ഒരു ചെമ്പകപ്പൂവിന്റെ ഓർമ്മയ്ക്ക്: ഭാഗം 5

ഒരു ചെമ്പകപ്പൂവിന്റെ ഓർമ്മയ്ക്ക്: ഭാഗം 5

എഴുത്തുകാരി: ദിവ്യ കഷ്യപ്പ്

വാര്യത്തിന്റെ ഉമ്മറത്തേക്ക് വണ്ടി കൊണ്ട് നിർത്തി നവി… രാധികേച്ചിയും മുത്തശ്ശിയും തിണ്ണയിൽ തന്നെ ഇരിപ്പുണ്ടായിരുന്നു… നവിയേം ഗൗരിയേം കണ്ടു അവർ എഴുന്നേറ്റു… നവി എഴുത്തു പുരയുടെ സൈഡിലെ ഷെഡ്‌ഡിലേക്ക് വണ്ടി കൊണ്ട് വെക്കാൻ പോയി.. വണ്ടിയിൽ നിന്നിറങ്ങി അപ്പുറത്തേക്ക് നോക്കിയപ്പോൾ ഗൗരി അവരോടു കാര്യങ്ങൾ പറയുന്നത് കണ്ടു.. പറഞ്ഞു കൊണ്ട് ഇരിക്കുന്നതിനിടയിലും കൈ തിരുമ്മുന്നത് കണ്ടു… “പാവം നല്ലത് പോലെ വേദനിച്ചിട്ടുണ്ടാവും… ഇത്തിരി കടുത്തു പോയി പിടുത്തം.. അടയ്ക്കാകുരുവിയുടെ കയ്യല്ലേ… ആകെ ഇത്തിരിയെ ഉള്ളു… വേണ്ടായിരുന്നു…

“നവിക്ക് വിഷമം തോന്നി… പിറ്റേദിവസം ഞായറാഴ്ച ആയിരുന്നെങ്കിലും ശംഖു നാദം കേട്ടപ്പോൾ തന്നെ ഉറക്കം വിട്ട് അവൻ എഴുന്നേറ്റു… കടുത്ത തണുപ്പാണെങ്കിലും ഇരുവശത്തെയും ജനാലകൾ തുറന്നിട്ടു… തണുപ്പിനൊപ്പം ചെമ്പക പൂവിന്റെ വാസനയും അകത്തേക്ക് അടിച്ചു കയറി… ഒരു നിമിഷം നവി കണ്ണടച്ചിരുന്നു… ഇന്നലെ ഗൗരി ബുള്ളറ്റിൽ അടുത്തിരുന്നപ്പോഴുണ്ടായ അതേ വാസന… അതേ !!ചെമ്പക പൂവിന്റെ മണമാണ് അവൾക്ക്… അവനോർത്തു… അവൻ പുറത്തേക്കിറങ്ങി ഒരു കൈക്കുമ്പിൾ ചെമ്പക പൂവ് പെറുക്കി അകത്തു മേശമേൽ കൊണ്ട് വന്നു വെച്ചു… അതിനു മേലേക്ക് മുഖം ചേർത്ത് വെച്ച് ജനലഴികൾക്ക് ഇടയിലൂടെ അപ്പുറത്തെ മുറ്റത്തേക്ക് നോക്കി… ആള് എഴുന്നേറ്റിട്ടുണ്ട് എന്നുറപ്പാണ്…

അവിടെ അകത്ത് വെളിച്ചമുണ്ട്… തുളസി തറയിൽ വിളക്ക് വെയ്ക്കാനും മാല കെട്ടാനും ഇറങ്ങി കണ്ടില്ല… എന്തോ ഓർത്തിട്ടെന്ന പോലെ നവി പോയി വേഗം പല്ല് തേച്ചു കുളിച്ചു വന്നു .. തണുത്തിട്ട് അവൻ തുള്ളിപ്പോയി.. പല്ലാണെങ്കിൽ കൂട്ടിയിടിച്ച് ഒച്ച കേൾക്കുന്നു… ജീൻസും ഷർട്ടും സ്വെറ്ററും തൊപ്പിയും ഒക്കെ വെച്ചിട്ടും തണുപ്പ്… പുറത്തേക്ക് നോക്കിയപ്പോൾ നനഞ്ഞ മുടി തുമ്പ് കൊട്ടി വാഴയിലയിൽ തുളസിയും നന്ദ്യാർവട്ടവും ഇടകലർത്തി മാല കെട്ടിയതും വെച്ച് ഗൗരി വേലി കടന്നിരുന്നു…. കുറച്ചു നടന്നു കഴിഞ്ഞാണ് ആരോ പിന്തുടരുന്ന പോലെ തോന്നി ഗൗരി തിരിഞ്ഞു നോക്കിയത്… നവിയെ കണ്ടു അവൾ തുറിച്ചു നോക്കി… “താനെന്തിനാടോ ന്റെ പുറകെ വരുന്നത്…? ”

നവി ഒന്നും മിണ്ടാതെ ജീൻസിന്റെ പോക്കറ്റിൽ കയ്യിട്ടു കൊണ്ട് അവൾക്കു മുന്നേ നടന്നു… കുറച്ചു നേരം നിന്നിടത്ത് തന്നെ നിന്നിട്ട് താഴെ പൂഴി റോഡിൽ ആഞ്ഞൊരു ചവിട്ടും ചവിട്ടിയിട്ട് എന്തോ പിറുപിറുത്ത് കൊണ്ട് മുഖവും വലിച്ചു കേറ്റി അവൾ അവന്റെ പുറകെ നടന്നു… നവി ഇടങ്കണ്ണിട്ട് നോക്കുന്നുണ്ടായിരുന്നു… ആ മുഖ ഭാവവും ചലനങ്ങളും അവനിൽ ചിരിയുണർത്തി… എങ്കിലും കടിച്ചു പിടിച്ച് അവൾ ഒപ്പം എത്താൻ പതിയെ നടന്നു.. അവൾ അവനെ കടന്നു വേഗത്തിൽ നടന്നതും അവനും വേഗത്തിൽ നടക്കാൻ തുടങ്ങി.. “എടൊ.. തനിക്കിതെന്തിന്റെ സൂക്കേടാ..ഈ വെളുപ്പാൻ കാലത്ത് ?” അവൾ അവനെ കലിപ്പിച്ചു നോക്കി.. “എന്താടി… ഇത് നിന്റെ അച്… അല്ലെങ്കിൽ അത് വേണ്ടാ.. മാമന്റെ വക റോഡാണോ..

ഇന്ത്യയിൽ എവിടെയും സ്വതന്ത്രപൂർവം സഞ്ചരിക്കാമെന്നു ഭരണഘടനയിൽ എഴുതി വെച്ചിട്ടുണ്ട്… ഞാനൊരു ഇന്ത്യൻ പൗരനാ… എനിക്കിഷ്ടമുള്ളയിടത്ത് ഇഷ്ടമുള്ളപ്പോ ഇഷ്ടമുള്ള പോലെ ഞാൻ നടക്കും…. നീയാരാ ചോദിക്കാൻ…. ഭാരത്‌ മാതാ കി ജയ്….” നവി മുഷ്ടി ചുരുട്ടി മുകളിലേക്കു നോക്കി വിളിച്ചു “നാശം… കാലൻ.. ഏതു നേരത്താണോ ഈ പ്രാന്തന് വീട് വാടകയ്ക്ക് കൊടുക്കാൻ തോന്നിയത് ന്റെ കൃഷ്ണാ… “ഗൗരി മുറുമുറുത്ത് കൊണ്ട് വേഗം നടന്നു… ഒരു വളവ് തിരിഞ്ഞു താഴെക്കിറങ്ങിയിട്ട് വയലോരാത്ത് കൂടി ഇത്തിരി നടന്നപ്പോൾ ഒരു മലയോട് അടുത്തൊരു ചെറിയ ക്ഷേത്രം കണ്ടു… ഇടതു വശത്തെ ചെറിയ ക്ഷേത്ര കുളത്തിലേക്കു ഇറങ്ങി ഗൗരി കാല് നനച്ചു..

അല്പം വെള്ളം എടുത്ത് കണ്ണും നനച്ച് അല്പം നെറുകിലും ഓടിച്ചിട്ട് അവൾ ചുറ്റമ്പലത്തിലേക്കു കയറുന്നത് നവി നോക്കി നിന്നു… ആ കഴുത്തിലെ ഈർക്കിൽ മാലയിലെ കള്ള കണ്ണൻ ചിരിക്കുന്ന പോലെ നവിക്ക് തോന്നി… “ഏതാ ഇവിടെ പ്രതിഷ്ഠ.. “അടുത്ത് നിന്ന് തൊഴുതു കൊണ്ടിരുന്ന പ്രായം ചെന്ന ഒരു മനുഷ്യനോട് അവൻ തിരക്കി… “കൃഷ്ണനാ.. “അയാൾ പറഞ്ഞു… അവൻ ചുറ്റമ്പലത്തിലേക്ക് കയറാൻ ആഞ്ഞതും അയാൾ പറഞ്ഞു.. “മുണ്ടുടുത്തെ പാടുള്ളു ട്ടോ അകത്ത്.. ” “ഓഹ്.. “നവി അകത്തേക്ക് വെച്ച കാൽ പുറത്തേക്കിറക്കിയിട്ട് ഗൗരിയെ നോക്കി നിന്നു… കുറച്ചു കഴിഞ്ഞു തുളസിമാല നടക്കൽ വെച്ച് വലത്തിട്ട് തൊഴുതിട്ട് അവൾ ധൃതിയിൽ പുറത്തേക്കിറങ്ങി..

നവി വേഗം ഭഗവാനെ നോക്കി ഒന്ന് കണ്ണിറുക്കി കാണിച്ചിട്ട് അവളുടെ പുറകെ ചെന്നു… ആ മലമൂട്ടിൽ നിന്നും വയലോരത്തേക്ക് കയറിയപ്പോൾ അവൾ തിരിഞ്ഞു നിന്നു.. അവനെ നോക്കി തൊഴുതു കാണിച്ചു… “ഒന്ന് പോയി തരുവോ ഡോക്ടറെ… എനിക്ക് ഈ നാട്ടിൽ കുറച്ചു നിലേം വെലേം ഒക്കെ ഉള്ളതാ… വാസുദേവ വാര്യർ മാഷുടെ മോൾ എന്ന് പറഞ്ഞാൽ ആൾക്കാർക്ക് നല്ല അഭിപ്രായം ഉള്ളതാ… അത് താനായിട്ട് ഇല്ലാതാക്കരുത്.. ” “അതിനു ഞാൻ എന്ത് ചെയ്തു… എനിക്ക് വഴി അറിയാത്ത കൊണ്ട് അറിയാവുന്ന ഒരാളുടെ ഒപ്പം അമ്പലത്തിലേക്ക് വന്നു.. അത്രയല്ലേയുള്ളു… അതൊരു ഭക്തന്റെ അവകാശമല്ലേ ..ഒരു പൗരന്റെ അടിസ്ഥാന അവകാശങ്ങളെ കുറിച്ച് ഇന്ത്യൻ ഭരണ…..” “യ്യോ… നിർത്ത്… പറയല്ലേ പ്ലീസ്..

ഒരു പൗരനും ഭരണഘടനയും… “ഗൗരി കിറി കോട്ടിക്കൊണ്ട് മുന്നോട്ട് നടന്നു… നവി ചിരിച്ചു കൊണ്ട് പുറകെയും… “അല്ലെടോ ഗൗരി.. ഒന്ന് നിന്നെ.. ഒരു കാര്യം ചോദിക്കട്ടെ …തനിക്ക് ഏറ്റവുമിഷ്ടം കൃഷ്ണനെയാണോ… “? “ആണെങ്കിൽ… ” “അല്ലാ എന്റെ അച്ഛമ്മ പറഞ്ഞു കെട്ടിട്ടുള്ളതാ.. ഈ പെൺകുട്ടികൾ കൃഷ്ണനെ ഇഷ്ടപെട്ട് നിത്യേന മാലയൊക്കെ കൊണ്ട് കൊടുത്ത് ആശാന്റെ രൂപവും മാലയിലൊക്കെ തൂക്കിയിട്ട് നടന്നാൽ കല്യാണം താമസിക്കുമത്രേ… കാരണം കൃഷ്ണന് തന്റെ തോഴിയെ വേറേ ആണുങ്ങൾക്ക് കൊടുക്കാൻ മടി വരുമത്രേ… അത്‌ കൊണ്ട് ഏതെങ്കിലും വഴിയിൽ കൃഷ്ണൻ തന്നെ കല്യാണമൊക്കെ മുടക്കി കളയുമെന്ന്… ”

“അതിനിപ്പോ ആർക്കാ കല്യാണം കഴിക്കാൻ ഇവിടെ ഇത്ര തിടുക്കം… എനിക്ക് അത്ര മുട്ടി നിൽക്കുവോന്നുമല്ല.. “എടുത്തടിച്ച പോലെയുള്ള അവളുടെ മറുപടി കേട്ട് ചമ്മിയത് നവിയാണ്… എങ്കിലും ചമ്മൽ പുറത്തു കാണിക്കാതെ അവൻ ചെറുതായൊന്നു ചിരിച്ചു കാണിച്ചു അവളെ….. അപ്പോഴാണ് അവനത് ശ്രദ്ധിച്ചത്… ഇന്നലെ പിടുത്തം ഇട്ട കൈ ഇടക്കിടക്ക് അറിയാതെ ആള് തടവുന്നുണ്ട്… നവി ആ കയ്യിലേക്ക് നോക്കി… കുറച്ചു ചുവന്നു കിടപ്പുണ്ട്.. “ഡോ.. ഇന്നലെ കൈ വേദനിച്ചോ നല്ല പോലെ… “അവൻ ആർദ്രതയോടെ ചോദിച്ചു… അവന്റെ സ്വരത്തിലെ മാറ്റം അറിഞ്ഞെന്ന വണ്ണം ഗൗരി അവന്റെ മുഖത്തേക്കൊന്നു നോക്കി… നവിയും ഒരു നിമിഷം അവളെ ഇമ വെട്ടാതെ നോക്കി നിന്നു…

അവന്റെ നേർക്കു തിരിഞ്ഞു നിന്ന് കൈ രണ്ടും ഇടുപ്പിൽ കുത്തി ഗൗരി അവനെ പുരികമുയർത്തി കാണിച്ചു… “ഡോ.. മോനെ.. കോഴി ഡോക്ടറെ… തന്റെ അടവൊക്കെ കയ്യിലങ്ങു വെച്ചോണ്ടാൽ മതി ട്ടോ… ഇത് പെണ്ണ് വേറെയാ… മോൻ കണ്ടിട്ടുള്ള കൂട്ടത്തിൽ പെടുന്നവളല്ല… ” നവി എന്തോ പറയാനാഞ്ഞെങ്കിലും ഗൗരി പൂഴി റോഡിലേക്ക് കയറിയിരുന്നു അപ്പോൾ… റോഡിലൂടെ കൂട്ടം കൂട്ടമായി വന്ന ആൾക്കാർക്ക് വശം ഒതുങ്ങി കൊടുത്ത് നവി നടക്കാനാഞ്ഞപ്പോഴേക്കും ആരോ ഒരാൾ ആൾകൂട്ടത്തിൽ നിന്നും നവിയോട് ചോദിച്ചു….

“കൽക്കണ്ടക്കുന്ന് ഇവിടുന്നിനി അധികമുണ്ടോ… “??? ഒരു കാതം അകലെയുള്ള മലയിലേക്ക് കൈ ചൂണ്ടി കാണിക്കുമ്പോൾ അതിന്റെ മുകളിൽ തെളിഞ്ഞു നിൽക്കുന്ന ദീപത്തിന്റെ മഹത് പ്രഭയിൽ എന്തിനോ നവിയുടെ ഉള്ളം തുടിച്ചു…..😊dk❣ ദിവ്യകശ്യപ് 🌷🌷

ഒരു ചെമ്പകപ്പൂവിന്റെ ഓർമ്മയ്ക്ക്: ഭാഗം 4

Share this story