വിവാഹ മോചനം : ഭാഗം 10

വിവാഹ മോചനം :  ഭാഗം 10

എഴുത്തുകാരി: ശിവ എസ് നായർ

ആർത്തലച്ചു കരഞ്ഞു കൊണ്ട് അപർണ്ണ അവന്റെ നെഞ്ചിലേക്ക് വീണു. ഇരുകരങ്ങൾ കൊണ്ടും രാഹുൽ അവളെ ചേർത്തു പിടിച്ചു. അവനും അവളോടൊപ്പം കരഞ്ഞു പോയി. കുറെ നേരം അവരാ നിൽപ്പ് തുടർന്നു. അപർണ്ണ ഏങ്ങലടിച്ചു കരഞ്ഞു കൊണ്ടേയിരുന്നു. അവൻ അവളുടെ നെറുകയിൽ തലോടി ആശ്വസിപ്പിച്ചു… “നിക്ക് ചത്തു കളയാൻ തോന്നാ രാഹുലേട്ടാ. ന്നെകൊണ്ട് മറക്കാൻ പറ്റില്യ ശ്രീയേട്ടനെ…. നെഞ്ച് കുത്തികീറുന്ന പോലെ തോന്നുന്നു.” തേങ്ങലിനിടയിലും അവൾ പതം പറഞ്ഞു കരഞ്ഞു.

അവളുടെ ആ വാക്കുകൾ ഭാര്യയെ അകമഴിഞ്ഞു സ്നേഹിക്കുന്ന ഒരു ഭർത്താവിനും സഹിക്കാൻ കഴിയുന്നതിലുമപ്പുറമായിരുന്നു. താൻ അണിഞ്ഞ താലി കഴുത്തിൽ കിടന്നിട്ടും പഴയ കാമുകനെ അവൾ മനസ്സിൽ കൊണ്ട് നടക്കുന്നതിന്റെ പേരിൽ അവളോട്‌ വഴക്കടിക്കാനോ അത് പറഞ്ഞു അവളെ വേദനിപ്പിക്കാനോ അവന് തോന്നിയില്ല. എല്ലാം മറക്കാൻ അവൾക്ക് കുറച്ചേറെ സമയം ആവശ്യമാണെന്ന് രാഹുലിന് തോന്നി. “ഇങ്ങനെ ചെറിയ കുട്ടികളെ പോലെ കരയല്ലേടോ. എല്ലാത്തിനും നമുക്ക് വഴിയുണ്ടാക്കാം.” തന്റെ വേദന ഉള്ളിൽ കടിച്ചമർത്തി അവൻ അവളെ സമാധാനിപ്പിച്ചു.

“വാ നമുക്ക് അകത്തേക്ക് പോകാം..” രാഹുൽ അവളെ ചേർത്തുപിടിച്ചു നിർബന്ധപൂർവ്വം മുറിയിലേക്ക് കൊണ്ട് പോയി. “പോയി മുഖം കഴുകി വാ. മതി കരഞ്ഞത്… എല്ലാത്തിനും നമുക്ക് പരിഹാരം കാണാം. ഞാൻ ഉണ്ട് കൂടെ…” രാഹുൽ അവളെ സമാധാനിപ്പിച്ചു. അപർണ്ണ ബാത്‌റൂമിൽ പോയി മുഖം കഴുകി വന്നു. അവളുടെ കണ്ണുകൾ കരഞ്ഞു വീർത്തിരുന്നു. അസഹ്യമായ തലവേദന കാരണം അവൾക്ക് തല പൊട്ടിപിളരുന്നതായി തോന്നി. അവളുടെ വയ്യായ്ക മനസിലാക്കിയ രാഹുൽ വിക്സ് എടുത്തു അവളുടെ നെറ്റിയിൽ മൃദുവായി പുരട്ടി കൊടുത്തു.

പിന്നെ പതിയെ അപർണ്ണയെ ബെഡിലേക്ക് കിടത്തിയ ശേഷം പുതപ്പെടുത്തു അവളെ പുതപ്പിച്ചു. അവൾ ഉറങ്ങും വരെ അരികിലിരുന്ന് അവളുടെ നെറുകയിൽ സാവധാനം തലോടി. പതിയെ അപർണ്ണ മയക്കത്തിലേക്ക് ആണ്ടു. അവൾ ഉറങ്ങിയെന്നു ഉറപ്പായപ്പോൾ രാഹുൽ തന്റെ ഡയറിയുമെടുത്ത് കൊണ്ട് മട്ടുപാവിലേക്ക് പോയി. അവന്റെ സങ്കടങ്ങൾ എല്ലാം തന്നെ അവൻ ആ ഡയറിയിൽ കുറിച്ചിട്ടു. അപർണ്ണയോട് തുറന്നു പറയാൻ കഴിയാനാവാതെ ഉള്ളിൽ കിടന്നു വിങ്ങുന്ന അവളോടുള്ള സ്നേഹം അക്ഷരങ്ങൾ കൊണ്ടവൻ ഡയറി താളുകളിൽ കുറിച്ചിട്ടു. “അത്രമേൽ പ്രിയപ്പെട്ടതായി സ്നേഹിച്ച ഒന്നിനെയും എളുപ്പത്തിൽ മറക്കാൻ കഴിയില്ലെന്ന് എനിക്കറിയാം അപർണ്ണ.

അതുകൊണ്ടാണല്ലോ വർഷങ്ങളായി നിന്നെ മറക്കാതിരുന്നതും, ഞാനെന്റെ ഹൃദയത്തിന്റെ ഒരു കോണിലായി നിന്നെ പ്രതിഷ്ഠിച്ചിരുന്നതും. ശ്രീജിത്തിനോട് എനിക്കിപ്പോ വല്ലാത്ത അസൂയ തോന്നുന്നു അപ്പു. അവനെയോർത്തു നീ ഇന്നെന്റെ നെഞ്ചിൽ വീണു പൊട്ടിക്കരഞ്ഞപ്പോൾ എന്റെ ഹൃദയം കത്തികൊണ്ട് കുത്തി കീറുന്ന വേദന എനിക്ക് അനുഭവപ്പെട്ടു. സ്വന്തം ഭാര്യയെ അത്രയധികം സ്നേഹിക്കുന്ന ഒരു ഭർത്താവിനും തന്റെ ഭാര്യ പഴയ കാമുകനെ സ്നേഹിക്കുന്നത് ഉൾകൊള്ളാൻ കഴിയില്ല. പക്ഷേ തന്നെ ഒരു തരത്തിലും വേദനിപ്പിക്കാൻ എനിക്ക് കഴിയില്ല. തന്റെ സന്തോഷമാണ് എനിക്ക് വലുത്.

താൻ എന്നെ സ്നേഹിച്ചില്ലെങ്കിലും എനിക്കൊരു പരാതിയുമില്ല. തന്റെ വേദന മറ്റാരേക്കാളും നന്നായി എനിക്ക് മനസിലാകും അപ്പു. എന്നിരുന്നാലും നിന്നെ ഓർത്ത്‌ എന്നും വേദനിക്കാൻ ആണല്ലോ എനിക്ക് വിധി. ഇത്രയും വർഷം മനസ്സിൽ ഒരു ആഗ്രഹം മാത്രമേ ഉണ്ടായിരുന്നുള്ളു… എന്നെങ്കിലും എവിടെ വച്ചെങ്കിലും നിന്നെ നേരിട്ട് കാണാനിടയായാൽ അന്ന് കോളേജിൽ നടന്ന സംഭവത്തിൽ ഞാൻ നിരപരാധി ആണെന്ന കാര്യം നിന്നെ ബോധിപ്പിക്കണമെന്നത് അത് സാധിച്ചു… പക്ഷേ അപ്പോഴേക്കും നീ എന്റെ ഭാര്യയായി കഴിഞ്ഞിരുന്നു.

നിന്നെ മറ്റാർക്കും വിട്ടു കൊടുക്കാതെ സ്നേഹം കൊണ്ട് പൊതിയണമെന്നും നീ അനുഭവിച്ച വേദനകൾക്ക് പകരമായി ഇരട്ടി സന്തോഷം നിനക്ക് നൽകണമെന്നുമുണ്ട്. മരിക്കും വരെ പരസ്പരം മത്സരിച്ചു സ്നേഹിച്ചു ജീവിക്കാൻ കൊതി തോന്നുന്നു. പക്ഷേ ഒരിക്കലും നിനക്കെന്നെ സ്നേഹിക്കാൻ കഴിയില്ലെന്ന് എനിക്ക് തോന്നുന്നു. അതോർക്കുമ്പോൾ തന്നെ എന്റെ കണ്ണ് നിറയുന്നു അപ്പു…. ” ബാക്കി എഴുതാൻ കഴിയാനാവാതെ രാഹുൽ ഡയറി മടക്കി എഴുന്നേറ്റു.

മുറിയിൽ ചെന്ന് അപർണ്ണയ്ക്കരികിലായി കിടക്കുമ്പോൾ അവന്റെ മനസ്സിൽ ഒറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളു… അപർണ്ണയുടെ ജീവിതത്തിൽ മറക്കാനാവാത്ത നോവ് സമ്മാനിച്ചവനെ കണ്ടെത്തുക എന്നത് മാത്രം. മനസ്സിൽ ഒരായിരം വട്ടം അപർണ്ണയോട് മാപ്പ് പറഞ്ഞു കൊണ്ട് ഉറക്കി കിടക്കുന്ന അവളുടെ കവിളിൽ ചെറുതായി ഒന്ന് മുത്തിയ ശേഷം രാഹുൽ മറുവശത്തേക്ക് ചരിഞ്ഞു കിടന്നു. **************

ദിവസങ്ങൾ അതിവേഗം കടന്നു പൊയ്ക്കൊണ്ടിരുന്നു. ശ്രീജിത്ത്‌ ഒരു നോവായി അവളുടെ ഉള്ളിൽ കിടന്നു വിങ്ങി കൊണ്ടിരുന്നതിനാൽ ഒരു തരത്തിലും രാഹുലിനെ സ്വീകരിക്കാൻ അപർണ്ണയുടെ മനസിന് കഴിഞ്ഞിരുന്നില്ല. അവന്റെ സ്നേഹം അവൾ തിരിച്ചറിയുണ്ടായിരുന്നെങ്കിലും അവനെ തിരിച്ചു സ്നേഹിക്കാൻ അവൾക്കായില്ല. ഹോസ്പിറ്റലിൽ നിന്നും സുഖം പ്രാപിച്ചു ശ്രീജിത്ത്‌ ജിതിന്റെ വീട്ടിലേക്ക് പോയിരുന്നു. പൂർണ്ണ ആരോഗ്യം പ്രാപിച്ച ശേഷമേ താൻ സ്വന്തം വീട്ടിലേക്കുള്ളു അതുവരെ ജിതിന്റെ ഒപ്പം നിൽക്കാൻ ആണ് തന്റെ തീരുമാനം എന്ന് ശ്രീജിത്ത്‌ വാശി പിടിച്ചത് കൊണ്ടായിരുന്നു ജിതിൻ ശ്രീജിത്തിനെ അവന്റെ വീട്ടിലേക്ക് കൊണ്ട് പോയത്.

ഹോസ്പിറ്റലിൽ നിന്ന് ശ്രീജിത്തിനെ ഡിസ്ചാർജ് ചെയ്യുന്ന ദിവസം ജിതിൻ അപർണ്ണയെ ആ വിവരം അറിയിച്ചിരുന്നു. ശ്രീജിത്ത്‌ വേഗം പഴയ ആരോഗ്യം വീണ്ടെടുക്കാൻ അവൾ ഉള്ളുരുകി പ്രാർത്ഥിച്ചു. ശ്രീജിത്തിനെ കുറിച്ചുള്ള ഓർമകളിൽ മുഴുകി വേദനയോടെ അപർണ്ണ ദിവസങ്ങൾ തള്ളി നീക്കുമ്പോൾ രാഹുൽ അതേസമയം അപർണ്ണയ്‌ക്ക് വേണ്ടി കോളേജിലെ വില്ലനെ കണ്ടെത്താനുള്ള പരിശ്രമത്തിലായിരുന്നു.. **************

അന്നും പതിവുപോലെ രാവിലെ തന്നെ രാഹുൽ ഓഫീസിലേക്ക് പോയിരുന്നു. സുധാകരൻ മാഷും ഭാര്യ നിർമ്മലയും ബന്ധുവിന്റെ ഒരു വിവാഹത്തിന് പങ്കെടുക്കാൻ പോയിരുന്നു. അപർണ്ണ മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളു. മുട്ടത്തുവർക്കിയുടെ ഒരു കുടയും കുഞ്ഞുപെങ്ങളും വായിച്ചു കൊണ്ട് ഹാളിൽ ഇരിക്കുമ്പോഴായിരുന്നു അവളുടെ ഫോൺ റിംഗ് ചെയ്യാൻ തുടങ്ങിയത്. വായിച്ചു കൊണ്ടിരുന്ന പുസ്തകം അടയാളം വച്ചു മടക്കിയ ശേഷം അപർണ്ണ ഫോണെടുക്കാനായി എഴുന്നേറ്റു. സമയം പതിനൊന്നര കഴിഞ്ഞിരുന്നു. “ഈ സമയം തന്നെ ആരാ ഫോണിൽ വിളിക്കാൻ.”

സ്വയം പിറുപിറുത്തു കൊണ്ട് ആകാംക്ഷയോടെ അവൾ ഫോൺ എടുത്തു നോക്കി. ഡിസ്പ്ലേയിൽ തെളിഞ്ഞ ശ്രീജിത്തിന്റെ നമ്പർ കണ്ട് പറഞ്ഞറിയിക്കാൻ കഴിയാനാവാത്ത ഒരു വികാരം അവളുടെ ഉള്ളിൽ ഉടലെടുത്തു. അപർണ്ണ ഉടനെ തന്നെ കാൾ അറ്റൻഡ് ചെയ്തു. “ഹലോ ശ്രീയേട്ടാ…” “അപ്പൂ നീയെന്നെ മറന്നോ..??” “അങ്ങനെ മറക്കാൻ എന്നെ കൊണ്ട് പറ്റുമെന്ന് ശ്രീയേട്ടന് തോന്നുന്നുണ്ടോ??” എന്നെ ഇനി കാണണ്ട എന്നോട് വെറുപ്പാണെന്നൊക്കെ ജിതിനെ കൊണ്ട് പറയിപ്പിച്ചത് ശ്രീയേട്ടനല്ലേ. ഞാനൊരു ശല്യമാവണ്ട എന്ന് കരുതിയാണ് ശ്രീയേട്ടനെ കാണാനൊന്നും വരാതിരുന്നത്.

എങ്കിലും ജിതിൻ വഴി ഞാനെല്ലാം അറിയുന്നുണ്ടായിരുന്നു. ” “രാഹുലുമായി നിന്റെ വിവാഹം കഴിഞ്ഞുവെന്നറിഞ്ഞപ്പോൾ നിന്റെ ജീവിതത്തിൽ ഞാനൊരു ശല്യമായി വരാൻ പാടില്ലെന്ന് തോന്നിയത് കൊണ്ടാണ് അന്ന് ജിതിനെ കൊണ്ട് അങ്ങനെയൊക്കെ പറയിപ്പിച്ചത്. ഇപ്പൊ എനിക്ക് എന്റെ ആരോഗ്യം വീണ്ടു കിട്ടിക്കഴിഞ്ഞു. കുറച്ചു ദിവസങ്ങൾ കൂടി കഴിഞ്ഞാൽ ഞാനെന്റെ വീട്ടിൽ മടങ്ങി പോകും. ഇപ്പൊ ജിതിന്റെ കൂടെ ഇവന്റെ വീട്ടിലാ ഞാൻ.” “ശ്രീയേട്ടൻ സുഖമായി ഇരിക്കുന്നു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം. എന്നോട് ദേഷ്യോം വെറുപ്പും ഒന്നുമില്ലെന്ന് കേട്ടപ്പോഴാണ് എന്റെ മനസ്സൊന്നു തണുത്തത്.” “ഞാൻ നിന്നെയിപ്പോ വിളിച്ചത് മറ്റൊരു കാര്യം പറയാനാണ്.”

ശ്രീജിത്തിന്റെ സ്വരത്തിനു അൽപ്പം ഗൗരവം കൈവന്നു. “എന്താ ശ്രീയേട്ടാ…” ഉദ്വേഗത്തോടെ അവൾ ചോദിച്ചു. “ഒരുപാട് ആലോചിച്ചു എടുത്തൊരു തീരുമാനമാണ്. നമുക്കത് ഫോണിലൂടെ സംസാരിക്കണ്ട. നേരിൽ കണ്ടു സംസാരിക്കാം. ഗൗരവമുള്ള കാര്യമായത് കൊണ്ടാണ്.” “നേരിൽ കണ്ടു പറയാൻ മാത്രം എന്ത് കാര്യമാണ് എന്നോട് പറയാനുള്ളത്.” “നമുക്ക് അക്കാര്യം നേരിൽ സംസാരിക്കുന്നതാണ് നല്ലത്. വിരോധമില്ലെങ്കിൽ അപ്പു ഇവിടം വരെയൊന്നു വരാമോ. ജിതിന്റെ വീടിന്റെ ലൊക്കേഷൻ ഞാൻ വാട്സാപ്പ് ചെയ്യാം.” വരില്ലെന്ന് പറയാൻ അവൾക്ക് മനസ്സു വന്നില്ല. “ഞാൻ വരാം..” “ഇന്ന് വരാൻ പറ്റുമോ.??” “വരാം…” “എങ്കിൽ ഞാൻ ലൊക്കേഷൻ അയച്ചു തരാം…” “ശ്രീയേട്ടൻ ലൊക്കേഷൻ അയച്ചേക്കു.

ഞാൻ വേഗം തന്നെ എത്താം.” “ശരി അപ്പു…” ശ്രീജിത്ത്‌ കാൾ കട്ട്‌ ചെയ്ത ശേഷം വാട്സാപ്പിൽ അവൾക്ക് ജിതിന്റെ വീടിന്റെ ലൊക്കേഷൻ അയച്ചു കൊടുത്തു. ഇട്ടിരുന്ന ചുരിദാർ മാറ്റി അലമാരയിൽ അലക്കി തേച്ചു മടക്കി വച്ചിരുന്ന ഒരു മഞ്ഞ കോട്ടൺ സാരിയെടുത്തു അവൾ ഉടുത്തു. രാഹുൽ അവൾക്ക് വാങ്ങി കൊടുത്ത സാരിയായിരുന്നു അത്. അരമണിക്കൂറിനുള്ളിൽ അപർണ്ണ പോകാനായി റെഡിയായി ഇറങ്ങി. സ്വന്തം കാറിൽ ഡ്രൈവ് ചെയ്ത് അവൾ ശ്രീജിത്തിനെ കാണാനായി പുറപ്പെട്ടു. ലൊക്കേഷൻ നോക്കി നോക്കി ഒടുവിൽ അവൾ ഒരു ഇരുനില വീടിനു മുന്നിൽ കാർ നിർത്തി.

ശ്രീജിത്തിനെ വിളിച്ചപ്പോൾ വീട് അതാണെന്ന് ഉറപ്പായി. അവൾ വന്നതറിഞ്ഞു ശ്രീജിത്ത്‌ പുറത്തേക്ക് ഇറങ്ങി വന്നു ഗേറ്റ് തുറന്നു കൊടുത്തു. അപർണ്ണ കാർ അകത്തേക്ക് കയറ്റി പോർച്ചിൽ കൊണ്ട് നിർത്തി. ഡോർ തുറന്ന് അവൾ പുറത്തേക്ക് ഇറങ്ങിയപ്പോൾ ഗേറ്റ് അടച്ച് ലോക്ക് ചെയ്ത ശേഷം വാക്കിങ് സ്റ്റിക്ക് ഉപയോഗിച്ച് അവൾക്ക് നേരെ പുഞ്ചിരിയോടെ നടന്നു വരുന്ന ശ്രീജിത്തിനെ കണ്ടു. ഒരുനിമിഷം അവനെ തന്നെ നോക്കി അവൾ അങ്ങനെ നിന്നു പോയി. ചെറിയൊരു മുടന്തോടെ അവൻ നടന്നു വരുന്നത് കണ്ടപ്പോൾ അവൾക്ക് നെഞ്ചിലൊരു വിങ്ങൽ അനുഭവപ്പെട്ടു.

“നടക്കുമ്പോൾ കാലിനു ചെറിയൊരു വേദന വരും. അതുകൊണ്ട് ഒരു ധൈര്യത്തിനാ സ്റ്റിക്ക് വച്ചു നടക്കുന്നത്. ഇതൊന്നും കണ്ട് അപ്പു വിഷമിക്കണ്ട കേട്ടോ…” അവളുടെ നോട്ടം കണ്ട് ശ്രീജിത്ത്‌ പുഞ്ചിരിയോടെ പറഞ്ഞു. “എല്ലാം എനിക്ക് വേണ്ടിയല്ലേ…. ഞാൻ കാരണമല്ലേ…” ഇടർച്ചയോടെ അവൾ ചോദിച്ചു. “ഇനി ഇതോർത്തു കരയാൻ നിക്കണ്ട. എനിക്ക് ഒരു കുഴപ്പവുമില്ല.” പറഞ്ഞു തീരും മുന്നേ കാലിടറി ശ്രീജിത്ത്‌ മറിഞ്ഞു വീഴാൻ പോയതും അപ്പു ഓടിച്ചെന്ന് അവനെ താങ്ങി. “സൂക്ഷിച്ചു നടക്കണ്ടേ ശ്രീയേട്ടാ… ഞാൻ പിടിക്കാം ” ശാസനയോടെ അവൾ അവനെ നോക്കി. അപർണ്ണ അവനെ തന്റെ വലതു കയ്യിൽ താങ്ങിപിടിച്ചു അകത്തേക്ക് നടന്നു.

അവൾ ശ്രീജിത്തിനെ സ്വീകരണമുറിയിലേക്ക് കൊണ്ടുപോയി സോഫയിലേക്ക് ഇരുത്തി. അവിടെയെങ്ങും ആരെയും കാണാത്തത്തിൽ അവൾ അതിശയിച്ചു പോയി. “ശ്രീയേട്ടാ ഇവിടെ ഉള്ളവരൊക്കെ എവിടെപ്പോയി?? ആരെയും കാണുന്നില്ലല്ലോ ഇവിടെ. ജിതിനും വീട്ടുകാരുമൊക്കെ എവിടെ?” “ജിതിൻ ഓഫീസിലേക്ക് പോയി. ബാക്കി ഉള്ളവരൊക്കെ കോയമ്പത്തൂർ പോയിരിക്കുകയാണ്. രണ്ടാഴ്ച കഴിഞ്ഞേ വരു.” “അപ്പോൾ ഇവിടെ നമ്മൾ മാത്രമേയുള്ളൂ…” “അതേ… നിന്നോടല്പം തനിച്ചു സംസാരിക്കണം എനിക്ക്…” “ശ്രീയേട്ടൻ പറയു…” “നിനക്ക് കിട്ടിയ ജീവിതത്തിൽ നീ ഹാപ്പി ആണോ? എന്നെ മറന്നു നിന്റെ ഭർത്താവിനെ സ്നേഹിക്കാൻ നിനക്ക് കഴിഞ്ഞോ??”

“എന്റെ ജീവിതം ഇങ്ങനെ ആയത് ഓർത്ത് ശ്രീയേട്ടൻ വിഷമിക്കണ്ട… നല്ലൊരു ഭർത്താവിനെ തന്നെയാ എനിക്ക് കിട്ടിയത്. രാഹുൽ നല്ലവനാണ്.” “എന്തിനാണ് അപ്പു എന്നോട് കള്ളം പറയുന്നത്. നിന്റെയും രാഹുലിന്റെയും ജീവിതം എങ്ങനെയാണ് മുന്നോട്ടു പോകുന്നതെന്ന് അറിഞ്ഞിട്ട് തന്നെയാ ഞാൻ സംസാരിക്കുന്നത്.” “ഇങ്ങനെ ഒക്കെ ജീവിക്കാനാകും എന്റെ വിധി.” “അങ്ങനെ ജീവിക്കാൻ ഞാൻ സമ്മതിക്കില്ല. നീ എന്റെ പെണ്ണാ. രാഹുലുമായി നിനക്കൊരു ജീവിതം ഉണ്ടാകില്ലെന്ന് മനസിലാക്കിയിട്ടാ നിന്നെ ഞാനിങ്ങോട്ട് വിളിച്ചു വരുത്തിയത്. നീ രാഹുലിനെ ഡിവോഴ്സ് ചെയ്യണം. എങ്കിൽ നമുക്ക് നമ്മൾ സ്വപ്നം കണ്ട ജീവിതം തുടങ്ങാം. നീ എന്തു പറയുന്നു??”

“ശ്രീയേട്ടൻ എന്തൊക്കെയാ പറയുന്നത്??” അവിശ്വസനീയതയോടെ അപർണ്ണ അവനെ ഉറ്റുനോക്കി. “നീ അവനോടൊപ്പം സന്തോഷത്തോടെയാണ് കഴിയുന്നതെങ്കിൽ ഇപ്പൊ ഞാൻ നിന്നോട് ഇങ്ങനെ ആവശ്യപ്പെടില്ലായിരുന്നു. പക്ഷേ എനിക്ക് നീയില്ലാണ്ട് പറ്റില്ല അപ്പു. നിനക്കും ഞാനില്ലാതെ പറ്റില്ലെന്ന് എനിക്കറിയാം… നമുക്ക് ഒരുമിച്ചു ജീവിച്ചൂടെ അപ്പു.” “എന്നെകൊണ്ട് പറ്റില്ല ശ്രീയേട്ടാ… ഞാനിപ്പോ മറ്റൊരാളുടെ ഭാര്യയാണ്. എന്നോട് ഇങ്ങനെ പറയുന്നത് ശരിയാണോ??” “ഞാൻ ഈ അവസ്ഥയിലാകാൻ കാരണം നിന്റെ വീട്ടുകാരാണ് അപ്പു. നിനക്ക് വേണ്ടി എന്റെ ജീവൻ പോലും നൽകാൻ ഞാൻ തയ്യാറായതല്ലേ. എന്നിട്ട് നിനക്കിപ്പോ എന്നെ വേണ്ടാതായോ. നീയില്ലാതെ എനിക്ക് പറ്റില്ല അപ്പു.

ഞാൻ ആദ്യം ഒഴിഞ്ഞു മാറിപോയത് തന്നെ നിങ്ങൾ നന്നായി ജീവിക്കട്ടെ എന്ന് കരുതിയാണ്.. പക്ഷേ അങ്ങനെ അല്ലെന്ന് കണ്ടത് കൊണ്ടാണ് നിന്നെ ഞാനെന്റെ ജീവിതത്തിലേക്ക് ക്ഷണിച്ചത്.” “രാഹുലേട്ടനോട് ഞാനിത് എങ്ങനെ പറയും.??” അവൾ അവനെ ദയനീയമായി നോക്കി. “പറയാതിരുന്നാൽ രണ്ടാളെയും ജീവിതം ഇങ്ങനെ നശിച്ചു പോകത്തെയുള്ളു. നീ എന്റെ പെണ്ണാ… നിന്റെ മനസ്സിൽ ഇപ്പോഴും ഞാൻ മാത്രമാണ്. നീ ജീവിക്കേണ്ടത് എന്റെ ഒപ്പമാണ്.” “എനിക്കെന്താ ചെയ്യേണ്ടതെന്ന് അറിയില്ല… ഇങ്ങനെ എത്രനാൾ ജീവിക്കുമെന്നും അറിയില്ല… എനിക്കൊന്നുമറിയില്ല…”

ഒരു തീരുമാനം എടുക്കാൻ കഴിയാനാവാതെ അവൾ കുഴഞ്ഞു. “നിനക്ക് ഞാൻ കുടിക്കാൻ എന്തെങ്കിലും എടുക്കാം…” “എനിക്കൊന്നു ബാത്‌റൂമിൽ പോണം…” “ഈ മുറിക്കുള്ളിൽ ഉണ്ട് അങ്ങോട്ട്‌ പൊയ്ക്കോ..” “ശരി… പിന്നെ വയ്യാത്ത കാലും വച്ചു കുടിക്കാനെടുക്കാനൊന്നും നിൽക്കണ്ട. എനിക്കൊന്നും വേണ്ട.” “ഇവിടെ വരെ എന്നെക്കാണാൻ വന്നിട്ട് അങ്ങനെ വിടാൻ പറ്റോ?? നിനക്ക് കഴിക്കാൻ ഞാൻ സോമ്മാറ്റോയിൽ ഫുഡ്‌ ഓർഡർ ചെയ്തിട്ടുണ്ട്. ” “എന്നാ അങ്ങനെ ആവട്ടെ..” ചെറിയൊരു പുഞ്ചിരി അവന് സമ്മാനിച്ചു കൊണ്ട് അവൾ മുറിക്കുള്ളിലേക്ക് പോയി. ശ്രീജിത്ത്‌ കിച്ചണിലേക്കും…

അപർണ്ണ ബാത്‌റൂമിൽ നിന്ന് ഇറങ്ങുമ്പോൾ ശ്രീജിത്ത്‌ ജ്യൂസുമായി അങ്ങോട്ട് കടന്നു വന്നു. “ഓറഞ്ച് ജ്യൂസ്‌ ആണ്… നിന്റെ ഫേവറിറ്റ്..” “താങ്ക്യൂ…” അവൾ അവന്റെ കയ്യിൽ നിന്നും ഗ്ലാസ്‌ വാങ്ങി ചുണ്ടോട് അടുപ്പിച്ചു. “ഈ സാരിയിൽ നീ അതീവ സുന്ദരിയായിരിക്കുന്നു അപർണ്ണാ…” പ്രേമപൂർവ്വം ശ്രീജിത്ത്‌ അവളെ നോക്കി. ഇരുവരുടെയും കണ്ണുകൾ തമ്മിലിടഞ്ഞു. “ശ്രീയേട്ടന് തോന്നുന്നതാ…” അവൾ ചിരിയോടെ പറഞ്ഞു. “ഞാൻ പറഞ്ഞതിനെ പറ്റി നീ ആലോചിച്ചോ അപ്പു…” “ആലോചിച്ചു… പെട്ടെന്നൊരു തീരുമാനം എടുക്കാൻ എനിക്കാകുന്നില്ല.” “പെട്ടെന്ന് വേണ്ട… ആലോചിച്ചു മതി…”

“ഉം…” അവൾ ദീർഘമായി ഒന്ന് മൂളി. “അപ്പൂ…” കാതരമായി അവൻ വിളിച്ചു. “എന്താ ശ്രീയേട്ടാ..” അപർണ്ണ ചോദ്യഭാവത്തിൽ അവനെ നോക്കി. “എനിക്കൊരു ആഗ്രഹം…” “എന്ത്…” പകപ്പോടെ അവൾ ശ്രീജിത്തിനെ നോക്കി. അവൻ പതിയെ അവളുടെ അരികിലേക്ക് വന്നു. അവളുടെ ശരീരത്തിൽ നിന്നും വമിക്കുന്ന നേർത്ത ചന്ദനത്തിന്റെ സുഗന്ധം അവനെ മത്തുപിടിപ്പിച്ചു. “അപ്പൂ നീ എന്റെതാ… എന്റെ മാത്രം… മറ്റാർക്കും നിന്നെ ഞാൻ വിട്ടുകൊടുക്കില്ല.” വല്ലാത്തൊരാവേശത്തോടെ ശ്രീജിത്ത്‌ അവളെ വാരിപ്പുണർന്നു….തുടരും

വിവാഹ മോചനം: ഭാഗം 9

Share this story