ഒറ്റത്തുമ്പി: ഭാഗം 8- അവസാനിച്ചു

ഒറ്റത്തുമ്പി: ഭാഗം 8- അവസാനിച്ചു

എഴുത്തുകാരി: ആഷ ബിനിൽ

ജോഷ്വാ ചേട്ടായിയുടെ പെണ്ണുകാണലിന് കൂടെ പോണം എന്നുണ്ടായിരുന്നു. പക്ഷെ ബന്ധുക്കൾ കുറച്ചു പേരുണ്ട്. അവർക്ക് വിശദീകരണം കൊടുക്കാൻ പറ്റാത്തത് കൊണ്ട് ഞാൻ വരുന്നില്ല എന്ന് പറഞ്ഞു. ഒപ്പം ചെല്ലാൻ പറ്റിയില്ലെങ്കിലും പപ്പയും മമ്മിയും എന്നെ വിളിച്ചു സംസാരിച്ചു. ഒരു മാസം കഴിഞ്ഞാൽ മനസമ്മതം, അതിന് പത്താം നാൾ കല്യാണം. എല്ലാം വേഗം ഇങ്ങെത്തി. ഒരാഴ്ച്ച കഴിഞ്ഞാണ് പിന്നെ ചേട്ടായിയെ ഒന്ന് കാണാൻ കിട്ടിയത്. എന്നെയും കൊണ്ട് ജയലക്ഷ്മിയിലേക്ക് പോയി. ഡ്രസ് എടുത്തു തരാൻ ആയിരിക്കും. ഒന്നിലും ഒരു ഉത്സാഹം തോന്നിയില്ല. ചേട്ടായി ഓരോന്നും എടുത്തും പിടിച്ചും നോക്കുന്നുണ്ട്. എന്റെ താൽപര്യക്കുറവ് മനസിലായി എന്നു തോന്നുന്നു.

“തുമ്പീ.. എന്ത് പറ്റി നിനക്ക്? വയ്യേ?” “ഹേയ്… ഒന്നു ഇല്ല ചേട്ടായി” ഞാൻ ചിരിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു പോയി. “അതല്ല.. എന്തോ ഉണ്ട്… എന്താ നിന്റെ പ്രശ്നം? പറയ്” “എന്റെ പ്രശ്നം ചേട്ടായി തന്നെയാ. കുറച്ചു നാളെ ആയുള്ളൂ ഈ സ്നേഹം കിട്ടി തുടങ്ങിയിട്ട്… സ്വന്തമെന്ന് പറയാൻ ആരെങ്കിലും ഒക്കെ ഉണ്ടെന്ന സന്തോഷത്തിൽ ആയിരുന്നു ഞാൻ. ഇപ്പോ ചേട്ടായിക്ക് എന്നോടൊന്ന് മിണ്ടാൻ പോലും സമയവില്ല. എന്നെ ഫോണിലെങ്കിലും ഒന്ന് വിളിച്ചിട്ട് എത്ര നാളായി എന്ന് ഓർമയുണ്ടോ? അഞ്ചു ചേച്ചിയെ സ്നേഹിച്ചോ.. വേണ്ടെന്നല്ല.. പക്ഷെ അതിന്റെ ഇടയ്ക്ക് ഇച്ചിരി സമയം… എനിക്കും തന്നൂടെ??? എനിക്ക് വേറാരും ഇല്ലാത്തോണ്ടാ.. സഹിക്കാൻ പറ്റുന്നില്ല ചേട്ടായി…

നിങ്ങൾക്കൊക്കെ അപ്പനും അമ്മേം കൂടിപ്പിറപ്പുകളും എല്ലാം ഉണ്ട്.. എനിക്ക് മാത്രം ആരും ഇല്ല.. ആരും….” ഞാൻ കരഞ്ഞുപോയി. ചേട്ടായി എന്നെത്തന്നെ നോക്കി നിൽക്കുകയായിരുന്നു. കടയിലെ പലരുടെയും ശ്രദ്ധ ഞങ്ങളിൽ ആണെന്ന് മനസിലായി പുള്ളിക്കാരൻ എന്റെ കയ്യിൽ പിടിച്ചു പുറത്തേക്ക് കൊണ്ടുപോയി. “ഇനി പറയ്. എന്താ നിന്റെ പ്രശ്നം?” കോഫി ഷോപ്പിലേക്കാണ് പോയത്. ഫ്രഷ് ലൈം എന്റെ മുന്നിലേക്ക് നീക്കിവച്ചു ചേട്ടായി ചോദിച്ചു. എനിക്ക് ദേഷ്യം തോന്നി. “അപ്പോ ഞാനിത്രേം നേരം പറഞ്ഞതൊന്നും ചേട്ടായിയോടല്ലേ?” ആൾ ചിരിക്കുന്നത് കണ്ടപ്പോൾ എനിക്ക് ദേഷ്യം കൂടി. എങ്കിലും ലൈമിനോട് അത് കാണിച്ചില്ല ഞാൻ. “തുമ്പീ.. കുറച്ചു നാളായി നിന്നെ പഴയപോലെ ശ്രദ്ധിക്കാൻ പറ്റുന്നില്ല എന്നത് ശരിയാ.

പക്ഷെ അത് ഞാൻ പോലും തിരിച്ചറിയുന്നത് നീ പറയുമ്പോഴാ. അഞ്ജു കൂടെയുള്ളപ്പോ ഞാൻ അതൊന്നും ചിന്തിച്ചുപോലും ഇല്ല. അതെന്റെ തെറ്റ്. പക്ഷെ അതിങ്ങനെ ഉള്ളിൽ കൊണ്ടുനടന്നു നീറ്റാതെ നിനക്കെന്നോട് പറഞ്ഞൂടാരുന്നോ? ഇത്രയും നാൾ എന്തിനാ നീ ഇത് മനസിൽ വച്ചു വിഷമിച്ചത്?” എനിക്ക് ഉത്തരമില്ലായിരുന്നു. എന്റെ അപകർഷതാബോധം ആണോ കാരണം? “നിനക്ക് ഇപ്പോഴും എന്നോടൊരു അകൽച്ച ഉണ്ടോ തുമ്പീ..?” “അങ്ങനൊന്നും ഇല്ല ചേട്ടായീ. ഞാൻ വെറുതെ… ചേട്ടായിക്ക് എന്നെ വേണ്ടെന്ന് തോന്നിയപ്പോ…” പുള്ളിക്കാരന്റെ മുഖത്തെ ചിരി മാഞ്ഞപ്പോ എനിക്ക് സങ്കടം വന്നു.

“നിന്നെ എനിക്ക് വേണ്ടാതെ ആകുവോ തുമ്പീ? അങ്ങനെയാ നീയ് എന്നെക്കുറിച്ചു വിചാരിച്ചു വച്ചേക്കുന്നത്???” “സോറി” ഞാൻ തല താഴ്‌ത്തി പറഞ്ഞു. ഇപ്പോ ചേട്ടയിക്കൊരു ചിരി ഒക്കെ വന്നിട്ടുണ്ട്. ഞാനും ചിരിച്ചു. ഡ്രസ് എടുക്കാൻ ഇനി ജയലക്ഷ്മിയിലേക്ക് പോകാനുള്ള മടി കൊണ്ട് കല്യാണിൽ ആണ് പോയത്. മനസമ്മത്തിനിടാൻ ഒലിവ് ഗ്രീൻ കളറിൽ ഒരു ചുരിദാറും കല്യാണത്തിന് റെഡ് ലഹങ്കയും വാങ്ങി തന്നു. രണ്ടും സ്റ്റിച്ച് ചെയ്യാൻ കൊടുത്തു. പ്രവിയെയും ഭവിയെയും കൂടാതെ അബീഷുവിനെ കൂടെ കല്യാണം വിളിക്കണം എന്നു പറഞ്ഞപ്പോ ആൾ എന്നെയൊരു നോട്ടം. “അവനും ഇപ്പോ ഞങ്ങളുടെ നല്ല ഫ്രണ്ടാ.

അതോണ്ടാ ഞാൻ. അല്ലാതെ…” “അതിന് ഞാനൊന്നും ചോദിച്ചില്ലല്ലോ?” ഇല്ല ലെ. ഞാൻ ശരിക്കും ചമ്മി. “അവനെക്കുറിച്ചു പറയുമ്പോൾ ഉള്ള നിന്റെ ആവേശം ഞാൻ ശ്രദ്ധിച്ചിട്ടേയില്ല. പിന്നെയാ” എന്റെ ശവപ്പെട്ടിയിൽ അവസാനത്തെ ആണിയും അടിച്ച ശേഷം ചേട്ടായി വണ്ടിയെടുത്തു പോയി. അവനോടുള്ള എന്റെ താൽപര്യം ചേട്ടായിക്ക് മനസിലായി എന്നല്ലേ അതിനർത്ഥം? ചേട്ടായിക്ക് മനസിലയെങ്കിൽ അവനും മനസിലാക്കേണ്ടതല്ലേ? ഭവിക്കും പ്രവിക്കും എന്തെങ്കിലും തോന്നിയിട്ടുണ്ടാകുമോ? അവരാരും ഇതുവരെ ഒന്നും ചോദിച്ചിട്ടില്ല. അബീഷുവിന് ആണെങ്കിൽ എന്നോടങ്ങനെ ഒരിഷ്ടം ഉണ്ടോ എന്നറിയില്ല.

നോട്ടത്തിലൊക്കെ ചിലപ്പോൾ തോന്നിയിട്ടുണ്ടെങ്കിലും അതിനെക്കുറിച്ചു മനസ് തുറന്ന് സംസാരിച്ചിട്ടില്ല. ഭവിയോടും പ്രവിയോടും പോലും തോന്നാത്ത ഒരടുപ്പം അവനോടുണ്ട്. ഈ പ്രായത്തിൽ തോന്നുന്ന അടുപ്പത്തിനെ എങ്ങനെ വ്യാഖ്യാനിക്കണം എന്നു നിശ്ചയമില്ലാത്തത് കൊണ്ടു അവനോട് മനസ് തുറക്കാൻ തോന്നിയില്ല. ഇത് വെറുമൊരു അട്രാക്ഷൻ മാത്രമാണെങ്കിൽ എന്തിനാ ഓരോ പൊല്ലാപ്പ്.. മാത്രമല്ല ഇപ്പോൾ എനിക്ക് പഠനം തന്നെയാണ് മുഖ്യം. 🌺🌺🌺🌺🌺🌺

മനസമ്മത്തിന് ചെന്നപ്പോൾ വട്ടൻപുരയ്ക്കലെ ലീലാമ്മ ചേച്ചിയാണ് എന്നെ ആദ്യം നോട്ട് ചെയ്തത്. “നീയെന്നാ കൊച്ചേ ഇവിടെ?” ചേച്ചി ഓടിവന്നു. ഞാനെന്ത് പറയാൻ ആണ്..! “അത്.. ചേച്ചീ.. ജോഷ്വാ ചേട്ടായിയും അഞ്ജലി ചേച്ചിയും എന്റെ ഫ്രണ്ട്സ് ആണ്. അങ്ങനെ വന്നതാ” ഞാൻ ചിരിക്കാൻ ശ്രമിച്ചു. “അപ്പോ ഇതൊക്കെയോ?” ഭവിയും പ്രവിയും അബീഷുവും എന്റെകൂടെയുണ്ട്. അവരെ നോക്കിയാണ് ചോദ്യം. “ഇവരും ഫ്രണ്ട്സ് ആണ് ചേച്ചീ” എന്നെയും അബീഷുവിനെയും ഒന്ന് തറപ്പിച്ചു നോക്കിയിട്ട് അവർ പോയി. അപ്പോഴാണ് ഞാനും ഞങ്ങളെ നോക്കിയത്. ഞാൻ ഒലിവ് ഗ്രീൻ കളർ പാർട്ടിവെയർ ചുരിദാർ.

അവൻ അതേ കളറിൽ കുർത്തയും ജീൻസും… അവനിൽ നിന്ന് നേരെ നോട്ടം പോയത് പ്രവിയിലേക്കാണ്. വടിവേലുവിനെപ്പോലെ നോക്കുന്നു. ഭവിയും അങ്ങനെ തന്നെ. അപ്പോൾ അവർക്കെല്ലാം മനസിലായിട്ടുണ്ടാകണം. എന്നാലും ഈ കളർ എങ്ങനെ ഒത്തുവന്നു??? കല്യാണത്തിന് ഞാൻ ലീവെടുത്തു നാട്ടിൽ പോയി. ചേട്ടായി വാങ്ങി തന്ന ലഹങ്കയിൽ ഒരുങ്ങിയിറങ്ങി വന്നപ്പോൾ ആന്റി കണ്ണുരുട്ടി നോക്കി. “ഒരുങ്ങിക്കെട്ടി ഇതെങ്ങോട്ടാ രാവിലെ തന്നെ?” “ജോഷ്വാ ചേട്ടായിയുടെ കല്യാണം അല്ലെ. അതിന് പോകുവാ” ഞാൻ തലമുടി ഒന്നൂടെ സെറ്റ് ആക്കി. “അതിന് ഇവിടെ വന്ന് വിളിക്കുമ്പോ നീ ഇല്ലാരുന്നല്ലോ. അതുമല്ല ഞങ്ങളെല്ലാം പോകാൻ നിക്കുവാ.

നീ കൂടി പോയാ വീട് അടച്ചിടേണ്ടി വരും. കേറി അകത്തെങ്ങാനും ഇരി” “ചേട്ടായി എന്നെ വിളിച്ചിട്ടുണ്ട്. ഞാൻ പോകുവേം ചെയ്യും. ഇനി വീട് അടച്ചിടുന്നതാ പ്രശ്നം എങ്കിൽ ഞാൻ വന്നില്ലായിരുന്നെങ്കിൽ എന്ത് ചെയ്തേനെ?” അതും പറഞ്ഞു ഞാൻ ഇറങ്ങാൻ തുടങ്ങി. “ചേച്ചീ.. അടിപൊളി ആണല്ലോ ഡ്രസ്സ്.. ഇതെവിടുന്നാ?” ചിക്കു ഓടിവന്നു ചോദിച്ചു. “ഞാൻ വാങ്ങി. എന്തേ?” “കയ്യിൽ ഉള്ള കാശ് മുഴുവൻ തോന്നുന്നപോലെ ചിലവാക്കിയിട്ട് ഇവിടെ വന്നു ചോദിക്കാം എന്നു വിചാരിക്കേണ്ട. അഞ്ചിന്റെ പൈസ തരില്ല ഞാൻ..” ആന്റിയാണ് അതിന് ഉത്തരം പറഞ്ഞത്.

അവർ മറുപടി അര്ഹിക്കാത്തത് കൊണ്ടു ഞാൻ ഒന്നും മിണ്ടിയില്ല. സ്വന്തമായി സഹോദരി ഇല്ലാത്തത് കൊണ്ടു കല്യാണത്തിന് നാത്തൂന്റെ സ്ഥാനത്ത് നിന്ന് ചടങ്ങുകൾ എല്ലാം ചെയ്തത് മമ്മിയുടെ ആങ്ങളയുടെ മകൾ ആണ്. എനിക്ക് വല്ലാത്ത സങ്കടം വന്നു. സ്വന്തം പെങ്ങളായിട്ട് കൂടി അവരുടെ അടുത്തേക്ക് ഒന്ന് പോകാനോ അവരോടൊപ്പം അധികാരത്തോടെ നിൽക്കാനോ പോലും പറ്റുന്നില്ലല്ലോ. 🌺🌺🌺🌺🌺 ഞാൻ ബി ടെക് കഴിഞ്ഞപ്പോഴേക്കും ചേട്ടായിക്ക് ഒരു മകൻ ഉണ്ടായി കഴിഞ്ഞിരുന്നു. എഡ്വിൻ എന്നാണ് പേരിട്ടത്. അവർ തിരുവനന്തപുരത്ത് സെറ്റിൽ ആയതുകൊണ്ട് എനിക്കും ഒരു വീടായി.

ഈ വർഷം ആദ്യം നാട്ടിലെ വീട് വാടകക്കാരെ ഒഴിപ്പിച്ചു തിരിച്ചെടുത്തിരുന്നു. അതുവരെ വാടകയും പറമ്പിലെ ആദായവും ആന്റിയും പാപ്പനും എടുത്തു. ഇപ്പോൾ പറമ്പ് ഞാൻ ലീസിന് കൊടുത്തിരിക്കുകയാണ്. വീട് തൽക്കാലം അങ്ങനെ കിടക്കട്ടെ. ആന്റി മുക്കിയ എന്റെ അമ്മയുടെ സ്വർണവും തിരികെ വാങ്ങിയിരുന്നു. കയ്യിൽ ഉണ്ടായിരുന്ന പൈസയൊക്കെ തീരാറായത് കൊണ്ട് ഇനി എന്തെങ്കിലും സേവ് ചെയ്യാതെ പറ്റില്ല എന്നായി. അവസാനത്തെ എക്സാമും കഴിഞ്ഞ് പിരിയുന്നതിന് മുൻപ് ഒരിക്കൽ കൂടി ഞങ്ങൾ ഭവിയുടെ നാട്ടിൽ പോയി. ആ വീട് എന്നും എനിക്ക് സുഖമുള്ള ഒരു ഓർമയാണ്.

ഒറ്റയ്ക്കാണ് എന്നു തോന്നിയപ്പോഴെല്ലാം എന്നെ ചേർത്തുപിടിച്ചത് ആ വീടും വീട്ടുകാരും ആണ്. ഈ കുടുംബം ഇല്ലെങ്കിൽ എത്രയോ അവധിക്കാലങ്ങൾ ഞാൻ അനാഥയായി തള്ളിനീക്കിയേനെ..! ഞാനും അബീഷുവും പ്രവിയും ഭവിയും. മുൻപ് പലതവണ ഞങ്ങളിവിടെ കൂടിയിട്ടുണ്ട്. അന്നെല്ലാം മറ്റെല്ലാം മറന്ന് സന്തോഷിക്കുകയാണ് പതിവ്. ഇത്തവണ ആകെ ശോകമാണ്. “ഇനിയെന്നാ നമ്മളിങ്ങനെ കൂടുന്നത്..?” പ്രവി ചോദിച്ചു. ഞാനും അതുതന്നെ ആണ് ആലോചിച്ചിരുന്നത്. എനിക്കും ഭവിക്കും ബാംഗ്ലൂർ ഒരു കമ്പനിയിലാണ് ക്യാമ്പസ് പ്ളേസ്മെന്റ് കിട്ടിയിരിക്കുന്നത്.

അബീഷു ഗൾഫിലേക്ക് പോകുകയാണ്. പ്രവി ഡൽഹി. ഇനി എന്നു കാണും..? എന്ന് ഇതുപോലെ ഒത്തുചേരും? പുതിയ കൂട്ടുകാർ വരുമ്പോൾ ഞങ്ങൾ അകന്നു പോകുമോ? ആരോ വിളിച്ചപ്പോൾ ഭവിയും പ്രവിയും പുറത്തേക്ക് പോയി. ഞാനും പോകാൻ ഒരുങ്ങിയപ്പോൾ അബീഷു എന്റെ മുന്നിൽ വന്നുനിന്നു. ഞാൻ വല്ലാതെ പരുങ്ങിപ്പോയി. “എ…. എന്താടാ….??” ഒരുവിധത്തിൽ ആണ് ചോദിച്ചത്. കണ്ണുകളിലേക്കുള്ള അവന്റെ നോട്ടം നേരിടാൻ കഴിയാതെ ഞാൻ തല താഴ്ത്തി. “തുമ്പീ…” സാന്ദ്രമായ ശബ്ദത്തിലെ ആ വിളി കേട്ട് അവനെ നോക്കാതിരിക്കാൻ കഴിഞ്ഞില്ല. ഇന്നലെവരെ ശിഖ എന്നേ വിളിച്ചിട്ടുള്ളൂ. ഇതാദ്യമാണ് അവനെന്നെ തുമ്പി എന്നു വിളിക്കുന്നത്. അവൻ അടുത്തേക്ക് വരുംതോറും ഞാൻ പുറകിലേക്ക് നീങ്ങി.

മറികടന്നു പോകാൻ ശരീരം വിസമ്മതിച്ചു. ഭിത്തിയിൽ തട്ടി നിന്നപ്പോഴും ഞങ്ങളിരുവരും കണ്ണിൽ കണ്ണിൽ നോക്കുകയാണ്. ജാള്യത തോന്നി ഞാൻ തല താഴ്ത്താൻ പോയപ്പോഴേക്കും അവന്റെ അടുത്ത ചോദ്യമെത്തി. “തുമ്പീ.. ഞാൻ… ഞാൻ നിന്നെ കിസ് ചെയ്‌തൊട്ടേ?” ഇത്തവണ ഞാൻ ഞെട്ടി ആവിയായി എന്നു തോന്നി. ഒരുവിധത്തിലാണ് ആത്മധൈര്യം വീണ്ടെടുത്തത്. “ടാ.. നീയെന്നാ ഇങ്ങനെ തുടങ്ങുന്നേ? എന്തൊക്കെയാ ഈ പറയുന്നേ?” അവനെ തള്ളിനീക്കി പോകാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇപ്പോഴും അവനെന്റെ കണ്ണുകളിൽ നോക്കി നിൽക്കുന്നത് വല്ലാത്ത അസ്വസ്ഥതയുണ്ടാക്കി.

“ഞാൻ പറഞ്ഞതെന്താ എന്ന് നീയും കേട്ടതല്ലേ?” അവൻ ചോദിച്ചു. അവനെ തള്ളി നീക്കാൻ നോക്കിയ ഞാൻ വീണ്ടും പരാജയപ്പെട്ടു. “നീയെന്നാ ഇങ്ങനെ ഒക്കെ പറയുന്നേ? നമ്മള് ഫ്രണ്ട്സ് അല്ലെ? എന്നിട്ട് വെറുതെ ഓരോന്ന്.. നീ മാറിക്കെ ഞാൻ പോകുവാ” കഴിയില്ല എന്നറിഞ്ഞിട്ടും ഞാൻ വീണ്ടും അവനെ തള്ളിമറ്റാൻ ശ്രമിച്ചുകൊണ്ടിരുന്നു. ഒടുവിൽ നടക്കില്ല എന്നു ബോധ്യം വന്നപ്പോൾ അവനെ നോക്കി. ഇപ്പോഴും എന്നെ വീക്ഷിച്ചു നിൽക്കുകയാണ്. “കഴിഞ്ഞോ?” ഞാനൊന്നും മിണ്ടിയില്ല. “തുമ്പീ. ഇവിടെ നോക്ക് നീ. എന്നെ നോക്ക്. എന്നിട്ട് എന്റെ മുഖത്തു നോക്കി പറയ്. നമ്മള് ഫ്രണ്ട്സ് മാത്രം ആണെന്ന്.

നീയെന്നെ സ്നേഹിച്ചിട്ടില്ല എന്ന്.. പറയ്” അവന്റെ മുഖത്ത് നോക്കി നുണ പറയാൻ ഞാൻ അശക്തയായിരുന്നു. കള്ളം പിടിക്കപ്പെട്ട കുട്ടിയെപ്പോലെ ഞാൻ തല താഴ്ത്തി. അവനെന്റെ താടിയിൽ പിടിച്ചു മുഖമുയർത്തി. “തുമ്പീ.. എനിക്കിഷ്ടമാ നിന്നെ. എപ്പോ എങ്ങനെ തോന്നി എന്നറിയില്ല. പക്ഷെ നീയെന്റെ പ്രണനാ ഇപ്പോൾ. ആദ്യം വെറും ഇൻഫാക്ച്വേഷൻ ആണെന്ന വിചാരിച്ചത്. പക്ഷെ ഓരോ ദിവസവും നീയെന്നിൽ കൂടുതൽ ആഴത്തിൽ പതിയുവാ. ഇപ്പോ ഞാൻ ദുബായിലേക്ക് പോകുന്നത് തന്നെ നമുക്ക് വേണ്ടിയാ. ജീവിക്കാനുള്ള പൈസ റെഡിയാക്കിയിട്ട് ഞാൻ വരും. നിന്നെ കൂട്ടാൻ.”

ഇഷ്ടവും തീരുമാനവും എല്ലാം അവൻ തന്നെ പറഞ്ഞു. ഞാൻ വെറുതെ അവനെ നോക്കിനിന്നു. പരസ്പരം ഇറുകെ പുണരുന്നതും അവന്റെ മുഖം അടുത്തു വരുന്നതും ആ ചുണ്ടുകൾ എന്റെ മുഖമാകെ ഓടി നടക്കുന്നതും ഏതോ സ്വപ്നത്തിൽ എന്നപോലെ തോന്നി. ഏറെനേരത്തിന് ശേഷം അകന്നു മാറുമ്പോഴാണ് കയ്യും കെട്ടി നോക്കി നിൽക്കുന്ന ഭവിയെയും പ്രവിയെയും കാണുന്നത്. “അപ്പോ ഇതാലെ രണ്ടാളും കൂടി പരിപാടി?” പ്രവി അബീഷുവിന്റെ മുത്തുകത്ത് ഇടിച്ചു ചോദിച്ചു. ഞാൻ തലതാഴ്ത്തി. “അതേയ്. തെറ്റ് ചെയ്തപോലെ നീ തല താഴ്ത്തി നിൽക്കുവൊന്നും വേണ്ട.

ഞങ്ങൾക്കിത് നേരത്തെ അറിയാമായിരുന്നു. നിങ്ങൾ പരസ്പരം പറഞ്ഞിട്ടില്ല എന്നും അറിയാം. ഇപ്പോ ഈ റിലേഷനിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നതും ഞങ്ങൾ രണ്ടുപേരും ആണ്” ഭവി എന്നെ ചേർത്തുപിടിച്ചു. “എന്നാലും ഇഷ്ടം പറഞ്ഞ അന്നുതന്നെ കിസ്സടിച്ചു കളഞ്ഞല്ലോ. കാശ്‌മലൻ” പ്രവി അബീഷുവിനെ വീണ്ടും ഇടിച്ചു. പിന്നെ കാത്തിരിപ്പായിരുന്നു, ഒന്ന് കാണാൻ, ഒന്നുചേരാനുള്ള കാത്തിരിപ്പ്. നാലര വർഷം അബീഷു ദുബായിൽ വർക്ക് ചെയ്തു. ഞാൻ ബാംഗ്ലൂരിൽ തന്നെ രണ്ടുമൂന്ന് കമ്പനികളിൽ മാറിമാറി ജോലി ചെയ്തു കുറച്ചു സേവിങ്‌സ് ഒക്കെ ഉണ്ടാക്കി. ഇതിനിടയിൽ ഭവിയുടെ കല്യാണം കഴിഞ്ഞു. അവൾ കൊച്ചിയിൽ സെറ്റിൽ ആയി. അബീഷു നാട്ടിലെത്തി.

അവരുടെ വീട്ടിൽ ഞങ്ങളുടെ കാര്യത്തിൽ കാര്യമായ പ്രശ്നങ്ങൾ ഉണ്ടായില്ല. പക്ഷെ എന്റെ കുടുംബത്തിൽ മതത്തിന്റെ പേരിൽ ഒരുപാട് പുകിലുണ്ടായി. പള്ളിയിൽ ഒക്കെ വലിയ ചർച്ചയായി. എപ്പോഴും കൂടെ നിന്ന മഠത്തിലെ സിസ്റ്റർമാർ പോലും ഇക്കാര്യത്തിൽ എന്നെ തടഞ്ഞു. എല്ലാവർക്കും മതമാണ് പ്രശ്നം, മനുഷ്യനല്ല. അവസാനം ഞങ്ങൾ രജിസ്റ്റർ ചെയ്യാൻ തീരുമാനിച്ചു. അടുത്ത കുറച്ചു സുഹൃത്തുക്കളുടെ മാത്രം സാന്നിധ്യത്തിൽ ആയിരുന്നു കല്യാണം. എല്ലാം കഴിഞ്ഞു ഞങ്ങൾ അവന്റെ വീട്ടിലേക്ക് തന്നെ പോയി. രണ്ടു മാസത്തിന് ശേഷം ദുബായിലേക്കും.

ചെറിയ ചില കല്ലുകടികൾ ഉണ്ടെങ്കിലും ജീവിതം സന്തോഷമായി തന്നെ മുന്നോട്ട് പോയി. ഒരുവര്ഷത്തിന് ശേഷമാണ് പിന്നെ നാട്ടിൽ വന്നത്. അമ്മയുടെ ആങ്ങളയുടെ മകളുടെ കല്യാണത്തിന്. അപ്പോഴേക്കും കുടുംബക്കാർ പലരും പിണക്കം മറന്നു തിരികെ വിളിച്ചിരുന്നു. അവളുടെ ചെക്കനെ കണ്ടാണ് ഞാൻ ശരിക്കും ഞെട്ടിയത്. പണ്ട് കോളേജിൽ സീനിയറായി പഠിച്ച ചേട്ടൻ. അടി കൊണ്ട് കിടക്കുമ്പോൾ ദയനീയമായി എന്നെ നോക്കിയ മുഖം ഓർമവന്നു. ആളും എന്നെ കണ്ടു ഞെട്ടി ഇരിക്കുകയാണ്. കല്യാണവും സദ്യയും ഒക്കെ കഴിഞ്ഞാണ് ആളെ ഒന്ന് സ്വസ്ഥമായി കിട്ടിയത്.

“തന്നെ ഞാനിവിടെ ഒട്ടും പ്രതീക്ഷിച്ചില്ല..” ആൾ ചിരിച്ചു. “ഞാനും” ഞാൻ പറഞ്ഞപ്പോഴേക്കും അബീഷു കൂട്ടി ചേർത്തു: “ഞങ്ങളും” “കോളേജിൽ പടിക്കുമ്പോ എനിക്ക് തന്നെ വലിയ ഇഷ്ടമായിരുന്നു. അത് പറയാൻ വന്ന ദിവസമാണ് വൈശാഖ് അവന്റെ പെണ്ണിനെ കമന്റടിച്ചു എന്നും പറഞ്ഞെന്നെ അടിച്ചത്. അത് ചെയ്തത് ഞാനല്ലായിരുന്നു. തന്നോട് സത്യം പറയാൻ കുറെ ശ്രമിച്ചു. പിന്നെ കോഴ്‌സ് കഴിഞ്ഞു… വീട്ടിലെ പ്രാരാബ്ദം കാരണം ജോലിക്ക് കയറി… അതിന്റെ ഇടയ്ക്ക് തന്റെ കാര്യം വിട്ടുപോയി. മനപൂർവം മറന്നു കളഞ്ഞു എന്നുവേണം പറയാൻ. പക്ഷെ ഇവിടെ ഒട്ടും പ്രതീക്ഷിച്ചില്ല കേട്ടോ..” “മറന്നു കളഞ്ഞത് നന്നായി. അതുകൊണ്ടാണല്ലോ ഇവളെ എനിക്ക് കിട്ടിയത്.” അബീഷു എന്നെ ചേർത്തുപിടിച്ചു. എന്നത്തേയും പോലെ അവനെന്റെ കണ്ണുകളിലേക്ക് നോക്കി ചിരിച്ചു. ഞാനും. ഞങ്ങളുടെ യാത്ര തുടരുകയായിരുന്നു. അവസാനിച്ചു.

ഏത് കഥ എഴുതുമ്പോഴും അവസാനം മനസിൽ കണ്ടിട്ടാണ് തുടങ്ങാറുള്ളത്. ഇതും അങ്ങനെ ആയിരുന്നു. പക്ഷെ മുൻപൊരിക്കലും ഉണ്ടാകാത്ത വിധത്തിൽ ഓരോ തടസങ്ങൾ വന്നുകൊണ്ടിരുന്നു. സാധാരണ ദിവസവും ഒന്നും രണ്ടും പാർട്ട് എഴുതി ഇടാറുണ്ട്. പക്ഷെ ഒറ്റത്തുമ്പി മറ്റൊരു പ്ലാറ്റ്ഫോമിൽ എഴുതിതുടങ്ങി രണ്ടു മാസം കഴിഞ്ഞിട്ടും ഇത് ഉദ്ദേശിച്ചപോലെ എഴുതാൻ കഴിയുന്നില്ല. കഥ ഒരിടത്തും എത്താതെ തിരിഞ്ഞു കളിക്കുന്നതായി എനിക്കേ തോന്നി തുടങ്ങി. അതുകൊണ്ട് ഇവിടെ അവസാനിപ്പിക്കുകയാണ്. പൂർത്തിയാക്കാൻ കഴിയും എന്ന വിശ്വാസം തോന്നിയാൽ അടുത്ത കഥയുമായി വരാം. പിന്തുണച്ചവർക്കും വിമര്ശിച്ചവർക്കും ഒരുപാട് നന്ദി. മെസേജുകളും കമന്റുകളും കാണാറുണ്ട്. ഈയിടെ ആയി തലവേദന കൂടുതൽ ആണ്. ഒരുപാട് നേരം ഫോണിൽ നോക്കുന്നത് കണ്ടാൽ കെട്ട്യോൻ കണ്ണുരുട്ടും. അതുകൊണ്ടാണ് എല്ലാവർക്കും റിപ്ലൈ തരാൻ കഴിയാത്തത്. എല്ലാ ചങ്കുകൾക്കും ഒരുപാട് സ്നേഹം… 💓💓💓

ഒറ്റത്തുമ്പി: ഭാഗം 7

Share this story