അദിതി : ഭാഗം 2

അദിതി : ഭാഗം 2

എഴുത്തുകാരി: അപർണ കൃഷ്ണ

താളനിബദ്ധമായി മിടിക്കുന്ന ഹൃദയത്തെ ശ്രവിച്ചു കൊണ്ട് ഒരു ചെറിയ പുഞ്ചിരിയോടെ എന്റെ ഡിപ്പാർട്‌മെന്റിലേക്കു നടക്കുമ്പോൾ ആണ് പുറകിൽ നിന്ന് പാട്ടു കേട്ടത്……….. “എനക്കൊരു ഗേൾ ഫ്രണ്ട് വേണമെടാ” എന്നെ ഏറ്റെടുത്ത പീക്കിരികൾ എല്ലാം കൂടെ കോറസ് ആയി പാടിക്കൊണ്ട് വരികയാണ്. ഞാൻ പെട്ടെന്ന് നിന്നിട്ടു തിരിഞ്ഞു നോക്കി. ചെക്കമ്മാരെല്ലാം ഒന്ന് പകച്ച പോലെ ഉണ്ട്….. അല്ല അവരേം കുറ്റം പറയാൻ പാടില്ല. എന്നെ കണ്ടാലും ഒരു ഗുണ്ടാ ലുക്ക് ആണെന്നും പറഞ്ഞ് രാവിലെ ‘അമ്മ എന്നെ വഴക്കു പറഞ്ഞതാ. ഇനി ഡ്രസ്സ് മാറാൻ സമയം ഇല്ല എന്ന എന്റെ എസ്ക്യൂസും അപ്പയുടെ സപ്പോർട്ടും കൂടെ ആയപ്പോൾ അമ്മ ഒരു കൂർത്ത നോട്ടം നോക്കി എന്നെ വെറുതെ വിട്ടു.

ഡാർക്ക് ബ്ലൂ ജീൻസും ബ്ലാക്ക് ഫുൾ സ്ലീവ് ഷർട്ടും ആയിരുന്നു എന്റെ വേഷം. കൈ മടക്കി മുട്ട് വരെ ആക്കിയിട്ടു, ഒരു സ്ലീവെലെസ്സ് ബ്ലേസർ കൂടെ ഇട്ടു. പിന്നെ മുടി എല്ലാം വാരിപിടിച്ചു ഒരു കെട്ടും കൂടെ ആയപ്പോൾ എവിടൊക്കെയോ ഒരു ഗുണ്ടി ലുക്ക് ഉണ്ടെന്നു എനിക്കും തോന്നിയിരുന്നു. “ഈ കോളേജിൽ പഠിച്ചിട്ടും നിനക്കൊന്നിനും ഇതുവരെ ഗേൾ ഫ്രണ്ട്‌സ് ആയില്ല്യോ ഡാ പിള്ളേരെ” എന്റെ ചോദ്യം കേട്ട് ലേശം വിരണ്ടു നിന്ന ലവന്മാരുടെ മുഖത്തു ഒരു പുഞ്ചിരി വിടർന്നു. “ഇല്ല ആയില്ല പറ്റിയ പെൺപിള്ളേരെ കിട്ടിയില്ലന്നേ” കൂട്ടത്തിൽ വിളഞ്ഞ വിത്തെന്നു തോന്നിക്കുന്ന ഒരുത്തൻ മറുപടി പറഞ്ഞു.

എന്നിട്ടു എന്നോടു ഒരു ചോദ്യം…. ” അല്ല മോള് ഇന്റെരെസ്റ്റഡ് ആണോ?” ആഹ്ഹ പറ്റിയ സ്ഥലത്തേക്ക് തന്നെ ആണല്ലോ അപ്പ എന്നെ കൊണ്ട് എത്തിച്ചേക്കുന്നേ, ഞാൻ ഫോമിലായി……… “ഓ നീ ഒന്നും എനിക്ക് പറ്റിയ ടൈപ്പ് ആണെന്ന് തോന്നില്ലല്ലോ, ആട്ടെ മക്കള് ഏതു ഡിപ്പാർട്‌മെന്റാ” എന്റെ വർത്തമാനം പീക്കിരികൾക്ക് പിടിച്ചില്ലാന്നു മനസിലായി, അപ്പോൾ നേരത്തെ വർത്തമാനം പറഞ്ഞവൻ ഷർട്ടിന്റെ കൈ ചുരുട്ടി മുകളിലേക്ക് കെട്ടി ലേശം പുച്ഛത്തോടെ എന്നെ നോക്കി. “മക്കൾ ആരാഡി നിന്റെ മക്കള് ഞങ്ങൾ ഇവിടെ സൂപ്പർ സീനിയർസാ, ഫസ്റ്റ് ഇയർ വന്നു കേറില അതിനു മുന്നേ തുടങ്ങിയോ അഹങ്കാരം, ചേട്ടൻന്ന് വിളിക്കെടി മോളെ, ഞങ്ങൾ ഇവിടത്തെ ബി.കോം പിള്ളേരാ, ഈ കോളേജിനെ പറ്റി ഒന്നും തിരക്കാതെ ആണോ മോളെ നിന്നെ ഇങ്ങോട്ട് കെട്ടിയെടുത്തെ” ഓഹോ ചെക്കനാള് ഡിഗ്രിക്കാ പഠിക്കുന്നേലും നാക്ക് എംഡിക്കു പഠിക്കുന്നെന്റെ ആണല്ലോ……..

എനിക്കാകെ സന്തോഷമായി, കണി മോശമായില്ല, എന്റെ ഡിപ്പാർട്ടുമെന്റിൽ ജൂനിയർസ് ആയിട്ടു പഠിക്കുന്ന വാനരമ്മാര് ആണല്ലോ ഇത്………. . ” ഓ എന്റെ സൂപ്പർ സീനിയർ ചേട്ടാ സീനിയറും സൂപ്പർ സീനിയറും ഒക്കെ ആയിട്ടു തന്നാ എന്നെ ഇങ്ങോട്ടേക്കു കെട്ടിയെടുത്തെ, അതായത് ഒരു വർഷം മുന്നേ ബി.കോം പഠിച്ചു കാണിക്കാൻ ഉള്ള അലമ്പ് ഒക്കെ കാട്ടിട്ടാ ഇങ്ങോട്ടു വന്നേ പിജിക്ക്‌ പഠിക്കാൻ…….. ” ഞാൻ ഒരു ലോഡ് പുച്ഛം വാരി വിതറിക്കൊണ്ട് പറഞ്ഞു. ശെടാ ദേ പുലി പോലെ വന്നവന്മാര് ഒക്കെ പൂച്ച കുഞ്ഞുങ്ങളെ പോലെ ശാന്തരായി. ലേശം ഇളിഭ്യതയോടെ എന്നോട് കയർത്തു സംസാരിച്ചവൻ ചോദിച്ചു, “ഷേയ്യ് ചേച്ചി ആയിരുന്നല്ലേ, ഞങ്ങൾ ഓർത്തു ഡിഗ്രി അഡ്മിഷൻ ആയിരിക്കും എന്ന്” ഹം ഞാൻ എന്തായാലും വെയിറ്റ് കുറക്കാതെ നിന്നപ്പോൾ പീക്കിരികൾ എന്റെ പേരും നാളും ഒക്കെ ചോദിയ്ക്കാൻ തുടങ്ങി. എം.കോം ആണെന്നറിഞ്ഞപ്പോൾ എല്ലാത്തിനും വളരെ സന്തോഷം,

പിന്നെ അവരെ എനിക്ക് പരിചയപ്പെടുത്തി. നമ്മട നേതാവിന്റെ പേര് വിനോദ്, ബാക്കി ഉള്ളത് ജസ്റ്റിൻ, ഫൈസൽ, സുബിൻ ആൻഡ് സേവ്യർ. അങ്ങനെ ആ അഞ്ചേണ്ണവും കൂടെ എന്നെയും ആനയിച്ചു ഞങ്ങളുടെ ഡിപ്പാർട്‌മെന്റിലേക്കു നടന്നു. നടക്കുന്നതിന്റെ ഇടയിൽ എന്റെ ഓര്മ ഞാൻ ആ കോളേജിലേക്ക് ചേരാൻ വന്ന ദിവസത്തിലേക്ക് ഓടി പോയി. ഉള്ളത് പറയാല്ലോ, അവിടെ പഠിക്കണം എന്ന താല്പര്യം ഒന്നും എനിക്കില്ലായിരുന്നു. ആദ്യത്തെ അലോട്മെന്റിൽ കിട്ടിയത് കൊണ്ട് വന്നു എന്നെ ഉള്ളു. എന്നാൽ ആ ക്യാമ്പസ്സിനുള്ളിൽ ഒരു പ്രകൃതിയെ വളർത്തിയിരുന്നത് കണ്ടു എന്റെ മനസ് മാറി,

എനിക്കിനി അവിടെ പഠിച്ചാൽ മതി എന്ന തീരുമാനത്തോടെ നയന മനോഹരങ്ങളായ കാഴ്ചകൾ കണ്ടു അപ്പായുടേം അമ്മേടേം കൂടെ ഓഫീസിലേക്ക് നടക്കുകയായിരുന്നു ഞാൻ. പകുതി വഴി എത്തിയപ്പോൾ ഉണ്ട് ഒരു മരത്തിനു ചുറ്റും കെട്ടിയ തറയിൽ ഇരുന്നു കൊണ്ട് കുറെ വാനരന്മാര് പാട്ടു പാടിയത്, അതും നല്ല ബെസ്ററ് പാട്ട്. ” മാമാ മാമാ ഉൻ പൊന്നെ കൊട് മാമാ”. അമ്മ കൂടെ ഉണ്ടായി പോയി, അല്ലേൽ ആ കൊരങ്ങമാരെ അന്ന് ഞാൻ ശെരിയാക്കിയേനെ, ഇതിപ്പോ അവിടെ പഠിക്കാൻ തോന്നിയ ആഗ്രഹം നടക്കില്ലെന്നു തോന്നുന്നു, ഞാൻ അമ്മയെ ഒളി കണ്ണിട്ടു നോക്കി. അവിടെ കലിപ്പ് മോഡ് ഓൺ, പക്ഷെ ഓഫീസിൽ പോയി പ്രിൻസിപ്പാളിനെയും ഞങ്ങളുടെ hod സാർനെയും ഒക്കെ കണ്ടപ്പോൾ അമ്മക്കുട്ടി കുറച്ചു അയഞ്ഞു.

എങ്കിലും ലവമ്മാരുടെ ആ പാട്ടു! കമന്റഡി കേൾക്കുമ്പോൾ എനിക്ക് കണ്ട്രോൾ പോകുമെന്നും ഞാൻ അടി ഉണ്ടാക്കാൻ പോകുമെന്നും അമ്മക്കറിയാം, അനുഭവം കുരു എന്നാണല്ലോ, ഇടഞ്ഞു നിന്ന അന്നാമ്മ ചേടത്തിയെ മെരുക്കിയതും അവിടെ പഠിച്ചു കുറച്ചു മര്യാദ വരും എന്ന് പറഞ്ഞു എനിക്ക് അവിടെ തന്നെ പഠിക്കാൻ അവസരം ഒരുക്കിയതും മൈ ഡിയർ അപ്പയാണ്. താങ്കസ്പ്പാ……….. ഇതിനിടയിൽ ഡിപ്പാർട്ടുമെന്റിൽ ക്ലാസ്സിന് മുന്നിൽ എത്തുമ്പോളേക്കും ഞാനും ആ പീക്കിരികളും നല്ല കമ്പനി ആയിരുന്നു. അലീന ആൻ അലോഷ്യസ് എന്ന എന്നെ അലീന എന്ന എന്റെ മനോഹരമായ പേര് പോരാഞ്ഞിട്ട് എനിക്കൊരു പേരും ഇട്ടു അതും അന്നാമ്മേ എന്ന് വിളിച്ചിരുന്നേൽ സഹിച്ചേനെ, പക്ഷെ എന്റെ അപ്പേട പേരിട്ടു അലോഷി എന്നാക്കി അവന്മാര്….

ആദ്യം തോന്നിയ ചളിപ്പ് ഒക്കെ പിന്നെ അങ്ങ് മാറി…. ഒരു ഗും ഒക്കെ ഉണ്ടല്ലോ…. അലോഷി….. എന്തായാലും അവരു തേർഡ് ഇയർഉം ഞാൻ ഫസ്റ്റ് ഇയർഉം ആയതു കൊണ്ട് ചേച്ചി എന്ന് വിളിക്കാൻ ഉദ്ദേശ്യമില്ല എന്നു പറഞ്ഞാണ് പുതിയ പേരിടൽ ചടങ്ങു ഒക്കെ നടത്തിയത്. അങ്ങനെ ഞാൻ വിനുക്കുട്ടനോടും(വിനോദ്) , ജെസ്റ്റുമോനോടും(ജസ്റ്റിൻ), പാച്ചിക്കുട്ടനോടും(ഫൈസൽ), സുബ്ബു് മോനോടും(സുബിൻ) പിന്നെ സേവിക്കുട്ടനോടും( സേവ്യർ) പിന്നെ കാണാം എന്ന് പറഞ്ഞു വലതു കാലും വച്ച് ക്ലാസ്സിനുള്ളിലേക്കു കേറി. നേരെ പോയി ആദ്യത്തെ റോവിൽ ഇരുന്നു, എനിക്ക് ബാക് ബെഞ്ചിൽ ഇരുന്നു അലമ്പുന്നതിൽ വിശ്വാസമില്ല, അലമ്പുന്നെങ്കിൽ അത് ഫ്രണ്ടിൽ ഇരുന്നു തന്നെ ആകണം.

ക്ലാസ്സിൽ അധികം പിള്ളേരൊന്നും ഇല്ല, അല്ലോട്മെന്റ്സ് കംപ്ലീറ്റ് ആകുന്നതിന് മുന്നേ ആണല്ലോ ക്ലാസ് തുടങ്ങിയത്. ഞാൻ ഇരുന്നിട്ട് തല തിരിച്ചു ചുറ്റും ഒന്ന് നോക്കി. എല്ലാരും എന്നേം നോക്കുന്നുണ്ട്, അല്ല അവരേം പറഞ്ഞിട്ട് കാര്യമില്ല, ജൂനിയർ പിള്ളേരുടെ ഒപ്പം അകമ്പടിയോടെ വന്ന് ക്ലാസ്സിലെ ഫ്രണ്ട് റോവിൽ തന്നെ സീറ്റും പിടിച്ചു, പോരാത്തേന് ഒരു കിളി പോയ ലൂക്കും. പിന്നെ ആരാ നോക്കാത്തെ, ഞാൻ എല്ലാരേം നോക്കി ഒരു ചിരി അങ്ങ് പാസ് ആക്കി. ആദ്യദിവസം ആയതു കൊണ്ടാകും രാവിലത്തെ ക്ലാസ്സിൽ ഞങ്ങളുടെ hod തോമസ്സാർ ആയിരുന്നു വന്നത്. സദാ മുഖത്ത് നിറഞ്ഞു നിക്കുന്ന പുഞ്ചിരി ആയിരുന്നു അദ്ദേഹത്തിന്റെ പ്രതേകത, ഒറ്റ നോട്ടത്തിൽ തന്നെ സ്നേഹവും ബഹുമാനവും അല്പം ഭയവും ഒക്കെ തോന്നിക്കുന്ന പ്രകൃതം.

പുള്ളിക്കാരൻ ഞങ്ങൾക്ക് ലഭിക്കാവുന്നതിൽ ഏറ്റവും നല്ല ഒരു ഇന്ട്രോഡോക്‌ഷൻ തന്നെ നൽകി, കോളേജിനെ പറ്റി, ഡിപ്പാർട്മെന്റിനെ പറ്റി, ഞങ്ങളുടെ സിലബസിനെ പറ്റി, പഠിക്കേണ്ടതിനെ പറ്റി കോളേജിൽ നിന്നും നേടേണ്ട അത്യാവശ്യ ഗുണങ്ങളെ പറ്റി, അങ്ങനെ ഒരുപാടു കാര്യങ്ങൾ, സമയം പോയതും ബെല്ലടിച്ചതും ഒന്നും അറിയാതെ, ഒരു മാസ്മര ലോകത്തു പെട്ടത് പോലെ ഞങ്ങൾ ഇരുന്നു. ഞങ്ങളെ എല്ലാരേം പരിചയപെട്ടു പേരും ലിസ്റ്റാക്കി പുള്ളിക്കാരൻ പോയി. പിന്നെ ഉള്ള രണ്ടു പീരീഡ്കളിലും ആരും വരാത്തത് കൊണ്ട് തന്നെ ക്ലാസ്സിൽ ഉണ്ടാക്കുന്ന ഒൻപതു കുട്ടികളും പരസ്പരം പരിചയപെട്ടു…

സുഹൃത്തുക്കളായി, എല്ലാവരോടും ചിരിച്ചു സംസാരിച്ചെങ്കിലും എനിക്ക് ഒരു ബോണ്ട് ക്രീയേറ്റു ചെയ്യാൻ തോന്നുന്ന, ഹൃദയത്തിനോട് ചേർത്ത് പിടിക്കാൻ തോന്നുന്ന പോലെ ഒരാളെയും ആ ക്ലാസ്സിൽ കണ്ടെത്താൻ കഴിഞ്ഞില്ല, എന്റെ രൂപം ഒക്കെ കൂടിയായപ്പോൾ അവർക്കു അത്ര ഫ്രണ്ട്‌ലി ഇമ്പ്രെഷൻ ഉണ്ടായികാണാൻ സാധ്യതയും ഇല്ല. അതല്ലേലും എനിക്ക് ഒരുപാടു പരിചയക്കാർ ഉണ്ട്, പറയുകയാണെങ്കിൽ സ്കൂളിലും ഡിഗ്രിക്കു കോളേജിലും ഒക്കെ കൂടെ പഠിച്ച പിള്ളേരെ മൊത്തം ഞാൻ ഒരിക്കലെങ്കിലും പരിചയപ്പെട്ടിട്ടുണ്ട്. പക്ഷെ സുഹൃത്തുക്കൾ വളരെ കുറവാണെന്നു പറയേണ്ടി വരും, അതിലും ബെസ്ററ് ഫ്രണ്ട് ആരെന്നു ചോദിച്ചാൽ പറയാൻ പറ്റില്ല.

തല്ലും പിടിച്ചു അലമ്പും കാണിച്ചു അലഞ്ഞു തിരിഞ്ഞു നടക്കുന്നതിന്റെ ഇടയിൽ അത്തരം ഒരു സൗഹൃദം ഉണ്ടാക്കിയെടുക്കാൻ എനിക്ക് സാധിച്ചിരുന്നില്ല എന്നതാണ് സത്യം. സെലെക്ടിവ് ആകുന്നത് ചിലപ്പോൾ ഒക്കെ നല്ലതാണു, മറ്റു ചിലപ്പോൾ അത് ദോഷവും ചെയ്യും. ക്ലാസ്സിൽ ഇരുന്നു മറ്റുള്ളവരുമായി സംസാരിച്ചപ്പോള്, അവിടെ തന്നെ ഡിഗ്രി ചെയ്ത രണ്ടു പേരുണ്ടായിരുന്നു. റോയ് മാത്യു ആൻഡ് ദേവിക. റോയിച്ചനും ദേവും കൂടെ ഞങ്ങൾക്ക് കോളേജിനെയും ടീച്ചേഴ്‌സിനെയും കുറിച്ചു സാമാന്യം നല്ല ഒരു ഐഡിയ നൽകിയിരുന്നു, തോമസ് സാറിനെ എല്ലാര്ക്കും പേടി ആണെന്ന് പറഞ്ഞത് ഞാൻ ലേശം അത്ഭുതത്തോടെ ആണ് കേട്ടിരുന്നത്. പുള്ളി അവിടുത്തെ സീനിയർ സർ ആണ്.

ഇനി രണ്ടു വര്ഷം കൂടിയേ സർവീസ് ഉള്ളു എന്ന് കേട്ടു. എന്തായാലും ഞങ്ങളുടെ ക്ലാസ് കഴിയും വരെ പുള്ളി അവിടെ ഉണ്ടാകും. കത്തി വയ്ക്കൽ കഠിനമായി നടന്നു കൊണ്ടിരുന്ന സമയത്താണ് ക്ലാസിനു പുറത്തു നിന്നും അലോഷി എന്നൊരു വിളി ഞാൻ കേട്ടത്, തിരിഞ്ഞു നോക്കിയപ്പോൾ അതാ നമ്മട പീക്കിരികൾ അവിടെ നിൽപ്പുണ്ട്, “അലോഷിയോ അതാരാ” റോയിച്ചൻ അവമ്മാരോട് വിളിച്ചു ചോദിച്ചു ക്ലാസ്സിൽ മൂന്ന് ചെക്കന്മാരാണ് ഉള്ളത്. റോയിച്ചൻ, മനു, അഭിജിത്. അപ്പോളുണ്ട് പുറത്തു നിന്ന വാനരപ്പട എന്നെ ചൂണ്ടി കാണിച്ചു കൊടുത്തു, പേരിന്റെ നീളം കാരണം രാവിലെ തോമസ് സാർ എന്നെ ഒന്ന് ആക്കിയിട്ടാ പോയത്, അമ്മേം അപ്പനേം പേരിന്റെ കൂടെ കൊണ്ട് നടക്കുവാണോ എന്ന് ചോദിച്ചു.

എന്നാൽ എനിക്കത് എപ്പോളും ഒരു അഭിമാനം ആയിട്ടാണ് തോന്നിയിട്ടുള്ളത്. എന്റെ പുഞ്ചിരി സാറിന്റെ മുഖത്ത് ഞാൻ പ്രതിഫലിച്ചു കണ്ടിരുന്നു. എന്നതായാലും പീക്കിരികൾ ക്ലാസിനു മുന്നിൽ വന്നു നിന്ന് അങ്ങനെ വിളിച്ചത്തോടു കൂടെ എനിക്കാ പേര് പതിഞ്ഞു പോയി എന്ന് മനസിലാക്കാൻ കുറച്ചു ദിവസങ്ങൾ പിടിച്ചു. മൂന്നാമത്തെ പീരീഡ് തേർഡ് ഇയർസ് നു ക്ലാസ് ഇല്ലായിരുന്നു, ഞങ്ങൾ പിജി ഒന്നാം വർഷക്കാർക്കും ഇനി ക്ലാസ് ഇല്ല എന്നറിഞ്ഞു എന്നെ പൊക്കാൻ വന്നതാണ് അവന്മാര്, ക്ലാസ്സിൽ ഉള്ളവർക്ക് ടാറ്റയും പറഞ്ഞു ഞാൻ ബാഗും എടുത്ത് അവന്മാരുടെ കൂടെ പോകുന്നത് എല്ലാവരും ലേശം അത്ഭുതത്തോടെ നോക്കിയിരുന്നു….. തുടരും

അദിതി : ഭാഗം 1

Share this story