സിദ്ധാഭിഷേകം : ഭാഗം 36

സിദ്ധാഭിഷേകം :  ഭാഗം 36

എഴുത്തുകാരി: രമ്യ രമ്മു

അവൾ അതുമായി ഷെൽഫിന്റെ അരികിൽ ചെന്ന് ഓരോന്നായി എടുത്തു വച്ചു.. അപ്പോഴാണ് AS Groups ന്റെ ഒരു ഫയൽ കണ്ടത്.. വെറുതെ ഒന്ന് മറിച്ചു നോക്കിയ അവൾ അത് വായിച്ചു ഞെട്ടി തരിച്ചു… 🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃 എന്താ ഇതിന്റെ അർത്ഥം …. അവൾക്ക് ഒരു പിടിയും കിട്ടിയില്ല… എല്ലാവരും ചേർന്ന് കളിക്കുന്ന നാടകമാണോ ഇതൊക്കെ.. അമ്മ അറിയാതെ ഇങ്ങനെ ഒരു നീക്കം നടക്കുമോ… ഒന്നും മനസ്സിലാവുന്നില്ലല്ലോ ഈശ്വരാ… എത്രയും പെട്ടെന്ന് സത്യങ്ങൾ അറിയണം..

അവൾ ബാക്കി ഉള്ള ഫയലുകൾ റാക്കിൽ വച്ച് ഫോൺ എടുത്ത് അതിലെ പേജുകൾ ഫോട്ടോയെടുത്തു… പിന്നെ ഫയൽ മറ്റുള്ളതിന്റെ കൂടെ കൊണ്ട് വച്ചു… മനസ്സ് ആകെ കലങ്ങി മറിയുന്ന പോലെ തോന്നി അവൾക്ക്…മൂർത്തിയോട് യാത്ര പറഞ്ഞ് പെട്ടെന്ന് തന്നെ ഇറങ്ങി.. °°°°°°°°°°°°°°°°°° അഭി എയർപോർട്ടിൽ നിന്നും ശരത്തിന്റെ ഫ്ലാറ്റിലേക്കുള്ള യാത്രയിൽ ആണ്.. അവൻ ഫോൺ എടുത്ത് അമ്മാളൂനെ വിളിച്ചു… കുറെ നേരം കഴിഞ്ഞാണ് ഫോൺ എടുത്തത്… “ഹലോ…” “അമ്മൂ….. എന്താടോ ശബ്ദത്തിന് ഒരു വല്ലായ്മ…സുഖമില്ലേ…” അവൾക്ക് ശരിക്കും അതിശയം തോന്നി..

ഒരു ഹലോ പറഞ്ഞപ്പോഴേക്കും തന്റെ ഉള്ള് മനസിലാക്കിയോ.. “ഒന്നുല്ല…ചെറിയ തലവേദന….” “ആണോ.. ഡോക്ടർന്റടുത്ത് പോണോ…” “വേണ്ടാ..കുറച്ചു കിടന്നാൽ മതി… അഭിയേട്ടൻ ഇപ്പോ എവിടെയാ…” “ഞാൻ ഇപ്പോൾ എയർപോർട്ടിൽ നിന്ന് ഫ്ലാറ്റിലേക്ക് പോകുവാ… ഫ്ലൈറ്റ് ഡിലേ ആയിരുന്നു.. ” “ആഹ്…. സാന്ദ്രയോടും അങ്കിളിനോടും ബാലാന്റിയോടുമൊക്കെ എന്റെ അന്വേഷണം പറയണേ…” “പറയാം.. കിടന്നോ.. കുറച്ച് കഴിഞ്ഞു വിളിക്കാട്ടോ…” “ശരി…” അഭി ഫോൺ വച്ചപ്പോൾ സിദ്ധു മടിച്ച് മടിച്ച് ചോദിച്ചു.. “മാളൂട്ടി… മാളൂട്ടിക്ക് എന്താ.. വയ്യായ്ക …” “അവൾക്ക് ചെറിയ തലവേദന…”

“ഡോക്ടർ അടുത്ത് പോയോ..” “വേണ്ടെന്ന്.. കിടന്നാൽ മാറും എന്ന് പറഞ്ഞു…” “എന്നാലും പോകായിരുന്നു… വേദന സഹിക്കാനുള്ള ക്ഷമയൊന്നും അവൾക്കില്ല… കാലിൽ ഒരു മുള്ള് കൊണ്ടാൽ തന്നെ അലറി വിളിച്ച് ആ ഭാഗത്തുള്ളവരെ മൊത്തം അറിയിക്കും.. പിന്നെ അതെടുത്ത് കൊടുക്കാൻ എന്നെ അല്ലാതെ വേറെ ആരെയും സമ്മതിക്കില്ല…” സിദ്ധു പഴയ ഓർമയിൽ അറിയാതെ ചിരിച്ചു.. അമ്മൂനെ കുറിച്ച് പറയുമ്പോഴുള്ള അവന്റെ മുഖത്തെ തിളക്കവും കണ്ണുകളിലെ വേദനയും അഭിയെ അസ്വസ്ഥമാക്കി…

അവൻ മറുപടിയായി തെളിച്ചമില്ലാത്ത പുഞ്ചിരി നൽകി… ‘സോറി സിദ്ധു ….അറിയാം.. നിന്റെ മനസ്സ്.. പക്ഷെ എന്റെ അമ്മൂനെ വിട്ട് തരാൻ തോന്നിയില്ല….സ്നേഹിച്ചു പോയി… ഇപ്പോ എന്റെ ജീവനും ജീവിതവും എല്ലാം അവൾ ആണ്.. അവൻ മനസ്സിൽ ഓർത്ത് കൊണ്ട് സീറ്റിലേക്ക് ചാരി കണ്ണടച്ചു… °°°°°°°°°°°°°°°°°° ഫ്ലാറ്റിൽ എത്തി ബെൽ അടിച്ചു.. ചന്ദ്രൻ ആണ് ഡോർ തുറന്നത്.. അവർ അകത്ത് കടന്ന് സെറ്റിയിൽ ഇരുന്നു.. ബാല അവർക്ക് ചായ കൊണ്ടുവന്ന് കൊടുത്തു… “ആന്റി ചായ പോര.. നല്ല വിശപ്പുണ്ട്..

കാര്യമായിട്ട് എന്തേലും വേണം.. ഞങ്ങൾ ഒന്ന് ഫ്രഷ് ആയിട്ട് വരാം.. ഫ്ലാറ്റിന്റെ കീ ഒന്ന് തന്നേ…” “ഓഹ്..ഇത്ര നാളും പട്ടിണി ആയിരുന്നോ.. വരുമ്പോ എന്തേലും വാങ്ങി കഴിച്ചൂടെ ഭയ്യ…” സാന്ദ്ര പറഞ്ഞു കൊണ്ട് അങ്ങോട്ട് വന്നു.. അവിടെ സിദ്ധുനെ കണ്ടതും അവളുടെ മുഖം ഒന്ന് വിടർന്നു.. “ഓ.. ഇവിടെ ഉണ്ടായിരുന്നോ.. ഞാൻ നിന്നോട് ചോദിച്ചില്ലല്ലോ.. എന്റെ ബാലാന്റിയോട് അല്ലേ പറഞ്ഞേ.. നീ പോടി ഉണ്ടക്കണ്ണി… മാത്രല്ല എന്റെ അമ്മൂ പറഞ്ഞു സ്ട്രീറ്റ് ഫുഡ് ഒന്നും കഴിക്കരുത് എന്ന്.. ” “ഓഹ്… എന്താ സ്നേഹം .. സ്ട്രീറ്റ് ഫുഡ് കഴിക്കണ്ടാ.. നല്ല സ്റ്റാർ ഹോട്ടലിൽ പൊയ്ക്കൂടെ.. അയ്യേ… പിശുക്കൻ…” ” ആണല്ലേ..

ശരത് ഇന്നലെ മാളിൽ നിന്ന് ഇവൾക്ക് വേണ്ടി വാങ്ങിയതൊക്കെ ഇങ്ങെടുത്തേ…. ആന്റി കീ തന്നെ ..ഞാൻ പോട്ടെ.. ക്ലീൻ ആക്കാൻ ആള് വന്നിരുന്നോ…” “ക്ളീൻ ആക്കി…കുറച്ചു ദിവസത്തേക്കല്ലേ അഭി.. അപ്പുറത്തേക്ക് പോണോ.. ഇവിടെ കൂടിയാൽ പോരെ…” “എവിടെയായാലും എന്താ.. രണ്ടു ദിവസം ആളനക്കം ഉണ്ടാവട്ടെന്ന്‌ ….” “ഉം.. മധു ആ കീ കൊടുത്തേക്ക്.. അവന്റെ അനിയന്റെ കൂടെ കഴിയാനാണ്.. അല്ലേടാ…” അഭി ചിരിച്ചു.. കീ വാങ്ങി നേരെ ഓപ്പോസിറ്റ് ഉള്ള അവന്റെ ഫ്ലാറ്റിലേക്ക് സിദ്ധുവിനേയും കൂട്ടി ചെന്നു.. കീ സിദ്ധുനെ ഏൽപ്പിച്ചു തുറക്കാൻ പറഞ്ഞു….

അവർ ഡോർ തുറന്ന് അകത്തേക്ക് കയറി… ഫുള്ളി ഫർണിചേർഡ് ത്രീ ബെഡ്റൂം ഫ്ലാറ്റ് ആയിരുന്നു അത്…ബ്ലാക്ക്‌ ആൻഡ് വൈറ്റ് തീമിൽ എല്ലാം സെറ്റ് ചെയ്തിരുന്നു.. സിദ്ധു അവിടെ ചുറ്റും കണ്ണോടിച്ചു.. ഹാളിൽ തൂക്കിയ വലിയ ഫോട്ടോയുടെ മുന്നിൽ ചെന്ന് നിന്നു.. സച്ചിയും രവിയും തോളിൽ കൈ ചേർത്ത് നിൽക്കുന്ന ഫോട്ടോ ആയിരുന്നു അത്.. അതിന്റെ തൊട്ടടുത്ത് അഭിയും സിദ്ധുവും അതേ പോലെ പോസ് ചെയ്ത മറ്റൊരു ഫോട്ടോയും ഉണ്ടായിരുന്നു… അഭി ഡോറിൽ തന്നെ ഉണ്ടായിരുന്ന കീ എടുത്ത് സിദ്ധുവിന്റെ കയ്യിൽ വച്ചു കൊടുത്തു… “ഇതെന്തിനാ എനിക്ക്…”

“ഇത് നിന്റെ ഫ്ലാറ്റ് ആയത് കൊണ്ട്…” “ഏഹ്….എന്തിനാടാ… എനിക്ക് ഇതൊക്കെ.. ” “എന്റെ ഒരു സന്തോഷത്തിന്… എന്റെ അമ്മൂനെ എനിക്ക് തന്നില്ലേ.. അതിന്റെ സന്തോഷത്തിന്..” “… ദേ എന്റെ പഴയ സ്വഭാവം എടുപ്പിക്കരുത്.. പറഞ്ഞേക്കാം.. ഞാൻ കുറച്ച് ഒതുങ്ങി എന്ന് കരുതി…” “ടാ..മതിയാക്കെടാ… ഗുണ്ട അല്ല നീ ഉണ്ട ആണ്..” “ദേ.. ഭയ്യ ആണെന്ന് നോക്കൂല.. ഇടിച്ചു കൂമ്പ് വാട്ടും ഞാൻ ..പറഞ്ഞേക്കാം.. ഇതേ നല്ല തഴമ്പിച്ച കൈയാണ്…” “പിന്നേ.. ഒന്ന് പോയെടാ ചെറുക്കാ.. നീ ഇടിക്കാൻ വരുമ്പോൾ ഞാൻ കയ്യും കെട്ടി നിന്നു തരാം… നീ ഇത്രവരെ തല്ലിയ ഊച്ചാളി ഗുണ്ടകളെ പോലെ അല്ല ഞാൻ..

വർക്ക് ഔട്ട് ചെയ്ത് ഉരുക്കിയെടുത്ത ബോഡി ആണ്.. ” “ആഹാ.. എന്നാൽ ഒന്ന് കാണാണമല്ലോ…” കേൾക്കേണ്ട താമസം അഭി അവനെ കാലിൽ പിടിച്ചു പൊക്കി എടുത്ത് സോഫയിലേക്ക് എറിഞ്ഞു… സിദ്ധു അപ്പോ തന്നെ അവിടുന്ന് ചാടി എണീറ്റ് അഭിയെ പൂണ്ടടക്കം പിടിച്ച് തോളത്തേക്ക് ഇട്ടു നടന്നു.. ബെഡ്റൂമിൽ ചെന്ന് ബെഡിലേക്ക് ഇട്ടു.. തിരിഞ്ഞു നടക്കാൻ ഒരുങ്ങിയ സിദ്ധുവിനെ അഭി പുറകിൽ നിന്ന് ലോക്ക് ആക്കി.. അവൻ കുതറി നോക്കി.. അഭി കട്ടിലിൽ മുട്ടുകുത്തി നിന്ന് പിടി ഒന്നൂടെ മുറുക്കി… സിദ്ധുവിന്റെ കൈ ഇപ്പോ അഭിയുടെ വയറിൽ തട്ടി നിൽക്കുകയാണ്..

അവൻ വയറിലേക്ക് നന്നായി പിച്ചി.. വേദനയിൽ അഭി ലോക്ക് അയച്ചപ്പോൾ സിദ്ധു തിരിഞ്ഞു നിന്ന് അഭിയെ കട്ടിലിൽ നിന്ന് വലിച്ച് താഴെയിട്ടു.. അഭി അപ്പോ തന്നെ അവന്റെ കാലിൽ പിടിച്ചു വലിച്ചു.. സിദ്ധു മൂക്കും കുത്തി കിടക്കയിൽ വീണു.. അഭി അവസരം പാഴാക്കാതെ അവന്റെ പുറത്തേക്ക് കേറി മുറുക്കെ കെട്ടിപിടിച്ചു കിടന്നു… സിദ്ധു അവന്റെ പിടിവിടാൻ കയ്യിൽ കിട്ടിയ തലയണ എടുത്ത് പുറകിലേക്ക് അടിച്ചു കൊണ്ടിരുന്നു.. അഭി പിടി വിട്ടതേ ഇല്ല… ശബ്ദം കേട്ട് അങ്ങോട്ട് വന്ന ബാലയും ചന്ദ്രനും ശരത്തും സാന്ദ്രയും അവിടുത്തെ കാഴ്ച്ച കണ്ട് അന്തംവിട്ട് നിന്നു.. മുറി മുഴുവൻ പഞ്ഞി പറക്കുകയാണ്..

അതിനിടയിൽ കട്ടിലിൽ രണ്ടു രൂപം.. “ടാ….” ശരത്തിന്റെ വിളി കേട്ട് രണ്ട് പേരും പിടഞ്ഞു മാറി.. വന്നവരെ നോക്കി നന്നായി ഇളിച്ചു കാട്ടി.. ദേഹത്തും തലയിലും പറ്റിയ പഞ്ഞി പരസ്പരം തുടച്ചു കൊടുത്തു… “ആ ബെസ്റ്റ് ചേട്ടനും അനിയനും… പ്ലേ സ്കൂളിൽ കൊണ്ട് വിടാം… പോയി കുളിക്കെടാ രണ്ടും…” കേൾക്കേണ്ട താമസം അഭി അടുത്ത മുറിയിലേക്ക് ഓടി… ശരത്തും അച്ഛനും അമ്മയും തിരിച്ചു പോയി.. സാന്ദ്ര ആ മുറിയിൽ തന്നെ നിന്നു.. “താൻ പോവുന്നില്ലേ.. അവരൊക്കെ പോയി..” അവൾ അവിടെ തന്നെ നിൽക്കുന്നത് കണ്ട് സിദ്ധു ചോദിച്ചു.. “അത്..സിദ്ധുവേട്ടാ.. എനിക്ക് സിദ്ധുവേട്ടനോട് ഒരു കാര്യം…” “എന്താ പറഞ്ഞോളൂ…”

അവൻ ബാഗിൽ നിന്ന് മാറാൻ ഉള്ള ഡ്രസ്സ് എടുത്തു കൊണ്ട് പറഞ്ഞു.. “അത്..പിന്നെ.. സിദ്ധുവേട്ടാ.. എനിക്ക്…” അവൾ പൂർത്തിയാക്കുന്നതിന് മുന്നേ അവൻ കയ്യുയർത്തി തടഞ്ഞു… “എനിക്ക് അറിയാം എന്താണ് പറയാൻ പോകുന്നത് എന്ന്.. നീ പറയുന്നതിന് മുന്നേ നിന്റെ കണ്ണുകൾ പലപ്രാവശ്യം പറഞ്ഞതാണ് അത്.. സാന്ദ്ര അതൊന്നും ശരിയാവില്ല.. അത്രയും ഇപ്പോൾ മനസ്സിലാക്കൂ.. ഇതൊക്കെ ഇവിടെ വച്ച് മറന്നേക്കൂ… പൊയ്ക്കോ..ഉം..” “എന്താണ് ശരിയാവാത്തത്… ഭയ്യയോ ശരത്തേട്ടനോ സമ്മതിക്കില്ല എന്ന് കരുതിയാണോ…” “കുട്ടി.. നിനക്ക് എന്നെ കുറിച്ച് എന്ത് അറിയാം..

കാണുമ്പോൾ തോന്നുന്ന വെറും ഇൻഫാക്ച്ചുവേഷൻ മാത്രമാണ് അത്.. നീ പഠിപ്പുള്ളവൾ അല്ലേ.. ചിന്തിച്ചു നോക്കിയാൽ മനസിലാവും.. ഇപ്പോ ചെല്ല്..ഞാൻ കുളിക്കട്ടെ…” “ഒരു കുന്തവും അല്ല.. എന്നെ എനിക്ക് ശരിക്കും അറിയാം.. എനിക്ക് നിങ്ങളെ ഇഷ്ട്ടമാണ്.. നിങ്ങളുടെ കൂടെ ജീവിക്കാൻ ആഗ്രഹിക്കുന്നു.. നിങ്ങളുടെ പാസ്റ്റ്‌ എനിക്ക് അറിയണ്ട.. എനിക്ക് അത് വിഷയവും അല്ല.. കാത്തിരിക്കാൻ പറഞ്ഞാൽ എത്ര നാൾ വേണേലും കാത്തിരുന്നോളാം… ഇപ്പോ പോവുന്നു.. പിന്നാലെ ഉണ്ടാകും ഞാൻ എന്നോട് ഇഷ്ടമാണെന്ന് പറയുന്നത് വരെ…”

അവൾ ഉറച്ച ശബ്ദത്തിൽ പറഞ്ഞു…അവളുടെ കണ്ണ് നിറഞ്ഞിരുന്നുവെങ്കിലും ചുണ്ടിൽ ചിരി ഉണ്ടായിരുന്നു… അവൾ പോയപ്പോൾ സിദ്ധു മുഖം പൊത്തി കിടക്കയിൽ ഇരുന്നു… വിടർന്ന കറുത്ത മിഴികൾ അവനെ നോക്കി പുഞ്ചിരിച്ചു.. സിദ്ധൂട്ടാ…. എന്ന വിളി അവന്റെ കാതിൽ മുഴങ്ങി.. മാളൂ… നിന്നെ മറക്കാൻ എന്നെങ്കിലും എനിക്ക് പറ്റുമോ.. അപ്പോൾ അവന്റെ ഉള്ളിൽ മറ്റൊരു മുഖം കൂടി തെളിഞ്ഞു..അഭിയുടെ…. ..മറക്കണം.. മറന്നേ പറ്റൂ… അവൻ മുഖം അമർത്തി തുടച്ച് വാഷ്‌റൂമിലേക്ക് പോയി..

പിറ്റേന്ന് അമ്മാളൂ ക്ലാസ് കഴിഞ്ഞ് ഓഫീസിലേക്ക് തിരിച്ചു.. മിത്തൂനെ പതിവ് പോലെ ആദി കൂട്ടി.. അമ്മാളൂ തലേന്ന് ബാക്കി വച്ച ഫയലിലെ ഡാറ്റ എല്ലാം തന്നെ കമ്പ്യൂട്ടറിൽ എന്റർ ചെയ്തു.. മൂർത്തിയുടെ ശ്രദ്ധ തിരിഞ്ഞപ്പോൾ അവൾ AS ഗ്രൂപ്സിനെ സംബന്ധിച്ച മൂർത്തിയുടെ കയ്യിൽ സേവ് ചെയ്ത മുൻപേയുള്ള ഡീറ്റൈൽസ് കൂടി ചെക്ക് ചെയ്തു.. അവരുടെ ലീഗൽ അഡ്വൈസർ ആയത് കൊണ്ട് തന്നെ പല ഡോക്യൂമെന്റസും അദ്ദേഹമാണ് തയാറാക്കി സൂക്ഷിച്ചത്.. അത് അവൾക്ക് സഹായകമായി.. അവളുടെ സംശയങ്ങൾ നീങ്ങി..

മനസിൽ സന്തോഷമാണോ ആരും ഒന്നും അറിയിക്കാത്തതിന്റെ സങ്കടമാണോ എന്ന് അവൾക്ക് മനസിലായില്ല.. ‘അപ്പോ.. ഇതാണ് വരുമ്പോൾ ഉള്ള സർപ്രൈസ് അല്ലേ… എങ്കിൽ ഒരു സർപ്രൈസ് ഞാനും തരാം മോനെ അഭിഷേക്.. അതിന് മുമ്പ് അമ്മയോട് സംസാരിക്കണം.. എന്നെ ഒളിച്ചത് എന്തിനാണെന്ന് അറിയണം.. എന്നിട്ട് ആലോചിക്കാം നിങ്ങളെ പ്രണയിക്കണോ പൊരിക്കണോ എന്ന്.. ‘

രാത്രിയാണ് ശർമിളയും ആദിയും എത്തിയത്… അംബികയും ചന്ദ്രുവും നേരത്തെ വന്നിരുന്നു.. ഫ്രഷ് ആയി വരുമ്പോഴേക്കും അവർക്ക് കഴിക്കാൻ അമ്മാളൂ ഇലയട ഉണ്ടാക്കി വച്ചിരുന്നു.. ആദിയും ശർമിളയും ഡൈനിംഗ് റൂമിലേക്ക് വന്നു.. ലത അപ്പോഴേക്കും ചായയുമായി അങ്ങോട്ട് വന്നു.. “ആഹാ.. ഇലയടയോ.. ലതാന്റി കിടുക്കിയല്ലോ…..” ആദി കണ്ടപ്പോഴേ പറഞ്ഞു.. “അമ്മാളൂ ഉണ്ടാക്കിയതാ.. ഞാൻ പറഞ്ഞിട്ട് കേട്ടില്ല.. സ്വന്തമായി തന്നെ ഉണ്ടാക്കണം എന്ന് പറഞ്ഞു…” അമ്മാളൂവും ശ്രീയും കൂടി അവിടെ ചെന്നിരുന്നു.. “അംബികയും ചന്ദ്രുവും കഴിച്ചോ…” ശർമിള ലതയോട് ചോദിച്ചു…

“അവർക്ക് റൂമിൽ മതിയെന്ന് പറഞ്ഞു.. അങ്ങോട്ട് കൊണ്ട് കൊടുത്തു..” “ആഹ്.. എന്തേ അമ്മാളൂ ഇന്ന് ഒരു ഇലയട കൊതി…” “ഒന്നുല്ല…. അമ്മമ്മയെ ഓർമ്മ വന്നു…. ഞാൻ വീക്കെൻഡ് വീട്ടിലേക്ക് പോകുന്ന ദിവസം അമ്മമ്മ എന്നും ഇത് ഉണ്ടാക്കി വെക്കും.. എനിക്ക് ഇഷ്ട്ടാണ്.. അമ്മമ്മയുടെ കൈ കൊണ്ട് ഉണ്ടാക്കിയത്…” കണ്ണ് ചെറുതായി നിറഞ്ഞത് ആരും കാണാതെ അവൾ തുടച്ചു.. കഴിച്ചു കഴിഞ്ഞ് എല്ലാവരും പിരിഞ്ഞു.. അമ്മാളൂ ഫോണുമായി ശർമിളയുടെ മുറിയിലേക്ക് പോയി.. അവർ എന്തോ ഫയൽ നോക്കുകയായിരുന്നു.. അവളെ കണ്ട് അടുത്തേക്ക് വിളിച്ചു.. അവരുടെ പുതിയ പ്രോജക്ടിന്റെ വർക്ക് ഡീറ്റൈൽസ് ആയിരുന്നു അത്…

അവർ അത് അവൾക്ക് വിശദമായി പറഞ്ഞു കൊടുത്തു.. “എല്ലാം അറിഞ്ഞു വെക്കുന്നത് നല്ലതാണ്….നാളെ ഒരു കാലത്ത് നീയും കൂടി വേണം ഇതൊക്കെ നോക്കി നടത്താൻ..” “AS ബിൽഡേഴ്‌സ് ആരുടെ ആണ്…” “നമ്മുടെ തന്നെ… എന്തേ ഇപ്പോ അങ്ങനെ ചോദിക്കാൻ..” “ഒന്നുല്ല.. നമ്മുടെ എന്ന് പറയുമ്പോൾ അതിന്റെ ഡോക്‌മെന്റ്‌സ് ഒക്കെ ആരുടെ പേരിലാണ്..’ ശർമിള ഒന്ന് ഞെട്ടി.. “അത് പിന്നെ.. നമ്മുടെ എല്ലാ കമ്പനികളും AS ഗ്രൂപ്സിന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്…

പിന്നെ അതിൽ ചിലത് മാത്രേ ഓണർഷിപ്പ് സേപ്പറേറ്റ് ചെയ്തിട്ടുള്ളു… ചെന്നൈയിൽ ഉള്ളത് ചന്ദ്രുവിന്റെ പേരിലാണ്.. മുംബൈയിൽ ഉള്ളത് ദാസേട്ടന്റെയും ആദിയുടെയും അങ്ങനെ ചിലത്… അതൊക്കെ മോൾക്ക് പോകെ മനസിലാവും..” “അപ്പോൾ ഇവിടെ ഉള്ളത്…” ശർമിളയ്‌ക്ക് മനസിലായി അവൾക്ക് എന്തോ അറിയാം എന്ന്.. “അത്….. അത്…രവിയേട്ടന്റെ മകന്റെ പേരിലാണ്…” “ഓഹ്.. അപ്പോ ഈ AS ഗ്രൂപ്സിന്റെ എക്‌സ്പാന്റഡ് ഫോം എന്താണ്…” “ആനന്ദ് ശങ്കർ ഗ്രൂപ്‌സ്… എന്തേ..”

“അത് മൂന്ന് വർഷം മുൻപ്… ഇപ്പോ അത് അഭിഷേക് സിദ്ധാർത്ഥ് ഗ്രൂപ്‌സ് ആണ്… അമ്മ അതറിഞ്ഞില്ലേ…” അവളുടെ മുഖത്ത് ഗൗരവം ആയിരുന്നു.. “മോളെ ..അത്.. നീ..” “എന്തിനാ അമ്മേ ..എന്നോട് എല്ലാരും ഇതൊക്കെ മറച്ചു വെച്ചത്.. എന്റെ വീട്ടുകാർക്കും അറിയാമല്ലേ… അതു കൊണ്ടല്ലേ അച്ഛൻ സിദ്ധുവേട്ടനുമായുള്ള പിണക്കം മറന്നത്…എന്നെ മാത്രം…ആരും…” അവൾക്ക് സങ്കടം വരുന്നുണ്ടായിരുന്നു… “അങ്ങനെ അല്ല മോളെ…. മോള് എല്ലാം അറിയണം…ഞാൻ പറയുന്നത് മോള് മനസിലാക്കണം…”.തുടരും..

സിദ്ധാഭിഷേകം : ഭാഗം 35

Share this story