അത്രമേൽ: ഭാഗം 3

അത്രമേൽ: ഭാഗം 3

എഴുത്തുകാരി: ശ്രുതി കൃഷ്ണ

“ദർശേട്ടാ നമുക്കൊരു സെൽഫി എടുക്കാം…” അവന്റെ കയ്യെടുത്ത് തന്റെ തോളിലൂടെ പിടിപ്പിച്ച ഉടനെ വർഷ തന്റെ ഫോണുയർത്തിപ്പിടിച്ചു….ഫോട്ടോ ക്ലിക്ക് ചെയ്തു… “ശേ… ദർശേട്ടന്റെ നോട്ടം ശെരിയായില്ല…” ഫോട്ടോ നോക്കിക്കൊണ്ട് വർഷ മതിപ്പില്ലാതെ പറഞ്ഞു… അപ്പോഴും അവന്റെ നോട്ടം ഇത്തിരി മാറി നിൽക്കുന്ന ഗോപുവിലായിരുന്നു… മുന്നോട്ടു വീണുകിടക്കുന്ന മുടിയിഴകളിൽ വിരലിട്ട് പിരിച്ചവൾ ദൂരെ മാറി കടൽവെള്ളത്തിൽ കളിച്ചാർമാദിക്കുന്ന കുട്ടികളെ നോക്കിക്കൊണ്ടിരുന്നു… അവരുടെ കളികണ്ടു ആ ചൊടികളിൽ നേർത്തൊരു പുഞ്ചിരി തത്തിക്കളിച്ചു…

ഇടയ്ക്കിടെ കാറ്റിൽ പറക്കുന്ന തന്റെ മുടിനാരുകളെ ചെവിക്കുള്ളിലേക്ക് വകഞ്ഞു വയ്ചവൾ ഗൗരവത്തോടെ അവന്റെ നേരെ നോട്ടമയച്ചു… അവനും അങ്ങോട്ട് നോക്കുന്നത് കണ്ട് വെപ്രാളപ്പെട്ട് മുഖം തിരിച്ചു… ഇത്തിരി നേരം ഇത്‌ തന്നെ തുടർന്നപ്പോൾ അവന് ചിരിപൊട്ടി… മെല്ലെ അവൾക്കടുത്തേക്ക് നീങ്ങി നിന്നു… “ഗോപു ദചേട്ടനോട് പിണങ്ങിയോ?” ചിരിച്ച മുഖത്തോടെ അവൻ ചോദിച്ചതും പെണ്ണിന്റെ സങ്കടമെല്ലാം കടൽക്കാറ്റിനൊപ്പം എങ്ങോ പാറിപ്പോയ്… “ഗോപു പിണങ്ങിലല്ലോ… ദചേട്ടനല്ലേ ഗോപുനോട് പിണങ്ങിയത്?” മുഖം വീർപ്പിച്ചവൾ പറഞ്ഞതും അവൻ മുഖത്ത് ഗൗരവം വരുത്തി.. “ആഹ്… കള്ളം പറയുന്നത് ദച്ചേട്ടന് ഇഷ്ടല്ലാ… അങ്ങനെയുള്ളവരുമായി കൂട്ടുമില്ല…”

“അതിന് ഗോപു കള്ളമൊന്നും…” പറഞ്ഞത് മുഴുമിപ്പിക്കാനാവാതെ അവൾ അടുത്ത് നിന്ന് കണ്ണുരുട്ടുന്ന വർഷയെ നോക്കി… “ഇനി കള്ളമൊന്നും പറയരുത് കേട്ടോ… അതൊക്കെ ചീത്ത കുട്ടികളുടെ ലക്ഷണാ… ഗോപുസ് നല്ല കുട്ടിയല്ലേ…” മറുത്തൊന്നും പറയാതെ അതേയെന്നവൾ തലയാട്ടി… അപ്പോൾ ഫ്രണ്ട്‌സ്?… അവൻ നീട്ടിയ വലതുകൈ തന്റെ ഇരു കൈ കൊണ്ടും പൊതിഞ്ഞു പിടിച്ചവൾ പൊട്ടിച്ചിരിച്ചു… “എന്നാൽ ഗോപു പോയി കാല് നനയ്ക്കട്ടെ…” കൊഞ്ചിക്കൊണ്ട് ചോദിച്ചവൾ അവന്റെ സമ്മതത്തിനായി കാത്തു നിന്നു… “ഗോപുന് കടല് പേടിയില്ലേ…” അവളുടെ മുഖത്തിനു നേരെ കുനിഞ്ഞു നിന്നവൻ ചോദിച്ചപ്പോൾ നിറഞ്ഞ ചിരിയോടെ ഇല്ലെന്നവൾ തലയാട്ടി…

“ഗോപുനെ… ഒത്തിരി ഒത്തിരി ഇഷ്ടാണല്ലോ… ദചേട്ടനേം കടലിനേം.. ” കാല് നനയ്ക്കാനായി പാവാടയുയർത്തിപ്പിടിച്ചവൾ കടൽക്കരയിലേക്ക് ഓടി…അവളുടെ പാദങ്ങൾ നനയ്ക്കാനായി ഇരച്ചെത്തി അവസാനം പിടികിട്ടാതായപ്പോൾ മണൽ തരികളിൽ അവശേഷിച്ച കാൽപ്പാടുകളെ മായ്ച്ചു കളഞ്ഞു പരിഭവത്തോടെ തിരിഞ്ഞോടുന്ന തിരമാലകളെ കളിയാക്കിയവൾ ആർത്തു ചിരിച്ചു….. തിരകൾക്ക് പിടികൊടുക്കാതെ ഓടിമറയുന്ന അവളെ അവൻ ഇത്തിരി നേരം നോക്കി നിന്നു…പിന്നേ വർഷയ്‌ക്കരികിലായി ചെന്ന് വെറും പൂഴിമണ്ണിലേക്ക് ഇരുന്നു…. “നോക്കിക്കേ ദർശേട്ടാ…

ഇപ്പൊ തന്നെ എത്ര ലൈക്സും കമന്റ്സുമാ കിട്ടിയതെന്നറിയുമോ…” അവന്റെ നേരെ ഫോൺ നീട്ടിപ്പിടിച്ചവൾ സന്തോഷത്തോടെ പറഞ്ഞു… “നീയ് അപ്പോഴേക്കും അത് ഫേസ്ബുക്കിൽ പോസ്റ്റ്‌ ചെയ്തോ..? വേണ്ടിയിരുന്നില്ല… എനിക്ക് ഈ വക ഏർപ്പാടുകളോടൊന്നും ഇഷ്ടമില്ല…” “ആഹ് അതെനിക്ക് തോന്നി… ഞാൻ വെറുതെ ദർശേട്ടന്റെ പേര് വയ്ച്ചു സെർച്ച്‌ ചെയ്ത് നോക്കിയിരുന്നു… കുറച്ച് നാൾ മുൻപ്.. കാണാതിരുന്നപ്പോൾ എനിക്ക് മനസ്സിലായി അക്കൗണ്ട് ഇല്ലെന്ന്… അല്ലെങ്കിൽ തന്നെ വാട്സ്ആപ്പിൽ ഒരു മെസ്സേജ് അയച്ചാൽ തന്നെ എത്ര ദിവസം കാക്കണം മറുപടി കിട്ടാൻ….” അവൾ പരിഭവത്തോടെ പറഞ്ഞപ്പോൾ അവൻ വെറുതെ ചിരിച്ചു…

“എനിക്ക് ജോലിത്തിരക്കല്ലേ…ഒരു നല്ല ഡോക്ടറായി പേരെടുക്കാൻ ഇത്തിരി കഷ്ടപ്പെടേണ്ടി വരും…പിന്നേ ഒരുപാടകലെയുള്ള സൗഹൃദങ്ങളെക്കാൾ വിളിപ്പുറത്തെത്തുന്ന സൗഹൃദങ്ങളോടാണ് എനിക്ക് എന്നും ഇഷ്ടം…” അവന്റെ മറുപടിയിൽ തൃപ്തിയില്ലെങ്കിൽ കൂടി അത് ഉണ്ടെന്നവൾ മുഖഭാവത്തിൽ വരുത്തി… മതിപ്പുള്ള പോലെ വെറുതെ അവനെയൊന്നു നോക്കി… “ദർശേട്ടാ….” “മ്മ്?” “എന്ത് രസാല്ലേ ഇവിടെ?… നമ്മുടെ പ്രീ വെഡിങ് ഷൂട്ട്‌ ഇവിടെ വയ്ച്ചു മതി…” സന്തോഷത്തോടെ അവന്റെ കൈക്കുള്ളിലൂടെ കയ്യിട്ട് പറയുന്ന അവളെ അവൻ അമ്പരപ്പോടെ നോക്കി…

“ന്യൂ ജനറേഷന്റെ എല്ലാ ലക്ഷണങ്ങളും തികഞ്ഞു നിൽക്കുവാണല്ലേ നീ… ഇമ്മാതിരി പേ കൂത്തുകളൊന്നും എനിക്ക് ഇഷ്ടല്ല… രജിസ്റ്റർ ഓഫീസിൽ വച്ചു ഒപ്പിട്ട് പരസ്പരം ഹാരമണിഞ്ഞൊരു വിവാഹം.അത്രേ ഉളളൂ എന്റെ സങ്കല്പം… പിന്നേ അമ്മ നിർബന്ധിച്ചപ്പോൾ അമ്പലത്തിൽ വയ്ച്ചു ചെറിയൊരു ചടങ്ങായി നടത്തിയാൽ മതിയെന്ന് പറഞ്ഞിട്ടുണ്ട്… പിന്നേ അടുപ്പക്കാർക്ക് ചെറിയൊരു സദ്യയും… അത് മതി… അതിനപ്പുറം ഒരു മനക്കോട്ടയും കെട്ടേണ്ട…” ഗൗരവത്തിലുള്ള അവന്റെ സംസാരം അവളെ തെല്ലൊന്നു ചൊടിപ്പിച്ചു… ഇത്തിരി നേരം അവർക്കിടയിൽ മൗനം തളംകെട്ടി…

ഗോപുവിന്റെ ചലനങ്ങളെ വാത്സല്യത്തോടെ ഒപ്പിയെടുക്കുന്ന അവനെ നോക്കിയവൾ പല്ലിറുമ്മി…ഗോപുവിന്റെ നോട്ടവും ഇടയ്ക്ക് ഇങ്ങോട്ട് പാളി വീഴുന്നതറിഞ്ഞവൾ അവനോട് ഇത്തിരി ചേർന്നിരുന്നു… പതിയെ ആ തോളിലേക്ക് തല ചായ്ച്ചു… കടൽക്കരയിലൂടെ ഓടിത്തിമർത്തപ്പോൾ ഗോപു വല്ലാതെ വിയർത്തു…ഒരു കൈ ഇടുപ്പിലൂന്നി മറുകൈ കൊണ്ട് നെഞ്ചിൽ തടവിയവൾ ശ്വാസഗതി നിയന്ത്രിച്ചു…ഇടയ്ക്ക് തിരിഞ്ഞു നോക്കിയപ്പോൾ ദർശനന്റെ തോളിൽ തലചായ്ച്ചു അസ്തമയം കാണുന്ന വർഷയെ കണ്ടു… ഒരു കുഞ്ഞ് കുശുമ്പ് അവളുടെയുള്ളിൽ മുള പൊട്ടി…

വീണ്ടും നോക്കെത്താ ദൂരത്തു പരന്നു കിടക്കുന്ന കടലിലേക്ക് മിഴി നീട്ടിയവൾ ചുണ്ട് കൂർപ്പിച്ചു…അസ്തമയമറിഞ്ഞു തിരികെയെത്തുന്ന ചെറു തോണികളെ പൊട്ട് പോലെ കാൺകെ കണ്ണ് വിടർത്തി നോക്കി… ഇടയ്ക്കെപ്പോഴോ തെല്ലകലെ പട്ടം പറത്തുന്ന കുട്ടികളിലേക്കു ശ്രദ്ധ തിരിഞ്ഞുപോയി…പതിയെ കുട്ടികളിലെ ആവേശം അവളിലേക്കും പടർന്നു… രണ്ടു കൈകളും അമർത്തി കൊട്ടിയവൾ തുള്ളിചാടി… അവളുടെ മനസ്സും ഒരു പട്ടം പോലെ പാറിപ്പറന്നു….നിലയില്ലാത്ത… നൂലില്ലാത്ത… അവന് ചുറ്റും സഞ്ചാരപാത തിരഞ്ഞെടുത്ത വർണപ്പട്ടം…

തിരിച്ചുള്ള യാത്രയിൽ ദർശനോട് വാതോരാതെ പറയാൻ ഗോപുവിന് ഒത്തിരി വിശേഷങ്ങൾ ഉണ്ടായിരുന്നു…എല്ലാം കേൾക്കുന്നുണ്ടെങ്കിലും വർഷ തന്റെ പോസ്റ്റിന് ലഭിച്ച ലൈക്സും കമന്റ്സും എണ്ണി തിട്ടപ്പെടുത്തി ഫോണിൽ മുഖം പൂഴ്ത്തിയിരുന്നു… ഇടയ്ക്കെവിടെയോ വണ്ടി നിർത്തിയപ്പോളാണ് പിന്നേയവൾ മുഖമുയർത്തിയത്. “എന്തിനാ ദർശേട്ടാ ഇവിടെ നിർത്തിയത്….” അവൾ സംശയത്തോടെ ആരാഞ്ഞു… “അതോ…. എനിക്കും ഗോപുനും ഇത്തിരി ഷോപ്പിംഗ് ഉണ്ട് അല്ലേ ഗോപുസെ….”

മുൻപിലെ കണ്ണാടിയിലൂടെ കണ്ണിറുക്കി കാണിച്ചവൻ ചോദിച്ചപ്പോൾ മുൻകൂട്ടിയെല്ലാം അറിയണ പോലെ അവൾ നന്നായി തല കുലുക്കി… ഗോപുവിന് എന്തൊക്കെയോ വാങ്ങികൊടുക്കാനുള്ള പുറപ്പാടാണെന്ന് വർഷ ഇതിനകം മനസ്സിലാക്കി… “നീയും വാ വർഷേ…” ദർശൻ വിളിച്ചെങ്കിലും അവൾ താല്പര്യമില്ലാത്ത മട്ടിൽ ക്ഷീണം അഭിനയിച്ചു കാറിൽ ഇരുന്നു…. വലിയ കടയിലേക്ക് ദർശനുമൊത്ത് കടന്നുചെല്ലുമ്പോൾ ഗോപുവിന് വല്ലാത്തൊരു അമ്പരപ്പായിരുന്നു… വാ തുറന്നു പിടിച്ചവൾ ചുറ്റുമൊന്ന് വീക്ഷിച്ചു…

അവൾ ചൂണ്ടിക്കാണിച്ചതെല്ലാം ഒരു മടിയും കൂടാതവൻ വാങ്ങിക്കൊടുത്തു.അവൾക്കൊത്ത ഭംഗിയുള്ള വസ്ത്രങ്ങൾ നരച്ചവയ്ക്കു പകരം തടിപ്പെട്ടിയിൽ ഇടം പിടിക്കുവാൻ കാത്തു നിന്നു…ഇഷ്ട നിറങ്ങളിലുള്ള ചാന്തും കമ്മലും വളയും മാലയുമെല്ലാം വാങ്ങിക്കൂട്ടി…ബില്ലടച്ചവൻ വലിയ കവറുകൾ ഏറ്റു വാങ്ങി ഏൽപ്പിക്കുമ്പോൾ അതുവരെയുണ്ടായിരുന്ന ആവേശം കേട്ടടങ്ങിയ പോലവൾ നിന്നു… “എന്തെ ഗോപുന്റെ മുഖം വാടിയത്?” “ഇത്രയൊക്കെ കാണുമ്പോൾ ചെറിയമ്മ ഗോപുനെ വഴക്ക് പറയോ ” അവളുടെ ആശങ്കയിൽ അവനൊന്നു മുഖം ചുളിച്ചു… “വഴക്ക് പറയാനോ എന്തിന്…

ഇതെന്റെ ഗോപുസിന് ദച്ചേട്ടൻ ഇഷ്ടം കൊണ്ട് വാങ്ങി തരണതല്ലേ…” അവന്റെ ഒറ്റൊരു മറുപടിയിൽ അവളുടെ കണ്ണുകൾ തിളങ്ങി… “ആണോ….?… ഇഷ്ടം കൊണ്ടാണോ?” വീണ്ടും വീണ്ടും ചോദിച്ചു ഉറപ്പുവരുത്തിയവൾ സന്തോഷിച്ചു… “ആന്നെ…ചെറിയമ്മ വഴക്ക് പറയുവൊന്നും ഇല്ലെന്നേ… ഇനി അഥവാ എന്തെങ്കിലും പറഞ്ഞാൽ ദചേട്ടനോട് പറയാല്ലോ അല്ലെങ്കിൽ വർഷേച്ചിയോട് പറഞ്ഞാലും മതിയേ… വർഷേച്ചി പാവല്ലേ… ഗോപുനെ ഒത്തിരി ഇഷ്ടാണല്ലോ… അല്ലേ?.” ഒരു നിമിഷം ശങ്കിച്ചവൾ ആണെന്ന് തലയാട്ടി…പതിയെ വണ്ടിക്കരികിലേക്ക് അവനെ അനുഗമിച്ചു…

“ആഹാ… ആ കടമൊത്തം വാങ്ങിയോ..?” കുശുമ്പ് കുത്തിയുള്ള വർഷയുടെ ചോദ്യം കേട്ട് അവനൊന്നു ചിരിച്ചു….ഗോപുവിനെ വണ്ടിയിൽ കയറാൻ സഹായിച്ചു അവനും കയറിയിരുന്നു.. “നീയും ചെറിയമ്മയും ഒന്നും വാങ്ങിക്കൊടുക്കാറില്ലല്ലോ പിന്നെങ്ങനെയാ… അതിനും ഉടുത്തോരുങ്ങി നടക്കണ്ടേ…” അവളെ ചൊടിപ്പിക്കാൻ മനപ്പൂർവം അവൻ പറഞ്ഞു.. “വാങ്ങി കൊടുക്കാഞ്ഞിട്ടാണോ… ഒന്നും കൊണ്ടു നടക്കാൻ അറിയില്ല… ഞാനൊക്കെ ഒരുടുപ്പ് കിട്ടിയാൽ ഒരു കോട്ടവും തട്ടാതെ നോക്കി എത്ര കാലം ഉപയോഗിക്കുമെന്ന് അറിയുമോ… പിന്നേ എത്രയെന്നു വച്ചാ വാങ്ങിക്കൊടുക്കുന്നെ…

എന്ത് കൊടുത്താലും സൂക്ഷിക്കാതെ ഒക്കെ പെട്ടന്ന് നശിപ്പിക്കും…. പറമ്പിൽ നിന്നും കിട്ടുന്ന ആദായം കൂട്ടിയാൽ തന്നെ വീട്ട് ചെലവും എന്റെ പഠിപ്പും ബാക്കി കാര്യങ്ങളും തന്നെ കഷ്ടിയാ…അച്ഛന്റെ മരണശേഷം ബിസ്സിനെസ്സ് ഒക്കെ നോക്കിനടത്താൻ ആളില്ലാതെ തകർന്നില്ലേ…പുറംമോടിക്ക് ഇപ്പൊ ആകെ ആ വലിയ വീടും പറമ്പുമേ ഉളളൂ…അതാണെങ്കിൽ ഇവളുടെ പേരിലും…” “അറിയാടോ… ഞാൻ വെറുതെ പറഞ്ഞതാ… ഗോപു കുഞ്ഞല്ലേ… അതിനെന്തറിയാം… നിനക്ക് ഒന്നും കരുതി വച്ചില്ലെന്നോർത്താവും അനന്തൻ അങ്കിൾ നിന്നെ എന്റെ കൈകളിൽ ഏൽപ്പിക്കാൻ അച്ഛനോട്‌ പറഞ്ഞേൽപ്പിച്ചത്…

ഇനിയിപ്പോ ഞാനില്ലേ തന്റെ കൂടെ എല്ലാത്തിനും താങ്ങായി…” അവൻ ആശ്വസിപ്പിക്കാനെന്ന വണ്ണം പറഞ്ഞപ്പോൾ തന്റെ കെട്ടുകഥകളെല്ലാം അവനെ വിശ്വസിപ്പിച്ചതിൽ അവൾക്ക് സ്വയമൊരു മതിപ്പ് തോന്നി…ഗോപുവിനെയോർത്ത് വിലപിക്കുന്നവരോടും തങ്ങളെ കുറ്റപ്പെടുത്തുന്നവരോടും അമ്മ പറഞ്ഞു തഴമ്പിച്ചൊരു പ്രാരാബ്ദക്കഥ…ഇടയ്ക്കെപ്പോഴോ അത് അവൾക്കും മനപാഠമായിരുന്നു… തന്റെ ബുദ്ധിയെ സ്വൊയം പ്രശംസിച്ചവൾ മനസ്സിൽ ഊറിചിരിച്ചു… മടിയിൽ വയ്ച്ച കവറിലെ സുന്ദരിയായ പെണ്ണിന്റെ ചിത്രത്തിലൂടെ വിരലോടിക്കുമ്പോൾ തന്റെ അച്ഛന്റെ പേര് കേട്ട് ഗോപുവും മുഖമുയർത്തി…

അവർ പറയുന്നത് ഒന്നും മനസ്സിലാവാതെ വന്നപ്പോൾ വീണ്ടുമവൾ ചിരിച്ചു നിൽക്കുന്ന സുന്ദരിയുടെ ചിത്രത്തിലേക്ക് മുഖം കുനിച്ചു…ഇടയ്ക്ക് കവറിലുള്ള സാധനങ്ങളുടെ എണ്ണമെടുത്തവൾ അവ പൊതിഞ്ഞ കടലാസ് പൊതിക്ക് തുളയിട്ട് അതിലൂടെ വിരൽ കടത്തി വെറുതെ തൊട്ട് നോക്കി…. അതെന്തായിരിക്കുമെന്ന് മനസ്സിൽ ഊഹിച്ചു…ഒരു വിധം എല്ലാ പൊതിക്കും തുളവീണു കഴിഞ്ഞ് എല്ലാം നെഞ്ചോടടുക്കി പിടിച്ചവൾ സീറ്റിലേക്ക് ചാരിയിരുന്നു… ഇരുട്ട് വീണുതുടങ്ങിയ വഴികളിലൂടെ വണ്ടി മുൻപോട്ട് കുതിക്കുമ്പോൾ ഇരുഭാഗത്തുമായി കാണുന്ന വർണ്ണവെളിച്ചങ്ങളിലേക്കവൾ കണ്ണ് മിഴിച്ചു…

പിൻപോട്ട് കുതിക്കുന്ന കടകളിലേക്കും ആളുകളിലേക്കും ആദ്യമായി കാണുന്നത് പോലെയവൾ നോക്കിനിന്നു…. മുൻപിലും പിറകിലുമായി വരുന്ന വണ്ടികളുടെ എണ്ണമെടുത്തു… ഇടയ്ക്ക് ഉത്സാഹത്തോടെ എഴുന്നേറ്റിരുന്ന് തങ്ങളെ വെട്ടിച്ചു പോകുന്ന വണ്ടികളെ തോൽപ്പിക്കാനവൾ ദർശനെ തോണ്ടി വിളിച്ച് നിർദേശിച്ചു…അവളുടെ നിർദേശമവൻ അനുസരിക്കുമ്പോൾ കൈ കൊട്ടി ആർത്താർത്തു ചിരിച്ചു…എപ്പോഴോ വർഷയുടെ കൂർത്തൊരു നോട്ടം വന്നപ്പോൾ പേടിയോടെ വീണ്ടും സീറ്റിലേക്ക് തലചായ്ച്ചു…

വണ്ടിയിലെ അരണ്ട വെളിച്ചത്തിൽ കണ്ണാടിയിൽ തെളിഞ്ഞ ദർശന്റെ കണ്ണുകളിലേക്ക് പ്രേമത്തോടെ നോക്കി…വീണ്ടും കവറിലെ ചിത്രത്തിലൂടെയൊന്നു തഴുകി… ഇടയ്ക്കെപ്പോഴോ സുന്ദരിയുടെ മുഖത്തിന് തന്റെ മുഖഛായ വന്നതായി തോന്നി… പുത്തനുടുപ്പിട്ട് ആഭരങ്ങൾ അണിഞ്ഞു സുന്ദരിയായ തന്റെ രൂപമവൾ കണ്ടു…. കണ്ണ് ചിമ്മി തുറന്നവൾ വീണ്ടും നോക്കി…ആ രൂപം മാഞ്ഞുപോയിരുന്നു… ചുണ്ടിൽ ചിരിയോളിപ്പിച്ചു കണ്ണടച്ചിരുന്നു…മനസ്സിൽ വീണ്ടും മോഹം മൊട്ടിട്ടു… സഫലമാകാനിടയില്ലാത്ത ഒരു കുഞ്ഞു മോഹം….💔 തുടരും….

അത്രമേൽ: ഭാഗം 2

Share this story