അദിതി : ഭാഗം 4

അദിതി : ഭാഗം 4

എഴുത്തുകാരി: അപർണ കൃഷ്ണ

“അതേയ് മാഡം ഒന്നവിടെ നിന്നേ” ഫ്രീ പീരീഡ് ആയതു കൊണ്ട് കോളേജിൽ ഒരു റൗണ്ട് അടിക്കാം എന്നോർത്താണ് ഞാൻ പുറത്തു ചാടിയത്. ക്ലാസ്സിൽ എല്ലാരും കത്തി വച്ചോണ്ടിരിക്കുന്നതു കാരണം ഞാൻ മാത്രമേ ഇറങ്ങിയുള്ളു. നമ്മട പീക്കിരികൾക്കാന്നേൽ ഇപ്പോൾ ക്ലാസും ഉണ്ട്. എന്തായാലും ഇന്ന് തനിച്ചു നടന്നു കോളേജ് ഒന്ന് എക്സ്പ്ലോർ ചെയ്യാം എന്ന് ഓർത്തു നടന്നതാണ്. വായി നോക്കി നടന്നു ചെന്ന് പുലിമടയിൽ കേറിയത് ഞാൻ അറിഞ്ഞില്ല. അതിപ്പോ ഈ പുലിമട ന്ന് പറഞ്ഞാൽ ഫസ്റ്റ് ഇയർ പിള്ളേരെ സീനിയർ ചേട്ടന്മാരും ചേച്ചിമാരും പരിച്ചയപെടുന്ന ഇടം.

തട്ടുകളായി കെട്ടിയിരിക്കുന്ന ഇരിപ്പിടങ്ങളിൽ താടിയും മുടിയും വളർത്തി ഭ്രാന്തൻ ലുക്ക് ഉള്ള ചെക്കമ്മാരേം അതിനൊപ്പിച്ച കുറെ പെൺപിള്ളേരേം കണ്ടിട്ടും മൈൻഡ് ചെയ്യാതെ ഞാൻ എന്റെ പാട്ടിനു പോകാൻ തുടങ്ങുമ്പോളാണ് പുറകിൽ നിന്ന് വിളി വന്നത്. “അതേയ് മാഡം ഒന്നവിടെ നിന്നേ ” ചുറ്റും മരങ്ങൾ ഇടതൂർന്നു വളർന്നു നിൽക്കുന്ന മനോഹരമായ ഒരു പ്രദേശമായിരുന്നു പുലിമട. എന്തായാലും ഞാൻ അവിടെ നിന്നു. “എന്താടി നിനക്ക് സീനിയർസ്‌നെ കണ്ടിട്ട് ഒരു മൈൻഡ് ഇല്ലാത്തത്” ഒരു കഞ്ചാവ് ലുക്ക് ഉള്ള ഒരുത്തനാണ് അത് ചോദിച്ചത്. എല്ലാത്തിന്റേം മോന്തേടെ ഭാവം ഒക്കെ കണ്ടു എനിക്കങ്ങു കലി വന്നു. പക്ഷെ അപ്പയെ കുറിച്ചോർത്തപ്പോൾ സ്വയം നിയന്ത്രിച്ചു.

“ഞാൻ കണ്ടില്ല ചേട്ടായി” ചെറിയ ഒരു ചിരിയോടെ പറഞ്ഞു നിർത്തി. അത് കേട്ടതും പിന്നെ കൂടെ ഇരുന്ന ഒരു കുരുപ്പിനു പ്രശ്നം, “ആരാ നിന്റെ ചേട്ടായി” പറഞ്ഞവൾ ആണേൽ യക്ഷിയെ പോലെ മുടി ഒക്കെ വിരിച്ചിട്ടു ഇരിപ്പാണ്. ഹല്ലാ ഞാൻ ഞാൻ ലവനെ ചേട്ടായി എന്ന് വിളിച്ചെനു ഇവൾക്കെന്താ ഇത്ര കുഴപ്പം. “ഞങ്ങൾ നിന്റെ സീനിയർസാ, നിന്റെ ക്ലാസ്സിൽ വന്നപ്പോൾ അവിടെ ഇല്ലാരുന്നല്ലോ, കറക്കം കുറച്ചു കൂടുതലാ അത് നല്ലതല്ല കേട്ടോ മോളെ” അടുത്ത വേതാളം………. ഹും ഞാൻ കറങ്ങി നടക്കുന്നു എങ്കിൽ ഇവറ്റകൾക്കെന്താ. എന്തായാലും ഞാൻ ഒന്നും മിണ്ടാതെ ചിരിച്ചോണ്ട് നിന്നു. മൗനം വിദ്വാന് ഭൂഷണം എന്നും ഓർത്തുകൊണ്ട്……

ഞാൻ മിണ്ടുന്നില്ലങ്കിൽ എന്താ മുന്നിൽ ഇരിക്കുന്ന സാധനങ്ങൾ എല്ലാം നല്ല പോലെ മിണ്ടുന്നുണ്ട്, എന്നെ പേടിപ്പിക്കുന്നു എന്നാണ് വയ്പ്പ്. സത്യം പറയാല്ലോ എനിക്ക് ചിരിയാണ് വന്നത്. എന്നാലും പാവങ്ങളല്ലേ, പേടിക്കുന്നത് പോലെ ഒന്ന് അഭിനയിച്ചു കൊടുത്തു. അപ്പഴുണ്ട് ഒരുത്തനു എന്റെ ഡാൻസ് കാണണം. കർത്താവെ പെട്ടല്ലോ എന്നും പറഞ്ഞു നിന്നപ്പോൾ ആണ് എന്നെ അനേഷിച്ചു നമ്മട പീക്കിരികൾ അവിടെ എത്തിയത്. അവര് വന്നത് നന്നായി ഇല്ലേൽ സംഗതി മൊത്തം ചളമായേനെ. അവിടന്ന് വല്ല വിധേനെയും പീക്കിരികൾ എന്നെ ഊരി എടുത്തെങ്കിലും, നാളെ ഉച്ചക്ക് ക്ലാസ്സിൽ പരിചയപെടാനായി സീനിയർസ് വരുന്നുണ്ട്, എനിക്കുള്ളത് അപ്പൊ തരാം എന്ന് പറഞ്ഞു ഭീഷണി ഉണ്ടായിരുന്നു.

ഞാൻ ഇതൊക്കെ എത്ര കണ്ടതാ എന്ന മട്ടിൽ അവരെ നോക്കി ഒരു ചിരി പാസ് ആക്കി. അതാർക്കും അങ്ങട് ദഹിച്ചില്ല, അതല്ല ദഹിക്കാൻ പാടില്ലല്ലോ. എന്നെ കൊണ്ട് ഇത്ര ഒക്കെയെ പറ്റൂ. പീക്കിരികളോടു കൂടെ നടക്കുമ്പോൾ വിനുക്കുട്ടൻ എന്നെ ശാസിച്ചു, ” അലോഷി എന്തിനാ ആരോടും പറയാതെ ഇങ്ങോട്ടു പോന്നത്” പത്തോളം പിജി ഡിപ്പാർട്‌മെൻറ്സ് ഉള്ളതിൽ നിന്നുള്ള സീനിയർസ് എല്ലാം പുലിമേടയിലാണ് തമ്പടിക്കാറുള്ളത്. എനിക്കെങ്ങാനും വല്ലതും പറ്റിയിരുന്നെങ്കിലോ എന്ന ചിന്തിച്ചാകണം വിനു അങ്ങനെ പറഞ്ഞത്. ” എനിക്കൊന്നും പറ്റില്ലല്ലോ വിനുകുട്ടാ” ഇത് കേട്ടതും “അല്ല അലോഷിക്ക് എന്തേലും പറ്റുമെന്നല്ല, അവർക്കെന്തെലും പറ്റിയാലോ എന്നോർത്ത് പറഞ്ഞതാ” ജെസ്റ്റു ആണ്.

ഞാൻ അവനെ ഒന്ന് രൂക്ഷമായി നോക്കിയപ്പോൾ പീക്കിരികൾ എല്ലാംകുടെ വായ പൊത്തി ചിരിക്കുവാന്നു. ഇതെന്താ ഇപ്പൊ ഇങ്ങനെ പറയാൻ എന്നോർത്ത് നിന്നപോലെയാണ്, എന്റെ കൂടെ പ്ലസ് ടുവിന് പഠിച്ച നിഷ പ്രിൻസ്, ജെസ്റ്റുവിന്റെ കസിൻ ആന്നെന്നു അവൻ പറഞ്ഞത്. ശ്ശെടാ തകർന്നു. അപ്പോൾ എന്റെ പൂർവകാല ചരിതം ഒക്കെ അവൾ ഇവന്മാരോട് വിളമ്പിയിട്ടുണ്ടാകണം. എന്തായാലും അവന്മാരെ കൊണ്ട് അധികം സംസാരിപ്പിക്കാതെ ഞാൻ ക്യാന്റീനിലേക്കു നടന്നു. പീക്കിരികളും പുറകിൽ ഉണ്ട്. “മുത്തൂ രണ്ടു കോഫീ, മൂന്ന് ചായ, ഒരു കട്ടൻ ചായ” ക്യാന്റീനിലെ ചേച്ചിയോട് പറഞ്ഞിട്ട് ഞങ്ങൾ ടേബിളിൽ ഇടം പിടിച്ചു. …. ******

അവ്യക്തമായ ചിത്രങ്ങൾ പോലെ കോളേജിൽ നടക്കുന്ന റാഗിംഗ്, വെളുത്ത വസ്ത്രങ്ങളിലേക്കു തെറിക്കുന്ന മഷി, പടിയിൽ നിന്ന് പുറകിലേക്ക് തലയിടിച്ചു വീഴുന്ന ഞാൻ. ….. തല തറയിൽ ശക്തമായിടിച്ചു വീഴുന്ന രംഗം വച്ച് സ്വപ്നത്തിൽ നിന്നും ഞാൻ ഉണർന്നു വന്നു. കർത്താവിനെ വിളിച്ചു കുരിശു വരച്ചു കൊണ്ട് ഞാൻ ക്ലോക്കിലേക്കു നോക്കി. സമയം ആറാകാൻ പോകുന്നു. എന്തായാലും ഇനി കിടക്കേണ്ട എന്ന് വച്ച് ഞാൻ എഴുന്നേറ്റു. എന്നാലും ആ സ്വപ്നം. .. അതൊരു മുന്നറിയിപ്പായിരുന്നോ? ഇന്നലെ നടന്നതൊന്നും ഞാൻ അമ്മയോട് പറഞ്ഞിരുന്നില്ല, കേട്ടാൽ അത് മതി അന്നമ്മക്കു ബിപി കേറാൻ.

മനസ്സിൽ നിറഞ്ഞു നിന്ന അസ്വസ്ഥതയെ പുതപ്പിനൊപ്പം എന്നിൽ നിന്നു നീക്കി, ഞാൻ സന്തോഷത്തോടെ എഴുന്നേറ്റു. എന്നത്തേയും പോലെ ഒരു ജീൻസും ഷർട്ടും ഡെനിമിന്റെ കോട്ടും ധരിച്ചു, അമ്മയോട് ടാറ്റ പറഞ്ഞു അപ്പക്കൊപ്പം കാറിൽ കോളേജിലേക്ക് പുറപ്പെട്ടു. അദിതി വരുവോ എന്തോ ഇന്ന് കോളേജിൽ, പുള്ളിക്കാരിയുടെ പേര് കേട്ടത് മുതൽ ആളെ കാണാൻ വളരെ ആകാംഷ തോന്നുകയാണ്. അദിതി മഹേശ്വർ രാജ്പുത്. ഒരുപക്ഷെ ആ പേര് ആയിരിക്കണം എനിക്ക് കൗതുകമായത്. നോർത്തിന്ത്യൻ പേരാണ്, എന്തിനാകണം ഇങ്ങോട്ടേക്കു പഠിക്കാൻ വരുന്നത്. എനിക്ക് പെട്ടെന്ന് ഡിഗ്രി കോളേജിന്റെ കാര്യം ഓര്മ വന്നു. അവിടെ പത്തോളം നോർത്തിന്ത്യൻസ് ഉണ്ടായിരുന്നു.

എന്റെ ക്ലാസ്സിലും ഉണ്ടായിരുന്നു, സൗന്ദര്യ മിശ്ര. ഓർത്തിരുന്നു കോളേജ് എത്തിയത് അറിഞ്ഞില്ല, അപ്പ വിളിച്ചപ്പോളാണ് ബോധം വന്നത്. ഞാൻ അപ്പയോടു ടാറ്റ പറഞ്ഞു പതിയെ കോളേജിനുള്ളിലേക്കു കേറി. നടപ്പാതയിൽ നിറയെ മഞ്ഞ പൂവ് വീണു കിടക്കുന്നു, മെത്ത പോലെ, മഞ്ഞക്കപ്പുറം ചുവന്ന പൂക്കൾ. ഈ മരത്തിന്റെ ഒക്കെ പേരെന്താകും. ആവോ ആർക്കറിയാം, ഞാൻ പതിയെ ക്ലാസ്സിലേക്ക് നടന്നു. ഇരുപതിലധികം യൂജി ഡിപ്പാർട്‌മെന്റുകളും പത്തോളം പിജി ഡിപ്പാർട്‌മെന്റുകളുമായി ധാരാളം കുട്ടികൾ പഠിക്കുന്ന ഒന്നായിരുന്നു ഞങ്ങളുടെ കോളേജ്. പലതരം മരങ്ങൾ കുട ചൂടുന്ന വലിയ ക്യാമ്പസ്. ഓരോ മണൽത്തരിക്കും ഒരായിരം കഥകൾ പറയാനുണ്ടാകാം.

സൗഹൃദങ്ങളുടെ പ്രണയങ്ങളുടെ, പ്രണയ നഷ്ടങ്ങളുടെ, മറ്റു ചിലപ്പോൾ ചതിയുടെയും വഞ്ചനയുടേതും ഉൾപ്പെടെ. ………. ഇല്ല ക്ലാസ്സിൽ അദിതി എന്ന കഥാപാത്രം എത്തിയിട്ടില്ല. ഈ കുട്ടി ഇനി എന്നാകും വരുന്നത്, അതോ വരാതെ ഇരിക്കുമോ? ആലോചിച്ചിരിക്കാൻ അധികം സമയം ഇല്ലായിരുന്നു. ശ്രീദേവി മാം ക്ലാസ്സിൽ എത്തി. പതിഞ്ഞ ആകാശനീല നിറമുള്ള കോട്ടൺ സാരി മനോഹരമായി അടുത്തിരിക്കുന്നു. നെറ്റിയിൽ ചെറിയൊരു പൊട്ടും ചന്ദനകുറിയും, വെളുത്തു മെലിഞ്ഞ ശരീര പ്രകൃതം. ഇടതുകൈയിൽ കറുത്ത ലെതർ വാച്ച്. നാല്പത്തിനടുത്തു പ്രായം ഉണ്ടാകും മാമിനു. കുട്ടികൾക്ക് ബോറടിക്കാതെ തരത്തിൽ , സരസമായി ക്ലാസ് എടുക്കാനുള്ള കഴിവ് മാമിനെ ഇപ്പോഴും കുട്ടികൾക്ക് പ്രിയങ്കരിയാക്കി.

ഞാനും പതിയെ മറ്റുള്ള കാര്യങ്ങൾ എല്ലാം മറന്നു ക്ലാസ്സിൽ ലയിച്ചു പോയി. ഉച്ചക്ക് ശേഷം സീനിയർസ് പരിചയപ്പെടാൻ വരുമെന്നും, അവർ തരുന്ന ടാസ്ക്കുകൾ മടിക്കാതെ ചെയ്യണം എന്നും തോമസ് സാർ ഞങ്ങളോട് പറഞ്ഞു. ടാസ്കുകൾ കഠിനമാകുമോ എന്ന് മാളവിക ചോദിച്ചപ്പോള്, ഒരിക്കലുമില്ല, ഇതൊക്കെ കോളേജ് ലൈഫിന്റെ പാർട്ട് ആയി നിങ്ങൾക്ക് എന്ജോയ് ചെയ്യാനുള്ള കാര്യങ്ങൾ ആകും എന്ന് പറഞ്ഞു സർ ഞങ്ങളെ സമാധാനിപ്പിച്ചു. ടോട്ടൽ ഇരുപതു കുട്ടികൾക്ക് അഡ്മിഷൻ ആയിരുന്നതിൽ അദിതി ഒഴികെ ബാക്കി പത്തൊൻപതു പേരും അവിടെ അന്ന് ഹാജരായിരുന്നു.

എല്ലാരുടെയും മുഖത്ത് നേരിയ ടെൻഷൻ കാണാനുണ്ട്. റോയിച്ചനും ദേവും വല്യ കുഴപ്പമില്ലാതെ ഇരിക്കുകയാണ്, അവര് ഈ കോളേജിന്റെ തന്നെ പ്രോഡക്ട്സ് ആണല്ലോ. രാവിലത്തെ സ്വപ്നത്തിന്റെ ഓര്മ ഇടയ്ക്കിടെ വന്നു പോകുന്നതൊഴിച്ചാൽ ഞാൻ പൂർണമായും ഓക്കേ ആയിരുന്നു. സീനിയർസ് വരട്ടെ എല്ലാത്തിനേം ഓടിച്ചു മടക്കി പെട്ടിലാക്കുന്ന കാര്യം ഞാൻ ഏറ്റു. ഭക്ഷണം ഒക്കെ കഴിച്ചിട്ട് അവരെയും പ്രതീക്ഷിച്ചിരുന്നപ്പോൾ ഉണ്ട്, ദേ പടകൾ എല്ലാം കൂടെ വരുന്നുണ്ട്. മാളു ആണേൽ അല്ലേലേ ടെൻഷൻ പാർട്ടി ആണ്, ദേ ഇപ്പൊ ഇരുന്നു എന്തൊക്കെയോ പ്രാര്ഥിക്കുന്നുമുണ്ട്.

എനിക്കാണേൽ അവളുടേ വെപ്രാളം ഒക്കെ കണ്ടു ചിരി വരുന്നു. അങ്ങനെ ഞങ്ങളുടെ ക്ലാസ്സിലേക്ക് എം. കോം രണ്ടാം വർഷ വിദ്യാർത്ഥികളും ഞങ്ങളുടെ സീനിയർസുമായ പുലിക്കുട്ടികൾ അതോ പൂച്ചകുട്ടികളോ പ്രവേശിച്ചു കഴിഞ്ഞു. അവരെല്ലാം, ഞങ്ങളെ അഭിമുഖമായി കിട്ടുന്ന തരത്തിൽ നടുവിൽ സ്ഥലം വിട്ടു സീറ്റ് അറേഞ്ച് ചെയ്തിരുന്നു. ആദ്യം പൊക്കിയത്, റോയിച്ചനെ ആണ്. സെല്ഫ് ഇൻട്രോ, കൊട്ത്ത ശേഷം നിന്ന റോയ്ച്ചനോട് ചോദിക്കുന്ന ചോദ്യങ്ങൾക്കു ബാഹുബലിയിൽ കാലകേയമ്മാരു സംസാരിക്കുന്ന ഭാഷയിൽ മറുപടി പറയാനാണ് ടാസ്ക് ആയി കൊടുത്തത്, യാതൊരു മടിയും കൂടാതെ, സംസാരിച്ചു തകർത്തു എന്ന് പറഞ്ഞാൽ മതിയല്ലോ.

നീണ്ട കയ്യടികൾക്കും അനുമോദനങ്ങൾക്കും ഒടുവിൽ റോയിച്ചൻ വിജയശ്രീലാളിതനായി സ്വന്തം സീറ്റിലേക്ക് മടങ്ങി. അടുത്ത പണി നിവേദിതക്കായിരുന്നു, അവളെ കൊണ്ട് ബാർ സോപ്പിന്റ മാർക്കറ്റിങ് നടത്തി. അങ്ങനെ ഓരോരുത്തരായി പോയി പണി മേടിച്ചു കൊണ്ടിരിക്കെ ഞാൻ സീനിയർസിന്റെ എണ്ണം എടുക്കുവായിരുന്നു. പത്തൊൻപതേ ഉള്ളതോ ഒന്ന് എവിടെ പോയി എന്ന് ആലോചിച്ചു കൊണ്ടിരിക്കുമ്പോൾ വാതിലിൽ ഒരു മുട്ട് കേട്ടു. ആരാണ് നോക്കിയത് പ്രീതിച്ചേച്ചി ആയിരുന്നു, നമ്മട പീക്കിരികൾ, അവർ ക്ലാസ് കട്ട് ചെയ്തു മുങ്ങിയതാണ്. ആദ്യം കേറ്റിവിടില്ല എന്ന് പറഞ്ഞെങ്കിലും, അവരുടെ ദയനീയമായ നിൽപ്പ് ഒക്കെ കണ്ടു സീനിയർസ് പതിയെ അലിഞ്ഞു.

അവന്മാര് കൊച്ചു കുഞ്ഞുങ്ങളുടെ മുഖഭാവത്തോടെ വന്നു എന്റെ സൈഡിലായി ഇടം പിടിച്ചു. ചിരിക്കാൻ പറ്റില്ല, ഞാൻ എങ്ങാനും ചിരിച്ചു പോയാൽ ചിലപ്പോ മുട്ടൻ പണി പുറകെ വരും. ഇന്നലെ പുലിമടയിൽ വച്ച് എന്നെ വിരട്ടിയവരിൽ കുറച്ചു പേര് ഞങ്ങളുടെ തന്നെ സീനിയർസ് ആയിരുന്നു. ഡബ്സ് മാഷും, ഫിലിം നെയിം ഗസ് ചെയ്യലും, അഭിനയവും ഒക്കെ ആയി പണികൾ തകർത്തു നടക്കുന്നതിന്റെ ഇടയിൽ വീണ്ടും ആരോ വന്നു ക്ലാസ്സിനുള്ളിലേക്കു കേറി. വിനുക്കുട്ടനോട് കത്തിവയ്ക്കുന്നതിന്റെ തിരക്കിൽ ഞാൻ ആളെ ശ്രദ്ധിച്ചിരുന്നില്ല. പേടിച്ചു വിറച്ചിരുന്ന മാളുവും സ്വന്തം ടാസ്ക് മിടുക്കിയായി ചെയ്തിരുന്നു.

കൂട്ടത്തിൽ കലിപ്പ് ലുക്ക് ഒക്കെ ഉള്ളത് കൊണ്ട് അഭിജിത്തിന്‌ പാഞ്ചാലി വസ്ത്രക്ഷേപം ആണ് ടാസ്ക് ആയി കൊടുത്തത്. ചുമ്മാ പറയണ്ടല്ലോ ചെക്കന് നല്ലൊരു ഭാവി ഉണ്ട് എന്ന് എല്ലാരും പറഞ്ഞു. . അവൻ ഒരു പിടി പിടിച്ചതും പാഞ്ചാലിയായി വേഷം കെട്ടിയ ചേട്ടന്റെ സാരി അഴിഞ്ഞു അഭിടെ കൈയിൽ. ചിരിയുടെ പൂരം ആയിരുന്നു പിന്നെ കുറെ നേരം….. .. ക്ലാസ്സിൽ ഏഴു ചെക്കന്മാരും പന്ത്രണ്ടു പെൺപിള്ളേരും ഉള്ളതിൽ ഞാൻ ഒഴികെ എല്ലാരുടെയും ടാസ്‌കും പരിചയപ്പെടലും കമ്പ്ലീറ്റ് ആയി. അവസാനം അവർ എന്നെ വിളിച്ചു. ഞാൻ എണീറ്റ് പോയപ്പോ പുറകിൽ നമ്മട പീക്കിരികൾ ഇരുന്നു അലോഷി.. അലോഷി… എന്ന് വിളിക്കുന്നുണ്ടായിരുന്നു.

സെല്ഫ് ഇൻട്രോ കൊടുത്തു കഴിഞ്ഞതും എനിക്ക് തന്ന ടാസ്ക് നാഗവല്ലിയായി അഭിനയിക്കാനായിരുന്നു. കൂടെ നകുലനായി ഇന്നലെ കണ്ട കഞ്ചാവ്, ശെടാ പുള്ളി കഞ്ചാവ് ഒന്നും അല്ല കെട്ടോ, ഞാൻ വെറുതെ പറഞ്ഞെന്നെ ഉള്ളു. എന്തായാലും ഞാൻ അഭിനയിചില്ല, ജീവിച്ചങ്ങു കാണിച്ചു കൊടുത്തു. “അയോഗ്യ നായെ ഉന്നെ കൊൻട്ര് ഉൻ രത്തത്തെ കുടിത്ത് ഓങ്കാര നടനമാടിടുവേൻ. ……….. ” “ഗംഗേ …. ” എന്റെയും ഞമ്മടെ കഞ്ചാവിന്റേം അല്ല അരുണിന്റെം അഭിനയം കണ്ടു എല്ലാരും കയ്യടിച്ചും കൂക്കി വിളിച്ചും പ്രോത്സാഹിപ്പിച്ചു.

അടുത്ത സ്റ്റെപ് “എനിക്കെന്താ പറ്റിയെ നകുലേട്ടാ “എന്നും വിളിച്ചു ഞാൻ അരുണിന്റെ അടുത്തേക്ക് നടന്നതും പുള്ളി ഒന്ന് ഞെട്ടി, എനിക്കതു കണ്ടപ്പോൾ ബൂസ്റ്റ് കുടിച്ചത് പോലെ ആവേശം വന്നു ഒന്ന് കലക്കികളയാം എന്ന് ഉദ്ദേശിച്ചു കൊണ്ട് ഞാൻ വീണ്ടും അടുത്തോട്ടു നടന്നപ്പോൾ പുള്ളി സൈഡിലേക്ക് നോക്കി പുറകോട്ടു നടക്കുകയാണ്. ഞാൻ കേറി കെട്ടി പിടിക്കും എന്ന് വിചാരിച്ചാകണം. പെട്ടെന്ന് ഒരു പെണ്ണ് മതി മതി എന്നും പറഞ്ഞു ഞങ്ങളുടെ ഇടയിൽ കേറി നിന്നു………..

ഓ ഇന്നലത്തെ യക്ഷി, ഇന്നലെ ഞാൻ അവനെ ചേട്ടായി എന്ന് വിളിച്ചപ്പോൾ അവക്ക് പൊള്ളിയത് കണ്ടപ്പളേ എനിക്ക് തോന്നിയതാണ് എന്തൊക്കെയോ ചീഞ്ഞു നാറുന്നുണ്ടെന്നു. ഓഹ് ഐ ഡബ്ലിയൂ ആരുന്നല്ലേ…. ഞാൻ ഏറ്റു മോളെ. … ഞാൻ ഒരു പച്ച ചിരിയും ചിരിച്ചു സീറ്റിലേക്ക് മടങ്ങാൻ തുടങ്ങിയതും ടാസ്ക് തീർന്നില്ല എന്ന് ആരോ പറയുന്ന കേട്ടു. ഇനി എന്താ എന്നുള്ള മട്ടിൽ തിരിഞ്ഞു നിന്നപ്പോൾ ആണ് പ്രീതി ചേച്ചി എന്നോട് പാട്ടുപാടാൻ പറഞ്ഞത്. പാട്ടു പാടാനോ, എവിടെയോ ഏതൊക്കെയോ മുറിവുകൾ എന്നെ വേദനിപ്പിച്ചു കൊണ്ട് വീണ്ടും…. അമ്മയുടെയും അപ്പയുടെയും മുഖം മനസ്സിൽ തെളിഞ്ഞു.

മടിച്ചു നിന്നപ്പോൾ പുറകിൽ നിന്ന് അലോഷി അലോഷി എന്ന് വിളി കേട്ടു. എല്ലാരുടെയും നിർബന്ധത്തിനു വഴങ്ങി ഞാൻ പാടാൻ സമ്മതിച്ചപ്പോൾ, പീക്കിരികൾ ബഹളമുണ്ടാക്കുന്നത് കണ്ടു ഞാൻ ചെറു ചിരിയോടെ നിന്നു. എന്നാ പിന്നെ പാടിട്ടു തന്നെ കാര്യം…….. കാർമുകിലിൽ പിടഞ്ഞുണരും തുലാ മിന്നലായി നീ വാതിലുകൾ തുറന്നടയും നിലാ നാണമായി നീ വിവശമെന്തോ കാത്തിരുന്നും അലസമേതോ മൗനമാർന്നും വിവശലോലം കാത്തിരുന്നും അലസമേതോ മൗനമായി പറയാതറിഞ്ഞു ഞാൻ ഇത്രയും പാടി നോക്കിയപ്പോളുണ്ട് എല്ലാരും കണ്ണും തള്ളി ഇരിക്കുവാന്നു,

കുറച്ചു പേര് ചെവി പൊത്തിപിടിച്ചിട്ടുണ്ട്. പീക്കിരികൾ ഇപ്പൊ എണീറ്റ് ഓടും എന്ന അവസ്ഥയിൽ ആണ്, ചിരി പൊട്ടുന്ന മുഖത്തോടെ ഞാൻ നിന്നു. എന്റെ കണ്ണുകൾ ആ മുഖങ്ങളിലൂടെ അറിയാതെ സഞ്ചരിച്ചപ്പോളാണ് എന്നെ തന്നെ കണ്ണിമയ്ക്കാതെ നോക്കുന്ന ഒരു രൂപം കണ്ണിൽ തടഞ്ഞത്. ഞാൻ എന്നും സ്നേഹിച്ചിരുന്ന, ആരാധിച്ചിരുന്ന എന്റെ സംഗീതത്തെ. സ്വരങ്ങളെ വികലമാക്കാൻ പിന്നെ എനിക്ക് സാധിച്ചില്ല, ഒരു നിമിഷത്തിന്റെ ആവേശത്തിൽ ഞാൻ പാടി മുറിപ്പെടുത്തിയ രാഗങ്ങൾക്കു ഒരു തലോടലെന്നവണ്ണം ആ ഗാനത്തിന്റെ ബാക്കി വരികൾ ചുണ്ടുകൾ മൂളി.. അറിയാതെ! പാതിരായോ പകലായി മുള്ളുകളോ മലരായ് പ്രിയാ മുഖമാം നദിയിൽ നീന്തിയലയും മിഴികൾ.

പാടികഴിഞ്ഞപ്പോൾ ആദ്യം സദസ് നിശബ്‍ദം ആയിരുന്നു. ഏതാനും നിമിഷങ്ങൾക്കു ശേഷം നിർത്താതെ മുഴങ്ങിയ കരഘോഷങ്ങൾ എന്നെ തിരികെ എത്തിച്ചു. ഇത്രയും സമയം ഞാൻ മറ്റേതോ ലോകത്തായിരുന്നു. ഭാരമില്ലാതെ അപ്പുപ്പൻതാടി പോലെ ഒഴുകി നടന്നിട്ടു തിരിച്ചെത്തിയ അവസ്ഥ. എന്റെ കണ്ണുകൾ എന്തിനോ വേണ്ടി ചുറ്റും തിരഞ്ഞു. അലോഷി പൊളിച്ചളിയാ… എന്നും വിളിച്ചു കൊണ്ട് പീക്കിരികൾ എന്റെ നേരെ വന്നു. പ്രീതിച്ചേച്ചി പതിയെ എന്നെ ചേർത്ത് പിടിച്ചു. പിന്നെയും അഭിനന്ദനങ്ങളുടെ കുത്തൊഴുക്ക്. പുലിക്കുട്ടികൾ എല്ലാം ഒരൊറ്റ പാട്ടിൽ ഫ്ലാറ്റ്.

അവരൊന്നും ഇത്രയും പെട്ടന്നു സുഹൃത്തുക്കൾ ആകുമെന്ന് കരുതിയില്ല. സംഗീതത്തിന്റെ ശക്തി… അതിലൊന്നും മുഴുകാതെ പൊങ്ങ് തടി പോലെ മനസ്സും. എല്ലാവരുടെയും സ്നേഹത്തിന് നന്ദി പറഞ്ഞതും, അവിടെ നിന്നും വീട്ടിലെത്തിയതും എല്ലാം ഒരു സ്വപ്നം പോലെ…. മുറിയിൽ കണ്ണാടിയിൽ പ്രതിഫലിക്കുന്ന എന്റെ രൂപം നോക്കി നിൽക്കെ വിനു എന്നോട് ചോദിച്ച ചോദ്യം വീണ്ടും മനസ്സിൽ മുഴങ്ങി. ഇത്രയും നന്നായി പാടുമായിരുന്നിട്ടും എന്തിനാ അലോഷി, ആദ്യം ആ പാട്ടിനെ കൊന്നു കൊലവിളിച്ചത്..

ഏതൊക്കെയോ ഓർമ്മകൾ മിന്നലൊളി പോലെ മനസ്സിൽ നിറയുന്നു. ഞാൻ പതിയെ ഇടം ഞെഞ്ചിൽ കയ്യമർത്തി. കണ്ണുകളടച്ചു. ഒരു തുള്ളി കണ്ണുനീർ അറിയാതെ ഇറ്റു വീഴവെ ഞാൻ ഓർത്തു അതരാകും ഞാൻ എന്നോ മറന്നു പോയ ഈണങ്ങൾ എന്റെ ചുണ്ടിൽ തിരികെയെത്തിച്ച മുഖത്തിന്റെ ഉടമ. തെളിച്ചമില്ലാത്ത അവ്യക്തമായ ഓര്മ മാത്രമേ കിട്ടുന്നുള്ളു. കാർമുകിലിൽ പിടഞ്ഞുണരും ……. ചുണ്ടുകൾ വീണ്ടും ആ പാട്ടു മൂളി…. തുടരും

അദിതി : ഭാഗം 3

Share this story