിച്ചു ചോദിച്ചു.. ആ സുകുമാരേട്ടൻ ഇങ്ങോട്ട് വന്നോ.. ഭദ്ര ചോദിച്ചു.. ഇല്ല… വിച്ചു പറഞ്ഞു.. അങ്ങേരെ ഞാനിന്ന്.. 4 ദിവസമായി ആ കാർ നന്നാക്കി കൊണ്ടുവരാം എന്നും പറഞ്ഞു നടക്കുന്നു. ഇന്നയാളെ ഞാൻ.. അതും പറഞ്ഞു ഭദ്ര വണ്ടി മുൻപോട്ടെടുത്തു.. അവളുടെ പോക്കും നോക്കി വിച്ചു നിന്നു.. പിന്നെ പതിയെ അകത്തേയ്ക്ക് നടന്നു.. *********

ദേവൂട്ടി.. അമ്മേടെ മോള് വന്നേ. നമുക്ക് വല്ലോം കഴിക്കേണ്ടേ.. രാധിക താഴെ നിന്നു വിളിച്ചു.. ദേവൂട്ടി… അനക്കമൊന്നും കേൾക്കാഞ്ഞിട്ട് അവർ വീണ്ടും വിളിച്ചു..പിന്നെ പടികയറി മുകളിലേയ്ക്ക് നടന്നു.. ദേവൂട്ടി.. ആഹാ ഇവിടെ വന്നു കിടക്കുവാണോ.. കട്ടിലിൽ പുതച്ചു കിടക്കുന്ന ദേവുവിനെ നോക്കി രാധിക നിന്നു.. വാ എന്തെങ്കിലും കഴിക്കാം.. അവർ വാതിൽക്കൽ നിന്നു വിളിച്ചു.. മോളെ.. അനകമൊന്നും കാണാഞ്ഞിട്ട് അവർ കട്ടിലിലേക്ക് ചെന്നിരുന്നു.. മോളെ . അവർ ദേവുവിനെ തട്ടിയതും ഞെട്ടിപ്പോയി.. ശരീരം തീ പോലെ പൊള്ളുകയാണ്.. അവർ കൈകൾ തിരിച്ചെടുത്തുപോയി.. അത്ര കണ്ട് ചൂട്.. മോളെ.. അവർ ഭീതിയോടെ അവളെ തട്ടി വിളിച്ചു..

ദേവു അനക്കമില്ലാതെ കിടന്നു.. മോളെ. ദേവൂട്ടി.. അവർ വീണ്ടും വിളിച്ചു.. പിന്നെ അലമാര തുറന്ന് ഒരു സെറ്റിന്റെ നേര്യത്തെടുത്തു കീറി നനച്ചു അവളുടെ നെറ്റിയിൽ ഇട്ടു. മുഖത്തൽപ്പം വെള്ളവും തളിച്ചു. മോളെ.. മുഖത്തു വെള്ളം വീണിട്ടും അവൾ അനങ്ങാതെ വന്നപ്പോൾ രാധിക കരച്ചിലോടെ അവളെ തട്ടി വിളിച്ചു.. പിന്നെ ഫോണെടുത്തു കിച്ചുവിനെ വിളിച്ചു..രണ്ടു തവണ ബെല്ലടിച്ചു നിന്നിട്ടും അവൻ ഫോൺ എടുത്തില്ല… അവർ പൊട്ടിക്കരഞ്ഞു.. പിന്നെ വേഗം താഴേയ്ക്കോടി.. നാട് പോലും ശെരിക്ക് പരിചയമില്ലാത്ത താൻ എന്തു ചെയ്യും എന്നവർ ഓർത്തു. വേഗം ജിഷ്ണുവിന്റെ വീട്ടിലേയ്ക്ക് ഓടി..

വാതിലിൽ തട്ടിയിട്ടും ബെല്ലടിച്ചിട്ടും ആരും തുറക്കാഞ്ഞപ്പോൾ അവർ വീട്ടിലേയ്ക്ക് വന്നു.. തളർച്ചയോടെ വാതിൽക്കൽ ഇരുന്നു പൊട്ടിക്കരഞ്ഞു.. അപ്പോഴേയ്ക്കും ഭദ്ര കാറുമെടുത്തു വന്നിരുന്നു..അത് കണ്ടതും രാധിക ചാടി എഴുന്നേറ്റു.. അവളുടെ പെരുമാറ്റം ഊഹിച്ചിട്ടും തന്റെ മകളുടെ അവസ്ഥയ്ക്കപ്പുറം ഒന്നും അവരുടെ മനസ്സിൽ പോയില്ല.. മോളെ.. അവർ മതിലിനരികിൽ നിന്നു വിളിച്ചു.. പുറത്തേക്കിറങ്ങി വന്ന വിച്ചുവും ഭദ്രയും അവരെ നോക്കി.. അവർ പൊട്ടിക്കരയുകയായിരുന്നു.. എന്താ.. എന്തുപറ്റി.. വിച്ചു ചോദിച്ചു.. ന്റെ മോള്.. അവൾക്ക് തീ പോലെ പൊള്ളുവാ.. വിളിച്ചിട്ട് ഉണരുന്നില്ല.. എനിക്ക് പേടിയാവാ.. മോനിവിടെ ഇല്ല.. എനിക്കൊരു വണ്ടി വിളിച്ചു തരുമോ..

അവർ പൊട്ടിക്കരഞ്ഞുകൊണ്ട് കെഞ്ചി.. അയ്യോ.. വിച്ചു പേടിയോടെ ഭദ്രയെ നോക്കി.. അവളും അന്തിച്ചു നിൽക്കുകയായിരുന്നു.. വണ്ടി വേറെ കിട്ടണേൽ കവലയ്ക്ക് പോണം.. എന്തിയേ ആ കൊച്ചു.. ഭദ്ര ചോദിച്ചു.. മോളിലാ.. സഹായിക്കണം.. കാലുപിടിക്കാം ഞാൻ..വേറെ ആരെയും എനിക്കറിയില്ല. അടുത്തെങ്ങും ആരുമില്ല.. അവർ കരഞ്ഞുകൊണ്ട് പറഞ്ഞു.. ഇവിടെങ്ങും ആരും കാണില്ല.. ഒരു കല്യാണം ഉണ്ട്. അവിടെ ആകും എല്ലാവരും.. ഭദ്ര പറഞ്ഞു.. രാധിക പൊട്ടിക്കരഞ്ഞു.. വിച്ചൂ.. അച്ഛനെ നോക്കിക്കോണേ.. അതും പറഞ്ഞു ഭദ്ര ആ മതിൽ ചാടി.. മുകളിലേയ്ക്ക് രാധികയോടൊപ്പം ഓടുമ്പോൾ അവളും ടെൻഷനിൽ ആണെന്ന് രാധിക ശ്രദ്ധിച്ചിരുന്നു.. ഈ മുറിയിലാ.. രാധിക പറഞ്ഞു..

ഭദ്ര അകത്തേയ്ക്ക് ചെന്നു.. ദേവൂട്ടി അനക്കമില്ലാതെ കിടക്കുകയാണ്.. അവൾ ദേവുവിനെ തൊട്ടു നോക്കി.. പൊള്ളുന്ന ചൂടാണ് . ഇതിനെ താഴേയ്ക്ക് കൊണ്ടു പോകുന്നത് എങ്ങനെയാ.. ഭദ്ര ചോദിച്ചു.. എനിക്കറിയില്ല . രാധിക നിസഹായയായി കരയുകയായിരുന്നു.. ആദ്യം ഈ കരച്ചിൽ നിർത്തൂ.. ഒന്നു പിടിച്ചേ.. അവൾ പറഞ്ഞിട്ട് ദേവുവിനെ പിടിച്ചു എഴുന്നേൽപ്പിച്ചു.രാധികയും അവളെ താങ്ങി..ദേവുവിന്റെ ഒരു കാൽ തന്റെ കാലിലും മാറുകാല് രാധികയുടെ കാലിലും കയറ്റി വെച്ചു.. പതിയെ അവൾ സ്റ്റെപ്പിറങ്ങി താഴെ വന്നു..

ദേവുവിനെ പുറത്തെ വരാന്തയിൽ ഇരുത്തി അവൾ വീട്ടിലേയ്ക്ക് ഓടി. കാറുമെടുത്തു വേഗം വന്നു.. കാറിലേക്ക് അവളെ താങ്ങി കയറ്റി രാധികയുടെ മടിയിൽ അവളുടെ തല വെച്ചു കൊടുത്തു..അവൾ വീണ്ടും വീട്ടിലേയ്ക്ക് ഓടി.. വേഗം തിരിച്ചു വന്ന് വണ്ടിയെടുത്തു.. ബോർഡർ കടന്നു തമിഴ് നാട്ടിലേയ്ക്ക് അവളുടെ കാർ പാഞ്ഞു.. അപ്പോഴും ചലനമില്ലാതെ ദേവു രാധികയുടെ മടിയിൽ കിടക്കുകയായിരുന്നു.. **********

സി എം ഹോസ്‌പിറ്റൽ എന്ന ബോർഡിന് മുന്നിലൂടെ അകത്തേയ്ക്ക് കാറോടിച്ചു പോകുമ്പോൾ ഭദ്ര ഇടയ്ക്കിടെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു.. കാർ നിർത്തി അകത്തേയ്ക്ക് പോയി ആരോടോ പറഞ്ഞു സ്ട്രക്ച്വറുമായി അവൾ ഓടി വന്നു.. ആരൊക്കെയോ ചേർന്ന് ദേവുവിനെ അതിലേയ്ക്ക് കിടത്തി.. ക്യാഷ്‌വാലിറ്റിയ്ക്ക് മുൻപിലുള്ള കസേരയിൽ ഇരിക്കുമ്പോൾ രാധിക നന്നേ തളർന്നിരുന്നു.. ഭദ്ര അവരെ നോക്കിയിട്ട് അടുത്തുള്ള കസേരയിൽ ഇരുന്നു..രാധിക അപ്പോഴും കരയുകയായിരുന്നു.. അതേ.. ഭദ്ര വിളിച്ചു.. ഇവിടെ ഇരുന്നിങ്ങനെ കരയേണ്ട.. അവര് നോക്കുന്നുണ്ടല്ലോ.. അവൾ അല്പം മയത്തിൽ പറഞ്ഞു.. എന്റെ മോള്… പേടിയാകുവാ… എന്റെ മക്കളല്ലാതെ ആരൂല്യ എനിക്ക്.. രാധിക വീണ്ടും കരഞ്ഞു..

നിങ്ങടെ മോൻ എന്തിയെ.. അവൾ ചോദിച്ചു.. അവൻ..ഒരു ഇന്റർവ്യൂവിനു പോയതാ.. പൊള്ളാച്ചിയിലോ മറ്റോ.. എനിക്കീ സ്ഥലം ഒന്നും അറിയില്ല.. അവർ പറഞ്ഞു.. ഇത് പൊള്ളാച്ചിക്ക് അടുത്താണ്.. അവൾ പറഞ്ഞു.. ഞാൻ.. ഫോണെടുത്തില്ല.. അവർ പറഞ്ഞു.. മ്മ്.. ഇന്നാ.. വിളിച്ചു പറ.. അവൾ ഫോൺ നീട്ടിക്കൊണ്ട് പറഞ്ഞു.. അവർ വേഗം നമ്പർ ഡയൽ ചെയ്തു.. അപ്പോഴും കിച്ചു ഫോൺ എടുത്തില്ല.. കിട്ടുന്നില്ല.. രാധിക പറഞ്ഞു.. അവൾ ഫോൺ തിരിച്ചു വാങ്ങി.. അപ്പോഴേയ്ക്കും ക്യാഷ്‌വാലിറ്റിയുടെ വാതിൽ തുറന്ന് ഒരു നേഴ്‌സ് പുറത്തേയ്ക്ക് വന്നു.. രാധിക അവിടേയ്ക്ക് ചെന്നു. പുറകെ ഭദ്രയും.. മലയാളിയാണോ.. അവർ ഭദ്രയെ നോക്കി ചോദിച്ചു.. മ്മ്.. എന്താ തമിഴരെയെ ചികില്സിക്കത്തൊള്ളോ..

അവൾ എടുത്തടിച്ചപോലെ ചോദിച്ചു.. ഓ.. ഈ മരുന്ന് വാങ്ങി വരണം. ഇങ്ങനെ പറഞ്ഞാൽ മനസ്സിലാകുമോ എന്നറിയാൻ ചോദിച്ചതാ.. അവരും ദേഷ്യത്തിൽ മറുപടി നൽകി.. രാധിക സ്ലിപ് വാങ്ങി..അതോടെ ഭദ്രയെ ഒന്നു നോക്കിയിട്ട് അവരും അകത്തേയ്ക്ക് പോയി.. കയ്യിൽ കാശ് വല്ലോം ഉണ്ടോ.. അവൾ ചോദിച്ചു.. ഞാൻ ദൃതിക്ക് . രാധിക തല താഴ്ത്തി.. ഇങ് താ.. അവൾ സ്ലിപ്പുമായി പുറത്തേയ്ക്ക് പോയി. കുറച്ചു കഴിഞ്ഞതും മരുന്നുമായി വന്നു. അത് അകത്തു കൊടുത്തിട്ട് രാധികയുടെ അരികിൽ വന്നിരുന്നു.. ഇനിയും കരയേണ്ട.. അതിനു കുഴപ്പം ഒന്നുമില്ല എന്നാ ഡോക്ടർ പറഞ്ഞത്. ഞൻ വരുന്ന വഴിക്ക് അയാളെ കേറി കണ്ടു.. ഭദ്ര പറഞ്ഞു.. ആണോ.. നന്ദിയുണ്ട് മോളെ.. ഒരുപാട് നന്ദിയുണ്ട്. രാധിക പറഞ്ഞു..

ആ സാധനം ഒന്നും വേണ്ട. മോൻ വരുമ്പോ എന്റെ കാശ് തന്നാൽ മതി.. അവൾ പറഞ്ഞു. രാധിക കണ്ണു തുടച്ചു.. അപ്പോഴേയ്ക്കും കിച്ചു തിരിച്ചു വിളിച്ചു.. രാധിക ഫോണെടുത്തു കാര്യം പറഞ്ഞു.. ഉടനെ വരാം എന്നും പറഞ്ഞു കിച്ചു ഫോൺ വെച്ചു.. നിങ്ങൾക്ക് ബന്ധുക്കൾ ഒന്നുമില്ലേ.. നേരം കുറച്ചായപ്പോൾ ഭദ്ര ചോദിച്ചു.. എല്ലാവരും ഉണ്ടായിരുന്നു.. കുട്ട്യോളുടെ അച്ഛനുമായി ഞാൻ പ്രണയത്തിൽ ആയിരുന്നു. അങ്ങനെ കല്യാണം കഴിച്ചതുകൊണ്ട് ആർക്കും അത്ര താല്പര്യം ഉണ്ടായിരുന്നില്ല.. എന്നിട്ടും സന്തോഷമായി ഞങ്ങൾ ജീവിച്ചു.. പിന്നെ ബിസിനസ്സിൽ ഇടയ്ക്ക് വന്ന ചില പ്രശ്നങ്ങൾ.. അതിന്റെ ഷോക്കിൽ കുട്ട്യോളുടെ അച്ഛൻ പോയി.. അത് കണ്ട ഷോക്കിലാ ദേവൂട്ടി… രാധിക കണ്ണു തുടച്ചു.. ഭദ്ര അവരെ നോക്കി..

പിന്നെ എന്റെ ഏട്ടന്റെ വീട്ടിൽ ആയിരുന്നു. അടിമപ്പണി.. ഒരിക്കൽ കിച്ചു വന്നപ്പോൾ ഏട്ടന്റെ മോൻ ദേവുവിനോട് മോശമായി പെരുമാറയുന്നത് കണ്ടു.. അതോടെ അവനു ദേഷ്യമായി.. അവസാനം അവിടുന്നിറങ്ങേണ്ടി വന്നു.. അപ്പോഴാ കേസ് കഴിഞ്ഞു ഈ വീട് കിട്ടിയത്…കേറി കിടക്കാൻ ഒരിടം.. അതുകൊണ്ടാ ഇങ്ങോട്ട് വന്നത്.. ഒരു ജോലി അത്യാവിശം ആയോണ്ടാ ഇന്ന് ദൃതി വെച്ചു കിച്ചു പോയത്…അതിങ്ങനെയും ആയി.. രാധിക പറഞ്ഞു തന്റെ കണ്ണു തുടച്ചു.. ഇങ്ങനെ കരയാൻ ആണെങ്കിൽ എന്നും കരയും..

ജോലി കിട്ടിയാൽ നിങ്ങളുടെ പ്രശ്നം ഒതുങ്ങില്ലേ.. പിന്നെ എന്താ . ഭദ്ര ചോദിച്ചു. അവർ കണ്ണു തുടച്ചു.. മോളുടെ അച്ഛനും സുഖമില്ല അല്ലെ. എന്തു പറ്റിയതാ.. അവർ ചോദിച്ചു.. ഭദ്ര അവരെ നോക്കി.. ഒരു അറ്റാക്ക്.. ഒരു വശം തളർന്നു പോയി.. അവൾ താൽപര്യമില്ലാത്ത മറുപടി പറഞ്ഞു.. ‘അമ്മ.. രാധിക ചോദിച്ചു.. ചത്തുപോയി.. അതും പറഞ്ഞു അവൾ എഴുന്നേറ്റ് പുറത്തേയ്ക്ക് നടന്നു.. രാധിക കേട്ടത് വിശ്വസിക്കാൻ ആകാതെ അവളെ നോക്കി ഇരുന്നു.. അപ്പോഴേയ്ക്കും കോറിഡോറിന്റെ മറ്റൊരറ്റത്തു കൂടി കിച്ചു അവിടേയ്ക്ക് വേഗത്തിൽ നടന്ന് വന്നു..ജീവിതത്തിന്റെ രണ്ടു വശങ്ങളിലൂടെ അവർ രണ്ടിടത്തേയ്ക്ക് നടന്നുകൊണ്ടിരുന്നു….. തുടരും..

സഹയാത്രികയ്ക്ക് സ്‌നേഹപൂർവം: ഭാഗം 4

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!