ഋതുസംക്രമം : ഭാഗം 18

Share with your friends

എഴുത്തുകാരി: അമൃത അജയൻ

സുഷുപ്തിയിലാണ്ട് കിടന്ന പ്രഭാത കിരണങ്ങൾ കിഴക്കൻ മലകളെ പുൽകിയുണർത്തി .. കിടക്കയിൽ എഴുന്നേറ്റിരുന്നു ജനൽ ചില്ലിലൂടെ ഉറഞ്ഞ പ്രഭാതം കാണാൻ വല്ലാത്തൊരു ഭംഗിയാണ് . മനസിൽ ചില സന്തോഷങ്ങൾ വന്നു കൂടുമ്പോൾ പതിവു കാഴ്ചകൾക്ക് പോലും ഭംഗിയേറുന്നത് സ്വാഭാവികമാണ് . ബ്രഷും പേസ്റ്റുമെടുത്ത് ബാത്ത്റൂമിലെ വാഷ്ബേസിനു മുന്നിൽ സ്ഥാപിച്ചിട്ടുള്ള കണ്ണാടിയിൽ നോക്കി നിൽക്കുമ്പോൾ ഏതാണ്ടൊക്കെയോ ചിന്തകൾ വന്നു മൂടി .. ജിതിനെന്ന അദ്ധ്യായം തൻ്റെ ജീവിതത്തിലെ അടഞ്ഞ പുസ്തകമാണ് . . സ്വന്തം പ്രതിബിംബത്തെ നോക്കി ചിരിക്കാനെങ്കിലും തനിക്കിപ്പോൾ കഴിയുന്നുണ്ടല്ലോ .

പതിവിനു വിപരീതമായി താഴേയ്ക്കു പോകും മുൻപേ അച്ഛൻ്റെ മുറിയിൽ ചെന്നു കിടക്കയിൽ ഇരുന്നു .. അവൾ വന്നതുകൊണ്ട് ഭാസ്കരേട്ടൻ ഫ്ലാസ്കുമെടുത്ത് മുറി വിട്ടിറങ്ങിപ്പോയി . ജിതിൻ വിളിച്ചതും പറഞ്ഞതുമെല്ലാം വള്ളി പുള്ളി വിടാതെ പത്മരാജനെ അറിയിക്കുമ്പോൾ അച്ഛൻ സന്തോഷിക്കുമെന്ന പ്രതീക്ഷയായിരുന്നു . . അവിടുത്തെ മൗനം പ്രതീക്ഷകളെ തെറ്റിച്ചു. അച്ഛയും ആ ബന്ധം ആഗ്രഹിച്ചിരുന്നോ? ജിതിനെപ്പോലെ മിടുക്കനായൊരു മരുമകൻ വേണമെന്നതായിരുന്നോ അച്ഛയുടെയും ആഗ്രഹം .

അമ്മ പറയുമ്പോലെ ഒന്നിനും കൊള്ളാത്ത കഴുതയായ മകളെക്കൊണ്ട് ആകെയുണ്ടാകാൻ പോകുന്ന ഗുണം അവളെ സമർത്ഥനായൊരു ചെറുപ്പക്കാരനെ ഏൽപ്പിച്ചാൽ പത്മ ഗ്രൂപ്പ്സ് എന്നെന്നും നിലനിൽത്താമെന്നതാണെന്ന് അച്ഛയും കരുതിയിട്ടുണ്ടാകും . അച്ഛയുടെയും അച്ഛഛൻ്റെയും വിയർപ്പാണ് പത്മ ഗ്രൂപ്പ്സ് . അതില്ലാണ്ടാകാൻ അച്ഛയാഗ്രഹിക്കില്ലല്ലോ . പത്മരാജൻ്റെ കവിളിൽ ഒരുമ്മ കൊടുത്ത് ‘മൈത്രിക്കിതാണച്ഛേ സന്തോഷം ‘ എന്ന് പറഞ്ഞ് എഴുന്നേറ്റു പോന്നു . ********

പ്രൈവറ്റ് ബസിൻ്റെ അറ്റത്തെ സീറ്റിൽ പറ്റിച്ചേർന്നിരുന്ന് കമ്പിയിലേക്ക് കവിൾ ചേർത്തു വച്ചു . ജീവിതത്തിൽ വളരെ കുറച്ച് മാത്രമേ ബസിൽ യാത്ര ചെയ്തിട്ടുള്ളു . അവസാനം ബസിൽ കയറിയത് കോളേജിലെയൊരു സമരത്തിൻ്റെയന്നാണ് . പരിചയക്കുറവിൻ്റെ ആകുലതകളൊന്നും മനസിനെ സ്പർശിക്കുന്നില്ല . എങ്ങോട്ടാണ് പോകേണ്ടതെന്നും അറിയില്ല .. വിശപ്പോ ദാഹമോ അറിയുന്നില്ല .. അവസാനം ഭക്ഷണം കഴിച്ചത് ഇന്നലെ രാവിലെയായിരുന്നല്ലോ . സുമിത്രാൻറി തന്ന വെള്ളയപ്പവും കടലക്കറിയും . അതിൽപ്പിന്നെ ഒരിറ്റ് വെള്ളം പോലും കുടിച്ചിട്ടില്ല . കാലും കൈയും തുടയുമെല്ലാം ചുട്ടു നീറുന്നു . . ഹൃദയത്തിലോ .. അവിടെ അതിലും വലിയൊരു മുറിവ് .

കഴിഞ്ഞ സംഭവങ്ങൾ ,അത്രമേൽ മനസും ശരീരവും കൊത്തി നുറുക്കിയിരിക്കുന്നു . വീണ്ടും വീണ്ടും അത് തലച്ചോറിൽക്കിടന്ന് മുറവിളി കൂട്ടുന്നു .. പതിവിലും സന്തോഷത്തോടെയാണ് ഇന്നലെ കോളേജിൽ പോയത് . ക്ലാസ്റൂമിലേക്ക് നടക്കുമ്പോൾ എവിടുന്നോ ഉണ്ണിമായ ഓടി വന്നു . ആ മുഖത്ത് തന്നോടുള്ള ദേഷ്യം വ്യക്തമായിരുന്നു . തലേന്ന് നിരഞ്ജൻ പോയതു മുതൽ വിന്നിയിലും ഗാഥയിലും അതേ ഭാവം തന്നെയായിരുന്നു . ” നന്നായെടോ താനങ്ങനെ പറഞ്ഞൊഴിവാക്കിയത് ” എന്ന് പറയുമ്പോൾ അവളുടെ ചുണ്ടിൽ പരിഹാസമായിരുന്നു . ഒന്നും മിണ്ടാതെ തല കുനിച്ചു നിന്നു . ‘

അനാഥാലയത്തിൽ വളർന്നൊരാളെ സ്നേഹിക്കാൻ കഴിയില്ലെന്ന് പറയുന്നതിലും ഭേദം ഇല്ലാത്ത കല്ല്യാണത്തിൻ്റെ പേര് പറഞ്ഞൊഴിവാക്കുന്നതാണെന്ന് ‘ അവൾ പറഞ്ഞതായിരുന്നു ആദ്യമേറ്റ പ്രഹരം . അമ്മയുടെ ചൂരലേൽപ്പിച്ചതിനേക്കാൾ വലിയ ഉണങ്ങാത്ത മുറിവായി ആ വാചകം ഹൃദയത്തിനു കുറുകേ വിണു . അനാഥാലയത്തിൽ വളർന്നുവെന്നോ ? മണമില്ല മധുവില്ല പൂജയ്ക്കെടുക്കില്ല താനേ വളർന്നൊരു കാട്ടുപൂവാണു ഞാൻ എന്ന് പറഞ്ഞത് അതുകൊണ്ടായിരുന്നോ .. ഒറ്റയ്ക്കായിരുന്നോ . ആ ഏകാന്തതയിലേക്കായിരുന്നോ തൻ്റെ കൂട്ടു തേടി വന്നത് . എല്ലാവരുമുണ്ടായിട്ടും താനും അനാഥയാണെന്നറിഞ്ഞിട്ടാകുമോ കൂടെ കൂട്ടാൻ വന്നത് . കണ്ണുനിറഞ്ഞൊഴുകുന്നതൊന്നുമറിയാതെ പ്രതിമ പോലെ ക്ലാസിലിരുന്നു .

രണ്ടാമത്തെ പീരിയഡ് നടക്കുമ്പോൾ പീയുൺ കൊണ്ട് വന്ന നോട്ടീസ് ക്ലാസിൽ മിസ് ഉറക്കെ വായിച്ചപ്പോഴും താനൊന്നുമറിഞ്ഞില്ല . തന്നോട് ബാഗെടുത്ത് ഓഫീസിലേക്ക് ചെല്ലാനാണെന്ന് ഗാഥ കുലുക്കി വിളിച്ചു പറഞ്ഞപ്പോൾ പാവയെപോലെ അനുസരിച്ചു .. എല്ലാവരും തന്നെയാണ് മിഴിച്ചു നോക്കുന്നതെന്നും ശ്രദ്ധിച്ചില്ല . ഓഫീസിനു മുന്നിൽ ജയ മിസ് നോക്കി നിൽപ്പുണ്ടായിരുന്നു . കാറ് വന്നിട്ടുണ്ട് , മൈത്രേയിയെ വീട്ടിലേക്ക് ചെല്ലാൻ പറഞ്ഞുവെന്ന് പറഞ്ഞപ്പോൾ അടിവയറ്റിൽ കൊള്ളിയാൻ മിന്നി . അച്ഛയുടെ മുഖമാണ് മനസിലോടിയെത്തിയത് .. ഈശ്വരാ അച്ഛക്കെന്തെങ്കിലും ആപത്ത് … തല ചുറ്റുന്ന പോലെ തോന്നി വീഴാൻ പോയപ്പോൾ തൂണിൽ പിടിച്ചു നിന്നു .

എങ്ങനെയോ നടന്ന് കാറിനടുത്തെത്തി അകത്ത് കയറി ഇരിക്കുമ്പോൾ തന്നെ ഡ്രൈവറോട് വിവരം ചോദിച്ചു . അയാൾക്കും കാര്യമറിയില്ലെന്ന് പറഞ്ഞപ്പോൾ തന്നെ ഒളിക്കുന്നതായാണ് തോന്നിയത് . എന്നിട്ടും ഉളളുരുകി പ്രാർത്ഥിച്ചു അച്ഛക്കൊരാപത്തും വരുത്തരുതേയെന്ന് . പത്മതീർത്ഥത്തിനു മുന്നിലെത്തിയിട്ടും അസ്വാഭാവികമായി ഒന്നും കണ്ടില്ല . മുറ്റത്ത് അമ്മയുടെ കാറുണ്ട് . പേടിയോടെയാണ് അകത്തേക്ക് കയറിയത് . അരുതാത്തതൊന്നും കേൾക്കരുതേയെന്നായിരുന്നു അപ്പോഴും പ്രാർത്ഥന .. വലിഞ്ഞുമുറുകിയ മുഖവുമായി സോഫയിൽ അമ്മയിരിക്കുന്നു .. ” നീ ജിത്തുവിനോട് സംസാരിച്ചുവല്ലേ ” യെന്ന് ചേദിച്ചതിൽ നിന്ന് ഗൗരവത്തിൻ്റെയർത്ഥം പിടി കിട്ടി .

അയാൾ ചതിച്ചുവെന്ന് മനസിലാക്കി വരുമ്പോഴേക്കും ആദ്യത്തെ അടി കവിളത്ത് വീണിരുന്നു .. ആദ്യമായിട്ടാണ് ചൂരലുകൊണ്ടല്ലാതെയൊന്ന് . . ‘ നീയെന്താടി അവനോട് പറഞ്ഞതെന്ന് ചോദിച്ചു കൊണ്ട് രണ്ടു കരണത്തും മാറി മാറിയടിച്ചു .. സുമിത്രാൻ്റിയോ ഭാസ്കരേട്ടനോ ഒക്കെ ഓടി വന്നപ്പോഴേക്കും തന്നെയും വലിച്ചിഴച്ചു കൊണ്ട് അമ്മ മുറിക്കകത്ത് കയറി കതകടച്ചു . ചൂരലെടുത്ത് തലങ്ങും വിലങ്ങും തല്ലിച്ചതച്ചു .. നിലത്തു ചുരുണ്ടു കിടന്ന മൈത്രേയിയെ മുടിക്കു ചുറ്റിപ്പിടിച്ച് വലിച്ചുയർത്തി മുഖത്തേക്ക് തറപ്പിച്ചു നോക്കി . ” അനുസരിക്കാൻ ഭാവമില്ലെങ്കിൽ തീർത്തു കളയും ഞാൻ.. എന്നെക്കൊണ്ടത് ചെയ്യിക്കരുത് .. ” ആ പറഞ്ഞത് അമ്മ തന്നെയായിരുന്നോ ? മാതൃത്വത്തിൻ്റെ കണിക പോലും ആ മുഖത്തില്ലായിരുന്നു . തന്നെ പ്രസവിച്ചത് അവര് തന്നെയാണോ .

ഏതോ ഒരു സ്ത്രീ , തന്നെ ഒന്നടങ്കം ഉന്മൂലനം ചെയ്യാൻ വന്ന ഏതോ ശത്രുവിനെപ്പോലെയായിരുന്നു അവരപ്പോൾ . വലിച്ചിഴച്ച് മുറിക്ക് പുറത്തേക്ക് തള്ളി കതകടച്ച ആ സ്ത്രീ തൻ്റെയാരാണെന്ന ചോദ്യം തളർന്ന നാവിലെവിടെയോ കുരുങ്ങി കിടന്നു . ഭാസ്കരേട്ടനാണ് സ്വന്തം മുറിയിലെത്തിച്ചത് . എഴുന്നേറ്റിരിക്കാൻ പോലും ആവതില്ലാതെ . സുമിത്രാൻ്റി എപ്പോഴൊക്കെയോ വന്ന് വിളിച്ചിട്ട് പോയി . രാത്രി അമ്മ കയറി വന്ന് ” നാളെ മുതൽ കോളേജിൽ പോകണ്ട , അടുത്തയാഴ്ച ജിതിനുമായുള്ള എൻകേജ്മെൻ്റാണെ” ന്ന് പറയുമ്പോൾ പോലും കട്ടിലിൽ തളർന്നു കിടന്ന ആ ശരീരത്തിന് ജീവനുണ്ടോയെന്ന് നോക്കിയില്ല . സ്നേഹം കൊണ്ട് കൊല്ലുന്നതോ കൊല്ലാൻ വേണ്ടി സ്നേഹിക്കുന്നതോ ?

ഇന്നലെ രാത്രി മുഴുവൻ ഉറങ്ങാതെ , വിശപ്പു മാറ്റാതെ ഒരു തുള്ളി വെള്ളം പോലുമിറക്കാതെ ചരഞ്ഞരഞ്ഞു കിടന്നതു കൊണ്ടോ എന്തോ വല്ലാത്തൊരു ധൈര്യം തോന്നി മനസിന് . ഇനിയിവിടെ തുടരാൻ വയ്യ . മരിക്കണം . എങ്ങനെ മരിക്കണം ? തൂങ്ങി മരിക്കണോ അതോ വിഷം കഴിക്കണോ ? താൻ മരിച്ചാൽ ഈ പ്രശ്നങ്ങളൊക്കെ തീരില്ലേ .. തീരും തീരും .. പക്ഷെ മരിക്കുന്നത് പറയുന്നത്ര എളുപ്പമല്ല .. അതിനും വേണം വല്ലാത്ത ധൈര്യം .. മരണത്തോട് പ്രണയം തോന്നണമെന്ന് എവിടെയോ വായിച്ചത് ഓർത്തു പോയി . . ഒന്നും പറയാതെ പെട്ടന്നൊരു ദിവസം ജീവിതം വിട്ടെറിഞ്ഞ് പോയവരോടൊക്കെ വല്ലാതെ അസൂയപ്പെട്ടു . അവരെപ്പോലെയാകാൻ കഴിയുന്നില്ലല്ലോ .

മരണത്തെ ആവേശത്തോടെ വാരിയണിയാൻ .. പിന്നെ മനസിൽ വന്നത് പപ്പിയാൻ്റിയുടെ മുഖമാണ് . ദൂരെയെവിടെയോ ആണ് . മുംബൈലോ കൽക്കത്തയിലോ ചിലപ്പോ അവിടുന്നും പോകും എങ്ങാണ്ടൊക്കെയോ .. താനിന്നോളം സ്വന്തം നാടിനപ്പുറത്തേക്ക് ഒന്നും കണ്ടിട്ടില്ലല്ലോ ? പണ്ടെപ്പോഴൊ അച്ഛയെ പിക്ക് ചെയ്യാൻ നെടുമ്പാശ്ശേരി എയർപോർട്ടിൽ പോയിട്ടുണ്ട് . റെയിൽവേ സ്റ്റേഷൻ എന്ന് കേട്ടിട്ടേയുള്ളു പോയിട്ടില്ല .. രാവിലെ അമ്മ പോയി എന്നുറപ്പായപ്പോൾ ബാഗുമെടുത്തിറങ്ങി . സുമിത്രാൻ്റി കണ്ടില്ല . കൃഷ്ണനങ്കിൾ കണ്ടിട്ടുണ്ട് . കോളേജിലൊരു പുസ്തകമേൽപ്പിക്കാനുണ്ട് അത് കൊടുത്തിട്ട് വരാം ..അമ്മയറിഞ്ഞാൽ പോകാൻ സമ്മതിക്കില്ല. അങ്കിൾ വിളിച്ച് പറയല്ലേ ഞാൻ വേഗം വന്നോളാമെന്ന് പറഞ്ഞു .

ബസ് ഏതോ ഗട്ടറിൽ വീണപ്പോൾ തല സൈഡിലെ കമ്പിയിലിടിച്ചു . എവിടെയൊക്കെയോ വല്ലാതെ വേദനിച്ചു . ഒന്ന് ഞരങ്ങിയിട്ട് വീണ്ടും പഴയപടിയിരുന്നു . . റയിൽവേ സ്റ്റേഷനിൽ പോകണം , കൽക്കത്തയ്ക്കോ മുംബെയ്ക്കോ ടിക്കറ്റെടുക്കണം . അവിടെ ചെന്നിട്ട് പപ്പിയാൻ്റിയെ എവിടെ തിരയും , ആരോടു ചോദിക്കും ഏത് ഭാഷയിൽ ചോദിക്കും . അറിയില്ല .. ആദ്യം എത്തട്ടെ .. അടിവയറ്റിൽ വല്ലാത്തൊരു കാളലുണ്ട് . വിശപ്പിൻ്റെ .. പത്മതീർത്ഥത്തിൽ മൈത്രേയി ഇന്നോളം വിശപ്പറിഞ്ഞിട്ടില്ല .. ഇനി ചിലപ്പോൾ പപ്പിയാൻറിയുടെ അടുത്തെത്തുന്നവരെ താൻ പട്ടിണിയായിരിക്കും ..

അടുത്തെത്തുമോ അതോ വഴിക്കു വച്ച് മരിച്ചു പോകുമോ ? കൃഷ്ണനങ്കിൾ ഇപ്പോ അമ്മയെ വിളിച്ചു പറഞ്ഞിട്ടുണ്ടാകുമോ ? തൻ്റെ പിന്നാലെ അമ്മ വരുന്നുണ്ടോ ? അതോ അറിഞ്ഞാലും വരില്ലേ ? എവിടെയെങ്കിലും പോയി തുലയട്ടെയെന്ന് വിചാരിക്കുമോ ? അങ്ങനെ വിചാരിച്ചെങ്കിൽ എത്ര നന്നായിരുന്നു . . കാഴ്ചകളോരോന്നും പിന്നിലേക്ക് ഓടി മറയുന്നു .. ബാഗിൻ്റെ സൈഡ് ഉറയിൽ കൈയമർത്തി നോക്കി .. പപ്പിയാൻ്റി വരുമ്പോൾ തരാറുള്ളതും എപ്പോഴൊക്കെയോ ആവശ്യങ്ങൾക്ക് കൈയിൽ വന്ന പണത്തിൽ ആവശ്യം കഴിഞ്ഞ് ബാക്കി വന്നതും എല്ലാം കൂടി ചേർത്തു വച്ചിരുന്ന ആയിരത്തി മുന്നൂറ്റി അൻപത്താറു രൂപ ..

ഇത് മതിയാകുമോ പപ്പിയാൻ്റിയുടെ അടുത്തെത്താൻ . . തികഞ്ഞില്ലെങ്കിലോ .. കൈയിൽ പപ്പിയാൻ്റി ഇട്ടുതന്ന മോതിരമുണ്ട് .. കഴുത്തിൽ മാലയും ..അത് വിൽക്കാം .. ബാഗ് വലിച്ചു നെഞ്ചോട് ചേർത്ത് കെട്ടിപ്പിടിച്ചിരുന്നു .. കോട്ടയം ട്രാൻസ്പോർട്ട് ബസ് സ്റ്റാൻഡിനു മുന്നിൽ ബസ് നിന്നപ്പോൾ എഴുന്നേറ്റു .. തിരക്ക് .. ആദ്യമായാണ് ഒറ്റയ്ക്കവിടെ . അമ്മയുടെ കൂടെ കാറിൽ ഇതു വഴി പാസ് ചെയ്തിട്ടുണ്ടെന്നല്ലാതെ ഇന്നുവരെ ഇവിടെ ഒരാവശ്യത്തിനും വന്നിട്ടില്ല .. കൈകാലുകൾ വിറയ്ക്കുന്നത് വിശപ്പു കൊണ്ടോ ഭയം കൊണ്ടോ ക്ഷീണം കൊണ്ടോ എന്ന് വേർതിരിച്ചറിയാനാകുന്നില്ല .. ബസിൽ നിന്ന് എഴുന്നേറ്റപ്പോൾ കാലൊക്കെ വല്ലാതെ വേദനിച്ചു . മടിയിലെന്തോ ഭാരം തൂങ്ങി വീഴാൻ പോകുന്ന പോലെ ..

ബസിൽ നിന്നിറങ്ങി പകച്ച് ചുറ്റും നോക്കി . എങ്ങോട്ട് പോകണം ? റെയിൽവേ സ്റ്റേഷൻ എവിടെയാണ് . തന്നെ പരിചയമുള്ള ആരെങ്കിലും കാണുന്നുണ്ടോ . കുറേ സമയം ഇറങ്ങിയിടത്തു തന്നെ നിന്ന് ചുറ്റും പകച്ചു നോക്കി . കോട്ടയം നഗരം തന്നെ ഭയപ്പെടുത്തുന്നുണ്ടെങ്കിൽ ഭാഷ പോലുമറിയാത്ത കൽക്കത്തയോ മുംബയിയോ ഒക്കെ എങ്ങനെയാവും .. അവിടെ നിന്ന് നോക്കിയ കൂട്ടത്തിൽ ഒരു ജൂവലറി കണ്ണിൽപ്പെട്ടു . സ്വർണം അവിടെ വിൽക്കാം .. വിൽക്കാൻ കഴിയില്ലേ ? എന്തായാലും പോയി നോക്കാം .. പതറാൻ പാടില്ല .. ധൈര്യമായി ചോദിക്കണം .. ആരെങ്കിലും ആശുപത്രിയിലാണ് അത്യാവശ്യമാണെന്ന് പറയണം .. രണ്ടും കൽപ്പിച്ച് റോഡ് മുറിച്ചു കടന്നു ..

അവിടെ ഒരറ്റത്തേക്ക് മാറി നിന്ന് മാലയുടെ കൊളുത്തഴിച്ചു , മോതിരവും ഊരി ബാഗിൻ്റെ ഉറയിലിട്ടു .. ജൂവലറിയുടെ ഗ്ലാസ് ഡോർ തള്ളിത്തുറന്ന് അകത്തേക്ക് കടന്നപ്പോൾ തന്നെ എസിയുടെ തണുപ്പ് പൊതിഞ്ഞു . സ്വർണാഭരണങ്ങൾ നിറഞ്ഞ റാക്കുകൾക്ക് മുന്നിൽ റോസ് ഷർട്ട് ധരിച്ച യുവാക്കൾ നിൽപ്പുണ്ട് .. ചിലരുടെ മുന്നിൽ കസ്റ്റമേർസുണ്ട് . എങ്ങോട്ട് പോകണം .. ആരോട് പറയണം .. ” എസ്ക്യൂസ്മി മാഡം … എന്താ വേണ്ടത് .. ” തന്നോടാണ് .. റോസ് ഷർട്ടും കറുത്ത പാൻ്റും ധരിച്ച സുമുഖനായ ചെറുപ്പക്കാരൻ മുന്നിൽ നിൽക്കുന്നു . അവനെവിടെ നിന്നാണ് വന്നതെന്ന് കണ്ടില്ല .. ”

എനിക്ക് ഗോൾഡ് വിൽക്കാനാ ..” ” മാറ്റി വാങ്ങാനാണോ മാഡം … ” മാഡം എന്ന് ആവർത്തിച്ചു വിളിച്ചത് ഔപചാരികതയുടെ പുറത്താകാം .. അവൻ്റെ മുഖത്തെ കൗതുകം തെളിഞ്ഞു കാണാം .. ” അല്ല .. വിറ്റാൽ മതി .. ൻ്റെ അച്ഛൻ മെഡിക്കൽ കോളേജിൽ കിടക്കുവാ . ഒരു സർജറിയുണ്ട് .. പണം അത്യാവശ്യ .. കൈയിലുള്ള ഗോൾഡ് വിൽക്കണം. .” അത്രയും പറയുമ്പോൾ എന്തിനെന്നറിയാതെ തൊണ്ടയിടറിപ്പോയി . അവൻ അതിശയത്തോടെ അവളെ നോക്കി നിന്നു …..( തുടരും ) അമൃത അജയൻ അമ്മൂട്ടി

ഋതുസംക്രമം : ഭാഗം 17

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!