സ്‌നേഹതീരം: ഭാഗം 12

സ്‌നേഹതീരം: ഭാഗം 12

എഴുത്തുകാരി: ശക്തികലജി

ഒറ്റയ്ക്കായത് പോലെ തോന്നി… ഞാനാ പടിയിൽ ഇരുന്നു.. വെറുതെ പറമ്പിലേക്ക് നോക്കി… പറമ്പിൽ അവിടവിടെ ചെറിയ പച്ചപ്പ് കാണാം… ഞാൻ എഴുന്നേറ്റ് മുറ്റത്തേക്കിറങ്ങി… പറമ്പിലേക്ക് എത്തി നോക്കി… വിത്തു മുള പൊട്ടി കിളിച്ചു വന്ന കുഞ്ഞു കിളിർപ്പുകൾ നാണം കുണുങ്ങികളെ പോലെ തലതാഴ്ത്തി നിരന്നു നിൽക്കുന്നത് കണ്ടപ്പോൾ മനസ്സും നിറഞ്ഞു…. പതിയെ പറമ്പിലേക്ക് നടന്ന് ഓരോ തരം വിത്തുകൾ ഇട്ട സ്ഥലം കുനിഞ്ഞ് ഇരുന്നു നോക്കി… മണ്ണിൽ നിന്നും ഉയർന്നു വരുന്നേയുള്ളു.. കുറച്ച് നേരം പറമ്പിൽ തന്നെ കറങ്ങി നടന്നു.. മനസ്സിന് സന്തോഷം തോന്നി…

വിത്ത് പാകിയതെല്ലാം മുളച്ചിരിക്കുന്നു.. ഇനിയിത് പടരാൻ തുടങ്ങുമ്പോൾ പന്തലിട്ട് കൊടുക്കണം… അതിനുള്ള കയർ വാങ്ങണം. രണ്ടു ദിവസം അമ്മയുണ്ടാരുന്നത് കൊണ്ട് നല്ല ഉത്സാഹമായിരുന്നു.. ഇത്തിരി മടി തോന്നിയെങ്കിലും പോയി കുളിച്ചു. തലേന്നത്തെ വസ്ത്രങ്ങൾ എല്ലാം അലക്കിയിട്ടു.. ഗിരിയേട്ടൻ്റെയും അമ്മയുടെയും വസ്ത്രങ്ങൾ കൂടി അലക്കി വച്ചു വിരിക്കുമ്പോൾ അതൂടെ എടുത്തു വിരിച്ചു.. രാവിലെ എന്തുണ്ടാക്കമെന്ന് ആലോചിപ്പോഴാണ് ഗിരിയേട്ടൻ അടുക്കളയിൽ വന്നത്… ” ഇന്ന് ആശുപത്രിയിൽ പോകണ്ടേ… ഉച്ചയ്ക്കത്തെ ചോറ് കൂടുതൽ വച്ചാൽ മതി… രാവിലെയും അത് തന്നെ കഴിക്കാo ” എന്ന് ഗിരിയേട്ടൻ പറഞ്ഞു.. “ശരി.. ഞാൻ സാദം ആക്കിവയ്ക്കാം…

കഴിക്കുമല്ലോ അല്ലേ… അതാകുമ്പോ കറി വേണ്ട” എന്ന് ഞാൻ പറഞ്ഞപ്പോൾ ആ മുഖത്ത് സന്തോഷം വിടർന്നു. “എനിക്കിഷ്ടമാണ്..എങ്കിൽ അത് മതി” എന്ന് ഗിരിയേട്ടൻ പറഞ്ഞു… “എങ്കിൽ ആ നാരങ്ങ എടുത്ത് മുറിച്ച് പിഴിഞ്ഞ് വച്ചേ… ഞാനപ്പോഴേക്ക് ചോറ് വയ്ക്കാം… പൊന്നി അരിയിടാം..അതാ സാദത്തിന് നല്ലത് ” എന്ന് പറഞ്ഞ് ഞാൻ അടുപ്പ് കത്തിച്ച് ചോറിന് കലം വെള്ളമൊഴിച്ച് എടുത്ത് വച്ചു… വെള്ളം ചൂടായ ശേഷം അരി കഴുകിയിട്ടു… ” ഞാൻ മുറിയൊക്കെ ഒന്നു തൂത്തിട്ട് വരാം “, എന്ന് പറഞ്ഞ് ചൂലെടുത്ത് കൊണ്ടുപോയി… എല്ലാ മുറിയും തൂത്തു…. മുകളിലത്തെ മുറിയും തൂത്തിട്ടു..

എല്ലാം വൃത്തിയാക്കി അടുക്കിപ്പെറുക്കി വച്ചു… അടുക്കളയിൽ തിരിച്ച് വന്നപ്പോഴേക്ക് ഗിരിയേട്ടൻ ചോറ് വാർത്തു വച്ചിരുന്നു.. ആഹാ ഇതൊക്കെ ചെയ്യാനറിയുമോ.. അമ്മയ്ക്ക് വയ്യാത്തത് കൊണ്ട് ഗിരിയേട്ടനാവും പാചകമൊക്കെ.. മൂന്ന് നാരങ്ങ പിഴിഞ്ഞത് മേശമേൽ ഒരു കുഞ്ഞു പാത്രത്തിൽ അടച്ച് വച്ചിട്ടുണ്ട്… ചോറ് കലം മാറ്റി കുളിക്കാനുള്ള ചുടുവെള്ളത്തിന് കലം അടുപ്പിൽ വച്ചു.. നാരങ്ങ പിഴിഞ്ഞ് വച്ചതിലേക്ക് ഉപ്പുo മഞ്ഞൾ പൊടിയും ഉലുവ പൊടിയും ചേർത്ത് മിക്സ് ചെയ്ത് വച്ചു… വെള്ളം ചൂടായപ്പോൾ ബാത്റൂമിൽ കൊണ്ട് പോയി ബക്കറ്റിൽ ഒഴിച്ചു വച്ചു… തിരികെ അടുക്കളയിൽ വന്ന് ചട്ടി അടുപ്പിൽ വച്ചു… നല്ലെണ്ണ ഒഴിച്ചു… ആദ്യം കുറച്ച് ഉഴുന്ന് ഇട്ടു ചുവന്ന ശേഷം കടുക് ഇട്ടു..

ചുവന്ന മുളകും കറിവേപ്പിലയും കുരുമുളക് ചേർത്തു… ചൂടായ ശേഷം നാരങ്ങ മിക്സ് ചെയ്ത് വച്ചത് അതിലേക്ക് ഒഴിച്ചു… കടുക് വറുത്തതിൻ്റെ മണം എങ്ങും പരന്നു… ഒരു വല്യ പാത്രത്തിൽ ചോറ് കുറെശ്ശെ ഇട്ടു നാരങ്ങ മിശ്രിതം ദോശ തവിയുടെ പുറക് വശം കൊണ്ട് ചേർത്തിളക്കി… എല്ലാം മിക്സ് ചെയ്ത് പാത്രം നന്നായി അടച്ചു വച്ചു… കുറച്ച് ചുവന്ന ചമ്മന്തിയും അരച്ചു വച്ചു… ചായയിട്ടു… ഒരു ഗ്ലാസ്സ് ചായ എടുത്തു കുടിച്ചു… ഗിരിയേട്ടൻ അപ്പോഴേക്ക് കുളിച്ചു വന്നിരുന്നു… ഗിരിയേട്ടനും ചായ എടുത്തു കൊടുത്തു… ” ഞാനിന്ന് അലക്കിയിട്ടുട്ടോ.. ഇനി ഞാൻ അലക്കിയിട്ടോളാം… ” എന്ന് ഗിരിയേട്ടൻ പറഞ്ഞു.. “സാരമില്ല ഞാൻ കഴുകിയിട്ടോളാം.. അതിന് പൈസയൊന്നും വേണ്ടായേ…

അമ്മയുടെയും കൂടിയില്ലേ… എൻ്റെ അമ്മയെ പോലെ തന്നെയാ… എനിക്ക് ബുദ്ധിമുട്ടൊന്നുമില്ല…. ” ഞാൻ ചിരിയോടെ പറഞ്ഞു… ഗിരിയേട്ടൻ്റെ അമ്മ അപ്പോഴേക്ക് വന്നു… അമ്മയ്ക്കും ചായ എടുത്ത് കൊടുത്തു.. ”ഞാനൊന്ന് റെഡിയായിട്ട് വരാം ” എന്ന് പറഞ്ഞ് ഗിരിയേട്ടൻ പോയി… ഞാൻ അമ്മയെ നോക്കി… രാവിലെ കുളിച്ച് സെറ്റ് സാരിയൊക്കെ ഉടുത്തിട്ടുണ്ട്.. ” അമ്മ കഴിക്കുന്നോ… ഇന്ന് ആശുപത്രിയിൽ പോകണ്ടത് കൊണ്ട് രാവിലെ ചോറ് വച്ചു… അത് നാരങ്ങ സാദമാക്കി വച്ചിട്ടുണ്ട് ” എന്ന് ഞാൻ അമ്മയെ നോക്കി പറഞ്ഞു.. ” ഗിരിക്ക് വല്യ ഇഷ്ട്ടമാണ്.. അവൻ്റെ പെണ്ണിന് അതൊന്നും വയ്ക്കാൻ അറിയില്ലാരുന്നു… പക്ഷേ വച്ചു നോക്കാൻ പോലും ശ്രമിക്കാറില്ലായിരുന്നു….

ഇവനേക്കാൾ വല്യ ജോലിയുള്ളവളായിരുന്നു… അന്നേരം എൻ്റെ മോൻ ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലിയായിരുന്നു. .. ” അവൾക്ക് ഗവൺമെൻ്റ് ജോലിയും… വിവാഹം കഴിഞ്ഞാണ് അവൾക്ക് ഗവൺമെൻ്റ് ജോലി കിട്ടിയത്…. ഒരു കുഞ്ഞായിട്ടും രണ്ടു പേർക്കും പൊരുത്തപ്പെട്ടു പോകാൻ കഴിഞ്ഞില്ല… എൻ്റെ ചികിത്സയ്ക്കായി അവൻ്റെ പേരിലുള്ള സ്വത്ത് വിറ്റത് അവൾക്ക് ഇഷ്ട്ടപ്പെട്ടില്ല… അവൾ ദൂരേയ്ക്ക് ട്രാൻസഫ്ർ വാങ്ങി പോയി.. കുഞ്ഞിനെ കൂടെ കൊണ്ടു പോയില്ല.. അവൾക്ക് നോക്കാൻ പറ്റില്ലത്രേ.. എനിക്ക് വയ്യാതായപ്പോൾ അവനാണ് അവധിയെടുത്ത് കുഞ്ഞിനെ നോക്കിയത്…

ലീവ് ഒരുപാടായത് കൊണ്ട് ജോലിയും പോയി… കുറച്ച് ദിവസം കഴിഞ്ഞപ്പോൾ അവൾ വന്ന് കുഞ്ഞിനെ തിരികെ കൊണ്ടുപോയി… എല്ലാം ഉപേക്ഷിച്ച് അവൾടെ കൂടെ ക്വാട്ടേഴ്സിൽ താമസിക്കാൻ സമ്മതമാണെങ്കിൽ ഒരുമിച്ച് താമസിക്കാം എന്ന് വിളിച്ച് പറഞ്ഞു.. കുഞ്ഞിന് വേണ്ടി അവൻ അതിനും തയ്യാറായിരുന്നു.. എന്നെ മൂത്തവൻ്റെ അരികിലാക്കി അവൻ ചെന്നു….. പക്ഷേ അവൻ ചെന്നപ്പോൾ കേട്ടത് ബന്ധുവായ ഒരാളുമായി വിവാഹo നിശ്ചയിച്ചൂന്ന്.. അവൾ അവനെ അപമാനിച്ച് ഇറക്കിവിട്ടു.. ഡിവോഴ്സിന് നോട്ടീസ് വന്നപ്പോൾ ഒപ്പിട്ട് കൊടുത്തു.. അവൾടെ വിവാഹം കഴിഞ്ഞു..

പിന്നീട് അറിഞ്ഞു അവൾ ആത്മഹത്യ ചെയ്തൂന്ന്… പക്ഷേ കാരണം എന്താണെന്ന് അറിയില്ല… ഞാൻ ആശുപത്രിയിലായിരുന്നത് കൊണ്ട് മരണത്തിന് ആരും പോയതുമില്ല… ഒരു പാട് കഷ്ടപ്പെട്ട് പഠിച്ചാണ് ഈ ജോലി കിട്ടിയത്.. പാവം എൻ്റെ കുട്ടി ജീവിതത്തിൽ അവൻ ഒറ്റയ്ക്കായി പോയി… ” എനിക്ക് ഒന്നു അമ്പലത്തിൽ പോകണം… കൃഷ്ണ ഭഗവാനോട് ഒരു കാര്യം പറഞ്ഞേൽപ്പിക്കാനുണ്ട് “ചന്ദ്രയും വരുന്നോ… ഇവിടെ അടുത്തല്ലേ വേഗം പോയിട്ട് വരാം.. മോൻ വീണപ്പോൾ തൊട്ട് മനസ്സ് അസ്വസ്ഥമാണ്… ഒന്ന് തൊഴുതിട്ട് വന്നാൽ ഒരു സമാധാനം കിട്ടും … പ്രത്യേക പൂജയ്ക്ക് പറഞ്ഞിട്ടുണ്ട്” എന്ന് ഗിരിയേട്ടൻ്റെ അമ്മ ചോദിച്ചപ്പോ പറ്റില്ല എന്ന് പറയാൻ തോന്നിയില്ല… ” പക്ഷേ പത്തു മണി വരെ നട തുറന്നു വയ്ക്കു..

ഇതിപ്പോ സമയം പത്ത് കഴിഞ്ഞു… പക്ഷേ പ്രത്യേക പൂജയ്ക്ക് പറഞ്ഞിട്ടുള്ളത് കൊണ്ട് നട തുറന്നിട്ടുണ്ടാവും… ഞാൻ എന്നാൽ വേഗം പോയി ഒരുങ്ങട്ടെ.. ഗിരിയേട്ടൻ ഇങ്ങോട്ട് വരുവാന്നേൽ പറഞ്ഞാൽ മതി…” എന്ന് പറഞ്ഞ് ഞാൻ മുറിയിലേക്ക് പോയി… അലമാര തുറന്നു സെറ്റുസാരി എടുത്തു വച്ചു… സാരിയുടുത്ത് കണ്ണാടിയിൽ നോക്കി… കാതിൽ കുഞ്ഞു കമ്മൽ.. കഴുത്തിൽ ആകെ അണിഞ്ഞിരുന്നത് ശരത്തേട്ടൻ കെട്ടി തന്ന താലിയായിരുന്നു.. ജാനകിയമ്മയ്ക്ക് സുഖമില്ലാതെ വന്നപ്പോൾ താലിമാലയും വളകളും വിറ്റാണ് ആശുപത്രിയിൽ ബിൽ അടച്ചത്.. ബാക്കി പൈസയ്ക്ക് കുഞ്ഞു മാല വാങ്ങണം എന്ന് വിചാരിച്ചിട്ട് ഇത് വരെ സാഹചര്യം കിട്ടിയിട്ടില്ല.. മുടി അറ്റം കെട്ടി വലത് വശത്തൂടെ മുൻപിലേക്കിട്ടു..

കഴുത്തിലെ പാട് പകുതി മറഞ്ഞു… കുഞ്ഞു പൊട്ടു തൊട്ടു…. കൈയ്യും കഴുത്തും ഒഴിഞ്ഞ് കിടക്കുന്നത് അമ്മയുടെ മനസ്സ് വേദനിച്ച് കാണും… വാതിലിൽ മുട്ട് കേട്ടു.. ഞാൻ വാതിൽ തുറന്നു… ഗിരിയേട്ടൻ്റെ അമ്മയാണ്.. ഹാളിൽ ഗിരിയേട്ടൻ ഇരിക്കുന്നുണ്ട്… “എന്താമ്മേ ” ഞാൻ ചോദിച്ചപ്പോൾ എൻ്റെ കഴുത്തിൽ ഒരു സ്വർണ്ണമാലയിട്ടു തന്നു.. “ഇതിട്ടോ…. കഴുത്തിലും കൈയ്യിലും ഇതിങ്ങനെ കിടക്കുന്നത് കാണാൻ തന്നെ ഭംഗിയാ… ഞാനിതൊക്കെ പൊതിഞ്ഞുവച്ചിട്ടും കാര്യമില്ല “ദാ ഈ വളയും കൂടിയിട്ടേ “ഗിരിയേട്ടൻ്റെ അമ്മ എൻ്റെ കൈയ്യിൽ നിർബന്ധപൂർവ്വം ഇട്ടു തന്നു.. “ഇതൊന്നും വേണ്ട.. ”

എന്ന് പറഞ്ഞ് ഞാൻ വള ഊരാൻ ശ്രമിച്ചപ്പോൾ അമ്മ തടഞ്ഞു.. ” അതവിടെ കിടന്നോട്ടെ.. ഇതിന് അവകാശം ചോദിച്ച് ആരും വരാനില്ല” എന്ന് ഗിരിയേട്ടൻ്റെ അമ്മ പറഞ്ഞപ്പോൾ ഞാൻ വേറെ വഴിയില്ലാതെ വള തിരിച്ചിട്ടു… ഗിരിയേട്ടൻ എന്നെ നോക്കി ചിരിച്ചു.. ” അമ്മയുടെ കൂടെ വേഗം അമ്പലത്തിൽ പോയി വാ ” എന്ന് മാത്രം പറഞ്ഞു… ഞാനും ഗിരിയേട്ടൻ്റെ അമ്മയും കൂടി അമ്പലത്തിലേക്ക് നടന്നു.. പരിചയമുള്ള ആളുകളെ കണ്ടെങ്കിലും മുഖം കൊടുക്കാതെ ഗിരിയേട്ടൻ്റെ അമ്മയുടെ മറവിൽ നടന്നു… അമ്പലത്തിൽ എത്തിയത് പോലും അറിഞ്ഞില്ല… മനസ്സ് പഴയ ഓർമ്മകളിലേക്ക് ഓടി തുടങ്ങിയിരുന്നു… മക്കളുടെ പുറകേ ഓടിയ വഴികൾ എന്നോർക്കവേ മിഴികൾ നിറഞ്ഞു…

ഗിരിയേട്ടൻ്റെ അമ്മ കാണാതെ മിഴിനീർ സാരി തുമ്പിൽ ഒപ്പിയെടുത്ത് നടയ്ക്ക് ചുറ്റും വലം വച്ചു.. മുഖമുയർത്തി നോക്കാതെ ഞാൻ പുറത്തിറങ്ങി ആൽമര ചുവട്ടിലെ പടിയിൽ ചാരി നിന്നു.. ഒരു പ്രായമായ സ്ത്രീയും ഒരു ചെറുപ്പക്കാരനും വന്നു… ”സൂരേന്ദ്രൻ്റെ മകളല്ലേ…” എന്ന് ആ പ്രായമുള്ള സ്ത്രീ ചോദിച്ചു.. “അതെ ” എന്ന് ഞാൻ മറുപടി പറഞ്ഞു… ഗിരിയേട്ടൻ്റെ അമ്മ പ്രസാദവുമായി വന്നു… “ഭാമേ ഞങ്ങൾ വന്നുട്ടോ.. പെണ്ണിനെ ഞങ്ങൾക്ക് ഇഷ്ട്ടമായി… അവരുടെ വീട്ടുകാരെ അറിയിച്ചോളു” എന്ന് ആ പ്രായമായ സ്ത്രീ പറഞ്ഞു.. ” അതിന് എനിക്ക് താൽപര്യമില്ല.. ക്ഷമിക്കണം ഇങ്ങനെയൊരു പെണ്ണുകാണൽ ഞാനറിഞ്ഞതല്ല.” ഞാൻ അൽപം ദേഷ്യത്തോടെ പറഞ്ഞു.. “സാരമില്ല..

അതൊക്കെ ചന്ദ്രയുടെ അമ്മ പറഞ്ഞിരുന്നു മകളോട് പറഞ്ഞില്ല എന്ന്.. ഇത് എൻ്റെ മകൻ സിദ്ധു.. ഭാര്യ കഴിഞ്ഞ വർഷം മരിച്ചു.. രണ്ടു കുട്ടികൾ ഉണ്ട്.. ബാങ്കിൽ ആണ് ജോലി. താൽപര്യമുണ്ടെങ്കിൽ ആലോചിച്ചിട്ട് പറയു” എന്നവർ പറഞ്ഞു.. ഞാൻ അയാളെ നോക്കിയതേയില്ല…. എനിക്കവിടെ നിന്ന് എങ്ങനെയും രക്ഷപ്പെട്ടാൽ മതിയെന്ന് തോന്നി.. അവർ യാത്ര പറഞ്ഞു പോയി. ഗിരിയേട്ടൻ്റെ അമ്മ പ്രസാദം നെറ്റിയിൽ തൊട്ടു തന്നു… നെറ്റിയിലെ തണുപ്പിന് മനസ്സിനെ തണുപ്പിക്കാനാവില്ല… തിരികെ വീട്ടിലേക്ക് നടക്കുമ്പോൾ ഗിരിയേട്ടൻ്റെ അമ്മ എന്തൊക്കെയോ പറയുന്നുണ്ടെങ്കിലും ഒന്നും എൻ്റെ കാതുകളിലേക്ക് എത്തുന്നുണ്ടായിരുന്നില്ല..

വീടിൻ്റെ മുൻപിൽ എത്തിയപ്പോഴേക്കും കരച്ചിൽ നിയന്ത്രിക്കാനായില്ല.. ഞാൻ കരഞ്ഞുകൊണ്ട് വരുന്നത് ഗിരിയേട്ടൻ കണ്ടു.. ഞാൻ സാരി തുമ്പ് കൊണ്ട് മുഖം തുടച്ചു കൊണ്ട് ധൃതിയിൽ വീടിനകത്തേക്ക് കയറി. “എന്ത് പറ്റി ” എന്ന് ഗിരിയേട്ടൻ ചോദിച്ചുവെങ്കിലും മറുപടി പറയാൻ നിന്നില്ല.. ഞാൻ മുറിയിൽ കയറി വാതിൽ അടച്ചു… ഞാൻ വിധുവേട്ടനെ വിളിച്ചു ദേഷ്യപ്പെട്ടു. എനിക്കാരും കല്യാണം ആലോചിക്കണ്ട എന്ന് ദേഷ്യത്തിൽ പറഞ്ഞിട്ടാണ് ഫോൺ വച്ചത്. കുറച്ച് സമയം കഴിഞ്ഞ് വാതിലിൽ മുട്ടുന്ന ശബ്ദം കേട്ടു.. ഞാൻ വാതിൽ തുറന്നു… ഗിരിയേട്ടനാണ്. ഞാൻ മുഖം കുനിച്ചു നിന്നു. ” അതേയ് അയാളോടുള്ള ദേഷ്യം എന്നോടും അമ്മയോടും തീർക്കല്ലെ.. എനിക്കാണേൽ നല്ല വിശപ്പ്…

നിങ്ങളും കൂടി വന്നിട്ട് കഴിക്കാന്ന് വിചാരിച്ചാ കാത്തിരുന്നത്..” ഇതിപ്പോ എന്നെ പട്ടിണിക്കിടുവോ “ഗിരിയേട്ടൻ വയറും തടവികൊണ്ട് പറഞ്ഞു.. ” ദേഷ്യമൊന്നുമല്ല.. പേടിയാണ്… ഇനിയൊരു പരീക്ഷണത്തിന് വയ്യാ ” ഞാൻ വിഷമത്തോടെ പറഞ്ഞു.. ” ആക്കാര്യം വിട്ടു കള.. ദാ അമ്മ വിഷമിച്ചിരിക്കുവാ.. അമ്മമ്മാര് എപ്പോഴും നമ്മുടെ നന്മയേ ആഗ്രഹിക്കു… ചന്ദ്രയുടെ അമ്മ അങ്ങനെയൊരു സഹായം ചോദിച്ചാൽ അമ്മയ്ക്ക് ചെയ്തു കൊടുക്കാതിരിക്കാൻ പറ്റില്ലല്ലോ… ചന്ദ്രയ്ക്ക് ദേഷ്യമായി കാണും എന്ന് പറഞ്ഞ് വിഷമിച്ചിരിക്കുവാ…. താനല്ലെ രാവിലെ പറഞ്ഞത് എൻ്റെ അമ്മയെ പോലെ തന്നെയാണ് ഗിരിയേട്ടൻ്റെ അമ്മയും എന്ന്… ക്ഷമിക്കടോ.. വേഷം മാറിയിട്ട് വാ കഴിക്കാം”..ന്നെ സൈക്കിളിൽ ആശുപത്രിയിൽ കൊണ്ടു പോകാം എന്നേറ്റാളാ..

“വേഗം വന്നേ.. അല്ലേൽ ചൂര വടിയെടുക്കും ഞാൻ “ഗിരിയേട്ടൻ എന്നെ നോക്കി കണ്ണുരുട്ടി.. “ശരി വരാം” എന്ന് പറഞ്ഞ് ഞാൻ കതകടച്ചു… വേഷം മാറി ചെല്ലുമ്പോൾ ഗിരിയേട്ടൻ്റെ അമ്മ മുറിയിൽ കിടക്കുന്നത് കണ്ടു.. ഞാൻ നിർബന്ധിച്ച് എഴുന്നേൽപ്പിച്ചു.. അടുക്കളയിൽ കൊണ്ടിരുത്തി… അപ്പോഴേക്ക് ഗിരിയേട്ടൻ വന്നു.. ഞാൻ വിളമ്പി കൊടുത്തു.. കഴിച്ച് കഴിയുന്നത് വരെ ആരും പരസ്പരം ഒന്നും മിണ്ടിയില്ല.. ഞാൻ വേഗം കഴിച്ചു എഴുന്നേറ്റു… “നല്ല ടേസ്റ്റുണ്ട് ചന്ദ്ര.. എന്നെ കൂടെ പഠിപ്പിക്കണം”ഗിരിയേട്ടൻ പറഞ്ഞു.. “ശരി ഇന്ന് മുതൽ എൻ്റെ ശിഷ്യനായിക്കോളു.. ഞാനാണ് ഗുരു..ഗുരു പറയുന്നതൊക്കെ ശിഷ്യൻ അനുസരിക്കണം” എന്ന് പറഞ്ഞ് ഞാൻ ചിരിച്ചപ്പോൾ ഗിരിയേട്ടൻ്റെ അമ്മയും ഞങ്ങളുടെ ചിരിയിൽ പങ്ക് ചേർന്നു…

ആശുപത്രിയിലേക്ക് എൻ്റെ സൈക്കിളിൻ്റെ പുറകിൽ ഇരുത്തി പോകുമ്പോൾ വഴിയിൽ പലരും ഞങ്ങളെ അത്ഭുതത്തോടെ നോക്കുന്നുണ്ടായിരുന്നു.. ടൗണിലെത്തിയപ്പോൾ രാവിലെ അമ്പലത്തിൽ വച്ച് പെണ്ണ് കാണാൻ വന്ന രണ്ടു പേരും ഞങ്ങളെ രൂക്ഷമായി നോക്കിയെങ്കിലും ഞാൻ കാണാത്ത ഭാവത്തിൽ പോകുന്നതിൻ്റെയിടയിലും ഗിരിയേട്ടന് അവരെ കാണിച്ചു കൊടുത്തു.. “നോക്കിക്കോ ഇനി അവർ ആലോചനയുമായി ആ വഴിക്ക് വരില്ല ” ഗിരിയേട്ടൻ കളിയാക്കി ചിരിച്ചു.. ആശുപത്രിയിൽ ചെന്ന് ഡോക്ടറിനെ കണ്ട് മുറിവ് കെട്ടി മരുന്നും വാങ്ങി തിരിച്ച് സൈക്കിളിൽ പോകുമ്പോഴും അതെ അവസ്ഥ തന്നെ…

ആളുകൾ ഞങ്ങളെ ഒരു അത്ഭുത ജീവിയെ പോലെ നോക്കുന്നുണ്ട്… “ഈ ആളുകൾക്ക് തുറിച്ച് നോക്കാൻ മാത്രം നമ്മളിൽ എന്താ ഉള്ളത് ” എന്ന് ഞാൻ ചോദിച്ചു.. ” പെണ്ണിൻ്റെ സൈക്കിളിൽ പുറകിൽ ഇരുന്ന് യാത്ര ചെയ്യുന്ന പുരുഷനാണ് കാരണം ” ഗിരിയേട്ടൻ ചിരിയോടെ പറഞ്ഞു.. തിരികെ വീട്ടുപടിക്കൽ എത്തുമ്പോൾ കരഞ്ഞു വീർത്ത മുഖവുമായി ഗിരിയേട്ടൻ്റെ അമ്മ നിൽക്കുന്നത് കണ്ടു.. കൈയ്യിൽ നാലോ അഞ്ചോ വയസ്സ് പ്രായമുള്ള ഒരു ആൺകുട്ടിയും.. ഗിരിയേട്ടനെ കണ്ടതുo കുഞ്ഞധരങ്ങളിൽ പുഞ്ചിരി വിടർന്നു…….തുടരും

സ്‌നേഹതീരം: ഭാഗം 11

Share this story