ഒരു ചെമ്പകപ്പൂവിന്റെ ഓർമ്മയ്ക്ക്: ഭാഗം 8

ഒരു ചെമ്പകപ്പൂവിന്റെ ഓർമ്മയ്ക്ക്: ഭാഗം 8

എഴുത്തുകാരി: ദിവ്യ കഷ്യപ്പ്

നവി അരഭിത്തിയിൽ വെച്ചിട്ട് പോയ പൊതിയിലേക്കും നോക്കി ഗൗരി വിറങ്ങലിച്ചു നിന്നു…. “താനെന്താ പൊട്ടു കുത്താത്തെ… താനെന്താ നീളമുള്ള കമ്മലിടാത്തെ… താനെന്താ കണ്ണെഴുതാത്തെ… എന്താ നിറമുള്ള സാരിയുടുക്കാത്തെ…. “നവിയുടെ ചോദ്യങ്ങൾ അവളുടെ ചെവിയിൽ അപ്പോഴും അലയടിച്ചു കൊണ്ടിരുന്നു…. ആ പൊതി തുറന്നു നോക്കാൻ കൈകൾ നീട്ടിയെങ്കിലും എന്തോ അതിനാവാതെ അവളുടെ കൈ വിറച്ചു… മുത്തശ്ശി കണ്ടാലോ എന്ന് നിനച്ചു ആ പൊതിയുമായി അവൾ മുറിയിലേക്ക് ചെന്നു മേശവലിപ്പിനുള്ളിലേക്ക് തിരുകി വെച്ചു… ഒന്നിനുമാവാതെ തളർച്ചയോടെ കട്ടിലിലേക്ക് കിടന്നപ്പോൾ എന്തിനെന്നറിയാതെ മിഴികൾ പെയ്തിറങ്ങുന്നുണ്ടായിരുന്നു… …..

ചില ഇഷ്ടങ്ങൾ അങ്ങനെയാണ്… നമ്മളെ വല്ലാതെയങ്ങു തളർത്തും… കാര്യം അറിയാതെ മിഴികളെ പെയ്യിക്കും…… എന്തിനാണിപ്പോ ഇങ്ങനെ സങ്കടം വരുന്നതെന്ന് ഗൗരി ചിന്തിച്ചു… ഒരു മുഖം മിഴിവോടെ അതിലേറെ മനസിനെ വേദനിപ്പിച്ചു കൊണ്ട് കടന്നു വരുന്നത് അവൾ അറിഞ്ഞു… മിഴികൾ ഇറുക്കെ അടച്ചു ദാവണി തുമ്പ് കൊണ്ട് വായും പൊത്തി കമഴ്ന്നു കിടന്നപ്പോൾ ഒരു എങ്ങലടി വന്നു നെഞ്ചിൽ മുട്ടി നിന്ന് പുറത്തേക്ക് വരാൻ ആക്കം കൂട്ടുന്നുണ്ടായിരുന്നു…. …………….. 🌷

പല പകലുകൾ കൊഴിഞ്ഞു വിടർന്നു മറ്റൊരു പകലെത്തി… ഒരു ഞായറാഴ്ച… ഗൗരി മുറ്റം തൂക്കുകയായിരുന്നു… ഞായറാഴ്ച ആയതു കൊണ്ട് ഇത്തിരി വൈകി മുറ്റമടിക്കാൻ… അടഞ്ഞു കിടക്കുന്ന എഴുത്തുപുരയിലേക്ക് അവൾ നോക്കി… ഏറെ ദിവസമായി ആ വാതിൽ അങ്ങനെ അടഞ്ഞു കിടക്കാൻ തുടങ്ങിയിട്ട്… അവൾക്കൊരു വീർപ്പുമുട്ടൽ അനുഭവപ്പെട്ടു… തനിക്ക് എന്താണിപ്പോ പുതുതായി ഇങ്ങനെയുള്ള വികാരങ്ങൾ എന്ന് അവൾക്കു തന്നെ മനസിലാകുന്നുണ്ടായിരുന്നില്ല…. ഒരു ബുള്ളറ്റിന്റെ ശബ്ദം കേട്ടു അവൾ നെഞ്ചിടിപ്പോടെ വഴിയിലേക്ക് നോക്കി… പലിശക്കാരൻ രാവുണ്ണി ചേട്ടന്റെ മകൻ ഹർഷനായിരുന്നു അത്.. “ഗൗരിയെ…

അപ്പൊ എങ്ങനാ കാര്യങ്ങൾ പലിശ കുറച്ചായി…. “ഹർഷൻ ഒരു വഷളൻ ചിരി ചിരിച്ചു… “നീയറിഞ്ഞില്ലേ… ഈ മാസത്തെ പലിശ നിന്റെ അച്ഛന്റെ കയ്യിൽ ഞാനിന്നലെ കൊടുത്തത്… കാര്യങ്ങൾ നന്നായി അറിഞ്ഞിട്ട് മുന്നിൽ വന്നു നിന്ന് ഇളിച്ചു കാണിച്ചാൽ മതി കേട്ടോടാ… “ഗൗരി ചൂലോന്നുയർത്തി അതിന്റെ മൂട്ടിലിട്ട് രണ്ടു അടി അടിച്ചു കൊണ്ട് അവനോടു പറഞ്ഞു.. ചമ്മിയ മുഖത്തോടെ നാല് പാടും ഒന്ന് നോക്കിയിട്ട് ഹർഷൻ പെട്ടെന്ന് വണ്ടിയൊടിച്ചു പോയി… ബുള്ളറ്റിന്റെ ഒച്ച കേട്ട് തന്റെ ഹൃദയത്തിനുണ്ടായ മിടിപ്പിനെ കുറിച്ചാണ് ഗൗരി അപ്പോൾ ചിന്തിച്ചു കൊണ്ടിരുന്നത്..എന്തൊക്കെയോ മാറ്റങ്ങൾ തന്നിൽ വന്നു നിറയുന്ന പോലെ… ഇന്നലെകളിലെ പലതും മറന്നുപോകുന്നുവോ എന്ന് ഗൗരി ഭയപ്പെട്ടു…

കാണാതാകുമ്പോൾ… കേൾക്കാതാകുമ്പോൾ.. അടുത്തില്ലാത്തപ്പോൾ….ഉണ്ടാകുന്ന ഈ മനസിന്റെ വിങ്ങൽ… അത് മുൻപും അനുഭവിച്ചിട്ടുള്ളതാണ്… അത് കൊണ്ട് തന്നെ തന്റെ മനസിന്റെ പോക്കിനെ ഗൗരി ഭയപ്പെട്ടു… അനുസരണയില്ലാതെ വീണ്ടും അടഞ്ഞുകിടക്കുന്ന ആ എഴുത്തുപുരയിലേക്ക് നോക്കിയ മിഴികളെയും നോക്കിയപ്പോൾ മിടിപ്പ് കൂട്ടിയ ഹൃദയത്തെയും മൗനമായി ശാസിച്ചു കൊണ്ട് ഗൗരി പിൻവശത്തേക്ക് നടന്നു…. മുത്തശ്ശി കുളിപ്പുരയിലേക്ക് കയറുന്നതു കണ്ടു അവൾ പെട്ടെന്ന് മുറിയിലേക്ക് ചെന്നു.. വാതിൽ ചാരിയിട്ടിട്ട് മേശ വലിപ്പ് തുറന്നു ദിവസങ്ങൾക്കു മുൻപ് കയ്യിൽ കിട്ടിയ ആ കടലാസ് പൊതി തുറന്നു.. അതിലേക്കു നോക്കിയിരിക്കും തോറും ഗൗരിയുടെ കണ്ണുകളിൽ നനവ് ഊറിയൂറി വന്നു… ………………….. ❣

ആലപ്പുഴയിൽ നിന്നും തിങ്കളാഴ്ച വെളുപ്പിനാണ് നവി തിരിച്ചത്… കാറിലായിരുന്നു യാത്ര… തറവാട് വീടിന്റെ പിൻവശത്തെ കൃഷിയിടത്തിൽ ഉണ്ടായ കുറെ പച്ചക്കറികൾ രാമേട്ടനെ കൊണ്ട് കാറിൽ എടുത്ത് വെപ്പിച്ചിരുന്നു… അച്ഛമ്മയാണ് പച്ചക്കറികൾ കുറച്ചു കൊണ്ട് പോയി അവിടുത്തെ മുത്തശ്ശിക്ക് കൊടുക്കൂ എന്ന് പറഞ്ഞത്… രണ്ടു ദിവസത്തെ അച്ഛമ്മയോടൊപ്പമുള്ള വാസത്തിൽ വാര്യത്തെ എല്ലാക്കാര്യങ്ങളും പറഞ്ഞിരുന്നു… ഗൗരിയേ കുറിച്ച് മനഃപൂർവം പറഞ്ഞില്ല… പറഞ്ഞാൽ ചിലപ്പോൾ ആ ഇഷ്ടക്കൂടുതൽ അച്ഛമ്മ കണ്ടു പിടിച്ചേക്കും എന്നവന് ഉറപ്പായിരുന്നു… സമയം വൈകിയത് കൊണ്ട് നേരെ ആശുപത്രിയിലേക്കാണ് പോയത്… കാർ ഒതുക്കിയിടുമ്പോഴേ കണ്ടു.. മറ്റൊരു കാർ അവിടെ കിടക്കുന്നത്…

നിരഞ്ജനയുടേതാവും…. അകത്തു കയറി… പിന്നെ ഉച്ച വരെ നിന്ന് തിരിയാൻ സമയം കിട്ടിയില്ല നവിക്ക്.. കുറച്ചു ദിവസം ഒഴിവായിരുന്നത് കൊണ്ട് നവിയുടെ സ്ഥിരം പേഷ്യന്റ്സ് എല്ലാം എത്തിയിരുന്നു… ഉച്ചക്ക് കഴിക്കാനായി പുറത്തേക്കിറങ്ങുമ്പോൾ ആണ് നിരഞ്ജന റൂമിലേക്ക് കയറി വന്നത്… “ലഞ്ച് കഴിക്കുന്നില്ലേ.. ” “മ്മ്… പോവാണ്.. ആ കടയിലേക്ക്… “അവൻ നേരെയുള്ള കട ചൂണ്ടി കാണിച്ചു.. “ഞാൻ നവനീതിനും കൂടി പാർസൽ കൊണ്ട് വന്നിട്ടുണ്ട്.. ഇന്ന് വെളുപ്പിനെ പോന്നതല്ലേ.. ഒന്നും കഴിച്ചിട്ടുണ്ടാവില്ല എന്ന് തോന്നി.. ” “ഓഹ്.. താങ്ക്സ് “നവി കൈകഴുകി ഇരുന്നു.. “ഇവിടെയാണോ നിരഞ്ജനയുടെ വീട്.. “?? “അല്ല… തൃശൂർ ആണ്… ഇവിടെ ഒരു ബന്ധുവിന്റെ വീട്ടിൽ ആണ് നിൽക്കുന്നെ…

രണ്ടാഴ്ച കൂടുമ്പോഴേ പോകൂ… ഇവിടെ വീട്ടിൽ പ്രാക്ടീസ് ഉണ്ട്‌… ” “മ്മ്.. ” ഇരുവരും ഒന്നിച്ചിരുന്നു ഭക്ഷണം കഴിച്ചെഴുന്നേറ്റു… മൂന്നര ആയപ്പോൾ നവി പോകാനിറങ്ങി… ഗൗരിയെ കാണാനുള്ള തിടുക്കമായിരുന്നു മനസ് മുഴുവൻ… “കാ‍ന്താരി എത്തിയിട്ടുണ്ടാവില്ല… അഞ്ചാവും എത്താൻ… എന്നാലും അവിടിരിക്കാം… ആ വളപ്പൊതി എടുത്ത് നോക്കിയിട്ടുണ്ടാവുമോ…”അവന് വല്ലാത്ത ആകാംഷ തോന്നി… “മിക്കവാറും മുറ്റത്തെ ചെമ്പകചുവട്ടിൽ കിടപ്പുണ്ടാവും….” അവൻ മനസ് കൊണ്ടോർത്തു…. അതോർത്തപ്പോ ഉള്ളിൽ നിന്നൊരു ചിരി പൊട്ടി ചുണ്ടിലേക്കെത്തി… “ഇങ്ങനൊരു പെണ്ണ്…. ഇതിനെ എങ്ങനെയാ ഒന്ന് വളച്ചൊടിച്ചു ശരിയാക്കുന്നെ ന്റെ മഹാദേവാ… ” കൽക്കണ്ട കുന്നു ചുറ്റുമ്പോൾ അവൻ മെല്ലെ തല വെളിയിലിട്ട് മുകളിലേക്ക് നോക്കി….

വിളക്ക് അത്ര തെളിഞ്ഞു കാണാൻ വയ്യ… “ദേ കട്ടക്ക് കൂടെ നിന്നോണം… എന്റെ പെണ്ണിനെ അടിച്ചു കൊണ്ട് പോകാൻ… ഇല്ലെങ്കിൽ തരാന്ന് ഏറ്റിരിക്കുന്ന ഒന്നും കിട്ടാൻ പോകുന്നില്ല കേട്ടോ… അടുത്ത വൃശ്ചികത്തിൽ ഞാൻ ഈ മല ചവിട്ടും… തടസ്സങ്ങൾ ഒന്നുമില്ലാതെ എന്നെ മുകളിൽ എത്തിച്ചോണം….. “അവൻ അങ്ങോട്ട് നോക്കി കണ്ണിറുക്കി കാണിച്ചു… വാര്യത് ചെന്നപ്പോൾ മുത്തശ്ശി വാതിൽക്കൽ തന്നെ നിൽപ്പുണ്ടായിരുന്നു… അവൻ കാറിൽ നിന്നും ഇറങ്ങി മുത്തശ്ശിയെ ചെന്ന് കെട്ടിപ്പിടിച്ചു… ഡിക്കി തുറന്ന് പച്ചക്കറികൾ ഒക്കെയെടുത്ത് തിണ്ണയിലേക്ക് വെച്ചു… “തറവാട്ടിലെ കൃഷിയിൽ നിന്നുള്ളതാ “… “ഓ… സന്തോഷം കുട്ടിയെ… നിന്നെ കാണാഞ്ഞിട്ട് ഒരു സുഖോം ഇല്ലാരുന്നു…

“മുത്തശ്ശിയുടെ കണ്ണ് നിറഞ്ഞു… “അയ്യേ… ഇതെന്റെ അച്ഛമ്മയേക്കാൾ കഷ്ടമാണല്ലോ… “നവി മുത്തശ്ശിയുടെ നെറ്റിയിൽ ഒരുമ്മ നൽകി… “ഒരു ചായ താ മുത്തശ്ശി… “ഞാൻ കുളിച്ചു വരാം… “ഇപ്പൊ കൊണ്ട് വരാം… “മുത്തശ്ശി പച്ചക്കറികളുമായി അകത്തേക്ക് കയറി… നവി കുളിച്ചു വന്നപ്പോൾ മുത്തശ്ശി ചായയും ഇലയടയുമായി വരാന്തയിൽ ഇരിപ്പുണ്ടായിരുന്നു…. അവൻ അരഭിത്തിയിൽ കയറി കാൽ പുറത്തേക്ക് ഇട്ടിരുന്നു… ഇല അടർത്തി അടയുടെ കഷ്ണം വായിലേക്ക് വെച്ചിട്ട് അടിപൊളി എന്ന് മുത്തശ്ശിയെ കാണിച്ചു… മുത്തശ്ശി ചിരിയോടെ നിന്നു വിശേഷങ്ങൾ ഒക്കെ തിരക്കി… നവി ഇടക്കൊന്നു തിരിഞ്ഞു നോക്കിയപ്പോൾ തെക്കുവശത്തെ മുറിയുടെ ജനലിലൂടെ ഗൗരിയെ കണ്ടു… വരുന്ന വഴിയാണ്…

അവൻ വേഗം മുത്തശ്ശിയോട് പറഞ്ഞിട്ട് അകത്തേക്ക് വലിഞ്ഞു… പതിയെ വാതിലിൻ മറവിലൂടെ മുറ്റത്തേക്ക് നോക്കി… “എന്തായിരിക്കും റിയാക്ഷൻ എന്നൊരു പിടിയുമില്ല… ” അവൾ വേലി കടന്നപ്പോഴേ കണ്ടു… മുറ്റത്തൊരു വില കൂടിയ കാർ… ആദ്യം അവൾ ഉമ്മറത്തേക്കാണ് നോക്കിയത്… അമ്മവീട്ടിൽ നിന്ന് ആരെങ്കിലും വന്നതാണോ എന്നറിയാൻ…. അവരങ്ങനെ തിരക്കാറൊന്നുമില്ല… എങ്കിലും കാറിലൊക്കെ വരാൻ അവരെ ഉള്ളു…. മുൻവശത്തു ചെരുപ്പോ, ആളനക്കമോ ഒന്നും കാണാഞ്ഞു അവൾ എഴുത്തു പുരയിലേക്ക് നോക്കി… തുറന്ന് കിടപ്പുണ്ട്… “എത്തിയോ “….ഹൃദയം പെരുമ്പറ മുഴക്കുന്നത് അവളറിഞ്ഞു… തളർച്ചയോടെയാണ് അകത്തേക്ക് കയറിയത്…. “ഇങ്ങനെ എന്നെ തളർത്തല്ലേ കൃഷ്ണാ…”

അവൾ മനസ്സിൽ പ്രാർത്ഥിച്ചു… വേണ്ടെന്നു വെച്ചിട്ടും കണ്ണുകൾ അറിയാതെ ജനലഴികളിൽ കൂടി അപ്പുറത്തേക്ക് പായുന്നത് അവളറിഞ്ഞു…. വന്നിട്ടും മുറ്റത്തേക്കൊന്നും അവളെ കാണാഞ്ഞു അവിടെ ഒരാളും അസ്വസ്ഥനായിരുന്നു… “ഇവൾക്ക് വെറുതെയെങ്കിലും ഒന്ന് മുറ്റത്തിറങ്ങി നിന്നൂടെ… “അങ്ങനെ ചിന്തിച്ചു കൊണ്ട് നിന്നപ്പോൾ തുളസി തറയിൽ ദീപം വെക്കാൻ ഈറൻ മുടി ചുറ്റി കെട്ടി ആൾ ഇറങ്ങുന്നത് നവി കണ്ടു .. അവിടെ നിന്ന് മിഴിയും മനസും നിറയുവോളം അവൻ അവളെ നോക്കി നിന്നു….. …………………….🌷🌷🌿🌿🌿

അന്നൊരു ദിവസം നവി നേരത്തെ ആശുപത്രിയിൽ നിന്നും എത്തിയിരുന്നു… വാര്യത്തിന്റെ രണ്ടു വീടിന്റെ അപ്പുറത്ത് ഒരു കല്യാണം നടക്കുന്നുണ്ട്… ഗൗരി അവിടെയാണ്…. നവി മുത്തശ്ശിയുമായി സംസാരിച്ചിരിക്കുകയായിരുന്നു മുറ്റത്ത്… ഭദ്രകുട്ടിയും ഒപ്പമുണ്ട്… പെട്ടെന്ന് അകത്ത് നിന്നും എക്കിൾ എടുക്കുന്ന പോലെ ഒരു ഒച്ച കേട്ടു… “അയ്യോ ശ്രീദേവി ആണല്ലോ.. ന്ത്‌ പറ്റി എന്തോ “എന്ന് പറഞ്ഞു കൊണ്ട് മുത്തശ്ശി അകത്തേക്കൊടി… പിന്നാലെ നവിയും.. ഗൗരിയുടെ അമ്മയാണ് ശ്രീദേവി… അവർ അകത്തു ചെല്ലുമ്പോൾ ശ്രീദേവി കിടന്നു ചുമയ്ക്കുകയാണ്… എന്തോ നെറുകിൽ തട്ടിയ പോലെ…

നവി വേഗം തന്നെ അവരെ എഴുന്നേൽപ്പിച്ചിരുത്തി… മുത്തശ്ശിയോട് വെള്ളം കൊണ്ട് വരാൻ ആവശ്യപ്പെട്ടു…. മുത്തശ്ശി വെള്ളം എടുക്കാനായി അകത്തേക്ക് പോയപ്പോൾ ശ്രീദേവി അവനെ സൂക്ഷിച്ചു നോക്കി… അവരുടെ മുഖം വിടർന്നു വന്നു… “ദേവനല്ലേ….ഇത്… മോൻ എപ്പോ വന്നു… “?? നവി എന്തെങ്കിലും പറയുന്നതിന് മുൻപേ മുത്തശ്ശി വെള്ളവുമായി വന്നു… അവരെ തന്റെ നെഞ്ചിലേക്ക് ചാരിയിരുത്തി നവി വെള്ളം പിടിപ്പിച്ചു കൊടുത്തു… അവന്റെ ദേഹത്തേക്ക് ചാരിയിരുന്നു കണ്ണുകൾ ഉയർത്തി ശ്രീദേവി വീണ്ടും അവനെ നോക്കി മന്ദഹസിച്ചു…. “ദേവാ… ന്റെ… മോനെ… നീ വന്നൂലോ… “.. 😊dk❣ ദിവ്യകശ്യപ് 🌷🌷

ഒരു ചെമ്പകപ്പൂവിന്റെ ഓർമ്മയ്ക്ക്: ഭാഗം 7

Share this story