സിദ്ധാഭിഷേകം : ഭാഗം 34

സിദ്ധാഭിഷേകം :  ഭാഗം 34

എഴുത്തുകാരി: രമ്യ രമ്മു

അഭിക്ക് അമ്മാളൂനെ ഓർമ വന്നു.. മുറിയിൽ അവൾ ഒറ്റയ്ക്ക് ആണല്ലോ എന്നോർത്തപ്പോൾ അവന് വല്ലാതെ ആയി.. അവൻ ഫോൺ എടുത്ത് അവളെ വിളിച്ചു.. റിംഗ് ചെയ്ത് തീർന്നതല്ലാതെ എടുത്തില്ല.. ഉറങ്ങിക്കാണും എന്ന് കരുതി അവൻ പിന്നെ വിളിച്ചില്ല…. ▫▫▫▫▫▫▫▫▫▫▫▫▫▫▫ രാവിലെ എഴുന്നേൽക്കാൻ വൈകിയിരുന്നു അമ്മാളൂ.. താഴേക്ക് വന്ന് കിടന്നിട്ടും കുറെ കഴിഞ്ഞാണ് ഉറങ്ങിയത്… അവൾ എന്തോ ഓർത്ത് വേഗം പുറത്തിറങ്ങി.. അവിടെ ഒക്കെ ശർമിളയെ അന്വേഷിച്ചു..പക്ഷെ കണ്ടില്ല.. അപ്പോഴാണ് ലത അങ്ങോട്ട് വന്നത്.. “ലതാമ്മേ..അമ്മയും അംബിയമ്മയും ഒക്കെ ഇന്ന് നേരത്തെ പോയോ..”

“ആഹ്..ആരും ഇല്ലാത്തത് അല്ലേ…മോള് എഴുന്നേറ്റാൽ പറയാൻ പറഞ്ഞു.. ഇന്ന് വയ്യെങ്കിൽ ക്ലാസ്സിന് പോകണ്ടാന്ന് പറയാനും പറഞ്ഞു…” “പോണം.. അടുത്തല്ലേ.. ഞാൻ വേഗം ഇറങ്ങാം.. ലതാമ്മ ബ്രേക്ഫാസ്റ്റ് എടുത്തു വച്ചോ…” അവൾ നേരെ മുറിയിലേക്ക് പോയി ഫോൺ എടുത്തു നോക്കി.. അഭിയുടെ മിസ് കോളും മെസ്സേജും വന്ന് കിടപ്പുണ്ട്.. അവൾ വാട്ട്സ്ആപ്പ് തുറന്ന് അവൻ അയച്ച മെസ്സേജ് നോക്കി.. അവർ എയർപ്പോർട്ടിൽ എത്തിയപ്പോൾ ഇട്ടത് മുതൽ മുബൈയിൽ ഫ്ളാറ്റിൽ എത്തി എന്ന് അറിയിച്ചു കൊണ്ടുള്ളവ ആയിരുന്നു അത്.. പിന്നെ ഉണ്ടായത് ,, കുറച്ചു നേരം ഉറങ്ങാൻ പോകുന്നു എന്ന് പറഞ്ഞും.. പിന്നെ അയച്ചത് ഒരു വോയ്സ് മെസ്സേജ് ആയിരുന്നു….

“അമ്മൂ.. നീ അടുത്തില്ലാത്തത് കാരണം ഉറക്കം പോലും പിണങ്ങി നിൽക്കുന്നെടി.. എന്റെ നെഞ്ചോട് നിന്നെ ചേർത്ത് പിടിക്കാത്തത് കാരണം എന്റെ ഹൃദയവും പിണങ്ങി.. അതിപ്പോൾ നിന്നെ വിളിച്ചു കരഞ്ഞു കൊണ്ടിരിക്കുന്നു… നിന്നെ കാണാതെ എന്റെ കണ്ണുകളും കണ്ണുനീർ പൊഴിക്കുന്നു പെണ്ണേ…. രാവിൽ പൊൻ കനവായ് ചാരെ ഓടിയണയും നേരിൽ നീ വരവായാൽ എന്നിൽ പൂക്കാലം നീയും ഞാനുമെന്നും മറുതീരങ്ങൾ തേടി ഒന്നായ് ചേർന്ന് പാറും തേൻകിളികൾ…. നിന്നെ ഞാൻ ഏകനായ് തേടുമീ സന്ധ്യയിൽ നിന്നിലേക്കെത്തുവാൻ മോഹമോടെ.. അരികിൽ പതിയെ ഇടനെഞ്ചിൽ ആരോ മൂളും രാഗം … അമ്മൂ… ഐ മിസ്സ് യൂ മോളെ…❤❤😘😘😘

അവന്റെ സ്വരം കാതിൽ പതിഞ്ഞതും അവളുടെ മിഴികളും നിറഞ്ഞു.. “മിസ്സ് യൂ അഭിയേട്ടാ…” മനസിൽ പറഞ്ഞ് അവൾ അഭിയുടെ ഫോണിലേക്ക് ഡയൽ ചെയ്തു.. അവൻ പെട്ടെന്ന് തന്നെ ഫോൺ എടുത്തു… “അമ്മൂ…” “ഉം.. ” “ക്ലാസ്സിന് പോയില്ലേ…” “ഇറങ്ങാൻ പോകുവാ… ബ്രേക്ഫാസ്റ്റ് കഴിച്ചോ..” “ഇല്ല.. ആദി ഇപ്പോ വരും എന്നിട്ട് കഴിക്കാം എന്ന് വിചാരിച്ചു.. താൻ കഴിച്ചോ…” “ഇല്ല.. വെക്കട്ടെ… വൈകീട്ട് വന്നിട്ട് വിളിക്കാം..” “ഇപ്പോഴേ പോണോ.. ഞാൻ വീഡിയോ കാളിൽ വിളിക്കാം വെയിറ്റ്…” അവൻ കട്ട് ചെയ്ത് വീഡിയോ കോളിൽ വന്നു…. അവളെ കണ്ട് കുറച്ചു നേരം ഒന്നും മിണ്ടാതെ നിന്നു അഭി.. കുറച്ചു നേരം കൊണ്ട് തന്നെ ഒരുപാട് നാളായി തമ്മിൽ കണ്ടിട്ട് എന്ന് തോന്നിപ്പോയി അഭിക്ക്.. “അമ്മൂ…

എന്തേ ഇന്ന് കുളിച്ചില്ലേ… നേരം കുറെ ആയല്ലോ..” “ഞാൻ …ഞാൻ എണീറ്റതെ ഉളളൂ.. ഉറങ്ങാൻ ലേറ്റ് ആയി പോയി…” “എന്നിട്ട് ഞാൻ രാത്രി വിളിച്ചിട്ട് എടുത്തില്ലല്ലോ…” “അത് ..ഫോൺ ഇവിടെ ആയിരുന്നു.. ഞാൻ ….അമ്മേടെ കൂടെയാ കിടന്നത്….” അഭി ഒരു നിമിഷം കേട്ടത് തെറ്റിയോ എന്ന് സംശയിച്ചു… “തനിപ്പോ എന്താ പറഞ്ഞത്…” “അത് ഇവിടെ തനിച്ചായത് കൊണ്ട് അമ്മയുടെ കൂടെയാ കിടന്നേന്ന്..” അഭി അവളെ തന്നെ നോക്കി നിന്നു.. ചിരിക്കണോ കരയണോ അറിയാതെ…. “എന്താ ഇങ്ങനെ നോക്കുന്നേ… ഞാൻ പോട്ടെ.. ക്ലാസ്സിലെത്താൻ ലേറ്റ് ആവും..” “അമ്മൂ ഞാൻ ഒരു സീരിയസ് ആയിട്ട് ചോദിക്കട്ടെ…” “എന്താ..” “നീയും മമ്മയും തമ്മിൽ നേരത്തെ പരിചയം ഉണ്ടോ…അല്ലാതെ ഇത്ര സ്നേഹം ഉണ്ടാകുമോ…

ഒരാളെ ഇത്ര പെട്ടെന്ന് ഇങ്ങനെ അടിമുടി മാറ്റാൻ പറ്റുമോ.. എനിക്ക് വിശ്വസിക്കാൻ വയ്യ…” “എത്ര നാളത്തെ പരിചയം ഉണ്ടായിരുന്നു സാറിന് എന്നെ തന്നെ കല്യാണം കഴിക്കണം എന്ന് തീരുമാനിക്കാൻ…ഉം…” അവൾ കളിയാക്കി ചിരിച്ചു… “അത് പിന്നെ എന്റെ നെഞ്ചുംകൂടിനുള്ളിൽ കിടന്ന് ഹൃദയം ഇങ്ങനെ കരഞ്ഞു പറഞ്ഞത് കൊണ്ടല്ലേ… ബട്ട് മമ്മ ..മമ്മയുടെ കാരക്ടർ അറിയുന്ന ആരും ഇത് വിശ്വസിക്കില്ല…” “എന്തിനാ വിശ്വാസക്കുറവ് … അമ്മയെ കുറിച്ച് അഭിയേട്ടൻ എന്നും പറയാറുണ്ടല്ലോ.. അമ്മ അനുഭവിച്ച കഷ്ട്ടപ്പാടും വേദനകളും ഒക്കെ അറിയുകയും ചെയ്യാം …

മമ്മ സ്നേഹിച്ചില്ല കെയർ ചെയ്തില്ല എന്ന് സങ്കടം പറയുന്ന അഭിയേട്ടൻ എന്നെങ്കിലും ജോലിത്തിരക്കിനിടയിൽ മമ്മയെ ഒന്ന് ആശ്വസിപ്പിക്കാനോ കെട്ടിപ്പിടിച്ച് ഞാനുണ്ടാകും എന്ന് പറയാനോ ശ്രമിച്ചിട്ടുണ്ടോ… രാത്രി ഏറെ വൈകി വന്ന് ക്ഷീണത്തോടെ കിടക്കുമ്പോൾ ആ അമ്മയും അതു പോലെ കെയർ ആഗ്രഹിച്ചു കാണില്ലേ… എത്ര രാത്രി കരഞ്ഞു തീർത്തു കാണും.. ആ തോളിൽ കൈ ചേർത്ത് എന്തു വന്നാലും ഞാൻ ഉണ്ടാകും കൂടെ എന്ന് പറയാൻ സ്വന്തം എന്ന് പറയാൻ അഭിയേട്ടൻ മാത്രമുള്ള മമ്മയും ആഗ്രഹിച്ചിട്ടുണ്ടാകും… എല്ലാരുടെ മനസ്സും സ്നേഹവും സംരക്ഷണവും ആണ് കൊതിക്കുന്നത് …

അഭിയേട്ടനെ ശ്രദ്ധിക്കാൻ അമ്മയുടെ ആ അവസ്ഥയിൽ പറ്റില്ലായിരുന്നു.. പക്ഷെ അഭിയേട്ടനോ… മുതിർന്ന കുട്ടി ആയപ്പോൾ മമ്മയുടെ തിരക്ക് മനസ്സിലാക്കി കൂടുതൽ അകന്ന് നിന്നു.. അവർ ഉണ്ടോ ഉറങ്ങിയോ സന്തോഷത്തിൽ ആണോ എന്ന് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ.. പോട്ടെ ഒരിക്കൽ എങ്കിലും എനിക്ക് അമ്മയെ കെട്ടിപിടിച്ചു കിടന്നുറങ്ങണം എന്ന് അവശ്യപ്പെട്ടിട്ടുണ്ടോ… ആ അമ്മയുടെ മനസ്സ് അന്ന് ആ കുഞ്ഞു മനസ്സ് തേങ്ങിയതിനെക്കാൾ കൂടുതൽ ഒരുപക്ഷേ തേങ്ങി കാണും.. സമൂഹത്തിൽ ഒറ്റയ്ക്ക് ജീവിതത്തെ നേരിടുന്ന സ്ത്രീകളെ മറ്റ്‌ കണ്ണ് കൊണ്ട് നോക്കുന്നവർ ധാരാളം ഉണ്ട്.. എനിക്ക് ഉറപ്പാണ് അങ്ങനെ ഉള്ള നോട്ടങ്ങളും പെരുമാറ്റവും അമ്മയ്ക്കും നേരിടേണ്ടി വന്നു കാണും..

അപ്പോ എടുത്ത് അണിഞ്ഞതാവാം ഗൗരവത്തിന്റെയും കാർക്കശ്യത്തിന്റെയും മുഖംമൂടി.. അന്ന് അമ്മയ്ക്ക് അത് ആവശ്യമായിരുന്നു.. അതാണ് ഇപ്പോ പറഞ്ഞ കാരക്റ്റർ ഉണ്ടായത്… എല്ലാ ദിവസവും വന്ന് കഴിഞ്ഞാൽ മമ്മയുടെ മടിയിൽ തലവച്ച് കുറച്ചു നേരം കിടന്ന് നോക്കൂ.. അന്നത്തെ മമ്മയുടെ വിശേഷങ്ങൾ ചോദിച്ചു നോക്കൂ.. നിങ്ങൾ ആഗ്രഹിച്ചതിനെക്കാൾ ഒരയിരം ഇരട്ടി സ്നേഹം ആ മനസിൽ ഉണ്ട് എന്ന് മനസ്സിലാവും.. കിട്ടാതെ പോയ സ്നേഹത്തെയും ലാളനയെയും കുറിച്ച് ഓർത്ത് ഇപ്പോഴും അടുക്കാൻ മടി കാണിക്കുകയാണ് അഭിയേട്ടൻ ചെയ്യുന്നത്.. ഈ ലോകത്ത് അമ്മയ്ക്ക് സ്വന്തം എന്ന് പറഞ്ഞ് ചേർത്ത് നിർത്താൻ നിങ്ങൾ മാത്രേ ഉള്ളൂ എന്ന് ഇടയ്ക്കൊക്കെ നിങ്ങളും മറന്ന് പോയി..

ഞാൻ എന്റെ സ്വന്തം അമ്മയെ മിസ്സ് ചെയ്യാത്തത് ഇവിടെ അതുപോലെ ഒരമ്മ ഉള്ളത് കൊണ്ടാ… കൊടുത്താൽ അതിനേക്കാൾ കൂടുതൽ തിരിച്ചു കിട്ടുന്ന ഒന്നാണ് സ്നേഹം…മനസ്സ് തുറന്ന് മമ്മയോട് ഒന്ന് സംസാരിച്ചു നോക്ക്.. അഭിയേട്ടനെ അമ്മയ്ക്ക് മനസിലാകുന്നത് കൊണ്ടാ അമ്മ ഒരിക്കലും പരാതി പറയാത്തത്….ഇതുപോലെ ഒരമ്മയെ കിട്ടിയതാണ് അഭിയേട്ടന്റെ ഭാഗ്യം…നിങ്ങളുടെ സന്തോഷം അല്ലാതെ അവർ മറ്റൊന്നും ആഗ്രഹിച്ചിട്ടില്ല… ഇപ്പോ എന്റെ സന്തോഷവും അമ്മയ്ക്ക് വലുതാണ്..അത് എന്നെ സ്വന്തം മകൾ എന്ന പോലെ സ്നേഹിക്കുന്നത് കൊണ്ടാണ്… അതിന് ദീർഘനാളത്തെ പരിചയം ഒന്നും വേണ്ടാ… ” അഭിയുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകുകയായിരുന്നു… അവൾ പറഞ്ഞതൊക്കെ ശരിയല്ലേ..

താൻ മമ്മയെ ചേർത്ത് പിടിക്കാൻ നിന്നിട്ടില്ല.. മമ്മയുടെ തിരക്കിൽ മമ്മ ജീവിച്ചു.. മമ്മയ്ക്ക് കൂടുതൽ ബുദ്ധിമുട്ട് ആക്കേണ്ട എന്ന് കരുതി ഒഴിഞ്ഞു മാറി തന്റെ കാര്യങ്ങൾ ഒക്കെ സ്വന്തമായി ചെയ്തു… ശരിയാണ്…ഞാൻ അകന്ന് മാറുകയാണ് ചെയ്തത്… അടുത്തേക്ക് ചേർന്ന് നിൽക്കാൻ വാശി കാണിച്ചില്ല… “അഭി..യേട്ടാ…..” അവൻ കരയുന്നത് കണ്ട് അവൾക്ക് വല്ലാതെ ആയി.. “ഐ ആം സോറി….ഞാൻ പറഞ്ഞു വന്നപ്പോൾ… അറിയാതെ..സോറി..” “ഏയ്..എന്തിന്.. താൻ പറഞ്ഞതൊക്കെ ശരിയാടോ.. ഞാൻ.. പിന്നെ വിളിക്കാം.. താൻ പൊയ്ക്കോ..ലേറ്റ് ആക്കണ്ടാ…ബൈ…” അവൻ പെട്ടെന്ന് തന്നെ ഫോൺ വച്ച് അവിടെ കിടന്നു… മനസ്സ് ആകെ കലങ്ങി മറിഞ്ഞു… കണ്ണുകൾ നീർചാലുകൾ തീർത്തു….

അതേ സമയം അമ്മാളൂവും വിഷമത്തിൽ ആയിരുന്നു.. പറഞ്ഞത് കൂടി പോയോ.. വന്ന് കുറച്ചു നാൾ കൊണ്ട് മനസിലായതാണ് അമ്മയുടെ സ്നേഹം സംരക്ഷണം ഒക്കെ.. ഇന്നലെ താൻ ഉറങ്ങി എന്ന് കരുതി തന്റെ കെട്ടിപിടിച്ചു കിട്ടുന്നതും ,, തലയിൽ തലോടിയതും ,, കവിളിൽ ഉമ്മവച്ചതും ഒക്കെ അറിഞ്ഞപ്പോൾ മനസിലായതാണ്….. ഒരു കുന്നോളം സ്നേഹം ആ ഉള്ളിൽ ഉണ്ടെന്ന്.. രാവിലെ തന്നെ അഭിയേട്ടൻ അമ്മയുടെ കാര്യം പറഞ്ഞപ്പോൾ അതൊക്കെ കൂടി പുറത്ത് വന്നുപ്പോയി.. ശ്ശേ…കൂടി പോയോ.. കോളേജിൽ പോകാനുള്ള മൂഡും പോയി.. ഒന്ന് കൂടി അഭിയേട്ടനെ വിളിച്ചു നോക്കിയാലോ…അല്ലെങ്കിൽ വേണ്ട..കുറച്ചു നേരം ഒറ്റയ്ക്ക് ഇരിക്കട്ടെ… മിത്തൂ ഇറങ്ങി കാണുമോ..

പെട്ടെന്ന് അവൾക്ക് എന്തോ ഓർമ വന്നു.. അവൾ മിത്തൂന് ഫോൺ ചെയ്തു… പിന്നെ ബാഗിൽ നിന്നും അന്ന് വീട്ടിൽ നിന്നും എടുത്ത ഫയൽ എടുത്തു.. കുളിച്ചു വേഷം മാറി താഴേക്ക് ചെന്ന് ബ്രേക്ഫാസ്റ്റ് കഴിച്ചു… ഷെഡ്ഡിൽ നിന്നും അവളുടെ ജിപ്സിയും എടുത്ത് പോയി… °°°°°°°°°°°°°°°° ദീപു കുറച്ചു നാൾ മുൻപ് അതവിടെ കൊണ്ടു കൊടുത്തതായിരുന്നു… അവൾ വേണ്ടെന്ന് കുറെ പറഞ്ഞു.. പക്ഷെ അവൻ സമ്മതിച്ചില്ല.. “മോൾക്ക് വേണ്ടി വാങ്ങിയതാണ് ഇത്… മോൾടെ ഏറ്റവും വലിയ ഇഷ്ട്ടം… നിന്റെ കുശുമ്പ് കാണാതെ ഇത് അവിടുന്ന് ഓടിക്കാൻ ഒരു സുഖവുമില്ല… പക്ഷെ ശ്രദ്ധിച്ചു ഓടിക്കണം.. സ്പീഡിൽ ഒന്നും പോകരുത്.. നമ്മുടെ നാട് പോലെ അല്ല.. ഇവിടെ തിരക്കാണ്.. ” ******

“എന്താടി നീ നേരത്തെ തന്നെ ആണല്ലോ.. എന്നിട്ടും ക്ലാസ്സിന് പോകണ്ടാന്ന് പറഞ്ഞത്…” ഹോസ്റ്റലിൽ ചെന്ന് മിത്തൂനെ കൂട്ടുമ്പോൾ അവൾ ചോദിച്ചു.. “എനിക്ക് ഒരിടം വരെ പോണം.. നീ കയറ് പോകുമ്പോൾ പറയാം…” കുറെ ദൂരം ഓടുന്നത് കണ്ട് മിത്തൂന് വീണ്ടും സംശയം ആയി.. “ടി..നീ വീട്ടിലേക്കണോ പോകുന്നേ…പറയെടി കുരിപ്പേ..” “അല്ല.. എനിക്ക്… എനിക്ക് വാസുദേവ് ഡോക്ടറിനെ കാണണം…” “മോളെ.. ടി..അതിന് നിനക്ക് ഇപ്പോ കുഴപ്പം ഒന്നുല്ലല്ലോ…പിന്നെ എന്തിനാ…” മിത്തൂന് ടെൻഷൻ ആയി.. താൻ ചോദിക്കുമ്പോഴൊക്കെ ഒഴിഞ്ഞു മാറിയിട്ടേ ഉള്ളൂ.. എങ്കിലും അഭിയേട്ടന്റെ കൂടെ ഹാപ്പി ആണെന്നാണ് പറഞ്ഞിട്ടുള്ളത്.. അത് കള്ളമാണെന്ന് തോന്നിയിട്ടും ഇല്ല… “ആലോചിച്ചു കൂട്ടണ്ട..

ഞാൻ ….എല്ലാം പറയാം..നീ അറിയാത്ത കാര്യങ്ങൾ ഒന്നും ഇല്ലല്ലോ….ഇതായിട്ട് മറച്ചു വെക്കുന്നില്ല…” “എന്താടി … നീ പറ..” “മിത്തൂ… ഞങ്ങൾ ഇതു വരെ ഭാര്യാഭർത്താക്കന്മാർ ആയി ജീവിച്ചിട്ടില്ല…” “വാട്ട്… അപ്പോ അങ്ങനെ തോന്നാറില്ലല്ലോ.. നിങ്ങളുടെ അറ്റാച്ച്മെന്റ്‌സ് കണ്ടിട്ട്…” “ഉം…അതൊക്കെ ഉണ്ട്.. പക്ഷേ… അവൾ മിത്തൂനോട് നന്ദിഹിൽസിൽ വച്ചുണ്ടായ സംഭവങ്ങൾ ഒക്കെ പറഞ്ഞു.. “ടി.. ഞാൻ കരുതിയത് നീ ഓക്കെ ആണെന്നാ.. എന്തായാലും ഇത് നല്ല ഡിസിഷൻ ആണ്.. നിനക്ക് അഭിയേട്ടന്റെ കൂടെ ജീവിക്കണം എന്ന് ആഗ്രഹം ഉണ്ടായാല്ലോ… അതിനർത്ഥം നീ അയാളെ സ്നേഹിക്കുന്നു എന്ന്..” “അറിയില്ലെടി മിത്തൂ.. ഇന്ന് തന്നെ അഭിയേട്ടൻ പോയതിന് ശേഷം എനിക്ക് ഭയങ്കര മിസ്സിങ്..

സത്യം പറയാലോ.. രാവിലെ ഉറങ്ങി എണീക്കുമ്പോൾ എന്റെ മുന്നിൽ ഉണ്ടായിരുന്നു എങ്കില് കെട്ടിപിടിച്ചു ഞാൻ കിസ്സടിച്ചേനെ… അത്ര വിഷമം.. ഒരു മാസമേ ആയുള്ളൂ കൂടെ ജീവിക്കാൻ തുടങ്ങിയിട്ട്…എങ്കിലും കുറച്ചു സമയം കൊണ്ട് ഒരുപാട് ദൂരെ ആണെന്ന് തോന്നുമ്പോൾ നെഞ്ച് പൊട്ടുന്ന പോലെ…” “ഉം…. ഉം.. മനസിലായി…മനസിലായി.. അവിടെയോ.. എന്താ അവസ്‌ഥ…” “അത്…… നീ എന്റെ ഫോണിൽ വാട്‌സ്ആപ്പ് നോക്ക്… ഒരു വോയ്സ് മെസ്സേജ് അതാ..കേട്ട് നോക്ക്…” മിത്തൂ അത് കേട്ട് കണ്ണ് മിഴിച്ചു.. “ദൈവമേ ഇത്ര റൊമാന്റിക് ആയിരുന്നോ ആ മനുഷ്യൻ… എനിക്ക് വയ്യ..” “പോടി.. കളിയാക്കാൻ അല്ല കേൾക്കാൻ തന്നത്.. ഈ സ്നേഹം എനിക്ക് ഇതു പോലെ പകരം കൊടുക്കാൻ പറ്റുമോടി..” “എന്ത് കൊണ്ട് പറ്റില്ല…

നമ്മൾക്ക് ശ്രമിക്കാടി.. ഡോക്ടർ എന്താ പറയുന്നേ എന്ന് നോക്കാലോ…ചില സമയത്ത് ഇതു പോലെ ഒരാളുടെ അഭിപ്രായം ഒരുപാട് ഗുണം ചെയ്യും…” 🍒🍒🍒🍒🍒🍒🍒🍒🍒🍒🍒 ഡോക്ടർ വാസുദേവ് ന്റെ വീട്ടിലേക്കാണ് അവൾ പോയത്.. ആദ്യത്തെ തവണ അമ്മാളൂനെ കൂട്ടി പോയപ്പോൾ തന്നെ സുദേവനുമായി ഡോക്ടർ നല്ല അടുപ്പത്തിൽ ആയിരുന്നു… പേരിലെ സാമ്യം പറഞ്ഞ് തുടങ്ങിയ ബന്ധം പിന്നീട് എന്തും ഷെയർ ചെയ്യാവുന്ന സൗഹൃദമായി വളർന്നു.. പിന്നീട് അമ്മാളൂനെ വീട്ടിലേക്ക് മാത്രമേ കൂട്ടി പോകാറുള്ളൂ… വീട്ടിൽ ചികിത്സയില്ലെങ്കിലും…. അമ്മാളൂനെ തിരികെ കൊണ്ടുവരാനുള്ള എല്ലാ സഹായത്തിനും അയാൾ ഒപ്പമുണ്ടായിരുന്നു… അവിടെ അവൾക്ക് പരിചിതമായിരുന്നു…

അവിടെ എത്തിയാൽ പഴയ പ്ലസ് ടൂക്കാരിയാവും …. ഡോക്ടറിന് പ്രായമായ അമ്മ മാത്രേ ഉള്ളൂ… വിവാഹം കഴിച്ചിട്ടില്ല…. ബെല്ല് അടിച്ച് കുറച്ചു നേരം അവിടെ കാത്തു നിന്നു.. “ആഹാ..ഇതാരാ.. കാന്താരിയോ… കുറെ നാളായല്ലോ കണ്ടിട്ട്… എന്താടോ നാട്ടുകാരെ കൊണ്ട് വട്ടാണെന് പറയിക്കാൻ തീരുമാനിച്ചോ…” “മിക്കവാറും വേണ്ടി വരും….” അവർ അകത്തേക്ക് കയറി ഹാളിൽ ഇരുന്നു.. “ദേവൻ എന്തു പറയുന്നു…” “സുഖം… ഞാൻ ഇവിടെ വന്നത് എന്നത്തേയും പോലെ നമ്മൾ മാത്രം അറിഞ്ഞാൽ മതി കേട്ടല്ലോ… രോഗിയോട് വിശ്വാസ വഞ്ചന കാട്ടരുത്…” “അതിന് ആരാ രോഗി..നീയോ… നിനക്ക് ഒരു ചുക്കും ഇല്ല പെണ്ണേ… ആ അതെന്തേലും ആവട്ടെ.. എന്തുണ്ട് പുതിയ ലൈഫ് ഒക്കെ…”

“അത് പറയാനാ വന്നത്…” “സീക്രെട്ട് ആണോ.. മുറിയിൽ പോണോ..” “സീക്രട്ടോ…ആരുടെ അടുത്ത് …ഇവളുടെ അടുത്തോ… നടക്കില്ലെന്ന്… ചൂഴ്ന്നെടുക്കും പട്ടി…” മിത്തൂനെ നോക്കി പറഞ്ഞു.. അവളെ നോക്കി മിത്തൂ ചുണ്ട് കൂർപ്പിച്ചു.. “എന്നാലും വാ..ഓഫീസ് റൂമിൽ ഇരിക്കാം…” “ഇനി പറ എന്താ പ്രശ്നം.. അഭിഷേക് അറിയാതെ വന്നതാണെന്ന് മനസിലായി.. എന്തേ മനസ്സ് ഇപ്പോഴും സിദ്ധുവിൽ ആണോ…” “അല്ല ഡോക്ടർ.. എനിക്ക് ഇപ്പോ സിദ്ധുവേട്ടന്റെ കാര്യത്തിൽ ആശ്വാസം ഉണ്ട്.. എല്ലാരും ആയി സിദ്ധുവേട്ടൻ പഴയ പോലെ ആയി.. ആ ജോലിയും വിട്ടു.. ഇപ്പോ നല്ല ജോലിക്ക് നോക്കുന്നുണ്ട്…

എന്റെ കല്യാണം കൊണ്ട് അങ്ങനെ ഒരു നല്ല കാര്യം ഉണ്ടായി.. ഞാൻ സിദ്ധുവേട്ടനെ തന്നെ കല്യാണം കഴിക്കണം എന്ന് വിചാരിച്ചിരുന്നാൽ പോലും ഇത്ര വേഗം അവരുടെ കൂടിച്ചേരൽ നടക്കില്ലായിരുന്നു…ആ കാര്യത്തിൽ ഞാൻ സന്തോഷത്തിൽ ആണ്.. ” “അപ്പോൾ സഹതാപം ഒക്കെ മാറിയോ….” “അറിയില്ല…..പഴയ പോലെ ഫ്രീയായി ഇടപെടാൻ സാധിക്കുന്നില്ല….നേരിട്ട് കാണുമ്പോൾ ഇപ്പോഴും സങ്കടമാണ്… നല്ല ഒരു ജീവിതം ഉണ്ടായി കാണണം എന്ന് ആഗ്രഹമുണ്ട്…” “സിദ്ധു സെയ്ഫ് ആകാത്തത് തന്റെ ജീവിതത്തെ ബാധിക്കുന്നുണ്ടോ…” “ഇല്ലെന്ന് പറഞ്ഞാൽ കള്ളം ആകും.. അത് മാത്രം അല്ല കാരണം.. എനിക്ക് …” “താൻ നേരത്തെ പറഞ്ഞപോലെ താൻ രോഗിയും ഞാൻ ഡോക്ടറും അങ്ങനെ കണ്ടാൽ മതി..

ധൈര്യമായിട്ട് പറ..” “അത് അഭിയേട്ടൻ…” “അഭിഷേകിന് എന്താ പ്രശ്നം…” “അഭിയേട്ടനല്ല.. എനിക്ക് ആണ്.. എനിക്ക് ഒരു ഭാര്യ ആവാൻ പറ്റുന്നില്ല… മീൻസ്…” “മനസിലായി.. ബട്ട്.. ഭാര്യ ആവുക എന്ന് കൊണ്ട് ഉദ്ദേശിക്കുന്നത് സെക്ഷ്വൽ ലൈഫ് ആണെന്ന് ആരാ പറഞ്ഞത്… ആദ്യം വേണ്ടത് മെന്റൽ അറ്റാച്ചമെന്റ്‌ ആണ്… തന്നെ പോലെ ഒരു ബാക്ക്ഗ്രൗണ്ട് പ്രോബ്ലവും ഇല്ലാത്ത പെണ്കുട്ടികൾക്ക് വരെ അറേഞ്ച്ഡ് മാരേജിൽ ഇത്തരം പ്രശ്‌നങ്ങൾ ഉണ്ടാകാറുണ്ട്… പരസ്പരം മനസ്സിലാക്കി അടുക്കുമ്പോൾ എല്ലാം ശരിയാവും…

തലച്ചോർ കൊണ്ട് സ്നേഹിക്കാതെ,,അല്ലെങ്കിൽ പ്രണയിക്കാതെ ഹൃദയം കൊണ്ട് പ്രണയിക്കൂ… ” “ബട്ട് ഡോക്ടർ അഭിയേട്ടൻ അത് ആഗ്രഹിക്കുന്നുണ്ടാവില്ലേ… ” “തീർച്ചയായും ഉണ്ടാകും…. ബട്ട് എനിക്ക് അറിയാവുന്ന അഭിഷേകിന് തന്റെ ശരീരത്തേക്കാൾ വലുത് തന്റെ സ്നേഹമാണ്… ആ മനസ്സിൽ ഒരു സ്ഥാനം ആണ്… അതിനിടയിൽ അയാളുടെ സ്നേഹം പ്രകടിപ്പിക്കുന്നത് താൻ തെറ്റിദ്ധരിക്കാതിരുന്നാൽ മതി..”…തുടരും..

സിദ്ധാഭിഷേകം : ഭാഗം 33

Share this story