ഹരി ചന്ദനം: ഭാഗം 12

ഹരി ചന്ദനം: ഭാഗം 12

എഴുത്തുകാരി: ശ്രുതി കൃഷ്ണ

അങ്ങനെ മെയിൻ എക്സാം തുടങ്ങി. ഒന്നിടവിട്ട ദിവസങ്ങളിൽ രാവിലെ മുതൽ ഉച്ച വരെയാണ് എക്സാം. ഇപ്പോൾ സച്ചുവിന്റെ എസ്കോർട്ട് ഇല്ലാതെ തന്നെ പതിയെ സ്കൂട്ടർ എടുത്ത് കോളേജിൽ പോവാൻ തുടങ്ങി. പക്ഷെ ഇവിടുത്തെ അമ്മ ഉപദേശത്തിൽ പപ്പയെ കടത്തി വെട്ടും. ഞാൻ രാവിലെ ഒരുങ്ങാൻ തുടങ്ങുമ്പോൾ തൊട്ടു പോവുന്ന വരെ ഒരു നൂറു തവണയെങ്കിലും പറയും സൂക്ഷിച്ചു പോണേ എന്ന്.കോളേജിൽ എത്തിയോ എന്ന് വിളിച്ചും നോക്കും.മുൻപ് വീട്ടിലായിരുന്നപ്പോ സച്ചു ഉള്ളത് കൊണ്ട് പപ്പയ്ക്ക് ഇത്തരം പരിപാടികൾ ഒന്നും ഇല്ലായിരുന്നു.

രാവിലെ ഉള്ള ചാരൂന്റെ വീട്ടിലേക്കുള്ള പോക്ക് ഇപ്പോൾ എക്സാം കഴിഞ്ഞ് ഉച്ചത്തേക്ക് മാറ്റി. എങ്കിലും മുൻപത്തെ പോലെ അധികമൊന്നും ഇരിക്കാറില്ല കേട്ടോ അമ്മ വീട്ടിൽ തനിച്ചായത് കൊണ്ട് നേരത്തെ ഇങ്ങു പോരും. എക്സാം ആയതു കാരണം ഇപ്പോൾ കുടുംബത്തിനുള്ളിലെ ചർച്ചകൾ ഒക്കെ ഞാനും സച്ചും ചാരും കുറച്ചിരിക്കുവാ. മിക്കവാറും എക്സാം ടോപിക്‌സും അത് കഴിഞ്ഞുള്ള ഭാവി പരിപാടികളും ഞങ്ങളിങ്ങനെ ചർച്ച ചെയ്യും. പപ്പാ ദിവസവും വീഡിയോ കാൾ ചെയ്യും. അവിടെ ട്രീറ്റമെന്റിന് മുൻപുള്ള ടെസ്റ്റുകൾ നടത്തിക്കൊണ്ടിരിക്കയാണെന്നാണ് അറിയാൻ കഴിഞ്ഞത്.

എക്സാം തുടങ്ങി രണ്ടു ദിവസം കഴിഞ്ഞപ്പോഴേക്കും എനിക്ക് മടുത്തിരുന്നു.ഇടയിൽ ലീവ് കിട്ടുന്നതിനാൽ അമ്മ തന്നെയായിരുന്നു ബോറടി മാറ്റാനുള്ള ആദ്യ ആശ്രയം. H.P പിന്നെ എന്നെ ചീത്ത പറയാനും ശകാരിക്കാനും അല്ലാതെ ആ തിരുവാ തുറക്കാറില്ല. ആദ്യമൊക്കെ ദേഷ്യവും സങ്കടവും ഒക്കെ വരുമായിരുന്നു. ഇപ്പോൾ അതൊക്കെ എന്റെ ചെവികൾ കേട്ടു തഴമ്പിച്ചു പോയി. അതുമല്ല ഇപ്പോൾ രണ്ടു നേരം വച്ചു അങ്ങേരുടെ ചീത്ത കേട്ടില്ലെങ്കിൽ എനിക്ക് ഉറക്കം വരാത്ത അവസ്ഥയാണ്. അതുകൊണ്ട് ഇടയ്ക്കിടെ ബോറടിക്കുമ്പോൾ അങ്ങേരുടെ ഓരോ സാധനം എടുത്ത് ഞാൻ സ്ഥാനം മാറ്റി വയ്ക്കും.ചുമ്മാ ഒരു മനസ്സുഖം.

അതോടെ അന്നത്തെ ആളുടെ മൂഡ് പോകും.അതുമല്ല ഇതൊരു സേഫ് പ്ലേ ആണ്. എന്റെ സാധനം വലിച്ചു വാരി ഇട്ടാലല്ലേ അങ്ങേര് എടുത്ത് കളയൂ. അങ്ങേരുടെ സാധനം ഞാൻ വലിച്ചിട്ടാൽ ആളെന്തു ചെയ്യുമെന്നു ഒന്ന് കാണണമല്ലോ… ഇവിടെ വന്നതിൽ പിന്നെ അമ്മയാണ് എന്റെ ബെസ്റ്റ് ഫ്രണ്ട്.H.P പോലും ഇടയ്ക്കു കൊളുത്താൻ വന്നാൽ എന്റെ വക്കാലത്തു ഏറ്റെടുത്തു അങ്ങേരുടെ കൊമ്പൊടിക്കുന്നതു അമ്മയാണ്.ഈയിടെയായി അമ്മയ്ക്ക് H.P യെക്കാളും ശ്രദ്ധ എന്റെ കാര്യത്തിലാണ്.ഇടയ്ക്കിടെ എന്റെ കുട്ടി എന്റെ കുട്ടി എന്നു ഒരു നൂറാവർത്തി പറയും.അതിൽ ആൾക്കിത്തിരി അസൂയ ഇല്ലാതില്ല.

ഇടയ്ക്കൊരു ദിവസം ഞാൻ അമ്മയെ കേറി ഒരാവേശത്തിൽ പാറൂട്ടി എന്ന് വിളിച്ചതിനു എന്നെ കനപ്പിച്ചൊന്നു നോക്കി ഒറ്റ പോക്ക്. കാര്യം ആദ്യമൊന്നും എനിക്ക് പിടി കിട്ടിയില്ലെങ്കിലും അമ്മ പറഞ്ഞു അങ്ങേരു സ്നേഹം കൂടുമ്പോൾ വിളിക്കുന്നതെങ്ങനെയാണെന്നു. അപ്പോൾ അതാണ് കാര്യം ഇതൊക്കെ നേരത്തെ പറയണ്ടെന്നേ. ആ സംഭവത്തോടെ ഞാൻ അമ്മ വിളി കുറച്ച് പാറൂട്ടിയിൽ തന്നെ കോൺസെൻട്രേറ്റ് ചെയ്തു.ഇതൊക്കെ എന്ത് ചന്തുവിന്റെ കളികൾ H.P കാണാനിരിക്കുന്നതെ ഉള്ളൂ. അങ്ങനെ മൂന്നാഴ്ചച്ചത്തേ കഷ്ടപ്പാടിനൊടുവിൽ ഞങ്ങളുടെ എക്സാം ഇന്ന് തീരുകയാണ് സുഹൃത്തുക്കളെ.

എക്സാം കഴിഞ്ഞ് ഞങ്ങൾ മൂന്നു പേരും ചാരുവിന്റെ വീട്ടിലേക്കു വിട്ടു.ചെറിയൊരു സെന്റ് ഓഫ്‌ പരിപാടി ആണെന്ന് വേണമെങ്കിൽ പറയാം. വേറാർക്കുമല്ല നമ്മുടെ സ്വൊന്തം സച്ചുവിനാണ്.എക്സാം കഴിഞ്ഞതോടെ ആള് നാളെ ഡൽഹിക്ക് പോവയാണ് ias കോച്ചിംഗിന്.ഞാനും ചാരും പിന്നെ റിസൾട്ട്‌ വന്നിട്ടേ ബാക്കിയൊക്കെ പ്ലാൻ ചെയ്യുന്നുള്ളൂ എന്ന് കരുതി.ഇന്ന് ഞാൻ അല്പം വൈകുമെന്ന് നേരത്തെ അമ്മയോട് പറഞ്ഞേൽപ്പിച്ചിരുന്നു.വൈകിട്ടു ടീച്ചറമ്മയും ലച്ചുവും ഒക്കെ വന്ന് കഴിഞ്ഞ് അൽപനേരം കൂടി അവിടെ ചിലവഴിച്ചു യാത്രപറച്ചിലും കെട്ടിപ്പിടിത്തവും ഒക്കെ കഴിഞ്ഞാണ് ഞാൻ വീട്ടിലേക്കു വന്നത്.

വീട്ടിലെത്തിയപ്പോൾ H.P യുടെ വണ്ടി പുറത്ത് കിടക്കുന്നുണ്ടായിരുന്നു. ആള് നേരത്തെ വന്നല്ലോ എന്ന് വിചാരിച്ചു ഉള്ളിലേക്ക് കയറുമ്പോളേക്കും ആള് ഒരു ബാഗും പൊക്കി കാറിൽ കൊണ്ട് വച്ച് എന്നെയൊന്നു ഇരുത്തി നോക്കി കാറുമെടുത്ത് പുറത്തേക്കു പോയി. ഇനിയിപ്പോ എന്റെ ശല്യം കാരണം നാട് വിടുവാണോ എന്ന് ചിന്തിച്ചു നിൽക്കുമ്പോൾ അമ്മ ഫോണും പിടിച്ചു പുറത്തേക്ക് ഇറങ്ങി വന്നു. “മോള് എന്താ അകത്തേക്ക് വരാതെ ഇവിടെ ആലോചിച്ചു നിൽക്കുന്നത്? ” “അല്ല… അമ്മേ…അതുപിന്നെ… H.P” “H.P യോ? ” “അല്ല ഹരിയേട്ടൻ ബാഗൊക്കെ എടുത്ത് എവിടെ പോയതാ? ” “അവനു അത്യാവശ്യമായി നാളെ ബാംഗ്ലൂർ വച്ച് എന്തോ മീറ്റിംഗ് ഉണ്ടെന്നു ” “പക്ഷെ ഇതിന് മുൻപ് ഒന്നും പറയുന്നത് കേട്ടില്ലല്ലോ.” “ഇന്ന് രാവിലെയാണ് അറിഞ്ഞതെന്ന്.

നാളെ വൈകിട്ടു തിരിക്കും എന്തായാലും മറ്റന്നാൾ പുലർച്ചെയോടെ എത്തും. അതു കഴിഞ്ഞ രണ്ടു ദിവസം ലീവ് അല്ലെ. അതുകൊണ്ട് കിച്ചുവിനെയും ദിയമോളെയും വിളിച്ചു വരാൻ പറഞ്ഞേക്കുവാ ഞാൻ. കല്യാണം കഴിഞ്ഞു പോയതല്ലേ രണ്ടാളും.ഇപ്പോൾ ഒരു മാസമാകാറായില്ലേ ” “ഓഹ്….അപ്പോൾ ഒറ്റയ്ക്ക് കാറോടിച്ചു പോകുമോ? ” “തോമസ് കാണും കൂടെ. പിന്നെ ഇങ്ങനെ പെട്ടന്നൊരു അത്യാവശ്യം വരുമ്പോൾ അവൻ വണ്ടി എടുത്താണ് പോവാറ്. അതൊക്കെ പോട്ടെ എക്സാം എങ്ങനെ ഉണ്ടായിരുന്നു? നന്നായി എഴുതിയില്ലേ എന്റെ മോള്? ” “ഉവ്വമ്മേ….അമ്മയോട് സച്ചു യാത്ര പറഞ്ഞതായി അറിയിച്ചിട്ടുണ്ട്. ”

“പറഞ്ഞതു പോലെ സച്ചുമോൻ നാളെ പോവായി അല്ലെ? ” “അതേ അമ്മേ…അവൻ നേരത്തെ അവിടെ അഡ്മിഷൻ ഒക്കെ ശെരിയാക്കിയിരുന്നു. എക്സാം കഴിയാൻ വേണ്ടി കാത്തിരുന്നതാണ്. ” “എന്തായാലും നന്നായി.മോള് പോയി ഫ്രഷ്‌ ആയി വായോ ഞാൻ കാപ്പി എടുക്കാം.” “ഇപ്പോൾ വേണ്ട അമ്മേ… വയറു ഫുൾ ആണ്. ടീച്ചറമ്മയുടെ കയ്യിൽ കിട്ടിയാൽ എപ്പോഴും വയറു നിറപ്പിച്ചേ വിടാറുള്ളു.എന്തായാലും ഞാൻ ഫ്രഷ്‌ ആയി വരാം ” അതും പറഞ്ഞ് ഞാൻ റൂമിലേക്ക്‌ പോയി.ഇന്ന് H.P ഇല്ലാത്തതു കൊണ്ട് റൂമിൽ മുഴുവൻസ്വാതന്ത്ര്യത്തോടെ ഞാൻ ഉല്ലസിക്കുകയായിരുന്നു.

കുറച്ചു കഴിഞ്ഞു പപ്പ വിളിച്ചപ്പോൾ എക്സാം കഴിഞ്ഞതിന്റെ സന്തോഷവും സച്ചു പോകുന്ന കാര്യവും ഒക്കെ അറിയിച്ചു. ഇന്ന് ഞങ്ങൾ പതിവിലും ഒത്തിരി സംസാരിച്ചു. അതു കഴിഞ്ഞ് ചാരുവിനെ വിളിച്ചു. സച്ചുവിനെ വിളിച്ചെങ്കിലും കണക്ട് ആയില്ല. അവൻ ചിലപ്പോൾ യാത്രയുടെ ഓരോരോ തിരക്കിൽ ആവും.എന്തായാലും ചാരുവിനോട് ഞാൻ H.P യുടെ യാത്രയുടെ കാര്യമൊക്കെ പറഞ്ഞു. എന്റെ ശല്യം സഹിക്കാൻ കഴിയാതെ പോയതാവും എന്ന് പറഞ്ഞ് അവളെന്നെ ഒത്തിരി കളിയാക്കി. എന്തായാലും H.P യെ അങ്ങനെ വിട്ടാൽ പറ്റില്ലെന്ന് ഞങ്ങൾ തീരുമാനിച്ചു.ഏതായാലും റിസൾട്ട്‌ വരുന്നവരെ എന്തെങ്കിലും പണി വേണ്ടേ.

അപ്പോൾ പിന്നെ ആ സമയം പാഴാക്കാതെ H.P യെ വളച്ചുകുപ്പിയിലാക്കാനുള്ള ഒരു കരാറിൽ ഞാനും ചാരുവും ഔദ്യോഗികമായി ഒപ്പിട്ടു.പിന്നെയും ഞങ്ങൾ ഒത്തിരി സംസാരിച്ചു. എല്ലാ സംസാരവും ചെന്ന് അവസാനിച്ചത് H.P യിൽ തന്നെയായിരുന്നു.അവളെന്നെ ഓരോന്ന് പറഞ്ഞു കളിയാക്കിയപ്പോൾ മനഃപൂർവം ഞാൻ കിച്ചു വരുന്ന കാര്യം എടുത്തിട്ടു അതോടെ ആള് ഒന്ന് ഒതുങ്ങി. ഞാൻ ഫോൺ വിളിയൊക്കെ കഴിഞ്ഞു താഴെ ചെന്നപ്പോൾ അമ്മ ഹാളിലിരുന്നു ടീവി കാണുകയായിരുന്നു. പപ്പ വിളിച്ച വിശേഷമൊക്കെ പറഞ്ഞു ഞാനും അമ്മയോടൊപ്പം കൂടി.അതോടെ അമ്മ ടീവിയിൽ നിന്നും ശ്രദ്ധ തിരിച്ചു പണ്ടത്തെ ഓരോരോ കഥകൾ പറയാൻ തുടങ്ങി.

അധികവും H.P യുടെയും കിച്ചുവിന്റെയും ദിയയുടെയും കുട്ടിക്കാലത്തെ ഓരോരോ കുറുമ്പുകൾ തന്നെയായിരുന്നു.H.P യെ കൂടുതൽ അറിയാനുള്ള ത്വരയിൽ ഞാൻ അതെല്ലാം വളരെ ശ്രദ്ധയോടെ കേട്ടിരുന്നു.രാത്രി ഞങ്ങൾ ഭക്ഷണം കഴിക്കുമ്പോളും H.P തന്നെയായിരുന്നു സംസാര വിഷയം. ആള് അമ്മയെ സഹായിക്കാൻ അടുക്കളയിൽ കയറുന്ന കാര്യവും,അമ്മയ്ക്ക് H.P യോടാണ് സ്നേഹം എന്ന് പറഞ്ഞു കിച്ചു കുശുമ്പ് കാണിക്കുന്ന കാര്യവുമൊക്കെ അമ്മ വാതോരാതെ പറഞ്ഞുകൊണ്ടിരുന്നു. ഒറ്റയ്ക്ക് കിടക്കാൻ മടി തോന്നിയതിനാൽ ഞാൻ അമ്മയോടൊപ്പം പോയി കെട്ടിപിടിച്ചു കിടന്നു.

അപ്പോഴും ഞങ്ങളുടെ സംസാരത്തിനു ഒരു കോട്ടവും സംഭവിച്ചില്ല. ദിയയും കിച്ചുവും വരുന്നതിൽ ഒത്തിരി സന്തോഷത്തിലായിരുന്നു അമ്മ. എന്തുകൊണ്ടോ ദിയയെക്കുറിച്ച് കൂടുതൽ അറിയാനുള്ള അവസരമാണിതെന്നു എനിക്ക് തോന്നി… “അമ്മേ… ഹരിയേട്ടനും ദിയയും തമ്മിൽ നല്ല കൂട്ടാണല്ലേ? ” “ഏയ്… ഹരിക്കുട്ടൻ കിച്ചുവിനും ദിയയ്ക്കും അച്ഛന്റെ സ്ഥാനത്താണ്. രണ്ടാൾക്കും അവനെ അൽപ്പം പേടിയൊക്കെ ഉണ്ട്. ദിയയുടെ എല്ലാ കുരുത്തക്കേടിനും കൂട്ട് നിൽക്കുന്നത് കിച്ചുവാണ്.അവനുമായിട്ടാണ് ദിയയ്ക്കു കൂടുതൽ അടുപ്പം.

ദിയയെ കിച്ചുവിനെ കൊണ്ട് കല്യാണം കഴിപ്പിക്കണം എന്നൊരു മോഹം അവന്റെ അച്ഛന് ഉണ്ടായിരുന്നു.” “ഹേ……അങ്ങനെ ഉറപ്പിച്ചോ? ” “ഉറപ്പിച്ചൊന്നും ഇല്ല. അവരുടെ കുട്ടിക്കാലത്തു അങ്ങനൊരു ആഗ്രഹം മധുച്ചേട്ടൻ എപ്പോഴും പറയുമായിരുന്നു.പക്ഷെ ഇപ്പോൾ അത് അവരുടെ താല്പര്യത്തിൽ വിട്ടേക്കുവാണ്.അവർക്കും അവരുടേതായ ഇഷ്ടങ്ങൾ ഒക്കെ ഉണ്ടാവില്ലേ പ്രത്ത്യേകിച്ചു വിവാഹം എന്നൊക്കെ പറയുമ്പോൾ ജീവിതം മുഴുവൻ നിലനിൽക്കേണ്ട ബന്ധം അല്ലെ? അല്ലാതെ ഒരാഗ്രഹത്തിന്റെ പേരിൽ നിർബന്ധിച്ചു കൂട്ടി ചേർക്കാൻ പറ്റില്ലല്ലോ? ” അതെനിക്ക് ഒരു പുതിയ അറിവായിരുന്നു.

ചാരു ഇതറിയുമ്പോൾ എന്ത് പറയും എന്നായിരുന്നു എന്റെ ചിന്ത. “അപ്പോൾ അവർക്ക് അങ്ങനെ ഒരു താല്പര്യം ഉണ്ടോ? ” “അതറിയില്ല… അങ്ങനെ ഒരു സൂചന എനിക്കിതുവരെ കിട്ടിയില്ല.ഞാൻ ചോദിച്ചിട്ടുമില്ല. അവര് രണ്ടാളും പഠിക്കയല്ലേ.അത് കഴിഞ്ഞു നോക്കാം” അപ്പോൾ ചാരുവിന് പ്രതീക്ഷയ്ക്കു വകയുണ്ട്. ദിയയെ മിക്കവാറും അവള് വല്ല കൂടോത്രോം ചെയ്തു ഓടിക്കും എന്നോർത്ത് എനിക്ക് ചിരി വന്നു. “ദിയയ്ക്ക് അന്ന് പെണ്ണ് കാണാൻ വന്നപ്പോൾ എന്നെ എന്തെങ്കിലും ഇഷ്ടക്കുറവ് ഉണ്ടായിരുന്നോ അമ്മേ? ” “മോളെന്താ അങ്ങനെ ചോദിച്ചത്? എന്റെ മോളെ ആർക്കാ ഇഷ്ടമാവാത്തതു? ” “ഞാൻ ചുമ്മാ ചോദിച്ചെന്നെ ഉള്ളൂ. ” “അങ്ങനെയൊന്നും ഇല്ല.എന്റെ ദിയ മോള് ഒരു പാവമാണ്.

പ്ലസ് ടു വരെ ഇവിടെ തന്നെയാണ് അവള് പഠിച്ചത്.എപ്പോഴും അമ്മായി അമ്മായി എന്ന് വിളിച്ച് എന്റെ പുറകിൽ നിന്നും മാറില്ലായിരുന്നു.ആരെങ്കിലും ഒന്ന് മുഖം കനപ്പിച്ചു നോക്കിയാൽ അപ്പോൾ കരയും.കിച്ചുവും ഹരികുട്ടനും എപ്പോഴും പറയും ഇത്തിരൂടെ ബോൾഡ് ആവണം എന്നൊക്ക.ബാംഗ്ലൂർ അവൾക്കു അഡ്മിഷൻ കിട്ടിയപ്പോൾ എനിക്കു അവളെ പറഞ്ഞയക്കാൻ തീരെ താല്പര്യം ഇല്ലായിരുന്നു. മധു ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ ഒരിക്കലും അവളെ തിരിച്ചു അങ്ങോട്ട് പറഞ്ഞയക്കില്ലായിരുന്നു.ഞങ്ങൾ ആരും അവിടേക്കു പോകുന്നത് അദ്ദേഹത്തിന് താല്പര്യം ഇല്ലായിരുന്നു.

അദ്ദേഹത്തിന്റെ മരണ ശേഷവും ബിസ്സിനെസ്സ് കാര്യങ്ങൾ നോക്കാൻ വേണ്ടി മാത്രം വല്ലപ്പോഴും ഹരിക്കുട്ടൻ പോയി വരും. എന്റെ ഇഷ്ടക്കേട് കണ്ടിട്ട് ദിയയ്ക്കും അവിടെ പഠിക്കാൻ പോകണോ വേണ്ടയോ എന്ന് രണ്ട് മനസ്സായിരുന്നു. പിന്നെ കിച്ചുവാണ് പറഞ്ഞത് നല്ലയൊരു അവസരമാണ് അവൾ പോകട്ടെ എന്നും ഒറ്റയ്ക്ക് താമസിച്ചു പഠിക്കുമ്പോൾ ഇത്തിരി കൂടി ബോൾഡ് ആവും എന്നൊക്കെ.പിന്നെ പഴയ സാഹചര്യങ്ങൾ ഒക്കെ മാറിയില്ലേ എന്ന് കരുതി ഞാനും സമ്മതിച്ചു. ഇപ്പോൾ കണ്ടില്ലേ അത്യാവശ്യം മോഡേൺ ആയി.ഒറ്റയ്ക്ക് ജീവിക്കാനും മറ്റുള്ളവരോട് ഇടപഴകാനും ഒക്കെ പഠിച്ചു. ഇതൊക്കെ അവിടെ പോയതിനു ശേഷം ഉണ്ടായ മാറ്റങ്ങളാണ്.

പിന്നെ കിച്ചു അവിടെ അടുത്ത് തന്നെ ഉണ്ടല്ലോ എന്നതാണ് എന്റെ ആശ്വാസം. ഇടയ്ക്കു ഹരിക്കുട്ടനും പോകുന്നുണ്ടല്ലോ. ” “ദിയ ചെറുപ്പം മുതലേ നിങ്ങളുടെ കൂടെയാണോ? ” “അതെ.അവളുടെ അമ്മ മരിക്കുമ്പോൾ അവൾക്ക് ആറു മാസം മാത്രമായിരുന്നു പ്രായം.അന്ന് മുതൽ എന്റെയും മധുച്ചേട്ടന്റെയും മകളായി തന്നെയാണ് അവൾ വളർന്നത്. ഞാൻ പ്രസവിച്ചില്ലെന്നേ ഉള്ളൂ അവളെന്റെ മകൾ തന്നെയാണ്.മീനുട്ടിയെ എങ്ങനെയാണോ ഞങ്ങൾ സ്നേഹിച്ചത് അതിന്റെ പതിന്മടങ് സ്നേഹവും ലാളനയും നൽകിയാണ് ദിയയെ ഞങ്ങൾ വളർത്തിയത്. മോള് കണ്ടിട്ടില്ലേ ഹാളിലെ ഫോട്ടോ. ”

“ആഹ് കണ്ടിട്ടുണ്ട് അമ്മേ ” “അതാണ് മീനാക്ഷി.ദിയയുടെ അമ്മ.ഞങ്ങളുടെ മീനുട്ടി.നമ്മുടെ സ്ഥാപനങ്ങളുടെയെല്ലാം പേരിന്റെ ഉടമ.കാണാനും ഏറെക്കുറെ ദിയയെ പോലെ തന്നെയായിരുന്നു. “അപ്പോൾ ദിയയുടെ അച്ഛൻ? ” എന്റെ ആ ചോദ്യം ഇത്രയും സമയം വാചാലയായിരുന്ന അമ്മയെ മൗനത്തിലാക്കി. “മരിച്ചു ” ഒരു നിമിഷത്തെ മൗനത്തിനു ശേഷം അത്രയും പറഞ്ഞ് അമ്മ തിരിഞ്ഞു കിടന്നു. എന്റെ ചോദ്യം എന്തു കൊണ്ടോ അമ്മയെ അസ്വസ്ഥയാക്കിയിരുന്നു.അതിനാൽ തന്നെ വീണ്ടും എന്തെങ്കിലും ചോദിക്കുവാൻ എനിക്ക് മടി തോന്നി.

അമ്മയുടെ സംസാരം ദിയയെ കുറിച്ചുള്ള എന്റെ ധാരണകളെ ഒരു വിധം തിരുത്തിയിരുന്നു.അവളോട് കൂടുതൽ അടുക്കുവാനും ഞങ്ങൾക്കിടയിൽ ഉള്ള തെറ്റിദ്ധാരണകൾ തിരുത്തുവാനും എന്റെ മനസ്സ് പറയുന്നുണ്ടായിരുന്നു.ഞങ്ങൾക്കിടയിൽ വരാൻ പോകുന്ന നല്ല നാളുകളോർത്തു ചുണ്ടിലൊരു ചെറു ചിരിയോടെ ഞാൻ കണ്ണുകൾ അടച്ചു. ********** തന്റെ ഫോൺ റിംഗ് ചെയ്യുന്നത് കേട്ടാണ് അതുവരെ എഴുതികൊണ്ടിരുന്ന നോട്സ് ദിയ പാതിയിൽ നിർത്തിയത്. ചാർജിൽ വച്ചിരുന്ന ഫോൺ കയ്യിലെടുക്കുമ്പോൾ ഡിസ്പ്ലേയിൽ തെളിഞ്ഞ നമ്പർ അവളെ സന്തോഷത്തിന്റെ കൊടുമുടിയിലെത്തിച്ചു.

“ഹലോ പപ്പാ…? ” “എന്റെ കൊച്ച് എന്തെ ഉറങ്ങാത്തത്? ” “കുറച്ച് ക്ലാസ്സ്‌ നോട്സ് എഴുതിയെടുക്കാൻ ഉണ്ടായിരുന്നു ” “ക്ലാസ്സ്‌ നോട്സ് ക്ലാസ്സിൽ നിന്ന് എഴുതിയെടുക്കണ്ടേ? ” “അതിന് ആ ക്ലാസ്സ്‌ എനിക്ക് കിട്ടിയില്ലല്ലോ. ” പറഞ്ഞു തീർന്നപ്പോൾ തനിക്ക് പറ്റിയ അബദ്ധമോർത്തു അവൾ നാവു കടിച്ചു. “ആഹാ അപ്പോൾ അങ്ങനെയാണ് കാര്യങ്ങളുടെ കിടപ്പ്. ” “അത്…പിന്നെ പപ്പാ….ഞാൻ.. ” “വേണ്ട വേണ്ട കിടന്നുരുളണ്ട.പപ്പാ അറിയുന്നുണ്ട് എല്ലാം. ഈയിടെയായി രണ്ടാൾക്കും കറക്കം ഇത്തിരി കൂടുന്നുണ്ട്. ” “സോറി….പപ്പാ…. ” “മ്മ്മ്….ശെരി.ഇനിയെന്നാ കൊച്ച് ഇങ്ങോട്ട് വരുന്നേ. ” “ശ്ശെടാ… കഴിഞ്ഞ ദിവസം ഇങ്ങു പൊന്നല്ലേ ഉള്ളൂ.”

“എന്റെ കുഞ്ഞിനെ എനിക്ക് എത്ര കണ്ടാലും കൊതി തീരില്ല. ” “ഈ ആഴ്ച എന്തായാലും ഇല്ല. നാളെ H.P വരുന്നുണ്ട് നാട്ടിലേക്കു കൂട്ടാൻ. അത് കഴിഞ്ഞ് എന്തായാലും വരാം. ” “മ്മ്മ്…..എങ്കിൽ നീ വച്ചോ. Gd nyt ” “Gd nyt പപ്പാ… ” സന്തോഷത്തോടെ ഫോൺ കട്ട്‌ ചെയ്ത് ദിയ ഫോൺ തിരികെ ചാർജിൽ വച്ചു. അപ്പോഴും മറുപുറത്തുണ്ടായിരുന്ന മനുഷ്യനിൽ പഴയ ഓർമ്മകൾ പകയുടെ കനലെരിക്കുകയായിരുന്നു….തുടരും

ഹരി ചന്ദനം: ഭാഗം 11

Share this story