ഒറ്റത്തുമ്പി: ഭാഗം 7

ഒറ്റത്തുമ്പി: ഭാഗം 7

എഴുത്തുകാരി: ആഷ ബിനിൽ

മൂന്ന് പേരാണ് ഞങ്ങളുടെ ക്ലാസിൽ ലൈറ്റിൽ അഡ്മിഷൻ എടുത്തത്. പെണ്കുട്ടികൾ രണ്ടുപേരും എല്ലാവരുമായും വേഗം കമ്പനി ആയെങ്കിലും മൂന്നാമൻ മൗനം പാലിച്ചിരുന്നു. ബെഞ്ചിന്റെ ഓരത്ത് ആരോടും മിണ്ടാതെ ഇരിക്കുന്ന അവനെ കൂടെ കൂട്ടാൻ ഞാൻ പ്രവിയോട് പറഞ്ഞു. അഭിഷേക്. ആറടി പൊക്കത്തിൽ മെലിഞ്ഞ ശരീരമുള്ള ഇരുനിറത്തിൽ ഒരു ചെക്കൻ. മൊത്തത്തിൽ ശ്രദ്ധിക്കാൻ മാത്രം യാതൊരു പ്രത്യേകതകളും ഇല്ലെങ്കിലും അവനോട് ഒരടുപ്പം എനിക്ക് തോന്നി. അതൊരുപക്ഷെ അവന്റെ മുഖത്തെ സ്ഥായിയായ വിഷാദഭാവം കാരണം ആയിരിക്കാം.

സംസാരിച്ചു വന്നപ്പോഴാണ് ആളൊരു ആറ്റം ബോംബ് ആണെന്ന് മനസിലായത്. വീട്ടിൽ നിന്ന് മാറി നിൽക്കുന്നതിൽ വിഷമത്തിൽ ഒന്ന് ഒതുങ്ങിയതാണ്. പുലി പതുങ്ങുന്നത് ഒളിക്കാൻ അല്ല കുതിക്കാൻ ആണെന്ന് പറഞ്ഞതുപോലെ അവൻ വേഗം തന്നെ ക്ലാസിന്റെ ഭാഗമായി. ഒരു മാസത്തിനകം ഞങ്ങളുടെ ക്ലാസ് അവന്റെ പേരിൽ അറിയപ്പെടുന്നു എന്ന അവസ്ഥയിൽ എത്തി. ആയിടക്കാണ് ചേട്ടായി വല്ലാതെ അകന്നു പോകുന്നു എന്നൊരു തോന്നൽ എനിക്കുണ്ടായത്. പണ്ട് ഒന്നിടവിട്ട ദിവസങ്ങളിൽ എങ്കിലും വിളിക്കുകയും ധാരാളം സംസാരിക്കുകയും ചെയ്തിരുന്നു. ഞായറാഴ്ചകളിൽ ഒരുമിച്ചു പുറത്തു പോയിരുന്നു. ഇപ്പോൾ ഓരോ തിരക്കാണ് എപ്പോഴും.

അവിടുത്തെ പപ്പയും മമ്മിയും വിളിക്കാറുണ്ട്. അവർക്ക് മാറ്റമൊന്നും ഇല്ലതാനും. പിന്നെ ചേട്ടായിക്ക് എന്താണോ പറ്റിയത്. “ചേട്ടായിക്ക് വല്ല ലൈനും സെറ്റായി കാണും” ഭവി എന്നോട് പറഞ്ഞു. “ഹേയ്. അങ്ങനൊന്നും ഉണ്ടാകില്ല. ഉണ്ടെങ്കിൽ ചേട്ടായി അതാദ്യം എന്നോട് പറഞ്ഞേനെ” “പിന്നേ. നിന്നോട് പറഞ്ഞാൽ നീ ലൈനടിക്കുമ്പോൾ ചേട്ടായിക്ക് തടയാൻ പറ്റില്ലല്ലോ. അതോണ്ട് പറയില്ലായിരിക്കും” അവൾ പറഞ്ഞു. “ഒന്ന് പോടി. ചേട്ടായിക്ക് എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞവൾ അല്ലെ നീ. നിനക്കെല്ലാം ആ കണ്ണ് കൊണ്ടു കാണുന്നതുകൊണ്ടു തോന്നുന്നതാ” അവളോടങ്ങനെ പറഞ്ഞെങ്കിലും ഒരു കനൽ എന്റെ മനസിലും കയറി കൂടിയിരുന്നു. എന്തിനെന്നറിയാതെ ഒരു വേദന.

ഈ ലോകത്ത് സ്വന്തമെന്നു പറയാൻ ആകെയുള്ളത് ചേട്ടായി ആണ്. ആ സ്നേഹവും കിട്ടി തുടങ്ങിയിട്ട് കുറച്ചു നാളെ ആയുള്ളൂ. പിന്നെയും ആലോചിച്ചു നോക്കിയപ്പോൾ പപ്പയുടെ മരണശേഷം ഇങ്ങനൊരു ആങ്ങള വരും എന്നൊന്നും പ്രതീക്ഷിച്ചല്ലല്ലോ ഞാൻ ജീവിച്ചത്. ഒന്നും പ്രതീക്ഷിക്കരുത്. കിട്ടുന്നതിൽ സന്തോഷം കണ്ടെത്താൻ ശ്രമിക്കണം. അത്ര തന്നെ..! “പാന്ഥർ പെരുവഴിയമ്പലം തന്നിലേ താന്തരായ് കൂടി വിയോഗം വരുമ്പോലെ നദ്യാമൊഴുകുന്ന കാഷ്ഠങ്ങല്ൾ പോലെയു- മെത്രയും ചഞ്ചലമാലയ സംഗമം ലക്ഷ്മിയുമസ്ഥിരയല്ലേ മനുഷ്യർക്കു നീൽക്കുമോ യൌവനവും പുനരധ്രുവം?” 🌺🌺🌺🌺🌺

“തുമ്പീ. നീ നാളെ രാവിലെ റെഡിയാകണം കേട്ടോ. നമുക്കൊന്ന് പുറത്തൊക്കെ പോയിട്ട് വരാം” ചേട്ടായി വിളിച്ചു പറഞ്ഞപ്പോൾ ഭയങ്കര സന്തോഷം തോന്നി. രണ്ടുമൂന്ന് ആഴ്ചകൾക്ക് ശേഷമാണ് ഒരുമിച്ചു പുറത്തു പോകുന്നത്. പറഞ്ഞ സമയത്ത് തന്നെ ആള് വന്നു. മ്യൂസിയത്തിലേക്കാണ് ഞങ്ങൾ പോയത്. ചേട്ടായിക്ക് എന്നോടെന്തോ പറയാൻ ഉള്ളതുപോലെ തോന്നി. “ചേട്ടായി.. ഇതെന്നാ പതിവില്ലാത്ത ഒരു ടെൻഷൻ?” ആൾ ചിരിച്ചതേയുള്ളൂ. ആ മുഖത്തു പൂത്തിരി കത്തിച്ചപോലെ തിളക്കം കണ്ടു പുള്ളിയുടെ നോട്ടം പോയ ഭാഗത്തേക്ക് നോക്കിയപ്പോൾ ഒരു കിടിലം ചേച്ചി വരുന്നു. ജീൻസും കുർത്തയും ഒക്കെയിട്ട് ഒരുപാട് മുടിയുള്ള വെളുത്തു തുടുത്ത ചേച്ചി. “തുമ്പീ ഇത് അഞ്ജലി….

എന്റെ കൊളീഗ് ആണ്. ഇവൾക്ക് എന്നോടൊരു ഇഷ്ടം… എനിക്കും താല്പര്യം ആണ്…. പിന്നെ നിന്നെ കൂടി അംഗീകരിക്കാൻ പറ്റിയാൽ പ്രൊസീഡ് ചെയ്യാം എന്നു ഞാനിവളോട് പറഞ്ഞിട്ടുണ്ട്…. അടുത്തയാഴ്ച വീട്ടിൽ നിന്ന് എല്ലാവരും കാണാൻ വരും… ഒരുപാട് ദൂരം ഉള്ളതുകൊണ്ട് അതു കഴിഞ്ഞ് വേറെ ഉറപ്പിക്കൽ ഒന്നും നടത്തുന്നില്ല…. നേരെ മനസമ്മതം. അതിന് മുൻപ് നിന്നെ പരിചയപ്പെടുത്താമല്ലോ എന്നു കരുതി ഞാൻ…” ഒരുപാട് ബുദ്ധിമുട്ടിയാണ് ചേട്ടായി അത്രയും പറഞ്ഞൊപ്പിച്ചത്. ആദ്യത്തെ വാക്കുകൾ എനിക്ക് നൽകിയ സന്തോഷം അത്രയും തല്ലി കെടുത്തുന്നതായിരുന്നു അവസാനത്തെ വാചകം. എല്ലാവരോടും പറഞ്ഞു. എല്ലാം ഉറപ്പിച്ചു. എന്നിട്ടാണ് ഞാൻ അറിഞ്ഞത്.

എന്നോട് പറഞ്ഞത്….. പെട്ടെന്നുണ്ടായ പതർച്ച മറച്ചുവച്ചു ഞാനവരോട് സംസാരിച്ചു. ചേച്ചി ഒരു പാവമായി തോന്നി. അച്ഛനും അമ്മയും സെക്രട്ടറിയേറ്റിൽ ഉദ്യോഗസ്ഥർ ആണ്. ഒറ്റ മകൾ. “അപ്പോ കല്യാണം കഴിഞ്ഞു നിങ്ങൾ ഇവിടെ സെറ്റിൽ ആകുവല്ലേ. മമ്മിയും പപ്പയും എന്നാ ചെയ്യും?” ഞാൻ ചേട്ടായിയോട് ചോദിച്ചു. “അവരേം കൂടി ഇങ്ങോട്ട് കൊണ്ടുവരാൻ പോകുവാ. നാട്ടിലെ സ്ഥലം വിറ്റ് ഇവിടെ എവിടേലും ഒരു വീട് വാങ്ങണം. ബാക്കി പൈസ ബാങ്കിലിട്ടാൽ ഇൻട്രസ്റ്റ് തന്നെ നല്ല ഒരു അമൗണ്ട് കിട്ടൂലോ.” ഡിഗ്രി കഴിഞ്ഞു എത്രയോ നല്ല അവസരങ്ങൾ വന്നിട്ടും നാടും പറമ്പും പള്ളിയും ആണ് ജീവിതം എന്നു പറഞ്ഞു നടന്ന ആളാണ് എല്ലാം ഒഴിവാക്കുന്ന കാര്യം സന്തോഷത്തോടെ പറഞ്ഞത്.

മനുഷ്യന്റെ ഇഷ്ടങ്ങൾ മാറി മറിയാൻ കണ്ണടച്ചു തുറക്കുന്ന സമയം മതിയല്ലോ. അപ്പോഴാണ് അഭിഷേക് അവിടേക്ക് വന്നത്. നേരത്തെ കണ്ടിട്ടുള്ളതുകൊണ്ട് അവരെ പ്രത്യേകം പരിചയപ്പെടുത്തേണ്ടി വന്നില്ല. “ഇത് അഞ്ജലിചേച്ചി. എന്റെ ചേട്ടത്തി ആകാൻ പോകുന്നു” അവനോട് ഞാൻ പറഞ്ഞത് കേട്ട് ചേട്ടായിയുടെയും ചേച്ചിയുടെയും കണ്ണുകൾ ഒരുപോലെ വിടർന്നു. “എന്നാൽ പിന്നെ നീ ബസിന് പോയ്‌ക്കോളുകേലെ? ഞാൻ അഞ്ജുവിനെ കൊണ്ടുവിട്ടിട്ടെ വരൂ” ചേട്ടായി പറഞ്ഞു. മുള്ളുകൊണ്ട് കോറിയ പോലൊരു വേദന എനിക്കുണ്ടായി.

ഇത്രനാളും ചേട്ടായിയുടെ ഒപ്പം ഞാൻ ആയിരുന്നു. ഇപ്പോൾ… “എന്ത് പറ്റി? തുമ്പി ഒറ്റയ്ക്ക് പോകില്ലേ? അല്ലെങ്കിൽ അഭിഷേക് ഉണ്ടല്ലോ. ഒരുമിച്ചു പോകാലോ” ചേച്ചി ചോദിച്ചു. “ഹേയ്. അതല്ല. ചേട്ടായി ഐസ് ക്രീം വാങ്ങി തരാതെ പോകുന്നത് കൊണ്ടാ”. ഞാൻ വായിൽ തോന്നിയ ഒരു കള്ളം പറഞ്ഞു. ചേട്ടായി ഉടനെ പോയി രണ്ടു കോർനെറ്റോ വാങ്ങി ഞങ്ങൾക്ക് രണ്ടുപേർക്കും തന്നു. അവർ പോകുന്നത് നോക്കി ഞാൻ നിന്നു. “വാശി പിടിച്ചു വാങ്ങിയിട്ട് കഴിക്കുന്നില്ലേ?” അഭിഷേക് ചോദിച്ചു. ഞാനൊരു വിളറിയ ചിരി ചിരിച്ചു. പുല്ലിലേക്ക് ഇരുന്നു ഐസ് ക്രീം കഴിക്കുമ്പോഴും എന്റെ മനസ് മറ്റെവിടെയോ ആയിരുന്നു. “ചേട്ടൻ അവോയ്ഡ് ചെയ്യുമ്പോ സഹിക്കുന്നില്ല അല്ലെ.”

അവൻ വീണ്ടും ചോദിച്ചു. “ഹേയ്. അങ്ങനൊന്നും ഇല്ല. ഞാൻ വെറുതെ…” ഞാൻ വാക്കുകൾക്ക് തപ്പിതടയുന്നത് കണ്ട അവൻ വീണ്ടും ചിരിക്കാൻ തുടങ്ങി. “ഇതൊന്നും നിന്റെ ചേട്ടന്റെ കുഴപ്പം അല്ലടി. പ്രണയം മനസിൽ തോന്നി തുടങ്ങിയാൽ പിന്നെ ആ വ്യക്തിയെ ചുറ്റി ആണ് നമ്മുടെ ജീവിതം തിരിയുന്നത് എന്നു തോന്നും. നിന്റെ വിഷമം ഒന്നും ചേട്ടായി അറിയുന്നുകൂടി ഇല്ലായിരിക്കും” “അത് നിനക്കെങ്ങനെ അറിയാം?” വലിയ തത്വജ്ഞാനിയെപ്പോലെ അവന്റെ സംസാരം കേട്ട് ഞാൻ നെറ്റി ചുളിച്ചു. “നിന്നെക്കാളും നാലഞ്ച് ഓണം കൂടുതൽ ഉണ്ടതല്ലേ ഞാൻ. ആ എക്സ്പീരിയൻസ് ആണെന്ന് കൂട്ടിക്കോ” ഐസ്ക്രീമിന്റെ റാപ്പർ കളയാൻ അവൻ എഴുന്നേറ്റ് പോയ സമയത്താണ് അവന്റെ ഫോൺ റിങ് ചെയ്യുന്നത് കണ്ടത്.

അമ്മ എന്ന കോൺടാക്റ്റ് നെയിം കണ്ടപ്പോൾ ഞാൻ ആൻസർ ചെയ്തു. “അബീഷൂ. നീ എവിടെയാ..?” “ഞാൻ അഭിഷേക് അല്ല. അവന്റെ ഫ്രണ്ട് ശിഖ ആണ്. അവനിപ്പോ വരും..” ഞാൻ പെട്ടന്ന് പറഞ്ഞു. “ആഹാ. മോളെ കുറിച്ചൊക്കെ അവൻ പറഞ്ഞിട്ടുണ്ട് കേട്ടോ” അപ്പോഴേക്കും അഭിഷേക് വന്നു. അവർ കുറച്ചുനേരം സംസാരിച്ചു ഫോൺ വച്ചു. “അമ്മ അബീഷൂ എന്നാ വിളിക്കുന്നേ?” “അമ്മ മാത്രമല്ല, അച്ഛനൊഴികെ വീട്ടിൽ എല്ലാവരും അങ്ങനെയാ വിളിക്കുന്നത്.” അവൻ ചിരിച്ചു. “അതെന്താ അങ്ങനെ?” ഞാൻ ചോദിച്ചതും അവന്റെ മുഖത്തെ ചിരി മാഞ്ഞു. “അതെന്താ എന്നു ചോദിച്ചാൽ.

അച്ഛനെ എനിക്കിഷ്ടമല്ല. ആൾക്ക് എന്നെയും. അതോണ്ടായിരിക്കും” എന്റെ നോട്ടം കണ്ട് കഥ കേൾക്കാൻ റെഡിയാണെന്ന് തോന്നിയതുകൊണ്ടാവണം, അവൻ വീണ്ടും സംസാരിച്ചു. “എന്റെ അമ്മയെ അച്ഛൻ വിവാഹം കഴിക്കുന്ന സമയത്ത് ആ വീട്ടിൽ അമ്മമ്മയും വല്യമ്മയും അമ്മയും മാത്രമേയുള്ളൂ. വല്ല്യമ്മ ആണെങ്കിൽ ഒരു പ്രേമനൈരാശ്യം ഒക്കെ കഴിഞ്ഞു കല്യാണം വേണ്ടെന്ന് പറഞ്ഞിരിക്കുകയാണ്. സ്വാഭാവികമായും ആണുങ്ങൾ ഇല്ലാത്ത വീടായത് കൊണ്ട് അച്ഛനും അവിടെ താമസം തുടങ്ങി. ചേട്ടനും ചേച്ചിയും ഉണ്ടായിക്കഴിഞ്ഞ അമ്മ എന്നെ പ്രെഗ്നന്റായി ഇരിക്കുന്ന സമയത്താണ് വല്യമ്മയും അച്ഛനും തമ്മിൽ റിലേഷൻ ഉണ്ടെന്ന് അമ്മ അറിയുന്നത്. അപ്പോഴേക്കും അമ്മമ്മയും മരിച്ചു കഴിഞ്ഞിരുന്നു.

അതോടെ അച്ഛന് ലൈസൻസ് ആയി. ഒരേ വീട്ടിൽ രണ്ടു സ്ത്രീകൾക്കൊപ്പം അയാൾ താമസിച്ചു. അവരുടെ നിസ്സഹായാവസ്ഥ അയാൾ മുതലെടുക്കുകയായിരിക്കണം. പിന്നെ കുറെ വർഷം കഴിഞ്ഞപ്പോൾ അയാൾ മറ്റൊരു പെണ്ണിന്റെ കൂടെയായി. അതോടെ അമ്മയും വല്യമ്മയും ജോലിക്ക് പോയി ഞങ്ങളെ വളർത്താൻ. ഇപ്പോഴും അവർ ഒരു വീട്ടിൽ താമസിക്കുന്നുണ്ട്. അവർക്കിടയിൽ വഴക്കു പോയിട്ട് അഭിപ്രായ വ്യത്യാസമോ തർക്കാമോ പോലും ഞാൻ ഇന്നേവരെ കണ്ടിട്ടില്ല. അച്ഛൻ എന്നുപറയുന്ന മനുഷ്യൻ ഇപ്പോഴും ഇടയ്ക്ക് വരാറുണ്ട്. ഒന്നോ രണ്ടോ ദിവസം അമ്മ ഉണ്ടാക്കുന്ന ഫുഡും കഴിച്ചു സുഖവാസം നടത്തി പോകും.

സ്വന്തം കാലിൽ നിൽക്കുന്നത് കൊണ്ട് അമ്മയും വല്യമ്മയും അയാളുടെ മുന്നിൽ ഇപ്പോ ഓച്ഛാനിച്ചു നിൽക്കാറില്ല. ഞാനും ചേച്ചിയും മിണ്ടാറില്ല. എന്നാലും വരും. ചേച്ചിയുടെ മോനെ കളിപ്പിക്കുന്നത് കാണാം.” എനിക്ക് അത്ഭുതം തോന്നി. ഈ ലോകത്ത് ഇങ്ങനെയും സ്ത്രീകളോ? “ചേട്ടനും ചേച്ചിയും ഒക്കെ?” “ചേട്ടൻ വിവാഹം കഴിച്ചു ചേട്ടത്തിയുടെ വീട്ടിൽ ആണ്. അച്ഛന്റെ പാത പിന്തുടർന്നാലോ എന്ന പേടി കാരണം ചേട്ടത്തി വരച്ച വരയിലാ നിർത്തുന്നെ. വർഷത്തിൽ രണ്ടോ മൂന്നോ തവണ മക്കളെയും കൊണ്ട് വരും കാണാൻ.

ചേച്ചിയുടെയും കല്യാണം കഴിഞ്ഞതാ. പക്ഷെ ആഴ്ചയിൽ ഒരിക്കലെങ്കിലും അളിയനോട് വഴക്കു കൂടി വീട്ടിൽ വരും. അമ്മ ആണെങ്കിൽ ലോകത്തെ എല്ലാ ആണുങ്ങളും മറ്റു പെണ്ണുങ്ങളെ തേടി പോകും എന്ന വിശ്വാസക്കാരി ആണ്. പോരാത്തതിന് അവരുടെ ജീവിതം കൺമുന്നിൽ കാണുമ്പോ ചെറിയ അസൂയയും. അതുകൊണ്ട് കുറ്റം ചേച്ചിയുടെ ഭാഗത്ത് ആണെങ്കിലും അവളെ സപ്പോർട്ട് ചെയ്യും. ഇപ്പോ അവർക്ക് വഴക്കുകൂടി ഇറങ്ങിവരാൻ പാകത്തിന് ഞങ്ങളുടെ വീടിനടുത്തു തന്നെ വാടകയ്ക്ക് വീടെടുത്തേക്കുവാ.

എന്താകും എന്നു കണ്ടറിയണം.” എനിക്ക് അച്ഛനും അമ്മയും ഇല്ലാത്തതും അവന് ഉള്ളതും ഒരുപോലെ ആണെന്ന് ആ നിമിഷത്തിൽ എനിക്ക് തോന്നിപ്പോയി. ബസ്സിറങ്ങി ഒരുമിച്ചു ഹോസ്റ്റലിലേക്ക് നടക്കുമ്പോഴും അവൻ പറഞ്ഞ കാര്യങ്ങൾ മനസിൽ നിന്ന് പോയിരുന്നില്ല. ഗേറ്റിലെത്തി തിരിഞ്ഞു നോക്കിയപ്പോൾ വഴിയിൽ തന്നെ അവൻ നിൽക്കുന്നുണ്ട്. ഞാൻ അകത്തേക്ക് കയറി എന്നു കണ്ടശേഷം ആണ് അവൻ പോയത്. എന്റെ ചുണ്ടിലൊരു ചിരി വിരിഞ്ഞു. മനസിന് സുഖമുള്ള ഒരു നൊമ്പരം തോന്നി തുടങ്ങിയിരുന്നു…. തുടരും..

ഒറ്റത്തുമ്പി: ഭാഗം 6

Share this story