ഒരു ചെമ്പകപ്പൂവിന്റെ ഓർമ്മയ്ക്ക്: ഭാഗം 7

ഒരു ചെമ്പകപ്പൂവിന്റെ ഓർമ്മയ്ക്ക്: ഭാഗം 7

എഴുത്തുകാരി: ദിവ്യ കഷ്യപ്പ്

അച്ഛമ്മയുടെ ആർത്തലച്ചുള്ള കരച്ചിൽ കേട്ടാണ് നവി ചാടി എഴുന്നേറ്റത്… കിടക്കയിൽ എഴുന്നേറ്റിരുന്നു അവൻ കിതച്ചു…. ഒരു നിമിഷം വേണ്ടി വന്നു കണ്ടത് സ്വപ്നം ആയിരുന്നു എന്ന് തിരിച്ചറിയാൻ…. സമീപത്തിരുന്ന മിനറൽ വാട്ടറിന്റെ കുപ്പി എടുത്ത് വായിലേക്ക് കമഴ്ത്തി… വായിലും കഴുത്തിലും കൂടിയൊക്കെ വെള്ളം ഒഴുകി അവന്റെ ടീഷർട്ട് നനഞ്ഞു… എന്തോ വല്ലാത്തൊരു അസ്വസ്ഥത… സമയം നോക്കിയപ്പോൾ രണ്ടെമുക്കാൽ.. ഇനിയും കിടക്കുന്നു സമയം… പുലർച്ചക്ക്… ഒന്ന് വിളിച്ചു നോക്കിയാലോ…. വേണ്ടാ.. അച്ഛമ്മ പേടിക്കും… അസമയത്ത് വിളിച്ചാൽ… പലവിധ ചിന്തകൾ അവന്റെ മനസിനെ മഥിച്ചു പൊയ്ക്കൊണ്ടിരുന്നു… അന്നെന്തോ അവൻ പ്രാതൽ കഴിക്കാൻ നിന്നില്ല…

അപ്പുറത്തേക്ക് ചെന്നു മുത്തശ്ശിയോട് നേരത്തെ ഇറങ്ങുവാന്ന് പറഞ്ഞിട്ട് പോയി…. ഒരു ചായ വാങ്ങാൻ അറ്റന്റർ കുമാരേട്ടനോട് പറഞ്ഞിട്ട് നവി ഡോക്ടർസ് റൂമിൽ വിശ്രമിക്കുകയായിരുന്നു… അപ്പോഴാണ് ഹാഫ് ഡോർ തുറന്നു ‘excuse me ഡോക്ടർ ‘എന്ന് പറഞ്ഞു സുന്ദരിയായ ഒരു യുവതി കടന്നു വന്നത്… ചോദ്യഭാവത്തിൽ നോക്കിയ നവിയെ ഹസ്തദാനത്തിനായി കൈകൾ നീട്ടി കൊണ്ട് ആൾ പറഞ്ഞു “Hi Dr. നവനീത്…. iam Dr. നിരഞ്ജന ഇവിടുത്തെ ഗൈനിക് ഡോക്ടർ ആണ്.. കഴിഞ്ഞ രണ്ടു ആഴ്ചയായി ലീവിലായിരുന്നു… വീട്ടിലൊരു ഫങ്ഷൻ ഉണ്ടായിരുന്നു… ”

“Hi… “നവിയും ഷേക് ഹാൻഡ് നൽകി… അല്പസമയം സംസാരിച്ചിരുന്നതിനു ശേഷം നിരഞ്ജന വാർഡിലേക്ക് പോയി… അന്ന് പേഷ്യന്റ്സ് കുറവായിരുന്നു… അഡ്മിറ്റ് ആയിട്ടുള്ള പത്തു പന്ത്രണ്ട് പേര് മാത്രമേ അവിടുണ്ടായിരുന്നുള്ളു… രാവിലത്തെ സ്വപ്നത്തിന്റെ ബാക്കി മനസ്സിൽ തന്നെ കിടന്നിരുന്നത് കൊണ്ട് അവന് ഒരു ഉത്സാഹവും തോന്നിയില്ല… അച്ഛമ്മയുടെ മുഖം ഇങ്ങനെ തെളിഞ്ഞു തെളിഞ്ഞു മനസ്സിൽ വരുന്നു…. അവൻ വേഗം ഫോണെടുത്ത് തറവാട്ടിലെ ലാൻഡ് ഫോണിലേക്ക് വിളിച്ചു… രണ്ടു മൂന്ന് തവണ അടിച്ചു നിന്നതല്ലാതെ ആരും എടുത്തില്ല… അവൻ വാച്ചിലേക്ക് നോക്കി..

സാധാരണ ഈ സമയം ലാൻഡ് ഫോൺ വെച്ചിരിക്കുന്ന അകത്തളത്തിൽ എന്തെങ്കിലും ചുക്കിടി പണികളൊക്കെയായി അച്ഛമ്മ ഉണ്ടാവുന്നതാണ്… അവന് എന്തോ വെപ്രാളം തോന്നി തുടങ്ങി… അച്ഛമ്മ അവന് കേവലം അച്ഛന്റെ അമ്മ മാത്രമായിരുന്നില്ല മറിച്ച് അമ്മ തന്നെയായിരുന്നു… അമ്മയുണ്ടായിരുന്നിട്ടും അമ്മയുടെ സ്നേഹം ഇന്നോളം അനുഭവിക്കാൻ പറ്റിയിട്ടില്ലാത്ത അവന് കിട്ടിയ നിധി തന്നെയായിരുന്നു അച്ഛമ്മ… അവൻ വേഗം തറവാട്ടിൽ കാര്യസ്ഥപണിക്ക് വരുന്ന രാമേട്ടന്റെ ഫോണിലേക്ക് വിളിച്ചു.. അതും എടുക്കുന്നില്ല.. ഇക്കുറി നവിക്ക് പ്രാന്തായി…. വേഗം തന്നെ അറ്റന്ററുടെ കയ്യിൽ DMO ഓഫിസിലേക്ക് ഒരാഴ്ചത്തേക്കുള്ള ലീവ് ആപ്ലിക്കേഷൻ കൊടുത്തയച്ചു…

രവിയേട്ടനെ വിളിച്ചു മുത്തശ്ശിയോട് നാട്ടിൽ പോയി എന്ന കാര്യം പറഞ്ഞേക്കൂ എന്ന് പറഞ്ഞിട്ട് കോട്ടയത്തിനു തിരിച്ചു… പകുതി വഴി എത്തിയപ്പോഴാണ് അച്ഛനെ ഒന്ന് വിളിച്ചു നോക്കിയില്ലല്ലോ എന്ന കാര്യം അവനോർത്തത്… ബുള്ളറ്റ് നിർത്തി അച്ഛനെ വിളിച്ചു… രണ്ടാമത്തെ ബെല്ലിൽ ചന്ദ്രശേഖർ ഫോണെടുത്തു… “അച്ഛാ… ഞാൻ ഇവിടുന്നു തിരിച്ചു… ആലപ്പുഴയിൽ തറവാട്ടിൽ കയറിയിട്ടേ കോട്ടയത്തിനു വരൂ കേട്ടോ… ” “വേണ്ടാ… നീ ഇങ്ങോട്ട് പോര്… അവിടെ ആരുമില്ല…അച്ഛമ്മ ഇവിടുണ്ട്… ” “അതെന്താ അവിടെ… തറവാട്ടീന്ന് വിട്ട് നിൽക്കാത്ത ആളാണല്ലോ… ” “നീ പേടിക്കേണ്ട… ആൾ ഒന്ന് വീണു ഇന്നലെ.. ഭാഗ്യത്തിന് ഞാനിന്നലെ അവിടെ പോയിട്ടുണ്ടായിരുന്നു…

കയ്യോടെ ഹോസ്പിറ്റലിൽ കൊണ്ടു പോയി… കുഴപ്പമൊന്നുമില്ല… റസ്റ്റ്‌ വേണമെന്ന് പറഞ്ഞു… അത് കൊണ്ട് ഇങ്ങോട്ട് കൊണ്ട് പോന്നു… ഇവിടാകുമ്പോൾ ഞാനുണ്ടല്ലോ.. അവിടെയാരാ… രാമേട്ടനും കൂടെ പോന്നു… ” “ഉം.. “നവിയെന്നു മൂളി.. ചുമ്മാതല്ല ഓരോ ദുസ്വപ്നങ്ങൾ… അച്ഛമ്മയുടെ കണ്ണ് നിറഞ്ഞാൽ നവിക്ക് സഹിക്കാൻ കഴിയില്ലായിരുന്നു…. മണിക്കൂറുകൾക്കൊടുവിൽ കോട്ടയം ചിങ്ങവനത്തെ പ്രൗഡ ഗംഭീരമായ ആ ഇരുനില മാളികയുടെ മുന്നിലെ വലിയ ഗേറ്റ് നവിയുടെ ബുള്ളറ്റ് കടന്നപ്പോൾ സിറ്റ് ഔട്ടിൽ അച്ഛനും രാമേട്ടനും ഇരിപ്പുണ്ടായിരുന്നു… നവിയെ കണ്ടു ഇരുവരും ചിരിച്ചു… നവി രണ്ടാളോടും കുശലം ചോദിച്ച ശേഷം അച്ഛമ്മയുടെ മുറിയിലേക്ക് ചെന്നു…

മുറിയുടെ വാതിൽ തുറന്നതും കണ്ടു.. കിടക്കുകയാണ്… ഒരു വശം ചരിഞ്ഞു… നെറ്റിയിൽ കളഭകുറി… ചെറിയ ഒരു സിന്ദൂരപ്പൊട്ട്… പച്ച പുളിയിലക്കര മുണ്ടും നേര്യതും… ഉറങ്ങുകയാണെന്ന് തോന്നുന്നു.. അവൻ മെല്ലെ ചെന്നു അടുത്തിരുന്നു ആ നെറുകിൽ തലോടി… അച്ഛമ്മ പെട്ടെന്ന് കണ്ണ് തുറന്നു… നവിയെ കണ്ടതും ആ മുഖത്ത് വാത്സല്യം നിറഞ്ഞു.. “അച്ഛമ്മേടെ അമ്പാടികുട്ടാ… അച്ഛമ്മ കരുതിയതേയുള്ളു ന്റെ കുട്ടിയെ ഒന്ന് കാണാൻ കഴിഞ്ഞെങ്കിൽ എന്ന്…. ” ” മ്മ്… ആ സിഗ്നൽ എനിക്ക് അവിടെ കിട്ടി അതല്ലേ… ഓടി പോന്നത്… വഴിയിൽ വെച്ചാ അറിഞ്ഞത് വീണു കാൽ ഉളുക്കിയ കാര്യം.. എന്നിട്ട് എങ്ങനെയുണ്ടിപ്പോ… വേദനയുണ്ടോ…

“അവൻ അവരുടെ ഉളുക്കിയ കാൽ മെല്ലെ ഒന്ന് തടവി.. “ചെറിയൊരു വേദന.. അത്രേയുള്ളൂ.. അതിനിവിടെ ഇങ്ങനെ കിടക്കണോ.. അമ്പാടികുട്ടൻ ചന്ദ്രനോട് പറ… അച്ഛമ്മയെ തറവാട്ടിൽ കൊണ്ട് പോകുവാന്ന്… ” “അയ്യടാ… അങ്ങനിപ്പോ സുഖിക്കണ്ട.. രണ്ടു ദിവസം ഇവിടെ കിടക്ക്… അവിടെ പോയാൽ ആരാ നോക്കാൻ.. ഇവിടാകുമ്പോൾ ഞാനും അച്ഛനും ജോലിക്കാരി ചേച്ചിയും ഒക്കെ കൂടി നോക്കിക്കോളാം… ” അങ്ങനെയൊക്കെ പറഞ്ഞെങ്കിലും തറവാട് വീട് വിട്ട് അവർക്ക് അധിക ദിവസം നിൽക്കാൻ കഴിയില്ല എന്ന് നവിക്ക് അറിയാമായിരുന്നു… തൊടിയും കുളവും സർപ്പക്കാവും അച്ചച്ഛന്റെ അസ്ഥിത്തറയിലെ വിളക്കും ഒക്കെ അച്ഛമ്മയുടെ തലയിൽ കൂടി ഓടുന്നുണ്ടാവും എന്ന് അവനറിയാം…

രാമേട്ടന്റെ മോൾ വന്നു കാവിലും അസ്ഥി തറയിലും വിളക്ക് വെയ്കുന്നുണ്ടെന്നും തൊടിയൊക്കെ തൂത്ത് വൃത്തിയാക്കിയിടുന്നുണ്ടെന്നും ഒക്കെ പറഞ്ഞിട്ടും അച്ഛമ്മക്ക് പോകണം എന്ന് ഒരെ നിർബന്ധം… അവസാനം നവി കൊണ്ട് പോകാമെന്നു ഏറ്റു… അവിടെ രണ്ടു ദിവസം നിന്നിട്ട് തിരികെ പാലക്കാടേക്ക് തിരിക്കാമെന്നും…. അങ്ങനെ അച്ഛമ്മയേം കൂട്ടി അവൻ ആലപ്പുഴയിൽ തറവാട്ടിലേക്ക് പോയി… കുറച്ചു നാളായിരുന്നു നവി തറവാട്ടിൽ ചെന്നിട്ട്… ചെറുപ്പത്തിൽ നിൽക്കാൻ കൊതിച്ച ഒരിടമാണ് തറവാട്… അന്നേ ഇഷ്ടമായിരുന്നു തൊടിയും കുളവും കാവുമൊക്കെ…

പക്ഷെ അന്നൊന്നും നിൽക്കാൻ അമ്മ സമ്മതിച്ചിരുന്നില്ല… അമ്മയുടെ സിറ്റി ലൈഫിന് ചേരുന്ന ഇടമായിരുന്നില്ല തറവാടും അച്ഛമ്മയും ഒന്നും… ഒരു പരിധി വരെ തങ്ങളെയും അമ്മ അവിടെ നിന്നും അകറ്റി നിർത്തി… തനിക്കും അച്ഛനും അതിൽ ഒരുപാട് വിഷമമുണ്ടായിരുന്നു… ചേച്ചിക്ക് പിന്നെ ഇതൊന്നും ബാധകമല്ലായിരുന്നു… ചേച്ചി ഇഷാനിയും അമ്മയെ പോലെ തന്നെയായിരുന്നു… വലിയ സെന്റിമെന്റ്സ് ഒന്നും ഒന്നിനോടും ഇല്ലാത്ത ടൈപ്പ്… എങ്കിലും അമ്മയറിയാതെ അച്ഛൻ പോകുമായിരുന്നു തറവാട്ടിൽ… താനായിരുന്നു തീർത്തും ഒറ്റപ്പെട്ടു പോയത്…

അമ്മയുടെയും ചേച്ചിയുടെയും പല രീതികളോടും പൊരുത്തപ്പെട്ടു പോകാത്ത ഒരു മനസായിരുന്നു തന്റേത്..കുഞ്ഞുംനാളിൽ അത് കരഞ്ഞു തീർക്കുമായിരുന്നു… വലുതായപ്പോൾ നിഷേധിക്കാൻ തുടങ്ങി… അപ്പൊ പിന്നെ അതിന്റെ പേരിലായി വഴക്ക്.. ഒന്ന് മാറി നിൽക്കാൻ വേണ്ടി തന്നെയാണ് കോഴ്‌സൊക്കെ വിദേശത്ത് ചെയ്തത്… അച്ഛനെയും അച്ഛമ്മയെയും ഒരുപാട് മിസ്സ് ചെയ്തെങ്കിലും അതിനിടയിൽ ഒരിക്കൽ പോലും നാട്ടിലേക്ക് വന്നില്ല… പക്ഷെ തിരിച്ചു വന്നപ്പോൾ സംഭവം കൂടുതൽ രൂക്ഷമായിരുന്നു… അച്ഛനും അമ്മയും തമ്മിൽ പണ്ടേ ഉണ്ടായിരുന്ന ഈഗോ കൂടി… അതിനിടയിൽ ഇഷാനി ചേച്ചി UK യിൽ ഒരു കോഴ്സ് ചെയ്യാൻ പോയി..

അത് മുഴുമിപ്പിക്കാതെ അവിടെയൊരു അയർലൻറ്റ് കാരനുമായി ലിവിങ് ടുഗതർ റിലേഷൻ ഷിപ്… അമ്മയുടെ അച്ഛൻ സ്വത്തൊക്കെ അമ്മയുടെ പേരിൽ എഴുതാതെ അച്ഛന്റെ പേരിൽ എഴുതി വെച്ചതിനെ ചൊല്ലി അമ്മയുടെ അച്ഛന് നേർക്കുള്ള വഴക്ക് മൂർച്ഛിച്ചു.. അമ്മ അച്ഛനോട് ഡിവോഴ്സ് ആവശ്യപ്പെട്ടു.. മ്യൂച്ചൽ പെറ്റിഷന് സമ്മതിക്കാതിരുന്നപ്പോൾ വാശിക്ക് അച്ഛന്റെ വാക്ക് കേൾക്കാതെ ഇഷാനി ചേച്ചിയുടെ അടുത്തേക്ക് UK യിലേക്ക് പോയി… ഇപ്പൊ ആൾ അവിടെയാണ്… തന്നെയോ അച്ഛനെയോ ഒന്ന് വിളിക്കുക പോലുമില്ല രണ്ടാളും… അച്ഛമ്മയുടെ കൈ തോളത്ത് പതിഞ്ഞപ്പോഴാണ് തറവാട് എത്തിയെന്നു നവിക്ക് മനസിലായത്…

രാമേട്ടൻ ഇറങ്ങി ബാഗുകളൊക്കെ എടുത്ത് വെക്കുന്നു… നവി ഒരു ദീർഘ നിശ്വാസത്തോടെ പുറത്തേക്കിറങ്ങി… സന്ധ്യ ആകുന്നു… “കുട്ട്യേ… കാവിൽ തിരി വെച്ചോ.. “അച്ഛമ്മ രാമേട്ടന്റെ മോളോട് ചോദിക്കുന്നു… ഉവ്വെന്ന് തലയാട്ടി അവൾ തെക്കെപുറത്തേക്ക് നടന്നു… “രാമേട്ടാ.. ഒന്ന് കുളത്തിലിറങ്ങിയാലോ.. “നവി ചോദിച്ചു.. “വന്നേക്ക്… ഞാൻ പടവിലുണ്ടാവും.. “രാമേട്ടൻ റെഡി… തെക്കെപുറത്തു കുളത്തിൽ നീന്തി കുളിച്ചു കന്നി മൂലയിലുള്ള സർപ്പകാവിൽ തൊഴുതു വന്നു അച്ഛമ്മയോടൊപ്പം ഇരുന്നു രണ്ടു നാമവും ജപിച്ചു നവി വായിക്കാനുള്ള ഒരു ബുക്കുമായി തടിയുടെ ഗോവണി കയറി മുകളിലെത്തി…

പുറത്തേക്കുള്ള വാതിൽ തുറന്നു അവിടുത്തെ ചാരുപടിയിൽ പോയി ബുക്കും നിവർത്തിയിരുന്നു… ചാരുപടിയിലേക്ക് വീണു കിടന്ന ചെമ്പക ചില്ലയിലെ ചെമ്പകപ്പൂ ഗന്ധം നവിയുടെ മൂക്കിൻ തുമ്പത്തെത്തി.. കയ്യ് നീട്ടി ഒരു പൂവ് പറിച്ചെടുത്തു അവൻ.. കൈവെള്ളയിൽ വെച്ചു കണ്ണടച്ചു ഒന്ന് വാസനിച്ചു…. “ഗൗരിയുടെ മണം.. “നവി മനസ്സിൽ പറഞ്ഞു.. ചാഞ്ഞിരുന്നു കണ്ണടച്ചപ്പോഴേക്കും കൂടുതൽ മിഴിവാർന്നു ആ മുഖം മനസിലേക്ക് വന്നു.. ഭസ്മക്കുറിയിട്ട മഞ്ഞിന്റെ നിറമുള്ള മഞ്ഞു പോലെ ഒരുവൾ…. 😊dk❣ ദിവ്യകശ്യപ് 🌷🌷

ഒരു ചെമ്പകപ്പൂവിന്റെ ഓർമ്മയ്ക്ക്: ഭാഗം 6

Share this story