അത്രമേൽ: ഭാഗം 4

അത്രമേൽ: ഭാഗം 4

എഴുത്തുകാരി: ശ്രുതി കൃഷ്ണ

കാർ ഗേറ്റു കടന്ന് ഉള്ളിലേക്ക് കയറുമ്പോൾ അമ്മാവനും അമ്മായിയും തിരികെ പോവാനെന്ന വണ്ണം ദർശന്റെ വരവും കാത്ത് നിൽപ്പുണ്ടായിരുന്നു… പെട്ടന്ന് പോവാൻ വേണ്ടി വണ്ടി തിരിച്ചിട്ടവൻ ഡ്രൈവിംഗ് സീറ്റിൽ നിന്നും ഇറങ്ങി… ഒപ്പം വർഷയും…. ഗോപുവിനെ ശ്രദ്ധിക്കാതെയവൾ ഉമ്മറത്ത് നിൽക്കുന്ന അമ്മയുടെ അടുത്തേക്ക് ധൃതിയിൽ ചെന്നു.ഉമ്മറത്തേക്ക് കയറാനാഞ്ഞതും കാറിനകത്തേക്കുള്ള അച്ഛന്റെ നോട്ടം കണ്ടാണ് ദർശൻ ഗോപുവിനെ ഓർത്തത്…ഒരു കയ്യിൽ കവറുകളെല്ലാം അടക്കിപ്പിടിച്ചു മറുകൈകൊണ്ട് കാറിന്റെ ഡോറിലവൾ അമർത്തി തള്ളുന്നുണ്ടായിരുന്നു…

അവളുടെ മൽപ്പിടിത്തം കണ്ടവന് ചിരി വന്നു… വേഗം ചെന്ന് ഡോറിന്റെ ലോക്ക് നീക്കി തുറന്നു കൊടുത്തു … രക്ഷപ്പെട്ടെന്ന പോലെ ഒരു ദീർഘനിശ്വാസം വിട്ടവൾ അവനെ നന്ദിയോടെ നോക്കി… കയ്യിലുള്ള കവറുകൾ ഇരുകൈ കൊണ്ടും പൊത്തിപ്പിടിച്ചവൾ പെട്ടെന്ന് ഇറങ്ങി എന്നാൽ വെപ്രാളത്തിനിടയിൽ വണ്ടിയിൽ ചെറുതായൊന്നു തലയിടിച്ചു…”സ്സ്…. “നോവോടെ എരിവ് വലിച്ച് വിട്ടവൾ തല തടവാൻ തുനിയും മുൻപേ അവന്റെ വലതുകരം അവിടെ സ്ഥാനം പിടിച്ചു… പരുപരുത്ത കൈത്തടം കൊണ്ടവൻ അമർത്തി ഉഴിയുമ്പോൾ അവളൊന്നാകെ വിറയ്ക്കുന്നുണ്ടായിരുന്നു…

അതൊരു ഹരമായി തോന്നിയവൾക്കു ചിരി പൊട്ടി… എന്താണെന്നവൻ പുരികമുയർത്തി ചോദിച്ചപ്പോൾ ഒന്നുമില്ലെന്ന് ചുമൽ കൂച്ചി… അവൻ കൈ പിൻവലിച്ചു തിരിഞ്ഞു നടന്നിട്ടും അതേ നിൽപ്പിലവൾ സ്നേഹത്തോടെയവനെ നോക്കി… “എന്നാൽ പിന്നേ ഞങ്ങൾ ഇറങ്ങട്ടെ… നാളെ ജ്യോത്സ്യന്റെ അടുത്ത് പോയി കല്യാണത്തിന്റെ മുഹൂർത്തം കുറിപ്പിച്ചു വരാം…” അമ്മായിയുടെ ഉറക്കെയുള്ള സംസാരത്തിൽ, കല്യാണമെന്ന ഒറ്റൊരു വാക്കിൽ സ്വൊപ്നലോകത്തിൽ നിന്നെന്ന പോൽ അവൾ ബോധത്തിലേക്ക് വന്നു…നാണം കൊണ്ട് ശിരസ്സ് കുനിഞ്ഞു…ചുറ്റും ഇരുട്ടാണെന്നോർക്കാതെ… പേടിയൊട്ടും കൂടാതെ…

ഉമ്മറത്തേക്ക് കയറാൻ പോലും മറന്നവൾ പെരുവിരലാൽ മുറ്റത്ത് കളം വരച്ചു… “എന്നാൽ പിന്നേ അമ്മാമ്മ പോയി വരാം മോളേ…” അവളുടെ കവിളിൽ മെല്ലെ തട്ടിക്കൊണ്ടു അമ്മാവൻ പറഞ്ഞപ്പോൾ മിഴിയുയർത്താതെ തന്നെ സമ്മതമെന്നോണം തലയാട്ടി…കാർ സ്റ്റാർട്ട്‌ ചെയ്യുന്ന ശബ്ദം കേട്ട് പതിയെ തല ചെരിച്ചു നോക്കി…കാറിൽ നിന്നുള്ള ചുവന്ന വെളിച്ചം അവിടമാകെ പരന്നു… ചുവന്ന കവിളുകൾ ഒന്ന് കൂടി ചുവന്നു…പോകും മുൻപേ അവന്റെ രൂപം ഒപ്പിയെടുക്കാൻ അവളുടെ മിഴികൾ വെമ്പി… കാറിന്റെ മിററിലൂടെ വർഷയെ നോക്കി യാത്ര ചോദിക്കുന്ന അവനെയവൾ നിറഞ്ഞ പ്രണയത്തോടെ നോക്കി…

കാർ കണ്മുൻപിൽ നിന്നും മറയുന്നത് വരെ അവളതേ നിൽപ്പ് തുടർന്നു… “ഡീ….” ചെറിയമ്മയുടെ വെറുപ്പോടെയുള്ള വിളിയാണ് അവളെ ഉണർത്തിയത്… മുറ്റത്തെ കനത്ത ഇരുട്ട് തിരിച്ചറിഞ്ഞവൾ പെട്ടെന്ന് ഉമ്മറത്തേക്ക് കയറി…ദേഷ്യം കൊണ്ട് വിറച്ചു നിൽക്കുന്ന ചെറിയമ്മയെയും… അവരോട് കണ്ണുകൾ കൊണ്ടെന്തോ പറയുന്ന വർഷഷയെയും പേടിയോടെ നോക്കി…ഒരു നിമിഷം ചെറിയമ്മയുടെ നോട്ടം ഇരുകൈകൊണ്ടും പൊതിഞ്ഞു പിടിച്ച കവറിലേക്ക് നീണ്ടപ്പോൾ പരിഭ്രമത്തോടെയവ ഒന്ന് കൂടി മാറിലേക്ക് അമർത്തിപ്പിടിച്ചു…

മുറിയിലേക്ക് ഓടി രക്ഷപ്പെടാൻ മനസ്സ് പറയുന്നുണ്ടെങ്കിലും കത്തി നിൽക്കുന്ന ചെറിയമ്മയുടെ മുഖം കാൺകെ കാലുകൾ ചലിക്കാതെ അവിടത്തന്നെ തറഞ്ഞു നിന്നു. “നീ മോന്റെ കാശ് കുറേ പൊടിച്ചല്ലോടീ…” ഇടുപ്പിൽ കയ്യൂന്നി അവർ ചോദിച്ചപ്പോൾ അവൾ ഇല്ലെന്ന മട്ടിൽ തലയാട്ടി… “പിന്നേ…പിന്നേ എന്താടീ ഇതൊക്കെ… ഞങ്ങളുടെ കുറ്റമെല്ലാം ഓതിക്കൊടുക്കാനല്ലെടീ നീ ഒരുങ്ങിക്കെട്ടി ഇവരുടെ കൂടെ പോയത്?… എന്നിട്ട് നീ പറഞ്ഞതെല്ലാം അവൻ വിശ്വസിച്ചോ…?” അവളെ നോക്കി പല്ല് ഞെരിച്ചവർ ചോദിച്ചപ്പോൾ ഉത്തരം പറഞ്ഞത് വർഷയാണ്… “എവിടെ അമ്മേ…ഒരു പൊട്ടിയുടെ വാക്കിനെക്കാൾ വില നമ്മൾക്ക് തന്നെയാ… സത്യം പറയാൻ പല തവണ ഇവള് നാവ് ഉയർത്തിയതാ…

എന്നിട്ടെന്തായി അവസാനം ഇവള് ദർശേട്ടന്റെ മുൻപിൽ കള്ളിയായി…” വർഷ പറഞ്ഞു നിർത്തിയതും ഗോപുവിന്റെ ചെവിയിൽ ചെറിയമ്മയുടെ പിടിവീണു… ചെവിപിടിച്ചു തിരുമ്മിയവർ തന്റെ കൂർത്ത നഖങ്ങൾ ആഴത്തിലാഴ്ത്തി വെളുത്ത പതുപതുത്ത ചെവിയിൽ മുറിവേൽപ്പിച്ചു… “ആാാാ… മ്മേ….” വേദന കൊണ്ടവൾ പുളഞ്ഞു… മാറിലണച്ചു പിടിച്ച കവറുകൾ കയ്യിൽ നിന്നൂർന്നു താഴെ വീണു… എല്ലാം വിസ്മരിച്ചവൾ പിടി വിടുവിടുവിക്കാനായി ഇരു കൈകൊണ്ടും അവരുടെ കയ്ത്തണ്ടയിൽ പിടിത്തമ്മിട്ടു തട്ടി… അള്ളിപ്പിടിച്ച അവരുടെ നഖങ്ങൾ പിടിവിടാതെ വീണ്ടുമമർന്നു…

അവളുടെ പ്രതികരണത്തിൽ അവരുടെ കയ്യൊന്ന് വലിഞ്ഞപ്പോൾ വേദന ആസഹ്യമായി…കണ്ണ് നിറഞ്ഞു കാഴ്ച മങ്ങി… അവരിലെ പിടിത്തം വിട്ടവൾ ആ ശ്രമം ഉപേക്ഷിച്ചു… ഇടയ്ക്കു എല്ലാം കണ്ടാസ്വദിക്കുന്ന വർഷയിലേക്ക് ദയനീയമായി നോക്കി…വേദന കൊണ്ട് മുഖം ചുളിഞ്ഞു…എല്ലാം സഹിച്ചവൾ കണ്ണടച്ചുപിടിച്ച് നിന്നുകൊടുത്തു…. “””എന്തുണ്ടെലും വർഷേച്ചിയോട് പറഞ്ഞാൽ മതിയല്ലോ… വർഷേചിക്ക് ഗോപുനെ ഒത്തിരി ഇഷ്ടാണല്ലോ “”” അവന്റെ വാക്കുകൾ മനസ്സിലൂടെ മിന്നിമറിഞ്ഞപ്പോൾ ഇത്തിരി ആയാസപ്പെട്ടു കണ്ണ് തുറന്നു…അവളുടെ മിഴികൾ വർഷയെ തേടി…

“ഗോപുനെ ഇഷ്ടമല്ലേ?”എന്ന് ചോദിക്കണമെന്നുണ്ടായിരുന്നു എന്നാൽ അതിന് മുൻപേ ശിക്ഷ നടപ്പാക്കാൻ അമ്മയെ പറഞ്ഞേൽപ്പിച്ചു അവൾ സ്ഥലം കാലിയാക്കി…ചെറിയമ്മയുടെ പിടി അയഞ്ഞപ്പോൾ തന്റെ ചെവി അവരുടെ നഖത്തിന്നിടയിൽ കുടുങ്ങിയില്ലെന്നവൾ തൊട്ട് നോക്കി ഉറപ്പ് വരുത്തി…”സ്സ്…” നോവോടെ എരിവ് വലിച്ചവൾ വേഗം കൈ പിൻവലിച്ചു… ചെറിയമ്മയുടെ രൂക്ഷമായ നോട്ടം താങ്ങാനാവാതെ നിലത്ത് വീണ കവറുകൾ പെറുക്കിക്കൂട്ടിയവൾ മുറിയിലേക്ക് ഓടിരക്ഷപ്പെടാനാഞ്ഞു… എന്നാൽ അതിനും മുൻപേ അവരുടെ ഊക്കോടെയുള്ള ചവിട്ട് കവറുകളിലൊന്നിൽ പതിഞ്ഞിരുന്നു…

ചെറിയൊരു മുറുകുന്ന ശബ്ദം കേട്ടു…ദേഷ്യം തീരാതെയവർ അതിൽ വീണ്ടും വീണ്ടും ആഞ്ഞു ചവിട്ടി…അവളെ കനപ്പിച്ചൊന്ന് നോക്കി അകത്തേക്ക് കയറി പോയി… അവർ വീണ്ടും വരുമെന്ന ഭയത്താൽ എല്ലാം തൂത്തുപെറുക്കിയവൾ വെപ്രാളത്തോടെ മുറിയിലേക്ക് നടന്നു…കയറിയ ഉടനെ വെളിച്ചം പോലും തെളിയിക്കാതെ വാതിൽ കൊട്ടിയടച്ചു… ഇരുട്ടിൽ പേടി തോന്നി തപ്പിപ്പിടിച്ചു ലൈറ്റിട്ടു… കവറുകളെല്ലാം കട്ടിലിൽ വെച്ചവൾ കണ്ണാടിക്ക് മുൻപിൽ ചെന്നു നിന്ന് ചെവി പരിശോദിച്ചു… വേദന കുറയുമെന്ന മിഥ്യധാരണയിൽ കാതിലെ മൊട്ടു കമ്മൽ പതിയെ ഊരിമാറ്റി…ചോര കല്ലിച്ച പാട് കാൺകെ സങ്കടം സഹിക്കാതെ ചുണ്ട് പിളർത്തി വിതുമ്പിപ്പോയി…

ഇത്തിരി കരഞ്ഞവൾ ആശ്വാസം നേടി…പാവാടത്തുമ്പുയർത്തി മൂക്ക് പിഴിഞ്ഞു… പതിയെ ചെന്നു കട്ടിലിലിരുന്നപ്പോൾ വാങ്ങിയ സാധനങ്ങൾ ഒന്ന് കൂടി കാണാനായി ആശ തോന്നി…പതിയെ നോവൊക്കെ മറന്നു തുടങ്ങി…ഓരോന്നായി തുറന്നു നോക്കി സന്തോഷിച്ചു…പുത്തനുടുപ്പൊക്കെ ഒന്നു കൂടി ശരീരരത്തിൽ ചേർത്തുപിടിച്ച് കണ്ണാടിക്ക് മുൻപിൽ നിന്ന് വട്ടം കറങ്ങി…തന്നോട് ചേർന്നു നിന്ന് ഉടുപ്പിന്റെ പാകം നോക്കിയ ദർശന്റെ മുഖം ഓർമവന്നപ്പോൾ മുഖത്തൊരു ചിരി വിരിഞ്ഞു…തന്റെ പെട്ടി തുറന്നവൾ തന്റെ പഴയ നരച്ചകുപ്പായങ്ങൾക്ക് കൂട്ടായി പുത്തനുടുപ്പുകൾ വയ്ച്ചു കൊടുത്തു…പുതിയ മാലയും വളയും കമ്മലുമെല്ലാം അതിൽ തന്നെ ഒതുക്കി വയ്ച്ചു…

കട്ടിലിൽ കിടന്ന അവസാനത്തെ പൊതിയെടുക്കുമ്പോൾ അത് വല്ലാതെ കിലുങ്ങുന്നുണ്ടായിരുന്നു… അതിഷ്ടപ്പെട്ട പോലെ ഒന്ന് രണ്ട് വട്ടം കൂടി കിലുക്കി നോക്കി… അതിൽ എന്തായിരുന്നെന്ന് ഓർത്തെടുക്കാനാവാതെ വേഗം തന്നെ തുറന്നു നോക്കി…മുൻപ് മറന്നു പോയ നോവ് വീണ്ടും ഉള്ളിൽ പൊന്തി വന്നു… ശരീരത്തേക്കാളേറെ മനസ്സ് നൊന്തു…അതിൽ കയ്യിട്ടവൾ പൊട്ടിയ കരിവളക്കഷണങ്ങളെ കയ്യിലെടുത്തു… “കയ്യിൽ നിറയെ കരിവളയിട്ടാൽ വേഗം കല്യാണം നടക്കും…” ചെറിയമ്മയുടെ കണ്ണ് വെട്ടിച്ചൊരുദിവസം ടിവി കണ്ടപ്പോൾ കേട്ടൊരു സംഭാഷണം… അത് വന്ന് തറച്ചതീ പൊട്ടിപ്പെണ്ണിന്റെ നെഞ്ചിലായിരുന്നു…

ഇന്നവൾ അത്രയേറെ ആശിച്ചു വാങ്ങിച്ചെടുത്ത സമ്മാനം… കയ്യിൽ നിറയെ കരിവളയിട്ട് കാത്തിരുന്ന് കല്യാണപെണ്ണായി ഒരുങ്ങി നിലക്കാൻ കൊതിച്ച ഒരുവൾ പൊട്ടിയ കരിവളക്കഷണങ്ങൾ പെറുക്കിയെടുത്ത് കണ്ണ് നിറച്ചു… ചെറിയൊരു കഷ്ണം വിരലിൽ തുളഞ്ഞു കയറി ചോര പൊടിഞ്ഞു…അവ നോക്കാൻ ശക്തിയില്ലാത്ത പോലെ പൊതിയോടെ കട്ടിലിനടിയിലേക്ക് വലിച്ചെറിഞ്ഞു…ദേഷ്യത്തോടെ വന്ന് കട്ടിലിലേക്കു വീണ് കിടന്ന് കരഞ്ഞു… ദർശന്റെ മുഖം ഓർത്തോർത്ത് വീണ്ടും വീണ്ടും കരഞ്ഞു…തലയിണക്കടിയിൽ നിന്ന് അവന്റെ തൂവാല വലിച്ചെടുത്തവൾ മുഖത്തോട് ചേർത്തു വയ്ച്ചു…

അവന്റെ വിയർപ്പിനും പെർഫ്യുമിനും ചാന്തിന്റെ ചുവന്ന പാടുകൾക്കുമൊപ്പം അവളുടെ കണ്ണുനീർത്തുള്ളി കൂടി അതിൽ സ്ഥാനം പിടിച്ചു…പെയ്തൊഴിഞ്ഞിട്ടും ഇടയ്ക്കെപ്പോഴോ നിലതെറ്റിയൊരു നീർത്തുള്ളി കണ്ണിൽ നിന്നും ഊർന്നിറങ്ങി ചെവിയിലെ മുറിവിൽ വീണ് നീറിപ്പുകഞ്ഞു… മനസ്സിൽ അതിനേക്കാൾ നീറ്റലേറ്റപ്പോൾ പതിയെ കണ്ണടച്ചു…. ചെറിയമ്മയുടെ വക ഇന്നത്തെ അവൾക്കുള്ള ശിക്ഷ അത്താഴപട്ടിണി ആയിരുന്നു… തന്റെ മകളെ വയറുനിറയെ ഊട്ടിയവർ അടുക്കള കൊട്ടിയടച്ചു…അടുത്ത മുറിയിൽ വിശന്നു തളർന്നിരിക്കുന്ന വയറിനെ പാടെ വിസ്മരിച്ചവർ ഗോപു ഉണ്ടാക്കിയ ഭക്ഷണം രുചിയോടെ കഴിച്ചു..

ഒരു തുള്ളി വെള്ളം പോലും ബാക്കി വയ്ക്കാതെ ഒഴിച്ചു കളഞ്ഞു…സംതൃപ്തിയോടെ കിടക്കാനായി പോയി… എന്നാൽ വിശപ്പ് പോലും മറന്നൊരുത്തി കരഞ്ഞു തളർന്നെപ്പോഴോ ഉറങ്ങിപ്പോയിരുന്നു… ❤❤❤❤❤ തിരക്കേറിയ റോഡിനോരത്തോടെ അമ്മയുടെ കയ്യിൽ തൂങ്ങി സ്കൂൾ യൂണിഫോമിൽ തുള്ളിചാടി വരുന്നൊരു കൊച്ചു മാലാഖ.ഇത്തിരി നടന്നപ്പോൾ ക്ഷീണം നടിച്ചവൾ ബാഗ് ഊരി അമ്മയെ ഏൽപ്പിച്ചു.രണ്ടു വശത്തും കൊമ്പ് പോലെ ഉയർത്തിക്കെട്ടിയ കോലൻ മുടിയും അവൾക്കൊത്തു തുള്ളി.ഇടയ്ക്കെപ്പോഴോ അവളൊന്നൊതുങ്ങി നടന്നു.

എതിരെ വരുന്ന ബലൂൺ വിൽപ്പനക്കാരനിൽ കുഞ്ഞുമിഴികൾ ഉടക്കി… അവ വികസിച്ചു…പലനിറത്തിലുള്ള ബലൂണുകൾ കാറ്റിൽ ആടിത്തിമർക്കുന്നതു കണ്ടവൾ അത്ഭുതം കൂറി. കൊഞ്ചലോടെ അമ്മയെ തോണ്ടി വിളിച്ച് ബലൂണിനായി വാശിപിടിച്ചു.കുഞ്ഞിപ്പെണ്ണിന്റെ നിർബന്ധത്തിനു വഴങ്ങിയവർ അയാൾ അടുത്തെത്തിയപ്പോൾ അവൾക്കൊരെണ്ണം വാങ്ങിക്കൊടുത്തു.ചൂണ്ടിക്കാട്ടിയ ചുവന്ന ബലൂൺ തന്നെ അയാൾ അവൾക്കായി വച്ച് നീട്ടി.കയ്യിലെ ബലൂൺ കിലുക്കിയവൾ സന്തോഷം കൊണ്ടു തുള്ളിചാടി.

ഇത്തിരി ദൂരം മുൻപോട്ട് നടന്നപ്പോൾ അവർക്കടുത്തുകൂടെ കടന്നു പോയൊരു വണ്ടിയുടെ വേഗതയിൽ കാറ്റേറ്റ് കുഞ്ഞിക്കയ്യിന്റെ പിടിത്തവും മറികടന്നു ബലൂൺ റോഡിന്റെ നടുവിലേക്ക് പറന്നു വീണു.സങ്കടം സഹിക്കാതെയവൾ അമ്മയെ നോക്കി ചുണ്ട് പിളർത്തി… കണ്ണ് നിറച്ചു…ആർത്തു കരഞ്ഞു…കുഞ്ഞിന്റെ കരച്ചിലടക്കാനായി അവളുടെ അമ്മ വണ്ടിയൊഴിഞ്ഞ സാവകാശം നോക്കി ബലൂൺ തിരികെയെടുക്കാനായി റോഡിലേക്കിറങ്ങി.ബലൂൺ തിരിച്ചെടുത്തു ഉയർത്തി കാണിച്ച അമ്മയെ കാൺകെ റോഡിന്റെ അരികു പറ്റി നിന്ന കുഞ്ഞിക്കണ്ണുകൾ വിടർന്നു…

സന്തോഷം കൊണ്ടവൾ തുള്ളിചാടി.പെട്ടെന്ന് മുൻപിൽ നിന്നും കുതിച്ചെത്തിയ ഒരു ലോറി ആ സന്തോഷമെല്ലാം കവർന്നെടുത്തു…വായുവിൽ ഉയർന്നു പൊങ്ങി…ചോര ചിന്നിച്ചിതറി..റോഡിൽ തെറിച്ചു വീണ് പിടയുന്ന അമ്മയെ കണ്ട് കുഞ്ഞിക്കണ്ണുകൾ തുറിച്ചു… ശരീരം വിറങ്ങലിച്ചു… ശബ്ദം തൊണ്ടക്കുഴിയിൽ തങ്ങി നിന്നു… വായപിളർന്നവൾ ബോധം മറഞ്ഞു വെറും മണ്ണിലേക്ക് ഊർന്നു വീണു…കണ്ണുകൾ കൂമ്പിയടയും മുൻപുള്ള അവസാന കാഴ്ചയും അമ്മ തന്നെയായിരുന്നു…ജീവനറ്റ അവളുടെ സ്വൊന്തം അമ്മ… “അ….. മ്മേ…..” ഉറക്കെ വിളിച്ചുകൊണ്ട് ഗോപു കട്ടിലിൽ നിന്നും ചാടി എഴുന്നേറ്റു…

ഇരുട്ടിനോടുള്ള പേടികൊണ്ട് പുലരുംവരെ വെളിച്ചം തെളിയിക്കുന്ന ആ മുറിയിൽ പെട്ടന്ന് കണ്ണ് തുറക്കാൻ കഴിയാതെയവൾ ബുദ്ധിമുട്ടി… ഇത്തിരി തുറന്നപ്പോൾ കണ്ണിലിരച്ചു കയറിയ വെളിച്ചം സഹിക്കാതെ വീണ്ടും കണ്ണടച്ചു… ഇത്തിരി നേരം പിടിച്ചു അതൊന്നു ശെരിയാവാൻ…കണ്ടു കഴിഞ്ഞ ദുസ്വൊപ്നത്തിന്റെ ഫലമെന്നോണം ആകെ വെട്ടിവിയർത്തു…ഒരു കൈ കൊണ്ടവൾ മുഖവും കഴുത്തും അമർത്തി തുടച്ചു…കണ്ണിലും കാതിലും നീറ്റലറിഞ്ഞു… തൊണ്ട വരണ്ടപ്പോൾ പതിയെ എണീറ്റ് വാതിൽ തുറന്നു…തൊട്ടപ്പുറത്തെ ചെറിയമ്മയുടെ മുറിയിലേക്ക് പാളി നോക്കിയവൾ പതിഞ്ഞ കാലടികളോടെ അടുക്കളയിലെത്തി.

സിങ്കിൽ തനിക്കായി കൂട്ടിയിട്ട എച്ചിൽ പാത്രങ്ങൾ കണ്ടപ്പോളാണ് വിശന്നുകാളുന്ന സ്വൊന്തം വയറിനെ ഓർമ വന്നത്.ഒന്നും ബാക്കി കാണില്ലെന്നുറപ്പുണ്ടായിട്ടും ഒരു കുഞ്ഞു പ്രതീക്ഷയുടെ പുറത്ത് എല്ലാപാത്രങ്ങളും തപ്പി നോക്കി. ഒന്നും കിട്ടാതെ വന്നപ്പോൾ നിരാശയോടെ കുടിവെള്ളത്തിന്റെ പാത്രം തുറന്നു.ദാഹത്തിന്റെ തീവ്രതയിൽ വെള്ളമില്ലാത്തതറിയാതെ വായിലേക്ക് കമഴ്ത്തിയപ്പോൾ രണ്ടു തുള്ളി വായിലേക്ക് ഇറ്റി വീണു. ഇരുട്ടിൽ ഒറ്റയ്ക്ക് പുറത്തിറങ്ങി കിണറ്റിൽ നിന്നും വെള്ളമെടുക്കാൻ പേടി തോന്നിയപ്പോൾ ഒരാശ്വാസത്തിനെന്നോണം ഉമിനീര് ഞൊട്ടിനുണഞ്ഞു…

ഇടയ്ക്കെപ്പോഴോ തനിക്ക് തൊടാൻ അനുവാദമില്ലാത്ത പലഹാരപ്പാത്രത്തിൽ കൊതിയോടെ നോക്കി… അടുക്കളയുടെ മൂലയിലായി അടുത്തവീട്ടിലെ പശുവിനു കൊടുക്കാൻ എടുത്തുവയ്ച്ച കഞ്ഞിവെള്ളം കണ്ണിൽ പെട്ടപ്പോൾ ഇത്തിരി ആശ്വാസം തോന്നി.കൈ കുമ്പിളിൽ കോരി ഒന്ന് നുണഞ്ഞപ്പോൾ തന്നെ പുളിച്ച മണം മൂക്കിൽ തട്ടി ഓക്കാനം വന്നു.വാഷ് ബേസിനരികിലേക്ക് ഓടി. ഒഴിഞ്ഞ വയറിൽ ശർദ്ധിച്ചു കളയാൻ വായുമാത്രമേ ഉണ്ടായിരുന്നുള്ളൂ.വായ കഴുകാൻ പൈപ്പ് തുറന്നപ്പോൾ പെട്ടന്നൊരോർമയിൽ തലകുനിച്ചു പിടിച്ച് കൈക്കുമ്പിളിൽ വെള്ളം പിടിച്ചവൾ ആർത്തിയോടെ കുടിച്ചു..

അഴിഞ്ഞുലഞ്ഞ മുടി തൂങ്ങിവീണ് നനയുന്നത് പോലും കാര്യമാക്കാതെ വയർ നിറഞ്ഞപ്പോളാണ് നിവർന്നു നിന്നത്.. ഇത്തിരി വെള്ളമെടുത്ത് മുഖം കഴുകി..വളപ്പൊട്ട് തീർത്ത വിരലിലെ ചെറുമുറിവിൽ നീറ്റൽ തോന്നി..മുൻപിൽ ചുവരിലുള്ള കണ്ണാടിയിലേക്ക് വെറുതെ നോക്കിയവൾ സങ്കടപ്പെട്ടു.ചെവിയിലെ തിണർത്ത പാടും തലചെരിച്ചൊന്നു നോക്കി.കരഞ്ഞു വീങ്ങിയ മുഖം പാവാടത്തുമ്പുയർത്തി അമർത്തി തുടച്ചവൾ വെളിച്ചമണച്ചു മുറിയിലേക്ക് തിരികെ നടന്നു.മുറിയുടെ വാതിൽ അടയ്ക്കുമ്പോൾ അടഞ്ഞു കിടക്കുന്ന ചെറിയമ്മയുടെ മുറിയിലേക്ക് ഒന്നുകൂടി നോക്കി..തിരികെ വന്നു കിടന്ന് പ്രിയപ്പെട്ടവന്റെ തൂവാലയും നെഞ്ചിലേക്കടുക്കി പിടിച്ച് പുതച്ചു മൂടി കിടന്നു… ❤❤❤❤❤

രാവിലെ ആരോടെന്നില്ലാത്ത ചെറിയമ്മയുടെ ഉറക്കെയുള്ള ശകാരം കേട്ടാണവൾ ഉണർന്നത്… തുറക്കാൻ മടിച്ച കണ്ണുകളെ വലിച്ചു തുറന്നു… ശരീരമാകെ വല്ലാതെ കഴയ്ക്കുന്നുണ്ടായിരുന്നു..എന്നിട്ടും ഇനിയും വൈകിയാൽ കേൾക്കാനിടയുള്ള ശകാരങ്ങളെ പേടിച്ച് പിടഞ്ഞെഴുന്നേറ്റു.. ചെറിയ തലവേദനയും ശരീരത്തിൽ നേരിയ ചൂടുമൊക്കെ തോന്നിയിട്ടും മടിയൊട്ടും കാട്ടാതെ പതിവ് പണികളിൽ ഏർപ്പെട്ടു..ഒന്ന് കിടക്കാനുള്ള ആഗ്രഹത്തിന്റെ പുറത്ത് എല്ലാം വേഗത്തിൽ ചെയ്തു തീർത്തവൾ ഉച്ചകഴിഞ്ഞോന്നു വിശ്രമിച്ചു.

അന്ന് മുഴുവൻ വർഷയും ചെറിയമ്മയും അവളോട് തീർത്തും മിണ്ടാതിരുന്നു.എന്നിട്ടും പരിഭവമേതും കൂടാതെയവൾ ഓരോന്ന് ചോദിച്ചവരുടെ പിറകെ പോയി.അവരുടെ മൗനം അവളെ വല്ലാതെ വേദനിപ്പിച്ചു.എങ്കിലും ആ മൗനത്തിന്റെ ഇളവിൽ അന്നവൾ ക്ഷീണം തീർക്കാൻ ഇത്തിരിയൊന്നു മയങ്ങി. “രണ്ടാഴ്ച കഴിഞ്ഞാൽ വിശേഷപ്പെട്ടൊരു മുഹൂർത്തം ഉണ്ട്.ലളിതമായ ചടങ്ങായതു കൊണ്ട് അന്ന് തന്നെ നടത്താം അല്ലേ ഇന്ദിരേ….” സരസ്വതിയമ്മയുടെ വാക്കുകൾ വർഷയെയും ഇന്ദിരയെയും സന്തോഷത്തിന്റെ കൊടുമുടിയിലെത്തിച്ചു..

“ചേച്ചീടേം ചേട്ടന്റേം ഇഷ്ടം പോലെ… ന്റെ കുട്ടീടെ ഭാഗ്യാ..” വർഷയുടെ മുടിയിൽ അരുമയായവർ തലോടി…അവളെ തന്നോട് ചേർത്തു പിടിച്ചു. “ന്റെ… ദർശനും ഭാഗ്യവാനാ… ഇല്ലേൽ എട്ടും പൊട്ടും തിരിയാത്തൊരു പെണ്ണിനേയും കൊണ്ടവൻ നട്ടം തിരിഞ്ഞേനെ.. ഒരു ഡോക്ടർക്ക് ചേരുന്ന പെണ്ണാണോ അവള്? എനിക്കും സുധാകരേട്ടനും പ്രായമായി. ദർശന്റെ കുഞ്ഞിനെ കണ്ടിട്ട് കണ്ണടയ്ക്കണം എന്നാ എനിക്ക്… ആ പൊട്ടി പെണ്ണിനെ എന്റെ മോന്റെ തലേൽ കെട്ടി വയ്ച്ചാൽ അവന്റെ ഭാവി എന്താകും..” ആശങ്കയോടെ അവർ പറഞ്ഞപ്പോൾ അത് കേട്ടിരുന്ന അമ്മയും മോളും പരസ്പരം നോക്കിചിരിച്ചു.

“കേട്ടോ ഇന്ദിരേ…ന്റെ മോനായോണ്ട് പറയുവല്ല നല്ല മനസ്സാ അവന്റേത്… അച്ഛനും അമ്മയും പറയുന്നത് അവൻ എന്നും അനുസരിച്ചിട്ടേ ഉളളൂ.അവന്റെ പെണ്ണിനെ കണ്ടെത്താനുള്ള സ്വാതന്ത്ര്യം മുൻപേ അവൻ ഞങ്ങൾക്ക് തന്നതാ.ആ ഒരുറപ്പിന്റെ പുറത്താ സുധാകരേട്ടൻ ഇതുവരെ അവനോടൊന്നും പറയാതിരുന്നത്.അതിപ്പോ നന്നായി.നിനക്കറിയാല്ലോ ഇവിടുത്തെ അനന്തേട്ടനും അവനെ വലിയ കാര്യമായിരുന്നു അവന് തിരിച്ചും.ഗോപുനെ വിവാഹം കഴിക്കാൻ പറഞ്ഞാൽ അവൻ അത് അപ്പാടെ അനുസരിക്കും ന്ന് അറിയാം.പക്ഷെ ആണായിട്ടും പെണ്ണായിട്ടും നിക്ക് ഒന്നേയുള്ളൂ…

അത് ഒരു കല്യാണം കഴിച്ചതിന്റെ പേരിൽ കണ്മുൻപിൽ നരകിക്കുന്നത് കാണാൻ വയ്യാ…ന്റെ മോന് ഒരു കോട്ടവും ഇല്ലാത്ത സൽസ്വഭാവിയായ ഒരു പെണ്ണിനെ വേണം അത്രേ ഉളളൂ നിക്ക്.” സാരിത്തുമ്പ് നീട്ടി വലിച്ചവർ കലങ്ങിയ കണ്ണുകൾ തുടച്ചു.. “വിഷമിക്കാതെ ആന്റി… ഇപ്പൊ എല്ലാം ശെരിയായില്ലേ?” അവരുടെ കൈകൾ ചേർത്തു പിടിച്ച് വർഷ പറഞ്ഞു. സന്തോഷം കൊണ്ടവരുടെ മുഖം തിളങ്ങി. “ഉവ് മോളേ… നിക്ക് ഇപ്പഴാ സമാധാനം ആയെ.. സുധാകരേട്ടൻ ഇച്ചിരി മുഷിപ്പിലാ…ന്നാലും ഒന്നുറപ്പാ കുറച്ച് കഴിയുമ്പോൾ ഞാൻ ശരിയായിരുന്നെന്നു ആൾക്ക് മനസ്സിലാവും… ഇന്ന് മുഖം കറുപ്പിച്ചതിന് അന്ന് ന്നോട് മാപ്പ് ചോദിക്കും…”

അവരുടെ വാക്കുകളിൽ വല്ലാത്തൊരു ആത്മവിശ്വാസം ഉണ്ടായിരുന്നു. “അല്ല……അമ്മായി ചോദിക്കാൻ മറന്നു…വിവാഹക്കാര്യത്തിൽ മോൾക്ക് എതിരഭിപ്രായം ഒന്നുല്ലല്ലോ… നിക്കറിയാം മോൾക്ക്‌ ആഡംബരങ്ങളിലൊന്നും താല്പര്യം ഇല്ലാന്ന്..ന്നാലും ഇപ്പോഴത്തെ കുട്ട്യോളല്ലേ അതാ അമ്മായി ചോദിക്കണത്..” എണ്ണിപ്പറയാൻ എതിരഭിപ്രായങ്ങൾ ഒത്തിരി ഉണ്ടായിട്ടും എല്ലാം മനസ്സിൽ അടുക്കിപ്പിടിച്ചവൾ അവരെ നോക്കി ചിരിച്ചു.പതിയെ അവരുടെ കയ്യിൽ തലോടി. “ദർശേട്ടന്റെ ഇഷ്ടം എന്താണോ അതാ എന്റെയും…” മിഴികൾ താഴ്ത്തിയവൾ നാണം വരുത്തി പറഞ്ഞപ്പോൾ രണ്ടമ്മമാരും പരസ്പരം നോക്കി ചിരിച്ചു.

“എങ്കിൽ പിന്നേ തീരുമാനിച്ചത് പോലെ തന്നെ നടക്കട്ടെ.. ഞാൻ സുധാകരേട്ടനോട് പറയാം…” “അല്ല സുധാകരേട്ടനെ ഇന്നിങ്ങോട്ട് കണ്ടില്ലല്ലോ? ഈ വക കാര്യങ്ങളൊക്കെ സംസാരിക്കാൻ സാദാരണ ആണുങ്ങൾ അല്ലേ വരിക..” “ഞാൻ പറഞ്ഞില്ലേ ഇന്ദിരേ… ഈ കാര്യത്തിൽ ആൾക്കിത്തിരി മുഷിപ്പുണ്ട്. സാരല്ല്യാ ന്റെ വർഷമോള് അങ്ങ് വന്ന് കയറുമ്പോൾ എല്ലാം ശെരിയാവും. മോള് വിഷമിക്കണ്ടാ ട്ടോ… അമ്മായി എന്തിനും കൂടെ ണ്ട്..” വർഷയുടെ താടിയിൽ നേർമയായി പിടിച്ചവർ പറഞ്ഞു.

മനസ്സിലെ ഇത്തിരി ആഗ്രഹങ്ങൾ അടക്കി നിർത്തിയപ്പോൾ തനിക്ക് വരാൻ പോകുന്ന സൗഭാഗ്യങ്ങൾ കൂട്ടിയും കിഴിച്ചും മനസ്സിൽ കണക്കു കൂട്ടി തീട്ടപ്പെടുത്തുകയായിരുന്നു വർഷയപ്പോൾ.. “ഹാ… ഞാൻ വേറൊരു കാര്യം പറയാൻ മറന്നു.. കല്യാണം കഴിഞ്ഞാൽ ഗോപുനെക്കൂടി അങ്ങോട്ട് കൊണ്ട് പോവാനാ ഞങ്ങൾ നിശ്ചയിച്ചിരിക്കണേ… അത് സൂചിപ്പിക്കാൻ കൂടിയാ ഞാനിപ്പോൾ വന്നത്.” അവരുടെ പുതിയ തീരുമാനത്തിൽ ആശങ്കപ്പെട്ടു അമ്മയും മോളും പരസ്പരം നോക്കി. “നിക്കറിയാം… നിങ്ങക്കിതത്ര ഇഷ്ടാവില്ല്യാന്ന്.. ഇപ്പൊ വർഷയെപ്പോലെ തന്നെ ഇന്ദിരയ്ക്ക് ഗോപുനേം ഇഷ്ടാണെന്ന് നിക്കറിയാം.

പക്ഷെ അങ്ങനെ തീരുമാനിക്കേണ്ടി വന്നു. ആ ഒരു ഉറപ്പിന്റെ പുറത്താ സുധാകരേട്ടൻ ഈ വിവാഹത്തിനു സമ്മതിച്ചത് തന്നെ.. ദർശനും അത് പരിപൂർണ സമ്മതാ.. വർഷമോൾക്കും ഗോപുനെ പിരിയേണ്ടി വരില്ലല്ലോ…” പുതിയ തീരുമാനത്തിൽ ഇന്ദിരയുടെ മുഖം വല്ലാതെ മുറുകി.മറുത്തെന്തോ പറയാൻ തുടങ്ങിയ അവരെ വർഷ കണ്ണുകൾ കൊണ്ട് വിലക്കി. “എന്നാൽ… പിന്നേ ഞാൻ ഇറങ്ങായി… നിങ്ങൾ കൂടിയാലോചിച്ചു എന്താച്ചാൽ വിളിച്ചറിയിച്ചാൽ മതി…” “അമ്മായീ….” ഇന്ദിരയോടും വർഷയോടും യാത്ര ചോദിച്ചു ഇറങ്ങാൻ തിരിഞ്ഞപ്പോൾ പിന്നിൽ നിന്നും ഗോപുവിന്റെ സ്നേഹം നിറഞ്ഞ വിളിയെത്തി.

“ഒത്തിരി നേരായോ വന്നിട്ട്?ന്നിട്ട് ഗോപുനെ വിളിച്ചില്ലല്ലോ… ഗോപുനോട് മിണ്ടാതെ പോയാൽ ഗോപുന് സങ്കടം വരുവേ…” ചുണ്ട് പിളർത്തിയവൾ സങ്കടത്തോടെ പറഞ്ഞപ്പോൾ ഗൗരവം വിടാതെ തന്നെ അവരവളെ നോക്കി. “ഞാൻ വർഷമോളോട് ചോദിച്ചിരുന്നു.. നീ ഉറങ്ങുവാണെന്ന് പറഞ്ഞു..പ്രായം തികഞ്ഞ പെൺകുട്ട്യോള് പകല് കിടന്നുറങ്ങുന്നത് അത്ര നന്നല്ല ” ഗൗരവത്തിൽ തന്നെ തൃപ്തിയില്ലാതെയവർ പറഞ്ഞപ്പോൾ പെണ്ണ് തല താഴ്ത്തി.അവളുടെ ഭാവം കണ്ട് വർഷ ഊറിചിരിച്ചു.ഉച്ചയ്ക്ക് ഉറങ്ങിക്കിടന്ന തന്നെ ഇന്ദിരയുടെ വരവറിയിച്ചു വിളിച്ചുണർത്തിയ അമ്മയെ അവൾ മതിപ്പോടെ നോക്കി.

“ഗോപുന് വയ്യായിരുന്നു അമ്മായീ.കിടന്നപ്പോൾ ഷീണം കൊണ്ട് ഉറങ്ങിപ്പോയതാ.. അമ്മായീടെ സംസാരം കേട്ടാ ഗോപു ഉണർന്നെ…” അവൾ തളർച്ചയോടെ പറഞ്ഞു.മറുപടിയായി അവരൊന്നമർത്തി മൂളി.. “കേട്ടോ സരസ്വതിചേച്ചി എപ്പോഴും വിശ്രമം തന്നെയാ…ഒരു പണിയും എടുക്കാതെ മടിച്ചിരിക്കും… എന്നിട്ട് വയ്യായ്കയെന്നൊരു മുടന്തൻ ന്യായവും… ഈ വയസ്സാംകാലത്ത് ഇതിനെ തീറ്റിപ്പോറ്റി കഴിയാനാവും ന്റെ വിധി.ന്റെ കഷ്ടപ്പാട് കണ്ട് പഠിത്തത്തിനിടയിലും വർഷമോള് ഒരു കൈ സഹായിക്കും… ഇനിപ്പോ ഇവളുടി പോയാൽ ന്റെ ഗതി എന്താവോ എന്തോ…”

തന്റെ കഷ്ടപ്പാടുകൾ നിരത്തിപ്പറഞ്ഞവർ നെടുവീർപ്പിട്ടു.അവരെ സഹതാപത്തോടെ നോക്കിയ ഇന്ദിരയുടെ കണ്ണുകൾ ഗോപുവിലേക്കു നീണ്ടു. അവരവളെ തുറിഞ്ഞു നോക്കി പുച്ഛിച്ചു. “അപ്പോൾ പിന്നേ പറഞ്ഞത് പോലെ… കല്യാണകാര്യത്തിൽ എന്തെങ്കിലും പുതിയ ആലോചന ഉണ്ടായാൽ വിളിച്ചറിയിക്കൂ… ഞാൻ പറഞ്ഞതൊക്കെ നിങ്ങള് ഒന്നൂടി ആലോചിക്ക്.” വീടിന്റെ പടിയിറങ്ങിയ സരസ്വതിയമ്മ ഒന്നു കൂടി തിരിഞ്ഞു നിന്നു പറഞ്ഞു. പിന്നേ ഉമ്മറത്തേക്ക് നോക്കി തലയിളക്കി യാത്ര ചോദിച്ചു.

കല്യാണം എന്ന് കേട്ടതോടെ അതുവരെ കുനിഞ്ഞിരുന്നൊരു തല പതിയെ ഉയർന്നു വന്നു… കണ്ണുകൾ വിടർത്തി തിരിഞ്ഞു പോകുന്ന സരസ്വതിയമ്മയെ നോക്കി.ചെറിയമ്മയുടെ കുറ്റപ്പെടുത്തലുകൾ മുറിവേൽപ്പിച്ച ഹൃദയത്തിൽ പ്രണയത്തിന്റെ മരുന്ന് ചേർക്കപ്പെട്ടു.തന്റെ കല്യാണത്തേക്കുറിച്ചാലോചിച്ചവൾ സന്തോഷിച്ചു.. അത്രയേറെ ആഗ്രഹത്തോടെ…❤.. തുടരും….

അത്രമേൽ: ഭാഗം 3

Share this story