സ്‌നേഹതീരം: ഭാഗം 9

Share with your friends

എഴുത്തുകാരി: ശക്തികലജി

ഞാൻ കരച്ചിലോടെ തിരിഞ്ഞ് നടന്നു.. ” അങ്ങനെ തോറ്റു പിൻമാറിയാൽ അവൻ ഇനിയും നിന്നേ തേടി വരും…ഇനി അവൻ്റെ ഭാഗത്ത് നിന്ന് ഒരു ഉപദ്രവും ഉണ്ടാവാതിരിക്കാൻ വേണ്ടിയാ”.. ചന്ദ്രാ കരയല്ലേ.. ധൈര്യമായിരിക്ക് ഞാനില്ലേ “… എനിക്ക് അടിക്കാൻ വയ്യെങ്കിലും നാലാളെ കൂട്ടി വന്ന് അവന് തല്ലു കൊടുക്കും” എന്ന് പറഞ്ഞ് എൻ്റെ ഇടത് കൈയ്യിൽ മുറുക്കി പിടിച്ചു വലിച്ചുകൊണ്ട് പോലീസ് സ്‌റ്റേഷനിനകത്തേക്ക് നടന്നു….. ഞാൻ കയ്യിലെ പിടുത്തം വിടുവിക്കാൻ ശ്രമിച്ചതും ഗിരിയേട്ടൻ കയ്യിൽ ഒന്നുകൂടി മുറുകെപ്പിടിച്ചു കൊണ്ട് നടന്നു സ്റ്റേഷനു അകത്തുകയറി ഒരുവശത്തായി കിടക്കുന്ന കസേരകളിലൊന്നിൽ എന്നെ ഇരുത്തി….

ഗിരിയേട്ടൻ തന്നെയാണ് പരാതി എഴുതിയത് പോലീസുകാരുടെ എല്ലാ കാര്യങ്ങളും വിശദമായി വിവരിച്ചതും എല്ലാം… ഞാൻ ഒരു പാവ കണക്കെ കസേരയിൽ ഇരുന്ന് ഓരോന്ന് ചെയ്യുന്നത് നോക്കിയിരുന്നു എനിക്കെന്തോ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് മാത്രം നിയന്ത്രിക്കാൻ കഴിഞ്ഞില്ല ഷാളിൻ്റെ തുമ്പു കൊണ്ട് ഇടയ്ക്കിടെ തുടച്ചു കൊണ്ടിരുന്നു കോൺസ്റ്റബിൾ എന്നെ വിളിച്ചതും ഞാൻ പതിയെ എഴുന്നേറ്റ് അവരുടെ അടുത്തേക്ക് നടന്നു.. ഒരു പേനാ എടുത്ത് കയ്യിൽ തന്നിട്ട് ഇവിടെ ഒപ്പിടാൻ പറഞ്ഞു ഞാനും ഒന്നും വായിക്കാതെ തന്നെ ഒപ്പിട്ടു തിരിഞ്ഞു നടക്കാൻ ഒരുങ്ങിയതും ഗിരിയേട്ടൻ എൻ്റെ കൈയ്യിൽ പിടിച്ച് നിർത്തി …

വലത് കൈയ്യിലാണ് പിടിച്ചത്… വേദന കൊണ്ട് എൻ്റെ മുഖം മാറിയത് കൊണ്ടാവണം കൈയ്യിൽ നിന്ന് പിടിവിട്ടു.. ”ഞാനെന്താ എഴുതിയതെന്ന് ചന്ദ്രയ്ക്ക് വായിക്കേണ്ടെ.. ഒന്ന് വായിക്കാതെ തന്നെ അതേപടി ഒപ്പിട്ടു പോവാണോ …ഇക്കാലത്ത് ആരെയും വിശ്വസിക്കാൻ പാടില്ല ” എന്ന് ഗിരിയേട്ടൻ ചിരിയോടെ പറഞ്ഞു ”എനിക്ക് ഇനി നഷ്ട്ടപ്പെടാൻ ഒന്നുമില്ല.. പിന്നെ എൻ്റെ നന്മയ്ക്ക് അല്ലാതെ ഗിരിയേട്ടൻ വേറൊന്നും ചെയ്യില്ല എന്ന് ഉറച്ച വിശ്വാസം എനിക്കുണ്ട് കണ്ണടച്ച് എവിടെ വേണമെങ്കിലും ഒപ്പിടാൻ ഇടാൻ എനിക്ക് ഒരു മടിയുമില്ല .. എന്ന് ഞാൻ പുഞ്ചിരിയോടെ പേനാ തിരിച്ച് കൊടുത്തു കൊണ്ട് ഗിരിയേട്ടനെ നോക്കി..

ഗിരിയേട്ടൻ്റെ മുഖവും തെളിഞ്ഞു “എന്നാ ശരി അവിടെ പോയിരുന്നോ… എനിക്ക് ഇവിടെ ഒരു പരാതിയുണ്ട് ഞാൻ അതു കൂടി എഴുതി കൊടുത്തിട്ട് വരാം എന്നിട്ട് നമുക്ക് ഒരുമിച്ച് പുറത്തേക്ക് പോകാം ” എന്ന് ഗിരിയേട്ടൻ പറഞ്ഞപ്പോൾ ഞാൻ തിരികെ അനുസരണയോടെ ആ കസേരയിൽ തന്നെ പോയിരുന്നു ഗിരിയേട്ടൻ വീണ്ടും ഏതൊ ഒരു പേപ്പർ എടുത്തു എഴുതി ഒപ്പിട്ട് കോൺസ്റ്റബിളിനെ ഏൽപ്പിക്കാൻ പോകുന്നത് കണ്ടു .. പിന്നീട് എൻ്റെ അടുത്തേക്ക് വന്നു.. “ഇവിടുത്തെ എസ്.ഐ എൻ്റെ കൂടെ പി എ സി കോച്ചിംഗിനു ഒരുമിച്ച് പഠിച്ചതാണ്…

ഞങ്ങൾ ഒരുമിച്ച് പരീക്ഷകൾ എഴുതാൻ പോകുമ്പോൾ പരിചയപ്പെട്ടതാണ് ഞാൻ ഒന്ന് കണ്ടിട്ട് വരാം” എന്ന് പറഞ്ഞ് ഗിരിയേട്ടൻ വീണ്ടും തിരികെ നടന്നു എസ്.ഐ.യുടെ റൂമിലേക്ക് പോകുന്നത് കണ്ടു…. ഞാൻ അവിടെ തന്നെ ഇരുന്നു .. എസ്.ഐ പരിചയമുള്ള ആളാണ് എന്ന് പറഞ്ഞപ്പോൾ മനസ്സിന് ഒരു ധൈര്യം തോന്നി…. എന്തായാലും ചോദിക്കാനും പറയാനും ആൾക്കാർ ഉള്ളതുകൊണ്ട് ഇനിയുo ശരത്തേട്ടൻ ഉപദ്രവിക്കാൻ വരില്ല എന്ന് ഉറപ്പുണ്ട് വെറുതെ നോക്കി കൊണ്ടിരിക്കുമ്പോഴാണ് ജയിഴികൾക്കിടയിലൂടെ രണ്ടു കണ്ണുകൾ എന്നെ പകയോടെ നോക്കുന്നത് കണ്ടത്…

അത് ശരത്തേട്ടൻ ആണെന്ന് തിരിച്ചറിയാൻ താമസം വേണ്ടി വന്നില്ല.. ശരീരത്തിലൂടെ ഒരു വിറയൽ പായുന്നത് ഞാനറിഞ്ഞു.. ദേഷ്യവും വെറുപ്പും പകയും ഭയവും എല്ലാം കൂടി ചേർന്ന് ഒരു അവസ്ഥ .. അവസരം കിട്ടിയാൽ കഴുത്തിൽ കുത്തിപ്പിടിച്ചു ചോദിക്കണമെന്ന് ആഗ്രഹിച്ചിരുന്നു എന്തിനാണ് കൊല്ലാൻ ശ്രമിച്ചത്… ഒഴിഞ്ഞുപോകാൻ പറഞ്ഞിരുന്നെങ്കിൽ എപ്പോഴേ കുഞ്ഞുങ്ങളെയും കൂട്ടി ഞാൻ ഒഴിഞ്ഞു പോയേനേ എന്ന് ചോദിച്ചേനെ .. അതിനുള്ള ഒരു അവസരവും ഒത്തു കിട്ടിയിരുന്നില്ല …ഞാൻ പതിയെ എഴുന്നേറ്റു അയാളുടെ അടുത്തേക്ക് ചെന്നു… അവിടെ ഇരുന്ന കോൺസ്റ്റബിളിനോട് ചോദിച്ചു ..

എനിക്ക് അകത്ത് കിടക്കുന്നാളോട് സംസാരിക്കണം എന്ന് പറഞ്ഞു “എന്നാൽ ശരി വേഗം സംസാരിച്ചിട്ട് പൊയ്ക്കോ …. പിന്നെ അടുത്തുനിന്ന് സംസാരിക്കേണ്ട… ഇന്നലെ കൊല്ലാൻ വന്ന ആളല്ലേ ….അതുകൊണ്ട് സ്റ്റേഷനിൽ വച്ച് എന്തെങ്കിലും സംഭവിച്ചാൽ ഞാൻ മറുപടി പറയണം “എന്ന് അയാൾ ഗൗരവത്തോടെ പറഞ്ഞു… ” ശരി ഞാൻ അകലെ നിന്ന് സംസാരിച്ചു കൊള്ളാം” എന്ന് പറഞ്ഞു ശരത്തേട്ടൻ കിടക്കുന്ന ജനലഴിക്കരികിലേക്ക് നടന്നു .. ഞാൻ അടുത്തേക്ക് നീങ്ങി നിൽക്കുന്നത് കണ്ടാവണം അയാളുടെ കണ്ണുകൾ ഒന്നുകൂടി ചുവന്നു .. “എന്തിനായിരുന്നു എന്നെ കൊല്ലാൻ ശ്രമിച്ചത്.. എൻ്റെ കുഞ്ഞു മക്കളെയും കൂട്ടി ഞാൻ ഒരു ശല്യം ചെയ്യാതെ ഞാൻ എവിടെയെങ്കിലും ജീവിച്ചേനെ …

ഇങ്ങനെ കൊല്ലാൻ മാത്രം എന്ത് ദ്രോഹമാണ് ശരത്തേട്ടനോട് ഞാൻ ചെയ്തത്.. ഒന്ന് ഒഴിഞ്ഞുപോകാൻ പറഞ്ഞിരുന്നെങ്കിൽ ഞാനും മക്കളും സന്തോഷത്തോടെ ഒഴിഞ്ഞുപോയി എവിടെയെങ്കിലും ജീവിച്ചേനെ .. ശരത്തേട്ടൻ ശരത്തേട്ടൻ ഇഷ്ടമുള്ള ജീവിതം ജീവിക്കുകയും ചെയ്യാമായിരുന്നു…. എൻ്റെ മക്കൾ എന്നോടൊപ്പം ജീവനോടെ ഉണ്ടായിരുന്നേനെ.. “ഞാൻ ചോദിക്കുമ്പോൾ ശരത്തേട്ടൻ എന്നെ രൂക്ഷമായി നോക്കുന്നുണ്ടായിരുന്നു . “നിൻ്റെ പേരിലുള്ള സ്വത്ത് എനിക്ക് വേണമായിരുന്നു …അതിനു നീ ചാകണം ആയിരുന്നു നീയും മക്കളും ചത്താലെ എനിക്ക് കിട്ടുമാരുന്നുള്ളു” .

ഭാര്യ മരിച്ചാൽ അവളുടെ പേരിലുള്ളത് ഭർത്താവിന് കൂടി അവകാശപ്പെട്ടതാണല്ലോ “…അയാൾ ഒരു പുച്ഛ ചിരിയോടെ പറഞ്ഞു .. “സ്വത്ത് എഴുതി തരേണ്ടത് അച്ഛനല്ലേ… എൻ്റെ പേരിൽ ഒന്നും ആയിരുന്നില്ലല്ലോ അന്ന് സ്വത്ത് … ഇപ്പോഴാണ് അച്ഛൻ മരിക്കുന്നതിനുമുമ്പേ ആണ് എൻ്റെ പേരിൽ എഴുതിയത് എന്നാണ് ചേട്ടൻ പറഞ്ഞത് ” എന്ന് ഞാൻ ചോദിച്ചപ്പോൾ അയാൾ കൂടുതൽ ദേഷ്യത്തോടെ എന്നെ നോക്കി … “ആരു പറഞ്ഞു നമ്മുടെ വിവാഹത്തിൻറെ അന്നു തന്നെ ആ വീട് നിൻ്റെ പേര് എഴുതി കഴിഞ്ഞിട്ടാണ് ഞാൻ നിൻ്റെ കഴുത്തിൽ താലി കെട്ടിയത് … അതൊന്നും നിൻ്റെ അച്ഛനുമമ്മയും ഒന്നും പറഞ്ഞില്ലേ…

ആ വീടും സ്ഥലവും എൻ്റെ പേരിൽ ആക്കി തരാൻ പറഞ്ഞിട്ട് നിൻ്റെ അച്ഛൻ കേട്ടില്ല…. എൻ്റെ പേരിൽ വീടും പറമ്പും എഴുതി തന്നാലേ നിൻ്റെ കഴുത്തിൽ താലി കേട്ടു എന്ന് ഞാൻ നിന്നെ പെണ്ണ് കാണാൻ വന്ന അന്ന് തന്നെ പറഞ്ഞിരുന്നു… പക്ഷേ ആ വീടും സ്ഥലവും എൻ്റെ പേരിൽ എഴുതി തരാതെ നിൻ്റെ പേരിലാണ് എഴുതി തന്നത് അപ്പോൾ ഞാൻ വിചാരിച്ചു കാത്തിരിക്കാമെന്ന് അതുകൊണ്ടാണ് ആ വീട് വിറ്റിട്ട് ഇവിടെ വന്നു താമസിച്ചത് …. നിന്നോടൊപ്പം എൻ്റെ പ്രണയവും വിട്ടിട്ട് … എൻ്റെ പെണ്ണ് ദീപയ്ക്ക് വേണ്ടി എനിക്ക് ആ സ്വത്ത് വേണം “എന്ന് ശരത്തേട്ടൻ പറയുമ്പോൾ ഞാൻ ദേഷ്യത്തോടെ നോക്കി

“ഇങ്ങനെ ഒരു സ്വത്തിനുവേണ്ടി എൻ്റെ ജീവിതം ഇല്ലാതാക്കാൻ അവൾ പറഞ്ഞോ…” നിങ്ങൾക്ക് എത്രയോ പെണ്ണുങ്ങളെ കിട്ടുമായിരുന്നു എൻ്റെ ജീവിതം ഇങ്ങനെ തകർന്നു പോകാൻ വേണ്ടി ഞാൻ എന്ത് തെറ്റാണ് ചെയ്തത് “.. ഞാൻ ശരിക്കും നിങ്ങൾക്കാരായിരുന്നു.”എന്ന് ചോദിക്കുമ്പോൾ എനിക്ക് കരച്ചിൽ വരുന്നുണ്ടായിരുന്നു എങ്കിലും ഞാൻ കരയാതെ പിടിച്ചുനിന്നു … “അതൊക്കെ കഴിഞ്ഞ കാര്യങ്ങൾ…എന്നാലും നീ എനിക്ക് ആ വീടും സ്ഥലവും എഴുതിത്തന്നെ പറ്റൂ .. നിനക്ക് എന്തിനാണ് വീടും സ്ഥലവും സ്വത്തുക്കളും ഒക്കെ. ഭർത്താവും കുട്ടികളും ഒന്നുമില്ലാതെ നീ ഒറ്റയ്ക്ക് എവിടെയെങ്കിലും പോയി ജീവിക്കാം..

എൻ്റെ പെണ്ണിനുo കുഞ്ഞിനും വേണ്ടി എനിക്ക് ആ വീടും സ്ഥലവും വേണം ” എന്ന് ഗിരിയേട്ടൻ പറഞ്ഞു.. ” അതിന് ഇവൾക്ക് ഭർത്താവ് ഭാവിയിൽ ഉണ്ടാവില്ല എന്നൊന്നും താൻ ഉറപ്പിക്കണ്ട…. എത്രയും വേഗം ഡിവോഴ്സ് പേപ്പറിൽ ഒപ്പിട്ട് തന്നാൽ ഉടനെ നിയമപരമായി ഇവളെ എൻ്റെ ഭാര്യയാക്കാൻ ഞാൻ തീരുമാനിച്ചിട്ടുണ്ട്… പിന്നെ സ്വത്തിൻ്റെ കാര്യം അത് അവളുടെ ഇഷ്ട്ടം… എഴുതി കൊടുക്കണോ വേണ്ടയോന്ന് അവൾ തീരുമാനിക്കും… “ഗിരിയേട്ടനാണ് മറുപടി പറഞ്ഞത്… ഞാൻ ഞെട്ടലോടെ തിരിഞ്ഞ് നോക്കി.. ഗിരിയേട്ടൻ യാതൊരു ഭാവഭേദവുമില്ലാതെ അയാളെ നോക്കി നിൽക്കുകയാണ്…

“നീ വാ… ഇവനോട് സംസാരിച്ച് വെറുതെ നമ്മുടെ പ്രഷർ എന്തിനാണ് കൂട്ടുന്നത് ” എന്നു പറഞ്ഞ് എന്നെ വിളിച്ച് കൊണ്ടുവന്നു പുറത്ത് നിർത്തി… “എന്തൊക്കെയാ പറഞ്ഞത് എന്ന് വല്ല ബോധവുമുണ്ടോ.. അയാൾ വെറുതെയിരിക്കില്ല” എന്ന് ഞാൻ പറഞ്ഞു… ” അയാൾ അങ്ങനെ പറഞ്ഞു ചന്ദ്രയെ വേദനിപ്പിച്ചപ്പോൾ എനിക്കിങ്ങനെ പറയാനാ തോന്നിയത്… വരാനുള്ളത് വഴിയിൽ തങ്ങില്ലല്ലോ… എന്തായാലും അനുഭവിക്കുക തന്നെ… ” എന്ന് പറഞ്ഞ് ഗിരിയേട്ടൻ മുൻപോട്ട് നടന്നു.. “പക്ഷേ വേണ്ടായിരുന്നു… ഞാൻ കാരണം ഇത്രേം തല്ലു കൊണ്ടു… ഇനിയും തല്ലു കൊള്ളേണ്ടിവരും… അമ്മയ്ക്ക് ഗിരിയേട്ടൻ മാത്രമല്ലേയുള്ളു…

“എനിക്ക് പിന്നെ ആരുമില്ല… എനിക്ക് എന്ത് സംഭവിച്ചാലും ആർക്കും ഒന്നും നഷ്ടപ്പെടില്ല… ഒരു ഇല പൊഴിയും പോലെ എൻ്റെ ജീവനും ആരുമറിയാതെയൊരുനാൾ പൊഴിഞ്ഞ് പോകും” എന്ന് പറഞ്ഞ് മുൻപോട്ട് നടക്കാൻ തുടങ്ങിയപ്പോഴേക്ക് ദിനേശേട്ടൻ്റെ ഓട്ടോ വന്നു… മറുപടിക്ക് കാത്തു നിൽക്കാതെ ഞാൻ വണ്ടിയിൽ കയറി… തിരികെയുള്ള യാത്രയിൽ മൗനം തുടർന്നു… മൗനം തുടർന്നെങ്കിലും മനസ്സ് ഒരായിരം ചോദ്യങ്ങൾക്ക് ഉത്തരം തേടുകയായിരുന്നു. തിരികെ വീട്ടിലെത്തിയിട്ടിട്ട് ഞാൻ ഗിരിയേട്ടനോടോ അമ്മയോടോ ഒന്നും മിണ്ടാൻ പോയില്ല… ഞാൻ കാരണം അവർക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാവാൻ പാടില്ല..

ആരുടെയും ജീവിതം ഞാൻ കാരണം തകരാൻ പാടില്ല… ഉച്ചയ്ക്ക് ഊണ് കഴിച്ച് കഴിഞ്ഞ് ഗിരിയേട്ടൻ്റെ അമ്മ കുറച്ച് നേരം കിടന്നിട്ട് വരാം എന്ന് പറഞ്ഞ് മുറിയിലേക്ക് പോയി.. ഞാൻ എൻ്റെ മുറിയിലേക്ക് പോയി എനിക്ക് ആവശ്യമുള്ള സാധനങ്ങൾ ഒരു ബാഗിൽ കുത്തിനിറച്ചു… ബാഗുമെടുത്തു പുറത്തേക്കിറങ്ങി.. മുറ്റത്ത് എന്നെയും പ്രതീക്ഷിച്ച് ഗിരിയേട്ടൻ നിൽക്കുന്നുണ്ടായിരുന്നു.. “എങ്ങോട്ടാ ” പ്രതീക്ഷിച്ച ചോദ്യം എൻ്റെ കാതുകളിൽ എത്തി.. “ഞാൻ തിരികെ ആ ഹോസ്റ്റലിലേക്ക് പോവാ “… എനിക്ക് ഇവിടെ തുടരാൻ വയ്യാ ” ഞാൻ മുഖമുയർത്താതെ പറഞ്ഞു.. ”

ഞാൻ ശരത്തിനോട് അങ്ങനെ പറഞ്ഞത് കൊണ്ടാണ് ഈ പിണങ്ങി പോക്കെങ്കിൽ അയാളോടു ഇപ്പോൾ തന്നെ പോയി തിരുത്തി പറഞ്ഞേക്കാം… ഞാൻ ഒന്നും മനസ്സിൽ വച്ച് കൊണ്ട് പറഞ്ഞതല്ല ” എന്ന് ഗിരിയേട്ടൻ പറഞ്ഞു.. ” അങ്ങനൊന്നുമില്ല.. ” ഞാൻ പറഞ്ഞു.. “എന്നാൽ തിരിച്ച് പോയ്ക്കേ… ഇന്ന് തൻ്റെ അമ്മ ഇങ്ങോട്ടേക്ക് വരുന്നുണ്ട് എന്ന് വിധു വിളിച്ച് പറഞ്ഞു… അവൻ രണ്ടു ദിവസത്തേക്ക് ഭാര്യേം കൂട്ടി എങ്ങോ പോവാത്രേ.. അതു കൊണ്ട് തൻ്റെ അമ്മ രണ്ടിസം ഇവിടെ കൊണ്ടു വിടുവാ എന്നു പറഞ്ഞു ” എന്ന് ഗിരിയേട്ടൻ പറഞ്ഞപ്പോൾ ശരിക്കും സന്തോഷം കൊണ്ട് തുള്ളി ചാടാൻ തോന്നി.. ‘”

എപ്പോ വരും’ ‘ഞാൻ ചോദിച്ചു.. ” ഉച്ചകഴിഞ്ഞ് ഇറങ്ങുമെന്നാ പറഞ്ഞത് “ഗിരിയേട്ടൻ പറഞ്ഞപ്പോൾ ഞാൻ വേഗം തിരിഞ്ഞു നടന്നു… ബാഗ് മുറിയിൽ കൊണ്ടുവച്ചു.. പിന്നീട് വിഷമങ്ങൾ ഒന്നും ഓർത്തില്ല.. കൈയ്യിലെ വേദനയറിഞ്ഞില്ല… വൈകുന്നേരം ബേക്കറിയിലേക്ക് കൊടുക്കാമെന്നേറ്റ പലഹാരങ്ങൾ ഉണ്ടാക്കാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി… എല്ലാo അമ്മയ്ക്കും കൊടുക്കണം… രുചിച്ച് നോക്കി എങ്ങനുണ്ട് എന്ന് പറയാൻ പറയണം…. വടയ്ക്കുള്ളത് ഉഴുന്ന് നനായാനിട്ടു… സമോസയ്ക്കുള്ള മസാല കൂട്ട് തയ്യാറാക്കി കൊണ്ടിരുന്നപ്പോഴാണ് പുറകിൽ നിന്നും രണ്ടു കൈകൾ ന്നെ ചുറ്റിപിടിച്ചത്…

തിരിഞ്ഞ് നോക്കാതെ തന്നെ ആരാണെന്ന് എനിക്കറിയാമായിരുന്നു.. പുറത്ത് കണ്ണിരിൻ്റെ നനവറിഞ്ഞു… ” അമ്മ”സന്തോഷമാണോ സങ്കടമാണോ വാക്കുകൾ പുറത്തേക്ക് വരാതെ എങ്ങോ തങ്ങി നിൽക്കുന്നത് പോലെ.. “ഈ അമ്മയോട് ക്ഷമിക്ക് മോളെ ” എന്നമ്മ പറഞ്ഞതും ഞാൻ തിരിഞ്ഞ് എൻ്റെ കൈകൾ കൊണ്ട് അരുത് എന്ന് പറഞ്ഞു കൊണ്ട് തോളിൽ മുഖം ചേർത്ത് കരഞ്ഞു… ഗിരിയേട്ടൻ്റെ അമ്മയും വന്നു കെട്ടിപ്പിടിച്ച് കരഞ്ഞു തുടങ്ങി.. ഗിരിയേട്ടൻ വന്ന് നോക്കുമ്പോൾ എല്ലാരും കൂട്ട കരച്ചിലാണ്… ” അതേയ് ആ അടുപ്പിലുള്ളത് കൂടി നോക്കണേ” എന്ന് ഗിരിയേട്ടൻ പറഞ്ഞപ്പോഴാണ് തിരിഞ്ഞ് നോക്കിയത്… സവോള കരിഞ്ഞ മണം വന്നു തുടങ്ങിയിരുന്നു…തുടരും

സ്‌നേഹതീരം: ഭാഗം 8

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!