അത്രമേൽ: ഭാഗം 5

അത്രമേൽ: ഭാഗം 5

എഴുത്തുകാരി: ശ്രുതി കൃഷ്ണ

“നീയെന്തൊക്കെയാ മോളേ ഈ പറയണേ…കല്യാണം കഴിഞ്ഞ് ആ പൊട്ടിയെ കൂടി അങ്ങോട്ട് കൊണ്ട് പോവാന്ന് വച്ചാൽ… നിക്കതത്ര ദഹിക്കണില്ല…ആ സരസ്വതിടെ മനസ്സ് മാറ്റി എടുത്തത് തന്നെ എത്ര പണിപ്പെട്ടിട്ടാ… അപ്പൊ പിന്നെ ഈ നശൂലത്തെ കൂടി അങ്ങോട്ട് കെട്ടിയെടുക്കണോ?” സരസ്വതിയമ്മയുടെ തീരുമാനത്തെ അനുകൂലിച്ചതിന് വർഷയോട് ഇന്ദിര വല്ലാതെ കയർത്തു. “എന്റെ അമ്മേ… നിങ്ങളിത്ര മണ്ടിയാണോ? ഞാൻ പറയുന്നത് ഒന്നു മനസ്സിലാക്കു….” അവളവരുടെ കരം കവർന്നു സമാധാനിപ്പിക്കാൻ ഒരു ശ്രമം നടത്തിയെങ്കിലും അവർ ഈർഷ്യയോടെയത് തട്ടി മാറ്റി. “നിക്ക് എല്ലാം മനസ്സിലാവണിണ്ട്… ഒരു ഡോക്ടർ പയ്യനെ ഭർത്താവായി കിട്ടാൻ തുടങ്ങുമ്പോൾ നിനക്ക് ഈ അമ്മയെക്കുറിച്ച് ചിന്തയില്ലാതായി…

നീ പോയാൽ ഇവിടെ ഒറ്റയ്ക്കാവണ ന്നെ കൂടെ കൊണ്ടോവാൻ നിനക്ക് തോന്നിയോ? എന്നിട്ട് ആ മണ്ടിയെ കൊണ്ടു പോവാൻ നിൽക്കണു… അവളെയങ്ങു കൊണ്ട് പോയാൽ നിക്കാരാ….? ഇവിടുത്തെ പണിയൊക്കെ ന്നെക്കൊണ്ട് ഒറ്റയ്ക്ക് കൂടിയാൽ കൂടോ… എന്നിട്ടിപ്പോ ഇക്കണ്ടകാലം നിനക്ക് വേണ്ടി ജീവിച്ച ഞാൻ മണ്ടി… പത്ത് മാസം ചുമന്നു നൊന്ത് പെറ്റ ഞാൻ മണ്ടി…ല്ലേ… നിക്കിത് തന്നെ കിട്ടണം…” തന്റെ ചുളിവ് വീണ കയ്യിൽ മുഷ്ടി ചുരുട്ടിപ്പിടിച്ചവർ നെഞ്ചിൽ രണ്ട് തല്ല് തല്ലി….നേര്യേതിന്റെ അറ്റം വലിച്ചെടത്ത് നിറഞ്ഞ കണ്ണുകൾ അമർത്തിത്തുടച്ചു… മൂക്ക് ആഞ്ഞു പിഴിഞ്ഞ് മുണ്ടിൽ തുടച്ചു…. “ശൊ…. ഈ അമ്മ….” സ്വൊന്തം തലയിൽ കൈ ചേർത്ത് വർഷയൊന്ന് നെടുവീർപ്പിട്ടു… “ശെരി… അവളെ കൊണ്ട് പോവണില്ലാ…

അവളെ മാത്രല്ല ഞാനും പോണില്ല… നമ്മൾക്കെല്ലാർക്കുടി ഇങ്ങനെ തന്നെ അങ്ങ് മുൻപോട്ട് പോവാം… അവസാനം സുധാകരൻ അങ്കിൾ ഗോപുനെക്കൊണ്ട് നമ്മളെ ഇവിടുന്ന് തല്ലിപ്പുറത്താക്കുമ്പോൾ കെട്ടും ഭാണ്ഡവും എടുത്ത് തെരുവിലേക്കിറങ്ങാം… ന്താ…” അരിശത്തോടെ പറഞ്ഞുതീർത്ത് അവളിത്തിരി മാറിയിരുന്നു… ഒരുവേള ഇന്ദിരയും അവളുടെ സംസാരത്തിൽ അമ്പരന്നുനോക്കി… “ഇങ്ങനെ തുറിച്ചു നോക്കണ്ട…. നടക്കാൻ പോണ കാര്യാ പറയണത്… ഗോപുനെ കൊണ്ടോവാൻ സമ്മതിച്ചില്ലെങ്കിൽ ഈ കല്യാണം നടക്കുംന്ന് അമ്മയ്ക്ക് തോന്നുന്നുണ്ടോ… സുധാകരൻ അങ്കിൾ ഒരിക്കലും ഇതിന് സമ്മതിക്കില്ല്യാ…

ഗോപുനെ ഇനി സരസ്വതിയമ്മായി ഒരിക്കലും മരുമകളായി സ്വീകരിക്കില്ലായിരിക്കും… പക്ഷെ ഇന്നാട്ടില് കല്യാണപ്രായമായ വേറേം പെൺകുട്ടികൾ ഉണ്ട്… സൗന്ദര്യം ഉള്ളവർ… പൊന്നും പണവും ധാരാളം ഉള്ളവർ… അതിലാരെങ്കിലും ദർശേട്ടന്റെ ഭാര്യയായി വരും. പണത്തിന്റെ കാര്യത്തിൽ ഞാനും അമ്മയും ഇപ്പോഴും വട്ടപൂജ്യം തന്നെയാണ്… ഗോപുന് വിവരമില്ലാത്തത് കൊണ്ടും അവൾക്ക് നമ്മളെ പേടിയായതു കൊണ്ടും ഇത്രനാൾ പിടിച്ച് നിന്നു.പക്ഷെ സുധാകരൻ അമ്മാവൻ ബുദ്ധിമാനാ… നമ്മളുടെ കൺകെട്ട് കളിയൊന്നും അവടെ വിലപ്പോകില്ല…” വർഷപറഞ്ഞ കാര്യങ്ങൾ ഒന്നുകൂടി മനസ്സിലിട്ടു ചിന്തിക്കുകയായിരുന്നു ഇന്ദിര…

അവൾ പറയുന്നതിലും ചെറിയൊരു കാര്യമില്ലേ എന്നൊരു നേരിയ സംശയം അവരിൽ കുരുങ്ങിക്കിടന്നു… “നീ എന്താ മോളേ പറഞ്ഞു വരുന്നത്?” “അങ്ങനെ ചോദിക്ക് അമ്മേ… ദർശേട്ടൻ സ്വീകരിക്കാത്ത പക്ഷം ആ പൊട്ടീടെ വിവാഹം ഈ ജന്മത്തിൽ നടക്കുമെന്ന് തോന്നുന്നുണ്ടോ അമ്മയ്ക്ക്… നമ്മൾ എന്തായാലും നടത്തില്ല…ഇനി ആരെങ്കിലും അങ്ങനൊരു സാഹസത്തിന് ഇറങ്ങിപ്പുറപ്പെട്ടാൽ നമ്മൾ എന്ത് ചെയ്തും മുടക്കിയിരിക്കും… അപ്പോൾ പിന്നെ ഇക്കണ്ട സ്വത്തുക്കൾ ഒക്കെ അന്യാധീനപ്പെട്ടു പോകാതെ നമ്മുടെ കയ്യിൽ തന്നെ കിടക്കും… ഇതൊക്കെ വേണ്ടുവോളം ആസ്വദിച്ചു നമുക്കങ്ങു കൂടാം… അവളിവിടെ അടുക്കളപ്പുറത്ത് കരിയും പുകയും കൊണ്ട് എരിഞ്ഞു തീരട്ടെ…

അതിന് വേണ്ടിയല്ലേ നമ്മൾ ഈ കളികളൊക്കെ കളിച്ചത് ഒരിക്കൽ നമുക്കവളെ മടുക്കുമ്പോൾ…എല്ലാം എഴുതി വാങ്ങി ഭക്ഷണത്തിലിത്തിരി വിഷം ചേർത്തു കൊന്ന് കളഞ്ഞേക്കാം…എപ്പോഴും വിശപ്പായോണ്ട് കൊല്ലാനും എളുപ്പമാ…ന്താ…” വർഷ പകയോടെ പറഞ്ഞപ്പോൾ അതെല്ലാം മനസ്സിൽ സങ്കൽപ്പിച്ചു ഇന്ദിരയും ഊറിചിരിച്ചു… പൊടുന്നനെ ആ ചിരി മാഞ്ഞു…ചെറിയൊരു ശങ്കയോടെ അവർ മകളെ നോക്കി… “പക്ഷെ സുധാകരൻ… അയാൾ ഉള്ളിടത്തോളം ഇപ്പറഞ്ഞതൊന്നും അത്ര എളുപ്പമാവില്ല…” “എനിക്കറിയാം അമ്മേ… അതിനല്ലേ ഞാൻ…സരസ്വതി ആന്റിടെ കണ്ണിൽ ഇപ്പഴേ ഗോപു ഒരു കരടായിക്കഴിഞ്ഞു… കല്യാണം കഴിയുന്നതോടെ ദർശേട്ടനെ പാട്ടിലാക്കാൻ എനിക്കെളുപ്പമാ…

പിന്നെ അങ്കിളിന്റെ കാര്യം…അങ്കിളിന്റെ മനസ്സ് മാറ്റാൻ ദർശേട്ടനൊപ്പം കൽക്കട്ടയ്ക്ക് പോവുന്നത് വരെയുള്ള സമയം തന്നെ എനിക്ക് ധാരാളമാ… ഗോപുവിന് പകരം ഈ വർഷയുടെ രൂപം ആ മനസ്സിൽ ഞാൻ പറിച്ചു നടും… അയാളുടെ മകൻ എന്റെ കഴുത്തിൽ കെട്ടുന്ന താലിയാണെന്റെ തുറുപ്പ് ചീട്ട്.അവസാനം വെറുത്ത്…മനസ്സ് മടുത്ത് അവർ തന്നെ അവളെ അവിടെ നിന്ന് ഇറക്കി വിടും…പക്ഷെ ഇനിനെല്ലാം മുൻപേ അവളെ എനിക്കവിടെ കിട്ടണം… എന്റെ കാൽച്ചുവട്ടിൽ…” കത്തുന്ന കണ്ണുകളോടെ…പല്ലു ഞെരിച്ചവൾ പറഞ്ഞു… ഇന്ദിരയും എല്ലാം ഓർത്തോർത്ത് ചിരിച്ചു… മനസ്സ് നിറഞ്ഞവർ നെടുവീർപ്പിട്ടു. “അമ്മ നോക്കിക്കോ ഇനി വരാൻ പോകുന്നത് ഈ വർഷയുടെ ദിവസങ്ങളാ…

ഇവിടുത്തെ പോലെ അവിടെയും ഇനി വർഷയുടെ ഇഷ്ടങ്ങളും താല്പര്യങ്ങളും മാത്രമേ നടക്കൂ… എല്ലാവരെയും അടക്കി ഭരിച്ചു ഞാൻ വിലസും…” ഇടുപ്പിൽ കൈ കുത്തി… തല ഉയർത്തിപ്പിടിച്ചവൾ പറഞ്ഞു…എന്താ അമ്മയ്ക്കെന്നെ വിശ്വാസമില്ലേ.. “എന്നാലും മോളേ അവള് പോയാൽ പിന്നെ ഇവിടുത്തെ കാര്യങ്ങളൊക്കെ ആകെ തകിടം മറിയും… നിനക്കറിയാല്ലോ ഒരു പുല്ല് പറിച്ചാൽ തന്നെ നിക്ക് വല്ലാത്ത അവശതയാ…അപ്പൊ പിന്നെ ഈ വീട്ടിലെ പണികളൊക്കെ ഞാൻ ഒറ്റയ്ക്ക് എങ്ങനാ…” “അതിന് നമുക്ക് ആ ജാനുചേച്ചിയെ വിളിക്കാം…വീട്ടു പണിക്കും…രാത്രി അമ്മയ്ക്ക് കൂട്ട് കിടക്കാനും…ഞാൻ പോയാൽ പിന്നെ എന്റെ ചിലവുകളൊക്കെ അമ്മയ്ക്ക് ലാഭം അല്ലേ…

ആ വകയിൽ അവർക്ക് കൂലിയും കൊടുക്കാം…തികഞ്ഞില്ലെങ്കിൽ ദർശേട്ടന്റെ കയ്യിൽ നിന്നും വാങ്ങിച്ചെടുക്കാം… പിന്നെ സരസ്വതി ആന്റിയുടെ സ്വൊഭാവം വയ്ച്ചു അവിടെ ജോലിക്കാരിയെ വയ്ക്കാനൊന്നും സാധ്യതയില്ല… ഗോപു വന്നാൽ പിന്നെ എനിക്കവിടെ സുഖമായി…എല്ലാം അവളെക്കൊണ്ട് ചെയ്യിപ്പിക്കാല്ലോ…കാശും ലാഭം…പിന്നെ അവളെ അവിടുന്ന് അടിച്ചു പുറത്താക്കണ അന്ന് ഞാൻ വരും അവൾക്ക് പകരം എന്റെ അമ്മയെ കൊണ്ടോവാൻ…എന്റെ കൂടെ കഴിയാൻ.” മകളുടെ വാക്കുകൾ ഇന്ദിരയെ അത്രയേറെ സന്തോഷിപ്പിച്ചു…അവളുടെ മുടിയിൽ പതിയെ തലോടിക്കൊണ്ടവർ മകളെക്കുറിച്ചോർത്ത് അഭിമാനിച്ചു…ചേർത്തു പിടിച്ച് നെറ്റിയിൽ അമർത്തിമുത്തി ഇറുകെ… ഇറുകെ…കെട്ടിപ്പിടിച്ചു… ❤❤❤❤❤

“ഹാ ഇതാര് സുധാകരേട്ടനോ…. എന്താ ഇത്ര രാവിലെ തന്നെ ഈ വഴിക്ക്…?” ഇന്ദിര ഉമ്മറത്ത് പത്രം വായിച്ചു കൊണ്ടിരിക്കുമ്പോളായിരുന്നു സുധാകരന്റെ വരവ്…അയാളെക്കണ്ട് ബഹുമാനം നടിച് എളിമയോടെ കസേരയിൽ നിന്നവരെണീറ്റു…പത്രം മടക്കി ഉമ്മറത്തിണ്ണയിലേക്ക് വയ്ച്ചു…ഇരുന്ന കസേര നേര്യതിന്റെ അറ്റം പിടിച്ചൊന്ന് തുടച് അയാൾക്കിരിക്കാനായി നീക്കിയിട്ടു… അതിരു കവിഞ്ഞുള്ള അവരുടെ ബഹുമാനം കാൺകെ അയാൾ പുച്ഛത്തോടെ ഒന്ന് ചിരിച്ചു…തോളിലിട്ട തോർത്ത് മുണ്ടെടുത്ത് ഉമ്മറത്തിണ്ണയിൽ അമർത്തിതുടച്ചയാൾ അങ്ങോട്ടിരുന്നു…

അയാളുടെ പ്രവർത്തിയിൽ ഇന്ദിര വല്ലാതെ വിളറി… ഉള്ളിൽ നുരഞ്ഞുപൊന്തിയ ദേഷ്യത്തെ അടക്കി നിർത്തിയവർ അയാളെ ഉറ്റുനോക്കി നിന്നു… “ഇന്നലെ സരസ്വതി വന്നിരുന്നില്ലേ….ഒരു കാര്യം പറഞ്ഞു വിട്ടിട്ട് മറുപടിയൊന്നും കിട്ടിയില്ല…” അയാൾ ഗോപുവിന്റെ കാര്യമാണ് പറഞ്ഞു വരുന്നതെന്നറിഞ്ഞിട്ടും അവർ അജ്ഞത നടിച്ചു…. “ഞങ്ങൾ ഇന്നലെ തന്നെ പറഞ്ഞതാണല്ലോ…. കല്യാണക്കാര്യത്തിൽ നിങ്ങൾ എന്ത് തീരുമാനിച്ചാലും ഞങ്ങൾക്ക് സമ്മതമാണെന്ന്….” “കല്യാണകാര്യത്തിൽ ഞങ്ങൾ എന്ത് തീരുമാനിച്ചാലും നിങ്ങൾ അമ്മയും മോളും അത് പോലെ അനുസരിക്കുമെന്നെനിക്കറിയാം…

അത് നിങ്ങളുടെ ആവശ്യമാണല്ലോ…. സരസ്വതിയെ ഓരോന്ന് പറഞ്ഞു പാട്ടിലാക്കി വച്ചിരിക്കയല്ലേ….ഞാൻ ഗോപുന്റെ കാര്യമാണ് പറഞ്ഞു വന്നത്….” തങ്ങളെ തരം താഴ്ത്തിയുള്ള അയാളുടെ സംസാരം ഇന്ദിരയെ വല്ലാതെ ചൊടിപ്പിച്ചു… മകളുടെ നല്ല ഭാവിക്കുവേണ്ടി കിട്ടുന്നതിന്റെ രണ്ടിരട്ടി കൊടുക്കാൻ കെൽപ്പുള്ള നാക്ക് അവർ അടക്കി നിർത്തി… ഉള്ളിലുള്ള അമർഷം പുറത്തു കാട്ടാതവർ മുഖം പ്രസന്നമാക്കാൻ പാടുപെട്ടു… “ഓഹ്… നിക്കത് പെട്ടെന്നങ് ഓടിയില്ല സുധാകരേട്ടാ…ഇത്തിരി കഴിഞ്ഞ് അങ്ങോട്ട് വിളിക്കാനിരിക്കായിരുന്നു ഞാൻ…. ഇതറിയാൻ ഇപ്പൊ ഇത്രേടം വരെ ബുദ്ധിമുട്ടി വരണം എന്നില്ല്യായിരുന്നു…”

ചിരിച്ചു കൊണ്ട് വളരെ മയത്തിൽ അവർ കാര്യങ്ങൾ സംസാരിക്കുമ്പോളും അവരുടെ വിശദീകരണങ്ങൾക്കൊന്നും താല്പര്യമില്ലാത്ത വണ്ണം അയാളിരുന്നു… “ന്റെ ബുദ്ധിമുട്ടൊന്നും നിങ്ങൾ കണക്കാക്കണ്ടാ… തീരുമാനം എന്താച്ചാൽ അത് പറയാ… ” “ഞങ്ങൾക്ക് സമ്മതാ….ഗോപു അങ്ങോട്ട് വന്നോട്ടെ…. വർഷമോൾക്കും അത് സന്തോഷാ… നിക്ക് മാത്രം ഇത്തിരി വിഷമം ഇണ്ട് ന്റെ രണ്ട് മക്കളെയും ഒറ്റ ദിവസം കൊണ്ട് പിരിയണതിൽ…” മുഖത്തുള്ള കണ്ണട ഇത്തിരി ഉയർത്തിയവർ കണ്ണ് തുടയ്ക്കുന്നതായി കാണിച്ചു… “നിങ്ങൾ സമ്മതിച്ചില്ലേലും ന്റെ കുട്ടിയെ ഇനി ഇവിടെ നിർത്താൻ ഞാൻ ഉദ്ദേശിക്കുന്നില്ല… പിന്നെ ഞാൻ വെറുതെ ചോദിച്ചെന്നെ ഉളളൂ…സമ്മതിക്കുമെന്ന് നിക്ക് ഉറപ്പായിരുന്നു…

അതിപ്പോ ഒന്നുകൂടി ഉറപ്പിച്ചു…” അവരെ പുച്ഛിച്ചുകൊണ്ടായാൾ ഉറക്കെ പറഞ്ഞു… മറുപടി പറയാൻ വെമ്പുന്ന നാക്കിനെ അടക്കി നിർത്താൻ അവരും പാട് പെട്ടു.. “സുധാകരേട്ടൻ എന്താ ഒരുമാതിരി ശത്രുക്കളോട് സംസാരിക്കണ പോലെ….ഒന്നുല്ലേലും നാളെ ബന്ധുക്കൾ ആവേണ്ടവരല്ലേ നമ്മൾ…” “ശേ..,നാണമില്ലേ അമ്മയ്ക്കും മോൾക്കും…ഗോപുമോളുടെ കനിവിൽ ഇവിടെ കഴിഞ്ഞിട്ട് അതിന്റെ ജീവിതം തന്നെ കൊത്തിപ്പറിക്കാൻ… തട്ടിപ്പും വെട്ടിപ്പും ദുഷ്ടത്തരവും ഒക്കെ ഇന്ദിരയുടെയും മോളുടെയും രക്തത്തിൽ അലിഞ്ഞു ചേർന്നിട്ടുള്ളതാണെന്ന് നിക്കറിയാം…ഗോപുന്റെ ഈ അവസ്ഥയ്ക്ക് ഞാൻ കൂടി കാരണമാണ്…

ന്റെ അനന്തനെ ഇങ്ങനൊരു ഊരാക്കുടുക്കിൽ കൊണ്ട് ചെന്നു തള്ളിയിട്ടത് ഞാനാ… ഗോപുന് ഒരമ്മേടെ കരുതലും സ്നേഹവും കിട്ടിക്കോട്ടെന്ന് വയ്ച്ചു ചെയ്തതാ..പക്ഷെ അതിങ്ങനെയൊക്കെ ആയിതീരുംന്ന് നിരീചില്ല്യാ…ചികിത്സടെ കൂടെ നിന്റെ സാന്നിധ്യം കൂടിയാവുമ്പോൾ അവള് സുഖപ്പെടുമെന്ന് ഞാനും അനന്തനും വെറുതെ മോഹിച്ചു… എന്നിട്ട് എല്ലാം നീ ശെരിയാക്കാമെന്നും പറഞ്ഞ് അതിന്റെ ചികിത്സയും നീ മുടക്കി… ഒരു കുഞ്ഞുള്ള പെണ്ണ് എന്റെ മോളേ സ്വന്തായി കരുതുവോന്നു ആയിരം വട്ടം അനന്തൻ ന്നോട് ചോദിച്ചതാ… അവളുടെ മോളേ സ്വൊന്തായി സ്നേഹിച്ചാൽ മതിയെന്ന് പറഞ്ഞു ഞാനാ അന്ന് കല്യാണം വരെ കൊണ്ടെത്തിച്ചത്…

മരിക്കുന്നതിന്റെ രണ്ടു നാൾ മുൻപ് വരെ അവൻ നിന്നെയും മോളെയും പൊന്ന് പോലല്ലേ നോക്കിയത്…അനന്തനെ കൊന്നിട്ടും നീ അടങ്ങിയോ…മുൻപ് പല വട്ടം അതിനെ ഇവിടുന്ന് കൊണ്ടോവാൻ ഞാൻ ശ്രമിച്ചിട്ടും നീയും വർഷയും കൂടി ഓരോന്ന് പറഞ്ഞ് കൊടുത്തു പേടിപ്പിച്ചത് കൊണ്ടാ ന്റെ കൂടെ വരില്ലെന്നവൾ പറഞ്ഞതെന്ന് നിക്ക് നല്ല നിശ്ചയം ഇണ്ട്…നിങ്ങളുടെ കണ്ണ് അവളുടെ സ്വത്തിലാണെന്നും നിക്കറിയാം… ന്റെ കൊക്കിൽ ജീവനുള്ളിടത്തോളം കാലം അത് സ്വന്തമാക്കാമെന്ന് അമ്മയും മോളും കരുതണ്ട… ന്റെ അനന്തന്റെ വിയർപ്പാ ഇതെല്ലാം..എന്തെങ്കിലും വ്യാമോഹം നിങ്ങടെ മനസ്സിൽ ഉണ്ടെങ്കിൽ അതിനിറക്കിയ വെള്ളം അങ്ങ് വാങ്ങി വച്ചേരെ…

എന്താ വേണ്ടതെന്നു നിക്കറിയാം… ” മനസ്സിലടക്കി പിടിച്ചതൊക്കെ വിളിച്ചു പറഞ്ഞയാൾ വല്ലാതെ കിതച്ചു… ചുവന്ന കണ്ണുകളോടെ അവരെ നോക്കി പല്ലിറുമ്മി… അവരെ കൊല്ലാനുള്ളത്ര ദേഷ്യം അയാളുടെയുള്ളിൽ നുരഞ്ഞു പൊന്തി..അയാളുടെ ദേഷ്യത്തിന് മുൻപിൽ മറുത്തു പറയാൻ വാക്കുകളൊന്നും ഇല്ലായിരുന്നു ഇന്ദിരയ്ക്ക്..വർഷയെ ഓർത്തത് കൊണ്ട് മാത്രം അവർ എല്ലാം കേട്ട് തലകുനിച്ചു.. “എന്താടീ നിന്റെ നാവിറങ്ങിപ്പോയോ…?…” അയാൾ വീറോടെ വെല്ലുവിളിച്ചു… “അയ്യോ സുധാകരേട്ടാ… ഞാൻ അങ്ങനൊന്നും…” “ച്ചീ… നിർത്തെടീ… നിന്റെ പുഴുത്ത നാവ് കൊണ്ട് ന്നെ വിളിക്കരുത്… നിന്റെ നാട്ട്യത്തിൽ സരസ്വതി വീഴുമായിരിക്കും… പക്ഷെ ഞാൻ അങ്ങനല്ല…

അവള് ചത്തുകളയുമെന്ന് പറഞ്ഞത് കൊണ്ട് മാത്രമാ ഇപ്പൊ ഇങ്ങനൊരു വിവാഹം നടക്കുന്നത്… ഇന്ന് വരെ എന്നോട് ഒന്നും മറുത്ത് പറയാത്തവളാ…അഷ്ടിക്ക് വകയില്ലാത്ത കാലത്ത് പോലും ഞാൻ പറയുന്നതായിരുന്നു അവൾക്ക് വേദവാക്യം… എന്നിട്ട് സ്വൊന്തം മോന്റെ കാര്യത്തിൽ പ്രധാനപ്പെട്ട ഒരു തീരുമാനം വേണ്ടി വന്നപ്പോൾ അവൾക്കു എന്നെ വിലയില്ലാതായി… എനിക്ക് എന്റെ ദർശനോളം പ്രിയപ്പെട്ടത് തന്നെയാ ഗോപുവും… അല്ല… അവനെക്കാളും ഒരു പടി മുൻപിലാ ഗോപു മോള് ന്റെ ഉള്ളിലെന്ന് കൂട്ടിക്കോ…” അത്രയും പറഞ്ഞയാൾ അവിടെ നിന്നും എണീറ്റു… അകത്തേക്ക് കയറാൻ നേരം ഉമ്മറത്തെ വാതിൽപ്പടിയിൽ സ്ഥബ്ദയായി നിൽക്കുന്ന ഇന്ദിരയെ കൂർപ്പിച്ചൊന്നു നോക്കി…അമർത്തി മൂളി…

“എവിടെപ്പോയെടീ നിന്റെ പുന്നാര മോള്… അല്ലാതെ വാല് പോലെ പിന്നാലെ കാണേണ്ടതാണല്ലോ… ഓഹ്… എഴുന്നേറ്റ് കാണില്ല തമ്പുരാട്ടി അല്ലേ… അവിടെ ഒരുത്തി ഭാവി മരുമോളുടെ സൽസ്വഭാവത്തെക്കുറിച്ച് സദാസമയവും പുകഴ്ത്തിപ്പാടണത് കേൾക്കാം… അനുഭവത്തിൽ വരുമ്പോൾ പഠിച്ചോളും അല്ലാതെന്താ… നിന്റെ മോള് അങ്ങോട്ട് കെട്ടിക്കേറി വരുന്നതൊക്കെ ശെരി… അവിടെ അടങ്ങി ഒതുങ്ങി നിന്നാൽ അവൾക്ക് കൊള്ളാം… ചെന്ന് പറഞ്ഞേക്ക് മോളോട്…” അതും പറഞ്ഞയാൾ ഗോപുവിന്റെ മുറി ലക്ഷ്യമാക്കി നടന്നു… അയാൾ പോയ വഴിയിലേക്ക് നോക്കി ഇന്ദിര പല്ലിറുമ്മി…ദേഷ്യം കൊണ്ട് ആ മുഖം ചുവന്നു…കണ്ണുകൾ കുറുകി… മുഷ്ടി ചുരുട്ടിയവർ വാതിൽപ്പടിയിൽ ശക്തിയായി ഇടിച്ചു… ❤❤❤❤❤

ഗോപുവിന്റെ മുറിയുടെ മുന്നിലെത്തിയപ്പോൾ സുധാകരൻ ഒന്നു ശ്വാസം വലിച്ചു വിട്ടു.ഇന്ദിരയോടുള്ള തർക്കത്തിന്റെ പുറത്ത് അയാൾ വല്ലാതെ കിതച്ചിരുന്നു… ഒന്ന് കൊട്ടിയപ്പഴേ ചാരിയിട്ടിരുന്ന കതക് തുറന്നു പോയി… വാതിൽ പോളകൾ ഇരുവശത്തെക്കും നീക്കി മുറിയിലേക്ക് കയറിയപ്പോൾ ഒരുത്തി കണ്ണാടിയിൽ നോക്കി എന്തൊക്കെയോ കളി പറഞ്ഞ് ചിരിക്കുന്നുണ്ടായിരുന്നു… ആ രംഗം ഇത്തിരി നേരം നോക്കി നിന്നപ്പോഴേ അയാളുടെ മനസ്സൊന്നു തണുത്തു…പലകളറിലുള്ള ചാന്ത്പെട്ടിയിൽ നിന്ന് ഒരോ നിറവും നെറ്റിയിൽ കുത്തിനോക്കി തൃപ്‌തിയില്ലാതെ പാവാടത്തുമ്പുയർത്തി തുടച്ച് പിന്നെയും വേറൊരു നിറം കുത്തി നോക്കുന്ന അവളെ അയാൾ ഇത്തിരി നേരം നോക്കി നിന്നു..

കണ്ണാടിയിൽ നോക്കി കാര്യമായെന്തൊക്കെയോ കുറുമ്പുകൾ പറയുന്ന അവളെ കാൺകെ ആ കണ്ണുകളിൽ വാത്സല്യം തിങ്ങി…അവസാനം ഏതോ ഒരു നിറത്തിൽ മനസ്സ് ഉറപ്പിച്ചവൾ പൊട്ടി…പൊട്ടി… ചിരിച്ചു…ഒരുക്കം കഴിഞ്ഞ് കണ്ണാടി വെളിച്ചത്തിലേക്ക് ഇത്തിരി നീട്ടിപ്പിടിച്ചപ്പോൾ പിന്നിലൊരു രൂപം കണ്ടവൾ തിരിഞ്ഞു നോക്കി… “അമ്മാമ്മേ….” ഒരു നിമിഷം കൊണ്ടവൾ അയാളുടെ നെഞ്ചിലേക്ക് കുതിച്ചെത്തി…ഇറുകെ പുണർന്ന് തല ഉയർത്തി നോക്കിയപ്പോൾ ആ വയസ്സന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.. “അമ്മാമ്മ കരയുവാണോ?” സങ്കടത്തോടെ ഒരു ചോദ്യം വന്നു. “ഏയ്… കണ്ണിൽ കരട് പോയതാ മോളേ..” “ആണോ… എന്നാൽ ഗോപു ഒരു സൂത്രം കാണിക്കാവേ…”

കണ്ണ് വിടർത്തി പറഞ്ഞവൾ പെരുവിരലിൽ ഊന്നി നിന്നു അയാളുടെ കൺപോളകൾ ഇത്തിരി വിടർത്തി ഊതിക്കൊടുത്തു.. “ഇപ്പൊ പോയില്ലെ…” നിഷ്കളങ്കമായി ചോദിക്കുന്നവളെ നോക്കി അയാൾ വേദനയോടെ തലയാട്ടി… ചുണ്ടിൽ ഒരു പുഞ്ചിരി വരുത്തി. “പോയല്ലോ…. ഗോപു ഈ സൂത്രമൊക്കെ എവിടുന്നാ പഠിച്ചേ…?.” “അതൊക്കെ ഗോപുനറിയാം….അമ്മാമ്മ ഗോപുനെ കാണാൻ വന്നതാണോ…?” സന്തോഷത്തോടെയവൾ ചോദിച്ചപ്പോൾ അയാൾ സമ്മതിച്ചു കൊടുത്തു… “അമ്പലത്തിൽ പോയോ…?” അയാളുടെ നെറ്റിയിലെ കുറിയിൽ അവൾ തൊട്ട് നോക്കി. “ഉവ്വല്ലോ…” “ഗോപുന് വേണ്ടി പ്രാർത്ഥിച്ചോ?” ആകാംഷയോടെ ചോദിക്കുന്നവൾക്ക് അയാൾ കീശയിൽ കരുതിയ ഇലചീന്തിലെ ചന്ദനം വച്ച് നീട്ടി…

നിരാശയോടെയവൾ അയാളെ നോക്കി ചുണ്ട് പിളർത്തി. “യ്യോ… ഗോപുന് തൊട്ടുടാ… ഗോപു തല കുളിച്ചില്ലല്ലോ…” “അതെന്താ കുളിക്കാഞ്ഞേ?…” “ഗോപുന് വയ്യല്ലോ ഗോപുന് രാപ്പനിയാ…” “രാപ്പനിയോ?… ആര് പറഞ്ഞു…” “അപ്പുറത്തെ വീട്ടിലെ ജാനുമ്മ പറഞ്ഞല്ലോ ഗോപുന്റെ കൊലുസ് കറുത്തു പോയത് രാപ്പനി കൊണ്ടാണെന്ന്… ഗോപുന് സത്യായിട്ടും ഇന്നലെ വയ്യായിരുന്നു…” കാലിൽ പിണഞ്ഞു കിടക്കുന്ന കറുത്ത,നിറം മങ്ങിയ…മണികൾ മുറിഞ്ഞ… പഴയ കൊലുസ് നോക്കിയവൾ സങ്കടത്തോടെ പറഞ്ഞപ്പോൾ അയാൾ മെല്ലെ നെറ്റിയിൽ തൊട്ട് നോക്കി. “ഇല്ലേ അമ്മാമ്മേ… ഗോപുന് പനിയല്ലേ?ന്നിട്ട് ചെറിയമ്മ പറയുവാ കള്ളപ്പനി ആണെന്ന്. ” “ഒരു കുഞ്ഞി ചൂടുണ്ട്…

ആശുപത്രിയിൽ പോണോ മോൾക്ക്‌…” “യ്യോ.. വേണ്ടാ സൂചി വച്ചാലോ?” അവൾക്ക് പരിഭ്രമം തോന്നി… “എന്നാൽ ഞാൻ ദർശനെ പറഞ്ഞു വിടാം…” അതോടെ അവളുടെ പേടിയെല്ലാം പോയി… സന്തോഷത്തോടെ തലയാട്ടി… അയാൾ ചിരിച്ചുകൊണ്ട് ഇത്തിരി കുറിയെടുത്ത് അവളുടെ നെറ്റിയിൽ തൊട്ട് കൊടുത്തു… “യ്യോ… കുളിക്കാതെ പ്രസാദം തൊടരുതല്ലോ… ഇനി ഭഗവാൻ ഗോപുനോട് കോപിക്കൊ…” അവൾക്ക് ആശങ്ക ഏറിവന്നു… “ആരാ ഇങ്ങനെ ഒരോ വിഡ്ഢിത്തരം പറഞ്ഞു തരണത്…” “ഇന്നാള് ചെറിയമ്മേടെ പിറന്നാളിന് അമ്പലത്തിന്ന് പായസം കൊണ്ട് വന്നിട്ട് കുളിക്കാത്തോണ്ട് ഗോപുന് തന്നില്ലല്ലോ… ചെറിയമ്മ പറഞ്ഞല്ലോ കുളിക്കാതെ കഴിച്ചാൽ ഈശ്വരൻ കോപിക്കുംന്ന്…

എന്നിട്ട് ഗോപു പണിയൊക്കെ കഴിഞ്ഞ് കുളിച്ചു വന്നപ്പോഴേക്കും ഗോപുന്റെ പായസം പൂച്ച തിന്നു… പാത്രം വടിച്ചു നല്ല വെടിപ്പായി തിന്നു കള്ളിപ്പൂച്ച…” പല്ലിറുമ്മിയവൾ പറഞ്ഞപ്പോൾ അയാൾക്ക് പാവം തോന്നി. “ഈശ്വരൻ കോപിക്കില്ലാട്ടോ… ഭാഗവാന് ഏറ്റവും ഇഷ്ടം ഗോപുനെ ആണല്ലോ… അതറിഞ്ഞപ്പോൾ അവളുടെ കണ്ണ് വിടർന്നു.. “ആണോ…?” “അതേല്ലോ… ഗോപുന്റെ പിറന്നാളിന് നമുക്ക് നിറയെ പായസം കഴിക്കാവേ…” “ആണോ?….എന്നാലും ഗോപുന് പിറന്നാള് എന്നാണെന്നറിയില്ലല്ലോ… അമ്മാമയ്ക്കറിയാവോ?” “അറിയാം…അമ്മാമ്മ കൊണ്ടത്തരാം ഗോപുന് പായസം…

അല്ലെങ്കിൽ വേണ്ടാ ഗോപുന് ദർശേട്ടന്റേം വർഷേച്ചീടേം കല്യാണത്തിന് വയറു നിറയെ പായസം കഴിക്കാല്ലോ….” അവളുടെ മുടിയിൽ മെല്ലെ തലോടിക്കൊണ്ടയാൾ പറഞ്ഞു.കേട്ടത് വിശ്വാസിക്കാനാവാതെ അവൾ കണ്ണ് മിഴിച്ചു. “ഹേ….വർഷേച്ചിക്കും കല്യാണം ഉണ്ടോ… ന്നിട്ട് ഗോപുനെ വിളിച്ചില്ലല്ലോ…ആരെയാ വർഷേച്ചി കല്യാണം കഴിക്കാ…?” സംശയം തീരാതെ വീണ്ടുമവൾ ചോദിച്ചപ്പോൾ ഒരു കുഞ്ഞു മോഹത്തിന്റെ കഥയറിയാതെ അയാൾ ഉറപ്പിച്ചു പറഞ്ഞു… “ദർശനെ……”.❤.. തുടരും….

അത്രമേൽ: ഭാഗം 4

Share this story