ഒറ്റത്തുമ്പി: ഭാഗം 6

Share with your friends

എഴുത്തുകാരി: ആഷ ബിനിൽ

“മരണം വരുമൊരു നാൾ ഓർക്കുക മർത്യാ നീ… കൂടെപ്പോരും നിൻ ജീവിത ചെയ്തികളും… സൽകൃത്യങ്ങൾ ചെയ്യുക നീ, അലസത കൂടാതെ…” ഇന്നലെ മുതൽ ഈ ഒരു പാട്ട് നാവിൽ കിടന്നു കളിക്കുന്നു. അതല്ലെങ്കിലും അങ്ങനെ ആണല്ലോ. ഇങ്ങനത്തെ പാട്ടുകൾ നാവിൽ കയറി കൂടിയാൽ പിന്നെ ഇറങ്ങി പോകാൻ പ്രയാസമാണ്. ഇനി പാടിയാൽ ബസിന്റെ ജനലിൽ കൂടി വെളിയിൽ കളയും എന്നു ചേട്ടായി ഭീഷണിപ്പെടുത്തിയതോടെ പാട്ട് മനസിൽ ആക്കി. തിരുവനന്തപുരത്തേക്കുള്ള യാത്രയിൽ അടിമാലി വരെ ഞങ്ങൾ അപരിചിതരെപ്പോലെയാണ് ഇരുന്നത്. അവിടുന്നങ്ങോട്ട് ഒരുമിച്ചും.

അടിമാലിയിൽ നിന്ന് ലൈമും മുട്ട പഫ്സും, കോട്ടയത്തുനിന്ന് ചിക്കൻ ബിരിയാണിയും ഐസ് ക്രീമും, കൊട്ടാരക്കരയിൽ നിന്ന് ചായയും പരിപ്പുവടയും, തിരുവനന്തപുരം കോഫി ഹൗസ്സിൽ നിന്ന് പൊറോട്ടയും ചിക്കൻ ഫ്രയ്യും, ജയലക്ഷ്മിയിൽ നിന്ന് മൂന്നാല് ഡ്രസുകളും… എനിക്ക് ഓരോന്നും വാങ്ങി തരാൻ ചേട്ടായി മത്സരിക്കുകയായിരുന്നു. ആ നിമിഷങ്ങളിൽ ഞാനും ചേട്ടായിയുടെ കുഞ്ഞനിയത്തിയായി. എത്രയൊക്കെ മെച്യൂരിറ്റി കാണിച്ചാലും കൗതുകം മാറാത്ത പതിനേഴുകാരിയാണ് ഞാനെന്ന് തിരിച്ചറിഞ്ഞു. ഹോസ്റ്റലിന്റെ മുന്നിൽ ഇറങ്ങാൻ നേരം ചേട്ടായി എനിക്ക് ഒരു വലിയ ടെക്സ്റ്റൈൽ കവർ നീട്ടി.

“എന്താ ഇത്..???” “ആഹ്. മമ്മി തന്നു വിട്ടതാ നിനക്ക് വേണ്ടി” റൂമിൽ ചെന്നപാടെ ഞാനത് തുറന്നു നോക്കി. അച്ചപ്പം, ഉണ്ണിയപ്പം, ചക്ക വറുത്തത്, കായ വറുത്തത്, മീൻ അച്ചാർ… കണ്ണു തള്ളി നിൽക്കുന്നത് കണ്ടുകൊണ്ടാണ് ഭവി വന്നത്. “ആഹാ. നിന്റെ ആന്റി നന്നായി എന്നു തോന്നുന്നല്ലോ.” “ആന്റിയല്ല, മമ്മി തന്നു വിട്ടതാണ്” ഞാൻ പറഞ്ഞു. “യേത് മമ്മി..?” “അത്. ജോഷ്വാ ചേട്ടായിയുടെ” “ആഹാ. അപ്പോ അവിടം വരെ ഒക്കെ എത്തിയോ കാര്യങ്ങൾ..? എന്തായി കല്യാണം ഉറപ്പിച്ചോ..?” അവൾ ആളെ ഉത്സാഹത്തിൽ ആയി. എല്ലാം ആരോടെങ്കിലും ഒന്നു പറയാൻ എനിക്ക് വല്ലാത്ത വീർപ്പുമുട്ടൽ ആയിരുന്നു.

ഒടുവിൽ അവളോട് പറയാം എന്നുവച്ചു. “ഡീ.. എന്നാലും.. അത് നിന്റെ ചേട്ടൻ ആണെന്നോ. വിശ്വസിക്കാൻ പറ്റുന്നില്ലല്ലോ മോളെ.” “എനിക്ക് പോലും പറ്റുന്നില്ലായിരുന്നെടി” ഞാൻ നെടുവീർപ്പെട്ടു. കോളേജിൽ ചെന്ന് ഭവി തന്നെ എല്ലാം പ്രവിയോട് വിശദീകരിച്ചു. ഇടക്ക് ചിലതൊക്കെ കയ്യിൽ നിന്ന് എടുത്തിടുന്നും ഉണ്ട്. “അല്ലെങ്കിലും ആ ചേട്ടന് ഇവളോട് പ്രേമം ഒന്നും അല്ലെന്ന് എനിക്കന്നേ അറിയാമായിരുന്നു.” അവളുടെ വർത്തമാനം കേട്ട് ഞങ്ങൾ രണ്ടും കണ്ണു മിഴിച്ചു. ഇവളാണ് ചേട്ടായി എന്റെ പുറകെ നടക്കുകയാണെന്ന് ആദ്യം പറഞ്ഞത്. കള്ള തിരുമാലി..! പിന്നീടുള്ള ദിവസങ്ങളിൽ ഞാൻ സന്തോഷവതിയായിരുന്നു.

ഭവിയെയും പ്രവിയെയും ചേട്ടായിക്ക് പരിചയപ്പെടുത്തി കൊടുത്തതോടെ അവരും കട്ട കമ്പനി ആയി. രണ്ടു ദിവസം കഴിഞ്ഞു ഒരു വൈകുന്നേരം പരിചയം ഇല്ലാത്തൊരു നമ്പറിൽ നിന്ന് എനിക്ക് കോൾ വന്നു. ട്രൂ കോളറിൽ സൂസി ജോസ് എന്നു കണ്ടതോടെ എന്റെ ഹൃദയം വല്ലാതെ മിടിക്കാൻ തുടങ്ങി. നാട്ടിൽ നിന്ന് വന്നതിന് ശേഷം ഒരു തവണ പോലും മമ്മിയെ വിളിക്കാൻ തോന്നാഞ്ഞതിൽ എനിക്ക് കുറ്റബോധം തോന്നി. “കൊച്ചേ…” ഹലോയ്ക്ക് പകരം സ്നേഹത്തിൽ ചാലിച്ചു വന്ന ആ വിളി വീണ്ടും എന്റെ ചങ്കിൽ തറച്ചു. “മമ്മീ…” “കൊച്ച് എന്നാടുക്കുവായിരുന്നു..? തെരക്കാണോ?” അതൊരു തുടക്കം ആയിരുന്നു.

എന്നോ നഷ്ടപ്പെട്ടു പോയ അമ്മയുടെ സ്നേഹം എനിക്ക് തിരിച്ചു കിട്ടി. ജോസ് ചാച്ചനും എന്നെ വലിയ ഇഷ്ടം ആയിരുന്നു. അവധിക്ക് നാട്ടിൽ പോകുമ്പോഴൊക്കെ ഞാൻ ആ വീട്ടിലെ നിത്യ സന്ദർശകയായി. വീക്കെൻഡിൽ പ്രവിയും ഭവിയും വീട്ടിലേക്ക് പോകുമ്പോൾ ഞാനും ചേട്ടായിയും കറങ്ങി നടന്നു. സ്‌കൂളിൽ പടിക്കുമ്പോ പഴശ്ശിരാജ കണ്ടതല്ലാതെ ഒരു സിനിമപോലും കണ്ടിട്ടില്ലാത്ത ഞാൻ ഇറങ്ങുന്ന നല്ല പടങ്ങളെല്ലാം മുടങ്ങാതെ കാണാൻ തുടങ്ങി. ആയിടയ്ക്ക് കോളേജിൽ വീണ്ടും ഒരു അടി നടന്നു. ഇത്തവണ ഞങ്ങളുടെ കൺമുന്നിലാണ് സംഭവം നടന്നത്.

എഴുന്നേറ്റ് ഓടാൻ കഴിയാത്ത അവസ്ഥയിൽ സ്റ്റാച്യൂ ആയി നിൽക്കാൻ മാത്രമേ എനിക്കും ഭവിക്കും കഴിഞ്ഞുള്ളൂ. തലയുയർത്തി നോക്കിയപ്പോൾ ആദ്യം കണ്ടത് ചോര പോലെ ചുവന്ന രണ്ടു കണ്ണുകൾ ആണ്. ബലിഷ്ഠമായ ശരീരമുള്ള ആറടിയിൽ അധികം പൊക്കമുള്ള ഒരു മനുഷ്യൻ. ഗുണ്ടാ ലുക്കിൽ ഉള്ള അയാളെ കണ്ടാൽ തന്നെ പേടിയാകും. “ഡീ.. ഇത് മറ്റേ ചേട്ടൻ അല്ലെ..???” അടി കൊണ്ട് കിടക്കുന്നവനെ നോക്കി ഭവി ചോദിച്ചു. അപ്പോഴാണ് ഞാനും അയാളെ ശ്രദ്ധിക്കുന്നത്. “ഏത് ചേട്ടൻ?” പ്രവി ചോദിച്ചതൊന്നും കിളി പോയ അവസ്ഥയിൽ ഞാൻ കേട്ടില്ല. കോളേജിൽ എന്റെ പുറകെ നടന്നു എന്നു പറയപ്പെടുന്ന, എന്നെ റാഗിംഗിൽ നിന്ന് രക്ഷിച്ചുകൊണ്ടിരുന്ന ഡിങ്കൻ ആണ് ഇവിടെ പവനായി ശവമായത് പോലെ കിടക്കുന്നത്.

ദേഹത്തെ പെയിന്റ് നല്ലോണം പോയിട്ടുണ്ട്. ഇടയ്ക്ക് എപ്പോഴോ ദയനീയമായി അവിടെ നിന്നൊരു നോട്ടം എന്നിലേക്ക് വന്നു. ഞാൻ വേഗം നോട്ടം മാറ്റി. “ഇനി മേലാൽ അവളുടെ മേലെ ഞന്റെ നിഴലെങ്കിലും വീണെന്ന് ഞാൻ അറിഞ്ഞാൽ…” ബാക്കി പറയാതെ ഗുണ്ടാ ചേട്ടൻ അവനെ ചൂണ്ടുവിരൽ ഉയർത്തി ഒരു താക്കീത് പോലെ പറഞ്ഞു. പിന്നെ ചുറ്റിലും കൂടി നിന്ന കുട്ടികളെ വകഞ്ഞു മാറ്റി നടന്നു. എന്നാലും ഈ ‘അവൾ’ ആരാണാവോ..? അവിടെ തന്നെ അനക്കമറ്റു നിന്നു പോയ എന്നെ ഭവി പിടിച്ചു വലിച്ചാണ് ക്ലാസിലേക്ക് കൊണ്ടുപോയത്. കണ്ടില്ലെന്ന് ഭാവിച്ചെങ്കിലും ആ ചേട്ടന്റെ ദയനീയമായ നോട്ടം കുറച്ചു നാളത്തേക്ക് എന്നെ വേട്ടയാടി.

“ഡീ.. നീയെന്താ ഈ നനഞ്ഞ കോഴിയെപ്പോലെ നടക്കുന്നത്?” ഒരു ദിവസം ഭവി ചോദിച്ചു. “എന്ത്..??? ഒന്നും ഇല്ല” “നിന്റെ ചേട്ടന് തല്ല് കൊണ്ടതിന്റെ വിഷമം ആണോ?” ഞാൻ ഞെട്ടി അവളെ നോക്കി. “നോക്കി പേടിപ്പിക്കേണ്ട. അന്നത്തെ അടി കണ്ടതിന് ശേഷമാണ് നിനക്ക് ഇങ്ങനെ മൂഡ് ഓഫ്. നിനക്ക് ഇഷ്ടമായിരുന്നോ അയാളെ?” “ഒന്ന് പോടി. നമ്മുടെ കൺമുന്നിൽ അല്ലെ അയാൾ തല്ല് കൊണ്ടു കിടന്നത്. അതിന്റെ ഒരു വിഷമം. അത്രേയുള്ളൂ” അങ്ങനെ പറഞ്ഞെങ്കിലും എന്റെ മനസിൽ ഒരു വിഷമം അപ്പോഴും ബാക്കിയായിരുന്നു. “പെണ്ണ് കേസിൽ ഒക്കെ തല്ല് കൊള്ളണമെങ്കിൽ അത്ര വലിയ കുരുത്തക്കേട് ആയിരിക്കണം പുള്ളി ഒപ്പിച്ചു വച്ചത്.

അയാളെ ഓർത്തു നേരം കളയാൻ നിനക്ക് വട്ടാണോ?” ഭവി ചോദിച്ചു. അങ്ങനെ ചിന്തിച്ചപ്പോൾ, പുള്ളിക്കാരനോട് മനസിൽ തോന്നിയ സോഫ്റ്റ് കോർണറും റ്റാറ്റാ പറഞ്ഞു പോയി. പിന്നീടും ആളെ വഴിയരികിലൊക്കെ കണ്ടെങ്കിലും അതൊന്നും എന്നെ ബാധിക്കുന്നതായി തോന്നിയില്ല. രണ്ടുമൂന്ന് ആഴ്ചകൾക്ക് ശേഷം പിന്നെ പുള്ളിക്കാരനെ കാണാതെയായി. വെറുതെ നോക്കിയിട്ട് കാര്യമില്ലെന്ന് തോന്നി കാണണം. അതോടെ ഞാനും ആ വിഷയം വിട്ടു. നാളുകൾ കടന്നുപോയി. ഫസ്റ്റ് സെമസ്റ്ററിലെ എക്സാം കഴിഞ്ഞപ്പോൾ ഒരു മാസത്തോളം അവധി ആയിരുന്നു. പാപ്പന്റെ വീട്ടിലേക്ക് പോകുന്ന കാര്യം ആലോചിച്ചപ്പോൾ തന്നെ എനിക്ക് ബുദ്ധിമുട്ട് തോന്നി തുടങ്ങി.

ഒരു മാസം ഒക്കെ അവിടെ താമസിക്കുക എന്നു പറഞ്ഞാൽ വല്ല സീരിയൽ കുടുംബത്തിലും നിൽക്കുന്നത് പോലെ ആകും. “നിനക്ക് ഭവിയുടെ വീട്ടിൽ പോയിക്കൂടെ?” അവസാനം ചേട്ടായി ചോദിച്ചു. കുറെ കാലമായി ഭവി നിർബന്ധിക്കാറുണ്ടെങ്കിലും അവളുടെ വീട്ടിലേക്ക് ഞാനിതുവരെ പോയിരുന്നില്ല. “ഹേയ്. അതൊന്നും വേണ്ട. ശരിയാകത്തില്ല” “നീ എന്റെ അനിയത്തി നാട്ടിലൊക്കെ അറിയാമെങ്കിൽ നിന്നെ വീട്ടിലേക്ക് കൊണ്ടുപോകമായിരുന്നു എനിക്ക്.. ഇതിപ്പോ…” അത് പറയുമ്പോൾ ചേട്ടായിയുടെ കൺകോണിലൊരു നനവ് ഞാൻ കണ്ടു. ഒടുവിൽ ഒരാഴ്ച്ച ഭവിയുടെ വീട്ടിൽ പോയി നിൽക്കാനും അതുകഴിഞ്ഞ് നാട്ടിലേക്ക് പോകാനും ഞാൻ തീരുമാനിച്ചു.

കൊല്ലം ജില്ലയിലെ ചവറ എന്ന സ്ഥലത്തായിരുന്നു ഭവിയുടെ വീട്. പ്രവിയുടേതും അതിനടുത്താണ്. നല്ല ആളുകൾ, നല്ല സീ ഫുഡും. കൊല്ലം കണ്ടവന് ഇല്ലം വേണ്ടെന്ന് പഴഞ്ചൊല്ല് ഉണ്ടായത് വെറുതെ അല്ലെന്ന് അവിടെ ഒരാഴ്ച്ച കഴിഞ്ഞപ്പോൾ ബോധ്യമായി. അടുത്ത സെമസ്റ്റർ വെക്കേഷനും ഞാൻ അവിടേക്കാണ് പോയത്. സെക്കൻഡ് ഇയർ തുടങ്ങിയതോടെ ലെറ്റ് അഡ്മിഷൻസ് ക്ലാസിൽ വന്നു. എന്റെ ജീവിതം മാറിയത് അവിടെ മുതലാണ്. … തുടരും..

ഒറ്റത്തുമ്പി: ഭാഗം 5

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!