ശിവമല്ലിക്കാവിലെ സ്വർണ്ണനാഗം: ഭാഗം 4

Share with your friends

എഴുത്തുകാരി: ജീന ജാനഗി

എല്ലാവരും നടുങ്ങി നിൽക്കുകയാണ്. വല്യത്താൻ നെഞ്ചിൽ കിടന്നിരുന്ന രുദ്രാക്ഷമാലയെ മുറുകെ പിടിച്ച് , കണ്ണുകൾ അടച്ചു അവ്യക്തമായി ഏതൊക്കെയോ മന്ത്രങ്ങൾ ഉരുവിട്ടു… കുറച്ച് നിമിഷങ്ങൾക്ക് ശേഷം കാറ്റിന്റെ ശക്തി കുറഞ്ഞുവന്നു. അന്തരീക്ഷം പതിയെ ശാന്തമാകാൻ തുടങ്ങി. വല്യത്താൻ പതിയെ തന്റെ കണ്ണുകൾ തുറന്നു. അയാൾ പരുക്കൻ സ്വരത്തിൽ പറഞ്ഞു ; “ഇതൊന്നും കണ്ട് പേടിക്കണ്ട. നിങ്ങൾ ധൈര്യമായിട്ട് കയറി വരിക.” ആദ്യമൊന്ന് മടിച്ച ശേഷം എല്ലാവരും ഉമ്മറത്തേക്ക് കയറി. “കണ്ണാ….. നീ ഇങ്ങട് വരിക. അഞ്ചാമത്തെ വയസിൽ കണ്ടതാ നിന്നെ…” ദത്തൻ വല്യത്താന്റെ സമീപത്തേക്ക് ചെന്നു. അവനെ അടിമുടി നോക്കിയ ശേഷം അയാൾ പറഞ്ഞു ;

“അച്ഛനെ അതേ പോലെ പകർത്തിയ പോലുണ്ട് … ആട്ടെ അവിടെ എല്ലാവർക്കും സുഖമാണോ ?” “എല്ലാവരും സുഖമായിരിക്കുന്നു.” “എന്താ പെട്ടെന്ന് നിനച്ചിരിക്കാതെ ഒരു വരവ്…. ” ദത്തൻ എന്തോ പറയാൻ വന്ന ശേഷം അത് വേണ്ടെന്ന് വച്ചു. പകരം പറഞ്ഞതിങ്ങനെ ; “ഞങ്ങൾ എല്ലാ തവണയും ഒരു യാത്ര പോകും. ഈ പ്രാവശ്യം കുറച്ച് വ്യത്യാസമാകട്ടെ എന്ന് കരുതി. കുഞ്ഞിലെ ഉള്ള ഓർമകൾ മാത്രമല്ലേ ഉള്ളൂ. ഈ നാട് ഇപ്പോൾ എങ്ങനുണ്ടെന്ന് അറിയാനുള്ളൊരു ആകാംക്ഷ.” “കണ്ണന് ഇപ്പോൾ പ്രായം…..” “ഇരുപത്തിമൂന്ന് തികഞ്ഞു.” വല്യത്താൻ ഒന്നിരുത്തി മൂളിയ ശേഷം ഗോപാലനോടായി പറഞ്ഞു ;

“ഗോപാലാ… നീ ഇവർക്കുള്ള മുറിയൊക്കെ കാണിച്ചു കൊടുക്ക്.” ഗോപാലൻ അയാളെ ഭവ്യതയോടെ തൊഴുത ശേഷം എല്ലാവരെയും കൂട്ടി മുറികളിലേക്ക് പോയി. വല്യത്താൻ എന്തോ ചിന്തയിലാണ്ട് വീണ്ടും ഉമ്മറത്തെ ചാരുകസേരയിൽ കണ്ണടച്ച് ഇരുന്നു. ശ്യാമിനും ജിത്തുവിനും വിഷ്ണുവിനും കൂടി ഒരു മുറിയും അർജ്ജുനും ദത്തനും കൂടി ഒരു മുറിയുമാണ് റെഡിയാക്കിയിരുന്നത്. എല്ലാവരും ചെന്നയുടൻ തന്നെ ക്ഷീണം കാരണം കിടക്കയിലേക്ക് വീണു. ഉച്ചയ്ക് മണി പന്ത്രണ്ട് അടിച്ചപ്പോൾ ഗോപാലൻ വാതിലിൽ തട്ടി. ദത്തൻ ഉറക്കച്ചടവോടെ വാതിൽ തുറന്നു…. “എന്താ ഗോപാലേട്ടാ ? ”

“കുഞ്ഞേ നിങ്ങൾക്കാർക്കും ആഹാരമൊന്നും വേണ്ടേ ? മണി പന്ത്രണ്ടായി. എല്ലാവരും പോയി കുളിച്ചുവരാൻ വല്യത്താൻ പറഞ്ഞു.” ഗോപാലൻ പറഞ്ഞ ശേഷം താഴേക്ക് പോയി. ദത്തൻ അർജ്ജുനെ വിളിച്ചുണർത്തിയ ശേഷം അടുത്ത മുറിയിലേക്ക് പോയി തട്ടി വിളിച്ചു. “ടാ…. വാതിൽ തുറക്ക്…. ” ജിത്തു കണ്ണും തിരുമ്മി വന്നു വാതിൽ തുറന്നു. “എന്താടാ ? നിനക്ക് ഉറക്കമൊന്നൂല്ലേ ?” “മണി പന്ത്രണ്ട് ആയി. കുളിക്കണ്ടേ…” “അയ്യേ… ഈ ഉച്ചയ്കോ ” “കുളിച്ചില്ലേൽ ആഹാരം കിട്ടില്ല…” “അയ്യോ എങ്കിൽ ദേ ഞാനെത്തി…” അർജ്ജുൻ ശ്യാമിനേയും വിഷ്ണുവിനേയും വിളിച്ചുണർത്തി. എല്ലാവരും കൂടി ഒരുമിച്ച് കുളക്കടവിലേക്ക് പോയി. “ഐവാ…. എന്തു ഭംഗിയാടാ ഈ നാട്…. ”

ശ്യാം ദത്തനോട് പറഞ്ഞു. “ദേ അതാണ് കുളക്കടവ്. ” ദത്തൻ കൈചൂണ്ടി… എല്ലാവരും അവിടേക്ക് നോക്കി. “അതെന്താ പടിപ്പുര പോലെ കെട്ടി ഇട്ടിരിക്കുന്നത്.” വിഷ്ണു സംശയത്തോടെ ചോദിച്ചു. “പണ്ട് കാലത്തെ കുളക്കടവുകളൊക്കെ പടിപ്പുര ചേർത്താണ് നിർമിച്ചിരുന്നത്. ” അവർ പടിപ്പുരയിൽ നിന്ന് തോർത്തുടുത്ത് കുളിക്കാൻ തയ്യാറായി നിന്നു. ജിത്തു പതിയെ കുളത്തിലേക്കിറങ്ങി. അവന്റെ കാലുകൾക്ക് ചുറ്റും ചെറുമത്സ്യങ്ങൾ പാഞ്ഞടുത്തു. “ഹൊ… എന്ത് തണുപ്പാ…. ” ഓരോരുത്തരായി വെള്ളത്തിലേക്ക് ചാടാൻ തുടങ്ങി. കുറേ നേരം അവിടെ നീന്തിക്കുളിച്ച ശേഷം തലതോർത്തി കയറി. “എന്തായാലും നിന്റെ തറവാട് അടിപൊളി.” അർജ്ജുൻ അവന്റെ തോളിൽ തട്ടിക്കൊണ്ട് പറഞ്ഞു.

ദത്തൻ ചിരിച്ചുകൊണ്ട് പറഞ്ഞു ; “നഷ്ടപ്പെട്ടതെന്തോ തിരിച്ചു കിട്ടിയ പോലൊരു തോന്നൽ.” കുളികഴിഞ്ഞ് തറവാടിലേക്ക് നടക്കും വഴി ദത്തൻ പെട്ടെന്ന് നിന്നു. “അയ്യോ …. എന്റെ മോതിരം അവിടെ ഊരിവച്ചു. അതെടുക്കാൻ മറന്നു.” “ഞങ്ങളിവിടെ നിൽക്കാം. നീ പോയി എടുത്തുകൊണ്ട് വാ..” അർജ്ജുൻ പറഞ്ഞു. ദത്തൻ കുളത്തിലേക്ക് ഓടി. അവൻ പടവുകളിൽ നോക്കി. അവിടെ മുഴുവൻ അരിച്ചുപെറുക്കിയിട്ടും മോതിരം കണ്ടില്ല. പെട്ടെന്ന് വെള്ളത്തിൽ സ്വർണ്ണനിറത്തിലെന്തോ തിളങ്ങുന്നതായി അവന് തോന്നി. ദത്തൻ പതിയെ കല്പടവിലേക്കിറങ്ങിയതും കാലുതെന്നി കുളത്തിലേക്ക് വീണു. കുളത്തിലേ വെള്ളം കലങ്ങിമറഞ്ഞു. ദത്തൻ ശ്വാസം കിട്ടാതെ അലറി വിളിച്ചു..

“ഇവനിതെന്താ വരാത്തത് ? എത്ര നേരമായി പോയിട്ട് ?” വിഷ്ണു പറഞ്ഞു. പെട്ടെന്ന് എന്തോ നിലവിളി കേട്ട പോലെ അർജ്ജുന് തോന്നി. അവൻ പെട്ടെന്ന് തന്നെ കുളക്കടവിന് സമീപത്തേക്കോടി. ബാക്കി ആർക്കും കാര്യം മനസ്സിലായില്ല. “ടാ…. നീ എങ്ങോട്ടാ ഈ ഓടുന്നത് ?” ശ്യാം വിളിച്ച് ചോദിച്ചു. എന്നാൽ അതൊന്നും അർജ്ജുൻ കേട്ടില്ല. അവൻ അതിവേഗം മുന്നോട്ടോടി. ബാക്കി ഉള്ളവർ അവന് പുറകേ വച്ചുപിടിച്ചു. എല്ലാവരും കുളിക്കടവിലേക്ക് എത്തിയതും കണ്ട കാഴ്ച അവരെ ഞെട്ടിച്ചു. ദത്തൻ വെള്ളത്തിലേക്ക് താണു പൊയ്കൊണ്ടിരിക്കുന്നു.

നാലുപേരും വെള്ളത്തിലേക്കെടുത്ത് ചാടി. ദത്തനെ പടിക്കെട്ടിൽ കൊണ്ട് കിടത്തി. “ദത്താ….. ടാ…. കണ്ണു തുറക്ക്….” ജിത്തു അവനെ കുലുക്കി വിളിച്ചു. പക്ഷേ ദത്തൻ കണ്ണ് തുറന്നില്ല…. “അവന്റെ വയറിൽ നന്നായി അമർത്ത്. കുടിച്ച വെള്ളം പുറത്ത് പോകട്ടെ… ” അർജ്ജുൻ പറഞ്ഞത് കേട്ട് ജിത്തു ദത്തന്റെ വയറിൽ അമർത്തി വെള്ളം പുറത്ത് കളഞ്ഞു. വിഷ്ണു അവന്റെ കാലിനടിഭാഗം തിരുമ്മി ചൂടുകൊടുത്ത്. പെട്ടെന്ന് ചുമച്ചു കൊണ്ട് ദത്തൻ എണീറ്റു. അവൻ ചുറ്റും നോക്കി… “ടാ….. നിനക്കീ വെള്ളത്തിൽ കുളിച്ച് മതിയാവാഞ്ഞിട്ടാണോ വീണ്ടും എടുത്ത് ചാടിയത് ? നീ മോതിരം നോക്കാനല്ലേ വന്നത് ? അതെവിടെ ?” ശ്യാം ദേഷ്യപ്പെട്ടു..

“ഞാൻ മോതിരം നോക്കിയിട്ട് ഇവിടൊന്നും കണ്ടില്ല. വെള്ളത്തിൽ എന്തോ തിളക്കം കണ്ട് ഞാൻ അവിടേക്ക് പോയതും കാല് തെന്നി കുളത്തിലേക്ക് വീണു. അപ്പോൾ വെള്ളം വല്ലാതെ ഇളകിമറിഞ്ഞു. കയറാൻ ഞാൻ ശ്രമിച്ചു. പക്ഷേ എന്തോ വള്ളിപോലെ എന്റെ കാലിൽ കുരുങ്ങി. എന്റെ ബോധം എപ്പൊഴോ മറഞ്ഞു.” ദത്തൻ ഒരുവിധം പറഞ്ഞൊപ്പിച്ചു. അവൻ വീണ്ടും കുളത്തിലേക്ക് നോക്കി.. “ശരി.. വാ പോകാം. കുറേ നേരമായി. ഇനി ഇത് ആരോടും പോയി പറയണ്ട. പുതിയ അന്ധവിശ്വാസം കേൾക്കേണ്ടി വരും.” അർജ്ജുൻ പറഞ്ഞു നിർത്തി. എല്ലാവരും തറവാട്ടിലേക്ക് പോയി.

മുറികളിൽ പോയി വസ്ത്രം ധരിച്ച് വന്നപ്പോഴേക്കും ഊണ് മേശയിൽ ചൂടുപറക്കുന്ന സദ്യ വിളമ്പി വച്ചിരിക്കുന്നു. തൂശനിലയിൽ ചൂട് ചോറ് , പുളിയിഞ്ചി ,നാരങ്ങ , മാങ്ങ അച്ചാർ, അവിയൽ , തോരൻ , പരിപ്പ് , പപ്പടം , സാമ്പാർ, പുളിശ്ശേരി , മുളക് ചമ്മന്തി നിരന്നിരിക്കുന്നു. “കണ്ടപ്പോഴേ വായിൽ വെള്ളം വരുന്നു. ഇന്നെന്തെങ്കിലും വിശേഷദിവസമാണോ സദ്യ ഒരുക്കാൻ ?” ജിത്തു ചോദിച്ചു. ഉത്തരം പറഞ്ഞത് ഗോപാലൻ ആയിരുന്നു. “ഏയ്…. എന്നും ഇവിടുത്തെ ഊണ് ഇങ്ങനെയാണ്. നിങ്ങളുള്ളത് കൊണ്ട് കുറച്ച് പായസം വച്ചു എന്ന് മാത്രം. രാത്രി ചപ്പാത്തിയും കറിയുമാണ് പതിവ്.”

“എന്തായാലും എനിക്കിഷ്ടായി നിങ്ങടെ ജീവിതരീതി….” ശ്യാം പറഞ്ഞു. എല്ലാവരും ആഹാരം കഴിക്കാൻ ആരംഭിച്ചു…. ജിത്തു ദത്തനോട് പറഞ്ഞു ; “എന്തൊരു ടേസ്റ്റാ…. ഒന്നല്ല ഒമ്പത് മാസമായാലും ഞാനിവിടെ നിൽക്കും.” എല്ലാവരും ചിരിച്ചു. കഴിച്ച് കഴിഞ്ഞ ശേഷം എല്ലാവരും ദത്തന്റെ മുറിയിൽ ഒരുമിച്ച് കൂടി. “ദത്താ…. ഇവിടെയൊക്കെ എപ്പോഴാണ് ഒന്ന് ചുറ്റിക്കറങ്ങുന്നത് ?” വിഷ്ണു ചോദിച്ചു. “വൈകുന്നേരം ഒന്ന് അമ്പലത്തിലും കാവിലും പോകാം….” അങ്ങനെ വർത്താനം തുടർന്നു…. *********** “അതേ… കണ്ണൻ പോയിട്ട് ഇതുവരെ വിളിച്ചില്ലല്ലോ ?” മീനാക്ഷി ദേവനാരായണനോട് പരിഭവം പറഞ്ഞു.

“നീ ഒന്നടങ്ങ് മീനു. അവന് ക്ഷീണം കാണില്ലേ… എല്ലാം കഴിഞ്ഞ് അവൻ ഫ്രീ ആകുമ്പോൾ വിളിക്കും.” “എന്നാലും ദേവേട്ടാ… അവനെത്തുമ്പോൾ വിളിക്കേണ്ടതല്ലേ ….” മീനാക്ഷിയുടെ കണ്ണുകൾ നിറഞ്ഞു. “ശ്ശൊ… ഇനി അതിനായി താൻ കണ്ണു നിറയ്കണ്ട. ഞാൻ വിളിക്കാം.” പെട്ടെന്ന് ദേവനാരായണന്റെ ഫോൺ ചിലച്ചു. സ്ക്രീനിൽ ദത്തന്റെ നമ്പർ തെളിഞ്ഞു. “ദേ….. കണ്ണൻ വിളിക്കുന്നു. താൻ സംസാരിക്കൂ…” മീനാക്ഷി വേഗം ഫോൺ കൈയിലാക്കി. “മോനേ…. കണ്ണാ…. നീ എന്താ വിളിക്കാത്തത് ? എത്ര നേരമായി ഞാൻ കാത്തിരിക്കുന്നു. യാത്ര സുഖായിരുന്നോ ? മോനെന്തേലും കഴിച്ചോ ? ക്ഷീണമൊക്കെ മാറിയോ ? ”

“എന്റെ പൊന്നു മീനൂട്ടി… എന്നെ ഒന്ന് പറയാൻ സമ്മതിക്കൂ. ഇങ്ങനെ എക്സ്പ്രസ് പോലെ പറഞ്ഞാൽ ഞാനെങ്ങനെ മറുപടി പറയും ?” “അത് നിന്റെ കാര്യം അറിയാനുള്ള ആകാംക്ഷ കൊണ്ടാണ്. മോൻ പറയൂ…..” “യാത്രയൊക്കെ സുഖായിരുന്നു. വന്ന് ഉറങ്ങി , കുളിച്ച് , ചോറുണ്ടു.. ഇപ്പോ ദേ മീനൂട്ടിയെ വിളിക്കുന്നു.” “മീനൂട്ടി ചോറു കഴിച്ചോ ?” “നീ സുഖായി എത്തിയോ എന്നറിയാതെ എങ്ങനാ അമ്മയ്ക് ആഹാരം ഇറങ്ങുന്നത് ?” “ഇപ്പോൾ സമാധാനം ആയോ… ഇനി മീനൂട്ടി പോയി കഴിക്ക്. ഞാൻ രാത്രി വിളിക്കാം.” “കണ്ണാ…. ഒരു കാരണവശാലും കാവിനടുത്തുള്ള കുളക്കടവിലേക്ക് ഒന്നും പോകരുത് കേട്ടോ.” ദത്തൻ ഒരു നിമിഷം മൗനമായി നിന്ന ശേഷം പറഞ്ഞു ; “ഇല്ല മീനൂട്ടി. ഉമ്മ… അച്ഛനോട് തിരക്കിയെന്ന് പറഞ്ഞേക്ക്…..” “ശരി മോനേ. ഉമ്മ…..” **************

ദത്തൻ ചിന്തയിലാണ്ടു. അവന്റെ മനസ്സ് അസ്വസ്ഥമായി. “എന്തായിരിക്കും മീനൂട്ടി അങ്ങനെ പറഞ്ഞത് ?” ദത്തൻ കൂട്ടുകാരെ നോക്കി. നാലുപേരും നല്ല ഉറക്കത്തിലാണ്. അവൻ പതിയെ പുറത്തേക്ക് ഇറങ്ങി. അവിടെ നിന്നും പുറത്തേക്ക് നോക്കി. ദൂരെ ശിവമല്ലിക്കാവ് കാടുപിടിച്ച് കിടക്കുന്നു. ദത്തൻ ഒരു ദീർഘനിശ്വാസം വിട്ട ശേഷം താഴേക്ക് നോക്കി. ഗോപാലൻ പറമ്പിലെ പണിക്കാർക്ക് നിർദ്ദേശങ്ങൾ കൊടുത്തുകൊണ്ട് അവിടെ നില്പുണ്ടായിരുന്നു. അവൻ താഴേക്ക് ഇറങ്ങിച്ചെന്നു….. “ഗോപാലേട്ടാ…….” ദത്തന്റെ വിളി കേട്ട് ഗോപാലൻ ചോദിച്ചു. “എന്താ കുഞ്ഞേ ?” “ചേട്ടനെന്താ ചെയ്യുന്നത് ?” “ഹൊ… ഇവിടുള്ള കൊശവന്മാർ ഒരു പണിയും നന്നായി ചെയ്യില്ല.

ആരുടെയെങ്കിലും കണ്ണു വേണം ഇവറ്റകളുടെ മേലെ. ആട്ടെ കുഞ്ഞിനിഷ്ടപ്പെട്ടോ നാടൊക്കെ ?” “പിന്നെ…. എന്തു ഭംഗിയാ… നല്ല കാലാവസ്ഥ. കുന്നുകൾ , ക്ഷേത്രങ്ങൾ , കുളങ്ങൾ… കുളത്തിൽ കുളിച്ചപ്പോൾ വല്ലാത്ത ഒരുന്മേഷം.” “ങേ… അതിന് നിങ്ങൾ തറവാട് കുളത്തിൽ പോകുന്നത് ഞാൻ കണ്ടില്ലല്ലോ .. ഈ വഴി മുറിച്ച് കടന്നല്ലേ അങ്ങോട്ട് പോകേണ്ടത്….” “ഏയ് ഞങ്ങൾ ആ കാവിലേക്ക് പോകുന്ന വഴി ഒരു കുളമില്ലേ. പടിപ്പുരയൊക്കെ ഉള്ള വലിയൊരു കുളം. അവിടെയാ ഞങ്ങൾ പോയത് ?” ഗോപാലൻ നെഞ്ചിൽ കൈ വച്ചു…. “ന്റെ ഭഗവതി…… നാഗതീർത്ഥത്തിലോ ?” “നാഗതീർത്ഥമോ ? നല്ല പേര്….. ”

“പക്ഷേ സ്ഥലം അത്ര നല്ലതല്ല….” ദത്തന്റെ നെറ്റി ചുളീഞ്ഞു. അവൻ ചോദിച്ചു ; “അതെന്താ ഗോപാലേട്ടാ ?” “ആ കുളത്തിനടിയിൽ ഒരു വലിയനാഗമുണ്ട്. സ്വർണ്ണനാഗം….. പലരും ആ കുളത്തിൽ നാഗത്തെ കണ്ടിരിക്കുന്നു. അതുകൊണ്ട് തന്നെ ആരും ആ കുളക്കടവിലേക്ക് ഒന്ന് എത്തിനോക്കാൻ പോലും ധൈര്യപ്പെടാറില്ല….” “ഗോപാലേട്ടനും ഇതൊക്കെ വിശ്വസിക്കുന്നുണ്ടോ ? ” “പിന്നില്ലാണ്ട്…. നിങ്ങളെ പോലെ പരിഷ്കാരികളായ കുട്ടികൾക്ക് ഇതിലൊന്നും വിശ്വാസമുണ്ടാവില്ല. ഞങ്ങൾ നാട്ടിൻപുറത്തുകാർ…. പഴയ തലമുറ. ഇതൊക്കെ ഞങ്ങളുടെ വിശ്വാസങ്ങളുടെ ഭാഗമാണ്. ”

“ഇതൊക്കെ വെറും കെട്ടുകഥകളാണ്. ആ കാവെന്താ കാടു പിടിച്ച് കിടക്കുന്നത്. അവിടെ പൂജയൊന്നുമില്ലേ…. ” “നിങ്ങൾ ഇവിടെ നിന്നും പോയ ശേഷം ഒരുപാട് അനർത്ഥങ്ങളുണ്ടായി. അതിൽപിന്നെ ആരും അങ്ങോട്ട് പോകാതെയായി. അവിടുത്തെ പൂജ മുടങ്ങി. കാവ് കാടു പിടിച്ചു. കാവിലെ പുറ്റിനുള്ളിൽ ഒരു കുഞ്ഞ് സ്വർണ്ണനാഗം ഉണ്ടായിരുന്നു. നാഗമാണിക്യത്തിന് കാവലിരുന്ന നാഗം. ഒരു പ്രത്യേക നാളിൽ ആ നാഗമാണിക്യം പ്രകാശിക്കും. നാഗയക്ഷിയമ്മയുടെ ശക്തി ക്ഷയിച്ചത് കാരണം ഏതോ ദുഷ്ടന്മാർ അത് കൈക്കലാക്കി എന്നാണ് കേട്ടുകേൾവി. അതിനുശേഷമാണ് ഈ അനർത്ഥങ്ങൾ. രാത്രി സമയത്ത് തനിയെ ആ വഴി പോകാൻ ആരും ധൈര്യപ്പെടില്ല…. ”

“നാഗമാണിക്യമോ അതെന്താ ?” “അതോ…. മഹാദേവന്റെ സമ്പത്താണ് നാഗമാണിക്യം…. അപൂർവ്വങ്ങളിലപൂർവ്വമായ ഇനമാണ് നാഗമാണിക്യം. വലിയ വിലപിടിപ്പുള്ളത്…… ഇത് കൈവശം വയ്കുന്നവർ അതുല്യശക്തികളുടെ അധിപതിയായി മാറും. ഉഗ്രവിഷമുള്ള സ്വർണ്ണനാഗമാണ് നാഗമാണിക്യത്തിന് കാവൽ…… ഇവിടെ ഏതോ സാഹചര്യത്തിൽ നാഗമാണിക്യം നഷ്ടമായി. അതിന്റെ പകയിലാണ് ആ സ്വർണ്ണനാഗം കുളത്തിനടിയിലേക്ക് പോയത്. ” ദത്തന് ചിരി വന്നു. “ഈ നൂറ്റാണ്ടിലും ഇതൊക്കെ വിശ്വസിക്കുന്നവർ ഉണ്ടാകുമോ ?” അവൻ മുകളിലേക്ക് പോയി…. “ശിവ…ശിവ… ഇനി എന്തൊക്കെ കാണണം ന്റെ ഭഗവതി…..” ഗോപാലൻ സ്വയം പിറുപിറുത്തു…..തുടരും

ശിവമല്ലിക്കാവിലെ സ്വർണ്ണനാഗം: ഭാഗം 4

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!