അദിതി : ഭാഗം 3

അദിതി : ഭാഗം 3

എഴുത്തുകാരി: അപർണ കൃഷ്ണ

ക്ലാസ്സിൽ നിന്നും എന്നെ കോളേജ് മൊത്തം ചുറ്റി കാണിക്കാം എന്ന് പറഞ്ഞാണ് പീക്കിരികൾ കൊണ്ട് പോയത്, പോകുന്നവഴിക്കു കാണുന്നവരോടെല്ലാം എന്നെ പരിചയപെടുത്തുന്നുമുണ്ട്. സത്യം പറയാല്ലോ എനിക്കതങ്ങു ഇഷ്ടപ്പെട്ടു. ഏതാണ്ട് ആനയെ എഴുന്നള്ളിക്കുന്ന പോലെ, ഇവിടെ ആനയ്ക്ക് പകരം ഞാൻ ആണെന്ന വ്യത്യാസം മാത്രം. അങ്ങനെ തെണ്ടി തിരിഞ്ഞു നടക്കുന്നതിന്റെ ഇടക്ക് എനിക്കൊരു കാര്യം മനസിലായി. നമ്മട പീക്കിരികൾ കോളേജിലെ പുലിക്കുട്ടികൾ ആണെന്ന്. പഠിത്തത്തിനൊപ്പം തന്നെ സ്പോർട്സിനും കലാപരിപാടികൾക്കും എല്ലാം പങ്കെടുക്കുന്ന കൊണ്ടാകും അവർക്ക് മറ്റു കുട്ടികളുടെ ഇടയിൽ നല്ല സ്വീകാര്യത ഉണ്ടായിരുന്നു.

അവർ കോളേജിനുള്ളിൽ പരിപാടികൾ നടത്തുന്ന ഒരു ബാന്റിന്റെ സൃഷ്ടാക്കൾ കൂടിയായിരുന്നു. ലവന്മാരുടെ ഒപ്പം നടക്കുന്ന കൊണ്ട്, പിള്ളേര് എന്നേം കുറച്ചു ബഹുമാനത്തോടെ നോക്കിക്കാണുന്നുണ്ട്. അങ്ങനെ വരട്ടെ….. കോളേജിന്റെ ഓരോ ഏരിയക്കും കുട്ടികളുടെ ഇടയിൽ ഓരോ പേരുകളായിരുന്നു. ലൗവേഴ്സ് പാർക്ക്, തറവാട്, അമ്മവീട് മുതലായി…. അതെല്ലാം കണ്ടും പുതിയ കൂട്ടുകാരെ സൃഷ്ടിച്ചും ഞാൻ ഒരുപാടു സന്തോഷത്തോടെ ചുറ്റി നടന്നു. പക്ഷെ മനസിനുള്ളിൽ എന്തോ ഒരു കുറവ് എന്നെ വേട്ടയാടുന്നുണ്ടായിരുന്നു. ആരുടെയോ വരവിനെ കാത്തിരിക്കുന്ന ഹൃദയം ത്രസിക്കുന്ന പോലെ. .. പറഞ്ഞറിയിക്കാനാകാത്ത ഒരു അവസ്ഥ.

അന്നത്തെ ദിവസം ഞാൻ പീക്കിരികളുടെ ഒപ്പം ക്യാന്റീനിൽ നിന്നാണ് ഊണ് കഴിച്ചത്. അമ്മ തന്നുവിട്ട ദോശ മുന്നേ തന്നെ പീക്കിരികൾ കാലിയാക്കിയിരുന്നു. ഉച്ചക്ക് ശേഷം അവർക്കു ക്ലാസ് ഉണ്ടായിരുന്നതിനാൽ ഞാൻ ബാക്കി പരിപാടികൾ അടുത്ത ദിവസത്തേക്കു മാറ്റി വച്ച്, വീട്ടിലേക്കു പോയി. ഞാൻ പറഞ്ഞ വിശേഷങ്ങൾ ഒക്കെ ഒരു ചെറു ചിരിയോടെ അപ്പ കേട്ടിരുന്നു. അമ്മയും അടുത്ത് തന്നെ ഉണ്ട്. പുള്ളിക്കാരി തുണിയിൽ എംബ്രോയ്ഡറി ചെയ്യാൻ വേണ്ടി വരക്കുകയായിരുന്നു. ആഹ് പറഞ്ഞില്ലല്ലോ എന്റെ അമ്മ നല്ല ഒരു ചിത്രകാരി കൂടിയാണ് കേട്ടോ. ജോലിയിൽ വ്യാപൃത ആണെന്ന് കാണിക്കുന്നുണ്ടേലും ഞാൻ പറയുന്നതൊക്കെ ശ്രദ്ധിക്കുന്നു എന്ന് എനിക്കറിയാമായിരുന്നു.

ചെന്ന പാടെ പീക്കിരികൾ എന്നെ ഏറ്റെടുത്തതും ഞാൻ അവരോടു സംസാരിച്ചതും ഒക്കെ കേട്ട് അന്നാമ്മച്ചീടെ മുഖം കൂർത്തു വന്നെങ്കിലും ഒന്നും പറഞ്ഞില്ല. പിന്നെ അവന്മാര് എനിക്ക് അലോഷി എന്ന് പേരിട്ടതറിഞ്ഞു അപ്പ ഭയങ്കര ചിരിയായിരുന്നു. “നീ എന്റെ മോളുട്ടി അല്ലെടി നിനക്ക് എന്റെ പേര് തന്നാ ചേരുന്നത്” എന്ന് അപ്പ പറഞ്ഞപ്പോൾ അമ്മ വീർത്ത മുഖത്തോടെ എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു. അത് കണ്ടതും അപ്പ എന്നെ നോക്കി അമ്മ കാണാതെ പതിയെ കണ്ണടച്ചു, എന്നിട്ടു പറഞ്ഞു “അന്നാമ്മേട അസൂയ കണ്ടോടി അല്ലിമോളെ” പെണ്ണുമ്പിള്ളക്ക് പാമ്പിന്റെ ചെവിയാണ്, അപ്പ പറയുന്നത് കേട്ടതും ദേ തുടങ്ങി…… ഞാൻ പെട്ടന്ന് അപ്പക്ക് ഗുഡ്നൈറ്റും ഒരു ഉമ്മയും കൊടുത്തിട്ടു അവിടന്ന് സ്കൂട്ടായി.

ഇടഞ്ഞു നിക്കുന്ന അന്നക്കുട്ടിയെ ശാന്തയാക്കാൻ അപ്പക്കല്ലാതെ ആർക്കും കഴിയില്ല. അവരുടെ പ്രണയം ഇന്നും അത്രക്ക് തീവ്രമാണ്. സ്നേഹിച്ചു വിവാഹം കഴിച്ചിട്ട്, കുറച്ചു നാളുകൾ കഴിഞ്ഞു ആവേശം ഒക്കെ തണുക്കുമ്പോൾ രണ്ടു വഴിക്കു പോകുന്ന മനുഷ്യരുടെ ഇടയിൽ എനിക്കെന്നും മാതൃക എന്റെ അമ്മയും അപ്പയുമാണ്. അവർ പരസ്പരം സ്വന്തം പങ്കാളിയുടെ വ്യക്തിത്വത്തിനെ അംഗീകരിച്ചവരാണ്. അത് കൊണ്ട് കൂടിയാകും വേനലിലും നിറഞ്ഞൊഴുകുന്ന പുഴ പോലെ ആ സ്നേഹം ഇന്നും ശക്തമായിരിക്കുന്നത്. അവരുടെ പ്രണയത്തിന്റ മൂർത്തീഭാവമാണല്ലോ ഞാൻ. ഞാൻ എന്നും കർത്താവിനോടു നന്ദി പറയുന്നത്, എനിക്ക് അപ്പയേം അമ്മയേം തന്നതിനാണ്.

അന്ന് രാത്രി ഒരു സ്വപ്നം ഞാൻ കണ്ടു, ഉറങ്ങി കിടക്കുന്ന എന്റെ അരികിലേക്ക് വന്നു മുടി മാടിയൊതുക്കി നെറ്റിയിൽ ഒരു ഉമ്മയും തന്നു പോകുന്ന എന്റെ അമ്മയെ, ഒപ്പം ഇത് കണ്ടു ചിരിയോടെ നിൽക്കുന്ന അപ്പയെ. ഐ ലവ് യു അമ്മ… ഐ ലവ് യു അപ്പ…. പിറ്റേന്ന് അമ്മയെ ദേഷ്യം പിടിപ്പിക്കണ്ട എന്നോർത്ത് നല്ല കുട്ടിയായി ഞാൻ നേരത്തെ ഉറക്കമുണർന്നു, കുളിച്ചു റെഡി ആയി അടുക്കളയിലേക്കു പോയപ്പോൾ അന്നക്കൊച്ചു തിരക്കിട്ട പാചകത്തിലായിരുന്നു. ആ വയറ്റിൽ ചുറ്റി പിടിച്ചു തോളിൽ മുഖമമർത്തി നിന്നപ്പോൾ അമ്മ പതിയെ തിരിഞ്ഞു എന്റെ കവിളിൽ ഉമ്മ വച്ചു. “ശുഭദിനം ആണല്ലോ അല്ലിമോളെ”……

അപ്പയാണ് പുള്ളിക്കാരൻ നടക്കാൻ പോയിട്ട് എത്തിയതേ ഒള്ളു, ഫിറ്റ്നസിന്റെ കാര്യത്തിൽ അപ്പ നോ കോംപ്രമൈസ്, അഹ് അമ്മയും മോശമല്ല കേട്ടോ യോഗ ഒക്കെ ആയി പുള്ളിക്കാരിയും വൻ സെറ്റപ്പ് ആണ്. “ഓഹ് ഇച്ചായന്‌ മാത്രമേ എന്റെ കൊച്ചിനെ സ്നേഹിക്കാൻ പാടുള്ളോ” അമ്മ. ഞാൻ ചിരിയോടെ അപ്പയുടെ മുഖത്തേക്ക് നോക്കി, “ഓ നിങ്ങൾ അമ്മയായി മോളായി ഞാൻ പോകുന്നേ” അപ്പ ഒരു ചിരിയോടെ പിന്തിരിഞ്ഞു. “അസൂയ അസൂയ” ഞാൻ പതിയെ അമ്മയുടെ ചെവിയിൽ പറഞ്ഞപ്പോൾ ആ മുഖത്തു ഒരു പുഞ്ചിരി വിടർന്നു വന്നു… കോളേജിലെ രണ്ടാമത്തെ ദിവസം. ടൈംടേബിളിലും ഡീറ്റൈൽഡ് സിലബസും എന്തിനു അസൈൻമെന്റ് പോർഷൻസ് വരെ തന്നു കളഞ്ഞു ടീച്ചേഴ്സ്.

എന്തായാലും സബ്മിറ്റ് ചെയ്യാൻ സമയം ഉണ്ട്. അഡ്മിഷൻ ഇനിം കംപ്ലീറ്റ് ആയിട്ടില്ലല്ലോ. ഞങ്ങളുടെ ഡിപ്പാർട്‌മെന്റിലെ ടീച്ചിങ് ഫാക്കൽറ്റിയെ പറ്റി പ്രിൻസിപ്പൽ പോലും അഭിമാനത്തോടെ പറയാറുണ്ട്. അതെന്തായാലും വെറുതെ അല്ല എന്ന് എനിക്ക് മനസിലായി. ശ്രീദേവി മാം, ബിനു സാർ, വത്സല മാം, കിരൺ സാർ, പിന്നെ തോമസ് സാർ ഇത്രയും പേരാണ് ഈ സെമിൽ പഠിപ്പിക്കാൻ ഉള്ളത്. അവർ ഒക്കെ ക്ലാസ്സിൽ വരികയും അവരവരുടെ സബ്ജെക്ടിനെ പറ്റി നന്നായി പറഞ്ഞു തരികയും ചെയ്തിരുന്നു. എന്തായാലും അവര് അധികം പഠിപ്പിക്കാൻ നിന്നില്ല, സീനിയർസ്ന്റെ എക്സാം പേപ്പർ വാല്യൂവേഷൻ നടക്കുന്നത് കൊണ്ട് ഞങ്ങൾക്ക് ധാരാളം ഫ്രീ ടൈം ഉണ്ടായിരുന്നു.

ആഹ് പറയുമ്പോലെ ഞങ്ങൾക്കും ഉണ്ടല്ലോ സീനിയർസ്, ഇന്നലെ പീക്കിരികളോട് കൂടെ കറങ്ങാൻ പോയ സമയത്തു അവർ ഒക്കെ ക്ലാസ്സിൽ വന്നു പരിചയപെട്ടു എന്ന് ദേവു പറഞ്ഞു. റാഗിങ്ങ് വല്ലതും ഉണ്ടാകുമോ എന്തോ, എന്തൊക്കെ ആയാലും ഒരു ചെറിയ ടെൻഷൻ. എന്നാൽ ദേവും റോയിച്ചനും എന്നെ സമാധാനിപ്പിച്ചു, അവർക്കറിയില്ലല്ലോ എന്റെ ടെൻഷൻ എന്നെ കുറിച്ച് ഓർത്തു തന്നെ ആണെന്ന്. ഡിഗ്രിക്ക് പഠിക്കുന്ന സമയത്തു എന്നെ പിടിച്ചു നിർത്തി റാഗ് ചെയ്യാൻ ശ്രമിച്ച ഒരു കൂട്ടം ചേച്ചിമാരെ തിരിച്ചു റാഗ് ചെയ്ത ഒരു ചരിത്രം ഉള്ളതാണേ, അല്ലേലും കോഴി മുട്ട ഇടുന്നതു മോക് ചെയ്തു കാണിക്കാൻ പറഞ്ഞാൽ പിന്നെ ഞാൻ എന്താ ചെയ്യുന്നേ, ഞാൻ കോഴി മുട്ട ഇടുന്നതു കണ്ടിട്ടില്ല, എന്നോട് ടാസ്ക് പറഞ്ഞ ചേച്ചിയോട് കാണിച്ചു തരാമോ എന്ന് ഞാനും ചോദിച്ചു.

വല്ലാത്ത വിനയത്തോടെ ഉള്ള എന്റെ വർത്തമാനം കേട്ടപ്പോൾ കൂടെ ഇരുന്ന പെണ്ണുങ്ങൾക്ക് എല്ലാം കലിപ്പായി. ലവളുമാര് എന്റെ അത് ചെയ്യും ഇത് ചെയ്യും എന്നൊക്കെ പറയുന്നത് ഞാൻ കുറച്ചു പുച്ഛത്തോടെ കേട്ടിരുന്നു. ഈ സമയം നേതാവ് ചേച്ചി എന്നെ തന്നെ നോക്കി ഇരിക്കുകയായിരുന്നു. ആ ചേച്ചി ഇടപെട്ടതുകൊണ്ടും സിസ്റ്റേഴ്സ് അത് വഴി വന്നത് കൊണ്ടും ലവളുമാര് എന്നെ വെറുതെ വിട്ടു. അല്ലേൽ സീൻ കോൺട്രാ ആയേനെ. എന്തായാലും ആ സംഭവത്തിന് ശേഷം എന്നെ ആരും റാഗ് ചെയ്യാൻ വേണ്ടി പിടിച്ചു നിർത്തിയില്ല, പിന്നെ കുറച്ചു നാളുകൾക്കു ശേഷം നമ്മട നേതാവ് അശ്വതി ചേച്ചിയുമായി ഞാൻ കമ്പനി ആകുകയും ചെയ്തു. കോളേജ് ചെയർ പേഴ്സൺ ആയിരുന്നു പുള്ളിക്കാരി തേർഡ് ഇയർ പഠിക്കുകയായിരുന്നു.

പിന്നെ ചേച്ചി കോളേജിൽ നിന്ന് പോയതോടു കുടി വല്ല പോലും ഉള്ള മെസ്സേജുകൾ വഴി ആയി സംസാരം. എങ്കിലും എന്റെ നല്ല സുഹൃത്തുക്കളിൽ ഒരാളാണ് അച്ചുചേച്ചി. എന്തായാലും ഇനി വരുന്നിടത്തു വച്ച് കാണാം, ഞാൻ ആയിട്ടു പ്രശ്നങ്ങൾ ഉണ്ടാക്കാതിരുന്നാൽ മതി, എന്തിനാണ് അമ്മയെ വെറുതെ കലിപ്പ് മോഡിലാക്കുന്നത്. ഇന്റർവെൽ സമയത്തു പീക്കിരികൾ പൊക്കി കൊണ്ട് പോകുന്നതിനാൽ ഞാൻ കുടുതലും കണ്ടതും പരിചയപ്പെട്ടതും എല്ലാം ഡിഗ്രിക്ക് പഠിക്കുന്ന കുട്ടികളെ ആയിരുന്നു. ഇതുവരെ ഇല്ലാത്ത ഒരുതരം സൗഹൃദ വലയം വളരെ ചുരുങ്ങിയ സമയം കൊണ്ട് എനിക്ക് ചുറ്റും രൂപം കൊള്ളുന്നത് ഞാൻ അറിഞ്ഞു.

എന്റെ വേഷം കൊണ്ടാകണം എടാ അലോഷി എന്നല്ലാതെ, അലീന എന്ന് ആരും വിളിക്കുന്നില്ല, അത് ഞാനും എന്ജോയ് ചെയ്‌യുന്നുണ്ടായിരുന്നു. അടുത്ത രണ്ടു ദിവസങ്ങൾ ശനിയും ഞായറുമായതു കൊണ്ട് കോളേജ് അവധി ആയിരുന്നു. സിനിമയും പാട്ടും വായനയും ഒക്കെ ആയി ശനി കടന്നു പോയി. ഞായർ ‘അമ്മ പള്ളിയിൽ പോകാൻ വിളിച്ചെങ്കിലും ഞാൻ പോയില്ല. രാവിലെ അതിന്റെ പേരിൽ കുറെ വഴക്കു കേൾക്കേണ്ടി വന്നു. എന്തേലും വിശേഷം ഉണ്ടെങ്കിൽ അല്ലാതെ ഞാൻ മാസ്സിനു പോകുന്നത് കുറവാണു………… എന്തോ എനിക്കത്രയും ആൾക്കൂട്ടവും പാട്ടും ഒന്നും സമാധാനം നൽകാറില്ല, ആൾത്തിരക്കില്ലാതെ ഒഴിഞ്ഞു കിടക്കുന്ന പള്ളിയിൽ പോയി ദൈവപുത്രനോട് സംവദി ക്കുന്നതാണ് എനിക്കിഷ്ടം.

സംഘടിതമായ നിർബന്ധിത പ്രാർത്ഥനകളിൽ നിന്ന് നമുക്കൊരിക്കലും നാം ആഗ്രഹിക്കുന്നത് കിട്ടില്ലല്ലോ, ലക്‌ഷ്യം തേടി നടക്കുന്ന ആത്മാവ് അതിന്റെ ലക്ഷ്യത്തിനോട് നടത്തുന്ന ആശയവിനിമയമാണ് എന്നെ സംബന്ധിച്ചിടത്തോളം പ്രാർത്ഥന. അത്തരം ഒന്നിന് യാതൊരു മാധ്യമത്തിന്റെയും ആവശ്യമില്ല, ഹൃദയം ഹൃദയത്തിനെയെന്ന പോലെ ആത്മാവ് ആത്മാവിനെ എന്ന പോലെ അത് ഒഴുകി എത്തേണ്ട ഇടത്തു എത്തിച്ചേരും. എന്റെ മനസ് അറിഞ്ഞ പോലെ അപ്പ എന്നെ നിർബന്ധിക്കാറില്ല. പള്ളിയിൽ എന്നെ കാണാറില്ലല്ലോ എന്ന് ആരേലും ചോദിക്കുമ്പോൾ ‘അമ്മ ഇടയ്ക്കു വഴക്കു പറഞ്ഞു കൂടെ കൂട്ടാറുണ്ട്. പിന്നെ അപ്പേടെയോ അമ്മേടേയോ തറവാട്ടിൽ പോകുമ്പോൾ അവിടുള്ളവരുടെ ഒപ്പം പോകാറുണ്ട്.

അവിടെ എന്റെ സിദ്ധാന്തം വിളമ്പാൻ നിന്നാൽ പാവം അമ്മയും അപ്പയും വിഷമിക്കും, ആരേലും ഒക്കെ അവരെ വഴക്കു പറയും തന്നിഷ്ടക്കാരിയായ ഒരു മോളെ വളർത്തിയതിൽ. എന്റെ അപ്പയും അമ്മയും വിഷമിക്കുന്നത് എന്തായാലും എനിക്കു ഇഷ്ടമല്ല. കഴിഞ്ഞ ശനിയാഴ്ച അടുത്ത അലോട്ട്മെന്റ് ലഭിച്ച കുട്ടികൾ അഡ്മിഷൻ എടുത്തിരുന്നു. ക്ലാസ്സിൽ കുറച്ചു പുതിയ മുഖങ്ങൾ ഉണ്ട്. ഞാൻ എല്ലാരേം ഒന്ന് നോക്കി. ഇല്ല ആരും സ്ട്രൈക്ക് ചെയ്യുന്നില്ല. ഇതുവരെ ഉള്ള സ്റ്റുഡന്റ്സിന്റെ പേരിന്റെ ലിസ്റ്റ് കൊണ്ട് വന്നിരുന്നു രാവിലത്തെ പീരീഡ്ൽ തോമസ് സാർഅദ്ദേഹം ആണ് ഞങ്ങളുടെ ക്ലാസ് ടീച്ചർ എനിക്ക് സന്തോഷമായി. എങ്കിലും അഡ്മിഷൻ ഇനിയും പൂർത്തിയാകാത്തതിനാൽ റോൾനമ്പർ കുറച്ചു ദിവസങ്ങൾ കുടി കഴിഞ്ഞേ കിട്ടു എന്ന് അറിഞ്ഞു.

എന്നാലും അതുവരെ അഡ്മിഷൻ എടുത്തവരുടെ പേരുകൾ അദ്ദേഹം വിളിച്ചു. പലപേരുകളും കടന്നു പോയി. റോയ്ച്ചന്റെം ദേവുന്റേം എന്റെയും ഒക്കെ… പലതും ഞാൻ കേട്ടതു പോലുമില്ല. അവസാനം പതിനഞ്ചാമതു അദ്ദേഹം വിളിച്ച പേര് “അദിതി മഹേശ്വർ രാജ്പുത്”, അതെന്നെ വല്ലാതെ സ്പർശിച്ചു. ഹൃദയതാളം ഒരു പ്രതേക ഈണം കൈവരിച്ച പോലെ, ഒരുപാടു നാളായി കേൾക്കാൻ കൊതിച്ചതെന്തോ കേട്ട പോലെ ഒരു സന്തോഷം ഞാൻ അറിയാതെ കൈ നെഞ്ചോടു ചേർത്ത് സ്വപ്നലോകത്തിലെന്ന വണ്ണം ഇരുന്നു. എന്റെ ചുണ്ടുകൾ പതിയെ ആ പേര് മന്ത്രിച്ചു അദിതി മഹേശ്വർ രാജ്പുത്….. അദിതി…. തുടരും

അദിതി : ഭാഗം 2

Share this story