സ്‌നേഹതീരം: ഭാഗം 13

സ്‌നേഹതീരം: ഭാഗം 13

എഴുത്തുകാരി: ശക്തികലജി

.”ഈ ആളുകൾക്ക് തുറിച്ച് നോക്കാൻ മാത്രം നമ്മളിൽ എന്താ ഉള്ളത് ” എന്ന് ഞാൻ ചോദിച്ചു.. ” പെണ്ണിൻ്റെ സൈക്കിളിൽ പുറകിൽ ഇരുന്ന് യാത്ര ചെയ്യുന്ന പുരുഷനാണ് കാരണം ” ഗിരിയേട്ടൻ ചിരിയോടെ പറഞ്ഞു.. തിരികെ വീട്ടുപടിക്കൽ എത്തുമ്പോൾ കരഞ്ഞു വീർത്ത മുഖവുമായി ഗിരിയേട്ടൻ്റെ അമ്മ നിൽക്കുന്നത് കണ്ടു.. കൈയ്യിൽ നാലോ അഞ്ചോ വയസ്സ് പ്രായമുള്ള ഒരു ആൺകുട്ടിയും.. ഗിരിയേട്ടനെ കണ്ടതും കുഞ്ഞധരങ്ങളിൽ പുഞ്ചിരി വിടർന്നു… രാവിലെ ഗിരിയേട്ടൻ്റെ അമ്മ പറഞ്ഞത് ഓർമ്മ വന്നു.. ഗിരിയേട്ടൻ്റെ മകനാകുമോ.. എന്ന് ഞാൻ സംശയത്തോടെ അമ്മയെ നോക്കി… അമ്മയുടെ അരികിൽ നിൽക്കുന്ന കുഞ്ഞിനെ ഗിരിയേട്ടൻ എടുത്തു തോളിലിട്ടു. കുഞ്ഞ് മോൻ തോളിൽ മുഖം ചേർത്ത് കിടന്നു..

അപ്പോഴാണ് വരാന്തയിൽ ഒരു പെൺകുട്ടി നിൽക്കുന്നത് കണ്ടത്.. ഞാൻ ആരാണെന്നുള്ള ഭാവത്തിൽ നോക്കി… ഗിരിയേട്ടൻ മോനെയും കൊണ്ട് മുകളിലേക്ക് കയറി പോയി… “മോളെ ഇത് ഗിരിയുടെ ഭാര്യ ശ്വേതയുടെ അനിയത്തിയാണ്… ശിഖ… കുഞ്ഞിനെയും കൊണ്ട് വന്നതാണ്.. ” എന്ന് ഗിരിയേട്ടൻ്റെ അമ്മ പറഞ്ഞു.. “കുഞ്ഞിനെ ഇവിടാക്കിയിട്ട് പോകാനാ വന്നത്.. പക്ഷേ ഇവിടെ വന്നു കണ്ടപ്പോഴാണ് പുതിയ കഥകൾ അറിഞ്ഞത്… ഞാനും അച്ഛനുo അമ്മയും കുറച്ച് ദിവസം കാണും… ചിലപ്പോൾ സ്ഥിരമായി….” കുഞ്ഞിനെ ഏൽപ്പിക്കാൻ എനിക്കാരേയും വിശ്വാസമില്ല…” ശിഖ എന്നെ നോക്കിയാണ് പറഞ്ഞത്…

ഞാൻ ഒന്നിനും മറുപടി പറയാൻ നിന്നില്ല ഞാൻ ഗിരിയേട്ടൻ്റെ അമ്മയെ നോക്കുമ്പോൾ അവർ എന്നെ ദയനീയ ഭാവത്തിൽ നോക്കുന്നത് കണ്ടു .. കൂടുതൽ സംസാരിക്കാൻ ഇരിക്കുന്നതാണ് നല്ലത് എന്ന് തോന്നി .. ഞാൻ ഒന്നും മിണ്ടാതെ അകത്തേക്ക് കയറി.. ഞാൻ ഹാളിലേക്ക് ചെന്നപ്പോൾ അവിടെ പ്രായമുള്ള ഒരു സ്ത്രീയും പുരുഷനും ഇരിക്കുന്നത് കണ്ടു .. ഗിരിയേട്ടൻ്റെ ഭാര്യയുടെ അച്ഛനും അമ്മയും ആയിരിക്കും ഞാൻ അവരെ നോക്കിയപ്പോൾ അവർ എന്നെ ഒരു പുച്ഛത്തോടെ നോക്കുന്നത് കണ്ടു ഞാൻ അവർക്കു മുഖം കൊടുക്കാതെ മുറിയിലേക്ക് കയറി വസ്ത്രം മാറി വന്നപ്പോഴും അവർ ഹാളിൽ തന്നെയിരിക്കുന്നത് കണ്ടു..

അടുക്കളയിൽ എന്തൊക്കെയോ ശബ്ദം കേട്ടു ഞാൻ ചെന്ന് നോക്കിയപ്പോൾ ശിഖ അടുക്കളയിലെ പാത്രം ഒക്കെ തുറന്നു നോക്കുന്നതാണ് കണ്ടത് .. എന്നെ കണ്ടതും ആൾ തുറന്നു വച്ച പാത്രം എല്ലാം അടച്ചു വെച്ചു എന്നിട്ട് വേറെയെവിടെയോ നോക്കി നിന്നു .. ഞങ്ങൾക്ക് ഇങ്ങനെ ചോറ് ഒന്നും പറ്റില്ല.. ഞങ്ങൾക്ക് ഇത് ഒന്നും ഇഷ്ടമല്ല… ഞങ്ങൾക്ക് വേറെ ചോറും കറിയുമൊക്കെ വെച്ചാൽ മതി… ഇന്നിപ്പോൾ സാരമില്ല ഞങ്ങൾ ഹോട്ടലിൽ നിന്ന് കഴിച്ചിട്ടാണ് വന്നത് ..അതുകൊണ്ട് കുഴപ്പമില്ല വൈകിട്ടത്തേക്ക് ഞങ്ങൾക്ക് ഈ സാധനം ഒന്നും കഴിക്കാൻ പറ്റില്ല അതുകൊണ്ട് വേറെ ഫുഡ് ഉണ്ടാക്കണം ..

“എന്ന് അധികാര സ്വരത്തിൽ എന്നോട് പറഞ്ഞപ്പോൾ മറുപടി പറയാൻ നാവ് ഉയർന്നതാണ് പക്ഷേ ഗിരിയേട്ടൻ്റെ അമ്മയെ ഓർത്തപ്പോൾ മറുപടി പറയേണ്ട എന്ന് വിചാരിച്ചു … ഗിരിയേട്ടനുo അമ്മയ്ക്കും ഇഷ്ടപ്പെട്ടില്ലെങ്കിലോ എന്ന് കരുതി ശിഖ പറഞ്ഞതിനൊന്നും ഞാൻ മറുപടി പറഞ്ഞില്ല .. എനിക്ക് വിശപ്പ് തോന്നിയത് കൊണ്ട് ഞാൻ ഇതിൽ കുറച്ച് ചോറെടുത്ത് വിളമ്പിവച്ചു…. ഗിരിയേട്ടൻ്റെ അമ്മയെ വിളിച്ചു അമ്മേ കഴിക്കാൻ വരുന്നോ എന്ന് ചോദിച്ചു.. “ഞാൻ കഴിച്ചതാണ് മോളെ മോൾ കഴിക്ക് ” എന്നു ഗിരിയേട്ടൻ്റെ അമ്മ പറഞ്ഞു .. എനിക്ക് വല്ലാത്ത വിശപ്പ് തോന്നിയതുകൊണ്ട് ഞാൻ വേഗം എടുത്തു കഴിച്ചു… ശിഖ എന്നെ രൂക്ഷമായി നോക്കുന്നുണ്ടായിരുന്നു…

അവൾ നോക്കുന്നത് ശ്രദ്ധിക്കാത്ത ഭാവത്തിൽ ഒന്നും മിണ്ടാതെ വേഗം കഴിച്ചു.. ”മോൻ ഉച്ചയ്ക്ക് ഹോട്ടലിൽ നിന്ന് ഒന്നും കഴിച്ചില്ല “നാരങ്ങാ സാദം ഒന്നും അവൻ കഴിക്കില്ല… അതു കൊണ്ട് പ്രത്യേകം വേറെ ചോറു വെക്കണം… എങ്ങനെയാന്ന് വച്ചാൽ പറഞ്ഞാൽ മതി ..ഞാൻ വെച്ചോളാം” ശിഖ പറഞ്ഞു.. “ഇവിടെ ഗ്യാസ് അടുപ്പ് ഒന്നുമില്ല ഇവിടെ അടുപ്പിൽ വേണം ചോറ് വെക്കാൻ .. എങ്ങനെയാണ് കടന്നു പറഞ്ഞാൽ മതി കുഞ്ഞിന് ഉള്ളത് ഞാൻ വച്ചോളാം.. എനിക്കതിൽ ബുദ്ധിമുട്ടുമില്ല” എന്ന് ഞാൻ പറഞ്ഞു .”മോന് കുറച്ച് ചോറും എന്തെങ്കിലുമൊരു ഒഴിച്ചുകറിയും മതി അല്ലാതെ കൂട്ടാൻ ഒന്നും കഴിക്കില്ല ..പിന്നെ ഒരു കാര്യം എരിവ് ഇല്ലാതെ വേണം വെക്കാൻ ..

എന്ന് ശിഖ പറഞ്ഞപ്പോഴേക്കും ഞാൻ അടുപ്പിൽ വിറക് എടുത്ത് വച്ച് തീ കത്തിച്ചു… ചെറിയ കലത്തിൽ ചോറിന് വെള്ളം വച്ചു.. ഞാൻ വെള്ളം ചൂടായത് അരി ഇട്ടത് കണ്ടതുകൊണ്ട് ശിഖ തന്നെ തിരിച്ചു അടുക്കളയിൽനിന്നും പോയിക്കഴിഞ്ഞിരുന്നു .. എന്ത് കറി വെക്കും എന്ന് ആലോചിച്ച് ഇരുന്നപ്പോഴാണ് ഫ്രിഡ്ജിൽ തൈരിക്കുന്നത് ഓർമ്മവന്നത്… ഞാൻ പോയി തൈര് എടുത്തോണ്ട് വന്ന് ഒരു പാത്രത്തിൽ ഒഴിച്ചു .. അതിലേക്ക് ഉപ്പും ഒരു സ്പൂൺ സാമ്പാർപൊടിയും കുറച്ച് വെള്ളവും ഒഴിച്ച് മിക്സിയിൽ മിക്സിയിൽ അടിച്ചെടുത്ത വെച്ചു .. വെളുത്തുള്ളിയും ഇഞ്ചിയും ചുവന്ന മുളകും ഉള്ളിയുo കുടെ അരിഞ്ഞ് വച്ചു.. ചട്ടിയിൽ കുറച്ച് എണ്ണ ഒഴിച്ച് കടുക് പൊട്ടിച്ച് അരിഞ്ഞുവച്ചത് അതിലേക്ക് ഇട്ട് ഇളക്കി..

നല്ലത് പോലെ ചുവന്ന ശേഷം തൈര് അതിലേക്ക് ഒഴിച്ചു …തിളക്കും മുന്നേ അടുപ്പിൽ നിന്ന് മാറ്റിവച്ചു.. എളുപ്പത്തിൽ ചെയ്യാവുന്ന ഒരു കറിയാണ് ഇത്.. നല്ല ടേസ്റ്റ് ഉണ്ടാകും പ്രത്യേകിച്ച് കുഞ്ഞുങ്ങൾക്ക് എരി ഇല്ലാതെ ഒരു കറി .. കറി അടച്ച് വെച്ചിട്ട് ചോറും വാർത്ത് വച്ചു.. ഹാളിലേക്ക് ചെന്നപ്പോൾ ഗിരിയേട്ടൻ അവിടെ ഇരിപ്പുണ്ട് ഗിരിയേട്ടൻ്റെ അമ്മ തൊട്ടപ്പുറത്ത് ഇരിക്കുന്നുണ്ട് ..കുഞ്ഞ് ഗിരിയേട്ടൻ്റെ മടിയിൽ ചാരിക്കിടക്കുകയാണ് .. അച്ഛനുമമ്മയും എന്തോ കാര്യമായ ചർച്ചകൾ നടക്കുകയാണ്.. ഗിരിയേട്ടൻ്റെ മുഖം വല്ലാതെ ദേഷ്യപ്പെട്ട് വലിഞ്ഞുമുറുകി ഇരിക്കുന്നു .. എന്നെ കണ്ടതും ചർച്ച നിർത്തി അവർ എന്നെ നോക്കി… ഞാനാരുന്നു ചർച്ചാ വിഷയം എന്ന് തോന്നി… ”

കുഞ്ഞിന് ചോറും കറിയും വച്ചിട്ടുണ്ട് ” എന്ന് ഞാൻ പറഞ്ഞു… എനിക്കവിടെ നിൽക്കാൻ തോന്നിയില്ല മുറിയിലേക്ക് പോയി.. കതക് ചാരിയെങ്കിലും ഹാളിൽ സംസാരിക്കുന്നത് വ്യക്തമായി കേൾക്കാം.. “ആദ്യം കാക്കയ്ക്കോ പൂച്ചയ്ക്കോ വച്ച് നോക്കിയിട്ട് വേണം കുഞ്ഞിന് കൊടുക്കാൻ “ആർക്കറിയാം എന്താ ശരിക്കും സംഭവിച്ചതെന്ന്… ഈ കാലത്ത് ആരേയും വിശ്വസിക്കാൻ പറ്റില്ല ” എന്ന് വന്ന സ്ത്രീ ഉറക്കെ പറയുന്ന ശബ്ദം കേട്ടപ്പോൾ ഹൃദയത്തിലൂടെ എന്തോ പാഞ്ഞു പോയത് പോലെ തോന്നി….. ” ഇവിടുത്തെ കാര്യങ്ങൾ ഞാൻ നോക്കിക്കോളാം…അതോർത്ത് ആരും പേടിക്കണ്ട…” ഗിരിയേട്ടനാണ്.. “ശരി ഗിരി കാര്യത്തിലേക്ക് കടക്കാം.. ഈ കുഞ്ഞു കാരണം ശിഖയ്ക്ക് വരുന്ന ആലോചനകൾ മുടങ്ങുകയാണ്… ഞങ്ങൾ ഒരു കാര്യം തീരുമാനിച്ചിട്ടുണ്ട്…

ഗിരി സമ്മതിക്കണം …കുഞ്ഞിൻ്റെ നല്ല ഭാവിക്ക് വേണ്ടിയാണ് എന്ന് കരുതിയാൽ മതി” ശിഖയുടെ അമ്മ പറഞ്ഞു തുടങ്ങി.. “ശിഖയുടെ വിവാഹം മുടങ്ങുന്നത് ഒരിക്കലും എൻ്റെ കുഞ്ഞു കാരണമല്ല എന്നെനിക്ക് അറിയാം… ഞാൻ അന്നേ പറഞ്ഞതല്ലേ കുഞ്ഞിനെ എനിക്ക് തന്നേക്കാൻ.. നിങ്ങൾ സമ്മതിക്കാഞ്ഞിട്ടല്ലെ… പിന്നെ ഇവളുടെ വിവാഹം മുടങ്ങുന്നത് അവൾടെ ചേച്ചിയുടെ സ്വഭാവ ഗുണം കൊണ്ടാണ്…” അതുപോലെ അനിയത്തിയും വരു എന്ന് ആളുകൾ കണക്ക് കൂട്ടും ” ഗിരി പരിഹാസത്തോടെ പറഞ്ഞു… “അതൊക്കെ കഴിഞ്ഞ കാര്യങ്ങൾ ആണ്.. അവൾ ഇപ്പോൾ ജീവിച്ചിരുപ്പും ഇല്ല… ഗിരിയുടെ നല്ലതിന് വേണ്ടിയാണ്… ശിഖയെ ഗിരി വിവാഹം കഴിക്കണം… കുഞ്ഞിനെ അവൾ സ്വന്തം കുഞ്ഞിനെ പോലെയാണ് നോക്കുന്നത്…

ഇനിയും നോക്കിക്കോളും…” ശിഖയുടെ അച്ഛൻ പറഞ്ഞു… ” അപ്പോൾ ശിഖയുടെ കാമുകൻ്റെ കാര്യമോ “ഗിരി ചോദിച്ചപ്പോൾ ശിഖയാണ് മറുപടി പറഞ്ഞത്.. ” ജോലിയും കൂലിയും ഇല്ലാത്തവനെ വിവാഹം കഴിച്ചിട്ട് എന്ത് ചെയ്യാനാണ്…” ഞങ്ങൾ പിരിഞ്ഞു.. ഇപ്പോൾ എൻ്റെ മനസ്സിൽ കുഞ്ഞു മാത്രമേയുള്ളു”.. ശിഖ പറഞ്ഞു… ” വീണ്ടും ഒരു പരീക്ഷണത്തിന് ഞാനില്ല.. പിന്നെ കുഞ്ഞ് എൻ്റെ കൂടെ നിൽക്കട്ടെ.. ഇവിടെ അമ്മയുണ്ട്.. പിന്നെ ചന്ദ്രയുണ്ട്… അവർ കുഞ്ഞിൻ്റെ കാര്യങ്ങൾ നോക്കിക്കോളും ” ഗിരി പറഞ്ഞു… ” പറ്റില്ല ഗിരി ഈക്കാര്യത്തിൽ ഒരു തീരുമാനം ആകാതെ ഞങ്ങൾ പോവില്ല…. ഇവിടെ തന്നെ താമസിക്കും.. കുഞ്ഞിന് ശിഖയില്ലാതെ പറ്റില്ലാ എന്ന് ഗിരിക്ക് തന്നെ മനസ്സിലാകും…

അതു വരെ ഞങ്ങൾ ഇവിടെ കാണും” ശിഖയുടെ അമ്മയാണ് പറഞ്ഞത്… അപ്പോഴേക്ക് കുഞ്ഞ് കരയുന്ന ശബ്ദം കേട്ടു… ഓടി പോയി എടുക്കണം എന്ന് തോന്നിയെങ്കിലും കുറച്ച് മുൻപ് അവർ പറഞ്ഞ വാക്കുകൾ ഓർമ്മ വന്നതും സ്വയം മനസ്സിനെ നിയന്ത്രിച്ചു…. പിന്നീട് സംസാരമൊന്നും കേൾക്കാത്തത് കൊണ്ട് ഞാൻ പതിയെ മുറിയിൽ നിന്നും ഇറങ്ങി… ഹാളിൽ ആരും ഇല്ലായിരുന്നു… വരാന്തയിൽ വച്ച് ശിഖ കുഞ്ഞിന് ചോറ് കൊടുക്കുകയാണ്.. വന്നവർക്ക് താമസിക്കാനായി താഴെ തന്നെ ഒരു മുറി വൃത്തിയാക്കിയിട്ടു… വൈകുന്നേരം പലഹാരം കൊണ്ടു കൊടുക്കാനുള്ളത് കൊണ്ട് ആ ജോലി ചെയ്യാൻ തുടങ്ങി… സമോസയും ഉഴുന്നുവടയും ഉണ്ടാക്കി വച്ചു കഴിഞ്ഞപ്പോഴേക്ക് സമയം മൂന്ന് മണിയായി…

വീട്ടിലേക്ക് കുറച്ച് എടുത്ത് വച്ചിട്ടാണ് കൊണ്ടുപോകാൻ പൊതിഞ്ഞത്… നേരത്തെ ചായയിട്ടു വച്ചു… ഗിരിയേട്ടനും അമ്മയ്ക്കുള്ള ചായയും പലഹാരവും എടുത്ത് കൊണ്ടു പോയി ഹാളിൽ വച്ചു… എല്ലാവരും ഹാളിൽ ഇരിക്കുന്നത് കണ്ട് അവർക്കും ചേർത്ത് ചായയും പലഹാരവും എടുത്ത് വച്ചു… ഗിരിയേട്ടൻ്റെ അമ്മയോട് പറഞ്ഞിട്ട് ഉണ്ടാക്കിയ പലഹാരം ടൗണിൽ കൊണ്ടുപോയി കൊടുക്കാൻ ഇറങ്ങി… പലഹാരം കൊടുത്ത് തിരിച്ച് വരുന്ന വഴി കുറച്ച് കളിപ്പാട്ടം കൂടി വാങ്ങി… ഞാൻ ചെല്ലുമ്പോൾ ഗിരിയേട്ടൻ്റെ അമ്മയുടെ കൂടെ മുറ്റത്ത് നിൽപ്പുണ്ട് കുഞ്ഞിചെക്കൻ. കാണാൻ ഗിരിയേട്ടനെ പോലെ തന്നെയാണ്…

ഞാൻ കളിപ്പാട്ട സഞ്ചി അവന് നേരെ നീട്ടി.. അവൻ കൗതുകത്തോടെ നോക്കി… “എന്താ മോൻ്റെ പേര്… പേര് പറയാമെങ്കിൽ ചേച്ചി ഈ കളിപ്പാട്ടം തരും ” എന്ന് പറഞ്ഞ് അവൻ്റെ മുൻപിൽ ഞാൻ മുട്ടുകുത്തി നിന്നു… എന്നെ തന്നെ നോക്കി നിന്നതല്ലാതെ മറുപടിയൊന്നുo പറഞ്ഞില്ല.. “ചന്ദ്ര മോൻ ഇത് വരെ സംസാരിച്ചിട്ടില്ല” എന്ന് ഗിരിയേട്ടൻ്റെ അമ്മ പറഞ്ഞപ്പോൾ ഞാൻ അവനെ നോക്കി…. കളിപ്പാട്ട സഞ്ചി കുഞ്ഞി ചെക്കൻ്റെ കൈയ്യിൽ വച്ച് കൊടുത്തപ്പോൾ ശിഖ ദേഷ്യത്തോടെ അടുത്തേ നടന്നു വരുന്നുണ്ടായിരുന്നു…….തുടരും

സ്‌നേഹതീരം: ഭാഗം 12

Share this story