നിനക്കായ് : ഭാഗം 2

നിനക്കായ് : ഭാഗം 2

എഴുത്തുകാരി: ഫാത്തിമ അലി

“കല്ലൂ…” പുഞ്ചിരിയോടെ തന്റെ അടുത്തേക്ക് നടന്ന് വരുന്ന ആളെ കണ്ട് ശ്രീ പതിയെ മൊഴിഞ്ഞു… “എത്ര നാളായെടീ നിന്നെ കണ്ടിട്ട്…?” കല്ലു ശ്രീയുടെ അടുത്തേക്ക് ചെന്ന് അവളുടെ കവിളിൽ തലോടിക്കൊണ്ട് ചോദിച്ചു… “നിന്നെ അല്ലേ ടീ പെണ്ണേ ഇപ്പോ കാണാൻ കിട്ടാത്തത്… കുഞ്ഞാവ വലുതായല്ലോ…എത്രാം മാസമാ ഇപ്പോ…?” അവളുടെ വീർത്ത വയറിൽ തടവിക്കൊണ്ട് ചോദിച്ചതും കല്ലു ചിരിച്ചു… “അഞ്ചാം മാസം…നിന്റെ ക്ലാസ് കഴിഞ്ഞോ ടാ…?” “ഉവ്വെടീ…ഇന്നലെ വൈകുന്നേരമാ വീട്ടിൽ എത്തിയത്…അല്ല നിന്റെ ഏട്ടൻ എവിടെ…?” “ഏട്ടൻ വന്നിട്ടില്ല…” “ശാരദാമ്മയും കൂടെ ഇല്ലല്ലോ…?

അപ്പോ ഒറ്റക്കാണോ നീ അമ്പലത്തിലേക്ക് വന്നത്..?” “അമ്മ വരാൻ ഇറങ്ങിയതാ…അപ്പഴാ മംഗലത്ത് നിന്ന് വിളിച്ചത്…ഹരിയേട്ടൻ വന്നത് കൊണ്ട് നേരത്തെ ചെല്ലാൻ പറഞ്ഞു…ഏതായാലും ഇറങ്ങിയതല്ലേ എന്ന് കരുതി ഞാനിങ്ങ് പോന്നു…” “ഏഹ്….ഹരിയേട്ടൻ എപ്പോ എത്തി…?” ശ്രീ ആകാംക്ഷ അടക്കാനാവാതെ ചോദിച്ചതും കല്ലു ചിരിച്ചു… “ഇന്ന് പുലർച്ചെ ആണ് പോലും…അല്ല നിന്നോട് പുള്ളിക്കാരൻ പറഞ്ഞില്ലേ…?” “എവിടുന്ന്….മര്യാദക്ക് ഒന്ന് വിളിക്കുക പോയിട്ട് ഒരു മെസ്സേജ് പോലും അയക്കില്ല…

ദുഷ്ടൻ…പണ്ടൊക്കെ ഒരു ഹായ് എങ്കിലും കിട്ടിയിരുന്നതാ….ഇപ്പോ അതും ഇല്ല…” “ഇനി ഏതെങ്കിലും പെണ്ണുമായി വല്ല കണക്ഷനും കാണുമോ നിന്റെ ഹരിയേട്ടന്..?” കല്ലു കുസൃതിയോടെ ചോദിച്ചതും ശ്രീയുടെ മുഖം വീർത്തു… “ടീ…പെണ്ണേ…വേണ്ടാട്ടോ…എന്റെ ഹരിയേട്ടൻ പാവമാ… ഞാനല്ലാതെ വേറൊരു പെണ്ണ് ആ മനസ്സിൽ ഉണ്ടാവില്ല ഒരിക്കലും..എനിക്ക് ഉറപ്പാ..പിന്നെ ഇപ്പോ ബിസിനസിന്റെ തിരക്ക് അല്ലേ…അതാവും വിളിക്കാനൊന്നും സമയം കിട്ടാത്തത്…

നീ ചുമ്മാ ഓരോന്ന് വിളിച്ച് പറയണ്ട… കേട്ടല്ലോ..ഹും…” കല്ലുവിനോട് ചുണ്ട് കൂർപ്പിച്ച് വെച്ച് പറഞ്ഞ് ശ്രീ വെട്ടി തിരിഞ്ഞ് നടക്കാനൊരുങ്ങി…. “അയ്യോ എന്റെ ശ്രീക്കുട്ടീ…ഞാൻ നിന്നെ വെറുതെ ദേഷ്യം പിടിപ്പിക്കാൻ പറഞ്ഞതല്ലേ ടീ പെണ്ണേ…അപ്പോഴേക്കും പിണങ്ങിയോ…ദേ നോക്ക്…മംഗലത്ത് ഹരിനന്ദൻ എന്റെ ഈ ചുന്ദരി കളിക്കൂട്ടുകാരീടെ മാത്രം ആണ്…അതീ നാട്ടിലെ കുഞ്ഞ് പുൽച്ചെടിക്ക് പോലും അറിയാവുന്ന കാര്യമല്ലേ…?” കല്ലു അവളുടെ താടിയിൽ പിടിച്ച് കൊഞ്ചിക്കൊണ്ട് പറഞ്ഞതും ശ്രീയിൽ ഒരു ചിരി വിരിഞ്ഞു…

പക്ഷേ അത് സമർഥമായി മറച്ച് വെച്ച് കൊണ്ട് അവൾ കല്ലുവിനെ നോക്കി പേടിപ്പിച്ചു… “ഒന്ന് ചിരിക്ക് എന്റെ പൊന്നേ…പ്ലീസ്….” ശ്രീയുടെ ഇടുപ്പിൽ ഇക്കിളിയാക്കിയതും അവൾ പിടിച്ച് വെച്ച ചിരി പൊട്ടിച്ചിരിയായി… “മതി…വാ…നടക്ക്…” ചിരിച്ച് കണ്ണിൽ നിന്ന് വെള്ളം വന്നതും കല്ലുവിന്റെ കൈ അവൾ പിടിച്ച് വെച്ചു…. ഇരുവരും ഓരോന്ന് സംസാരിച്ച് കൊണ്ട് അമ്പലത്തിലെ കൽപടവുകൾ ഓരോന്നായി ഇറങ്ങി തിരികെ വീട്ടിലേക്ക് നടന്നു… കല്യാണിയും ശ്രീയും പ്ലസ് ടു വരെ ഒരുമിച്ച് പഠിച്ചതാണ്…പ്ലസ് ടു കഴിഞ്ഞ് ശ്രീ ഡിഗ്രിക്കും കല്ലു ടി.ടി.സി ക്കും പോയി…

കഴിഞ്ഞ വർഷമാണ് അവളുടെ വിവാഹം കഴിഞ്ഞത്… ഭർത്താവിന്റെ വീട്ടിൽ നിന്ന് വരുമ്പോൾ മാത്രമായി പിന്നീട് അവരുടെ കൂടിക്കാഴ്ച…. കല്ലുവിന്റെ അമ്മ ശാരദ ഹരിയുടെ വീട്ടിൽ പുറം പണിക്കും മറ്റുമായി പോവലുണ്ട്…. സംസാരിച്ച് ഇടവഴിക്ക് അടുത്തെത്തിയതും കല്ലു അവളോട് യാത്ര പറഞ്ഞ് വീട്ടിലേക്ക് പോയി… ശ്രീ ഇലച്ചീന്തിലെ പ്രസാദവുമായി ധാവണി തുമ്പ് ഉയർത്തി പിടിച്ച് വീട്ടിലേക്ക് ഓടി.. പടിപ്പുര കഴിഞ്ഞ് തറവാട് വീടിന്റെ ഒരു വശത്ത് ഇരു നില കെട്ടിടം ഉണ്ട്… അവിടേക്ക് പത്ത് പന്ത്രണ്ട് വയസ്സായ പെൺകുട്ടികൾ ഓരോരുത്തരായി വന്നു കൊണ്ടിരിക്കുന്നു…

ശ്രീ അവരെ നോക്കി കൈ വീശി കാണിച്ച് ഉമ്മറത്തെ ഓട്ട് കിണ്ടിയിൽ വെച്ചിരുന്ന വെള്ളം ഉപയോഗിച്ച് കാല് കഴുകി അകത്തേക്ക് കയറി.. “അമ്മാ….അമ്മേടെ സ്റ്റുഡന്റ്സ് ഒക്കെ വന്നിട്ടുണ്ടല്ലോ…?” “ഏഹ്…വന്നോ…നിക്ക്..ഞാൻ അവരോട് ഇപ്പോ വരാമെന്ന് പോയി പറയാം…” അടുപ്പിൽ വെന്ത് വന്ന ഇഡ്ഡലി എടുത്ത് കാസ്റോളിലേക്ക് വെച്ച് കൈ നേര്യതിന്റെ തുമ്പിൽ തുടച്ച് കൊണ്ട് ഉമ്മറത്തേക്ക് പോവാൻ ഒരുങ്ങിയതും ശ്രീ വസുന്ധരയെ പിടിച്ച് നിർത്തി…. “എന്റെ അമ്മാ…

അതൊക്കെ ഞാൻ അവരോട് പറഞ്ഞിട്ടുണ്ട്…ഇങ്ങനെ വെപ്രാളപ്പെടുന്നത് എന്തിനാ…” “എന്നാ നീ ചെന്ന് ചായ കുടിക്ക്…എന്നിട്ട് വേണം എനിക്ക് കുട്ടികളുടെ അടുത്തേക്ക് പോവാൻ…” “ആഹ്..അതൊക്കെ കുടിക്കാം…പിന്നെ അമ്മാ…ഹരിയേട്ടൻ വന്നിട്ടുണ്ടെന്ന് കല്ലു പറഞ്ഞു…” “നേരത്തെ സുമേച്ചി ഇങ്ങോട്ട് വിളിച്ചിരുന്നു…പുലർച്ചെയാ എത്തിയതെന്ന് തോന്നുന്നു..” “മ്മ്…എന്നാ ഞാൻ അവിടെ വരെ പോയിട്ട് വരട്ടേ..?” വസുവിന്റെ തോളിൽ ചുണ്ടുവിരലാൽ കൊറിച്ച് കൊണ്ട് കൊഞ്ചിയതും അവർ അവളെ കൂർപ്പിച്ച് നോക്കി… “പ്ലീസ് അമ്മാ…പോയി വേഗം വരാം…” “നീ ചെന്ന് ഭക്ഷണം കഴിക്ക്…എന്നിട്ട് ആലോചിക്കാം…”

“ഞാൻ പോയി വന്നിട്ട് കഴിച്ചോളാം…സുമാമ്മയെ കാണാൻ കൊതിയാവുന്നു…” “അയ്യടാ…അമ്മേടെ മോൾക്ക് ആരെ കാണാനാ കൊതി എന്ന് അമ്മക്ക് നന്നായിട്ട് അറിയാം…കല്യാണത്തിന് മുൻപ് ഇങ്ങനെ അങ്ങോട്ട് പോവാൻ പാടില്ല…” “അതിന് നിശ്ചയം ഒന്നും കഴിഞ്ഞില്ലല്ലോ…ഇപ്പോ ഞാൻ എന്റെ അമ്മായീടെ അടുത്തേക്കല്ലേ പോവുന്നേ…പ്ലീസ് അമ്മാ..” “എന്താണെങ്കിലും ഭക്ഷണം കഴിച്ചിട്ട് പോയാൽ മതി..പോരാത്തതിന് ഹരി ഉറക്കം ആവും…നീ ചെന്ന് വല്ല കുരുത്തക്കേടും കാണിച്ച് അവന് ശല്യം ആവും…കുറച്ചൂടെ കഴിഞ്ഞിട്ട് പൊക്കോ…”

വസുന്ധര തീർപ്പ് പറഞ്ഞതും ശ്രീ മുഖവും വീർപ്പിച്ച് പോവാൻ ഒരുങ്ങി… “ശ്രീക്കുട്ടീ….ചെന്ന് ഭക്ഷണം കഴിച്ചേ…?” “ആഹ്…കഴിക്കാൻ തന്നെയാ പോവുന്നേ…” കെറുവിച്ച് കൊണ്ട് പറയുന്നത് കേട്ടതും അവർ ചിരിച്ച് അകത്തേക്ക് ചെന്നു… മേശമേൽ വെച്ചിരിക്കുന്ന തടിപ്പെട്ടി എടുത്ത് അവർ ഔട്ട് ഹൗസിലേക്ക് നടന്നു… അപ്പോഴേക്കും കുട്ടികൾ എല്ലാവരും അവിടെ എത്തിയിട്ടുണ്ടായിരുന്നു…. അവരെ എല്ലാവരെയും നോക്കെ ചിരിച്ച് ഒരു മണ്ഡപം പോലെ നിർമ്മിച്ച് വെച്ചിരിക്കുന്നതിലേക്ക് കയറി നിന്ന് പെട്ടി തുറന്ന് അതിലുണ്ടായിരുന്ന ചിലങ്ക എടുത്ത് അണിഞ്ഞു… വസുന്ധര ഒരു നൃത്ത അദ്ധ്യാപിക ആണ്….

മാധവൻ സ്കൂൾ മാഷും…ശ്രീക്ക് പിന്നെ ചെറുപ്പം മുതൽ സംഗീതത്തോട് ആയിരുന്നു കമ്പം… ഭക്ഷണം കഴിച്ച് കുറച്ച് സമയം വസുന്ധരയുടെ അടുത്തേക്ക് ചെന്ന് നൃത്തം ആസ്വദിച്ച് മെല്ലെ അവൾ മംഗലത്തേക്ക് ചെന്നു… അവളുടെ വീട്ടിൽ നിന്ന് രണ്ട് മൂന്ന് വീടുകൾക്ക് അപ്പുറത്താണ് മംഗലത്ത് വീട്… അത്രയും വലിയ ഒരു വീട് ആ പരിസരത്ത് എങ്ങും വേറെ കാണില്ല… നല്ല തലയെടുപ്പോടെ നിൽക്കുന്ന മംഗലത്ത് വീടിന്റെ ഗേറ്റ് കടന്ന് അവൾ ആടി പാടി കോളിങ് ബെൽ അടിക്കാനായി കൈ ഉയർത്തി… പക്ഷേ പിന്നെ എന്തോ ഓർത്തെന്ന പോലെ കൈ പിൻവലിച്ച് പിൻഭാഗത്തേക്ക് നടന്നു…

പമ്മി പമ്മി വരുന്ന അവളെ പിന്നാമ്പുറത്ത് എന്തോ പണിയിൽ ആയിരുന്ന ശാരദ കണ്ടെങ്കിലും അവരോട് ചുണ്ട് വിരൽ വെച്ച് മിണ്ടരുതെന്ന് പറഞ്ഞ് അകത്തേക്ക് കയറി…. എല്ലാ സൗകര്യങ്ങളോടും കൂടിയ വിശാലമായ കിച്ചനിൽ പുറം തിരിഞ്ഞ് നിന്ന് സവാള അരിയുക ആയിരുന്നു സുമംഗല… “സുമാമ്മേ….” ശബ്ദം ഉണ്ടാക്കാതെ അവൾ അവരുടെ അടുത്തെത്തി ഇടുപ്പിലൂടെ വട്ടം പിടിച്ച് ഇറുകെ പുണർന്ന് വിളിച്ചു… പെട്ടന്നുള്ള അവളുടെ പ്രവർത്തിയിൽ അവരൊന്ന് ഞെട്ടി എങ്കിലും അത് ശ്രീ ആണെന്ന് മനസ്സിലായതും അവർ ചിരിയോടെ അവരുടെ തോളിൽ ചേർത്ത് വെച്ചിരുന്ന അവളുടെ കവിളിൽ ഒന്ന് പിച്ചി…

“സുമാമ്മേടെ കാന്താരി വന്നോ..?ഞാൻ കണ്ടില്ലല്ലോ എന്ന് ഓർത്തേ ഉള്ളൂ….” “അമ്പലത്തിൽ പോയി കുറച്ച് വൈകി സുമാമ്മേ…?എന്താ ഇന്ന് സ്പെഷ്യൽ…?” “പുട്ടും കടലയും….ഹരിക്ക് അതല്ലേ ഇഷ്ടം….” “മ്മ്..ആഹാ നല്ല സ്വാദ്…ഹരിയേട്ടൻ ഏണീറ്റില്ലേ ഇത് വരെ…?” ഗ്യാസ് സ്റ്റൗവിന് മുകളിൽ തിളച്ച് കൊണ്ടിരുന് കടലക്കറിയിൽ നിന്ന് സ്പൂൺ എടുത്ത് അൽപം രുചിച്ച് കൊണ്ട് അവൾ സുമയെ നോക്കി… “ഇല്ല മോളേ…ഏതായാലും നീ തന്നെ ചെന്ന് വിളിക്ക്…ദാ ഈ കോഫിയും കൊണ്ട് പോയ്ക്കോ…?” ഒരു മഗ്ഗിൽ കോഫി ഒഴിച്ച് ശ്രീയുടെ കൈയിൽ കൊടുത്തതും അവൾ അതുമായി ഹാളിലേക്ക് ചെന്നു…

ധാവണി അൽപം ഉയർത്തി ഇടുപ്പിൽ കുത്തി വെച്ച് അവൾ നീളൻ സ്റ്റെയർ പതിയെ കയറാൻ തുടങ്ങി… മുകളിലത്തെ നിലയിൽ എത്തി ആദ്യം കാണുന്ന റൂം തന്നെ ആയിരുന്നു ഹരിയുടേത്… അവൾ ഹാൻഡിലിൽ പിടിച്ച് തിരിച്ചതും ഡോർ തുറന്ന് വന്നു… വിശാലമായ ആ മുറിയിൽ ഒത്ത നടുക്കായി ഇട്ട കിങ് സൈസ് ബെഡിൽ കമഴ്ന്ന് കിടന്ന് ഉറങ്ങുകയാണ് ഹരി… അവന്റെ കിടപ്പ് കണ്ട് അവൾ ചിരിയോടെ മഗ്ഗുമായി ബെഡിന് അടുത്തേക്ക് ചെന്നു… “ആഹാ….എന്താ ഒരു കിടപ്പ്….” ചിരിയോടെ മഗ്ഗ് തൊട്ടുത്ത സൈഡ് ടേബിളിൽ വെച്ച് ഹരിയുടെ തോളിൽ പതിയെ തട്ടാൻ തുടങ്ങി… “ഹരിയേട്ടാ….ഹരിയേട്ടാ….എഴുന്നേൽക്കുന്നില്ലേ…?

സമയം ഒത്തിരി വൈകി ട്ടോ….എണീറ്റേ…ഹരിയേട്ടാ…” “കുറച്ച് ടൈം കൂടെ..പ്ലീസ്…” ഉറക്കിൽ പിറുപിറുത്ത് കൊണ്ട് പുതപ്പിനാൽ ദേഹം മൂടി ചെരിഞ്ഞ് കിടക്കുന്ന അവനെ കണ്ട് ശ്രീ ഇടുപ്പിൽ കൈകുത്തി നിന്നു… പിന്നെ കുസൃതിയോടെ അവന്റെ അടുത്തേക്ക് നീങ്ങി അഴിച്ചിട്ട മുടിത്തുമ്പ് പിടിച്ച് മെല്ലെ അവന്റെ മുഖത്തിട്ട് ഉരസി…. രണ്ട് മൂന്ന് തവണ അതേ പോലെ ചെയ്തതും അവൻ കണ്ണ് തുറക്കാതെ ശ്രീയുടെ കൈയിൽ പിടിച്ച് വലിച്ച് അവന്റെ ദേഹത്തേക്ക് ഇട്ടു…

പ്രതീക്ഷിക്കാതെ ഉള്ള നീക്കമായതിനാൽ ശ്രീ ഒന്ന് പേടിച്ചെങ്കിലും അവന്റെ നെഞ്ചിൽ ഇരു കൈകളും കുത്തി ടീ ഷർട്ടിൽ മുറുക്കി പിടിച്ച് ബാലൻസ് ചെയ്ത് ഹരിയുടെ ദേഹത്തേക്ക് വീഴാതെ നിന്നു… എന്തോ ഓർമ്മയിൽ ഞെട്ടി കണ്ണ് തുറന്ന് നോക്കിയ ഹരി തനിക്ക് തൊട്ട് മുന്നിൽ നിൽക്കുന്ന ശ്രീയെ കണ്ട് ഞെട്ടി അവളുടെ കൈ എടുത്ത് മാറ്റി ബെഡിൽ നിന്നും ചാടി എഴുന്നേറ്റു… അവന്റെ തട്ടി മാറ്റലിൽ ശ്രീ ബെഡിലേക്ക് വീണ് പോയിരുന്നു… “നീ…നീ എന്താ ഇവിടെ…?” ഹരി ദേഷ്യത്തോടെ ചോദിച്ചെങ്കിലും അത് ശ്രദ്ധിക്കാതെ ബെഡിൽ നിന്നും എഴുന്നേൽക്കുകയായിരുന്നു അവൾ… “ശ്രീ….നിന്നോടാ ചോദിച്ചത്…?”

നിലത്ത് നേരെ നിന്ന് അവൾ ഹരിയുടെ മുഖത്തേക്ക് നോക്കി… “എന്താ ഹരിയേട്ടാ….?” “നീ എന്തിനാ ഇപ്പോ ഇങ്ങോട്ട് വന്നതെന്ന്…?” “ഓഹ്….അതാണോ…സുമാമ്മ ഈ കോഫി കൊണ്ട് തരാൻ പറഞ്ഞു….” “എന്നാ പിന്നെ കോഫി വെച്ചിട്ട് അങ്ങ് പോയാൽ പോരേ…മനുഷ്യനെ മിനക്കെടുത്താൻ….” ഹരിയുടെ മുഖം ഈർശ്യയാൽ ചുളുങ്ങി വന്നു…. “അതിന് ഞാൻ എന്ത് ചേയ്തു…കോഫി വെച്ച് ഹരിയേട്ടനെ വിളിച്ചതല്ലേ ഉള്ളൂ…അതിന് ഇങ്ങനെ ദേഷ്യപ്പെടണോ…?” ശ്രീയുടെ സംസാരം ഹരിയെ കൂടുതൽ ദേഷ്യം പിടിപ്പിച്ചു… “ശ്രീ….നീ ഒന്ന് പോവുന്നുണ്ടോ…എന്ത് ശല്യമാണ് ദൈവമേ ഇത്…”

ഒരു കൈ നടുവിന് കൈ കൊടുത്ത് മറു കൈയാൽ നെറ്റിയിൽ തടവിക്കൊണ്ട് ഹരി അവളെ നോക്കാതെ പറഞ്ഞു… “എന്ത് പറ്റി ഹരിയേട്ടാ…തലവേദന ഉണ്ടോ…?” ഹരിയുടെ ദേഷ്യമൊന്നും കാര്യമാക്കാതെ അവന് അടുത്തേക്ക് വരാനൊരുങ്ങിയ ശ്രീയെ ഒരു കൈയാൽ തടഞ്ഞ് വെച്ചു… “നിനക്കെന്താ ടീ പറഞ്ഞാൽ മനസ്സിലാവില്ലെന്ന് ഉണ്ടോ…” “ഹരിയേട്ടന്….” “ഇറങ്ങി പോടീ…അവളുടെ ഒരു ഹരിയേട്ടൻ…” ഹരി ശ്രീയുടെ നേരെ അലറിക്കൊണ്ട് വന്നതും അവൾ ജീവനും കൊണ്ട് പുറത്തേക്ക് ഓടി… “ഈ ഹരിയേട്ടന് ഇതെന്ത് പറ്റിയതാ….മുൻപ് ഇങ്ങനെ ഒന്നും അല്ലായിരുന്നല്ലോ…

ചിലപ്പോ ഓഫീസിലെ ടെൻഷനും സ്ട്രസ്സും ആയിട്ടാവും…” അവന്റെ പെരുമാറ്റം ശ്രീയിൽ വേദന ഉണ്ടാക്കിയെങ്കിലും ഓരോന്ന് പറഞ്ഞ് അവൾ തന്റെ മനസ്സിനെ സമാധാനിപ്പിച്ചു… “എന്താ ശ്രീക്കുട്ടീ പിറുപിറുക്കുന്നേ…?” ഓരോന്ന് പറഞ്ഞ് ധാവണിത്തുമ്പ് കൈയിലിട്ട് തെരുപ്പിടിച്ച് കൊണ്ട് അവൾ കിച്ചണിലേക്ക് ചെന്നു…. “ഒന്നൂല്ല സുമാമ്മേ….കഴിഞ്ഞില്ലേ ഇതുവരെ…?” കിച്ചൺസ്ലാബിൽ കയറി ഇരുന്ന് ചിരണ്ടി വെച്ചിരുന്ന തേങ്ങാപീര എടുത്ത് കഴിച്ച് കൊണ്ട് അവൾ സുമയെ നോക്കി… “ദേ…ഇതും കൂടെ ആയാൽ കഴിഞ്ഞു മോളേ….ഹരി എഴുന്നേറ്റോ…?” “ഓഹ്…എഴുന്നേറ്റു….” ****

ശ്രീ റൂമിന് പുറത്തേക്ക് പോയതും ഹരി അവളോടുള്ള ദേഷ്യത്തിൽ ടേബിളിൽ വെച്ചിരുന്ന കോഫി മഗ്ഗ് തട്ടി നിലത്തേക്കിട്ടു… “നാശത്തിന് വരാൻ കണ്ട സമയം….” മേഘയുടെ ഓർമ്മയിൽ ആണ് ഉറക്കിനിടയിൽ ശ്രീയുടെ കൈ പിടിച്ച് ദേഹത്തേക്ക് ഇട്ടത്… അവൻ ടേബിളിൽ വെച്ചിരുന്ന ഫോൺ എടുത്ത് മേഘയുടെ നമ്പർ ഡയൽ ചെയ്തു…. “ഹലോ…ഹരീ….” അങ്ങേതലക്കൽ അവളുടെ തേൻ കിനിയുന്ന ശബ്ദം കേട്ടതും ഹരിയുടെ ചുണ്ടിൽ ചിരി വിരിഞ്ഞ… “ഗുഡ്മോർണിങ് ഡിയർ….നേരത്തേ എഴുന്നേറ്റോ നീ…?”

“അതിന് ഇന്നലെ ഉറങ്ങിയിട്ടില്ല ഹരീ…നീ കൂടെ ഇല്ലാതെ… നിന്നെ വല്ലാതെ മിസ്സ് ചെയ്യുന്നു…” ഫ്ലാറ്റിലെ റെയിലിങിൽ പിടിച്ച് അവളത് പറയുമ്പോൾ രാജ് മേഘയുടെ പിന്നിലൂടെ വന്ന് ചുറ്റി പിടിച്ച് അവളുടെ പിൻകഴുത്തിൽ മുഖം അമർത്തി… “ഞാനും നിന്നെ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട് മേഘ…എത്രയും പെട്ടന്ന് തന്നെ കാര്യങ്ങൾക്ക് ഒരു തീരുമാനം ഉണ്ടാക്കി ഓടി വന്നോളം ഞാൻ…” “മ്മ്…ഹരി അമ്മയോട് പറഞ്ഞോ…?” “ഇല്ല മേഘാ…രാവിലെ തന്നെ ആ നാശം ഹാജർ ആയിട്ടുണ്ട്…

അവളൊന്ന് പോയിട്ട് വേണം അമ്മയോട് സംസാരിക്കാൻ….നീ ടെൻസ്ഡ് ആവാതെ ഉറങ്ങിക്കോ…ഞാൻ പിന്നീട് വിളിക്കാം മേഘാ…” “ഓക്കെ ഹരി…ടേക്ക് കെയർ…ലവ് യൂ…” “ലവ് യൂ ടൂ മേഘാ….ബൈ…” ഹരി ഫോൺ വെച്ച് വാഷ്റൂമിൽ കയറി ഫ്രഷ് ആയി താഴേക്ക് ചെന്നു… അമ്മേ…..” ശ്രീയും സുമയും സംസാരിച്ച് ഇരിക്കുമ്പോഴാണ് ഹാളിൽ നിന്ന് ഹരിയുടെ ശബ്ദം ഉയർന്ന് കേട്ടത്…..തുടരും

നിനക്കായ് : ഭാഗം 1

Share this story