നീലമിഴികൾ (നാഗമാണിക്യം 2): ഭാഗം 32

നീലമിഴികൾ (നാഗമാണിക്യം 2): ഭാഗം 32

സൂര്യകാന്തി

“മമ്മ അങ്കിളിനോട് നമ്മുടെ കാര്യം സംസാരിക്കാനിരിക്കുവായിരുന്നു.. അങ്കിൾ എവിടെയോ പോയതാണ്.. വന്നാലുടനെ കാര്യങ്ങൾക്കൊക്കെയൊരു തീരുമാനമാക്കണമെന്ന് മമ്മ നിർബന്ധം പിടിക്കുന്നുണ്ട് സൂര്യാ.. ഞാൻ എന്താ ചെയ്യേണ്ടത്…?” രുദ്ര മുറ്റത്തെത്തിയതും നന്ദനയുടെ ശബ്ദം അവളുടെ ചെവിയിലെത്തി.. ഒരു നിമിഷം ചലിക്കാനാവാതെ അവളവിടെ തന്നെ നിന്നുപോയി.. ഉള്ളിലെവിടെയൊ കുത്തിപ്പറിക്കുന്നത് പോലൊരു വേദന.. സൂര്യന്റെ മറുപടി അവൾ കേട്ടില്ല.. “പിന്നെ നമ്മൾ എന്ത് ചെയ്യും.. അത് കൂടെ പറ…പെട്ടെന്നിങ്ങനെയൊരു മടക്കം.. അതെന്താ?” പിന്നെയും നന്ദനയുടെ ചോദ്യം രുദ്ര കേട്ടു.. “…………………..”

എത്ര കാതോർത്തിട്ടും സൂര്യന്റെ പതിഞ്ഞ ശബ്ദം അവൾക്ക് വ്യക്തമായില്ല.. ഒന്ന് രണ്ടു നിമിഷങ്ങൾ കഴിഞ്ഞതും താൻ വന്നതെന്തിനെന്നോർമ്മ വന്നതും രുദ്ര കാളിംഗ് ബെല്ലിൽ വിരലമർത്തി.. പൂമുഖവാതിൽ തുറന്നു കിടന്നിരുന്നു.. വാതിൽക്കൽ പ്രത്യക്ഷപ്പെട്ട സൂര്യനാരായണന്റെ മുഖത്ത് അവിശ്വസനീയതയായിരുന്നു… അയാൾക്ക് പിറകിൽ നന്ദനയുടെ മുഖവും രുദ്ര കണ്ടു.. കാലുകൾ തിരിഞ്ഞോടാൻ തുനിഞ്ഞെങ്കിലും രുദ്ര പിടിച്ചു നിന്നു.. “രുദ്രാ…?” സൂര്യന്റെ സ്വരത്തിൽ ഗൗരവമായിരുന്നു.. “എനിക്ക്.. എനിക്കൊന്ന് സംസാരിക്കണം..” “വരൂ…” പറഞ്ഞിട്ട് അവൾക്കായി കാത്തു നിൽക്കാതെ സൂര്യൻ അകത്തേക്ക് നടന്നു. രുദ്ര പതിയെ അവർക്ക് പിറകെ അകത്തേക്ക് നടന്നു…

നന്ദന സൂര്യനരികിൽ തന്നെ നിൽക്കുന്നത് രുദ്ര കണ്ടു. ഹാളിലെ സോഫയിൽ രണ്ടു മൂന്ന് ബാഗുകൾ രുദ്ര കണ്ടു.. പാക്കിംഗ് ആണ്.. “സാറിനോട് എനിക്ക് കുറച്ചു സംസാരിക്കാനുണ്ട്.. തനിച്ച്..” രുദ്രയുടെ നോട്ടം നന്ദനയിലായിരുന്നു.. അവളുടെ മുഖം മങ്ങുന്നത് രുദ്ര കണ്ടു.. സൂര്യൻ നന്ദനയെ നോക്കിയതും അവൾ ഒന്നും പറയാതെ പുറത്തേക്ക് നടന്നു.. നന്ദന വാതിൽ കടന്നപ്പോഴാണ് രുദ്ര സൂര്യനെ നോക്കിയത്… ഒരു കൈ നെഞ്ചിൽ പിണച്ചു വെച്ചു മറുകൈയിലെ ചൂണ്ടു വിരൽ ചുണ്ടിൽ ചേർത്തു രുദ്രയെ തന്നെ നോക്കിനിൽക്കുകയായിരുന്നു സൂര്യനാരായണൻ.. മുഖത്ത് ഗൗരവം നിറഞ്ഞു നിന്നു.. രുദ്ര മിഴികൾ ഇറുകെ ചിമ്മിതുറന്നു.. “എനിക്ക് സാറിന്റെ ഒരു സഹായം വേണം..”

രുദ്രയുടെ ശബ്ദം ഒട്ടും പതറിയില്ല.. “വാട്ട്‌…?” “എന്റെ അമ്മൂട്ടി.. ഭദ്ര.. അവളൊരു ആപത്തിൽ പെട്ടിരിക്കുന്നു…” സൂര്യൻ മനസ്സിലാകാത്തത് പോലെ രുദ്രയെ നോക്കി.. “അതിന്..?” “സാർ ഇപ്പോൾ തിരികെ പോവരുത്..ഭദ്രയ്ക്ക് സാറിന്റെ സഹായം വേണം…” രുദ്ര സൂര്യന്റെ മുഖത്തേക്ക് തന്നെ നോക്കിയാണ് പറഞ്ഞത്.. “യൂ ആർ അമേസിങ് രുദ്രാ.. വീണ്ടും വീണ്ടും എന്നെ അത്ഭുതപ്പെടുത്തുന്നു താൻ..” സൂര്യന്റെ പതിഞ്ഞ ശബ്ദം അവളെ തേടിയെത്തി.. രുദ്ര ഒന്നും പറഞ്ഞില്ല.. അപ്പോൾ അവളുടെ മിഴികൾ നിലത്തേക്കായിരുന്നു.. “ഞാൻ സഹായിക്കുമെന്ന് തോന്നുന്നുണ്ടോ ഇയാൾക്ക്..?” ഗൗരവം മാറി സൂര്യന്റെ മുഖത്ത് അപ്പോൾ കൗതുകമായിരുന്നു.. “ഉണ്ട്..” ഒട്ടും ആലോചിക്കേണ്ടി വന്നില്ല രുദ്രയ്ക്ക്…

“ഇന്നലെ നടന്നതൊക്കെ മറന്നു പോയോ താൻ…?” സൂര്യന്റെ ശബ്ദത്തിൽ പരിഹാസം കലരുന്നത് രുദ്ര അറിയുന്നുണ്ടായിരുന്നു.. “ഉറ്റവർക്ക് ആപത്ത് വരുമ്പോൾ ശത്രുവിനോട് പോലും സഹായമഭ്യർത്ഥിക്കുന്നതിൽ തെറ്റില്ലെന്ന് ഒരാൾ എഴുതിയത് ഞാൻ വായിച്ചിട്ടുണ്ട്..” “ഓ…” “അമ്മൂട്ടിയ്ക്ക് വേണ്ടി ആരുടെ മുൻപിലും കൈകൂപ്പാൻ മടിയില്ലെനിക്ക്.. അവൾക്ക് പകരമായി എന്റെ ജീവൻ നൽകാൻ പോലും ഞാനൊരുക്കമാണ്.. ഭദ്ര ഈ ഭൂമിയിൽ ഇല്ലാതെ ഒരു നിമിഷം പോലും രുദ്രയും ഇവിടെ ഉണ്ടാവില്ല…” ആ വാക്കുകളിൽ എല്ലാം ഉണ്ടായിരുന്നു..സൂര്യൻ പറയാൻ മനസ്സിൽ കരുതിയത് പറയാൻ മറന്നു..

ഉള്ളിലെവിടെയോ അസൂയ നുരയുന്നത് അവൻ തിരിച്ചറിഞ്ഞു… ഒരിക്കലും ആരാലും ഇങ്ങനെ സ്നേഹിക്കപ്പെട്ടിട്ടില്ല… “എനിക്ക് വേണ്ടിയാണെങ്കിൽ ഞാൻ ഇങ്ങനെ വരില്ലായിരുന്നു.. ഒരിക്കലും……” രുദ്രയുടെ ശബ്ദം വല്ലാതെ നേർത്തുപോയിരുന്നു..സൂര്യന് പതിഞ്ഞ ശബ്ദത്തിൽ സംസാരിക്കുന്ന നിശാഗന്ധിയെ ഓർമ്മ വന്നു.. മിഴികളിൽ നോക്കി സംസാരിക്കാൻ പോലും മടിയുള്ളവൾ.. “ഞാൻ എന്തു വേണമെന്നാണ് ശ്രീരുദ്ര പറയുന്നത്…” രുദ്ര പൊടുന്നനെ മുഖമുയർത്തി സൂര്യനെ നോക്കി.. മുഖത്ത് ഗൗരവം മാത്രമേയുള്ളൂ.. “പോവരുത്.. അച്ഛൻ ഒരു യാത്ര പോയിരിക്കുന്നു.. വരുന്നത് വരെ കാക്കണം.. സംസാരിക്കണം.. ഭദ്രയെ രക്ഷിക്കാൻ സഹായിക്കുകയും വേണം…”

“ഇന്നലെ എന്നോട് എന്തൊക്കെയാണ് പറഞ്ഞതെന്ന് ഇയാൾക്ക് ശരിക്കും ഓർമ്മയുണ്ടോ…” “ഓർമ്മയുണ്ട്.. ശരിക്കും.. പക്ഷെ…” രുദ്ര വീണ്ടും സൂര്യനെ നോക്കി.. “ഇനിയൊരു തവണ കൂടി അങ്ങനെയൊരു സന്ദർഭം വന്നാലും ഞാൻ അങ്ങനെയേ പെരുമാറൂ.. എന്റെ കുടുംബം.. അവർക്ക് ആപത്ത് വരുന്നത് എനിക്ക് സഹിക്കില്ല.. എത്ര പ്രിയപ്പെട്ടതായാലും…” “ഓ അപ്പോഴും എന്നോടുള്ള ആറ്റിറ്റ്യൂഡിൽ മാറ്റമൊന്നുമില്ല.. എന്നാലും എന്റെ സഹായം വേണം താനും.. അല്ലെ..?” “അതെ.. സൂര്യനാരായണൻ ശത്രുവാണോ മിത്രമാണോയെന്ന് എനിക്കിപ്പോഴും അറിയില്ല.. പക്ഷെ എന്റെ അമ്മൂട്ടിയുടെ രക്ഷയ്ക്ക് നിങ്ങളുടെ സഹായം എനിക്ക് ആവശ്യമാണ്..”

സൂര്യൻ പതിയെ അവൾക്കരികിലേക്ക് നടന്നു.. ആ സാമീപ്യത്തിൽ പിടയുന്ന മനസ്സിനെ ഒതുക്കിപ്പിടിക്കാൻ ശ്രെമിക്കുകയായിരുന്നു രുദ്ര… “ഞാൻ സഹായിച്ചില്ലെങ്കിലോ..?” സൂര്യൻ അവൾക്ക് തൊട്ടുമുൻപിലായിരുന്നു.. “സഹായിക്കും.. എനിക്കറിയാം..” ആ കണ്ണുകളിലേക്ക് നോക്കി ഒരു മന്ത്രണം പോലെ രുദ്ര പറഞ്ഞു.. സൂര്യൻ അവളെ തന്നെ നോക്കി നിന്നതേയുള്ളൂ.. “വാഴൂരില്ലത്തെ അവസാനകണ്ണിയായ സൂര്യനാരായണന് നാഗകാളി മഠത്തിലെ നാഗകന്യകയെ വേളി കഴിക്കണം.. തകർന്നു മണ്ണടിഞ്ഞു പോയ ആ തറവാടിനെ ഇപ്പോഴും പിന്തുടരുന്ന ശാപങ്ങൾ അവസാനിക്കാൻ..”

സൂര്യൻ ഞെട്ടിയത് അവൾ കണ്ടു.. “ഞാൻ തയ്യാറാണ്…” രുദ്രയുടെ ശബ്ദം ദൃഢമായിരുന്നു..സൂര്യന്റെ തിളങ്ങുന്ന കണ്ണുകൾ ഒന്ന് കുറുകി.. പിന്നെ അവനൊന്ന് പുഞ്ചിരിച്ചു… “അവസാനം പറഞ്ഞതിൽ മാത്രം ശ്രീരുദ്രയ്ക്ക് തെറ്റി.. ഞാൻ വിവാഹം കഴിക്കാൻ പോവുന്നത് നന്ദനയെയാണ്..” രുദ്രയുടെ മുഖത്തെ പതർച്ച ആസ്വദിച്ചു കൊണ്ടാണവൻ തുടർന്നത്.. “ഒരു പക്ഷെ രുദ്രയ്ക്ക് അറിയില്ലായിരിക്കും.. നന്ദനയും നാഗകാളി മഠത്തിലെ ചോരയാണ്..” “അറിയാം… ഒരിക്കൽ ഈ മഠത്തിനെ പിന്തുടർന്നിരുന്ന ശാപങ്ങളെ ഭയന്നു ഇവിടെ നിന്നും പോയതായിരുന്നു നന്ദനയുടെ മുത്തശ്ശൻ..” “ഉം.. വാഴൂരില്ലത്തെ സൂര്യനാരായണന് ശ്രീരുദ്രയെ തന്നെ വേണമെന്നില്ല വധുവായി..”

അളന്നു മുറിച്ചത് പോലുള്ള വാക്കുകൾ കേട്ടപ്പോൾ ഉള്ളൊന്നുലഞ്ഞത് രുദ്ര പുറത്തു കാണിച്ചില്ല… “അതെല്ലാം സാറിന്റെ ഇഷ്ടമല്ലേ.. ഞാനെന്ത് പറയാൻ.. എനിക്ക് ഭദ്രയുടെ കാര്യത്തിൽ സാറിന്റെ ഉത്തരം അറിഞ്ഞാൽ മാത്രം മതി..” കുറച്ചു നേരം അവളെ തന്നെ നോക്കിനിന്നിട്ടാണ് സൂര്യൻ പറഞ്ഞത്.. ” സഹായമഭ്യർത്ഥിക്കുന്നവരെ നിരാശ്ശരാക്കാറില്ല വാഴൂരില്ലത്തെ സൂര്യനാരായണൻ.. ” സൂര്യന്റെ സ്വരത്തിലെ പരിഹാസം കേട്ടില്ലെന്ന് നടിച്ചു രുദ്ര… “നന്ദി.. മറക്കില്ല രുദ്ര…” അവനെ ഒന്ന് നോക്കിയിട്ട് രുദ്ര തിരിഞ്ഞു നടക്കുമ്പോഴും ഒന്നും മിണ്ടാതെ നിൽക്കുകയായിരുന്നു സൂര്യനാരായണൻ.. ആദ്യമായി ആ ശബ്ദം കേട്ടപ്പോൾ ഇളം തെന്നലിൽ ഒഴുകി വന്ന നിശാഗന്ധിയുടെ മണമായിരുന്നു മനസ്സിൽ…

അന്നേ തിരിച്ചറിഞ്ഞിരുന്നു അത് വരെ മറ്റാരിലും കാണാതിരുന്ന പ്രത്യേകതകൾ.. പിന്നെ ഒരു കൗതുകമായിരുന്നു.. പിന്നീടെപ്പോഴോ വാശിപ്പുറത്തു തേടിയിറങ്ങിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.. മനസ്സിൽ നിന്നും പറിച്ചെറിയാൻ കഴിയില്ലയെന്ന തിരിച്ചറിവുണ്ടായ സമയത്താണ് തികച്ചും യാദൃശ്ചികമായി ആ ശബ്ദത്തിന്റെ ഉടമയെ കണ്ടെത്തിയത്… അവൾ നാഗകാളി മഠത്തിലേതാണെന്നറിഞ്ഞപ്പോൾ ഒരു ഷോക്കായിരുന്നു.. ആർക്കും വിട്ടുകൊടുക്കാൻ സാധിക്കില്ലെന്ന് മനസ്സ് മന്ത്രിച്ചപ്പോൾ ഓടിയെത്തിയതാണ്.. ഉച്ചത്തിൽ സംസാരിക്കാത്ത, ആരെയും മിഴി ഉയർത്തി നോക്കാൻ മടിക്കുന്ന, ബഹളങ്ങളില്ലാതെ തന്നിലേക്ക് ഒതുങ്ങുന്നൊരു നാട്ടിൻപുറത്തുകാരി..

പിന്നീട് ആ ഡയറി വായിച്ചപ്പോൾ അത്ഭുതമായിരുന്നു…അവൾ താൻ അറിഞ്ഞതൊന്നും അല്ലായിരുന്നു.. അവളെ കൂടുതൽ അറിയുന്തോറും സ്വന്തമാക്കണമെന്ന ചിന്ത മനസ്സിൽ ഉറയ്ക്കുകയായിരുന്നു.. പക്ഷെ ഇന്നലെ.. എല്ലാം മറച്ചു വെച്ചു ചതിക്കുകയാണെന്ന തോന്നലിലാണവൾ കൊടുങ്കാറ്റായത്.. ഒരുപക്ഷെ അവൾക്ക് പോലും അറിയാതിരുന്ന അവളിൽ ഉണ്ടായിരുന്ന മറ്റൊരു ഭാവം.. പക്ഷെ ഇന്ന്.. പ്രിയപ്പെട്ടവർക്കു വേണ്ടി ഏതറ്റം വരെയും പോവാൻ തയ്യാറായി തന്റെ മുൻപിൽ എത്തിയപ്പോൾ അവൾക്ക് ഇത്‌ വരെ കാണാതിരുന്ന ഭാവമായിരുന്നു… അറിയുന്തോറും നീയെന്നെ അത്ഭുതപ്പെടുത്തി കൊണ്ടേയിരിക്കുന്നു പെണ്ണേ… പക്ഷെ ഇന്നലെ നീയെന്നെ ഒരുപാടൊരുപാട് വേദനിപ്പിച്ചു.. അതിനുള്ള ശിക്ഷ.. അത് നീ അനുഭവിച്ചേ മതിയാവൂ നിശാഗന്ധി…

രുദ്ര മുറ്റത്തേക്കിറങ്ങുമ്പോഴാണ് പത്മ വേവലാതിയോടെ കയറി വന്നത്.. കൈയിൽ ഫോണും ഉണ്ടായിരുന്നു.. പത്മ കോലയിലേക്ക് കയറിയതും അമ്മയെ ഒന്ന് നോക്കി ഒന്നും പറയാതെ രുദ്ര മുറ്റത്തേക്കിറങ്ങി നടന്നു..രുദ്ര നന്ദനയെ അവിടെങ്ങും കണ്ടില്ല.. സൂര്യൻ വാതിൽക്കൽ എത്തിയിരുന്നു.. പത്മ അവനെ നോക്കി.. “സൂര്യാ… രുദ്ര…” സൂര്യൻ അവളെ നോക്കി പുഞ്ചിരിയോടെ മിഴികൾ ചിമ്മി.. “ഒന്നുമില്ല…” പത്മ വീണ്ടുമെന്തോ പറയാൻ തുടങ്ങിയതും സൂര്യൻ പറഞ്ഞു.. “അനന്തൻ സാർ വിളിച്ചിരുന്നു..

കാര്യം പറഞ്ഞു.. ബാക്കി വന്നിട്ട് സംസാരിക്കാമെന്ന് പറഞ്ഞു..” പത്മ അയാളെ നോക്കി നന്ദി സൂചകമായി തലയാട്ടി.. രുദ്രയ്ക്ക് പിറകെ പത്മയും യാത്ര പറഞ്ഞകലുമ്പോൾ അവരെ നോക്കി നിന്ന സൂര്യനാരായണന്റെ മുഖത്തൊരു പുഞ്ചിരി തെളിഞ്ഞു… മനം മയക്കുന്ന ആ പുഞ്ചിരി.. മുറ്റത്തതിരിലെ പേരമരക്കൊമ്പിൽ അപ്പോഴും കരിനാഗം ചുറ്റിപ്പിണഞ്ഞു കിടക്കുന്നുണ്ടായിരുന്നു… ##

അനന്തൻ യാത്ര കഴിഞ്ഞെത്തുമ്പോൾ ഇരുട്ടിയിരുന്നു… കുളിയും ഭക്ഷണവുമൊക്കെ കഴിഞ്ഞാണ് അക്ഷമയോടെ കാത്തു നിന്നിരുന്ന പത്മയും ശ്രീനാഥും രുദ്രയും അയാൾക്കരികെ എത്തിയത്… “കുഞ്ഞി.. മോള് സൂര്യന്റെ അടുത്ത് പോവേണ്ടിയിരുന്നില്ല.. അച്ഛൻ വിളിച്ചു സംസാരിച്ചിരുന്നു അയാളെ..” ഓ.. അപ്പോൾ എല്ലാം അറിഞ്ഞു വെച്ചിട്ടാണ് എഴുത്തുകാരൻ ആ നാടകമൊക്കെ കളിച്ചത്.. രുദ്ര മനസ്സിലോർത്തു… “അമ്മൂട്ടിയ്ക്ക് വേണ്ടിയല്ലേ അച്ഛാ.. അയാൾ വാഴൂരില്ലത്തെയാണെന്ന് അറിഞ്ഞപ്പോൾ ഇന്നലെ ഞാൻ എന്തൊക്കെയോ പറഞ്ഞു പോയി.. അതൊക്കെ മനസ്സിൽ വെച്ചു അയാൾ സഹായിച്ചില്ലെങ്കിലോ എന്ന് വിചാരിച്ചു..

എന്റെ മനസ്സിൽ അപ്പോൾ അമ്മൂട്ടിയുടെ രക്ഷ മാത്രമേ ഉണ്ടായിരുന്നുള്ളൂ..” “ഉം.. സൂര്യന്റെ കാര്യത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല.. പക്ഷെ തല്ക്കാലം അയാളെ വിശ്വസിച്ചു കൂടെ കൂട്ടുകയെ വഴിയുള്ളൂ.. വാഴൂരില്ലത്തെ ചോരയായിരുന്നല്ലോ ആദിത്യനും..” അനന്തൻ പറഞ്ഞു.. പത്മയുടെ മുഖത്തെ ചോദ്യഭാവം കണ്ടിട്ടാണ് അനന്തൻ പറഞ്ഞത്.. “മേലേരി ഇല്ലത്തെ നാഗകന്യയായിരുന്ന ഭദ്ര ഒരിക്കൽ കൂടെ നാഗകാളി മഠത്തിൽ പുനർജനിച്ചിട്ടുണ്ട്… ” പത്മയുടെ മിഴികൾ രുദ്രയിലായിരുന്നു.. അനന്തൻ പത്മയെ നോക്കി.. “അത് പക്ഷെ താൻ കരുതുന്നത് പോലെ രുദ്രയല്ല..” പത്മ ഞെട്ടിയത് രുദ്ര കണ്ടിരുന്നു… “പിന്നെ….?” “ഭദ്ര… ശ്രീ ഭദ്ര.. ഇപ്പോൾ കാളിയാർ മഠത്തിലെ ആദിനാരായണന്റെ ഭാര്യ…”

“അപ്പോൾ ആദിത്യൻ…?” ശ്രീനാഥാണ് ചോദിച്ചത്.. “സംശയിക്കേണ്ട.. ആദിനാരായണൻ തന്നെയാണ് വാഴൂരില്ലത്തെ ആദിത്യൻ…” പത്മയുടെ ചുണ്ടുകൾ വിറ കൊള്ളുന്നുണ്ടായിരുന്നു.. അനന്തൻ അവൾക്കരികെയെത്തി.. “വർഷങ്ങൾക്ക് മുൻപേ നമുക്ക് നഷ്ടമായ.. താമരക്കുളത്തിൽ പൊലിഞ്ഞു പോയ ജീവൻ തന്നെയാണ് ശ്രീഭദ്രയായി വീണ്ടും തന്റെ വയറ്റിൽ പിറന്നത്..” പത്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു.. അനന്തൻ അവളെ ചേർത്തു പിടിച്ചു… “അപ്പോൾ ഭദ്രയ്ക്ക് കാളിയാർ മഠവുമായുള്ള ബന്ധം..? അശ്വതിയെന്ന ദാരികയ്ക്ക് ഭദ്രയോടുള്ള പക…?” ശ്രീനാഥാണ് ചോദിച്ചത്… “അത് ഇതുവരെ കൃത്യമായി അറിയാൻ കഴിഞ്ഞിട്ടില്ല ശ്രീ.. ജന്മാന്തരങ്ങൾക്കപ്പുറത്ത് നിന്നും ഇവിടെ വരെ എത്തുന്നതിനിടെ അവരുടെ ജീവിതത്തിലൂടെ കടന്നു പോയവർ…”

അനന്തൻ ഒന്നു നിർത്തി ശ്രീനാഥ്നെ നോക്കി.. “വാഴൂരില്ലത്തെ ആദിത്യൻ മരണശേഷം വീണ്ടും ജന്മങ്ങളെടുത്തെങ്കിലും ഭദ്രയുമായി ഒന്നിക്കാൻ കഴിഞ്ഞിരുന്നില്ല.. അതിലൊന്നു മാത്രമായിരുന്നു വൈശാഖൻ..” “പുനർജ്ജന്മം എടുത്തത് ഒന്നിക്കാൻ ആയിരുന്നില്ലേ..?” “ആയിരുന്നു.. പക്ഷെ അപ്പോഴൊക്കെ ഭൈരവനോടൊപ്പം ഭദ്ര വിധിയെ വെല്ലുവിളിച്ച് പരകായപ്രവേശം നടത്തി പല ശരീരങ്ങളിലായി ജീവിക്കുകയായിരുന്നു ഭൂമിയിൽ..” “ആദിത്യനും ഭദ്രയും ഒരുമിക്കണമെങ്കിൽ ഭദ്ര ജീവൻ വെടിഞ്ഞു പിന്നെയും പുനർജനിക്കണമായിരുന്നു.. ശ്രീദയെ ഓർക്കുന്നില്ലേ.. ശ്രീദയിൽ നിന്നാണ് ഭദ്ര ഇഹാലോകവാസം വെടിഞ്ഞത്..

അതുവരെ അവൾ ഭൈരവനൊപ്പം നിരവധി ദുഷ്‌കർമ്മങ്ങൾ ചെയ്തിട്ടുണ്ട്..” “അച്ഛാ അമ്മൂട്ടിയെ രക്ഷിക്കാനുള്ള വഴികൾ..?” രുദ്രയ്ക്ക് അത് മാത്രമായിരുന്നു അറിയേണ്ടത്… “അതാണ് കുഞ്ഞി പറഞ്ഞു വരുന്നത്.. തിരുമേനി പറഞ്ഞത് പ്രകാരം അവരിൽ ഒരാൾ നാഗകാളി മഠത്തിലെ നാഗകന്യകയാണ്.. ശ്രീരുദ്ര.. രണ്ടാമത്തെയാൾ വാഴൂരില്ലത്തെ പിന്മുറക്കാരൻ..സൂര്യനാരായണൻ.. മറ്റു രണ്ടുപേർ..” അനന്തൻ ഒന്ന് നിർത്തി അവരെ നോക്കി.. “അശ്വതിയുടെ കൂട്ടുകാരിയായിരുന്ന ഉത്തര.. പിന്നെ അവളുടെ കാമുകനായിരുന്ന മാധവനുണ്ണി..” “അവർ.. അവരെങ്ങിനെ..?”

രുദ്ര അനന്തനരികെ എത്തിയിരുന്നു.. “അവരും പുനർജ്ജന്മമെടുത്തിട്ടുണ്ട്..പക്ഷെ.. അവരിലേക്കെത്താനുള്ള വഴി.. അത് ഇതു വരെ തെളിഞ്ഞിട്ടില്ല.. മാത്രവുമല്ല…” അനന്തൻ വീണ്ടും എല്ലാവരെയും നോക്കി.. “ഉത്തര.. അവളുടെ പുനർജ്ജന്മം.. അപകടകാരിയുമാണ്.. അവൾക്ക് അശ്വതിയോടുണ്ടായിരുന്ന സ്നേഹം, വിധേയത്വം… അതൊക്കെ ആപത്താണ്.. ഭദ്രയുടെ ജീവനു പോലും…പക്ഷെ അവളുടെ രക്ഷയ്ക്ക് ഉത്തരയുടെ പുനർജ്ജന്മമെടുത്തവളുടെ സാന്നിധ്യവും ആവശ്യമാണ്..” എല്ലാ മുഖങ്ങളിലും തെളിഞ്ഞ ഞെട്ടൽ അനന്തന് കാണാമായിരുന്നു… (തുടരും )

പഴയ ആദിത്യനും ഭദ്രയും ഇപ്പോഴത്തെ ആദിത്യനും ഭദ്രയും തന്നെ.. കലങ്ങിയല്ലോ അല്ലെ 😜 (പഴയ കഥയിൽ ആദിത്യനെ ഭൈരവൻ ചതിയിൽ അകപ്പെടുത്തി കൊന്നു.. ഭദ്രയെ തെറ്റിദ്ധരിപ്പിച്ചു കൂടെ കൂട്ടി.. പരകായ പ്രവേശം നടത്തി അവർ പ്രതികാരത്തിനായി കാത്തിരുന്നു..ഒടുവിൽ ശ്രീദയെന്ന സ്ത്രീയുടെയും ഭർത്താവിന്റെയും ശരീരത്തിൽ നിന്നാണ് രണ്ടുപേരും ജീവൻ വെടിഞ്ഞത്.. അതേസമയം ആദിത്യൻ വൈശാഖനായി പുനർജനിച്ചിരുന്നു.. (നാഗമാണിക്യം 1)) കുറച്ചൊക്കെ കത്തിയല്ലോ ല്ലെ.. ബാക്കിയും ഉടനെ കത്തിക്കാം 😜🤭

നീലമിഴികൾ (നാഗമാണിക്യം 2): ഭാഗം 31

Share this story