ഒരു ചെമ്പകപ്പൂവിന്റെ ഓർമ്മയ്ക്ക്: ഭാഗം 6

ഒരു ചെമ്പകപ്പൂവിന്റെ ഓർമ്മയ്ക്ക്: ഭാഗം 6

എഴുത്തുകാരി: ദിവ്യ കഷ്യപ്പ്

വാതിലിൽ ആരോ തട്ടുന്നത് കേട്ട് നവി പുറത്തേക്കു നോക്കിയപ്പോഴാണ് … നിലം തുടയ്ക്കാനുള്ള തുണിയും വെള്ളവും മറ്റു സാമഗ്രികളുമായി ഗൗരി നിൽക്കുന്നത് കണ്ടത്… “ഒന്ന് പുറത്തേക്കിറങ്ങിയാൽ കൊള്ളാമായിരുന്നു… എനിക്കിവിടെയൊക്കെ ഒന്ന് വൃത്തിയാക്കണം… സാധാരണ വാടകക്കാർ തന്നെയാ വൃത്തിയാക്കി ഇടുന്നെ.. ഇതിപ്പോ കൊമ്പത്തെ ഡോക്ടർ അല്ലേ മെയ്യ് അനങ്ങൂല്ലല്ലോ… ” “ഓ… വന്നോ കാന്താരി മുളക്.. “നവി ഫോണെടുത്ത് പോക്കറ്റിൽ ഇട്ട് കൊണ്ട് മുറ്റത്തേക്കിറങ്ങി… ഇറങ്ങി പോകുന്ന വഴിയിൽ താടി തടവി കൊണ്ട് ഗൗരിയെ നോക്കി ഒന്ന് കണ്ണിറുക്കി കാണിച്ചു… “പോടാ… “ഗൗരി കോലം കുത്തി കാണിച്ചു നവിയെ… നവി വെറുതെ പൂഴി റോഡിലേക്കിറങ്ങി..

വൃശ്ചിക മാസം അവസാനിക്കാറായിരിക്കുന്നു… അത് കൊണ്ട് തന്നെ കൽക്കണ്ട കുന്നിലേക്ക് ആള് കൂടുതലുണ്ട്… ഇനി അടുത്ത കൊല്ലമല്ലേ ദേവന്റെ നട തുറക്കൂ… നവി വെറുതെ മുന്നോട്ട് നടന്നു… രവിയേട്ടന്റെ വീടിനു മുന്നിൽ എത്തിയപ്പോൾ അങ്ങോട്ട് കയറി… രാധികേച്ചി ചെടികൾക്ക് നനയ്ക്കുന്നു… “എവിടെ രവിയേട്ടൻ.. “അവൻ തിരക്കി.. “ദ പുറക് വശത്തു തൊടിയിലുണ്ട്… ലേശം കൃഷിയുണ്ട്… ” “ആഹ്.. ഡോക്ടറെ… “രവിയേട്ടൻ മുൻവശത്തേക്ക് വന്നു… “ഞാൻ ഒന്ന് നടക്കാനിറങ്ങിയതാ… കുന്നിന്റെ താഴ്വാരം വരെയൊന്നു പോയി വരാം എന്ന് വെച്ചു.. രവിയേട്ടനെ കമ്പനിക്ക് കിട്ടുമോന്നു നോക്കിയിറങ്ങിയതാ…

രവിയേട്ടൻ പണിയിലല്ലേ.. ഇനിയിപ്പോ പണി നടക്കട്ടെ.. “അവൻ പോകാനായി തിരിഞ്ഞു.. “ഡോക്ടർക്ക് വഴി അറീല്ലല്ലോ… ഭദ്രകുട്ടിയെ കൂട്ട് വിടാം.. “രാധികേച്ചി പറഞ്ഞു… “ഭദ്രകുട്ടിയോ.. അതാരാ “?? നവി ചോദിച്ചു.. “മ്മ്.. അങ്ങനെ ഒരാൾ ഇവിടുണ്ട്… ന്റെ ഇളയ മോൾ… അവിടുത്തെ സ്ഥിരം സന്ദർശക ആയിരുന്നു… കഴിഞ്ഞിടക്ക് ഗൗരിയുമായി ഒന്ന് പിണങ്ങി… അവളെ സംഗീത ക്ലാസിൽ മറ്റുള്ളവരുടെ മുന്നിൽ വെച്ചു ഗൗരി വഴക്ക് പറഞ്ഞൂത്രെ… ഗൗരി ചേച്ചിടെ ആളാ… വഴക്ക് പറഞ്ഞത് സഹിക്കാൻ പറ്റിയില്ല… അന്ന് പാട്ട് പഠിപ്പ് നിർത്തി… ഗൗരി കുറെ വന്നു.. കൂട്ട് കൂടാൻ.. ആൾക്കൊരു കൂസലും ഇല്യ.. “രവിയേട്ടൻ ചിരിയോടെ പറഞ്ഞു… “ഭദ്രകുട്ടീ.. “രാധികേച്ചി നീട്ടി വിളിച്ചത് കേട്ടു അകത്തു നിന്നും ഒരു പത്തു വയസുകാരി ഇറങ്ങി വന്നു…

നവി അവളെയൊന്നു നോക്കി… നല്ല തക്കുടുമണി… മുൻവശത്തെ മേൽനിരയിലെ രണ്ടു പല്ലില്ല… മുടി ഇരുവശത്തും മുറുക്കി പിന്നി ഇട്ടിട്ടുണ്ട്… ഒരു പെറ്റികോട്ടാണ് വേഷം… നവി അവളെ നോക്കി ചിരിച്ചു… അവളും.. “ഭദ്രാമ്മേ ഒന്ന് കൂട്ട് ചെല്ല്.. കൽക്കണ്ട കുന്നിന്റെ അടിവാരം വരെ… “രവിയേട്ടൻ അവളോട്‌ പറഞ്ഞു.. “നിൽക്കെ ഡോക്ടർ ഏട്ടാ… ഞാൻ പുത്യ ഒരുടുപ്പ് ഇട്ടിട്ട് വരാവേ… “ഭദ്ര അകത്തേക്കൊടി… ആ വിളി നവിക്കൊത്തിരി ഇഷ്ടമായി… ” ഡോക്ടറേട്ടൻ…. ” ഭദ്ര അവന്റെ കയ്യിൽ തൂങ്ങി കൽക്കണ്ട കുന്നിന്റെ താഴ്വാരം ലക്ഷ്യമാക്കി നടന്നു.. നവി ഇരുവശത്തെയും കാഴ്ചകൾ കണ്ടു നടക്കുകയായിരുന്നു… ഒരു വശം കാട് പോലെയാണ്… എന്തൊക്കെയോ വൃക്ഷങ്ങൾ നിറഞ്ഞു നിൽപ്പുണ്ട്…

ഒരു വശം വയൽ… അങ്ങ് കണ്ണെത്താ ദൂരം മല നിരകൾ… അങ്ങോട്ടേക്ക് ഇടതടവില്ലാതെ മഹാദേവനെ തേടി ഭക്തന്മാർ.. ഭദ്രക്കുട്ടി എന്തൊക്കെയോ വായ് നിറച്ചു പറയുന്നുണ്ട്… ഏതൊക്കെയോ കാര്യങ്ങൾ വിവരിച്ചു നൽകുന്നുണ്ട് അവന്… അവന്റെ ശ്രെദ്ധ മുഴുവൻ പക്ഷെ കുന്നിൻ മുകളിൽ തെളിഞ്ഞു നിൽക്കുന്ന ദീപത്തിലായിരുന്നു… “കെടാവിളക്ക് ആണ്.. “മുത്തശ്ശി പറഞ്ഞത് അവൻ ഓർത്തു… കെട്ടു പോകാതെ വിളക്ക് തെളിയിക്കാൻ അവകാശപെട്ട ഒരു കുടുംബം മലമുകളിൽ തന്നെ താമസിക്കുന്നുണ്ടത്രേ… അവർ മലയിറങ്ങാറില്ല… അവർക്ക് വേണ്ടത് മല ചവിട്ടി ചെല്ലുന്നവർ കൊണ്ട് കൊടുക്കും..

അന്നമായാലും,, വസ്ത്രമായാലും… അവരുടെ കുട്ടികൾ പഠിക്കാൻ പോകാറില്ല.. പക്ഷെ എന്നാലും ഏതു കാര്യത്തിലും നല്ല അറിവും പാണ്ഠിത്യവും ഉള്ളവരാണ്.. മഹാദേവൻ കനിഞ്ഞു അനുഗ്രഹിച്ചൊരു കുലം… നടന്നു നടന്നു അവർ താഴ്വാരത്തെത്തി.. നന്നേ ക്ഷീണിച്ചിരുന്നു രണ്ടു പേരും… വന്ന വഴി പോലെ അല്ല… താഴ്വാരം ആകെ ട്യൂബോക്കെ ഇട്ട് നല്ല ഉത്സവ പ്രതീതിയിൽ ആയിരുന്നു.. കുറച്ചു കടകളും കാര്യങ്ങളുമൊക്കെ ഉണ്ടായിരുന്നു അവിടെ.. ചായക്കട, ദോശ കട, നാരങ്ങാ വെള്ളത്തിനും മോരും വെള്ളത്തിനും കടകൾ.. നിലക്കടലയും, ഇഞ്ചിമിട്ടായിയും വിൽക്കുന്നവർ…

ബലൂണും കളിപ്പാട്ടങ്ങളും.. പിന്നെ വളക്കട.. അങ്ങനെയെങ്ങനെ ആകെ ഒരു ഉത്സവം മൂഡ്… “ബലൂൺ വേണോടാ തക്കുടു മണി.. “നവി ഭദ്രകുട്ടിയോട് ചോദിച്ചു… “യ്യോ വേണ്ടേ… ഇത്തിരി നാരങ്ങാവെള്ളം കിട്ടിയാ മതിയേ… “അവൾ തൊണ്ടയിൽ പിടിച്ചു കൊണ്ട് പറഞ്ഞു.. “വാ.. “അവൻ അവളുടെ കയ്യും പിടിച്ച് ഷീറ്റ് കൊണ്ട് ചായ്ച്ചു കെട്ടിയ ഒരു കടയുടെ അടുത്തേക്ക് ചെന്നു.. ഒന്ന് രണ്ടു പേര് ഇരുന്നു എന്തോ കഴിക്കുന്നും കുടിക്കുന്നുമുണ്ട് അവിടെ… നവിയും ഭദ്രകുട്ടിയും കൂടി അവിടെ കിടന്ന ബെഞ്ചിലേക്ക് ഇരുന്നു.. “എന്താ സാറേ വേണ്ടത്.. “ഒരാൾ തോളത്തിട്ടിരുന്ന തോർത്ത്‌ മുണ്ടിൽ കൈ തുടച്ചു കൊണ്ട് അങ്ങോട്ട് വന്നു.. “അയ്യോ.. ഡോക്ടർ ആയിരുന്നോ.. “ആ പറഞ്ഞത് കേട്ട് അവൻ ആളെയൊന്നു നോക്കി..

അത് അവൻ ആദ്യമായി തിരുമുല്ല കാവിലേക്കു വന്നപ്പോൾ കയറിയ ചായക്കടയിലെ ചേട്ടനായിരുന്നു… “ആഹ്… ചേട്ടനോ… ഇപ്പൊ ഇവിടാണോ.. ” “മ്മ്… വൈകുന്നേരം ഇങ്ങ് പോരും.. സീസൺ അല്ലേ… കുറച്ചു കാശൊക്കും വൃശ്ചിക മാസം… “അയാൾ ചിരിച്ചു… ചൂട് ദോശയും ചായയും ഭദ്രകുട്ടിക്ക് നാരങ്ങാവെള്ളവും ഒക്കെ പറഞ്ഞു നവി അവിടിരുന്നു… തിരക്കൊന്നു കുറഞ്ഞപ്പോൾ ആ ചേട്ടനും നവിക്കൊപ്പം വന്നിരുന്നു.. അപ്പോഴേക്കും അവർ കഴിച്ചു തീർന്നു കൈ കഴുകിയിരുന്നു… “ചേട്ടന്റെ പേരെന്തായിരുന്നു.. ഞാൻ മറന്നു “നവി ക്ഷമാപണം പോലെ പറഞ്ഞു.. “അന്ന് പറഞ്ഞിരുന്നില്ല… ദിവാകരൻ.. “അയാൾ ചിരിച്ചു…

സംസാരത്തിനിടയിൽ കൽക്കണ്ടക്കുന്നിലെ മഹാദേവനെ കുറിച്ചായി സംസാരം.. “വെറുതെ ദർശനം വേണ്ടവർക്ക് എളുപ്പം എത്താം മുകളിൽ… പക്ഷെ അഭീഷ്ടകാര്യ സിദ്ധിക്കാണെങ്കിൽ നല്ല പരീക്ഷണം നേരിടേണ്ടി വരും… അവിടെ എത്തിപ്പെടുത്തത്തില്ല മഹാദേവൻ … എത്തിപ്പെട്ടാൽ ആ കാര്യം നടന്നിരിക്കും… നടത്തി തരും… അത് അച്ചിട്ടതാ… ” ദിവാകരേട്ടൻ പറഞ്ഞു നിർത്തി… എന്ത് കൊണ്ടോ നവിയുടെ കൈകൾ അറിയാതെ ഇടനെഞ്ചിൽ ഒന്ന് തൊട്ടു… ഒപ്പം മിഴികളും അടഞ്ഞപ്പോൾ… ആ മിഴിയുടെ വിജനമാം അങ്ങേ ഓരത്ത് ഒരു പ്രാരാബ്ദക്കാരി പെണ്ണിന്റെ ഭസ്മക്കുറി തൊട്ട മുഖം തെളിഞ്ഞു വന്നു… തിരിച്ചു പോരാൻ നേരം എന്തോ നവിക്ക് വലിയ സന്തോഷം തോന്നുന്നുണ്ടായിരുന്നു…

അവൻ ഭദ്രകുട്ടിയുമായി വെറുതെ വളക്കടയിൽ കയറി… അവൾക്കിഷ്ടമുള്ളതൊക്കെ വാങ്ങി കൊടുത്തു… ഒരു കരിമഷിയും കുങ്കുമവും കുറച്ചു ചുവന്ന കുപ്പിവളകളും വേറെ വാങ്ങി… “അതാർക്കാ ഡോക്ടറേട്ടാ… “ഭദ്രക്കുട്ടി തിരക്കി… “അത് നാട്ടിൽ പോവുമ്പോൾ അവിടെ ഒരാളുണ്ട്.. അവൾക്ക് കൊടുക്കാനാ.. “നവി കണ്ണിറുക്കി ചിരിച്ചു കാണിച്ചു ഭദ്രകുട്ടിയെ.. “ആരാ ഡോക്ടറേട്ടന്റെ ലൗ ആണോ.. ” “മ്മ്… എന്റെ ലവ്.. എന്റെ ജീവൻ… എന്റെ പ്രാണൻ… എന്റെ എല്ലാമെല്ലാം… “നവി പറഞ്ഞു.. പക്ഷെ പതിയെ… ഭദ്രക്കുട്ടി കേൾക്കാതെ… “ഹലോ… മാഷേ.. ഇതെവിടാ.. “ഭദ്രക്കുട്ടി അവനെ കുലുക്കി വിളിച്ചു.. “ഏയ്… ലവ് ഒന്നുമല്ല…

ഒരു കൊച്ചു കുട്ടിക്കാ…ഒരു അടയ്ക്കക്കുരുവിക്ക്…” അവൻ ഭദ്രയെ നോക്കി ചിരിച്ചു… “അതിരിക്കട്ടെ ഭദ്രകുട്ടിക്ക് ഡോക്ടറേട്ടനെ ഇഷ്ടായോ.. ” “മ്മ്.. ഒരുപാട്.. ഒരുപാടിഷ്ടവായി എനിക്ക്” “എന്നാൽ ഒരു കാര്യം പറഞ്ഞാൽ കേൾക്കുവോ… ” “മ്മ്.. കേൾക്കാല്ലോ.. ” “എന്നാൽ ഇന്ന് മുതൽ ഗൗരിച്ചേച്ചിയുമായുള്ള വഴക്കൊക്കെ തീർത്ത് നല്ല കുട്ടിയായി സംഗീതം പഠിക്കാൻ വന്നോളണം കേട്ടോ… ” “അത്.. ഭദ്ര നഖം കടിച്ചു… അത് വേണോ… ” “വേണം… നാളെ മുതൽ അവിടെ വരണം.. വന്നേ പറ്റൂ… ” “ഓക്കേ “ഭദ്രക്കുട്ടി കയ്യുയർത്തി കാണിച്ചു… അവിടെ നിന്നും തിരികെ പോരുമ്പോൾ ഇടനെഞ്ചിൽ കൈ ചേർത്ത് മലമുകളിലേക്ക് നോക്കി എന്തോ ഒരു ദൃഢ നിശ്ചയം നവി എടുത്തിരുന്നു..

മഹാദേവനും അവനും തമ്മിൽ മാത്രം അറിയുന്നൊരു കരാർ… ഭദ്രകുട്ടിയെ വീട്ടിലാക്കി വാര്യത്തിന്റെ വേലി കടക്കുമ്പോൾ മുത്തശ്ശിയും ഗൗരിയും നാമം ചൊല്ലി എഴുന്നേൽക്കുകയായിരുന്നു… ദീപം അണച്ചു പടിക്കെട്ടിലേക്കു നോക്കിയപ്പോൾ ഇരുളിൽ കണ്ടൊരു നിഴൽ രൂപത്തെ ഗൗരിയും മുത്തശ്ശിയും ഒന്ന് സൂക്ഷിച്ചു നോക്കി… അവനാണെന്ന് മനസിലായപ്പോൾ ഗൗരി അകത്തേക്ക് പോയി… വെറുതെ നവിയുടെ കൈ പോക്കറ്റിലേക്ക് പോയി… കരിമഷിയും കുങ്കുമവും പൊട്ടും വളയും പൊതിഞ്ഞു വാങ്ങിയതിൽ.. “ഹോ.. ഇതൊക്കെ കൊടുക്കാൻ പറ്റിയ ഒരു സാധനം… “അവൻ മനസിലോർത്തു “വൈദ്യരെ” എന്ന വിളിയോടെ മുത്തശ്ശി തിണ്ണയിലേക്കിരുന്നു..

നവിയും അടുത്തേക്കിരുന്നു… വിശേഷങ്ങൾ പറയുന്നതിനിടയിൽ ഗൗരിയുടെ അമ്മയെ കുറിച്ച് നവി മുത്തശ്ശിയോട് ചോദിച്ചു… മാനസിക വിഭ്രാന്തിയാണ് എന്ന് അറിയാമായിരുന്നെങ്കിലും അങ്ങനെ ഒരാളെ അവൻ അവിടെങ്ങും ഇതുവരെ കണ്ടില്ലായിരുന്നു… “മുറിയിൽ നിന്ന് പുറത്തിറങ്ങാറില്ല… ഭക്ഷണം ഗൗരി വാരി കൊടുക്കും.. ഉച്ചക്ക് ഒന്നും കഴിക്കില്ല.. പിന്നെ വൈകിട്ട് അവൾ വന്നുകഴിഞ്ഞു നിർബന്ധിച്ചാ കൊടുക്കുന്നെ.. ” “എന്ത് പറ്റിയതാ… പണ്ടേ ഇങ്ങനാണോ.. ” “ഇല്ല അഞ്ചു ആണ്ടു ആവുന്നേയുള്ളൂ… അന്നൊരിക്കൽ….. ” “മുത്തശ്ശി !!!!…..”ഗൗരിയുടെ ശാസന രൂപേണയുള്ള വിളിയിൽ മുത്തശ്ശി പറയാൻ വന്നത് വിഴുങ്ങി…

“ന്തെ… അത്താഴത്തിനു ഒന്നും ഒരുക്കണ്ടേ.. ഇങ്ങനെ പുരാണം പറഞ്ഞിരുന്നാൽ മതിയോ…??? ” “ദാ വരുന്നു..” മുത്തശ്ശി പൊടിയും തട്ടി എഴുന്നേറ്റു അകത്തേക്ക് പോയി.. നവിയും എഴുന്നേറ്റു… “ഡോക്ടർക്ക് എന്തൊക്കെ അറിയണം..”ഗൗരിയുടെ വാക്കുകൾ കേട്ട് അവൻ അവളുടെ മുഖത്തേക്ക് നോക്കി.. ഭസ്മക്കുറി മാത്രം അലങ്കാരമുള്ള ആ മുഖത്തേക്ക് ഉറ്റു നോക്കി നിന്നു അൽപനേരം… “ചോദിച്ചത് കേട്ടില്ലേ ഡോക്ടറേ.. ” “ഇയാളെന്താ പൊട്ട് കുത്താത്തത്… നീളമുള്ള കമ്മലിടാത്തത്..വളയിടാത്തെ …

നിറമുള്ള ഒരു സാരിയുടുക്കാത്തെ… “നവിയുടെ ചോദ്യം ഗൗരിയെ അമ്പരപ്പിച്ചു… “ന്താ… ന്താ ചോദിച്ചേ.. “അവൾ മനസിലാവാത്ത പോലെ ഒരു വിറയലോടെ അവനെ നോക്കി.. അവളെ ഒന്ന് നോക്കി കൊണ്ട് അവൻ കയ്യിലിരുന്ന വളപ്പൊതി അവിടെ അരഭിത്തിക്ക് മുകളിലേക്ക് വെച്ചു… താഴെ പൊഴിഞ്ഞു വീണു കിടന്ന ഒരു ചെമ്പകപ്പൂവും കുനിഞ്ഞെടുത്ത് വാസനിച്ചു കൊണ്ട് നവി അപ്പുറത്ത് എഴുത്തു പുരയിലേക്ക് നടന്നു… ഇടനെഞ്ചിലെ മഹാദേവനെ ഉറച്ചു വിശ്വസിച്ചു കൊണ്ട്….😊dk❣ ദിവ്യകശ്യപ് 🌷🌷

ഒരു ചെമ്പകപ്പൂവിന്റെ ഓർമ്മയ്ക്ക്: ഭാഗം 5

Share this story