സ്‌നേഹതീരം: ഭാഗം 10

സ്‌നേഹതീരം: ഭാഗം 10

എഴുത്തുകാരി: ശക്തികലജി

“ഈ അമ്മയോട് ക്ഷമിക്ക് മോളെ ” എന്നമ്മ പറഞ്ഞതും ഞാൻ തിരിഞ്ഞ് എൻ്റെ കൈകൾ കൊണ്ട് അരുത് എന്ന് പറഞ്ഞു കൊണ്ട് തോളിൽ മുഖം ചേർത്ത് കരഞ്ഞു… ഗിരിയേട്ടൻ്റെ അമ്മയും വന്നു കെട്ടിപ്പിടിച്ച് കരഞ്ഞു തുടങ്ങി.. ഗിരിയേട്ടൻ വന്ന് നോക്കുമ്പോൾ എല്ലാരും കൂട്ട കരച്ചിലാണ്… ” അതേയ് ആ അടുപ്പിലുള്ളത് കൂടി നോക്കണേ” എന്ന് ഗിരിയേട്ടൻ പറഞ്ഞപ്പോഴാണ് തിരിഞ്ഞ് നോക്കിയത്… സവോള കരിഞ്ഞ മണം വന്നു തുടങ്ങിയിരുന്നു… .ഞാൻ എന്തുചെയ്യണമെന്നറിയാതെ നിന്നത് കണ്ടത് കൊണ്ടാവണം ഗിരിയേട്ടൻ ഓടി വന്ന് അടുത്തു കിടന്ന ഒരു തുണി എടുത്ത് അടുപ്പിൽ ഇരുന്ന ചട്ടി എടുത്തു മാറ്റി വെച്ചു ..

അടുപ്പ് കുറച്ച് തീ ആളി കത്തിയത് കൊണ്ടാവണം സവോള കുറച്ചുഭാഗം കരിഞ്ഞു പോയിരുന്നു .. അമ്മയെ കണ്ട സന്തോഷത്തിൽ സവോള അടുപ്പിൽ ഇരുന്ന കാര്യം മറന്നു പോയി… അമ്മയ്ക്ക് വിഷമമായി .. “ഞാൻ വന്നത് കാരണം അല്ലേ “എന്ന് പറഞ്ഞ് വിഷമം പറഞ്ഞപ്പോൾ ഞാൻ പറഞ്ഞു “അമ്മയെ കണ്ടതിനേക്കാൾ സന്തോഷം വേറെ ഒന്നുമില്ല.. അതിൽ ഇച്ചിരി സവാള അല്ലേ കരിഞ്ഞുള്ളു കുഴപ്പമില്ല ” ഞാൻ ശരിയാക്കി കൊടുത്തോളാം… ഇവിടെ ഇരുന്നേ എനിക്ക് ഒരുപാട് കാര്യങ്ങൾ സംസാരിക്കാനുണ്ട് …ഒത്തിരി കാര്യങ്ങൾ പറയാനുമുണ്ട് ” എന്ന് ഞാൻ അമ്മയെ കസേരയിൽ പിടിച്ചിരുത്തി.. ഗിരിയേട്ടൻ കരിഞ്ഞ ചട്ടിയിലേക്ക് മുഖമടുപ്പിച്ച് മണത്തി നോക്കുകയാണ്…. പുക കൊണ്ട് ചുമയും തുടങ്ങി…

ചുമച്ചത് കൊണ്ടാവണം വേദന കൊണ്ട് കണ്ണും നിറഞ്ഞു… “എന്തിനാ ഇങ്ങനെ ചട്ടിയിൽ കമഴ്ന്നു കിടക്കുന്നേ ” എങ്ങനെ നോക്കിയാലും കരിഞ്ഞത് കരിഞ്ഞത് തന്നെയാണ് “ഞാൻ വിഷമത്തോടെ പറഞ്ഞു… “എന്നാലും ചന്ദ്രാ ഈ കരിഞ്ഞ സവാള കൊണ്ട് മസാല ഉണ്ടാക്കിയാൽ കുഴപ്പമുണ്ടോ .. കുറച്ച് ഉരുളക്കിഴങ്ങ് കൂടുതൽ ഇട്ടാൽ കരിഞ്ഞത് അറിയില്ല… ആളുകൾക്ക് പ്രശ്നമില്ലായിരിക്കും “എന്ന് ഗിരിയേട്ടൻ പറഞ്ഞപ്പോൾ ഞാൻ രൂക്ഷമായി ഒന്ന് നോക്കി “ഞാൻ എന്നാൽ കരിഞ്ഞ സവാളയിട്ട് ഗിരിയേട്ടന് ഉണ്ടാക്കി തരാം ..കഴിച്ചിട്ട് അഭിപ്രായം പറഞ്ഞാൽ മതി.. എന്തായാലും ബേക്കറിയിലേക്ക് കൊടുക്കാൻ ഇത് എടുക്കുന്നില്ല … അവിടെ കൊടുക്കുമ്പോൾ നല്ലത് കൊടുക്കണ്ടേ…

എന്നാലേ അടുത്ത ദിവസവും ഓർഡർ കിട്ടു……പക്ഷേ അതിനെ കളയാൻ പറ്റുമോ .. കോഴിയോ വല്ലതും ഉണ്ടായിരുന്നെങ്കിൽ അത് ഇട്ടു കൊടുക്കാമായിരുന്നു ” എന്ന് ഞാൻ പറഞ്ഞു “അത് സാരമില്ല നമുക്ക് ഒരു പത്തിരുപത് കോഴി അങ്ങ് മേടിക്കാം …ഇവിടെ വേസ്റ്റ് എല്ലാം അതിനെ ഇട്ടു കൊടുക്കാമല്ലോ ‘എന്ന് ഗിരീയേട്ടൻ പറഞ്ഞപ്പോൾ ” ശരിയാണ് അത് നല്ല ഐഡിയ ആണ്.. ഇവിടെ വരുന്ന വേസ്റ്റ് ഇട്ടുട്ടു കൊടുത്താൽ കോഴിയും നന്നാവും വേസ്റ്റ് കൊണ്ട് എവിടെ കൊണ്ട് കളയുമെന്ന് ടെൻഷനും വേണ്ട നല്ലൊരു അഭിപ്രായമാണ് സ്വികരിച്ചിരിക്കുന്നു” എന്ന് ഞാൻ ചിരിയോടെ പറഞ്ഞു.. അമ്മയെ എൻ്റെ അടുത്ത് അടുക്കളയിൽ തന്നെ ഒരു കസേരയിട്ട് ഇരുത്തി … വിധുവേട്ടൻ കൂടെ അടുക്കളയിലേക്ക് വന്നു…..

അമ്മയെ കൊണ്ടുവിടാൻ വേണ്ടി വന്നതാണ് അധികനേരം നിന്നില്ല ഉടനെ തിരിച്ചു പോണം എന്ന് പറഞ്ഞ് ധൃതി കാണിച്ചു…ചായ ഇട്ടു തരാം എന്ന് പറഞ്ഞിട്ടുo വേണ്ട എന്ന് പറഞ്ഞ് ഇറങ്ങി കഴിഞ്ഞിരുന്നു….. തൽക്കാലം കരിഞ്ഞ ചട്ടിഎടുത്തു മാറ്റി വച്ചു.. വേറെ സവോള എടുത്ത് അരിഞ്ഞ് തുടങ്ങി… കൂടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു …മനസ്സിലെ സന്തോഷവും വിഷമവും എല്ലാം കൂടി ഉള്ള ഒരു അവസ്ഥയുടെ ഫലമാണോ എന്നറിയില്ല… കഥകൾ പറയുന്നതിനിടയിൽ അമ്മ എല്ലാം കേട്ടുകൊണ്ടിരുന്നു പണ്ടൊക്കെ അമ്മ ഞാനെന്തു പറഞ്ഞാലും തിരിച്ചും അതേപോലെ തർക്കുത്തരം പറഞ്ഞ് എൻ്റെ വായടപ്പിക്കുമായിരുന്നു ..പക്ഷേ ഇപ്പോൾ ഞാൻ പറയുന്നത് മാത്രം അമ്മ കേൾക്കുകയാണ്…

ഗിരിയേട്ടൻ്റെ അമ്മയും കേട്ടുകൊണ്ടിരിക്കുന്നത് കൊണ്ട് വേദനിപ്പിക്കുന്ന പഴയ കാര്യങ്ങൾ പറയാതിരിക്കാൻ ശ്രദ്ധിച്ചു.. ഗിരിയേട്ടൻ ഹാളിൽ ഇരുന്ന് കേൾക്കുന്നുണ്ട്: ഇടയ്ക്ക് ഞാൻ പറയുന്നതിന് എല്ലാം അവിടെ ഇരുന്നു തർക്കുത്തരം പറയുന്നുണ്ട് .. ഞാൻ അതിനു മറുപടി ഇവിടെ നിന്നുകൊണ്ട് തന്നെ പറഞ്ഞു.. അവിടെ ചെന്ന് പറയണമെന്നുണ്ടായിരുന്നു എങ്കിലും വീണ്ടും എന്തെങ്കിലും കരിഞ്ഞു പോകുമോ എന്നതുകൊണ്ട് അടുക്കളയിൽ നിന്ന് കൊണ്ട് തന്നെ മറുപടി പറഞ്ഞു .. ഉഴുന്ന് അരയ്ക്കാൻ ഇട്ടു.. ഞാൻ അരിഞ്ഞ് കഴിഞ്ഞപ്പോഴേക്ക് അമ്മ കരിഞ്ഞതെല്ലാം കളഞ്ഞിട്ട് പത്രം കഴുകി അടുപ്പിൽ വെച്ച് എണ്ണ ഒഴിച്ചിരുന്നു.

സവാളയും ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും കാരറ്റും കറിവേപ്പിലയും ഇട്ടു വഴറ്റി… മസാല കൂട്ടും ചേർത്ത് ഇളക്കി.. ഉപ്പ് ചേർത്തു.. വേവിച്ച് വച്ച ഉരുളകിഴങ്ങും പട്ടാണിയും ചേർത്തിളക്കി മസാല കൂട്ട് തയ്യാറാക്കി… അവസാനം മല്ലിയില ചേർത്ത് ചൂടോടെ അടച്ചു വച്ചു… നല്ല കൊതിപ്പിക്കുന്ന മണം എങ്ങും പരന്നു .. മണം പരന്നു തുടങ്ങിയപ്പോൾ ഗിരിയേട്ടൻ വീണ്ടും അടുക്കള വാതിൽക്കൽ വന്നു “എന്തായി ഉടനെ എങ്ങാനും റെഡി ആകുമോ .. എന്നിട്ട് വേണം എനിക്ക് ഒന്ന് ടെസ്റ്റ് ചെയ്യാൻ “. എനിക്കാണേൽ സമോസ ഒത്തിരി ഇഷ്ട്ടമാ… അതു കൊണ്ടാ കരിഞ്ഞ് പോയപ്പോൾ വിഷമം വന്നത്…. എന്തായാലും ശരിയാക്കിയെടുത്തല്ലോ… ഒരു കൈ നോക്കി കളയാം ” എന്ന് ഗിരിയേട്ടൻ കൊതിയോടെ പറഞ്ഞു..

“രാവിലേ ഗിരിയേട്ടൻ പറഞ്ഞല്ലോ കഞ്ഞി മാത്രമേ കുടിക്കാൻ പറ്റൂ എന്നല്ലേ .. എന്നിട്ട് സമൂസ കഴിക്കാനുള്ള ആഗ്രഹം.. പല്ലുവേദന ഭേദമാകട്ടെ “എന്ന് ഞാൻ കളിയാക്കിയപ്പോഴും ഗിരിയേട്ടൻ എന്നെ നോക്കി കണ്ണുരുട്ടി .. “ഓ.. എനിക്ക് വേണ്ടായേ ” എന്ന് പറഞ്ഞ് മുഖം തിരിച്ച് നടന്നു.. പോകുന്നതിൻ്റെയിടയ്ക്കും തിരികെ വിളിക്കും എന്ന പ്രതീക്ഷയിൽ തിരിഞ്ഞ് നോക്കുന്നുണ്ട്… എൻ്റെ മുഖത്ത് വിഷമം തെളിഞ്ഞു കണ്ടത് കൊണ്ടാവണം ഗിരിയേട്ടൻ്റെ അമ്മ എൻ്റെ കൈയ്യിൽ പിടിച്ചു.. “സാരമില്ല… ചില സമയത്ത് കൊച്ചു കുട്ടികളുടെ സ്വഭാവമാ.. ചന്ദ്ര കൊണ്ടു കൊടുത്താൽ മതി… പിന്നെ പിണക്കമൊക്കെ മറന്നു പോകും” ഗിരിയേട്ടൻ്റെ അമ്മ ചിരിയോടെ പറഞ്ഞു…

“ശരി” എന്ന് പറഞ്ഞു കൊണ്ട് മൈത മാവ് കുഴച്ച് പരത്തി ചട്ടിയിൽ ഇട്ട് വാട്ടിയെടുത്തത് കോൺ ആക്കി മസാല നിറച്ചു വശം അമർത്തി ഒട്ടിച്ചു ഓരോന്നായി തിളച്ച എണ്ണയിൽ തിരിച്ചും മറിച്ചും ഇട്ട് എടുക്കുന്നത് രണ്ട് പേരും നോക്കിയിരുന്നു… ആദ്യം ഉണ്ടാക്കിയത് രണ്ട് പേർക്കും ഒരു പ്ലേറ്റിൽ എടുത്ത് അവർക്ക് മുൻപിൽ വച്ച് കൊടുത്തു… രണ്ടു പേരും ആസ്വദിച്ച് കഴിക്കുന്നുണ്ടായിരുന്നു.. ഞാൻ സമോസ ഉണ്ടാക്കി കഴിഞ്ഞപ്പോഴേക്ക് അമ്മ ഉഴുന്ന് അരച്ച് വടയ്ക്കുള്ളത് റെഡിയാക്കിയിരുന്നു… കവറിൽ എണ്ണ പുരട്ടി വട മാവ് കൈയ്യിൽ എടുത്ത് വച്ച് ഓട്ടയിട്ട് ഓരോന്നായി എണ്ണയിൽ ഇട്ട് എടുത്തു… ഒന്നര മണിക്കൂർ എടുത്തു എല്ലാ ജോലിയും ഒതുക്കി കൊണ്ടുപോകാനായി പായ്ക്ക് ചെയ്തു വച്ചു..

“അമ്മേ ഞാൻ ഗിരിയേട്ടന് കൊണ്ടു കൊടുക്കട്ടെ… “പിണങ്ങി പോയതല്ലേ ” എന്ന് പറഞ്ഞ് ഒരു പ്ലേറ്റിൽ വടയും സമോസയും എടുത്ത് മുകളിലത്തെ മുറിയിലേക്ക് നടന്നു…. മുറിയിൽ ചെന്നപ്പോൾ ഗിരിയേട്ടൻ കട്ടിലിൽ കിടക്കുന്നത് കണ്ടു… വലത് കൈ കണ്ണിന് കുറുകെ വച്ചിട്ടുണ്ട് .. ഞാൻ തിരിഞ്ഞ് കതകിൽ കൊട്ടി ശബ്ദമുണ്ടാക്കി.. കതകിൽ കൊട്ടുന്ന ശബ്ദം കേട്ടതും ഗിരിയേട്ടൻ കണ്ണിന് കുറുകെ വച്ചിരുന്ന കൈ മാറ്റി നേരെയിരുന്നു… ആ മിഴികളിൽ നനവ് പടർന്നിരിക്കുന്നത് കണ്ടു.. “എന്ത് പറ്റി ” ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല… “ഓ… കണ്ണിൽ ഒരു കരട് പോയതാ.. ഇന്നത്തോടെ എല്ലാം മാറി ” എന്ന് ഗിരിയേട്ടൻ പറയുന്നത് മനസ്സിലായില്ല എന്ന ഭാവത്തിൽ ഞാൻ നിന്നു…

ഞാൻ ടീപ്പോ വലിച്ച് മുൻപിലേക്കിട്ടു കൈയ്യിലിരുന്ന പലഹാരം ഉള്ള പ്ലേറ്റ് അതിൽ വച്ചു.. മുഖo കണ്ടിട്ട് എന്തോ വല്യ വിഷമം ഉണ്ട് എന്ന് തോന്നിയത് കൊണ്ട് ഒന്നും ചോദിക്കാനും പറയാനും നിന്നില്ല… ഞാൻ വേഗം തിരിഞ്ഞ് നടന്നു… പടികൾ ഇറങ്ങി താഴെയെത്തുo മുന്നേ മുകളിൽ നിന്ന് കയ്യടിക്കുന്ന ശബ്ദം കേട്ട് തിരിഞ്ഞ് നോക്കി… “കൊള്ളാംട്ടോ.. ഞാൻ ഇത്രയ്ക്ക് പ്രതീക്ഷിച്ചില്ല… ഇങ്ങ് വാ ആദ്യത്തെ കൈനീട്ടം എൻ്റേൽ നിന്ന് വാങ്ങിക്കോ.” എന്ന് ഗിരിയേട്ടൻ ഉറക്കെ വിളിച്ചു പറഞ്ഞു… സന്തോഷം തോന്നി… ഞാൻ ഒറ്റ ഓട്ടത്തിന് ഗിരിയേട്ടൻ്റെ അരികിൽ എത്തി.. ” ഇനിയും ഒരുപാട് കിട്ടട്ടെ “.. കിട്ടും എനിക്ക് ഉറപ്പാ….. തൻ്റെ അധ്വാനത്തിന് ഉറപ്പായും പ്രതിഫലം കിട്ടുo ” എന്ന് പറഞ്ഞ് അമ്പത്തിയൊന്ന് രൂപ എൻ്റെ കൈയ്യിൽ വച്ചു തന്നു…

മനസ്സിലെ സന്തോഷം കൊണ്ട് ഞാനാ കൈകളിൽ മുറുകെ പിടിച്ചു.. ഒരു നിമിഷം ഗിരിയേട്ടൻ്റെ മിഴികൾ തമ്മിൽ കോർത്തതും ഞാൻ മുഖം താഴ്ത്തി നിന്നു.. മനസ്സിലെ പതർച്ച പ്രകടിപ്പിക്കാതെ സന്തോഷം പുഞ്ചിരിയായി നൽകി കൊണ്ട് ഞാൻ അമ്മയുടെ അടുത്തേക്ക് ഓടുമ്പോൾ ഞാൻ ഒരു കൊച്ചു കുട്ടിയായത് പോലെ തോന്നി.. “ദാ അമ്മേ ആദ്യം കിട്ടിയ പൈസ… ഗിരിയേട്ടൻ തന്നതാണ്.. ഞാനിത് സൂക്ഷിച്ച് വയ്ക്കും” എന്ന് ഞാൻ പറഞ്ഞപ്പോൾ അമ്മയുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.. “നിന്നെയോർത്ത് ഒത്തിരി വിഷമിച്ചിരുന്നു.. എങ്ങനെ ജീവിക്കുമെന്നോർത്ത്… വിധു എന്നെ ഇവിടെ കൊണ്ടുവിട്ടത് രണ്ടു ദിവസം ഇവിടെ നിന്നിട്ട് നിൻ്റെ മനസ്സ് മാറ്റി വീട്ടിലേക്ക് വിളിച്ച് കൊണ്ട് വരാനാണ്…

അവന് നല്ല വിഷമമുണ്ട്… പക്ഷേ ഇവിടെ നിന്നെ കണ്ടപ്പോൾ എനിക്ക് നിന്നെയോർത്ത് പേടിക്കണ്ട ആവശ്യമില്ല എന്ന് മനസ്സിലായി….”… ആരേയും ആശ്രയിക്കാതെ ജീവിക്കാൻ എൻ്റെ മോൾ പഠിച്ചിരിക്കുന്നു… “എനിക്ക് സമാധാനമായി “അമ്മ എന്നെ ചേർത്ത് പിടിച്ച് നെറുകയിൽ ചുംബിച്ചപ്പോൾ ഞാൻ കൊച്ചു കുട്ടിയെ പോലെ അമ്മയോട് ചേർന്നു നിന്നു… “എല്ലാം ഈ ഏഴു വർഷം കൊണ്ട് അനുഭങ്ങളിലൂടെ പഠിച്ചു…. ജീവിതം എന്നെ പഠിപ്പിച്ചു ” ഞാനൊരു മന്ത്രം പോലെ പറഞ്ഞതും അമ്മ എന്നെ ഒന്നൂടി ചേർത്തു പിടിച്ചു…. “എനിക്കും ഇഷ്ട്ടപ്പെട്ടു.. സമയം വൈകാതെ എല്ലാം കൊണ്ടു കൊടുക്കു… ടൗൺ വരെ പേകണ്ടെ”.

എന്ന് ഗിരിയേട്ടൻ്റെ അമ്മ ഓർമ്മിപ്പിച്ചു.. “ശരി.. ഞാൻ വേഗം ഒന്ന് റെഡിയായിട്ട് വരാം ” എന്ന് പറഞ്ഞ് ഞാൻ മുറിയിലേക്ക് പോയി.. ചുരിദാർ മാറി വന്നു.. കൊണ്ടുപോകാനുള്ള പൊതി സൈക്കിളിൽ കെട്ടിവച്ചു.. രണ്ടു പേരോടും യാത്ര പറഞ്ഞ് ടൗൺ ലക്ഷ്യമാക്കി സൈക്കിൾ ചവിട്ടി.. കൈയ്ക്ക് ഇപ്പോഴും വേദനയുണ്ട്.. വേദന സഹിച്ച് മുൻപോട്ട് പോയി.. ബേക്കറിയുടെ മുൻപിൽ സൈക്കിൾ നിർത്തി.. സൈക്കിൾ ഒതുക്കി നിർത്തി.. ബേക്കറിയിലെ ആൾ പരിചയ ഭാവത്തിൽ ചിരിച്ചു.. മറുപടിയായി ഞാനും പുഞ്ചിരിച്ചു കൊണ്ട് സൈക്കിളിലെ കെട്ടഴിച്ചു.. ” പൊതി കടയിലെ പിള്ളേരെടുത്തോളും.. പിന്നെ ഇന്നത്തെ ആളുകളുടെ അഭിപ്രായം അനുസരിച്ചിരിക്കും നാളത്തെ ഓർഡർ…

ദാ ഇതാ ഈ കാർഡിൽ ഉണ്ട് നമ്പർ… നാളെ രാവിലെ വിളിച്ച് ചോദിച്ചാൽ മതി… നാളത്തെ ഓർഡർ വേണോ വേണ്ടയോന്ന് പറയാം.. പിന്നെ ഇന്നത്തെ പൈസ കൈയ്യിൽ തന്നേക്കാം” എന്ന് പറഞ്ഞ് അയാൾ എൻ്റെ നേരെ കാർഡ് നീട്ടി.. ശരിയെന്ന് പറഞ്ഞ് ഞാനാ കാർഡ് കൈയ്യിൽ വാങ്ങി ഒരു വശത്തേക്ക് ഒതുങ്ങി നിന്നു… ഞാൻ ചുറ്റും നോക്കി..നല്ല തിരക്കുള്ള ബേക്കറിയാണ്…. കടയിലെ ജോലിക്കാരൻ പയ്യൻ വന്നു സൈക്കിളിലെ പൊതി എടുത്തു കൊണ്ട് അകത്ത് പോയി.. .. എണ്ണി തിട്ടപ്പെടുത്തി ഒരു പേപ്പറിൽ എഴുതി കൊടുക്കുന്നത് കണ്ടു… എന്നെ അകത്തേക്ക് വരാൻ കൈകാണിച്ചു.. ഞാൻ അകത്തേക്ക് കയറി ചെന്നു.. ഞാനുണ്ടാക്കിയ സമോസയും വടയും ബേക്കറിയിലെ മറ്റു പലഹരങ്ങൾക്കൊപ്പം സ്ഥാനം പിടിച്ചിരിക്കുന്നു.. അത് കണ്ടപ്പോൾ സന്തോഷം തോന്നി….. ”

ഇവിടെ വടയും സമോസയുമൊക്കെ പത്തു രൂപയ്ക്കാ…. ഇതിപ്പോ നാൽപ്പത് വടയും നാൽപ്പത് സമോസയും ഉണ്ട്…. ഏഴ് രൂപ വച്ച് തരാം പോരെ….. ഇതാ പൈസാ.. പിന്നെ നല്ലഭിപ്രായമാന്നേൽ കൂടുതൽ പറയാം.” എന്ന് പറഞ്ഞ് അയാൾ പൈസ തന്നു… ഞാൻ തൊഴുതു കൊണ്ട് പൈസാ വാങ്ങിയത് കണ്ട് അയാൾ ചിരിച്ചു… മനസ്സിൽ സന്തോഷം തോന്നി… അമ്മ വന്ന ദിവസം തന്നെ പലഹാരം ഉണ്ടാക്കി കാണിക്കാൻ പറ്റിയല്ലോ……. കിട്ടിയ പൈസ സൂക്ഷിച്ച് പേഴ്സിൽ വച്ചു… ആ സന്തോഷത്തോടെ തിരികെ സൈക്കിൾ ചവിട്ടി…. വീടിൻ്റെ മുറ്റത്തെത്തുമ്പോൾ വേദന നിറഞ്ഞ ചിരിയോടെ അമ്മ കാത്തു നിൽക്കുന്നുണ്ടായിരുന്നു…..തുടരും

സ്‌നേഹതീരം: ഭാഗം 9

Share this story