ഹരി ചന്ദനം: ഭാഗം 9

ഹരി ചന്ദനം: ഭാഗം 9

എഴുത്തുകാരി: ശ്രുതി കൃഷ്ണ

വിളക്കുമായി എന്നെ അമ്മ ആനയിച്ചത് പൂജാമുറിയിലേക്കായിരുന്നു. ആ കൊച്ചു മുറിയിലേക്ക് കയറിയപ്പോൾ തന്നെ ചന്ദനതിരിയുടെ നറുമണം മൂക്കിലേക്ക് അരിച്ചു കയറി. വിളക്ക് പൂജ മുറിയിൽ വച്ചു എന്നോടും H.P യോടും പ്രാർത്ഥിക്കാൻ പറഞ്ഞു. ഞാൻ കൈകൂപ്പി കുറച്ചു നേരം കണ്ണടച്ചു നിന്നു .ശേഷം കണ്ണു തുറന്നു പൂജാമുറിയാകെ ഒന്നു നോക്കി ഏകദേശം ചെറുതും വലുതുമായ കുറേ വിഗ്രഹങ്ങൾ ഉണ്ട്. മുറി നല്ല വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു. പൂജ മുറിയിൽ നിന്നിറങ്ങി ഹാളിലെ സോഫയിൽ വന്നിരുന്നു. പൂജ മുറിയിൽ നിന്നിറങ്ങിയതേ H.P മുങ്ങി ഇനി പൊങ്ങുമോ എന്തോ കണ്ടറിയാം.വിരലിലെണ്ണാവുന്ന ബന്ധുക്കളെ ഇപ്പോൾ ഉള്ളൂ ബാക്കി എല്ലാവരും പോയെന്നു തോന്നുന്നു.

സോഫയിൽ ഇരുന്ന പാടെ ബാക്കിയുള്ള എല്ലാം കൂടെ എന്നെ വന്ന് പൊതിഞ്ഞു എന്റെ ഹിസ്റ്ററി ഫുൾ ചികഞ്ഞു. പിന്നെയൊരു ഗ്യാപ് കിട്ടിയത് അമ്മ ചായ കുടിക്കാൻ വിളിച്ചപ്പോൾ ആണ്. അതു കഴിഞ്ഞു ഹാളിലേക്ക് പോകാൻ മടിച്ചു അമ്മയെ ചുറ്റിപറ്റി നിന്നു. അതു മനസ്സിലായെന്ന പോലെ ഒന്നു ഫ്രഷ്‌ ആവാൻ വേണ്ടി മുകളിലെ ബെഡ്റൂമിൽ കൊണ്ടാക്കി.കുളിച്ചു മാറുവാനുള്ള ഡ്രസ്സ്‌ ഒക്കെ വാഡ്രോബിൽ ഉണ്ടെന്നു പറഞ്ഞു.ശേഷം അമ്മ തന്നെ ഉടുത്തിരിക്കുന്ന സാരിയുടെ പിന്നും ആഭരണങ്ങളും ഒക്കെ അഴിക്കാൻ സഹായിച്ചു. ഫ്രഷ് ആയി കുറച്ച് റസ്റ്റ്‌ എടുത്ത് താഴേക്ക്‌ ചെന്നാൽ മതിയെന്ന് പറഞ്ഞു അമ്മ താഴെക്കു പോയി.ഞാൻ ചെന്നു വാഡ്രോബ് തുറന്നു നോക്കി.

പല നിറത്തിലും തരത്തിലുമുള്ള കുറേ ഡ്രസ്സ്‌ വളരെ വൃത്തിയായി മടക്കി വച്ചിരിക്കുന്നു.പിന്നെയും വാഡ്രോബിൽ കുറേ സ്ഥലം ബാക്കിയുണ്ട്. വീട്ടിൽ നിന്നും എന്റെ ഡ്രസ്സ്‌ കൊണ്ടുവന്ന് ആ ഒഴിവൊക്കെ നികത്തണമെന്നു ഞാൻ പ്ലാൻ ചെയ്തു. ചുമ്മാ ഡ്രോയർ തുറന്നു നോക്കിയപ്പോൾ വള കമ്മൽ പൊട്ട് ഹെയർപിൻ ബാൻഡ്‌സ് പല തരത്തിലുള്ള മേക്കപ്പ്അക്‌സെസ്സറിസ് അങ്ങനെ എന്തൊക്കെയോ ഉണ്ട്.വാഡ്രോബിന്റെ അടുത്ത ഡോർ തുറക്കാൻ ഒരു ശ്രമം നടത്തിയെങ്കിലും അതു ലോക്ക് ആയിരുന്നു. അതു H.P യുടെ ഏരിയ ആണെന്ന് എനിക്ക് മനസ്സിലായി.

ഇങ്ങേരെന്താ അതിനകത്തു വല്ല നിധിയും കൊണ്ടു വച്ചിട്ടുണ്ടോ എന്നൊരു ആത്മഗതവും നടത്തി ഒരു കുർത്തിയും ലെഗ്ഗിൻസും എടുത്ത് ഞാൻ ബാത്‌റൂമിൽ കയറി. ഫ്രഷ് ആയി വന്നപ്പോഴാണ് മുറി ആകെ ഒന്നു കണ്ണോടിച്ചത്. നല്ല വൃത്തിയും വിസ്താരവുമുള്ള റൂം. എല്ലാം വളരെ നന്നായി അടുക്കി പെറുക്കി വച്ചിരിക്കുന്നു. വലിയ ഒരു കട്ടിൽ കൂടാതെ റൂമിൽ തന്നെ ടീവി കാണുവാൻ വലിയൊരു സോഫ കൂടി സെറ്റ് ചെയ്തിരിക്കുന്നു.മുറിയാകെ ഒന്നു ചുറ്റി കർട്ടൻ ചെറുതായി ഒന്നു നീക്കിയപ്പോളാണ് റൂമിനുള്ളിൽ തന്നെ പുറത്തേക്കു തുറക്കുന്നതായി കർട്ടന്റെ പുറകിൽ ഒരു ഗ്ലാസ്‌ ഡോർ കണ്ടത്.അതു തുറന്നാൽ ചെറിയൊരു ബാൽക്കണിയിലാണ് എത്തിപ്പെടുന്നത്.

ചെറിയ ചെറിയ ചെടികളും വള്ളികളുമായി നല്ല അടിപൊളിയായി സെറ്റ് ചെയ്തിരിക്കുന്നു. ഒരു സൈഡിൽആയി വർക്ക്‌ ചെയ്യുവാനൊക്കെ വേണ്ടുന്ന രീതിയിൽ ഒരു കുഞ്ഞുടേബിളും ചെയറും.സെന്ററിൽ ആയി ഒരു ഹാങ്ങിങ് ചെയർ ഉണ്ട്.ബാൽക്കണിയുടെ വ്യൂ തന്നെ വീടിനു സൈഡിലായുള്ള പാടത്തേക്ക് ആണ്.പാടത്തു നിന്നും വരുന്ന കാറ്റിൽ ബാൽക്കണിയിൽ ഇരുവശത്തുമായി സെറ്റ് ചെയ്തിരിക്കുന്ന ഹാങ്ങിങ് ബെൽസ് ശബ്ദമുണ്ടാക്കുന്നുണ്ടായിരുന്നു.ഞാൻ കുറച്ചു നേരം ഹാങ്ങിങ് ചെയറിൽ പാടത്തേക്കു നോക്കി ഇരുന്നു.പിന്നെ സന്ധ്യയായപ്പോൾ എഴുന്നേറ്റു താഴേക്ക്‌ പോയി.ഇപ്പോൾ പിന്നെയും അംഗങ്ങൾ കുറഞ്ഞിരുന്നു.ഞാൻ താഴെ ചെന്നപ്പോൾ അമ്മ വിളക്ക് വയ്ക്കുന്നുണ്ടായിരുന്നു.

അതു കഴിഞ്ഞു എല്ലാവരും കൂടി ഹാളിൽ വന്നിരുന്നു.H.P ഒഴികെ ബാക്കി ആ വീട്ടിലുള്ള എല്ലാവരും കൂടി ആയപ്പോൾ നല്ല രസമായിരുന്നു പാട്ടും ഡാൻസും തമാശകളുമായി അങ്ങ് കൂടി. ഞാൻ എല്ലാം ഒരു ചിരിയോടെ അമ്മയ്ക്കരികിലായി ഇരുന്നു ആസ്വദിച്ചു.കൂട്ടത്തിൽ കൂടിയപ്പോൾ ദിയയും കിച്ചുവിനോടും മറ്റു കസിൻസിനോടും കൂടെ കസറുന്നുണ്ട്.കുറച്ചു കഴിഞ്ഞപ്പോൾ H.P പുറത്തുന്നു കയറി വന്നു.ഇങ്ങേരെപ്പോൾ പുറത്തു പോയി എന്ന് ആലോചിക്കുമ്പോലേക്കും എവിടെയായിരുന്നു എന്ന അമ്മയുടെ ചോദ്യം വന്നു. അത്യാവശ്യമായി തോമസ് അങ്കിളിനെ കാണാൻ പോയെന്നു പറഞ്ഞു.

അങ്ങേര് മുകളിലേക്കു പോയി ഫ്രഷ്‌ ആയി വന്നപ്പോഴേക്കും എല്ലാരും ഡിന്നർ കഴിക്കാനായി ഇരുന്നു. മൂപ്പരുടെ അടുത്തായി ഇരുന്നെങ്കിലും ഒരു നോട്ടം കൊണ്ടു പോലും അങ്ങേരെന്നെ കടാക്ഷിച്ചില്ല.ആ വിഷമം തീർക്കാൻ കിച്ചു പറയുന്ന തമാശകളിലേക്കു ശ്രദ്ധിച്ചിരുന്നു.ഭക്ഷണം കഴിച്ചു ആദ്യം എഴുന്നേറ്റത് H.P ആയിരുന്നു.പ്ളേറ്റുമെടുത്തു അടുക്കളയിലേക്കു പോണേ കണ്ടു.ഡിന്നറിൽ വിളമ്പിയ എല്ലാ വിഭവങ്ങളും ടേബിളിൽ തന്നെ ഉണ്ട്. പിന്നെ ഇങ്ങേരു ഉണ്ടാക്കിയ ചെമ്പ് വടിക്കാൻ പോണാവോ എന്നൊരു ഡൌട്ട് എനിക്കുണ്ടായി. എന്റെ നോട്ടം കണ്ടിട്ടാണെന്നു തോന്നുന്നു അമ്മ പറഞ്ഞത് ” അവൻ കഴിച്ച പാത്രം അവൻ തന്നെ കഴുകി വയ്ക്കും. അത് മറ്റാരെ കൊണ്ടും ചെയ്യിക്കുന്നത് അവനു ഇഷ്ടമല്ല” അതോടെ ആ സംശയം മാറി കിട്ടി. എന്തായാലും ആ ശീലം എനിക്ക് നന്നേ ബോധിച്ചു.

എന്റെ പപ്പയെ പോലെ തന്നെ. ഇന്റെറെസ്റ്റിംഗ് ☺. ഡിന്നറോക്കെ കഴിഞ്ഞു എല്ലാം ഒതുക്കാൻ അമ്മയെ സഹായിച്ചു. അമ്മ വേണ്ടെന്നു പറഞ്ഞെങ്കിലും H. P സ്വൊന്തം പാത്രം കഴുകി ദിവസവും ഇമ്പ്രെസ്സ് ചെയ്യുന്ന സ്ഥിതിക്ക് നമ്മളൊട്ടും കുറയ്ക്കരുതല്ലോ.അങ്ങനെ അതൊക്കെ കഴിഞ്ഞു അമ്മ അമ്മയുടെ മുറിയിലേക്ക് കൊണ്ടു പോയി ഒരു സെറ്റും മുണ്ടും എന്നെ ഉടുപ്പിച്ചു.പിന്നെ അടുക്കളയിലേക്കു വിളിച്ച് കൊണ്ടു പോയി ഒരു ഗ്ലാസ്‌ പാൽ കയ്യിൽ തന്നു. “ചടങ്ങുകൾ ഒന്നും നമ്മളായിട്ട് തെറ്റിക്കണ്ട. പിന്നെ നിങ്ങളുടെ റൂം അലങ്കരിക്കാൻ കിച്ചു ഒരു ശ്രമം നടത്തിയതാ. പക്ഷെ ഹരിക്കുട്ടൻ സമ്മതിച്ചില്ല. അവനതൊന്നും ഇഷ്ടമല്ല. ” “അതിനെന്താ അമ്മേ ആ മുറി ഇനി അലങ്കരിക്കേണ്ട ആവശ്യം ഉണ്ടോ.

അത് ആൾറെഡി വളരെ ഭംഗിയായിട്ടുണ്ട്. എനിക്കൊത്തിരി ഇഷ്ടായി. പ്രത്യേകിച്ചു ബാൽക്കണി. ” “ആണോ? അതൊക്കെ ഹരിക്കുട്ടന്റെ പണിയാ…. അവനു ചെടികളൊക്കെ ഒത്തിരി ഇഷ്ടാണ്. ആ റൂമിലെ എല്ലാം തന്നെ അവന്റെ ഐഡിയ ആണ്. കുറേ ചെടികൾ ടെറസിലും മുറ്റത്തും ഉണ്ട്.എല്ലാം പരിപാലിക്കുന്നതും അവൻ തന്നെയാ.അവൻ ഇല്ലാത്തപ്പോൾ മാത്രം ഞാനും. എല്ലാം മോൾക്ക്‌ അമ്മ വഴിയേ കാട്ടിത്തരാം.ഇപ്പോൾ മോള് വായോ ” അതും പറഞ്ഞു തിരിഞ്ഞതും ദേ നിൽക്കുന്നു വാതിക്കൽ ഒരു മൈന. വേറാരും അല്ല കേട്ടോ നമ്മുടെ ദിയക്കുട്ടി.ഈ കുരിപ്പ് ഫുഡ് കഴിച്ചു മുകളിലോട്ടു എഴുന്നള്ളിയത് ഞാൻ കണ്ടതാണല്ലോ. പിന്നെ എപ്പോ പിന്നേം താഴെ എത്തി?അവിടേം കണ്ടു, ഇവിടേം കണ്ടു ഇനി ഇവള് വല്ല കുമ്പിടി സ്വാമിനിയുമാണോ? അങ്ങനെ ഓരോന്ന് ചിന്തിച്ചപ്പോഴേക്കും ആള് ഇങ്ങു അടുത്തെത്തി.

“എന്റെ മോള് ഉറങ്ങീലെ ഇതുവരെ? ” “ഇല്ല അമ്മായി. ആക്ച്വലി ഉറങ്ങാൻ പോയപ്പോഴാ ഓർത്തെ ഇനി ഇങ്ങനൊരു ചടങ്ങും കൂടി ഉണ്ടല്ലോ എന്ന്. അപ്പോൾ പിന്നെ ഇങ്ങു പോന്നു.ഇതൊക്കെ എന്റെ കടമയല്ലേ. അമ്മായി പോയി കിടന്നോളു ഏട്ടത്തിയെ ഞാൻ റൂമിൽ വിട്ടോളം. ” അതു കേട്ടതോടെ എന്റെ കവിളിലൊന്ന് തഴുകി അമ്മ ഉറങ്ങാൻ പോയി. എന്നെ രൂക്ഷമായൊന്നു നോക്കിയിട്ട് അവള് മുൻപേ നടന്നു പുറകെ ഞാനും. മുകളിൽ എത്തുന്ന വരെ നോട്ടമോ സംസാരമോ ഒന്നും ഉണ്ടായില്ല ബെഡ്‌റൂമിന്റെ ഡോർ എത്തിയപ്പോൾ അവൾ എനിക്ക് നേരെ തിരിഞ്ഞു. “കൊള്ളാം നിന്റെ ധൈര്യം ഞാൻ സമ്മതിച്ചിരിക്കുന്നു. എനിവേ ഓൾ ദി ബെസ്റ്റ് മിസിസ് ചന്ദന ഹരി പ്രസാദ്.

നിങ്ങളുടെ സ്വൊസ്ഥ ജീവിതത്തിനായി ഞാൻ പ്രാർത്ഥിക്കാം.” അത്രയും പറഞ്ഞു എന്നെ നോക്കി പുച്ഛത്തോടെ ചിരിച്ചു അവള് റൂമിലേക്ക്‌ പോയി.അവളുടെ പെരുമാറ്റം എനിക്ക് വളരെ അപരിചിതമായി തോന്നി.ഏട്ടനോടുള്ള സ്നേഹത്തിന്റെ പുറത്താണ് ഇങ്ങനൊക്കെ എങ്കിൽ കല്യാണം കഴിഞ്ഞിട്ടും അവൾ മാറുന്നില്ലല്ലോ എന്ന് സങ്കടത്തോടെ ഓർത്തു. തിരിച്ചു എന്നെ ബോധമണ്ഡലത്തിലേക്ക് എത്തിച്ചത് ഇന്നെന്റെ ആദ്യരാതി ആണല്ലോ എന്ന ചിന്തയാണ്.ചെറിയൊരു ഭയം ഇല്ലേന്ന് ചോദിച്ചാൽ ഇല്ലാതില്ലാതില്ല അത്ര തന്നെ.അങ്ങേര് ഇനി പ്രതികാരം വല്ലതും ചെയ്യുവോ. സിനിമയിലും സീരിയലിലും ഒക്കെ ഒരുപാട് ആദ്യരാത്രികൾ കണ്ടിട്ടുണ്ടെങ്കിലും സ്വൊന്തമായി ഒന്നു ഇതാദ്യമാണ്.

ഒന്നും കാണാണ്ടായിരുന്നു പുല്ല്. ദൈവമേ എന്നെ മാത്രം രക്ഷിച്ചേക്കണേ എന്ന് പ്രാർത്ഥിച് ഒരു ദീർഘനിശ്വാസം എടുത്ത് എന്നെ തന്നെ ഒന്നു വാം അപ്പ്‌ ചെയ്തു ഡോർ തുറന്നു ഞാൻ ഉള്ളിലേക്ക് കയറി.ഞാൻ ചെന്നപ്പോൾ റൂം വിജനമായിരുന്നു.എനിക്ക് കുറച് ആശ്വാസം കിട്ടി എന്ന് വേണമെങ്കിൽ പറയാം.പാൽ ഞാൻ ബെഡിനടുത്തുള്ള ടേബിളിൽ വച്ചു.ഇനി അങ്ങേരു ബാൽക്കണിയിൽ കാണുമോ എന്ന സംശയത്തിൽ ചെന്നു നോക്കിയപ്പോൾ അവിടെയും ഇല്ല.ഉണ്ടാവില്ല എന്നു ഉറപ്പുണ്ടായിട്ടും ബാത്റൂമിലും ഒന്നു തപ്പി.ചുമ്മാ ഒരു രസം കുന്തം പോയാൽ ബാത്‌റൂമിലും തപ്പണമെന്നാണല്ലോ ഒരു ഇത്.

അങ്ങനെ കുറച്ചു നേരം റൂമിൽ ഇരുന്നു.പിന്നെ ബോറടിച്ചപ്പോൾ നേരെ ബാൽക്കണിയിലേക്ക് ഇറങ്ങി. കുറച്ചു നേരം ചെടികളൊക്ക നോക്കി.അങ്ങനെ മൂപ്പരുടെ ഒരു വീക്നെസ്സ് കണ്ടു പിടിച്ചു.അഥവാ അങ്ങേരെ കുപ്പിയിലാക്കേണ്ട ഒരു ആവശ്യം വന്നാൽ എടുത്ത് പ്രയോഗിക്കാല്ലോ.ഇനി ഞാൻ തൂമ്പയും കൈകോട്ടും എടുത്ത് കിളക്കാൻ പറമ്പിലേക്ക് ഇറങ്ങേണ്ടി വരുമോ ഈശ്വരാ…. അങ്ങനൊക്കെ ചിന്തിച്ചു ഞാൻ ഹാങ്ങിങ് ചെയറിൽ വന്നിരുന്നു. സെറ്റ്മുണ്ട് ഉടുത്തിട്ടാണെന്നു തോന്നുന്നു നിൽക്കാനും ഇരിക്കാനും നടക്കാനും ആകെ ഒരു അസ്വസ്ഥത.ആ കുർത്തി തന്നെ മതിയായിരുന്നു. പിന്നെ ചടങ്ങ് നടന്നോട്ടെയെന്നു കരുതീട്ടാ.അങ്ങനെ കാലൊക്കെ ചെയറിൽ കയറ്റി ചാഞ്ഞിരുന്നു.

ഇപ്പോൾ കുറച്ച് റീലാക്സേഷൻ ഉണ്ട്.എന്റെ കണ്ണുകൾ ആകാശത്തേക്ക് നീണ്ടപ്പോളാണ് ഒത്തിരി നക്ഷത്രങ്ങളെ കണ്ടത്. പെട്ടന്ന് പപ്പയും വീടും ഒക്കെ ഓർമ വന്നു. പപ്പയും ഇപ്പോൾ എന്നെ ഓർത്ത് സങ്കടപ്പെട്ടു ഇരിക്കാവും എന്ന ചിന്ത എന്നിൽ വേദന നിറച്ചു.പപ്പയെ ഫോൺ ചെയ്യാം എന്നോർത്ത് എണീറ്റപ്പോഴാണ് ഫോൺ വീട്ടിലാണല്ലോ എന്ന കാര്യം ഓർത്തത്‌. H. P വന്നിരുന്നെങ്കിൽ പപ്പയെ വിളിക്കാമായിരുന്നു എന്നോർത്ത് ഞാൻ അവിടെ തന്നെയിരുന്നു എന്റെ പ്രാണനാഥനെയും കാത്ത്. **********

റൂമിൽ വന്നപ്പോൾ തുടരെ തുടരെയുള്ള ഫോൺ റിംഗ് കെട്ടിട്ടാണ് ദിയ ഫോൺ കയ്യിലെടുത്തത്.സ്‌ക്രീനിൽ സേവ് ചെയ്യാതിരുന്ന നമ്പർ കണ്ടയുടനെ ഫോൺ സൈലന്റ് മോഡിൽ ഇട്ട് അവൾ പതിയെ റൂമിന്റെ ഡോർ തുറന്നു. പുറത്ത് ആരുമില്ലെന്ന് ഉറപ്പിച്ച ശേഷം ഉടനെ പുറത്തിറങ്ങി വാതിൽ ചാരി ടെറസിലെക്കുള്ള ഡോർ ലക്ഷ്യമാക്കി നടന്നു. ശബ്ദമുണ്ടാക്കാതെ ഡോർ തുറന്നു പുറത്ത് കടന്നു വാതിൽ ചാരി.ടെറസിന്റെ ഇരുട്ടുള്ള ഒരരികിലായി സ്ഥാനം ഉറപ്പിച്ചപ്പോളേക്കും അൺനോൺ നമ്പറിൽ നിന്നുള്ള ആ കാൾ വീണ്ടും വന്നിരുന്നു.അവൾ പെട്ടന്ന് തന്നെ കാൾ അറ്റൻഡ് ചെയ്തു. “ഹലോ ഞാൻ പറഞ്ഞിട്ടില്ലേ ഇങ്ങോട്ട് വിളിക്കരുതെന്ന്.

നമ്പർ സേവ് ചെയ്തില്ലെന്ന് വച്ച് എപ്പോഴും രക്ഷപ്പെട്ടു എന്ന് വരില്ല. ആർക്കെങ്കിലും ഡൌട്ട് തോന്നിയാലോ? ഇനി എന്താ നെക്സ്റ്റ് പ്ലാൻ. ഞാൻ പറഞ്ഞതല്ലേ ഒന്നും അവസാന നിമിഷത്തേക്ക് വയ്ക്കരുതെന്ന്. അപ്പോൾ നിങ്ങളെന്താണ് പറഞ്ഞത് അത് വേദനയുടെ ആക്കം കൂട്ടുമെന്ന്. എന്നിട്ടിപ്പോൾ എന്തായി? സംഭവിക്കാനുള്ളതൊക്കെ സംഭവിച്ചില്ലേ.പ്ലാൻ ഒക്കെ പൊളിഞ്ഞപ്പോൾ തൃപ്തിയായല്ലോ മൂന്നാൾക്കും. ഇനി ഇതുപോലൊരു അവസരം കിട്ടുമോ? ” പെട്ടന്ന് പുറകിലുടെ രണ്ടു കൈകൾ വന്നു തന്റെ ഇടുപ്പിൽ മുറുക്കി പുറകോട്ടു ചേർത്തു നിർത്തിയപ്പോൾ ദിയ ഞെട്ടി മുഖത്ത് പരിഭ്രമം നിറഞ്ഞു.

എന്നാൽ നിമിഷങ്ങൾക്കുള്ളിൽ ഉള്ളിലുള്ള ആശങ്ക പുറത്ത് കാട്ടാതെ ചുണ്ടിൽ വശ്യമായ ഒരു പുഞ്ചിരി നിറച്ചു അവൾ പുറകിൽ തനിക്കു നേരെ നീളുന്ന കണ്ണുകൾക്ക്‌ നേരെ തിരിഞ്ഞു.ഒരു കൈ കൊണ്ടു അയാളെ ഇറുകെ പുണർന്ന് മറുകയ്യാൽ തന്റെ ഫോൺ സ്വിച് ഓഫ്‌ ചെയ്തു ഡ്രെസ്സിന്റെ പോക്കറ്റിലേക്കിട്ടു….തുടരും

ഹരി ചന്ദനം: ഭാഗം 8

Share this story