സ്‌നേഹതീരം: ഭാഗം 11

സ്‌നേഹതീരം: ഭാഗം 11

എഴുത്തുകാരി: ശക്തികലജി

ഞാൻ തൊഴുതു കൊണ്ട് പൈസാ വാങ്ങിയത് കണ്ട് അയാൾ ചിരിച്ചു… മനസ്സിൽ സന്തോഷം തോന്നി… അമ്മ വന്ന ദിവസം തന്നെ പലഹാരം ഉണ്ടാക്കി കാണിക്കാൻ പറ്റിയല്ലോ……. കിട്ടിയ പൈസ സൂക്ഷിച്ച് പേഴ്സിൽ വച്ചു… ആ സന്തോഷത്തോടെ തിരികെ സൈക്കിൾ ചവിട്ടി…. വീടിൻ്റെ മുറ്റത്തെത്തുമ്പോൾ വേദന നിറഞ്ഞ ചിരിയോടെ അമ്മ കാത്തു നിൽക്കുന്നുണ്ടായിരുന്നു.. പാവം സ്വന്തം മകൾ കഷ്ടപ്പെടുന്നതിൻ്റെ വിഷമമാണ്… വിവാഹം കഴിച്ചയച്ചിട്ടും ഭർത്താവിനെയും മക്കളെയും നഷ്ട്ടപ്പെട്ട് നിൽക്കേണ്ടി വന്ന മകളുടെ അവസ്ഥയോർത്താണ്.. അമ്മയുടെ മനസ്സിലെ വേദന തിരിച്ചറിഞ്ഞിട്ടും അറിയാത്ത ഭാവത്തിൽ പുഞ്ചിരിയോടെ ഞാൻ അരികിലേക്ക് നടന്നു ..

ബേക്കറിയിൽ നിന്നും ആദ്യമായി കിട്ടിയ പൈസ പേഴ്സിൽ നിന്നും എടുത്ത് അമ്മയുടെ കൈകളിലേക്ക് വച്ചുകൊടുത്തു കുനിഞ്ഞ് പാദങ്ങളിൽ തൊട്ടു നമസ്കരിച്ചു അപ്പോൾ എൻ്റെ തോളിൽ പിടിച്ചെഴുന്നേൽപ്പിച്ചു തലയിൽ കൈവച്ച് അനുഗ്രഹിച്ചു .. അമ്മയുടെ മിഴികളിൽ നനവ് പടർന്നു … ഞാൻ അമ്മയേ വീടിനകത്തേക്ക് കൂട്ടിക്കൊണ്ടുപോയി അച്ഛൻ്റെ ചാര് കസേരയിൽ പിടിച്ചിരുത്തി .. “എനിക്കിപ്പോൾ അച്ഛനും അമ്മയും എല്ലാം അമ്മയാണ്.. എൻ്റെ ആദ്യത്തെ സമ്പാദ്യം ..എൻ്റെ അധ്വാനത്തിന് ഫലം …ഇതാണ് മുമ്പോട്ടുള്ള ജീവിത മാർഗ്ഗം… അല്ലെങ്കിൽ തന്നെ എല്ലാം സമ്പാദിച്ചിട്ടുണ്ട് ആർക്ക് വേണ്ടിയാണ് എനിക്ക് മാത്രം ജീവിക്കാൻ ഉള്ളത് ഞാൻ ഉണ്ടാക്കിയാൽ മതി ..

ഈ ജീവിതം ഇങ്ങനെ തന്നെ പോകട്ടെ “എങ്ങനെ പറഞ്ഞു “ഈ പൈസ നിൻ്റെ കയ്യിൽ തന്നെ ഇരിക്കട്ടെ . നിൻ്റെ കഴിവ് ഞാൻ തിരിച്ചറിയാതെ പോയത് ഉള്ള വിഷമം ആണ് എനിക്ക് .. നീ പഠിക്കുന്നില്ല പഠിക്കുന്നില്ല എന്ന് മാത്രമേ ഞാൻ ചിന്തിച്ചുള്ളൂ .. നിൻ്റെ അഭിരുചികളെ ഒന്നും അറിഞ്ഞിട്ടില്ല എന്നോർക്കുമ്പോൾ എനിക്ക് വിഷമം തോന്നുന്നു “അമ്മ പറഞ്ഞപ്പോൾ ഞാനാ മുഖത്തേക്കു നോക്കി .. “കഴിഞ്ഞത് ഓർത്ത് വിഷമിച്ചിട്ട് കാര്യമില്ല എൻ്റെ വിധി ആയിരുന്നു .. ഇത്രയും അനുഭവിക്കണം എന്നുണ്ടായിരുന്നു.. എന്തായാലും ഇത്രയും നാളത്തെ ജീവിതാനുഭവങ്ങൾ മനുഷ്യരെയെല്ലാം നന്നായി പഠിച്ചു… ” എന്ന് പറഞ്ഞ് കൊണ്ട് ഞാൻ എഴുന്നേറ്റു മാറി.. ” നിൻ്റെ പേയ്ൻ്റിംഗ്സ് എല്ലാം ഞാൻ കൊണ്ടുവന്നിട്ടുണ്ട്… ”

അമ്മ ചിരിയോടെ പറഞ്ഞു.. ഞാൻ അമ്മയെ അത്ഭുത ഭാവത്തിൽ നോക്കി… “അതെങ്ങനെ അമ്മ കണ്ടു ” ഞാൻ ചോദിച്ചു.. ” ആരെയും കാണിക്കാതെ ഈ വിടിൻ്റെ വടക്കേമുറിയിൽ ഒളിപ്പിച്ച് വച്ചിരിക്കുകയായിരുന്നില്ലേ നീ…. നീ ഇവിടെ നിന്ന പോയ ശേഷം ഞങ്ങൾ ഇവിടെ ഇടയ്ക്ക് വൃത്തിയാക്കിയിടാൻ വരും… അന്നേരം നിൻ്റെ അച്ഛനാണ് അതെല്ലാം കണ്ടു പിടിച്ചത്…. അന്ന് നിൻ്റെ പെയ്ൻ്റിംഗ്സ് എല്ലാം ഓരോന്നായി എടുത്ത് വച്ച് കാണുമ്പോൾ അദ്ദേഹം കരഞ്ഞു പോയിരുന്നു…. അതെല്ലാo എടുത്ത് കൊണ്ട് പോയി ഫ്രേയിം ചെയ്ത് വച്ചിട്ടുണ്ട്… എല്ലാം വടക്കേ മുറിയിൽ വിധു ഇന്നലെ കൊണ്ടു വച്ചിട്ടുണ്ട്…. ”

” നിൻ്റെ കഴിവുകൾ തിരിച്ചറിയാതെ പോയതിൽ ശരിക്കും വിഷമമുണ്ട് “അമ്മയുടെ വാക്കുകളിൽ നഷ്ടബോധം തെളിഞ്ഞു നിന്നിരുന്നു…. ” ഇനിയിപ്പോ അതൊക്കെയെന്തിനാ അമ്മ…അതൊക്കെ ഒരു പ്രായത്തിൽ തോന്നിയ വട്ടുകൾ ആണ്…”.. ഞാനമ്മയ്ക്ക് ചായയെടുക്കാം… എനിക്കൊരു ചായവേണം… നല്ല തലവേദന ” എന്ന് പറഞ്ഞ് കൊണ്ട് അടുക്കളയിലേക്ക് വന്നു…. അടുപ്പ് കത്തിച്ച് ചായ പാത്രം അടുപ്പിൽ വച്ചു ഞാൻ ഹാളിലേക്ക് വന്നു.. “അമ്മേ ചായയൊന്നു നോക്കണേ… ഞാൻ വസ്ത്രം മാറിയിട്ട് വരാം.. ” എന്ന് പറഞ്ഞ് ഞാൻ മുറിയിലേക്ക് നടന്നു…. മുറിയിൽ കയറി വാതിൽ അടച്ചു.. പൈസ എടുത്തു അലമാരയിൽ സൂക്ഷിച്ചു വച്ചു…

എല്ലാരും പഠിക്കാൻ മണ്ടിയെന്ന് കുറ്റപ്പെടുത്തുമ്പോൾ അവരിൽ നിന്നും ഒഴിഞ്ഞുമാറി… കുറ്റപ്പെടുത്തുന്നവരെ അതിനിരട്ടിയായി ശല്യപ്പെടുത്തുo… ഒറ്റപ്പെടൽ തോന്നി തുടങ്ങിയപ്പോഴാണ് എവിടെയെങ്കിലും ആരും കാണാതെ ഒളിച്ചിരിക്കണമെന്ന് തോന്നി തുടങ്ങിയത്… ഈ വിടിൻ്റെ വടക്കേ അറ്റത്തെ മുറിയിലായിരിന്നു കൂടുതൽ സമയവും ചിലവിട്ടിരുന്നത്…. ആരും കാണാതെ മനസ്സിലെ വിഷമങ്ങൾ കരഞ്ഞു തീർത്തിരുന്നത് അവിടെയാണ്… പിന്നീട് ഒരിക്കൽ രാഖിയാണ് എൻ്റെ പിറന്നാളിന് നിറക്കൂട്ടുകൾ സമ്മാനിച്ചത്… ആദ്യം കൈയ്യിൽ കിട്ടിയപ്പോൾ ഒരു അത്ഭുതവും കൗതുകവുമായിരുന്നു… ആരും കാണാതെ ഏട്ടൻ്റെ ഏ ഫോർ സൈസ് പേപ്പറുകളിൽ നിറങ്ങൾ ചാലിച്ച് വരച്ച് തുടങ്ങിയപ്പോൾ മനസ്സിൽ ഒരു സന്തോഷമൊക്കെ തോന്നി തുടങ്ങിയിരുന്നു…

പിന്നീടാണ് ആരുമറിയാതെ ചാർട്ട് പേപ്പറിലും നിറങ്ങൾ പതിപ്പിച്ച് തുടങ്ങിയത്…. അന്നൊക്കെ ഞാൻ ഒരു ചിത്രശലഭമായ് പറന്ന് നടക്കുകയായിരുന്നു അങ്ങനെ സ്വതന്ത്രമായി…. പകൽ നാടുമൊത്തം കറങ്ങി നടന്ന് രാത്രികളിൽ പ്രകൃതി സൗന്ദര്യം പകർത്തുന്നത് പതിവായിരുന്നു… അച്ഛനോ അമ്മയോ ഏട്ടനോ ഒരിക്കൽ പോലും എന്നെ ശ്രദ്ധിച്ചിരുന്നില്ല… വിവാഹം കഴിഞ്ഞ് ഇവിടെ വന്നപ്പോൾ ശരത്തേട്ടൻ ഇല്ലാത്ത സമയങ്ങളിൽ വീണ്ടും ക്യാൻവാസിൽ വരച്ച് തുടങ്ങിയിരുന്നു.. കുഞ്ഞിലെ തൊട്ട് മണ്ടിയെന്നുള്ള കളിയാക്കലുകൾ ഭയന്ന് ഒന്നും ആരേയും കാണിക്കാനുള്ള ധൈര്യം ഇല്ലായിരുന്നു… അന്നുമല്ല ഇന്നും…. അതു കൊണ്ട് തന്നെയാണ് ഇവിടെ നിന്നും പോകുമ്പോൾ വടക്കേ അറ്റത്തേ മുറിയുടെ താക്കോലും കൈയ്യിൽ കൊണ്ടു പോയിരുന്നു…

എല്ലാ മുറികൾക്കും രണ്ട് താക്കോലുകൾ ഉണ്ടായിന്നു എന്നു ഓർത്തിരുന്നില്ല… ഇനിയുമൊരു മടങ്ങിപ്പോക്ക് ഒരിക്കലും സാധ്യമല്ല… നിറങ്ങൾ എനിക്കന്യമായിരിക്കുന്നു… ഇവിടെ നിന്നും പോയതിൽ പിന്നെ വരയും നിറങ്ങളെയും മന:പൂർവ്വം മറവിയിലേക്ക് തള്ളിവിട്ടു എന്നു വേണം പറയാൻ… ഞാൻ വസ്ത്രം മാറി പുറത്തേക്ക് വന്നപ്പോഴേക്ക് അമ്മ ചായയുമായി ഹാളിൽ എത്തിയിരുന്നു… ഗിരിയേട്ടൻ കഷ്ടപ്പെട്ട് ചായ കുടിക്കാൻ ശ്രമിക്കുന്നത് കണ്ട് എനിക്ക് ചിരിയും അതേ സമയം വിഷമവും വന്നു… ” ഇങ്ങനെ കഷ്ടപ്പെടണോ… ഞാൻ ഒരു സ്പൂൺ എടുത്ത് തരാം” എന്ന് പറഞ്ഞ് അടുക്കളയിൽ പോയി സ്പൂൺ എടുത്ത് കൊണ്ട് കൊടുത്തു.. ഗിരിയേട്ടൻ ചിരിക്കാൻ ശ്രമിച്ചു കൊണ്ട് സ്പൂൺ കൈയ്യിൽ വാങ്ങി.. ” അതിന് ഗുളിക കഴിച്ചില്ലേ ”

എന്ന് ഞാൻ ചോദിച്ച ഉടനെ ഇല്ലാ എന്ന് മറുപടിയും വന്നു.. ” ചുമ്മാതല്ല വേദന കുറയാത്തത് ” എന്ന് പറഞ്ഞ് ഞാൻ മുകളിലത്തെ മുറിയിൽ പോയി ഗുളിക നോക്കിയെടുത്തു.. “ഷർട്ടിൻ്റെ പോക്കറ്റിൽ തന്നെ ആശുപത്രിയിൽ നിന്ന് കൊടുത്തത് പോലെ തന്നെ വച്ചിട്ടുണ്ടായിരുന്നു… ” ഇതിങ്ങനെ കണി കാണാനല്ല ഡോക്ടർ തന്നത്: ” കഴിക്കാനാ” എന്ന് പറഞ്ഞ് ഗിരിയേട്ടൻ്റെ കൈയ്യിൽ കൊടുത്തു… “ഓ… ഗുളിക കഴിച്ചില്ലേലും രണ്ടിസം കഴിഞ്ഞാൽ എല്ലാം മാറും” എന്ന് ഗിരിയേട്ടൻ പറഞ്ഞപ്പോൾ എനിക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു… അമ്മ വെള്ളം കൊണ്ടു കൊടുത്തു.. ഒന്നും മിണ്ടാതെ കഷ്ടപ്പെട്ട് വാ തുറന്ന് ഗുളിക വായിലേക്കിട്ട് വെള്ളം കുടിക്കുന്നത് കണ്ടിട്ടാണ് ഞാൻ ചായ കുടിക്കാൻ ഇരുന്നത്…

അമ്മയും ഗിരിയേട്ടൻ്റെ അമ്മയും എന്തോ കഥകൾ പറഞ്ഞ് ചിരിക്കുന്നുണ്ട്.. ‘ഇനി കുറച്ച് കോഴിയെ മേടിക്കണo ഞാൻ മനസ്സിൽ കണക്ക് കൂട്ടി… പുറത്ത് മഴ പെയ്യുന്നുണ്ടായിരുന്നു.. ഞാൻ ചായയുമായി വരാന്തയിലേക്ക് നടന്നു… ചൂട് ചായയും കുടിച്ച് മഴയേ നോക്കിയിരുന്നു. അടുത്ത് ഗിരിയേട്ടൻ വന്ന് നിന്നത് പോലും അറിഞ്ഞില്ല. ” മഴയത്ത് പറമ്പിലേക്ക് പോകല്ലേ.. അന്നത്തെ പോലെ അവിടെ വീണു കിടന്നാൽ എനിക്കിപ്പോ പൊക്കാനുള്ള ആരോഗ്യം പോലും ഇല്ല ” എന്ന് പറഞ്ഞ് ഗിരിയേട്ടൻ ചിരിച്ചപ്പോഴാണ് ഞാൻ തിരിഞ്ഞ് നോക്കിയത്.. ” അത് എൻ്റെ രണ്ട് മക്കളുറങ്ങുന്ന സ്ഥലമാണ്… ഒരിക്കലും തിരിച്ച് വരാത്തിടത്തേക്ക് എന്നെ തനിച്ചാക്കി പോയ്ക്കളഞ്ഞു… അവസാന നിമിഷം വരെ ഞാൻ അവരെ വിളിച്ചുണർത്താൻ നോക്കിയതാണ്.. പക്ഷേ അവർ ഉണർന്നതേയില്ല..

“ഓരോന്നാലോചിച്ച് നിന്നപ്പോൾ വീണ് പോയതാണ് ” വാക്കുകൾ ഇടറാതെ പറയാൻ ശ്രമിച്ച് കൊണ്ട് ഞാൻ പറഞ്ഞു.. “ദൈവം ക്രൂരനാണ് എന്ന് തോന്നും.. കുഞ്ഞുങ്ങളെ വേണ്ടാത്തവർക്ക് കൊടുക്കുകയും വേണ്ടിയവരുടെ അടുത്ത് നിന്ന് വേഗം തിരിച്ച് വിളിക്കുകയും ചെയ്യും… “.. ഗിരിയേട്ടൻ അങ്ങനെ പറഞ്ഞു കൊണ്ട് തിരിഞ്ഞു നടന്നു… തിരിച്ച് വിളിക്കാൻ തോന്നിയില്ല… അങ്ങനെ കുറച്ച് നേരം ഇരുന്നു.. മഴ തോർന്നു… ചായ ഗ്ലാസ്സ് അടുക്കളയിൽ പോയി കഴുകി വച്ചു… ചൂലെടുത്തു മുറ്റം തൂത്തു.. മഴ പെയ്തത് കൊണ്ടാവണം കുറച്ചധികം ഇലകൾ പൊഴിഞ്ഞിരുന്നു… എല്ലാം കൂടി തൂത്തു കൂട്ടി കത്തിക്കാൻ പറ്റാത്തത് കൊണ്ട് തെങ്ങിൻ ചുവട്ടിൽ കൊണ്ടിട്ടു… പറമ്പിലെ ചെടികൾ എല്ലാം നല്ല ഉഷാറായിട്ടുണ്ട്…

കുറച്ച് നേരം തൂമ്പയെടുത്തു കിളച്ചു പറമ്പിൽ വിത്ത് ഇട്ടു.. പയറും വെണ്ടയും തക്കാളിയും മുളകും പടവലവും എല്ലാം പ്രത്യേകം സ്ഥലo തിരിച്ച് വിത്ത് ഇട്ടു.. നേരമിരുട്ട് വീണു തുടങ്ങിയതും പറമ്പിൽ നിന്ന് മുറ്റത്തേക്ക് കയറിയപ്പോഴാണ് ഗിരിയേട്ടൻ മുകളിലത്തെ മുറിയുടെ ജനാലയിൽ കൂടി നോക്കുന്നത് കണ്ടത്… ” ഞാൻ വീണ് കിടപ്പുണ്ടോന്ന് നോക്കുവാന്നോ ” ഞാൻ ഉറക്കെ ചോദിച്ചു.. മറുപടിയൊന്നും പറഞ്ഞില്ല… വെറുതെ ചിരിക്കുക മാത്രം ചെയ്തു…. തൂമ്പ ചാരി വച്ച് കൈകാലുകൾ കഴുകി വരാന്തയിലേക്ക് കയറി.. അമ്മ വിളക്ക് വയ്ക്കാൻ ഒരുക്കങ്ങൾ തുടങ്ങിയത് കണ്ട് വേഗം മേല് കഴുകി വന്നു… മേല് കഴുകി വന്നപ്പോഴേക്ക് വരാന്തയിൽ വിളക്കിൽ എണ്ണയൊഴിച്ച് തിരിയിട്ട് വച്ചിട്ടുണ്ട്.. അടുത്തായി തീപ്പെട്ടിയും.. ഞാൻ ദീപം തെളിയിച്ച് വിളക്കിന് അരികിൽ ഇരുന്നു..

രണ്ടു അമ്മമാരും നാമം ജപിച്ച് തുടങ്ങിയപ്പോൾ എൻ്റെ ചുണ്ടുകളും നാമം മന്ത്രിച്ചു തുടങ്ങിയിരുന്നു…. നാമം ജപിച്ച് കഴിഞ്ഞ് വിളക്ക് തൊട്ട് തൊഴാൻ ഒരുങ്ങിയപ്പോൾ ഗിരിയേട്ടൻ്റെ വിരലുകൾ എൻ്റെ കൈയ്യിൽ മുട്ടി… ഞാൻ ഞെട്ടലോടെ മുഖമുയർത്തി നോക്കി.. “സോറി ” എന്ന് മാത്രം പറഞ്ഞ് ചിരിച്ചു കൊണ്ട് തിരികെ നടക്കുന്നത് കണ്ടു… രാത്രി അത്താഴം എല്ലാരും ഒരുമിച്ചിരുന്നു കഴിച്ചു.. ഒരു ദിവസം കടന്നു പോയി… പിറ്റേ ദിവസം ബേക്കറിയിലെ ആളെ വിളിച്ചു… നല്ലഭിപ്രായം കിട്ടി …അതു കൊണ്ട് കുടുതൽ ഓഡർ കിട്ടി… അമ്മയോട് വിവരം പറഞ്ഞപ്പോൾ ഒത്തിരി സന്തോഷമായി… അന്നത്തെ ദിവസം ഉത്സാഹത്തോടെ ജോലി ചെയ്തു… രണ്ടു പേരും സഹായിച്ചു…

വൈകുന്നേരം പലഹാരം കൊണ്ട് കൊടുത്തപ്പോൾ ഒരു രൂപയും കൂടി കൂട്ടി തന്നു… പിറ്റേ ദിവസം പലഹാരം ഉണ്ടാക്കാനുള്ള സാധനങ്ങളും വാങ്ങിയാണ് ടൗണിൽ നിന്നും മടങ്ങിയത്… അത്താഴം കഴിഞ്ഞ് ഗിരിയേട്ടന് രാത്രിയ്ക്കുള്ള ഗുളിക കൈയ്യിൽ എടുത്തു കൊടുത്തു.. ” ഇപ്പോ എങ്ങനുണ്ട്.. വേദന കുറവുണ്ടോ.. നാളെ ആശുപത്രിൽ പോകണം.. എൻ്റെ കൂടെ വരുവാന്നേൽ ഞാൻ സൈക്കിളിൽ കൊണ്ടു പോകാം” .. ദിനേശേട്ടന് കൊടുക്കുന്ന ഓട്ടോ കാശ് എനിക്ക് തന്നാൽ മതി”..എന്ന് ഞാൻ പറഞ്ഞു… “ഓ ശരി… ഓട്ടോ കൂലിയും എൻ്റേൽ നിന്ന് വാങ്ങാൻ ഉള്ള ഉദ്ദേശമാണ് അല്ലേ ” എന്ന് ഗിരിയേട്ടൻ ചിരിയോടെ പറഞ്ഞു.. “ഹേയ്.. അങ്ങനല്ല… ഞാൻ കാരണമല്ലേ ഇങ്ങനൊക്കെ വേദന അനുഭവിക്കേണ്ടി വന്നത്…

എന്നെക്കൊണ്ട് പറ്റുന്ന സഹായം ചെയ്യാന്ന് വിചാരിച്ചാ…” കുഴപ്പമില്ല സൈക്കിളിൽ വരാൻ നാണക്കേടാണെങ്കിൽ ഗിരിയേട്ടൻ ദിനേശേട്ടനെ വിളിച്ച് പോയാൽ മതി.. ” എന്ന് പറഞ്ഞ് ഞാൻ തിരിഞ്ഞ് നടന്നു.. “എനിക്ക് നാണക്കേടൊന്നുമില്ലടോ..” ഓട്ടോ കാശും ഞാൻ തന്നേക്കാം പോരെ ” എന്ന് ഗിരിയേട്ടൻ പറഞ്ഞു .. “ശരി.. ഗിരിയേട്ടൻ്റെ അമ്മ എൻ്റെ അമ്മയോട് പറയുന്നത്.. അമ്മയ്ക്ക് പറ്റുമാരുന്നേൽ കൂടെ ആശുപത്രിയിൽ ചെന്നേനെ എന്ന്.. ഡോക്ടർ പറയുന്നത് എന്താണ് എന്നറിയാലോ… ആരു പോകാനാ ൻ്റെ മോൻ ഒറ്റയ്ക്കായി പോയീന്ന്.. അത് കേട്ടപ്പോ ഒരു വിഷമം… ഗിരിയേട്ടൻ്റെ അമ്മയ്ക്ക് വേണ്ടിയാണ് ഞാനും കൂടി വരാമെന്ന് പറഞ്ഞത്…” എന്ന് ഞാൻ പറഞ്ഞപ്പോൾ ഗിരിയേട്ടൻ ഉടനെ താങ്ക്സ് പറഞ്ഞു..

“താങ്ക്സ് വേണ്ടാ.. ഇനി എന്നെ തല്ലാൻ ആരെയും വരുമ്പോ തല്ലുകൊള്ളാൻ ആരേലും വേണ്ടേ.. അതു കൊണ്ട് ഗിരിയേട്ടൻ്റെ ആരോഗ്യം വീണ്ടെടുക്കുക എന്നത് എൻ്റെ ആവശ്യം കൂടിയാണു് ” എന്ന് പറഞ്ഞ് മറുപടിയെന്താകും എന്നറിയാവുന്നത് കൊണ്ട് ഞാൻ മുറിയിലേക്ക് പോയി.. രാത്രി മുഴുവൻ അമ്മയുടെ മടിയിൽ തല വച്ച് കിടന്ന് കാര്യം പറഞ്ഞു.. ഇടയ്ക്ക് എപ്പോഴോ ഉറങ്ങി പോയി… രാവിലെ വിധുവേട്ടൻ്റെ ശബ്ദം കേട്ടാണ് എഴുന്നേറ്റത്… അമ്മയോട് വേഗം ഒരുങ്ങാൻ പറയുന്നുണ്ട്.. സമയം നോക്കി ഒൻപത് മണിയായിരിക്കുന്നു. ഞെട്ടലോടെ ചാടിയെഴുന്നേറ്റു.. മുടിയൊക്കെ വാരി ചുറ്റി കെട്ടി… കൈയ്യുടെ വേദന കുറഞ്ഞു…. കണ്ണാടിയിൽ നോക്കി… കഴുത്തിലെ കരിവാളിപ്പ് ഒന്നൂടി കറുത്തു കിടക്കുന്നു…

ഷാൾ എടുത്ത് കഴുത്തിൽ ചുറ്റി… ഞാൻ എഴുന്നേറ്റ് ഹാളിലേക്ക് ചെന്നു.. ” അമ്മയെ ഞാൻ വൈകുന്നേരം കൊണ്ടു വിടാം” എന്ന് ഞാൻ പറഞ്ഞു… “നീ അങ്ങോട്ടേക്ക് വരുന്നില്ലാന്ന് ഉറപ്പിച്ചോ… അവൻ ഇനിയും ആക്രമിക്കാൻ വന്നാലോ “വിധുവേട്ടൻ ചോദിച്ചു.. “ഇനി അയാൾ വരില്ല എനിക്ക് ഉറപ്പാ” എന്ന് ഞാൻ പറയുമ്പോഴും എൻ്റെ ഭയം ഗിരിയേട്ടൻ്റെ അമ്മ കേൾക്കുമോ എന്നായിരുന്നു.. “എന്തായാലും ഇങ്ങനെയൊരു സാഹചര്യത്തിൽ നീ അവിടെ വന്നു നിൽക്കുന്നതായിരുന്നു സുരക്ഷിതം… അമ്മയെ ഞാനിപ്പോ തന്നെ കൊണ്ടുപോവാ… നിനക്ക് വേണമെങ്കിൽ അവിടെയും വരാല്ലോ”… എന്ന് വിധുവേട്ടൻ പറയുമ്പോൾ അമ്മ എന്നെ ദയനീയമായി നോക്കുന്നുണ്ടായിരുന്നു..

രണ്ടു ദിവസം കടന്നു പോയതറിഞ്ഞില്ല… ” അമ്മ പോയ്ക്കോളു… ഞാൻ ഇടയ്ക്ക് വരാം.. അത് പോലെ അമ്മയും ഇങ്ങനെ രണ്ടു ദിവസം ഇടയ്ക്ക് ഇതുപോലെ വന്ന് നിൽക്കണം… ” എന്ന് ഞാൻ പറഞ്ഞു… അമ്മ മനസ്സില്ലാ മനസ്സോടെ പോകാനൊരുങ്ങി… വിധുവേട്ടൻ്റെ കൂടെ കാറിൽ കയറി പോകുന്നത് നോക്കി നിന്നു… ഒറ്റയ്ക്കായത് പോലെ തോന്നി… ഞാനാ പടിയിൽ ഇരുന്നു.. വെറുതെ പറമ്പിലേക്ക് നോക്കി… പറമ്പിൽ അവിടവിടെ ചെറിയ പച്ചപ്പ് കാണാം… ഞാൻ എഴുന്നേറ്റ് മുറ്റത്തേക്കിറങ്ങി… പറമ്പിലേക്ക് എത്തി നോക്കി… വിത്തു മുള പൊട്ടി കിളിച്ചു വന്ന കുഞ്ഞു കിളിർപ്പുകൾ നാണം കുണുങ്ങികളെ പോലെ തലതാഴ്ത്തി നിരന്നു നിൽക്കുന്നത് കണ്ടപ്പോൾ മനസ്സും നിറഞ്ഞു…….തുടരും

സ്‌നേഹതീരം: ഭാഗം 10

Share this story