മഴമുകിൽ : ഭാഗം 41- അവസാനിച്ചു

മഴമുകിൽ : ഭാഗം 41- അവസാനിച്ചു

എഴുത്തുകാരി: അമ്മു അമ്മൂസ്

കണ്ണ് തുറന്നു നോക്കിയപ്പോളേക്കും കറന്റ്‌ വന്നിരുന്നു… അവനെ ഇറുക്കെ കെട്ടിപ്പിടിച്ചു കണ്ണടച്ചു നിന്നു…. ശ്വാസം അപ്പോഴും ഉയർന്നു താഴുന്നുണ്ടായിരുന്നു….. കഴുത്തിലേക്ക് വീശുന്ന അവളുടെ ശ്വാസത്തിൽ ഋഷിക്ക് സ്വയം നഷ്ടപ്പെടും പോലെ തോന്നി… ഇടുപ്പിലമർന്ന അവന്റെ കൈ വിരലുകൾ സ്ഥാനം മാറി സഞ്ചരിച്ചു തുടങ്ങിയപ്പോൾ ദേവ പതിയെ കഴുത്തിൽ നിന്നും മുഖമുയർത്തി…. തന്നിലേക്ക് പതിയെ താഴ്ന്നു വരുന്ന അവന്റെ മുഖത്തേക്ക് ഒരു നിമിഷം സ്വയം നഷ്ടപ്പെട്ടു നോക്കി നിന്നു…. ആ കണ്ണുകൾ തന്നെയും കീഴ്പ്പെടുത്തും പോലെ തോന്നിയപ്പോൾ പതിയെ കണ്ണുകൾ അടച്ചു അവന് വിധേയയായി നിന്നു…. അവന്റെ അധരങ്ങൾ അവളുടേതുമായി ചേർന്നപ്പോൾ ഒന്നുയർന്നു പൊങ്ങി അവനോട് കൂടുതൽ ചേർന്ന് നിന്നു….

അവന്റേത് മാത്രമായി മാറാൻ തയ്യാറെടുക്കുകയായിരുന്നു മനസ്സ്… നെഞ്ചിലെ കത്തിയുടെ മുറിപ്പാടിലേക്ക് ഋഷിയുടെ നോട്ടം നീണ്ടപ്പോൾ അവളൊന്ന് കണ്ണുകൾ രണ്ടും കൂട്ടി അടച്ചു…. അപകർഷതാബോധം വീണ്ടും ഒരിക്കൽ കൂടി അനുവാദം ചോദിക്കാതെ മനസ്സിലേക്ക് കടന്നു വരികയാണോ എന്ന് ഭയം തോന്നി…. അവന്റെ കണ്ണുകളിലേക്ക് നോക്കാനുള്ള ശക്തിയുണ്ടായിരുന്നില്ല…. ആ കണ്ണുകളിൽ പ്രണയമല്ലാതെ അവജ്ഞയോ വെറുപ്പോ കാണാനുള്ള ത്രാണിയുണ്ടായിരുന്നില്ല…. മുറിവിന് മീതെ അവന്റെ ചുണ്ടുകൾ പതിഞ്ഞപ്പോഴാണ് ഞെട്ടലോടെ കണ്ണുകൾ തുറക്കുന്നത്…

അവിശ്വസനീയതയോടെ നോക്കുമ്പോഴേക്കും വീണ്ടും ഒരിക്കൽ കൂടി അവൻ ചേർത്ത് പിടിച്ചിരുന്നു… ഒരക്ഷരം പോലും പറയാതെ നെറുകയിലൊരു നനുത്ത ചുംബനം നൽകി അവൻ ചേർത്ത് പിടിക്കുമ്പോൾ അടക്കിപ്പിടിച്ച ദുഃഖങ്ങളൊക്കെ പുറത്തേക്ക് ഒഴുകി തുടങ്ങിയിരുന്നു…. ഒരേങ്ങളോടെ വീണ്ടും ആ നെഞ്ചിലേക്ക് ചേർന്ന് കിടന്നപ്പോൾ അറിയുകയായിരുന്നു അവനിലെ പ്രണയത്തെ…. ഇതുവരെ ഇല്ലാത്ത ഭാവങ്ങളോടെ….. ഒടുവിൽ അവന്റെ നെഞ്ചിലേക്ക് തളർന്നു കിടക്കുമ്പോൾ ശരീരത്തിലെ ഓരോ അണുവിലും അവൻ മാത്രം നിറഞ്ഞിരിക്കുന്നതായി തോന്നി അവൾക്ക്….

രാവിലെ കണ്ണ് തുറക്കുമ്പോൾ താനൊരു സുഖമുള്ള സ്വപ്നത്തിൽ ആണെന്ന് തോന്നി ഋഷിക്ക്…ഒരിക്കലും ഉണരാൻ ആഗ്രഹിക്കാത്ത സ്വപ്‌നം…. നെഞ്ചോട് ചേർന്ന് കിടക്കുന്ന ദേവയെ ഒന്ന് നോക്കി…. ഇപ്പോളവളുടെ മുഖത്ത് പുഞ്ചിരിയാണെന്ന് തോന്നി അവന്…. ആദ്യമായി കണ്ട ദിവസമുള്ള വിഷാദ ഭാവം അവളിൽ നിന്നും പൂർണ്ണമായും വിട്ടകന്നിരിക്കുന്നു… പിന്നിൽ അനക്കം കേട്ട് തിരിഞ്ഞു നോക്കിയപ്പോഴാണ് ചിണുങ്ങിക്കൊണ്ട് ഉണരുന്ന അല്ലുമോളെ കാണുന്നത്…. മോളെ എടുത്തു തോളിലേക്ക് കിടത്തിയപ്പോളേക്കും ആള് കണ്ണടച്ചു വീണ്ടും തോളിലേക്ക് ചാഞ്ഞു കിടന്നിരുന്നു….

“”അച്ഛെടെ അല്ലൂസ്‌ എണീറ്റോടാ…..”” ചോദിച്ചപ്പോൾ ഒന്നും മിണ്ടാതെ പതിയെ കണ്ണ് തുറന്നു കിടന്നു… ഉറക്കം അപ്പോഴും വിട്ട് മാറിയിട്ടില്ലായിരുന്നു… ഋഷിയുടെയും മോളുടെയും ബഹളം കേട്ടാണ് രാവിലെ ദേവ കണ്ണ് തുറക്കുന്നത്…. മോളെ മടിയിൽ കിടത്തി വയറ്റിലേക്ക് മൂക്കുരസി ഇക്കിളി ആക്കുന്നുണ്ട്…. ഓരോ തവണ മൂക്ക് ഉരസുമ്പോഴും ഉറക്കെ ചിരിച്ചുകൊണ്ട് അവന്റെ മുടിയിലേക്ക് പിടിച്ചു വലിക്കുന്നുണ്ട് കക്ഷി…. മുടിയിൽ നിന്നും കൈ എടുക്കുമ്പോൾ വീണ്ടും മൂക്കുരസും…. അലസമായി എഴുന്നേറ്റു പതിയെ അവന്റെ തോളിലേക്ക് തല ചായ്ച്ചു ഇരുന്നു…. ഋഷി നോക്കിയെങ്കിലും ഒരു നനുത്ത പുഞ്ചിരി നൽകി ഒന്നുകൂടി അവനോട് ചേർന്നിരുന്നു….. പറയാനിനി വാക്കുകളോ ശബ്ദങ്ങളോ ആവശ്യം ഇല്ലെന്ന് തോന്നി… അല്ലെങ്കിലും മൗനത്തേക്കാൾ സുന്ദരമായി എങ്ങനെയാണ് പ്രണയിക്കാൻ കഴിയുക…. 🔸

ദിവസങ്ങൾ കടന്നു പോകും തോറും ഇനിയൊരു തിരിച്ചു പോക്കില്ലാത്ത വിധം അവനിലേക്ക് കൂടുതൽ കൂടുതൽ അലിഞ്ഞു ചേരുകയായിരുന്നു… വൈകുന്നേരം ഓഫീസിൽ നിന്ന് വന്നപ്പോൾ ഋഷി പിണക്കത്തോടെ കട്ടിലിന്റെ ഒരു മൂലയിൽ ഇരിക്കുന്ന അല്ലുമോളെയാണ് കാണുന്നത്…. ദേവ എന്തൊക്കെയോ പറഞ്ഞു സമാധാനിപ്പിക്കാൻ നോക്കുന്നുണ്ട്… പക്ഷേ ഓരോ തവണ തൊടാൻ ചെല്ലുമ്പോഴും ആള് വാശിയോടെ കൈ രണ്ടും തട്ടി മാറ്റുന്നുണ്ട്…. ഇപ്പോൾ കരയും എന്ന പോലെയാണ് ഇരിപ്പ്… “”അച്ഛെടെ അല്ലൂസിനെ ആരാ ശങ്കടപ്പെടുത്തിയെ…..”” അടുത്ത് ചെന്നിരുന്നു ചോദിച്ചപ്പോഴേക്കും അവന്റെ മടിയിലേക്ക് വലിഞ്ഞു കേറി തോളിൽ തല ചായ്ച്ചു കിടന്നിരുന്നു. “”വൈദു ന് നാളെ പരീക്ഷയാ….

അതുകൊണ്ട് അവനെ ഇന്ന് ഏട്ടത്തി കളിക്കാൻ വിട്ടില്ല… അതിന്റെയ ഈ പിണക്കം….. അടുത്ത മാസം ആട്ടെ മടിച്ചി പെണ്ണിനെ അംഗണവാടിയിൽ വിടണം…. എന്തായാലും എഴുത്തിനു ഇരുത്തിയല്ലോ…… അപ്പൊ ഈ കളി ഒക്കെ കുറയും….”” ദേവ പറഞ്ഞതും അവളെ ഒന്ന് പിണക്കത്തോടെ നോക്കി…. വീണ്ടും ഋഷിയുടെ തോളിലേക്ക് തന്നെ മുഖം അമർത്തി…. “”അയ്യേ അതിനാണോ അച്ഛെടെ അല്ലൂട്ടൻ ശങ്കടപ്പെടുന്നേ…. അല്ലൂട്ടന് കളിച്ചാൻ വാവേനെ തരാല്ലോ….”” അത് കേട്ടതും തോളിൽ നിന്നും തല പൊക്കി അവനെ നോക്കി ഇരിപ്പുണ്ട്…. “”ശെരിക്കും തര്വോ അല്ലൂന് വാവേനേ…..”” കണ്ണും തള്ളി തുറിച്ചു നോക്കുന്ന ദേവയെ ഒന്ന് കണ്ണിറുക്കി കാണിച്ചിട്ട് വീണ്ടും മോളുടെ നേരെ തിരിഞ്ഞു….

“”അമ്മേനോട് ചോദിക്കേടാ കണ്ണാ…. അപ്പൊ അമ്മ വാവേനേ തരുവല്ലോ…. ഹ്മ്മ്….”” ഋഷി പറഞ്ഞതും പല്ലും ഞെരിച്ചു അവനെ നോക്കി….. പക്ഷേ അവിടെ യാതൊരു കൂസലും ഇല്ലായിരുന്നു…. “”അല്ലൂന് വാവേനേ താ അമ്മേ….. “” മോള്‌ ദേവയുടെ നേരെ തിരിഞ്ഞു സങ്കടത്തോടെ ചുണ്ട് പിളർത്തി പറഞ്ഞു… ഋഷിയെ നോക്കിയപ്പോൾ ഞാനൊന്നും അറിഞ്ഞില്ല എന്ന ഭാവത്തിൽ ചുണ്ട് കൂട്ടിപ്പിടിച്ചു ചിരിയടക്കി ഇരിപ്പുണ്ട്… ദേവ മറുപടി ഒന്നും പറയാതെ ഇരുന്നപ്പോൾ കണ്ണും നിറച്ചു ഋഷിയുടെ നേരെയായി നോട്ടം… “”അശോ….. അച്ഛെടെ അല്ലൂട്ടന് ശങ്കടം വന്നോ…. അമ്മ തരുമെ വാവേനേ….

അച്ഛാ അമ്മയോട് പറയാമെ അല്ലൂസിന് കളിച്ചാൻ ഒരു വാവേനേ തരാൻ….”” അത് കേട്ടതും ദേവയെ പിണക്കത്തോടെ നോക്കി വീണ്ടും ഋഷിയുടെ ദേഹത്തേക്ക് ചാഞ്ഞു ഇരുന്ന്… “”കേട്ടല്ലോ അമ്മേ…. മര്യാദക്ക് എന്റെ അല്ലൂട്ടന് വാവേനേ കൊടുത്തോ…. “”മീശ ഒന്ന് പിരിച്ചു വെച്ചു കണ്ണിറുക്കി ഉള്ള ചിരിയോടെ ഋഷി പറഞ്ഞതും കരയണോ ചിരിക്കണോ എന്നറിയാത്ത സ്ഥിതിയിൽ ആയിരുന്നു ദേവ… 🔸

വൈകിട്ട് ഋഷി വരുമ്പോൾ അല്ലുമോളെ ഡാൻസ് പഠിപ്പിക്കുന്ന ദേവയെയാണ് കാണുന്നത്… “”ഇങ്ങനെ വച്ചേ…. ഈ കാല്… താ… തൈ….”” ദേവ പറഞ്ഞു കൊടുക്കുന്നത് പോലൊന്നും ചെയ്യാതെ വട്ടം ചുറ്റി കളിക്കുന്നുണ്ട്… ഇടയ്ക്കു കണ്ണുരുട്ടി നോക്കുമ്പോൾ ചമ്മലോടെ മുഖം പൊത്തും…. വീണ്ടും കാണിച്ചു കൊടുക്കുമ്പോൾ ഒരു കാല് എടുത്തു അതുപോലെ വെക്കും…. അടുത്ത സ്റ്റെപ് ആകുമ്പോളേക്കും വീണ്ടും വട്ടം കറങ്ങും… രണ്ടാളുടെയും കളി നോക്കിക്കൊണ്ട് വെറുതേ തൂണിലേക്ക് ചാഞ്ഞു നിന്നു…. ഇടയ്ക്കു വീണ്ടും മോളെ വഴക്ക് പറയാൻ നോക്കിയപ്പോളാണ് ഋഷിയെ കാണുന്നത്…

ഇതെല്ലാം അവൻ കണ്ടു എന്ന് മനസ്സിലായപ്പോളേക്കും നാണത്തോടെ തല താഴ്ത്തി നിന്നു…. പക്ഷേ അവനിൽ അഭിമാനം മാത്രമായിരുന്നു… ദിവസങ്ങൾക്കു ശേഷം ക്ഷേത്രമൈതാനിയിൽ അതെ ചിലങ്കയുടെ സ്വരം ആളുകളിലേക്ക് എത്തുമ്പോഴും വേദിയുടെ ഏറ്റവും മുൻപിൽ അവനുണ്ടായിരുന്നു മോളെയും ചേർത്ത് പിടിച്ചു…. അതെ അഭിമാനത്തോടെ.. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 രാത്രി വൈകിയിട്ടും ഉറക്കം വരാത്തത് പോലെ തോന്നി അഭിക്ക്… നാളെ രാവിലെ താൻ ശ്രീയേട്ടന് സ്വന്തം ആകുകയാണ്…. എത്രയോ ദിവസങ്ങളിൽ അവൻ താലി ചാർത്തുന്ന സ്വപ്നം കണ്ടിട്ടുണ്ട് എങ്കിലും അത് യഥാർത്ഥ്യമാകുന്നതിന്റെ അമ്പരപ്പ് ഇനിയും വിട്ട് മാറിയിട്ടില്ല എന്ന് തോന്നി…

ശ്രീയെ വിളിച്ചൊന്നു സംസാരിക്കാൻ തോന്നി എങ്കിലും അന്നത്തെ രാത്രി ഓർമ്മ ഉള്ളതുകൊണ്ട് പാതിരാത്രി വിളിക്കാനുള്ള ധൈര്യം ഇല്ലായിരുന്നു….. നാളെ മുതൽ ഈ മുറിയിൽ നിന്നൊരു പറിച്ചുനടൽ ഓർത്തപ്പോൾ ഉള്ള് പിടയും പോലെ തോന്നി അവൾക്ക്…. ഓരോന്നാലോചിച്ചു കിടന്നു പുലർച്ചെയോടെടുത്തു ഒന്നുറങ്ങിയപ്പോൾ…. രാവിലെ അമ്മ വന്നു വിളിച്ചുണർത്തിയപ്പോൾ ഉറക്കച്ചടവോടെയാണ് എഴുന്നേറ്റതും…. പക്ഷേ അമ്മയുടെ കണ്ണുരുട്ടിയുള്ള നോട്ടം കണ്ടപ്പോൾ പിന്നീടൊന്നും പറയാൻ തോന്നിയില്ല… വേഗം കുളിച്ചൊരുങ്ങി….

പുടവ ഇന്നലെ തന്നെ ശ്രീയേട്ടൻ തന്നിരുന്നതുകൊണ്ട് അത് തന്നെയാണ് ഉടുത്തത്…. ബ്യുട്ടീഷൻ വേണ്ടെന്ന് ശ്രീയേട്ടൻ പറഞ്ഞെങ്കിലും കല്യാണ ദിവസം ഒരുങ്ങി നിൽക്കണം എന്നുള്ള തന്റെ വാശിപ്പുറത്തു ഒടുവിൽ സമ്മതിക്കേണ്ടി വന്നു…. ഒരുങ്ങി കഴിഞ്ഞപ്പോൾ ഇതുവരെയുള്ള തന്റെ രൂപം തന്നെ മാറിയതായി തോന്നി അഭിക്ക്… കുറച്ചു നേരം കണ്ണാടിയുടെ മുന്നിൽ തന്നെ നിന്ന് പല വിധത്തിലുള്ള ഫോട്ടോ എടുത്തു…. ഒടുവിൽ മുഹൂർത്തം ആയി എന്ന് വന്നു പറഞ്ഞപ്പോഴാണ് നിർത്തിയത്…. മണ്ഡപത്തിന് ചുറ്റും വലം വെച്ചു അവന്റെ അരികിലായി ഇരുന്നു… ഇടക്കൊന്നു ചെരിഞ്ഞു നോക്കിയപ്പോൾ തന്നെ തന്നെ കണ്ണെടുക്കാതെ നോക്കി നിൽക്കുന്നതാണ് കണ്ടത്….

അവന്റെ നോട്ടം കണ്ടപ്പോൾ നാണത്തോടെ ശിരസ്സ് താഴ്ത്തി ഇരുന്നു…. നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി അവൻ കഴുത്തിലേക്ക് താലി ചാർത്തുമ്പോഴും സീമന്തരേഖയിൽ സിന്ദൂരം അണിയിക്കുമ്പോഴും കണ്ണുകൾ രണ്ടും അടച്ചു കൈകൾ കൂപ്പി ഇരുന്നു…. തന്റെ മരണം കൊണ്ടല്ലാതെ ഈ താലിയും സിന്ദൂരവും തന്നിൽ നിന്നും അകലരുതേ എന്ന പ്രാർത്ഥനയോടെ…. അതിഥികളുടെ കൈയിൽ നിന്നും ഉപഹാരങ്ങൾ സ്വീകരിച്ചുകൊണ്ട് നിന്നപ്പോളാണ് ഋഷി മോളെയും എടുത്തു വേദിയിലേക്ക് വരുന്നത് ശ്രീ കാണുന്നത്…. കൂടെ തന്നെ ദേവയും ഉണ്ട്… അവൻ വേഗം തന്നെ ഋഷിയുടെ അടുത്തേക്ക് നടന്നു… “”വരുമെന്ന് വിചാരിച്ചില്ല സർ…..”” അതിനൊരു പുഞ്ചിരി നൽകി അവന്റെ തോളിലൊന്ന് തട്ടി ഋഷിയും ദേവയും അഭിയുടെ അടുത്തേക്ക് നടന്നു….

ദേവ കൈയിൽ കരുതിയ ഗിഫ്റ്റ് കൊടുക്കുമ്പോൾ അല്ലു മോള്‌ സൂക്ഷ്മതയോടെ ഓരോന്നും നോക്കി ഋഷിയുടെ തോളിൽ കിടക്കുന്നുണ്ടായിരുന്നു… “”അങ്കിലും കല്യാണം കഴിച്ചല്ലോ….. എന്നിട്ടും അല്ലൂസ്‌ കല്യാണം കഴിച്ചില്ലേ…. “”ശ്രീ മൂക്കത്തു വിരൽ വെച്ച് ചോദിച്ചതും അവനെ പിണക്കത്തോടെ നോക്കി…. “”അമ്മ വാവേനേ തരുമ്പോ മോള്‌ കല്യാണം കയിച്ചുമല്ലോ….””. ഉരുളക്ക് ഉപ്പേരിപോലുള്ള മറുപടി കേട്ട് ദേവ ജാള്യതയോടെ മുഖം കുനിക്കുമ്പോഴേക്കും അടുത്ത ചോദ്യവും എത്തിയിരുന്നു…. “”ആന്റി ടെ വാവ എന്തിയെ…””. അഭിടെ ചുറ്റും നോക്കി ചോദിച്ചതും ഋഷി നാക്ക് കടിച്ചു ശ്രീയെ നോക്കി… “”ശെരിയെന്നാൽ…. താനിനി കുറച്ചു ദിവസം ലീവ് ഒക്കെ കഴിഞ്ഞല്ല വരുന്നുള്ളു…. “”ഇനിയും നിന്നാൽ ശെരിയാകില്ല എന്ന് തോന്നിയപ്പോൾ ചമ്മി നിൽക്കുന്ന അഭിയെ നോക്കി ഒന്ന് ചിരിച്ചിട്ട് പെട്ടെന്ന് തന്നെ യാത്ര പറഞ്ഞു… 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

ഓഫീസിൽ നിന്നും വന്ന ക്ഷീണത്തിൽ സോഫയിലേക്ക് ചാഞ്ഞു ഇരുന്നു ഋഷി… പുതിയ കേസിന്റെ അന്വേഷണം തുടങ്ങിയിട്ട് ദിവസങ്ങൾ ആയിട്ടേ ഉള്ളൂ…. രണ്ടു ദിവസത്തിന് ശേഷം ഇന്നാണ് വീട്ടിലേക്ക് വരുന്നത്…. യൂണിഫോം പോലും മാറാതെ കണ്ണടച്ചു കിടക്കുന്ന ഋഷിയെ കണ്ടപ്പോൾ അവന്റെ അടുത്തേക്ക് ചെന്നു മുടിയിൽ കൂടി വിരലോടിച്ചു…. “”ക്ഷീണിച്ചോ…”” ആ ചോദ്യത്തിന് ഒരു ചിരി മാത്രം നൽകി അവൻ കണ്ണുകൾ അടച്ചു ഇരുന്നു…. അവൾ നൽകുന്ന മസ്സാജിൽ ക്ഷീണം കുറഞ്ഞു വരും പോലെ തോന്നി…. ഉള്ളിലെ ടെൻഷൻ എല്ലാം ഭാരമില്ലാതെ അകന്നു പോകും പോലെ…. അവൻ ചെറുതായി ഒന്ന് മയങ്ങി എഴുന്നേറ്റപ്പോഴേക്കും ആവി പറക്കുന്ന കോഫിയുമായി മുന്നിൽ എത്തിയിരുന്നു ദേവ….

കോഫി കുടിക്കുമ്പോൾ പല വട്ടം അവളിലേക്ക് കണ്ണുകൾ ചെന്നു….. അവൾക്കെന്തോ പറയാനുണ്ട് എന്ന് തോന്നി…. കൈവിരലുകൾ കൂട്ടിത്തിരുമ്മി നിൽപ്പുണ്ട്… “”നമുക്ക് ബീച്ചിൽ പോയാലോ… “”ഒരു പിരികം ഒന്നുയർത്തി ചോദ്യ ഭാവത്തിൽ നോക്കിയപ്പോളേക്കും മടിച്ചു മടിച്ചു പറയുന്നത് കണ്ടു…. ക്ഷീണം തോന്നിയിരുന്നു എങ്കിലും പ്രതീക്ഷയോടെ നോക്കുന്ന അവളെ കണ്ടപ്പോൾ വേണ്ടെന്ന് പറയാൻ തോന്നിയില്ല…. തലയാട്ടി സമ്മതം മൂളി…. ആ മുഖത്ത് സന്തോഷം നിറയുന്നത് കണ്ടപ്പോൾ എടുത്ത തീരുമാനത്തേക്കുറിച്ച് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നിരുന്നില്ല ഋഷിക്ക്… “”ഇന്നെന്താ കടല് കാണാൻ ഇത്രയും ആഗ്രഹം….”” അലയടിച്ചു ഉയരുന്ന തിരമാലകളെ നോക്കി നിൽക്കുന്ന ദേവയെ പിന്നിൽ നിന്നും ചേർത്ത് പിടിച്ചു ഋഷി ചോദിച്ചു…..

മറുപടിയൊന്നും പറയാതെ അവളാ നെഞ്ചിലേക്ക് ചാരി നിന്നു… അല്ലുമോള് അവിടെ നിന്ന് കിട്ടിയ ഒരു കമ്പ് വെച്ച് നിലത്ത് കുത്തി ഇരുന്ന് വെറുതെ മണലിൽ ഓരോന്ന് വരക്കുന്നുണ്ടായിരുന്നു…. കുറച്ചു നേരം നിശബ്ദയായി അവന്റെ നെഞ്ചോട് ചേർന്ന് നിന്നിട്ട് പതിയെ അവന്റെ കൈ എടുത്തു വയറ്റിലേക്ക് ചേർത്ത് വെച്ചു…. “”അല്ലൂട്ടന്റെ വാവ ദാ ഇവിടെ ഉണ്ട്….”” കേട്ടതിന്റെ ഞെട്ടലിൽ ഒരു നിമിഷം ചലനമറ്റ് നിന്ന് പോയി ഋഷി…. അറിയാതെ കണ്ണുകൾ നിറഞ്ഞു വരും പോലെ… ഒരു നിമിഷം കൊണ്ട് അവൾക്ക് മുൻപിലായി ചെന്ന് നിന്ന് നോക്കുമ്പോൾ വെപ്രാളം കാരണം വാക്കുകൾ പുറത്തേക്ക് വരുന്നുണ്ടായിരുന്നില്ല അവന്…. നിറകണ്ണുകളോടെ നോക്കുന്ന അവന്റെ മുന്നിൽ വീണ്ടും ഒരിക്കൽ കൂടി തലയാട്ടി അവൾ….

അതേയെന്ന ഭാവത്തിൽ…. ചേർത്ത് പിടിച്ചു തോളിലേക്ക് മുഖം അമർത്തുമ്പോൾ അവളും കരഞ്ഞു പോയിരുന്നു…. “”അച്ഛാ കയണ്ട…””.. മോള്‌ ഋഷിയുടെ കാലിൽ ചുറ്റിപ്പിടിച്ചപ്പോഴാണ് അകന്നു മാറുന്നത്…. മോളുടെ അടുത്തായി മുട്ട് കുത്തി ഇരുന്നു… അപ്പോഴേക്കും ആ കുഞ്ഞിക്കൈകൾ മുഖത്തെ കണ്ണീരു തുടച്ചു മാറ്റിയിരുന്നു…. “”അച്ഛാ കരഞ്ഞതല്ലെടാ കണ്ണാ…. അമ്മേടെ വയറ്റിലെ അല്ലൂട്ടന്റെ കുഞ്ഞാവ ഉണ്ടല്ലോ….”” അത് കേട്ടതും ദേവയുടെ വയറ്റിലേക്ക് നോക്കി നിൽപ്പുണ്ട്.. പിന്നെ അടുത്തേക്ക് ചെന്ന് പതിയെ വയറ്റിൽ തൊട്ട് നോക്കി കൈ എത്തിച്ചു….. “”വാവേ….. അല്ലൂന്റെ വാവ ആണേ…..

വേഗം വരണേ……”” കൊഞ്ചിക്കൊണ്ടുള്ള മോളുടെ സംസാരം ഋഷിയും ദേവയും നോക്കി ചിരിയോടെ നിൽക്കെ അകലെ നിന്ന് അതെല്ലാം നോക്കിക്കണ്ട രണ്ടു കണ്ണുകളിൽ വിഷാദ ഭാവമായിരുന്നു…. മോളും ദേവയും ഒരിക്കലും ഇതുപോലെ സന്തോഷത്തിൽ തന്റെ അരികിൽ നിന്നിട്ടില്ല എന്ന് ഓർത്തപ്പോൾ അറിയാതെ കണ്ണുകൾ നിറഞ്ഞൊഴുകും പോലെ തോന്നി ദീപുവിന്…. മോള്‌ ഋഷിയെ അച്ഛാ എന്ന് വിളിക്കുന്ന സ്വരം ഇപ്പോഴും കാതിൽ മുഴങ്ങും പോലെ…. 🔸

പിന്നീടുള്ള ദിവസങ്ങളിൽ ഋഷിയുടെയും അല്ലു മോളുടെയും പരിചരണത്തിൽ ശ്വാസം മുട്ടും പോലെ തോന്നി ദേവക്ക്…. ഡോക്ടർ ബെഡ് റസ്റ്റ്‌ പറഞ്ഞതിൽ പിന്നെ ഒന്നും ചെയ്യാൻ സമ്മതിക്കാതെ ഋഷി എല്ലാം ചെയ്യുമ്പോൾ പലവട്ടം തടസ്സം പിടിക്കാൻ ചെന്നിട്ടുണ്ട്…. പക്ഷേ ഒരു കാര്യവും ഉണ്ടാകാറില്ല…. ഓഫീസിലേക്ക് പോകുമ്പോൾ അല്ലു മോളോട് പറഞ്ഞു ഏൽപ്പിച്ചിട്ടാണ് പോക്ക്… അച്ഛനെക്കാൾ പട്ടാള ചിട്ട ആണെന്ന് തോന്നുന്നു മോൾക്ക്…. എന്തെങ്കിലും ചെയ്യാൻ തുടങ്ങുമ്പോഴേക്ക് “”അച്ഛാ”” വിളിച്ചു ഒരലർച്ചയാണ്…. അതോടെ വീണ്ടും കട്ടിലിലേക്ക് തന്നെ ചെല്ലും… തന്റെ ഓരോ ആഗ്രഹങ്ങളും പറയും മുൻപ് തന്നെ അവൻ സാധിച്ചു തരുമ്പോൾ ആ നെഞ്ചിലേക്ക് തല ചായ്ച്ചു നിൽക്കും നിറക്കണ്ണുകളോടെ…..

ഒരിക്കലും മതിവരാത്തത് പോലെ… ലേബർ റൂമിന്റെ വാതിൽക്കൽ കാത്ത് നിൽക്കുമ്പോൾ സമയത്തിന് വേഗത കുറവാണെന്നു തോന്നി ഋഷിക്ക്…. അല്ലു മോള്‌ അപ്പോഴേക്കും അമ്മയെ കാണാതെ കരച്ചിൽ തുടങ്ങിയിരുന്നു…. ഏറെ നേരത്തിനു ശേഷം കുഞ്ഞിനേയും കൊണ്ട് നഴ്സ് പുറത്തേക്ക് വന്നപ്പോഴും ആദ്യം അന്വേഷിച്ചത് ദേവയെയായിരുന്നു…. ഏറെ നേരത്തിനു ശേഷം മുറിയിലേക്ക് മാറ്റിയപ്പോൾ തളർച്ചയോടെ കട്ടിലിൽ കിടന്നു തന്നെ നോക്കി ചിരിക്കുന്ന അവളെ കാൺകെ അവന്റെ കണ്ണുകളും നിറഞ്ഞിരുന്നു…. പതിയെ ആ നെറ്റിയിലൊന്ന് ചുണ്ടമർത്തി മോനെ മടിയിലേക്ക് പിടിച്ചു….

അല്ലുമോള് അടുത്ത് നിന്ന് വാവേനേ തൊട്ട് നോക്കുന്നുണ്ട്…. ഋഷി കുഞ്ഞിനെ കളിപ്പിക്കുന്നത് കണ്ടപ്പോൾ അവന്റെ കൈയിൽ ചുറ്റിപ്പിടിച്ചു നിന്നു.. “”അല്ലൂന്റെ അച്ഛയാ….”” സങ്കടത്തോടെ പറഞ്ഞപ്പോഴേക്കും ഒരു കൈയിലേക്ക് കുഞ്ഞിനെ പിടിച്ചു മറു കൈ കൊണ്ട് മോളെ ചേർത്ത് പിടിച്ചിരുന്നു ഋഷി… “”ആടാ കണ്ണാ അല്ലൂന്റെ അച്ഛയാ…. ഇത് അച്ഛെടെ അല്ലൂസിന്റെ കുഞ്ഞൂസും…. ഹ്മ്മ്… നല്ല വാവയല്ലേ….”” മുഖം പതിയെ തെളിഞ്ഞു ചിരി വരുന്നത് കണ്ടു… “”എന്റെ അല്ലൂട്ടന്റെ വാവ ആണല്ലോ…… ഇനി നമുക്ക് കല്യാണം കഴിച്ചന്റെ…..”” അത് ചോദിച്ചപ്പോഴേക്കും നാണത്തോടെ മുഖം പൊത്തി അവന്റെ മടിയിലേക്ക് തല ചായ്ച്ചിരുന്നു അല്ലൂസ്‌….. അവസാനിച്ചു

രചന :: അമ്മു അമ്മൂസ് മഴമുകിൽ ഇവിടെ തീരുകയാണ്… ഇതിൽ കൂടുതൽ എഴുതാൻ സത്യായിട്ടും എന്റെ കൈയിൽ കഥ ഇല്ല…20 പാർട്ടിൽ തീർക്കാൻ ഉദ്ദേശിച്ച സ്റ്റോറി ആണ്… എല്ലാവരും പറഞ്ഞതുകൊണ്ട് വലിച്ചു നീട്ടിയതാണ് 😁😁 എല്ലാരോടും ഒത്തിരി ഒത്തിരി സ്നേഹം… ഈ കഥയേ ഇത്രയും സ്നേഹിച്ചതിനു… അല്ലുമോളെ അതിലും സ്നേഹിച്ചതിനു 😍… ഈ തീം ഞാൻ ആദ്യം പറയുന്നത് പാറുവിനോടാണ്.. 😍.. അപ്പൊ ഇനി എല്ലാരും essay എഴുതി ഇട്ടോ…. അടുത്ത കഥയുമായി കാണും വരെ വണക്കം 😍😍. റിപ്ലൈ കിട്ടാൻ ഉള്ളവർക്കെല്ലാം തരാമെ ❤… താന്തോന്നി എന്ന പുതിയ നോവലുമായി നാളെതന്നെ വരാട്ടോ…

മഴമുകിൽ: ഭാഗം 40

Share this story