സഹയാത്രികയ്ക്ക് സ്‌നേഹ പൂർവം: ഭാഗം 9

സഹയാത്രികയ്ക്ക് സ്‌നേഹ പൂർവം: ഭാഗം 9

എഴുത്തുകാരി: ഗൗരി ലക്ഷ്മി

കിച്ചു.. ജിഷ്ണു താക്കീതോടെ വിളിച്ചു.. ഭദ്ര ഒരു നിമിഷം പകച്ചു പോയിരുന്നു.. ചെയ്തത് എന്തെന്ന ബോധ്യം കിച്ചുവിനും അപ്പോഴാണ് ഉണ്ടായത്.. വിമൽ അവന്റെ കയ്യിൽ അമർത്തി പിടിച്ചു.. കണ്ണുകളിൽ കത്തുന്ന തീയുമായി മുൻപിൽ നിൽക്കുന്ന ഭദ്രയെ അവൻ കണ്ടു.. അടുത്ത നിമിഷം എല്ലാവരെയും ഞെട്ടിച്ചു കിച്ചുവിന്റെ മുഖത്തേയ്ക്ക് ഭദ്രയുടെ കൈകൾ ആഞ്ഞു പതിച്ചു.. കിച്ചുവിന് ഒരു നിമിഷം എന്താണ് സംഭവിച്ചതെന്ന് മനസ്സിലായില്ല.. കിച്ചുവിന് മാത്രമല്ല വിമലിനും ജിഷ്ണുവിനും. ഡി.. കിച്ചുവിന്റെ പകയോടെയുള്ള വിളി കേട്ടാണ് എല്ലാവരും സ്വബോധത്തിലേയ്ക്ക് വന്നത്.. എന്താടാ.. അവൾ വിടാൻ ഭാവമില്ലായിരുന്നു .

അവർ തമ്മിൽ പോര് കോഴികളെപോലെ നിൽക്കുന്നത് കണ്ടതും വിമലും ജിഷ്ണുവും ചേർന്ന് കിച്ചുവിനെ പിടിച്ചു മാറ്റി.. കിച്ചു..പ്ലീസ് വേണ്ട. താൻ വീട്ടിൽ പോ പ്ലീസ്… ജിഷ്ണുവും വിമലും ചേർന്ന് അവനെ പിടിച്ചു വലിച്ചു അവരുടെ കോമ്പൗണ്ടിലേയ്ക്ക് കെട്ടി വിട്ടു.. ആ നേരത്തിനു ഭദ്ര വീണ്ടും ആ സ്ത്രീയ്ക്ക് നേരെ തിരിഞ്ഞു.. നിങ്ങളോട് മര്യാദയ്ക്ക് ഞാൻ പറഞ്ഞു ഇനി നിങ്ങൾക്ക് കേൾക്കാൻ വയ്യെങ്കിൽ അടുക്കളയിൽ മൂർച്ചയുള്ള വെട്ടുകത്തി ഇരിപ്പുണ്ട്. തുണ്ടം തുണ്ടമായി നിങ്ങളെ വെട്ടിയരിയും ഞാൻ.. ഭദ്ര ഉറഞ്ഞു നിൽക്കുകയായിരുന്നു..ജിഷ്ണു കിച്ചുവിനെ ദയനീയമായി നോക്കി ഭദ്രയ്ക്കാരികിലേയ്ക്ക് ചെന്നു.. മര്യാദയോ ഇതോ.. എന്ന അർത്ഥത്തിൽ വിമൽ ജിഷ്ണുവിനെ നോക്കി.. അവൻ ഭദ്രയെ അടക്കി നിർത്താൻ പാട് പെടുകയായിരുന്നു..

കിച്ചു വിമലിന്റെ കയ്യിൽ നിന്ന് കുതറി തുടങ്ങിയപ്പോഴേയ്ക്കും വിമൽ അവനെയും കൊണ്ട് കുറച്ചൊന്നു നീങ്ങി നിന്നു.. പ്ഭ എരണം കെട്ടവളെ.. നശിച്ചുപോകുമെടി നീ. ഒരുകാലത്തും കൊണം പിടിക്കത്തിക്കല്ലടി $%@$മോളെ.. സങ്കടപ്പെട്ടു കേണപേക്ഷിച്ചിരുന്ന ആ സ്ത്രീ തന്റെ സാരി അൽപ്പം ഉയർത്തി കുത്തിവച്ചു അടുത്ത നിമിഷം വിളിച്ചു കൂവുന്നത് കേട്ട് ഒരു നിമിഷം കിച്ചു പോലും ഞെട്ടിപ്പോയി.. മലയാള ഭാഷയിൽ ഇത്രയധികം തെറി ഉണ്ടെന്ന് അവർ പറയുന്നത് കേട്ടാണ് വിമലും കിച്ചുവും മനസ്സിലാക്കിയത്.. ഇറങ്ങുന്നുണ്ടോ നിങ്ങൾ.. ഭദ്ര സഹികെട്ട് ചോദിച്ചു.. എനിക്കറിയാമെടി.. നീയും നിന്റെ ചേച്ചിയും അകത്തു തളർന്നു കിടക്കുന്ന ആ പെടു ശരീരവും കൂടെ എങ്ങനാ ഈ നാട്ടിൽ ജീവിക്കുന്നതെന്നു..

കഴിഞ്ഞ ഇട വരെ ഇവനേ ഒള്ളായിരുന്നു.. ഇപ്പൊ അയല്പക്കതൊക്കെയായി കുറെ ആണുങ്ങൾ ഉണ്ടല്ലോ.. അവന്മാരെ പിഴിഞ്ഞങ് പൊറുക്കുവാ.. അവർ പൂരപ്പാട്ട് നിർത്തുന്നുണ്ടായിരുന്നില്ല.. പ്ഫ അനാവശ്യം പറഞ്ഞാൽ കൊന്നു കളയും തള്ളേ.. ഭദ്ര ജിഷ്ണുവിന്റെ പിടിയിൽ നിന്നു കുതറി. അനാവശ്യം പറയാതെ നിങ്ങൾ പോകുന്നുണ്ടോ . നിങ്ങളോട് ഈ വീട്ടിലേയ്ക്ക് വരരുത് എന്നു കോടതിയിൽ നിന്ന് പറഞ്ഞിട്ടുള്ളതല്ലേ.. ഇനിയും ഇവിടെ നിന്ന് അനാവശ്യം പറയാനാണ് ഭാവമെങ്കിൽ ഞാൻ നടപടിയെടുക്കും.. ജിഷ്ണു സഹികെട്ട് പറഞ്ഞു.. അവരൊന്നടങ്ങി എന്നു തോന്നി.. ജിഷ്ണു കിച്ചുവിനേയും വിമലിനെയും നോക്കി.. അവർക്കൊന്നും മനസ്സിലാകാതെ നിൽക്കുകയാണ് എന്നു അവനു മനസ്സിലായി..

അവനൊന്നും മിണ്ടിയില്ല.. അപ്പോഴേയ്ക്കും ഒരു കാർ വന്ന് അവിടെ നിന്നു.. അതു നിന്നതും ആ സ്ത്രീ ഭദ്രയെ ദഹിപ്പിക്കുന്ന പോലെ ഒന്നു നോക്കിയിട്ട് കാറിൽ കയറി പോയി . ഭദ്രേ. അകത്തേയ്ക്ക് ചെല്ല്.. മാഷ് കേട്ടുകാണും ബഹളം.. ഇനി ഇവിടെ നിൽക്കേണ്ട . ജിഷ്ണു പറഞ്ഞു.. ഭദ്ര ദേഷ്യത്തോടെ അവനെ ഒന്നു നോക്കി. ശേഷം ദഹിപ്പിക്കുന്ന പോലെ കിച്ചുവിനെയും. ഗേറ്റ് തള്ളി തുറന്ന് കാറ്റുപോലെ അകത്തേയ്ക്ക് പോകുന്ന ഭദ്രയെ നോക്കി കിച്ചുവും വിമലും നിന്നു.. ഇതെന്തു തരം ജീവി.. വിമൽ അറിയാതെ പറഞ്ഞുപോയി.. സ്സ്.. തന്റെ കവിളിൽ ഒരു നീറ്റൽ അനുഭവപ്പെട്ടതും അവൻ കവിളിൽ കൈചേർത്തു.. എന്താടാ.. വിമൽ വേഗം അവന്റെ കൈമാറ്റി കവിളിലേയ്ക്കു നോക്കി..

നഖം കൊണ്ടതാണെന്നു തോന്നുന്നു.. പോറൽ ഉണ്ട്.. വിമൽ പറഞ്ഞു.. നാശത്തെ ഞാൻ.. കിച്ചു പല്ലു ഞെരിച്ചു.. ട്രിം ചെയ്തു നിർത്തിയ മീശയ്ക്കിടയിലൂടെ കാണുന്ന വിരലിന്റെ പാടിനെപ്പറ്റി വിമൽ ഒന്നും മിണ്ടിയില്ല. പക്ഷെ എന്തുകൊണ്ടോ വിമലിന്റെ ഉള്ളിൽ ഭദ്രയോടുള്ള ദേഷ്യം നുരഞ്ഞു പൊന്തി.. കുട്ടിക്കാലം മുതൽക്കേ അതേ. കിച്ചുവിന് നൊന്താൽ താൻ അടങ്ങി ഇരിക്കാറില്ല..അവന്റെ വേദനകളിൽ അവനെക്കാൾ സങ്കടം തനിക്കായിരുന്നെന്ന് വിമൽ ഓർത്തു.. ഒരു പെണ്ണായിപോയി.. ഇല്ലെങ്കിൽ എന്റെ കിച്ചുനെ തൊട്ട കൈ പോലും കാണില്ലായിരുന്നു.. ദേഷ്യത്തോടെ വിമൽ മനസ്സിൽ പറഞ്ഞു.. കിച്ചു ദേഷ്യത്തോടെ അകത്തേയ്ക്ക് പോകുന്നതും നോക്കി അവൻ നിന്നു . ഇന്നത്തെ സംഭവം അവനെ വല്ലാതെ അപമാനിതനാക്കി എന്ന് വിമലിന് മനസ്സിലായി.. ദേഷ്യത്തോടെ ഭദ്രയുടെ വീട്ടിലേയ്ക്ക് ഒന്നു നോക്കിയ ശേഷം അവനും കിച്ചുവിന്റെ പുറകിന് പോയി..

എന്താ വിമലേ കിച്ചു കഴിക്കാൻ വരുന്നില്ലേ.. കഴിക്കാൻ വിളിച്ചപ്പോൾ ഒറ്റയ്ക്ക് താഴേയ്ക്കിറങ്ങി വന്ന വിമലിനെ കണ്ട് രാധിക ചോദിച്ചു.. അവനൊരു തലവേദന. ഒരു ഗുളികേം കഴിച്ചു കിടന്നു.. അവൻ പറഞ്ഞു.. മ്മ്.. ഞങ്ങൾ അമ്പലത്തിൽ പോയപ്പോൾ എന്തെങ്കിലും പ്രശ്നം ഉണ്ടായോടാ.. ശ്യാമ ചോദിച്ചു.. ഹേ.. എ.. എന്താ അങ്ങനെ ചോദിച്ചത്.. വിമൽ ചോദിച്ചു.. വന്നതിൽ പിന്നെ സൂര്യയെ ഇങ്ങോട്ട് കണ്ടില്ല. എന്തെങ്കിലും അടക്കാനാകാത്ത ദേഷ്യം ഉള്ളപ്പോഴല്ലേ അവൻ ഇങ്ങനെ കാണിക്കുന്നത്.. വിനയൻ ചോദിച്ചു.. ഹേയ്. അവനു ശെരിക്കും തലവേദന ആയിട്ടാ.. വിമൽ പറഞ്ഞു.. മ്മ്.. ദേവു അപ്പോഴേയ്ക്കും ജനാല വഴി അപ്പുറത്തേക്ക് നോക്കി.. ദേവു ഇരുന്ന് കഴിച്ചേ.. രാധിക ശാസനയോടെ പറഞ്ഞു .

എല്ലാവർക്കും അവർ ചപ്പാത്തിയും കറിയും വിളമ്പി.. ഇവളാരെയാ ഈ നോക്കുന്നെ.. വിനയൻ ചോദിച്ചു.. ആ ഭദ്രയെ.. അതു കേട്ടതും വിമലിന് കഴിച്ചുകൊണ്ടിരുന്ന ഭക്ഷണം തൊണ്ടയിൽ കുരുങ്ങി.. വെള്ളം കുടിക്ക്.. ശ്യാമ അവനായി വെള്ളം നീട്ടി.. ഭദ്രയെയോ.. എന്തിനാത്.. വിനയൻ ചോദിച്ചു . അവളുടെ വക എന്നും ഇവിടെ ഒരാൾക്ക് മുല്ലപ്പൂ സപ്പ്ളൈ ഉണ്ട്. ശ്യാമ കളിയായി പറഞ്ഞു… വിമൽ ദേവുവിനെ നോക്കി.. അവൾ കാര്യമായി പുറത്തേയ്ക്ക് ഇടയ്ക്കിടെ നോക്കുന്നുണ്ട്. പാവം അവൾ അറിയുന്നുവോ ആ രക്ഷസി തന്റെ ചേട്ടനുമായി അടിപിടി ലഹള കഴിഞ്ഞിരിക്കുകയാണെന്നു.. അവൻ ഒന്നുകൂടി അവളെ നോക്കിയശേഷം വേഗം കഴിച്ചു.. ആന്റി.. ഈ കുപ്പിയിലെ വെള്ളം ഞാൻ എടുക്കുവാണേ. കിച്ചൂനാ .

അവൻ അടുക്കളയിൽ ഇരുന്ന ഒരു കുപ്പിയിൽ വെള്ളം എടുത്തുകൊണ്ട് പറഞ്ഞു.. അവനു പനിയോ മറ്റോ ഉണ്ടോ മോനെ . രാധിക ചോദിച്ചു.. ഇല്ല.. തലവേദനയേ ഉള്ളു.. അവൻ പറഞ്ഞുകൊണ്ട് മുകളിലേയ്ക്ക് നടന്നു.. എന്തോ കള്ളത്തരം ഉണ്ട് അവന്.. വിനയൻ പറഞ്ഞു . ഹേയ്. അല്ലേലും സൂര്യയ്ക്കു വയ്യാണ്ടായാൽ അവനാ വെപ്രാളം.. ശ്യാമ അതിനെ നിസ്സാരവത്കരിച്ചു.. ഡാ. വെള്ളം.. ജനാലാ വഴി പുറത്തേയ്ക്ക് നോക്കി നിൽക്കുന്ന കിച്ചുവിനോടായി വിമൽ പറഞ്ഞു.. അവിടെ വെച്ചേരെ.. അവൻ പറഞ്ഞു.. നിനക്ക് കഴിച്ചൂടെ.. വിമൽ ചോദിച്ചു.. വിശപ്പില്ലെടാ.. കിച്ചു പറഞ്ഞു.. അവൾ തല്ലിയത് കൊണ്ടാണോ.. വിമൽ ചോദിച്ചു.. കിച്ചു തന്റെ കവിളിൽ പകയോടെ കൈ ചേർത്തു.. കൊടുക്കും ഞാൻ അവൾക്ക്. അപ്പൊ ജിഷ്ണു കേറി പിടിച്ചതുകൊണ്ടാണ്..

അല്ലെങ്കിൽ ഇന്നവൾ രണ്ടു കാലിൽ നിൽക്കില്ലായിരുന്നു.. കിച്ചു പല്ലിറുമ്മികൊണ്ട് പറഞ്ഞു.. ഹേയ്. എനിക്കെന്തോ ആ സംഭവത്തിൽ എന്തൊക്കെയോ പൊരുത്തക്കേട് ഉണ്ട്.. ആ സ്ത്രീ എന്തൊക്കെയാ പിന്നെ വിളിച്ചു കൂവിയത്.. വിമൽ പറഞ്ഞു.. മ്മ്.. എനിക്കും തോന്നി. അതുകൂടെ കൊണ്ടാ ഞാൻ മിണ്ടാഞ്ഞത്.. പിന്നെ ജിഷ്ണുവിനെ കണ്ടുമില്ലല്ലോ ഇങ്ങോട്ട്.. കിച്ചു പറഞ്ഞു.. എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ട് ഈ നാട്ടിൽ . ഒന്നും മനസിലാകുന്നില്ല അങ്ങോട്ട്.. കിച്ചു പറഞ്ഞു.. നമ്മൾ കേറി ഇടപെടേണ്ടായിരുന്നു അല്ലെ.. വിമൽ ചോദിച്ചു.. പിന്നെ. എന്തായാലും ആ സ്ത്രീയ്ക്ക് അവളുടെ ഇരട്ടി പ്രായത്തോളമുണ്ട് എന്തു പ്രായമുണ്ട് അവൾക്ക്. കൂടിയാൽ 23.. അവരെ കണ്ടാലറിയാം 10 45 വയസ്സിന് മോളിൽ ഉണ്ടെന്ന്.

ആ അവരെ പിടിച്ചു തള്ളിയിടാൻ നോക്കുമ്പോൾ എന്തു ചെയ്യണം അവളെ . കിച്ചു ദേഷ്യപ്പെട്ടു.. നമ്മൾക്കിപ്പോഴും കാര്യം അറിയില്ലല്ലോടാ.. വിമൽ പറഞ്ഞു . മ്മ്.. ഇനി ജിഷ്ണുവിനെ കാണുമ്പോൾ ചോദിക്കണം.. അവൻ പറഞ്ഞു.. അടങ്ങി നിൽക്കുന്നുണ്ടോ നീ.. ഇല്ലേൽ കച്ചിയും തരില്ല പിണ്ണാക്കും തരില്ല . ഭദ്രയുടെ ശബ്ദം ഉയർന്നു.. നാശം.. അതും പറഞ്ഞു ൻ കിച്ചു ജനാല കൊട്ടിയടച്ചു.. കണ്ണടച്ചു കിടന്നിട്ടും കിച്ചുവിന്റെ കണ്ണുകൾ നിറയെ തന്റെ നേർക്ക് കയ്യോങ്ങിയ ഭദ്രയുടെ മുഖമായിരുന്നു.. ഓരോ നിമിഷവും അവളോടുള്ള വെറുപ്പായി ആ ഓർമ്മ അവനിൽ നിറഞ്ഞു.. അവനരികിൽ കിടന്ന വിമലിന്റെയും അവസ്ഥ അതു തന്നെ ആയിരുന്നു.. ഭദ്ര അവരുടെ ഓർമ്മയിൽ ഒരു കരടായി ആ രാത്രി അവശേഷിച്ചു..

കിച്ചൂ.. കിച്ചൂ.. രാധികയുടെ വിളി കേട്ടാണ് രാവിലെ കിച്ചു കണ്ണു തുറന്നത്.. തൊട്ടടുത്തായി തന്നെ ചേർന്നുറങ്ങുന്ന വിമലിന്റെ അവൻ നോക്കി… സുഖമായി ഉറങ്ങുകയാണ്.. കിച്ചു പതിയെ അവനെ ഉണർത്താതെ എഴുന്നേറ്റു.. മുഖം കഴുകി പല്ല് തേച്ച ശേഷം താഴേയ്ക്കിറങ്ങി.. എന്തിനാ അമ്മേ രാവിലെ ഇങ്ങനെ വിളിച്ചു ബഹളം വെയ്ക്കുന്നെ . കിച്ചു ചോദിച്ചു.. ജിഷ്ണുമോൻ വന്നു.. നിന്നെ അന്വേഷിച്ചു.. രാധിക പറഞ്ഞു.. എന്നിട്ടെവിടെ.. അവൻ അമ്മയോട് വല്ലോം പറഞ്ഞോ.. കിച്ചു അൽപ്പം പേടിയോടെ ചോദിച്ചു.. വിനയേട്ടന്റെ അടുത്തുണ്ട്. എന്നോട് ആ കുട്ടി എന്തു പറയാൻ. രാധിക ചോദിച്ചു.. ഒന്നുമില്ല..ഞാൻ ജിഷ്ണുനേ ഒന്നു കാണട്ടെ . അതും പറഞ്ഞു അവൻ പുറത്തേയ്ക്ക് നടന്നു.. ഡാ. നീ എപ്പോ എണീറ്റു.. അവൻ ഹാളിൽ എത്തിയതും വിമൽ കണ്ണു തിരുമിക്കൊണ്ടു ചോദിച്ചു..

നീ എണീറ്റോ.. ഞാൻ നീ ഉറങ്ങിക്കോട്ടെ എന്നു കരുതിയാ വിളിക്കാഞ്ഞത്.. കിച്ചു പറഞ്ഞു.. ആഹാ.. രണ്ടും ഇവിടെ നിൽക്കുവാണോ.. രണ്ടാളും ഒന്നു ഫ്രഷായി വാ.. നമുക്ക് അപ്പൂപ്പൻ കാവിൽ പോകാം.. ജിഷ്ണു കുളിച്ചു കുറി തൊട്ടു സുന്ദരനായി നിൽക്കുകയാണ് . അവൻ പുഞ്ചിരിയോടെ പറഞ്ഞു.. അപ്പൂപ്പൻ കാവോ.. അതെന്താ സാധനം.. വിമൽ ചോദിച്ചു.. അതൊരു സാധനമല്ല.. ഇവിടെ അടുത്തുള്ള ഈ തമിഴന്മാരുടെ ഒരു സെറ്റപ്പാ.. ശെരിക്കും തമിഴന്മാരെന്നല്ല.. ഒരു ഗോത്രമാണ് അവർ. അവരുടെ കാവ്.. കാര്യമായിട്ടൊന്നും ഇല്ല.. ഒരു കല്ലാണ്‌ പ്രതിഷ്ട്ട. അവരുടെ കാളി.. അത്ര തന്നെ.. ബാക്കിയൊക്കെ സർപ്രൈസ് . ജിഷ്ണു പറഞ്ഞു.. ആ എന്തായാലും പോയിട്ട് വരാം.. ഒത്തിരി ദൂരമുണ്ടോ.. വിമൽ ചോദിച്ചു.. ഇവിടുന്നു ഒരു 10 16 കിലോമീറ്റർ വണ്ടിയിൽ പോകാം. പിന്നെ വണ്ടി പോകില്ല ഇത്തിരി നടക്കണം.. ജിഷ്ണു പറഞ്ഞു..

ഞങ്ങൾ കുളിച്ചില്ല. കുളിച്ചിട്ട് വരാം.. കിച്ചു പറഞ്ഞു.. ഓകെ. പിന്നെ ഇന്ന് ചേട്ടായിക്ക് സ്റ്റേഷനിൽ ഇച്ചിരി ജോലിയുണ്ട്.. സോ നമുക്ക് പോയേച്ചു വരാം.. ജിഷ്ണു കളിയായി മോഹൻലാൽ സ്റ്റൈലിൽ പറഞ്ഞു.. പോലീസ് സ്റ്റേഷൻ അടിച്ചു വാരാനാണോ.. കിച്ചു ചോദിച്ചു.. അയ്യട. രാവിലെ എനിക്കിട്ട് ചളി.. പോയി അടിച്ചു നനച്ചു കുളിച്ചു വായോ.. ജിഷ്ണു പറഞ്ഞു.. സത്യത്തിൽ വിമലിനും കിച്ചുവിനും ജിഷ്ണു ഒരു അത്ഭുതമായിരുന്നു.. എത്ര വിഷമത്തിലാണെങ്കിലും ജിഷ്ണുവിനോടൊന്നു സംസാരിച്ചാൽ അത് മാഞ്ഞു പോകും.. എപ്പോഴും അവന്റെ മുഖത്തു കാണുന്ന തെളിച്ചവും പുഞ്ചിരിയും കാണുന്ന ആരിലും സന്തോഷം നിറയ്ക്കുന്നതാണ്.. ആരോടും അവനിതുവരെ മുഷിഞ്ഞു സംസാരിച്ചതായി കണ്ടിട്ടുമില്ല.. കിച്ചു ഓർത്തു . നോക്കി നിൽക്കാതെ വേഗം വാ.. ജിഷ്ണു വിളിച്ചു പറഞ്ഞുകൊണ്ട് അടുക്കളയിൽ രാധികയ്ക്കരികിലേയ്ക്ക് നടന്നു.. **********

കിച്ചുവിന്റെ കാറിലാണ് അവർ പുറപ്പെട്ടത്.. ഇനിയും ഒത്തിരി ദൂരമുണ്ടോ.. വിമൽ ഡ്രൈവ് ചെയ്യുന്നതിനിടയിൽ ചോദിച്ചു.. ഇല്ല.. ഇനി ദേ ആ കാണുന്ന വളവ് തിരിയണം.. ഒരിത്തിരി കൂടിയേ ഉള്ളു.. ജിഷ്ണു പറഞ്ഞു. കിച്ചു ചുറ്റിനും നോക്കി . ഒരു വനപ്രദേശത്തിനു സമമായ അന്തരീക്ഷമാണ്..ടാർ റോഡ് ആണെങ്കിലും അധികം സഞ്ചാരികൾ ഈ വഴി വരുന്നതായി തോന്നുന്നില്ല.. ഇത് ശെരിക്കും ഒരു മലയാണ്.. സഹ്യ പർവ്വത നിരകളിൽ പെടും.. കുത്തനെയുള്ള കയറ്റവും ഹെയർ പിൻ വളവുകളും ഉള്ള സ്ഥലമായതുകൊണ്ടും റിസർവ് ഫോറെസ്റ്റ് വിഭാഗം ആയതുകൊണ്ടും ഈ റൂട്ടിലേയ്ക്ക് അധികം യാത്രക്കാർ വരില്ല.. ജിഷ്ണു പറഞ്ഞു.. റിസർവ് ഫോറസ്റ്റോ.. നമ്മൾ പോകുന്ന കാവും അവിടെയാണോ.. വിമൽ ചോദിച്ചു.. അല്ല.. അത് റിസർവ് ഫോറസ്റ്റിന്റെ പരിധിയിൽ വരുന്നതല്ല..

അതിവിടെ കാലങ്ങളായി താമസിക്കുന്ന ഗോത്ര വർഗക്കാരുടെ ആണ്.. ജിഷ്ണു പറഞ്ഞു.. ദേ ആ കാട്ടിലൂടെയുള്ള മണ്പാതയിലോട്ട് കേറ്റിക്കോ.. ജിഷ്ണു പറഞ്ഞു.. അകത്തോട്ട് ഒരു അര കിലോമീറ്റർ പോയതും വഴിയിൽ മരമൊടിഞ്ഞു കുറുകെ കിടക്കുന്നത് കണ്ടു.. ഇനി അങ്ങോട്ട് വണ്ടി പോവൂല്ലാട്ടോ.. വിമൽ പറഞ്ഞു.. വണ്ടി വഴിയിൽ നിന്നിത്തിരി കേറ്റി നിർത്തിക്കൊ.. കിച്ചൂ നമുക്കിറങ്ങാം.. ജിഷ്ണു പറഞ്ഞു. കിച്ചുവും ജിഷ്ണുവും ഇറങ്ങി… ഇതിലേ കുറച്ചുകൂടി പോയാൽ നെല്ലിയാമ്പതി ഫോറെസ്റ്റ് റീജിയണിൽ എത്താം.. അവർ അകത്തോട്ട് തിരിഞ്ഞ വഴിക്ക് എതിർവശതായി കാണുന്ന വഴി ചൂണ്ടിക്കാട്ടി ജിഷ്ണു പറഞ്ഞു.. അരേ വാ.. അകത്തേയ്ക്ക് കയറി കിടക്കുന്ന കാട്ടുപാത നോക്കി വിമൽ പറഞ്ഞു.. വാ.. ജിഷ്ണു പതിയെ നടന്നു.. ശ്രദ്ധിച്ചു നടക്കണം.. ചിലപ്പോ വഴിയിൽ വല്ല മൂർഖനോ അണലിയോ കാണും .

ജിഷ്ണു പതിവ് ചിരിയോടെ പറഞ്ഞു.. കിച്ചുവും വിമലും ശ്രദ്ധിച്ചു നടന്നു.. കാട്ടിലൂടെയുള്ള പാതയാണ്.. വള്ളിപടപ്പുകളും കൊഴിഞ്ഞു വീണ ഇലകളും ഒടിഞ്ഞു വീണ മരച്ചില്ലകളും നിബിഢമായ വൃക്ഷ ലതാദികളും കൊണ്ട് സമൃദ്ധമായ പാത.. ജിഷ്ണുവും കിച്ചുവും വിമലും മുന്നോട്ട് നടന്നു.. ആക്ച്വലി തന്നോട് ഒരു സോറി പറയണം എന്ന് കരുതിയാ രാവിലെ വന്നത്. ആന്റി ഒന്നും അറിഞ്ഞില്ല എന്നു തോന്നി.. അതാ ഞാനൊന്നും മിണ്ടാഞ്ഞത്.. ജിഷ്ണു പറഞ്ഞു.. കിച്ചുവും വിമലും അവനെ നോക്കി.. താനെന്നോട് അതിനെന്തു തെറ്റാ ചെയ്തത്.. കിച്ചു പുഞ്ചിരിയോടെ ചോദിച്ചു… ഞാൻ കാരണമല്ലേ നിങ്ങൾ അപ്പോൾ അവിടേയ്ക്ക് വന്നതും പ്രശ്നം ഉണ്ടായതും.. ഞാൻ കൂടെ ഇല്ലായിരുന്നെങ്കിൽ ഒരിക്കലും നിങ്ങൾ അങ്ങോട്ട് ചെല്ലില്ലായിരുന്നു.. ഒരു പ്രശ്നവും ഉണ്ടാവില്ലായിരുന്നു..

ജിഷ്ണു ഒരു പുഞ്ചിരിയോടെ പറഞ്ഞു.. ഹേയ്.. അപ്പോൾ എനിക്കും കണ്ട്രോൾ വിട്ടുപോയി.. തല്ലണം എന്നു കരുതിയതല്ല..പക്ഷെ അവളുടെ കയ്യിലിരിപ്പിന് ഒരു തല്ലിന്റെ കുറവുണ്ടായിരുന്നു.. കിച്ചു പറഞ്ഞു.. ജിഷ്ണു ഒന്നു ചിരിച്ചു.. വേദനിച്ചോ തനിക്ക്.. ജിഷ്ണു സങ്കടത്തോടെ കിച്ചുവിനോട് ചോദിച്ചു.. ഹേയ്.. അവളെ മര്യാദയ്ക്ക് നിർത്താൻ അറിയാഞ്ഞിട്ടല്ല.. പിന്നെ താൻ പിടിച്ചു മാറ്റിയിട്ട് വീണ്ടും ചെന്നു കൊടുക്കേണ്ട എന്നു കരുത്തിയിട്ടാ.. കിച്ചു ദേഷ്യത്തോടെ പറഞ്ഞു.. ജിഷ്ണു വിമലിനെ നോക്കി.. സത്യത്തിൽ എനിക്ക് സങ്കടം വന്നു.. ഒരു കൂട്ടുകാരന് പ്രശ്നമുണ്ടായാൽ അത് പരിഹരിക്കാൻ കൂടെ നിൽക്കുന്നവനാണ് നല്ല സുഹൃത്ത്.. പക്ഷെ ഇന്നലെ എനിക്കതിന് പറ്റിയില്ല . അവൻ പറഞ്ഞു.. അതിന് താനെന്തിനാ സങ്കടപ്പെടുന്നത്. ഞാനും ഒന്നും ചെയ്തില്ലല്ലോ..

വിമൽ ജിഷ്ണുവിന്റെ തോളിൽ തട്ടി പറഞ്ഞു.. ജിഷ്ണു പുഞ്ചിരിച്ചു.. അമ്മയോട് ഞാൻ പറയാഞ്ഞതാണ്.. വെറുതെ അമ്മയെ ടെൻഷൻ ആക്കേണ്ട എന്നു കരുതി . അത് മാത്രമല്ല.. ഒരു പെണ്ണേന്നെ തല്ലിയിട്ട് ഞാൻ മിണ്ടാതെ പോന്നു എന്നമ്മ വിശ്വസിക്കില്ല. കിച്ചു പറഞ്ഞു.. പെണ്ണ് തല്ലിയതാണോ പ്രശ്നം.. ജിഷ്ണു ചോദിച്ചു.. കിച്ചു അവനെ നോക്കി.. അപ്പോഴേയ്ക്കും ജിഷ്ണു ഒന്നു ചിരിച്ചു.. ഞാനൊരു കാര്യം പറയട്ടെ.. നമ്മൾ ആണുങ്ങൾക്കൊരു വിചാരമുണ്ട്. ആണിനെ പോലെ ഒരിക്കലും പെണ്ണാകരുത് എന്നത്.. കാലം എത്ര പുരോഗമിച്ചാലും ഇന്നും ആ ചിന്തയ്ക്ക് വലിയ മാറ്റമൊന്നും പലരിലും വന്നിട്ടില്ല.. ജിഷ്ണു പറഞ്ഞു . ഞാനങ്ങനെ പെണ്ണിനെ താഴ്ത്തി കാണുന്ന ഒരു ആളല്ല.. കിച്ചു പറഞ്ഞു..

ജിഷ്ണു വീണ്ടും പുഞ്ചിരിച്ചു.. അല്ല.. പക്ഷെ ഇന്നലെ ആ ബഹളം വെച്ചതോര് ആണായിരുന്നെങ്കിൽ താൻ കൈ വെക്കില്ലായിരുന്നു.. തനിക്കിത്ര മോശമായി തോന്നില്ലയിരുന്നു. അറ്റ്ലീസ്റ്റ് താൻ കാര്യം അന്വേഷിച്ചേനെ.. ഇല്ലേ.. ജിഷ്ണു ചോദിച്ചു . നോ.. ആ സ്ഥാനത്ത് ഒരാണായിരുന്നെങ്കിലും ഞാൻ ഇതുതന്നെ ചെയ്തേനെ.. കിച്ചു പറഞ്ഞു.. ഓകെ.. ഞാനൊന്നു ചോദിച്ചോട്ടെ.. തനിക്കിപ്പോഴും തോന്നുന്നുണ്ടോ താൻ ചെയ്തത് ശെരിയായിരുന്നു എന്നത്.. ജിഷ്ണു ചോദിച്ചു. ഞാനെന്താ ചെയ്തത്.. അവളല്ലേ ആ സ്ത്രീയെ പിടിച്ചു തള്ളിയത്.. ഞാൻ പിടിച്ചിരുന്നില്ലെങ്കിൽ അവർ താഴെ വീണേനെ..പ്രായമായ ഒരു സ്ത്രീയാണ്.. എനിക്കതിൽ കുറ്റബോധം ഒന്നും തോന്നുന്നില്ല.. പിന്നെ അവൾ തിരിച്ചടിച്ചത്..

അതിനുള്ളത് കൊടുക്കാൻ അറിയാഞ്ഞിട്ടല്ല.. കിച്ചുവിന് നേർക്ക് കൈനീട്ടി അടിച്ച ഒരുത്തി നിവർന്നെന്റെ മുൻപിൽ നിൽക്കുന്നത് താൻ കാരണമാണ്.. കിച്ചു പറഞ്ഞു.. അപ്പോൾ തനിക്ക് അടിക്കാം.. അവൾ തിരിച്ചടിച്ചപ്പോൾ തനിക്ക് വേദനിച്ചു.. തിരിച്ചടിക്കാൻ തോന്നി..അല്ലെ.. ജിഷ്ണു ചോദിച്ചു.. കിച്ചു അവനെ നോക്കി.. അവൾ ചെയ്തത് തെറ്റല്ലേ.. വിമൽ ചോദിച്ചു . അവളുടെ വീടിനു മുൻപിൽ അവളുമായി ഒരാൾ പ്രശ്നമുണ്ടാക്കുമ്പോൾ കാര്യങ്ങൾ അറിയാതെ താൻ കയറി അവളെ കൈവെച്ചു. തനിക്ക് അതിനു റീസൺ ഉണ്ട്. പക്ഷെ അവൾ തിരിച്ചടിച്ചത് തന്റെ കണ്ണിൽ തെറ്റാണ്.. ജിഷ്ണു പറഞ്ഞു.. കിച്ചുവും വിമലും അവനെ നോക്കി.. ഞാനൊരു പുരുഷനാണ്.. എങ്കിലും തുറന്ന് പറയട്ടെ.. നമ്മൾ ആണുങ്ങൾക്കൊരു വിചാരമുണ്ട്.. കുറച്ചൊന്നു ബോൾടായ പെണ്കുട്ടികളൊക്കെ അഹങ്കാരികൾ ആണെന്ന്..

അവരുടെ എന്തെങ്കിലും കാര്യം വരുമ്പോൾ നമ്മൾ ചോദിക്കും അവരുടെ കുടുംബത്തിൽ നട്ടെല്ലുള്ള ആണുങ്ങൾ ഇല്ലേ എന്ന്.. എന്തുകൊണ്ടാ.. അവളെ ഒന്നു തല്ലി ശെരിയാക്കാൻ ആണുങ്ങൾക്ക് അവകാശം ഉള്ളപോലെയാണ് സമൂഹം പറയുന്നത്. ഞാൻ അതിനോട് യോജിക്കുന്നില്ല. ആണിലും പെണ്ണിലും നല്ലവരും മോശക്കാരും ഉണ്ട്. ചിലർ ബോൾഡ് ആയിരിക്കും.. ചിലർ കുറച്ചുകൂടി പാവം ടൈപ്പ് ആയിരിക്കാം… എന്താണെങ്കിലും അവരെ ഉൾക്കൊള്ളുമ്പോൾ ആ ക്യാരക്റ്റർ ഉൾക്കൊണ്ട് അവരെ അംഗീകരിക്കാൻ ശ്രമിക്കണം.. നമ്മുടെ കാഴ്ചപ്പാടിൽ അല്ല അവർ ജീവിക്കുന്നത് എന്നു പറഞ്ഞിട്ട് അവരെ അങ്ങു മോശമാക്കി കളയാം അല്ലെങ്കിൽ തല്ലി നന്നാക്കാം എന്നു കരുതരുത്.. ഇന്നലെ നടന്ന പോലെ ഒരു പ്രശ്നം പറയാം.

താനും വിമലും തമ്മിൽ എന്തെങ്കിലും ഒരു കാര്യത്തിന് ചെറുതായി ഉടക്കി താൻ വിമലിനെ പിടിച്ചൊന്നു തള്ളിയാൽ കണ്ടു വരുന്ന ഒരാൾ വന്നു തന്നെ തല്ലിയാൽ താൻ കൊണ്ടിട്ട് മിണ്ടതെനിൽക്കുമോ.. അതല്ലേ അവളും ചെയ്തുള്ളൂ.. ജിഷ്ണു ചോദിച്ചു. അതുപോലെയല്ലല്ലോ ജിഷ്ണു ആ സംഭവം.. അമ്മയുടെ പ്രായമുള്ള ഒരു സ്ത്രീയോടാണോ അവൾ കൈക്കരുത്തു കാണിക്കേണ്ടത്.. കിച്ചു ചോദിച്ചു.. അമ്മയുടെ പ്രായമുള്ളവർ അല്ല കിച്ചു.. അത് അവളുടെ അമ്മ തന്നെയാണ്.. ജിഷ്ണുവിന്റെ വാക്കുകൾ കേട്ട് കിച്ചുവും വിമലും ഞെട്ടലോടെ അവനെ നോക്കി.. വാട്ട്.. കിച്ചു ചോദിച്ചു.. ജിഷ്ണു ഒന്നു പുഞ്ചിരിച്ചു.. ആ സ്ത്രീ ഭദ്രയുടെ സ്വന്തം അമ്മയാണ്.. മാഷിന്റെ ഭാര്യ…അവളെയും വിച്ചുവിനെയും നൊന്തു പ്രസവിച്ച സ്ത്രീ..

അത് മാത്രമല്ല ഇന്ന് കാണുന്ന ഭദ്ര എന്താണോ ആ ഭദ്രയെ ഇങ്ങനാക്കിയതും അവരാണ്.. ജിഷ്ണു പറഞ്ഞു.. അവളുടെ അമ്മ മരിച്ചു എന്നല്ലേ പറഞ്ഞത്.. കിച്ചു ചോദിച്ചു.. അവർ മരിച്ചു. ഞങ്ങളുടെ കണ്ണിൽ.. ആ സ്ത്രീ ഒരാൾ കാരണമാണ് ആ കുടുംബം ഇങ്ങനെ ആയത്.. ജിഷ്ണു പറഞ്ഞു.. അവൾക്കെന്താ ഭ്രാന്താണോ.. സ്വന്തം അമ്മയെ ഇങ്ങനെ അടിച്ചിറക്കാൻ.. വിമൽ ചോദിച്ചു.. ജിഷ്ണു പുഞ്ചിരിച്ചു.. മ്മ്.അവൾക്ക് ഭ്രാന്താണ്.. അതുകൊണ്ടാ സ്വന്തം അമ്മയെ അടക്കം വെട്ടുകത്തികൊണ്ട് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചിട്ടും അവളെ കോടതി വെറുതെ വിട്ടത്.. ജിഷ്ണു പറയുന്നത് കേട്ട് നടന്നുകൊണ്ടിരുന്ന കിച്ചുവും വിമലും നിന്നു.. എന്താ അവർക്ക് സംഭവിച്ചത്.. എന്തുപറ്റി.. വിമൽ ചോദിച്ചു.. പറയാം..

കാവിലേയ്ക്ക് ഈ വഴി താഴേയ്ക്ക് ഇറങ്ങണം.. വാ.. തൊഴുതിട്ട് സംസാരിക്കാം.. ജിഷ്ണു പറഞ്ഞു.. വള്ളി പടർപ്പുകൾകിടയിലൂടെ കുനിഞ്ഞു പതിയെ താഴേയ്ക്കുള്ള ഒരു കുത്തനെയുള്ള ഇറക്കമവരിറങ്ങി.. വള്ളികളിൽ ബലമായി പിടിച്ചു സാവകാശം ഇറങ്ങി താഴേയ്ക്കെതിയതും അവിടെ ഒരു വഴി പോലെ തെളിഞ്ഞു. വഴിയിലൂടെ കുറച്ചു മുൻപോട്ട് നടന്നതും താഴേയ്ക്ക് കല്ലുകൾ പാകിയ പടികൾ കണ്ടു..അവിടേയ്ക്കിറങ്ങിയതും കിച്ചുവിന്റെയും വിമലിനെയും കണ്ണുകൾ വിടർന്നു.. നിബിഢമായ കാടിനിടയിൽ മൈതാനത്തിനു സമാനമായ ഒരു അന്തരീക്ഷം.. നീളമുള്ള ഒരു കല്ലാണ് പ്രതിഷ്ട്ട.. ഒരു അമ്പലം എന്നൊന്നും പറയാൻ കഴിയില്ല.. പേരിനു പോലും ഒരു കെട്ടിടം അവിടെ ഇല്ല..

ചുറ്റും നിറയെ നാരങ്ങാ വിളക്കുകൾ കത്തി കൊണ്ടിരിക്കുന്നു. മരത്തിൽ നിന്നു തൂങ്ങി കിടക്കുന്ന വള്ളികളിൽ ഒക്കെ പട്ടു തുണി കെട്ടിയിരിക്കുകയാണ്.. പ്രതിഷ്ട്ടയ്ക്ക് അരികിൽ പഴയ രീതിയിൽ ഉണ്ടാക്കി വെച്ച വലിയ കൽ വിളക്കുകൾ ഉണ്ട്. കുഴിവുള്ള വിളക്കിൽ നിറയെ എണ്ണ ഒഴിച്ചു അതിനു മുകളിൽ വലിയ എള്ളു കിഴി കെട്ടി ഇട്ട് കത്തിച്ചിട്ടുണ്ട്. പ്രതിഷ്ട്ടയിൽ ചുവന്ന ചാന്ത് കൊണ്ട് അഭിഷേകം ചെയ്തിരിക്കുന്നു.. പ്രാർത്ഥിക്കാൻ ആളുകളോ പൂജിക്കാൻ പൂജാരിയോ ഇല്ലാത്ത ഒരു കാവ്.. അടുത്തു കൂട്ടമായി നിൽക്കുന്ന ചോര ചുവപ്പുള്ള ചെമ്പരത്തിയുടെ പൂക്കൾ കൊണ്ട് ഒരു കൊച്ചു മാല മാത്രമിട്ടുള്ള ആ കൽ വിഗ്രഹം നോക്കി നിന്ന് കിച്ചുവും വിമലും ജിഷ്ണുവും തൊഴുതു..

കിച്ചുവിന്റെ മനസ്സു ശൂന്യമായിരുന്നു. അവൻ കണ്ണുകൾ അടച്ചു.. മനസ്സിൽ നിറയേ ഭദ്രയുടെ രൂപമാണ്.. കേട്ടതും അറിഞ്ഞതും വിശ്വസിച്ചതും അല്ല അവൾ എന്ന് തോന്നുന്നു.. അവനു ഒന്നും പ്രാർത്ഥിക്കാൻ തോന്നിയില്ല.. പുരാതനമായ രീതിയിലുള്ള എന്തൊക്കെയോ പൊടികൾ കൂട്ടിയിട്ട് കൽ ധൂപത്തിൽ കത്തിച്ചിട്ടുണ്ട്. അതിന്റെ സുഗന്ധം ആന്തരീക്ഷത്തെ വല്ലാത്ത ഒരു അവസ്ഥയിലേയ്ക്ക് മാറ്റി.. ആരിലും ഭക്തി നിറയ്ക്കുന്ന ആ അന്തരീക്ഷത്തിൽ മനസ്സിലുള്ള സങ്കടങ്ങളൊക്കെ മാഞ്ഞു പോകുന്നത് കിച്ചു അറിഞ്ഞു.. ഇവിടെ ആ വഴിയേ പോയാൽ ഒരു ഊര് ഉണ്ട്. ആദിവാസി ഊരാണ്. അവിടുത്തെ ഊര് മൂപ്പൻ നല്ലൊരു വൈദ്യനാണ്.. അദ്ദേഹത്തിന്റെ ഒരു പച്ചില കൂട്ടുണ്ട് .

തളവും ധാരയും ആ പച്ചില കൂട്ടും കൊടുത്തു കൃത്യമായി അവർ പറയുന്ന പഥ്യം കൂടെ നോക്കിയാൽ ഏത് വലിയ മാനസിക അസ്വാസ്ത്യവും തിരിച്ചു വരാത്ത വിധം മാറും എന്നാണ് കേട്ടറിവ്.. ജിഷ്ണു പറഞ്ഞു.. കിച്ചുവും വിമലും അവനെ നോക്കി . നിങ്ങൾക്ക് വിശ്വാസമുണ്ടെങ്കിൽ താത്പര്യമുണ്ടെങ്കിൽ നമുക്ക് ദേവുവിനെ കൊണ്ടുവന്ന് കാണിക്കാം.. എനിക്ക് അദ്ദേഹത്തെ പരിചയമുണ്ട്.. സൈഡ് എഫക്റ്റ് ഒന്നും ഇല്ലാത്ത വൈദ്യമാണ്..ആന്റിയോടും ആലോചിച്ചിട്ട് പറ.. ജിഷ്ണു പറഞ്ഞു.. നമുക്ക് ആലോചിക്കാം.. ഒരുപാട് ക്യാഷ് ഒക്കെ ആകുമോ.. കിച്ചു ചോദിച്ചു.. ഹേയ്.. അതിൽ പേടിക്കേണ്ട. നമ്മൾ നാട്ടിൽ താമസിക്കുന്ന കോട്ടിട്ട ഡോക്ടർമാരെ പോലെയല്ല ഇവർ. കാട്ടിലാണ് താമസം എങ്കിലും മനസ്സിൽ ഒരുപാട് നന്മ ഉള്ളവരാണ്..

ഇവിടെ ചികിത്സയ്ക്ക് ക്യാഷ് മേടിക്കില്ല.. പിന്നെ ചികിത്സ ഫലിച്ചാൽ നമ്മുടെ കയ്യിലുള്ളത് ദക്ഷിണയായി നൽകുക. ഒന്നും കൊടുത്തില്ല എങ്കിലും അവർ സന്തോഷത്തോടെ യാത്രയ്ക്കും.. ജിഷ്ണു പറഞ്ഞു.. നമുക്ക് ആലോചിക്കാം. ഞാനും നോക്കുന്നുണ്ട്. പിന്നെ ചികിത്സയ്ക്കും മറ്റുമായി നല്ലൊരു തുക വേണ്ടേ.. അതൊന്നു കയ്യിൽ വരട്ടെ എന്നോർത്തു. ഇതെന്തായാലും നമുക്ക് നോക്കാം.. ഉറക്കി കിടതിയും ഷോക്കടിപ്പിച്ചും കുറെ അവളെ വേദനിപ്പിച്ചിട്ടുണ്ട് ആദ്യമൊക്കെ.. ഇനി അതൊന്നുമില്ലാതെ അസുഖം മാറിയാൽ അത് വല്ലാത്ത ആശ്വാസമാകും.. കിച്ചു പറഞ്ഞു.. സാധാരണ അസുഖം പോലെ അല്ലല്ലോ . മാറാൻ കുറച്ചു താമസം ഉണ്ടാകും.. അത് അദ്ദേഹം ആദ്യമേ പറയും.. ചികിത്സയുടെ എല്ലാ കാര്യവും ചോദിച്ചറിഞ്ഞു സമ്മതമെങ്കിൽ മാത്രം മതി.

അവൻ പറഞ്ഞു.. കിച്ചുവും വിമലും പരസ്പരം നോക്കി.. മ്മ്. നമുക്ക് വരാം.. അവൻ പറഞ്ഞു.. വാ.. അതും പറഞ്ഞു കാവിനു അരികിലൂടെ ഉള്ള ഊടുവഴിയെ ജിഷ്ണു നടന്നു..പുറകേ കിച്ചുവും വിമലും.. . തെളിനീര് ഒഴുകുന്ന ഒരു കൊച്ചരുവിയുടെ കരയിലേയ്ക്കാണ് അവർ ചെന്നത്. കൂട്ടംകൂടി കിടക്കുന്ന പാറകെട്ടിലൂടെ ഒഴുകുന്ന കൊച്ചരുവി.. തെളിഞ്ഞ വെള്ളം ഒഴുകുന്ന ശബ്ദത്തോടൊപ്പം കിളികളുടെ കാലകളാരവവും.. ആകെ കൂടെ സുന്ദരമായ ഒരു അന്തരീക്ഷം.. വാ . ജിഷ്ണു ഒരു പാറ കൂട്ടത്തിൽ ചെന്നിരുന്നു.. കിച്ചുവും വിമലും കൂടെ ചെന്നിരുന്നു.. അപ്പൊ നമുക്ക് ഭദ്രയുടെ കഥ കേൾക്കാം അല്ലെ… ജിഷ്ണു ചോദിച്ചു.. വിമലും കിച്ചുവും അവനെ നോക്കി ആകാംഷയോടെ ഇരുന്നു.. തുടരും..

കഥയിൽ ഭദ്ര കിച്ചുവിനെ അടിച്ച രംഗത്തിൽ ഞാനെഴുതിയത് കഥയിൽ ആവശ്യമായ ഒരു സംഭവം എന്ന നിലയിലാണ്.. ഒരിക്കലും അതാരെയും ചൊടിപ്പിക്കാനോ എന്റെ കാഴ്ചപ്പാട് ആരിലും അടിച്ചേല്പിക്കാനോ അല്ല. കഥയെ കഥയായി കാണുക.. ഭദ്രയെ ഇഷ്ടമില്ലാത്തവരും ദേഷ്യമുള്ളവരും ഒക്കെ കാണും.. ഞാൻ ഒരിക്കലും ആരെയും വേദനിപ്പിക്കാനോ താഴ്ത്തി കാണിക്കാനോ അല്ല എഴുതുന്നത്.. ചില സംഭവങ്ങൾ എന്റെ കാഴ്ചപ്പാടാണ്.. അതു പക്ഷെ ഒരിക്കലും മറ്റാരിലും ഞാൻ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നില്ല .കഥ കഥയായി കാണുകൾ.. അതിനപ്പുറം അതിൽ ഒന്നുമില്ല.. ആർക്കെങ്കിലും ഞാൻ എഴുതിയത് വേദനിച്ചെങ്കിൽ ക്ഷമ ചോദിക്കുന്നു..

Share this story