അത്രമേൽ: ഭാഗം 2

അത്രമേൽ: ഭാഗം 2

എഴുത്തുകാരി: ശ്രുതി കൃഷ്ണ

“ഡ്ഡോ…..” മങ്ങിത്തുടങ്ങിയ കണ്ണാടിയിൽ നോക്കി തന്റെ ചുവന്ന ചാന്തെടുത്ത് പൊട്ട് കുത്തുമ്പോഴാണ് വാതിൽ തള്ളിത്തുറന്നതോടൊപ്പം പിന്നിൽ നിന്ന് ഞെട്ടിപ്പിക്കുന്ന ശബ്ദം കേട്ടത്…പെട്ടന്നായതുകൊണ്ട് നെറ്റിയിൽ തൊട്ടു വയ്ച്ച ചാന്തിന്റെ മുനമ്പ് തെന്നിനീങ്ങി നെടുകെ മൂക്ക് വരെ ചുവന്ന വര വീണു.ചുണ്ട് പിളർത്തി സങ്കടത്തോടെയവൾ തിരിഞ്ഞു നോക്കിയപ്പോൾ വാതിൽ ചാരി നിൽക്കുന്ന ആളെക്കണ്ടവളുടെ സങ്കടമെല്ലാം പമ്പകടന്നു…. “ദചേട്ടാ….” കണ്ണാടിയും ചാന്തും അവിടെയിട്ടവൾ പ്രേമത്തോടെ അവന്റെ പേര് ചൊല്ലി ചാരേയോടിയെത്തി…

തന്നെത്തന്നെ നോക്കുന്ന അവന്റെ മിഴികൾ കാൺകെ നാണത്തിന്റെ മുകുളങ്ങൾ അവളുടെയുള്ളിൽ മുളപൊട്ടി… “എപ്പോ വന്നു…. വർഷേച്ചി പറഞ്ഞു ന്നോട്… ഇന്നലെ വന്നിട്ടുണ്ടെന്ന്…” “ആണോ… എന്നിട്ട് നീയെന്നെ കാണാൻ അങ്ങോട്ട് വന്നില്ലല്ലോ?” പിണക്കം നടിച്ചവൻ പറഞ്ഞപ്പോൾ അവളുടെ മുഖം മങ്ങി… “ന്നെ അങ്ങോട്ട്‌ കൊണ്ടൊരാൻ ആരും ഇല്ലാത്തോണ്ടല്ലേ ദചേട്ടാ..ഗോപുന് ഒറ്റയ്ക്ക് വരാൻ വഴിയറിയില്ലല്ലോ … പിണങ്ങല്ലേ ദാചേട്ടാ… വർഷേച്ചിക്കും ചെറിയമ്മയ്ക്കും ഒത്തിരിയൊത്തിരി തിരക്കല്ലേ…?” ഇനിയെന്തെങ്കിലും പറഞ്ഞാൽ അവൾ കരയുമെന്നുറപ്പായപ്പോൾ പതിയെയവൻ സമാദാനിപ്പിച്ചു… “സാരല്ലാട്ടോ… ദച്ചേട്ടൻ പിണങ്ങില്ലല്ലോ…

ഗോപു എന്നെ കാണാൻ അങ്ങോട്ട് വരത്തോണ്ടല്ലേ ദാചേട്ടൻ ഗോപുനെ കാണാൻ ഇങ്ങോട്ട് വന്നത്…” “ആണോ… ഗോപുനെ കാണാൻ വന്നതാണോ?” “ആന്നെ….” “കുറച്ച് നേരം ഉമ്മറത്ത് കാത്തിരുന്നിട്ടും ഗോപുനെ കാണാത്തോണ്ടല്ലേ ദച്ചേട്ടൻ ഇങ്ങോട്ട് വന്നേ…. ഈ സുന്ദരിക്കോതയെ കാണാൻ…” അവളുടെ താടിയിൽ മെല്ലെ പിടിച്ച് കളിയോടെ അവൻ പറഞ്ഞതും പെണ്ണിന്റെ മുഖം ഒന്നു കൂടി വിടർന്നു… “ആണോ ദച്ചേട്ടാ…. ഗോപു സുന്ദരിയാണോ…?” നരച്ച പാവാട ഇരുവശത്തേക്കും നിവർത്തിപ്പിടിച്ചവൾ കൊഞ്ചിക്കൊണ്ട് ചോദിച്ചപ്പോൾ കളിയും കാര്യമായെടുത്ത് വിശ്വസിച്ച ആ പെണ്ണിനോട് അവനലിവ് തോന്നി… “പിന്നേ….

ദച്ചേട്ടന്റെ ഗോപു സുന്ദരിയല്ലേ… പിന്നെ നെറ്റിയിൽ പടർന്ന ചാന്ത് തുടച്ച് വേറേ നല്ലൊരു പൊട്ട് കുത്തിയാൽ എന്റെ ഗോപു കൂടുതൽ സുന്ദരിയാവും…” അത് പറഞ്ഞ് പോക്കറ്റിൽ നിന്നും തന്റെ കർച്ചീഫ് എടുത്തവൻ നെറ്റിയിൽ പടർന്ന ചുവന്ന ചായം പതിയെ തുടച്ച് കൊടുത്തു…അനുസരണയോടെ അവന് നിന്ന് കൊടുക്കുമ്പോൾ അവന്റെ വെള്ളത്തൂവാലയിൽ നിന്നും വരുന്ന സുഗന്ധം അവൾ വേണ്ടുവോളം മൂക്കിലേക്ക് വലിച്ചെടുത്തു. “ദച്ചേട്ടാ… ആ തൂവാല നിക്ക് തരൊ…” തിരികെയത് വയ്ക്കാനാഞ്ഞ അവന്റെ കയ്യിൽ കയറിപിടിച്ച് കൊഞ്ചലോടെ ചോദിക്കുന്നവളെ അവൻ അത്ഭുതത്തോടെ നോക്കി… “അയ്യേ… ഇതെന്തിനാ…ഇത് ഞാൻ ഉപയോഗിച്ചതാ… ഗോപുട്ടന് ദച്ചേട്ടൻ വേറേ ഒരൂട്ടം തരാം…”

അവളുടെ കയ്യിൽ പിടിച്ച് വലിച്ചവൻ മുറിക്കു പുറത്തേക്ക് കൊണ്ട് പോവുമ്പോളും അതിന്റെ കണ്ണ് അവന്റെ കൈപിടിയിൽ ഉള്ള വെള്ളത്തൂവാലയിലേക്കായിരുന്നു…ഊണ് മുറിയിലെത്തി മേശമേൽ നിരത്തി വയ്ച്ചതിൽ നിന്ന് ഒരു പുതിയ കവറെടുത്തവൻ അവളുടെ കയ്യിലേക്ക് വച്ച് കൊടുത്തു… “നോക്ക്… തുറന്ന് നോക്ക് ഗോപുന് ഇഷ്ടയൊന്നു…” അവൻ പറഞ്ഞതും ആകാംഷയോടെയവൾ കവർ തുറന്നു… അതിൽ കരുതിയ രണ്ട് ജോഡി പുതിയ പട്ടുപാവാടകൾ കയ്യിലെടുത്തവൾ ഇഷ്ടത്തോടെ തലോടി…പതിയെ അവ മൂക്കിലേക്കടുപ്പിച്ചു പുത്തനുടുപ്പിന്റെ ഗന്ധം വേണ്ടുവോളം ആസ്വദിച്ചു… “ഇഷ്ടായോ….?” ദർശന്റെ ചോദ്യം കേട്ടാണവൾ കണ്ണ് തുറന്നത്… ഇഷ്ടമെന്നോണം നാണത്തോടെ തലയാട്ടി ഉത്തരം നൽകി…

“ഇനി ഗോപുന് ആ തൂവാല കൂടി തരാവോ…” വീണ്ടും പഴയ ചോദ്യമെറിഞ്ഞവൾ ചിണുങ്ങിയപ്പോൾ ഒരു നിമിഷം ശങ്കിച്ചവൻ അവളെ നോക്കി… “ഇത് മുഷിഞ്ഞതാ പെണ്ണെ നാറും…” “അല്ലല്ലോ നല്ല വാസനയാ… ഗോപുന് അറിയാം…” “അത് പെർഫ്യുമിന്റെയാ… ഇതിൽ അപ്പാടെ എന്റെ വിയർപ്പാ ഗോപുസേ… നിനക്ക് ഞാൻ ഇതേ മണമുള്ള പെർഫ്യും തരാം… അപ്പോൾ ഗോപുനും ഇതേ മണമാവൂല്ലോ…” അനുനയിപ്പിക്കാനെന്ന വണ്ണം പറഞ്ഞിട്ടും അത് കയ്യിൽ കിട്ടാതെയവൾ അടങ്ങില്ലെന്നായപ്പോൾ അവനത് കൊടുക്കേണ്ടി വന്നു… അത് നെഞ്ചോടടുക്കി പിടിച്ച് സ്നേഹത്തോടെ നോക്കുന്നവളെ അതിശയത്തോടെ അവനും നോക്കി… “ഗോപുന് ദചേട്ടനെ ഒത്തിരി ഒത്തിരി ഇഷ്ടാണേ….”

അവന്റെ കയ്യിൽ പിടിത്തമിട്ടവൾ കൊഞ്ചലോടെ പറഞ്ഞു…പതിയെ ആ തോളിലേക്ക് തല ചായ്ച്ചു അവനിലേക്ക് ഒതുങ്ങി നിന്നു. “””ചെറുക്കനും പെണ്ണിനും ഇഷ്ടമായ സ്ഥിതിക്ക് ഇനിയിപ്പോ നല്ലൊരു മുഹൂർത്തം നോക്കി കല്യാണം അങ്ങ് നടത്താം…”””” ഉമ്മറത്ത് നിന്ന് ഉയർന്ന ചെറിയമ്മയുടെ വാക്കുകൾ കേട്ട് അവന്റെ മുഖത്ത് ചിരിവിരിയുന്നതവൾ കൊതിയോടെ നോക്കി…ഇടയ്ക്കെപ്പോഴോ ആ ചിരി അവളുടെ ചുണ്ടിലേക്കും പടർന്നിരുന്നു… ❤❤❤❤❤ “ദർശേട്ടാ….” വർഷയുടെ വിളി കേൾക്കെ പരിഭ്രമത്തോടെയവൾ അവനിൽ നിന്നും അകന്നു മാറി…വർഷയുടെ കൂർപ്പിച്ചുള്ള നോട്ടം കാൺകെ പേടിയൊട്ടുമില്ലാതെ അന്നാദ്യമായവൾ നാണത്തോടെ മിഴികൾ താഴ്ത്തി…

“എന്തായി കാര്യങ്ങളൊക്കെ തീരുമാനിച്ചോ?” “ഉവ്… ഇനി കല്യാണത്തിനുള്ള മുഹൂർത്തം നോക്കണം…” ദർശനോട് ചിരിയോടെ കാര്യങ്ങൾ പറയുമ്പോളും വർഷയുടെ കണ്ണുകൾ ഗോപുവിന്റെ മുഖഭാവങ്ങൾ ഒപ്പിയെടുക്കുകയായിരുന്നു… കല്യാണമെന്ന് കേട്ടപ്പോൾ ആ മുഖത്ത് ചുവപ്പ് രാശി പടർന്നതവൾ ശ്രദ്ദിച്ചു.സത്യങ്ങൾ തിരിച്ചറിയാതെ വെറുതെ മോഹിക്കുന്ന ഗോപുവിനെ നോക്കി ഊറിച്ചിരിച്ചവൾ മനസ്സിൽ പറഞ്ഞു… “പൊട്ടി…” “നമ്മൾക്ക് ഒന്ന് പുറത്ത് പോയാലോ?” “ദർശന്റെ ചോദ്യമാണ് ഇരുവരെയും ബോധത്തിലേക്ക് നയിച്ചത്..” “പോവാം ദർശേട്ടാ…” വർഷ ആവേശത്തോടെ പറഞ്ഞു.. “എങ്കിൽ രണ്ടാളും പോയി ഒരുങ്ങിക്കോ… നമുക്ക് ബീച്ചിൽ പോവാല്ലോ…”

“ഹേ… ഗോപും വരുന്നുണ്ടോ നിങ്ങടെ കൂടെ പുറ…” സന്തോഷത്തോടെ തുടങ്ങിയ ചോദ്യം വർഷയുടെ ഇരുണ്ട മുഖം കാൺകെ അവൾ പാതിയിൽ വിഴുങ്ങി… “ഉവ്വല്ലോ… ഗോപുനേം കൂട്ടുന്നുണ്ട്….” ദർശൻ ഉറപ്പിച്ചു പറഞ്ഞിട്ടും അതിന്റെ പേരിൽ കേൾക്കാനിടയുള്ള ശകാരമോർത്ത് പെണ്ണിന്റെ നെഞ്ഞൊന്നാളി… “ഗോപു വരണില്ല ദചേട്ടാ… ഗോപുന് ഇവിടെ പണിയുണ്ടല്ലോ…” ഉള്ളിൽ നുരഞ്ഞുപൊന്തിയ ആഗ്രഹത്തെ അടക്കി നിർത്തിയവൾ സങ്കടത്തോടെ ആ ക്ഷണം നിരസിച്ചു.. “ഗോപു വരണില്ലേൽ… ഞങ്ങളും പോണില്ല…” “അയ്യോ നിങ്ങൾ പൊക്കോ…” “അവൾക്ക് ചിലപ്പോൾ കടല് പേടിയായിരിക്കും ദർശേട്ടാ… നമുക്ക് പോയി വരാം…”

അവളെയൊഴിവാക്കാൻ വർഷ മനപ്പൂർവമൊരു കഥ മെനഞ്ഞു പറഞ്ഞിട്ടും ദർശൻ വിടുന്ന മട്ടില്ലായിരുന്നു.. “ആണോ?എന്റെ ഗോപുസിന് കടല് പേടിയാണോ…?” ആദ്യം അല്ലെന്ന് തലയാട്ടിയവൾ പെട്ടെന്നൊരോർമ്മയിൽ അതേയെന്നും തലയാട്ടി… അവളുടെ പരിഭ്രമം കണ്ട് അവന് ചിരി പൊട്ടി. “എന്റെ ഗോപു ചെന്ന് വേഗം ഉടുപ്പ് മാറ്റിക്കെ…ദർശേട്ടൻ കൂടെയുള്ളപ്പോൾ ഗോപു എന്തിനാ പേടിക്കുന്നെ? എന്നെ വിശ്വാസമില്ലേ….” ആ ചോദ്യത്തിന് അതേയെന്നവൾ ഉണർവോടെ തലയാട്ടി… “പിന്നെന്താ…. പോയി വേഗം ഒരുങ്ങി വായോ… വർഷേ നീയും ചെല്ല്…” അവന്റെ നിർദേശപ്രകാരം വർഷ ആദ്യം ഒരുങ്ങാനായി പോയപ്പോൾ ഗോപുവും പിറകെ തന്റെ മുറിയിലേക്ക് പോയി…

മുറിയിൽ കയറി വാതിൽ കൊട്ടിയടച്ചവൾ ആദ്യം തന്നെ അവന്റെ മണമുള്ള തൂവാല ഒന്നുകൂടി ശ്വസിച്ചു… അമർത്തി മുത്തി…. അത് തലയിണയ്ക്കടിയിലേക്ക് പൂഴ്ത്തി… കയ്യിലുള്ള കവറിൽ നിന്നും പുത്തൻ പട്ടുപാവാടകൾ പുറത്തെടുത്ത് ഇട്ടുനോക്കി….രണ്ടും പാകമാകാതെ വന്നപ്പോൾ നിരാശയോടെ പെട്ടിയിലുള്ള വസ്ത്രങ്ങളെല്ലാം പുറത്തു വലിച്ചിട്ടവൾ ശരീരത്തോട് ചേർത്തു വച്ച് കണ്ണാടിയിൽ നോക്കി… ഒന്നിലും സംതൃപ്തി കിട്ടാതെ തനിക്കില്ലാത്ത നല്ല നിറമുള്ളൊരു വസ്ത്രത്തെയവൾ വീണ്ടും നരച്ചു നിറം മങ്ങിയ ഉടുപ്പുകൾക്കിടയിൽ വെറുതെ തിരഞ്ഞു…അവസാനം ഉള്ളതിൽ നല്ലതെന്ന് തോന്നിയൊരെണ്ണം എടുത്തിട്ടു… വേഗം തന്നെ വറ്റിത്തുടങ്ങിയ ചാന്തുകുപ്പി വടിച്ചെടുത്തവൾ ഒരു പൊട്ട് കുത്തി…

ഈർപ്പമുള്ള മുടി കൈകൊണ്ട് മാടി കുളിപ്പിന്നൽ കെട്ടി.. കണ്ണിൽ നിന്നും ഇത്തിരി പരന്ന കണ്മഷി പാവാടത്തുമ്പുയർത്തി തുടച്ചുനീക്കി…പുറത്തേക്കിറങ്ങാൻ നേരം ഒന്ന് കൂടി കണ്ണാടിയിൽ നോക്കി… കയ്യിലെ കോടിപിണഞ്ഞ വളയിലും… കാതിലെ മൊട്ടുകമ്മലിലും… കഴുത്തിലെ നിറം മങ്ങിയ മുത്തു മാലയിലും വെറുതെ വിരലോടിച്ചവൾ മനോഹരമായൊന്നു പുഞ്ചിരിച്ചു… ഉമ്മറത്തേക്കിറങ്ങി ചെല്ലുമ്പോൾ തന്നെ എല്ലാ കണ്ണുകളും അവളിൽ തങ്ങി നിന്നു. ചെറിയമ്മയുടെ രൂക്ഷമായ നോട്ടത്തെ പേടിയോടെ അവഗണിച്ചു…കാറിൽ ദർശന്റെ സീറ്റിനരികിലായി ഇരിക്കുന്ന വർഷയും അവജ്ഞയോടെ അവളെയൊന്നു പാളി നോക്കി…

കാറിൽ ചാരി ആരോടോ ഫോണിൽ സംസാരിക്കുന്ന ദർശനും അവളെ കണ്ട് വല്ലാതായി… ഫോൺ സംസാരം മുറിച്ചവൻ അവൾക്കടുത്തേക്ക് നടക്കുമ്പോൾ മുഖത്ത് ഒട്ടും തെളിച്ചമില്ലായിരുന്നു. “നീ വരണില്ലേ…. ഗോപു…?” ഇത്തിരി ദേഷ്യത്തോടെയുള്ള ചോദ്യത്തിൽ അവളാകെ പകച്ചു… “ഉവ്വല്ലോ…. ഗോപു ഒരുങ്ങി വന്നതല്ലേ…” “ഇങ്ങനെയോ…. ഈ നിറം മങ്ങിയ കുപ്പായമല്ലാതെ വേറേ ഇല്ലേ നിനക്ക്…” ഇല്ലെന്ന് തലയാട്ടുമ്പോൾ അവൾക്ക് സങ്കടം വന്നു… “അതെന്താ… കഴിഞ്ഞ തവണ കൊണ്ടുത്തന്ന പുത്തനുടുപ്പ് എവിടെ പോയി….” “അത്…. അത്….” വർഷയെ പാളിനോക്കിയവൾ നിന്ന് പരുങ്ങി…. “എന്താ… ഗോപുസേ…. ഒന്നുല്ലേലും ഇന്ന് വാങ്ങിത്തന്ന പുത്തനുടുപ്പ് ഇട്ടുടെ….”

“അത് ഗോപുന് വലുതാണല്ലോ…. പിന്നേ ഇന്നാള് വാങ്ങിത്തന്നത് വർഷേച്ചിക്ക് കൊടുത്തില്ലേ…. വർഷേച്ചിക്ക് ആാാ കളറിൽ പട്ടുപാവാടയില്ലല്ലോ…. പാവല്ലേ….” “അതിനവള് പാവാടയിടാറില്ലല്ലോ….?” പുറത്ത് നിന്ന് തന്റെ പേര് കേൾക്കെ അതുവരെ ഫോണിൽ മുഖം പൂഴ്ത്തിയിരുന്ന വർഷയും ഒന്ന് ഞെട്ടി… “ഞാൻ വാങ്ങിയില്ല ദർശേട്ടാ…. അത് വീട്ടിൽ ഇട്ടിട്ട്… കല്ലിൽ കുത്തി അലക്കി നരപ്പിച് അവളുടെ പെട്ടിക്കകത്തങ്ങാനും പഴകി കിടപ്പുണ്ടാകും…അതിന്റെ വിലയും ഗുണവുമൊന്നും ഇവൾക്കറിയില്ലല്ലോ….എന്നിട്ട് എനിക്ക് തന്നെന്ന്….. കള്ളി…ഇവളുടെ ഓർമശക്തിക്കും കാര്യമായെന്തോ പറ്റിയെന്നാ തോന്നുന്നത് അല്ല പിന്നേ…” വർഷയുടെ മട്ടാകെ മാറി ദേഷ്യം കൊണ്ട് വിറച്ചു…

ഉമ്മറത്തിരുന്നു ചെറിയമ്മയും പല്ല് ഞെരിച്ചു…തന്റെ സത്യം ബോധ്യപ്പെടുത്താനാവാതെ നിസ്സഹായയായവൾ തല കുനിച്ചു….അവിടെയിരുന്നു തന്നെ നോക്കുന്ന സുധാകരൻ അമ്മാവന്റെ നോട്ടത്തിൽ മാത്രം ഒരിറ്റ് ദയ അതിനോടുണ്ടായിരുന്നു…എന്നാൽ അടുത്തിരിക്കുന്ന സരസ്വതി അമ്മായിയുടെ ഭാവം എന്തെന്ന് അപ്പോഴും അവ്യക്തമായിരുന്നു… സങ്കടം ഉള്ളിൽ കുമിഞ്ഞു കൂടി കണ്ണുകലങ്ങിയപ്പോൾ അവൾ മെല്ലെ നോട്ടം തിരിച്ചു… തിരികെ വീട്ടിലേക്ക് തന്നെ കയറാനാഞ്ഞ പെണ്ണിന്റെ കയ്യിൽ പിടി വീണു… “നീയെങ്ങോട്ടാ…ഒരുങ്ങി വന്നതല്ലേ കയറു…”

കാറിന്റെ പുറകിലുള്ള ഡോർ തുറന്ന് അവളെ കയറ്റിയവൻ വാതിൽ ലോക്ക് ചെയ്ത് വണ്ടിയെടുത്തു….ഉള്ളിൽ നീറിപ്പുകയുന്ന സങ്കടത്തെ പിടിച്ചു നിർത്തിയവൾ ആരോടെന്നില്ലാതെ ഉമ്മറത്തേക്ക് നോക്കി വെറുതെ തലയാട്ടി യാത്ര ചോദിച്ചു… അമ്മാവൻ കൈ വീശികാണിക്കുന്നത് കണ്ടപ്പോൾ മറ്റെങ്ങും നോക്കാതെ മിഴികൾ താഴ്ത്തി…ഇടയ്ക്കിടെ മുൻപിലെ കണ്ണാടിയിലൂടെ ദർശന്റെ മുഖത്തേക്കവൾ പാളി നോക്കുന്നുണ്ടായിരുന്നു…. ഒത്തിരി നാളുകൾക്ക് ശേഷം പുറത്തിറങ്ങുന്നതിന്റെ സന്തോഷമൊന്നും പെണ്ണിന്റെ മുഖത്ത് തെളിഞ്ഞു കണ്ടില്ല…

പുറത്തെ കാഴ്ചകളിലേക്ക് വെറുതെ കണ്ണും നട്ടിരിക്കുമ്പോളും അവളുടെ ശ്രദ്ധ കൊച്ചുവർത്തമാനങ്ങളിലേർപ്പെട്ട് പൊട്ടിച്ചിരിക്കുന്ന വർഷയിലും ദർശനിലും തറഞ്ഞു നിന്നു…. ദർശൻ പിണങ്ങികാണുമെന്ന ചിന്ത അവളുടെ മനസ്സിനെ പൊള്ളിച്ചു… “ഗോപുസേ….”എന്ന അവന്റെ വിളിക്കായവൾ വെറുതെ കാതോർത്തു….ഉള്ളിൽ ചെറിയൊരു നൊമ്പരം പൊങ്ങി വന്നു….. ……പേരറിയാത്തൊരു കൊച്ചു നൊമ്പരം 💔 തുടരും….

അത്രമേൽ: ഭാഗം 1

Share this story