ഋതുസംക്രമം : ഭാഗം 19

ഋതുസംക്രമം : ഭാഗം 19

എഴുത്തുകാരി: അമൃത അജയൻ

മുന്നിൽ നിൽക്കുന്ന പെൺകുട്ടി ജൂവലറി ജീവനക്കാരന് കൗതുകമായി . ഏറിയാൽ പതിനേഴോ പതിനെട്ടോ വയസ് വരും . അച്ഛൻ്റെ ചികിത്സക്ക് സ്വർണം പണയം വയ്ക്കണമെന്ന് പറയുന്നു . പറഞ്ഞത് സത്യമോ മിഥ്യയോയെന്ന് സംശയം ജനിപ്പിക്കുന്ന തരത്തിലെ വിഹ്വലതകൾ മുഖത്ത് നിറയുന്നു .. ചിലപ്പോൾ പക്വതക്കുറവ് കൊണ്ടാകാം .. ചെറുപ്പക്കാരൻ അവളെ കൂട്ടിക്കൊണ്ട് ബില്ലിംഗ് സെക്ഷനിലേക്ക് ചെന്നു .

എന്നിട്ട് അവൻ തന്നെ ഓണർ എന്ന് തോന്നിക്കുന്ന മനുഷ്യൻ്റെയടുത്തേക്ക് ചെന്ന് എന്തോ പറയുന്നു . സംഭാഷണങ്ങൾക്കിടയിൽ ഇരുവരുടേയും നോട്ടം അവളുടെ നേർക്കു വന്നു . അൽപ്പം കഴിഞ്ഞ് ചെറുപ്പക്കാരൻ മൈത്രിയെ അങ്ങോട്ട് വിളിച്ചു . പത്തൻപത് വയസ് തോന്നിപ്പിക്കുന്ന ആ മനുഷ്യൻ്റെ കാതിലെ സ്വർണകടുക്കനിലാണ് മൈത്രിയുടെ ശ്രദ്ധ ആദ്യം പതിഞ്ഞത് . എന്താണെന്ന ചോദ്യത്തിന് ജൂവലറി ജീവനക്കാരനോട് പറഞ്ഞ അതേ മറുപടി ആവർത്തിച്ചു . വിൽക്കാനുദ്ദേശിക്കുന്ന പണ്ടമെടുക്കാൻ പറഞ്ഞപ്പോൾ അവളുടെ ഉള്ള് വിറച്ചു .

ചെയ്യുന്നത് അപരാധമാണോ . നുണ പറഞ്ഞത് അച്ഛയെക്കുറിച്ചാണ് . മൈത്രിയ്ക്ക് ശരീരത്തിൻ്റെ ഭാരം നഷ്ടപ്പെടുന്ന പോലെ തോന്നി . എ സി യുടെ തണുപ്പിലും വല്ലാതെ വേർത്തു .. അവൾക്കൊന്നിരിക്കാൻ തോന്നി . എങ്ങനെയോ ഒരു ചെയറിൽ അള്ളിപ്പിടിച്ചു .. ജുവലറി ഉടമയും ജീവനക്കാരും നോക്കി നിൽക്കെ മൈത്രി തറയിലേക്ക് കുഴഞ്ഞ് വീണു ..  **

ആഷിക്കിന് ക്യാഷ്വാലിറ്റി മെഡിസിൻ വിഭാഗത്തിലായിരുന്നു ഡ്യൂട്ടി .. സാമാന്യം നല്ല തിരക്കുണ്ട് .. രോഗികളുടെ നീണ്ട ക്യൂവാണ് മുന്നിൽ .. അവനെക്കൂടാതെ മൂന്ന് ഹൗസ് സർജൻസ് കൂടിയുണ്ട് അവിടെ ഒപ്പം പിജിസും. പനിയും മറ്റ് പ്രശ്നങ്ങളുമായി വരുന്നവരും ഒപ്പിയിൽ പോകാതെ ക്യാഷ്വാൽറ്റിയിൽ വന്ന് നിൽക്കും .. പെട്ടന്ന് മൂന്നാല് പേർ ചേർന്ന് ഒരു സ്ട്രച്ചറുരുട്ടി അകത്തേക്ക് വന്നു .. സർ ഒന്ന് പെട്ടന്ന് നോക്കു എന്ന് വന്നവർ പറയുന്നുണ്ട് .. ” ആക്സിഡൻ്റാണെങ്കിൽ അപ്പുറത്ത് സർജറിയിലേക്ക് പോകു എന്ന് അറ്റൻഡർ പറയുന്നുണ്ട് .. ” അല്ല സർ കുഴഞ്ഞ് വീണതാ , ഇതുവരെ ബോധം വന്നില്ല …..”

ആഷിക് സ്റ്റെത്ത് തോളിലിട്ടു കൊണ്ട് എഴുന്നേറ്റു ചെന്നു .. സ്ട്രച്ചറിൽ കിടക്കുന്നത് ഒരു പെൺകുട്ടിയാണ് .. അടുത്തു ചെന്ന് നോക്കിയപ്പോൾ അവൻ്റെ കണ്ണുകളൊന്ന് ചെറുതായി .. പരിചയമുള്ള മുഖം .. അവളെ ഓർത്തെടുക്കാൻ അധിക സമയമൊന്നും വേണ്ടി വന്നില്ല .. മൈത്രേയി …! ഈ കുട്ടിയെങ്ങനെ ഇവിടെയെത്തി .. അവൻ കൂടെ വന്നവരെ നോക്കി .. റോസ് ഷർട്ടും കറുത്ത പാൻ്റും ചുവന്ന സ്ട്രാപ്പുള്ള ഐഡിക്കാർഡും ധരിച്ച മൂന്ന് ചെറുപ്പക്കാർ .. ” എന്താ സംഭവിച്ചത് .. ” ” രാവിലെ ഷോപ്പിൽ വന്നതാ .. സംസാരിച്ചു നിൽക്കുന്നതിനിടയിൽ കുഴഞ്ഞു വീണു ..

ഇവിടെ ഈ കുട്ടിയുടെ അച്ഛൻ അഡ്മിറ്റാണെന്ന് പറഞ്ഞിരുന്നു .. അതാ ഇങ്ങോട്ട് തന്നെ കൊണ്ട് വന്നത് …” പരിശോധനയിൽ അവളുടെ കൈയിലെ അടിയുടെ പാടുകൾ അവൻ നോട്ട് ചെയ്തു .. ചെറുപ്പക്കാരോട് അവിടെ നിൽക്കാൻ നിർദ്ദേശിച്ചിട്ട് അവളെ ഒബ്സർവേഷനിലേക്ക് കൊണ്ട് പോയി .. മൂവരും അക്ഷമരായി നിന്നു .. രാവിലെ തന്നെ ഓരോ കുരിശ് വന്ന് കയറിക്കോളുമെന്ന് മനസിൽ പഴിച്ചു .. മൈത്രിയ്ക്ക് ഡ്രിപ്പ് ഇടുന്നത് കണ്ട് കൊണ്ട് ആഷിക് ഫോണെടുത്ത് കൊണ്ട് അൽപ്പം മാറി നിന്നു .. നിരഞ്ജനെ ഫോണിൽ വിളിച്ച് ക്യാഷ്വാലിറ്റിയിലേക്ക് വരാൻ പറഞ്ഞിട്ട് തിരിച്ച് ചെറുപ്പക്കാരുടെയടുത്ത് വന്നു .. ”

ആ കുട്ടിയുടെ അച്ഛനെ ഇവിടെ എവിടെയാ അഡ്മിറ്റ് ചെയ്തിരിക്കുന്നത് എന്നറിയോ ..?” ” അതൊന്നും ഞങ്ങൾക്കറിയില്ല .. ആ കുട്ടി തന്നെയാ പറഞ്ഞത് .. ദാ ഈ ബാഗ് മാത്രമേ ഞങ്ങടെ കൈയിലുള്ളു … ” അവരോട് തുണ്ടെടുക്കാൻ പറഞ്ഞിട്ട് ആഷിക് തിരിച്ച് അവൾ കിടക്കുന്നിടത്ത് തന്നെ വന്നു നിന്നു .. ഇടയ്ക്ക് ചെറുപ്പക്കാരിലൊരാൾ ആ ബാഗ് കൊണ്ട് വന്ന് അവൾ കിടക്കുന്നിടത്ത് വച്ചിട്ട് ഇറങ്ങിപ്പോയി .. ആഷിക്കിന് സംശയം തോന്നി തിരിച്ചു വന്ന് നോക്കിയപ്പോൾ മൂന്ന് പേരെയും കണ്ടില്ല ..

അതൊക്കെയവിടെ പതിവാണ് .. ഒരറ്റൻഡറെ വിളിച്ച് അവളുടെ പേരും ഊഹം വച്ച് പ്രായവും പറഞ്ഞ് കൊടുത്ത് തുണ്ടെടുക്കാൻ ഏൽപ്പിച്ചു .. കുറേക്കഴിഞ്ഞപ്പോൾ ആഷിക്കിനെ തേടി നിരഞ്ജൻ വന്നു .. അവനെ മാറ്റി നിർത്തി വിവരം പറഞ്ഞു . ഒബ്സർവേഷനിലെ ചെറിയ ബെഡിൽ വാടിത്തളർന്ന് കിടക്കുന്ന മൈത്രി .. ഇടയ്ക്കവൾ കണ്ണ് തുറന്നിരുന്നു . പക്ഷെ എന്തെങ്കിലും പറയും മുൻപേ ഉറങ്ങിപ്പോയി .. ആഷിക് അവളുടെ ദേഹത്തെ അടിയുടെ പാടുകൾ നിരഞ്ജന് കാട്ടിക്കൊടുത്തു . ” ആരെങ്കിലും അവളെ ഉപദ്രവിച്ചതാണോടാ .. ആരാ അവളെയിവിടെ കൊണ്ട് വന്നത് ..?”

” അവന്മാർ മുങ്ങി .. ജ്യുവലറി ഷോപ്പ് ജീവനക്കാരാ കൊണ്ട് വന്നത്.. രാവിലെ അവളാ ഷോപ്പിൽ ചെന്നിരുന്നു . അവളുടെ അച്ഛൻ ഇവിടെ അഡ്മിറ്റാണെന്ന് പറഞ്ഞിരുന്നു .. ട്രീറ്റ്മെൻ്റിന് പണത്തിന് വേണ്ടി ഗോൾഡ് വിൽക്കാൻ ചെന്നതാ ജുവലറിയിൽ ..” അതിന് ഒട്ടും സാത്യതയില്ലെന്ന് നിരഞ്ജന് തോന്നി . കാര്യമായ ഹെൽത്തിഷ്യൂസ് ഒന്നുമില്ലാത്തത് കൊണ്ട് പിജീസ് പോലീസിൽ ഇൻഫോം ചെയ്യാതെ വെയ്റ്റ് ചെയ്യുകയാണ് , അവൾ സംസാരിച്ചിട്ട് വിവരങ്ങൾ ചോദിച്ചറിയാൻ . നിരഞ്ജൻ അവളുടെ അടുത്ത് ചെന്നിരിക്കുന്നത് അവനെ പരിചയമുള്ളവർ ശ്രദ്ധിച്ചു .. അവന് ആ കുട്ടിയെ പരിചയമുണ്ടോയെന്ന് ആരോ ആഷിക്കിനോട് ചോദിക്കുകയും ചെയ്തു .. * * * * * * * * * *

നിരഞ്ജൻ അവളെ കണ്ണെടുക്കാതെ നോക്കിയിരുന്നു .. കഴിഞ്ഞ രണ്ടു രാത്രികൾ അവളെ മറക്കാനാകാതെ ഉറക്കം നഷ്ടപ്പെട്ട് താൻ .. ഇന്നവൾ വാടിയ ചേമ്പിൻ തണ്ടു പോലെ തൻ്റെ മുന്നിൽ .. അവളെങ്ങനെ ഇവിടെയെത്തി ? നെറ്റിയിലും കഴുത്തിലും വീണ് പിണഞ്ഞു കിടക്കുന്ന മുടിയിഴകൾ കൈയെത്തിച്ച് മാടിയൊതുക്കി വച്ചു . ചുണ്ടുകൾ വരണ്ടുണങ്ങിയിരിക്കുന്നു . അവൻ്റെ കണ്ണിൽ വെള്ളം നിറഞ്ഞു . എന്തു പറ്റി മോളെ നിനക്ക് . അവളുടെ കൈപിടിച്ചെടുത്ത് അതിലേക്ക് നോക്കിയിരുന്നു . മറുകൈയിൽ ഡ്രിപ്പ് കണക്ട് ചെയ്തിരിക്കുകയാണ് . * * * * * * * * * *

മൈത്രേയി പതിയെ പതിയെ കണ്ണ് ചിമ്മി . പോളകളിൽ വല്ലാതെ കനം തൂങ്ങുന്നു . ഓർമയിൽ ജൂവലറിയിൽ നിൽക്കുന്നതാണ് തെളിഞ്ഞ് വന്നത് . താൻ ഗോൾഡ് വിറ്റോ ? എന്നിട്ട് പണമെവിടെ ? എൻ്റെ ബാഗ് .. ഒരുൾക്കിടിലത്തോടെ അവൾ കണ്ണുകൾ വലിച്ചു തുറന്നു . പിടഞ്ഞെഴുന്നേൽക്കാൻ തുടങ്ങിയതും രണ്ട് കൈകൾ അവളെ പിടിച്ചു കിടത്തി .. ” ഏയ് റിലാക്സ് …റിലാക്സ് …” അവൾ മിഴിച്ചു നോക്കി .. നിരഞ്ജൻ ! നിരഞ്ജനല്ലേ ഇത് . താനെങ്ങനെ അവൻ്റെയടുത്തെത്തി . തോന്നലാണോ ? ഇല്ല .. അവൻ്റെയടുത്തെത്താൻ ഒരു വഴിയുമില്ല . സ്വപ്നമാണോ കാണുന്നത് . ജുവലറി എവിടെ ?

ബസിൽ വന്ന് കോട്ടയത്ത് ഇറങ്ങിയതല്ലേ .. അതും സ്വപ്നമായിരുന്നോ . ഇപ്പോ തനെവിടെയാണ് . ആരൊക്കെയാ ചുറ്റിനും നടക്കുന്നേ . ഇതാശുപത്രിയാണോ ? തന്നെയാരാ ആശുപത്രിയിൽ കൊണ്ട് വന്നത് ? അമ്മയാണോ ? എന്നിട്ടമ്മയെവിടെ ? എല്ലാ ചോദ്യങ്ങളും തലച്ചോറിൽക്കിടന്ന് തിളച്ചു മറിയുമ്പോഴും ആ മുഖം കണ്മുന്നിൽ മിഴിവോടെ തെളിഞ്ഞ് തെളിഞ്ഞ് വന്നു . നിരഞ്ജൻ . അത് സ്വപ്നമല്ല . യാഥാർത്ഥ്യമാണ് . തൻ്റെ തൊട്ടരികിൽ അവനിരിക്കുന്നു . അവൻ കൈനീട്ടി തൻ്റെ കവിളിൽ തട്ടി വിളിക്കുന്നു .. ” മൈത്രേയി …. ” എന്തോ പറയാൻ ശ്രമിച്ചെങ്കിലും ചുണ്ടുകൾ തമ്മിൽ ഒട്ടിപ്പിടിക്കുന്നു .

അവനൊന്നു കൂടി പേര് വിളിച്ചപ്പോൾ അവൾ തളർന്ന ശബ്ദത്തിൽ മൂളി . പതിയെ പതിയെ അവൾക്ക് കാഴ്ചകൾ തെളിഞ്ഞു .. തൊട്ടരികിൽ നിരഞ്ജനിരിപ്പുണ്ടെന്നത് യാഥാർത്ഥ്യം , താനേതോ ആശുപത്രിയിലാണെന്ന യാഥാർത്ഥ്യം , അതെല്ലാം അവൾ മനസിലാക്കി . കോട്ടയത്ത് വന്നിറങ്ങിയതും ജുവലറി ഷോപ്പിൽ കയറിയതും വരെയുള്ള സംഭവങ്ങൾ മനസിൽ തെളിഞ്ഞു . അവിടെ വച്ച് ശരീരം തളരുന്ന പോലെ തോന്നിയിട്ട് ചെയറിലിരിക്കാൻ പോയത് ഓർമയുണ്ട് . പിന്നെന്ത് സംഭവിച്ചുവെന്നത് അവ്യക്തമായി തുടരുന്നു .. പെട്ടന്ന് ഉണ്ണിമായ പറഞ്ഞത് കൊടുങ്കാറ്റ് പോലെ ഓർമയിൽ വന്നു .

അനാഥാലയത്തിൽ വളർന്നൊരാളെ സ്നേഹിക്കാൻ കഴിയില്ലെന്ന് പറയുന്നതിലും ഭേദം ഇല്ലാത്ത കല്യാണത്തിൻ്റെ പേര് പറഞ്ഞൊഴിവാക്കുന്നത് തന്നെയാണ് . ” നിരഞ്ജാ .. ” അവൾ പിടഞ്ഞെഴുന്നേറ്റു . പക്ഷെ ശബ്ദം ചതഞ്ഞരഞ്ഞു പോയി .. അവനെന്തെങ്കിലും പറയും മുന്നേ അവളവനെ കെട്ടിപ്പിടിച്ചു കഴിഞ്ഞിരുന്നു .. ” സോറി … സോറി ….സോറി .. എന്നോട് വെറുപ്പാണോ .. എനിക്കറിയില്ലാരുന്നു .. ” ഭ്രാന്ത് പിടിച്ചത് പോലെ അവൻ്റെ കഴുത്തിൽ ചുറ്റിപ്പിടിച്ച് അവൾ പുലമ്പിക്കൊണ്ടിരുന്നു .. ഡ്രിപ്പ് വലിഞ്ഞ് കണക്ഷൻ വിട്ടു , കാനുലയിലൂടെ രക്തം പുറത്തേക്കൊഴുകി ..

നഴ്സുമാർ ഓടി വന്ന് അവളെ പിടിച്ചു മാറ്റി .. നിരഞ്ജൻ തന്നെ അവളുടെ കൈപിടിച്ച് ക്യാനുലയടച്ചു വച്ചു . ഒരു പില്ലോയെടുത്ത് വച്ച് അവളെ ചാരിയിരുത്തി , നഴ്സിനോട് കോട്ടൺ എടുക്കാൻ പറഞ്ഞു .. അവൻ തന്നെ അവളുടെ അടുത്തിരുന്ന് കൈയിലും ചുരിദാറിലും വീണ രക്തം തുടച്ചു കൊടുത്തു . സ്റ്റാഫുകളും പേഷ്യൻസും ഒപ്പം വന്നവരുമൊക്കെ നോക്കി നിൽക്കുന്നത് അവൻ കാര്യമാക്കിയില്ല .. കുറച്ച് സമയം നിന്നിട്ട് അവർ പിരിഞ്ഞു പോയി .. ആഷിക് അവർക്കടുത്ത് തന്നെ നിന്നു .. കൈ തുടച്ച് വൃത്തിയാക്കിയിട്ട് ഡ്രിപ്പ് എടുത്ത് കണക്ട് ചെയ്തു കൊടുത്തു … ”

ഇനിയിത് വലിച്ച് പൊട്ടിക്കരുത് കേട്ടോ .. ” ഒന്നും സംഭവിക്കാത്തത് പോലെ അവൻ പറഞ്ഞു .. ” നിരഞ്ജാ ..” ” ഉം … പറയ് , എങ്ങനെ ഇവിടെത്തി ..?” അവൻ അവളുടെ അടുത്തിരുന്ന് , വലം കൈ പിടിച്ചെടുത്തു.. ആ ശബ്ദം സൗമ്യമായിരുന്നു .. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി .. പറയാനവൾക്കൊരുപാടുണ്ട് . ഒരായുസിൻ്റെ മുഴുവൻ കഥകളുണ്ട് . ഇന്നോളം അനുഭവിച്ച വേദനകളും യാദനകളുമുണ്ട് .. എല്ലാം പറഞ്ഞില്ലെങ്കിൽ മൈത്രേയി എന്നത് പൂർണമാകില്ലല്ലോ . ” ഞാൻ ആൻ്റീടടുത്തേക്ക് പോകുവാരുന്നു … ” പക്ഷെ പറഞ്ഞത് അതായിരുന്നു .. ” ആൻറിയെവിടെയാ ഉള്ളെ …? ” ” അറിയില്ല .. കൽക്കത്തയിലോ മുംബേലോ എവിടെയോ ണ്ട് .. ” നിരഞ്ജൻ മനസിലാകാതെ നോക്കി .

” ഞാൻ വീട്ടിലറിയാതെ പോകുവാ .. എനിക്കിനിയവിടെ നിക്കാൻ വയ്യ .. ” അവൻ്റെ നോട്ടം മനസിലാക്കിക്കൊണ്ട് അവൾ തുടർന്നു .. ആഷിക്കും നിരഞ്ജനും പരസ്പരം നോക്കി .. അവളെയലട്ടുന്ന എന്തൊക്കെയോ പ്രശ്നങ്ങളുണ്ടെന്ന് അവർക്ക് മനസിലായി .. തത്ക്കാലം അവളൊന്ന് സ്റ്റേബിളാകട്ടെ .. ” വീട്ടിലറിയിക്കണ്ടെ … ” നിരഞ്ജൻ ആഷിക്കിനെ നോക്കി .. ” വേണ്ട … വേണ്ട നിരഞ്ജാ .. പ്ലീസ് ….” മൈത്രിയാണ് മറുപടി പറഞ്ഞത് .. ” പക്ഷെ ഞാൻ … ” ആഷിക് എന്തോ പറയാൻ തുടങ്ങിയപ്പോഴേക്കും അവർക്കിടയിലേക്ക് മറ്റൊരാൾ കൂടി കടന്നു വന്നു .. സൂര്യനന്ദൻ ……..( തുടരും ) അമൃത അജയൻ അമ്മൂട്ടി

ഋതുസംക്രമം : ഭാഗം 18

Share this story