ഹരി ചന്ദനം: ഭാഗം 10

ഹരി ചന്ദനം: ഭാഗം 10

എഴുത്തുകാരി: ശ്രുതി കൃഷ്ണ

പുറകിൽ ഫോൺ റിംഗ് ചെയ്യുന്ന ശബ്ദം കേട്ടാണ് ഞാൻ കണ്ണു തുറന്നത്.ചാടി എണീറ്റു തിരിഞ്ഞു നോക്കിയപ്പോൾ H.P എന്നെ നോക്കി നിൽക്കുന്നു. “ദാ…… തന്റെ പപ്പയാണ് കുറച്ച് നേരായി വിളിക്കുന്നു സംസാരിക്ക് ” അതും പറഞ്ഞു ഫോൺ എന്റെ കയ്യിൽ തന്നു ആള് റൂമിലേക്ക്‌ കയറി.ബാൽക്കണിയിലെ ഹാങ്ങിങ് ചെയറിൽ ഇരുന്ന സുഖത്തിൽ ഞാനെപ്പോഴോ മയങ്ങി പോയിരുന്നു.H.P വന്നത് ഞാൻ അറിഞ്ഞു പോലുമില്ല. കുറേ നേരമായി കാണുമോ വന്നിട്ട്.ആള് വന്നപ്പോൾ ഞാൻ ഉറങ്ങുന്നത് കണ്ടതിൽ ചെറിയൊരു ജാള്യത തോന്നി. റിംഗ് നിൽക്കുന്നതിനു മുൻപ് ഫോൺ എടുത്ത് ഹലോ പറഞ്ഞു. “എന്റെ മോള് ഉറങ്ങിയായിരുന്നോ? ” “ഇല്ല പപ്പാ….പപ്പാ കിടന്നോ? മരുന്നൊക്കെ കഴിച്ചോ? ശങ്കു മാമ എവിടെ? ” “മരുന്നൊക്കെ കഴിച്ചു.

ഞങ്ങൾ കിടന്നില്ലായിരുന്നു. നീ പോയപ്പോൾ വീട് ഉറങ്ങിയ പോലെ. ഞങ്ങൾ നിന്റെ ഓരോരോ കഥകൾ പറഞ്ഞിരിക്കായിരുന്നു.ഞാൻ ഫോൺ സ്‌പീക്കറിൽ ഇടാവേ” പപ്പയുടെ സംസാരം കേട്ടപ്പോൾ വല്ലാത്തൊരു നോവ് എന്നിൽ വന്നു നിറയുന്നതറിഞ്ഞു. “ഞാനും പപ്പയെ കുറച്ച് മുൻപ് ഓർത്തെ ഉള്ളൂ.. ” “നീ പപ്പയെ മാത്രേ ഓർത്തുള്ളോ? അപ്പോൾ ഞാനോ? “(ശങ്കു ) “അതെ ശങ്കു മാമേ…. പപ്പയെ ഓർത്തൊണ്ടിരുന്നപ്പോൾ പെട്ടന്ന് പാപ്പയ്‌ക്കൊരു വാല് മുളച്ചു. ആ വാലിനു ശങ്കു മാമയുടെ ഛായ ആയിരുന്നു.അതോണ്ട് ശങ്കു മാമ്മയേം ഓർത്തു. ” “എടി… കാന്താരി… നീ എന്നെ ഊതിയതാണല്ലേ.? “(ശങ്കു ) “ഞാൻ ഇവിടുന്നു ഊതിയപ്പോ.കാറ്റ് കറക്റ്റ് ആയി അവിടെത്തി ല്ലേ?… ”

“അവിടെ പ്രശ്നം ഒന്നും ഇല്ലല്ലോ അല്ലെ. പപ്പാ കുറച്ച് നേരായി വിളിക്കുന്നു. ഹരിമോന് ശല്യമായി കാണുമോ? ” “അങ്ങനൊന്നും ഇല്ല പപ്പാ. ഞാനെ ഫോൺ അവിടെ വച്ചു മറന്നു. ഇല്ലെങ്കിൽ ഞാൻ തന്നെ അങ്ങോട്ടു വിളിച്ചേനെ. ” “എങ്കിലും മോനോട് ഒരു സോറി പറഞ്ഞേക്ക്. പപ്പയും ശങ്കു മാമയും മോളെ ഒത്തിരി മിസ്സ് ചെയ്യുന്നുണ്ട് ” “ഞാനും നിങ്ങളെ ഒത്തിരി മിസ്സ് ചെയ്യുന്നു ” അത്രയും പറഞ്ഞപ്പോളെക്കും ഞാൻ കരഞ്ഞു പോയി “അയ്യേ….. പപ്പേടെ ചന്തുട്ടൻ കരയാണോ? നാളെ നീ ഇങ്ങോട്ടല്ലേ വരുന്നത്? ” “അത് കഴിഞ്ഞോ? പപ്പാ……. ” “വെറുതെ ആവശ്യം ഇല്ലാതെ ഓരോന്ന് ആലോചിക്കാതെ എന്റെ മോള് പോയി ഉറങ്ങു. Gd nyt…. ” “Gd nyt പപ്പാ… ” ഫോൺ കട്ട്‌ ചെയ്തു തിരിഞ്ഞപ്പോൾ H.P ലാപ്ടോപ്പും പൊക്കി ബാൽക്കണിയിലേക്ക് വന്നിരുന്നു.ഞാൻ വേഗം കണ്ണ് തുടച് ഫോൺ തിരികെ നൽകി.

“താങ്ക്സ്….. ” “മ്മ്മം… ” ഞാൻ പിന്നേം നിന്ന് പരുങ്ങുന്നത് കണ്ട് ആള് പുരികം പൊക്കി എന്നെയൊന്നു നോക്കി. “അത്…. പിന്നെ… ഞാൻ നേരത്തെ ഒന്നു മയങ്ങി പോയി. ” “താൻ പോയി കിടന്നോളു.. എനിക്ക് കുറച്ച് വർക്ക്‌ ഉണ്ട്. ” “അപ്പോൾ…. പാല്…? ” “തനിക്കു വേണെങ്കിൽ കുടിച്ചോളൂ. എനിക്ക് രാത്രി അങ്ങനെ ഉള്ള ശീലങ്ങൾ ഒന്നും ഇല്ല.പിന്നെ ഇങ്ങനെ കഷ്ടപ്പെട്ട് വേഷം കെട്ടി നിക്കൊന്നും വേണ്ട.” അത്രേം പറഞ്ഞു ആള് ചെയറിൽ ഇരുന്നു ലാപ്ടോപ് ടേബിളിൽ വച്ചു കുത്താൻ തുടങ്ങി. അത് കേട്ടതോടെ ഞാൻ റൂമിലേക്ക്‌ കയറി ബാൽക്കണിയിലേക്കുള്ള വാതിൽ ചാരി. വേഗം ചെന്നു വാഡ്രോബിൽ നിന്നും ഒരു നൈറ്റ്‌ ഡ്രസ്സ്‌ എടുത്ത് ബാത്‌റൂമിൽ കയറി ചേഞ്ച്‌ ചെയ്തു.

എന്നിട്ട് പാല് എടുത്ത് വാഷ്‌ബേസിൽ കൊണ്ടു പോയി ഒഴിച്ച്. ശെരിക്കും അങ്ങേരുടെ തല വഴി ഒഴിക്കേണ്ടതായിരുന്നു. ഗ്ലാസ്‌ കഴുകി തിരികെ ടേബിളിൽ വച്ച് ആ വലിയ കട്ടിലിന്റെ അരികു പറ്റി കിടന്നു. തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും നിദ്ര ദേവി കടാക്ഷിച്ചില്ല. ചിന്തകൾ പലവഴി പാഞ്ഞു നടന്ന് ഉറക്കം കെടുത്തുന്നു. സച്ചുവിനെയും ചാരുവിനെയും ഒത്തിരി മിസ്സ് ചെയ്തു. പിന്നീടെപ്പോഴോ H.P വന്നു പുതപ്പും തലയണയും എടുത്ത് സോഫയിൽ മാറി കിടക്കുന്നതു ഞാൻ അറിയുന്നുണ്ടായിരുന്നു.രണ്ടു സമാന്തര രേഖകൾ പോലെ പോയി കൊണ്ടിരിക്കുന്ന ഞങ്ങളുടെ ജീവിതയാത്ര എവിടെ ചെന്നെത്തുമെന്ന ആശങ്കയിൽ ഇടയ്ക്കെപ്പോഴോ ഞാൻ ഉറങ്ങി. രാവിലെ 6.30 ആയപ്പോഴാണ് എഴുന്നേറ്റത്.

H.P റൂമിൽ ഉണ്ടായിരുന്നില്ല. രാത്രിയിൽ ഉപയോഗിച്ച ബെഡ്ഷീറ്റ് വളരെ നന്നായി മടക്കി വച്ചിരിക്കുന്നു. തലയണ തിരികെ ബെഡിൽ വച്ചിട്ടുണ്ട്.ഇങ്ങേരു ഇടയ്ക്കിടെ മിസ്സ് ആവുന്നുണ്ടല്ലോ. ഇത്തിരി നേരം ബാൽക്കണിയിൽ ചെന്നിരുന്നു. രാവിലെ തന്നെ പല തരം കിളികളും ചിത്രശലഭങ്ങളും,അണ്ണാൻ കുഞ്ഞുങ്ങളും ഒക്കെ ആയി ചുറ്റുമുള്ള മരങ്ങളും ബാൽക്കണിയിലെ ചെടികളും നിറഞ്ഞിരിക്കുന്നു. പക്ഷികളും അണ്ണാൻ കുഞ്ഞുങ്ങളും തമ്മിൽ എന്തോ വാക്ക് തർക്കം നടക്കുന്നുണ്ട് ആകെ ബഹളം. ഇടയ്ക്ക് കയ്യാങ്കളിയിലേക്കും നീളുന്നുണ്ട്. കുറച്ച് നേരം അതൊക്കെ നോക്കി നിന്ന് പിന്നെ പോയി കുളിച് കണ്ണെഴുതി പൊട്ട് തൊട്ടു താഴേക്ക്‌ പോയി.

ഞാൻ നേരെ അടുക്കളയിൽ ചെന്നപ്പോൾ അവിടെ രാവിലെ ബ്രേക്ഫാസ്റ് ഉണ്ടാക്കുന്നതിന്റെ തിരക്കാണ്.ഹാളിൽ നിന്നും കിച്ചുവും മറ്റു കസിൻസുമായി കഥ പറയുന്നത് ഇവിടെ കേൾക്കാം. ഇന്നലെ കാണാത്ത പുതിയ രണ്ടു മുഖങ്ങൾ ഇന്ന് അടുക്കളയിൽ കണ്ടു. ഞാൻ നോക്കുന്നത് കണ്ടിട്ടാവണം അമ്മ അവരെ എനിക്ക് പരിചയപ്പെടുത്തി തിരിച്ചു അവർക്ക് എന്നെയും.മാളുന്നു വിളിക്കുന്ന മാളവികയും പിന്നെ അവളുടെ അമ്മ മേനക ചേച്ചിയും.അമ്മയെ സഹായിക്കാൻ വരുന്നവരാണ്.ഇന്നിപ്പോൾ കല്യാണതിരക്കയോണ്ടാണത്രെ രണ്ടാളും വന്നത്. ഇനി മുതൽ മാളു മാത്രേ ഉണ്ടാവുള്ളു. ആള് ഡിഗ്രി ഫസ്റ്റ് ഇയർ പഠിക്കുന്നു. ഇവിടെ അമ്മയെ ഇത്തിരി സഹായിച്ചു നേരെ കോളേജിലേക്ക് പോവും.

മാളു വരാൻ തുടങ്ങീട്ട് കുറച്ചേ ആയുള്ളൂ മുൻപ് മേനകചേച്ചി മാത്രമാണ് വന്നോണ്ടിരുന്നത്. കഴിഞ്ഞ മാസം ആളുടെ ഭർത്താവ് കെട്ടിടം പണിക്കു പോയി ഒന്നു വീണ് കിടപ്പിലായി. എപ്പോഴും കൂടെ ആള് വേണമെന്നുള്ള അവസ്ഥയായപ്പോൾ മാളു അമ്മയുടെ ജോലി ഏറ്റെടുത്തു.അത്രയുമാണ് അമ്മ പറഞ്ഞു തന്ന കഥ.അതും പറഞ്ഞു അമ്മ ഒരു കപ്പിൽ ഗ്രീൻ ടീ എടുത്ത് എന്റെ കയ്യിൽ തന്നു. “ഹരിക്കുട്ടൻ ഇപ്പോൾ ജോഗിങ് കഴിഞ്ഞു വന്നു കാണും. മോള് ഇത് കൊണ്ടു പോയി കൊടുക്ക്‌. ” ഞാൻ അതും വാങ്ങി ആളേ താഴെ ഒന്നു തപ്പി. ഞാൻ നോക്കുമ്പോൾ കിച്ചു ഹാളിലിരുന്നു മുകളിലോട്ടു നോക്കി കഥകളി കാണിക്കുന്നു. കുറച്ച് നേരം കഴിഞ്ഞാണ് സംഭവം എനിക്ക് കത്തിയത്.

ആള് മുകളിലോട്ടു പോയെന്നാണ്‌ ആ പറഞ്ഞത്. ഞാൻ വേഗം മുകളിൽ ചെന്നു റൂമിൽ കയറിയപ്പോൾ ആള് പിന്നേം മിസ്സിംഗ്‌. ചുമ്മാ ബാൽക്കണിയിൽ നോക്കിയപ്പോൾ ആള് ചെടികൾ നനയ്ക്കുവാണ്. ഭയങ്കര സൂക്ഷ്മതയോടെ ചെയ്യുന്നുണ്ട് നമ്മൾ വന്നതൊന്നും അറിഞ്ഞില്ല. ഞാൻ ഒന്നു ചുമച് എന്റെ വരവറിയിച്ചു. അതവിടെ വച്ചേക്കു എന്ന് തിരിഞ്ഞു നോക്കാതെ പറഞ്ഞു. ഇങ്ങേർക്കിനി ബാക്കിൽ കണ്ണുണ്ടോ ആവോ…. ഞാൻ കപ്പ്‌ ടേബിളിൽ വച്ച് റൂമിലേക്ക്‌ കയറി. ബാൽക്കണിയിലെ നനയ്ക്കൽ കഴിഞ്ഞു ആള് കപ്പുമെടുത്തു ബാത്‌റൂമിൽ കയറി കപ്പ്‌ കഴുകി ടേബിളിൽ കൊണ്ടു വച്ച് റൂമിനു പുറത്തേക്കു പോയി.ഞാൻ കപ്പുമെടുത്തു താഴോട്ട് പോകുമ്പോൾ ആള് വെള്ളവുമായി ടെറസിലേക്കു പോകുന്നത് കണ്ടു.

കൂടെ പോയി നോക്കാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും ആൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലോ എന്നോർത്ത് വേണ്ടെന്നു വച്ചു. ബ്രേക്ഫാസ്റ് റെഡി ആയപ്പോഴേക്കും ആള് കുളിയും നനയുമൊക്കെ കഴിഞ്ഞു എത്തിയിരുന്നു. ഇന്ന് 11 മണിക്കാണ് ഓഡിറ്റോറിയത്തിൽ റിസപ്ഷൻ തുടങ്ങുന്നത്. അത് കഴിഞ്ഞു ഞങ്ങൾ എന്റെ വീട്ടിലേക്കു പോകും. ഒരുങ്ങാനുള്ള ഡ്രെസ്സും സാധനങ്ങളുമൊക്കെയായി 9.30 ആയപ്പോഴേക്കും വീട്ടിൽ നിന്നിറങ്ങി.പുടവയായി കിട്ടിയ ചെണ്ടുമല്ലി കളർ സാരി ആണ് ഇന്നെന്റെ വേഷം. ഞങ്ങൾ ചെല്ലുമ്പോഴേക്കും അമ്മ പറഞ്ഞേൽപ്പിച്ച മേക്കപ്പ് ആര്ടിസ്റ് അവിടെ എത്തിയിരുന്നു. ഒട്ടും സമയം കളയാതെ തന്നെ ഞാൻ ഒരുങ്ങാനായി തുടങ്ങി.

11 ആകാറായപ്പോഴേക്കും ഒരുക്കം കഴിഞ്ഞു. സാരീ സിംഗിൾ പ്ലീറ്റ് ആയി വളരെ ഭംഗിയായി എന്നെ ഉടുപ്പിച്ചിരുന്നു. കഴുത്തിൽ ഒരു ലക്ഷ്മി നെക്‌ലേസും താലിയും. ഇരു കൈകളിലായി ലക്ഷ്മി വളകളും പിന്നെ മുഖത്ത് അല്പം പുട്ടിയും. മുടി സ്‌ട്രെയിറ്റ് ചെയ്തു അലസമായി അഴിച്ചിട്ടിരുന്നു ഇത്രയുമായിരുന്നു എന്റെ ഒരുക്കം.H.P ഒരു ബ്ലാക്ക് കളർ സ്യുട്ടിൽ നല്ല ചുള്ളനായി നിൽപ്പുണ്ട്.ഒരുക്കം കഴിഞ്ഞു സ്റ്റേജിലേക്ക് കയറിയപ്പോൾ എല്ലാ കണ്ണുകളിലും സംതൃപ്തി കണ്ടു. ബട്ട്‌ ഇവിടൊരാളു ഇപ്പോഴും നോ മൈൻഡ് ആണ് ട്ടോ… ഫങ്ക്ഷൻ തുടങ്ങുന്നതിന്റെ കുറച്ച് മുൻപ് നമ്മടെ സ്വൊന്തം ആൾക്കാരൊക്കെ എത്തി. സന്തോഷം കൊണ്ടു H. P യെ പോലും മറന്നു ഞാൻ ഓടി ചെന്നു പപ്പയെ കെട്ടിപ്പിടിച്ചു.

പുറകെ ശങ്കുമാമ്മയേം ചാരുനേം സച്ചുനേം ലച്ചുനേം ടീച്ചറമ്മയേം ഒക്കെ കെട്ടിപ്പിടിച്ചു. അവിടെ എത്തീട്ടു ഇന്നലെ വിളിചില്ലെന്നു സച്ചും ചാരും പരാതി പറഞ്ഞെങ്കിലും ഫോൺ മറന്നെന്ന കാരണത്താൽ വെറുതെ വിട്ടു.കൂടുതൽ വിശേഷം ഫങ്ക്ഷൻ കഴിഞ്ഞിട്ടാവാമെന്നു പറഞ്ഞു അപ്പോഴേക്കും പപ്പാ ഉന്തി തള്ളി പിന്നേം സ്റ്റേജിൽ കയറ്റി.പിന്നെ ഒരു മൂന്നു നാല് മണിക്കൂർ മുഖത്തൊരു ചിരിയും ഫിറ്റ്‌ ചെയ്തു നിലക്കായിരുന്നു.എങ്കിലും ഫങ്ക്ഷൻ ഒത്തിരി എൻജോയ് ചെയ്തു. പാട്ടും ഡാൻസും മ്യൂസിക്കൽ ഇൻസ്ട്രുമെൻറ്സും എല്ലാം അടിപൊളി ആയിരുന്നു. എല്ലാം കഴിഞ്ഞു നാല് മണിക്കാണ് ഞങ്ങൾ ഫുഡ് കഴിച്ചത്.

വിശന്നു മനുഷ്യന്റെ ക്ഷമ നശിച്ചിരുന്നു. അങ്ങനെ ഫങ്ക്ഷൻ ഒക്കെ കഴിഞ്ഞു അഥിതികളെയൊക്കെ സന്തോഷത്തോടെ പറഞ്ഞു വിട്ടു ഞങ്ങൾ എല്ലാരും കൂടി കുറച്ച് കത്തിയടിയിൽ ഏർപ്പെട്ടു. ഓഡിറ്റോറിയത്തിലെ ഫോര്മാലിറ്റീസ് ഒക്കെ കഴിഞ്ഞു നേരത്തെ തീരുമാനിച്ച പ്രകാരം വിരുന്നിനായി ഞാനും H.P യും നേരെ എന്റെ വീട്ടിലേക്കു വിട്ടു.പപ്പയും ശങ്കു മാമയും നേരത്തെ വീട്ടിലെത്തി ഞങ്ങളെ സ്വീകരിക്കാൻ കാത്തു നിൽപ്പുണ്ടായിരുന്നു. ചാരുനേം സച്ചുനേം വിളിച്ചെങ്കിലും നാളെ പപ്പയെ യാത്രയയക്കാൻ വരാം എന്ന് പറഞ്ഞു മുങ്ങി.വീട്ടിലെ സ്വീകരണമൊക്കെ കഴിഞ്ഞ് ഞാനും ശങ്കുമാമയും പപ്പയും കൂടി അവിടുത്തെ കുറേ വിശേഷങ്ങൾ ഒക്കെ പറഞ്ഞു.

തുടക്കത്തിൽ H.P കൂടെ ഇരുന്നെങ്കിലും പിന്നെ വീടൊക്കെ ചുറ്റി നടന്ന് കാണുന്നുണ്ടായിരുന്നു. അതോടെ പപ്പയും ശങ്കു മാമയും എന്നെ ആളുടെ പിറകെ ഉന്തിതള്ളി വിട്ട് കിച്ചണിലേക്കു പോയി. ഇത്തിരി നേരം വാല് പോലെ പുറകെ നടന്നിട്ടും ആള് മൈൻഡ് ചെയ്യാത്തത് കൊണ്ട് ഞാൻ മുങ്ങി മുകളിൽ പോയി എന്റെ ഫോൺ തപ്പി കണ്ടു പിടിച്ചു. പക്ഷെ അത് ചാർജില്ലാതെ ഓഫായി പോയിരുന്നു. വേഗം ചാർജിൽ കുത്തിയിട്ടു ഞാൻ കുളിക്കാൻ കയറി.വാഡ്രോബ് ആകെ അലങ്കോലമായി കിടപ്പുണ്ട് എല്ലാം ഒന്നു ഒതുക്കി വയ്ക്കാനും തിരിച്ചു പോവുമ്പോൾ കുറച്ച് ഡ്രെസ്സും ബുക്‌സും പിന്നെ എന്റെ അല്ലറ ചില്ലറ സാധനങ്ങളും കൊണ്ടുപോകാനായി പാക്ക് ചെയ്യണം എന്ന് പ്ലാൻ ചെയ്തു.

ഞാൻ കുളിച്ചിറങ്ങിയപ്പോൾ ആണ് H.P റൂമിലേക്ക്‌ വന്നത്. വന്നയുടനെ ചോദിക്കാതെയും പറയാതെയും എന്റെ വാഡ്രോബ് തുറന്നതും അതിൽ കുത്തി നിറച്ചു വച്ചേക്കുന്ന തുണിയെല്ലാം കൂടി മൂപ്പരുടെ മേലേക്ക് വീണതും ഒരുമിച്ചായിരുന്നു.ആളാകെ എന്തു ചെയ്യണമെന്നറിയാതെ നിന്നു പിന്നെ എന്നെ ദേഷ്യത്തോടെ നോക്കി കണ്ണുരുട്ടി.ഒരു വഴക്കു പ്രതീക്ഷിച്ചെങ്കിലും ഉണ്ടായില്ല. ഇങ്ങേരു ഇതിനുള്ളിൽ എന്ത് തപ്പിയിറങ്ങിയതാണെന്ന് ചിന്തിക്കുമ്പോളെക്കും ഒരു ടവ്വല് വേണണമെന്ന അശരീരി എത്തി. ഞാൻ വേഗം ഒന്നു തപ്പി പിടിച്ചു എടുത്ത് കൊടുക്കുമ്പോളേക്കും ആള് അതും തട്ടി പറിച്ചു ബാത്‌റൂമിൽ കയറി. ഞാൻ വേഗം താഴെ വീണ എന്റെ ഡ്രസ്സ്‌ ഒക്കെ പെറുക്കി എല്ലാം മടക്കി ഒതുക്കി വച്ചു.

അതിനിടയിൽ ആ ഫോട്ടോഗ്രാഫറെ മനസ്സിൽ ഒരായിരം ചീത്തയും വിളിച്ചു. എല്ലാം ഒതുക്കി കഴിഞ്ഞു വേഗം പോയി ഫോൺ ഓൺ ചെയ്തു. മാര്യേജ് വിഷസിന്റെയും ഫോട്ടോസിന്റെയും ഒരു നീണ്ട നിര തന്നെ ഉണ്ടായിരുന്നു. ഒരു വിധം എല്ലാവർക്കും നന്ദി പറഞ്ഞ് എല്ലാ ഫോട്ടോസിലൂടെയും ഒരു ഓട്ടപ്രദക്ഷിണം നടത്തി ഞാൻ താഴെ കിച്ചണിലേക്കു ചെന്നു.അവിടെ മരുമോനെ സൽക്കരിക്കാനുള്ള പരിപാടികൾ തകൃതിയായി നടക്കുന്നുണ്ടായിരുന്നു.ഞാനും കുറച്ചൊക്കെ ഹെല്പ് ചെയ്തു.അങ്ങനെ ഡിന്നർ എല്ലാം റെഡി ആക്കി ടേബിളിൽ വച്ചു ആളെ വിളിക്കാൻ റൂമിൽ ചെന്നപ്പോൾ പതിവുപോലെ ലാപ്ടോപ്പിൽ കുത്തിയിരിപ്പുണ്ട്.ഇങ്ങേരിതോക്കെ ഇപ്പോൾ പൊക്കി കൊണ്ടു വന്നോ എന്തോ?

ഫുഡ് കഴിച്ച് ആള് പ്ലേറ്റ് കഴുകുന്നത് കണ്ട് പപ്പയുടെയും മാമയുടെയും കിളിപോയി.അവരുടെ ഭാവം കണ്ട് ഞാൻ ചിരിച്ചു പോയി. ആള് അതൊന്നും മൈൻഡ് ചെയ്യാതെ ഫുഡ് നന്നായിട്ടുണ്ട് എന്നും പറഞ്ഞ് ഒരു താങ്ക്സ് കൂടി കൊടുത്ത് വീണ്ടും ലാപ്പിൽകുത്തിയിരിക്കാൻ പോയി. അങ്ങനെ എല്ലാം ഒതുക്കി വച്ച് ഞാനും മാമയും പപ്പയും കുറച്ച് നേരം ഉമ്മറത്ത് വന്നിരുന്നു സംസാരിച്ചു.കുറച്ച് കഴിഞ്ഞപ്പോൾ കിടക്കുവാണെന്നു പറഞ്ഞ് പപ്പാ എണീറ്റു പോയി. പക്ഷെ പോക്ക് കണ്ടപ്പോളേ കരയാനുള്ള പരിപാടി ആണെന്ന് എനിക്കും മാമയ്ക്കും മനസ്സിലായി. ആള് ഇത്രേം നേരം എന്നെ കണ്ണെടുക്കാതെ നോക്കിക്കൊണ്ടിരിക്കുവായിരുന്നു.

കുറച്ചു നേരം ഒറ്റയ്ക്കിരുന്നോട്ടെ എന്ന് വച്ച് ഞാനും മാമയും അവിടെ തന്നെ ഇരുന്നു. “മോൾക്ക്‌ അവിടെ ശെരിക്കും കുഴപ്പമൊന്നുമില്ലല്ലോ? “(ശങ്കു ) “ഇല്ല മാമേ….. എന്തെ മാമയ്ക്കു എന്തേലും ടെൻഷൻ ഉണ്ടോ? ” “അത്…… മോളെ…… ആ വെൽവിഷെർ ഇന്നലെ രാവിലെ പിന്നേം വിളിച്ചു. അതും പപ്പയുടെ ഫോണിൽ. ഭാഗ്യത്തിന് പ്രൈവറ്റ് നമ്പർ എന്ന് കണ്ടത് കൊണ്ടു ഞാൻ ആണ് എടുത്തതു.പപ്പാ താഴെ ദക്ഷിണകൊടുക്കുന്ന ചടങ്ങിൽ ആയിരുന്നു. മോളോട് പറഞ്ഞ കാര്യങ്ങൾ തന്നെയാണ് എന്നോടും പറഞ്ഞത്. ഒരു ഭീഷണിയുടെ സ്വൊരം കൂടി ഉണ്ടായിരുന്നു ആളുടെ സംസാരത്തിൽ. എന്തായാലും ഞാൻ നാളെ തന്നെ കാര്യങ്ങൾ ഒക്കെ ഹരിയോട് സംസാരിക്കാം.നിങ്ങൾ രണ്ടാളും നന്നായി സൂക്ഷിക്കണം. ”

“വേണ്ട മാമേ….ഇനി ഞാൻ തന്നെ പറഞ്ഞോളാം. മാമ സമാധാനമായി ഇരിക്ക്. എനിക്കവിടെ വേറെ കുഴപ്പമൊന്നുമില്ല.എല്ലാവരും നല്ല സ്നേഹമാണ്. ” “എന്നാലും മോളെ…. ” “ഒരെന്നാലും ഇല്ല.ഞാൻ തന്നെ നല്ലൊരു അവസരം നോക്കി പറയാന്നെ ” “എങ്കിൽ ശെരി… നേരം ഒരുപാടായി.മോള് പോയി കിടന്നോ. Gd nyt” “Gd nyt ” ആരായിരിക്കും വിളിച്ചത് എന്ന് എനിക്കൊരു ഊഹവും ഇല്ലായിരുന്നു. H.P യെ എനിക്ക് അത്ര പൂർണ വിശ്വാസം വന്നിട്ടില്ലായിരുന്നു.പിന്നെ ദിയയുടെ അപരിചിതമായ പെരുമാറ്റവും. കാര്യങ്ങൾ ആകെ കുഴഞ്ഞു മറിഞ്ഞു കിടക്കുകയാണ്. അത് കൊണ്ട് തന്നെയാണ് മാമയെ കൊണ്ട് സംസാരിപ്പിക്കാത്തത്.

കുടിക്കാനുള്ള വെള്ളവും കൊണ്ട് റൂമിൽ ചെല്ലുമ്പോഴും ആള് ലാപ്‌ടോപ്പിന് മുൻപിൽ തന്നെയുണ്ട്. വെള്ളം ടേബിളിൽ വച്ച് ഞാൻ പുറത്തിറങ്ങി പപ്പയുടെ റൂമിൽ ചെന്നു. ഞാൻ ചെല്ലുമ്പോൾ ആള് ഉറങ്ങിയിട്ടുണ്ടായിരുന്നില്ല ആകെ ചിന്താവിഷ്ടനായി ഇരിക്കുന്നു. “പപ്പാ ഇതുവരെ ഉറങ്ങീലെ? ” “കിടന്നിട്ട് ഉറക്കം വന്നില്ല. മോളെന്താ ഇങ്ങു വന്നത്? ചെല്ല്.. ചെന്നു കിടക്ക്. ” “ഞാൻ ഇന്ന് പപ്പയുടെ കൂടെയാ ” “എന്തിന് അതൊന്നും ശെരിയല്ല…. ഹരി മോൻ എന്തു വിചാരിക്കും. നീ പോയെ.. ” “പ്ലീസ് പപ്പാ ഇനി എന്നാ നമ്മളിങ്ങനെ? ” “അതൊക്കെ ശെരി തന്നെ. പക്ഷെ ഇപ്പോൾ മോള് റൂമിൽ പോയെ പറ്റു. ”

“എങ്കിൽ ഒരു പത്തുമിനുട്ട്. എന്നിട്ട് ഞാൻ പോയിക്കൊള്ളാം ” അതും പറഞ്ഞ് ഞാൻ കട്ടിലിൽ കയറി പപ്പയെ കെട്ടിപ്പിടിച്ചു കിടന്നു. പപ്പാ എന്റെ നെറുകയിൽ തലോടികൊണ്ടിരുന്നു. എത്ര നേരം അങ്ങനെ കിടന്നെന്നു അറിയില്ല. കുറച്ചു കഴിഞ്ഞപ്പോൾ പപ്പാ എന്നെ തട്ടി വിളിക്കാൻ തുടങ്ങി. എന്നെ പറഞ്ഞയക്കാൻ ഉള്ള പരിപാടി ആണെന്ന് പിടികിട്ടിയതോടെ ഞാൻ കണ്ണടച്ച് ഉറങ്ങിയത് പോലെ കിടന്നു. ഇത്തിരി നേരം വിളിച്ചിട്ടും ഞാൻ എണീക്കാത്തത് കൊണ്ട് പപ്പ ഒരു ചെറു ചിരിയോടെ എന്റെ നെറ്റിയിലൊരു മുത്തവും തന്ന് എന്നെ നന്നായി പുതപ്പിച്ചു കൂടെ കിടന്നുറങ്ങി. അല്ലപിന്നെ H.P അവിടെ ഒറ്റയ്ക്ക് കിടക്കട്ടെന്നേ അങ്ങേരുടെ ഒരു ഒണക്ക ലാപ്ടോപും ഫോണും. ഒരു ദിവസം എല്ലാം കൂടെ എടുത്ത് കിണറ്റിൽ എറിയണം.

ഇന്നലെ അങ്ങേരുടെ കട്ടിലിൽ ഞാൻ കിടന്നില്ലേ അപ്പൊ പിന്നെ ഇന്ന് അങ്ങേരു ഇന്നലത്തെ കണക്കു പറഞ്ഞാൽ എന്റെ കട്ടിൽ ഞാൻ ഒഴിഞ്ഞു കൊടക്കേണ്ടി വന്നാലോ.അങ്ങേരെ വിശ്വസിക്കാൻ കൊള്ളൂല്ല. അങ്ങേർക്കു ഇന്നലെ നല്ല ഒരടിപൊളി സോഫ ഉണ്ടായിരുന്നു. ബട്ട്‌ ഇവിടെ ഞാൻ മിക്കവാറും നിലത്ത് ആയേനെ.റൂമിന് പുറത്ത് വന്ന് കിടക്കാമെന്നു വച്ചാലോ പപ്പയും മാമയും ചോദിച്ചാൽ എന്ത് പറയും. അപ്പൊ പിന്നെ ഇത് തന്നെയാണ് സേഫ്. പിന്നെ എനിക്ക് എന്റെ പപ്പയുടെ കൂടെ കെട്ടിപ്പിടിച്ചു കിടക്കാലോ. ഇനി എന്നാ ഇങ്ങനെയൊക്കെ. എന്തായാലും എന്റെ ബുദ്ധി കൊള്ളാം. വെൽ ഡൺ ചന്ദന……വെൽ ഡൺ……….തുടരും

ഹരി ചന്ദനം: ഭാഗം 9

Share this story