അത്രമേൽ: ഭാഗം 6

Share with your friends

എഴുത്തുകാരി: ശ്രുതി കൃഷ്ണ

“അപ്പൊ ഗോപുനെ ആരാ കല്യാണം കഴിക്കുന്നേ…?” അയാൾക്ക്‌ നേരെ ചോദ്യമെറിഞ്ഞവൾ ഉത്തരത്തിനായി കാതോർത്തു..പറയാൻ വ്യക്തമായൊരു മറുപടിയില്ലാതെ ആ ചോദ്യത്തിന്റെ ഞെട്ടലിൽ ആയാളും അവളെ ഉറ്റുനോക്കി.. “പറ അമ്മാമ്മേ ദച്ചേട്ടൻ ഗോപുന്റെയല്ലേ….? ” അയാളിൽ നിന്നും അതേയെന്നൊരു ഉത്തരത്തിയായി കൊതിച്ചവൾ വീണ്ടും വീണ്ടും അത് തന്നെ ചോദിച്ചു. “എന്റെ ഗോപുന് വേറേ രാജകുമാരൻ വരുമല്ലോ….” അവളെ അനുനയിപ്പിക്കാനെന്നോണം ആയാൾ വെറുതെ പറഞ്ഞു… ഉള്ളിൽ വേരുറച്ചു പോയൊരു മോഹത്തെ പിഴുതെറിയാൻ അയാളുടെ വെറും വാക്കുകൾക്ക് കെൽപ്പില്ലായിരുന്നു…

മറ്റൊന്നിനും ചെവികൊടുക്കാതെയവൾ വീണ്ടും വീണ്ടും അത് തന്നെ ചോദിച്ചു…. “ദച്ചേട്ടൻ ഗോപുന്റെയല്ലേ അമ്മാമ്മേ…?” അതേ എന്ന ഒറ്റൊരുവാക്കിൽ തീരേണ്ട സങ്കടം അത് കിട്ടാതെ വന്നപ്പോൾ പതിൻമടങ്ങായി വർധിച്ചു…കണ്ണുകൾ നിറഞ്ഞു പെയ്തു… സങ്കടം കൊണ്ട് ചുണ്ട് പിളർന്നു…കരച്ചിലിനും പിറുപിറുക്കലുകൾക്കുമൊപ്പം തേങ്ങലുകൾ കൂടി പൊന്തി വന്നു… ഇടയ്ക്കെപ്പോഴോ അയാളിലെ പിടിവിടുവിച്ചവൾ വെറും നിലത്തേക്ക് ഊർന്നിരുന്നു…മുട്ടിലേക്ക് മുഖമൊളിപ്പിച്ചവൾ പിന്നെയും പിന്നെയും പിറുപിറുത്തു. “””ദച്ചേട്ടൻ ഗോപുന്റെയല്ലേ…?””” “ആഹാ നീ കൊള്ളാല്ലോടീ പെണ്ണെ… ദചേട്ടാ… ദച്ചേട്ടാ…. എന്നും വിളിച്ച് മോന്റെ പുറകെ നടക്കുമ്പോൾ ഇതായിരുന്നല്ലേ മനസ്സിലിരിപ്പ്….”

സുധാകരനുള്ള ചായ കയ്യിൽ കരുതി മുറിയിലേക്ക് കയറി വന്ന ഇന്ദിര അവൾക്കു നേരെ ചീറി… ചായഗ്ലാസ് അയാൾക്ക്‌ നേരെ നീട്ടിപ്പിടിച്ചവർ വെറുപ്പോടെ അവളെ നോക്കി…സുധാകരന്റെ തീ പാറുന്നൊരു നോട്ടത്തിൽ അവർ സ്വൊയം നാവടക്കി… മറ്റെന്തെങ്കിലും പറയാൻ പേടിച്ചവർ കയ്യിലെ ഗ്ലാസ്‌ മുറിയിലെ തടിപ്പെട്ടിയുടെ മുകളിലേക്ക് വയ്ച്ചു പുറത്തേക്കിറങ്ങി… ഗോപുവിനെ ആശ്വാസിപ്പിക്കാനുള്ള ശ്രമം സുധാകരൻ വീണ്ടും തുടർന്നു… അവളുടെ മുഖം പിടിച്ചുയർത്താൻ ഒരു ശ്രമം നടത്തിയെങ്കിലും അയാളുടെ കൈകളെയവൾ പിണക്കത്തോടെ തട്ടിമാറ്റി…എന്നിട്ടും അയാളിത്തിരി കൂടി അവൾക്കൊപ്പം ചേർന്നിരുന്നു…

ഇടയ്ക്കെപ്പോഴോ കരച്ചിലിന്റെ ആക്കം കുറഞ്ഞു വന്നു… പതിയെ അത് പൂർണ്ണമായും നിലച്ചു… ഇടയ്ക്ക് തേങ്ങലിൽ ഒന്നു കിടുങ്ങുന്ന ശരീരം മാത്രം അവളുടെ ദുഖത്തെ കാണിച്ച് കൊടുത്തു…സമയം ഏറിവന്നതോടെ അയാൾ പതിയെ എഴുന്നേറ്റു… അവളോട് പറയാൻ വന്നകാര്യം മുഴുമിപ്പിക്കാൻ കഴിയാതെയയാൾ തിരികെ പോവാൻ പുറപ്പെട്ടു … കണ്ണുകൾ അമർത്തിത്തുടച്ചയാൾ അവളുടെ തോളിൽ പതിയെ തട്ടി യാത്ര ചോദിച്ചു… അതിനും മറുപടി കിട്ടിയില്ല… സാദാരണ ഇറങ്ങാൻ നേരത്ത് ഇനിയെന്ന് വരുമെന്ന് ചോദിച്ച് പുറകെ വരുന്നവൾ അന്നാദ്യമായി ഒന്നും മിണ്ടാതെ…

മുഖം കൊടുത്താതെ കൂനിക്കൂടിയിരുന്നു… മുറിക്കു പുറത്തേക്ക് പെട്ടെന്ന് ഇറങ്ങിയപ്പോൾ ചുവരിലേക്ക് ചേർന്നു നിന്ന് ചെവി വട്ടം പിടിച്ചിരിക്കുന്ന ഇന്ദിരയെ കണ്ടയാൾക്ക് കലിപൂണ്ടു… അയാൾ തന്നെയെന്തെങ്കിലും ചെയ്തു കളയുമെന്ന ഭയത്താൽ വെപ്രാളപ്പെട്ടവർ അടുക്കളപ്പുറത്തേക്ക് പാഞ്ഞു..ഇനി അവിടെ നിന്നാൽ മനസ്സ് കൈവിട്ട് പോകുമെന്നുറപ്പുള്ളതിനാൽ വേഗം തന്നെ ആ വീടിന്റെ പടിയിറങ്ങി നടന്നു…ആ വീട്ടിലെങ്ങും ഒരു നിമിഷം മൗനം നിറഞ്ഞു…അവിടുത്തെ ഒരോ അണുവും അവളുടെ പ്രണയം കണ്ടറിഞ്ഞതായിരുന്നു…

അതിന്റെ ചൂടും ചൂരും തൊട്ടറിഞ്ഞെന്ന പോലെ ജനലഴികളിലൂടെ മുറിക്കുള്ളിലേക്ക് ഇരച്ചെത്തുന്ന കാറ്റ് പോലും മൗനം പൂണ്ട് അവളുടെ ദുഖത്തിൽ പങ്കുകൊണ്ടു… “എന്നാലും ഒരു പൊട്ടത്തിടെ പൂതി നോക്കണേ… അവൾക്ക് വേറാരെയും കിട്ടിയില്ല മനസ്സിൽ കൊണ്ട് നടക്കാൻ… നല്ല കുടുംബത്തിൽ പിറന്ന ഒരു ഡോക്ടർ പയ്യനെ തന്നെ വേണം…അല്ലേടി…” സുധാകരൻ പടികടന്നു പോകാൻ കാത്തിരുന്ന ഇന്ദിര കാറ്റുപോലെ ഗോപുവിന്റെ മുറിയുടെ വാതിൽക്കലേക്കു പാഞ്ഞെത്തി… “ഇതിപ്പോ അവനവന്റെ യോഗ്യത അനുസരിച്ചു പൊട്ടനോ… വല്ല ചട്ടുകാലനോ ആണെങ്കിൽ പോട്ടെന്നു വയ്ക്കായിരുന്നു…

എന്നാൽ അങ്ങനെങ്ങാൻ ആണോ.. ഒന്നുല്ലേലും അവൻ നിന്റെ ചേച്ചിയെ കെട്ടാൻ പോണതല്ലേ…?ഇങ്ങനൊരോ പൂതി കേറ്റുമ്പോൾ അതോർക്കണ്ടായോ..” ആരോടെന്നില്ലാതെ അവർ വാശിയോടെ വിളിച്ചു പറയുമ്പോളും അവൾ അനങ്ങാതെ അതെയിരിപ്പ് തുടർന്നു… “എന്താ അമ്മേ ഇത്‌…രാവിലെ തന്നെ സ്വാസ്ഥത തരില്ലെന്ന് വച്ചാൽ… ഒന്ന് കിടന്നുറങ്ങാനും സമ്മതിക്കില്ലേ.” അഴിഞ്ഞുലഞ്ഞ മുടി ഉചിയിലേക്ക് വാരിക്കെട്ടി കൊട്ടുവാ വിട്ട് വർഷ കോണിപ്പടികൾ ഇറങ്ങി താഴേക്ക് വന്നു. ഗോപുവിന്റെ മുറിയ്ക്ക് പുറത്ത് നിന്ന് നിർത്താതെ എന്തൊക്കെയോ പരിഹാസത്തോടെ വിളിച്ചുപറയുന്ന തന്റെ അമ്മയെ കാൺകെ അവൾക്കു വല്ലാത്ത ഈർഷ്യ തോന്നി… “ആഹ് ഇറങ്ങി വന്നോ എന്റെ പുന്നാര മോള്… നീ ഇങ്ങനെ മൂട്ടിൽ വെയിലടിക്കണ വരെ കിടന്നുറങ്ങിക്കോ…

ഇവിടെ നടക്കുന്നതെന്താണെന്ന് വല്ല നിശ്ചയോം ഇണ്ടോ നിനക്ക്…ദേ ഈ പെണ്ണ് പറയണ കേട്ടോ…ദർശനെ അവൾക്ക് വേണത്ത്രെ… കല്യാണം കഴിക്കാൻ…” അമ്മ പറയുന്നത് കേട്ട് വർഷ ആകെ അന്താളിച്ചു…കൂടുതലെന്തെങ്കിലും അമ്മയോട് ചോദിച്ചറിയുന്നതിനു മുൻപേ പെണ്ണൊരുത്തി കാറ്റുപോലെ വന്നവളുടെ ഇരുകരവും കവർന്നു… “വർഷേച്ചി…. ദചേട്ടൻ ഗോപുന്റെയല്ലേ….പറ….ഗോപുന്റെയല്ലേ…” വർഷയെ പിടിച്ചുലച്ചവൾ സങ്കടത്തോടെ ചോദിച്ചു… തന്റെ മേൽ മുറുകി വരുന്ന അവളുടെ പിടിത്തം വിടുവിക്കാൻ വർഷയും ശ്രമിച്ചു…ഗോപുവിന്റെ കൈകളെ തട്ടിമാറ്റിയവൾ ഇത്തിരി മാറി നിന്നു… “ദർശേട്ടൻ എന്നെ കല്യാണം കഴിക്കാൻ പോവാണ് ഗോപു…

പിന്നെങ്ങനെ ദർശേട്ടൻ നിന്റേതാകും?.. ദർശേട്ടൻ എന്റെതാ…” “അല്ല ദചേട്ടൻ ഗോപുവിന്റെയാ……ദച്ചേട്ടൻ ഗോപുന്റെയാ… ഗോപു വേറാർക്കും കൊടുക്കില്ല…” കാര്യമില്ലെന്നറിയാതെയവൾ വെറുതെ വാശി പിടിച്ചു. “അല്ലേ…. അതായിപ്പോൾ നന്നായതു ദർശനെന്താ നിന്റെ കളിപ്പാവയോ മറ്റോ ആണോ വേറാർക്കും കൊടുക്കില്ലെന്ന് വാശിപിടിക്കാൻ… ഇത് നല്ല കൂത്ത്…” ഇന്ദിരയും കാര്യമേതുമറിയാതെ ആ പൊട്ടിപ്പെണ്ണിനോട് തർക്കിച്ചു ജയിക്കുവാൻ ശ്രമിച്ചു… “വർഷേചിയല്ലേ പറഞ്ഞത് ദർശേട്ടൻ ഗോപുനെയാ കല്യാണം കഴിക്കാന്ന്…ന്നിട്ട് ഗോപുനെ പറ്റിച്ചോ?…” ഗോപുവിന്റെ വാക്കുകൾ ഇന്ദിരയെ ഞെട്ടിച്ചു…

കേട്ടത് വിശ്വസിക്കാനാവാതെ അവർ മകളെ നോക്കി എന്നാൽ ഭാവഭേദമൊന്നുമില്ലാതെ ഗോപുവിന്റെ ദുഃഖം കണ്ടവൾ വേണ്ടുവോളം ആസ്വദിക്കുന്നുണ്ടായിരുന്നു . “ദർശേട്ടന് നിന്നെ വേണ്ടെന്ന്…. ഇത്തിരി തൊലിവെളുപ്പ് ഉണ്ടെന്നല്ലാതെ നിന്റെ ഈ പൊട്ടത്തലയ്ക്കകത്തു വല്ലതും ഉണ്ടോടീ…ഒന്നുല്ലേലും ദർശേട്ടൻ ഒരു ഡോക്ടർ അല്ലേ… ആൾക്കൊത്തുള്ള പഠിപ്പുണ്ടോ നിനക്ക്…തപ്പിത്തടയാതെ രണ്ടക്ഷരം നേരെ ചൊവ്വ വായിക്കാനറിയുവോ…?” ഗോപുവിനെ വേണ്ടുവോളം പുച്ഛിച്ചവൾ ഒരോന്ന് പറഞ്ഞുകൊണ്ടിരുന്നു…വർഷ നിരത്തി വയ്ച്ച യോഗ്യതകളുടെ ത്രാസ്സിൽ ഗോപുവിന്റെ തട്ട് താഴ്ന്നു തന്നെയിരുന്നു…

എന്നിട്ടും പ്രതീക്ഷയുടെ ഇത്തിരി വെട്ടം ഉള്ളിലണയാതവൾ തന്റെ സഹോദരിയോട് ഇത്തിരി ദയയ്ക്കായി കേണു… “ദചേട്ടനെ ഗോപുന് തരുവോ വർഷേച്ചി…വർഷേച്ചി രാജകുമാരനെ എടുത്തോ… അമ്മാമ്മ പറഞ്ഞിട്ടുണ്ടല്ലോ ഗോപുന് രാജകുമാരൻ വരുവെന്ന്… ഗോപുന് ദചേട്ടനെ മാത്രം മതി…പിന്നെ വർഷേച്ചിക്ക് ദച്ചേട്ടൻ ഇന്നാള് ഗോപുന് വാങ്ങിത്തന്ന പുത്യേ കുപ്പായോം വളേം മാലേം പൊട്ടും ഒക്കെ വർഷേച്ചിക്ക് തരാല്ലോ… ദചേട്ടനെ മാത്രം ഗോപുന് തന്നേക്ക്…ഗോപുന് ഒത്തിരി ഒത്തിരി ഇഷ്ടായോണ്ടല്ലെ…” തികട്ടിവന്ന സങ്കടത്തെ പിടിച്ചു നിർത്തിയവൾ എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചു…

തന്റെ വാഗ്ദാനങ്ങളുടെ വിലയറിയാതെ മാറി നിൽക്കുന്ന വർഷയെ കൈകളെത്തിച്ചു പിടിക്കാൻ ശ്രമിച്ചു… പിടി കൊടുക്കാതവൾ പിന്നെയും നീങ്ങിയപ്പോൾ ഒരാശ്രയത്തിനെന്നോണം ചുവരിൽ ചാരി തല ചേർത്തു കരഞ്ഞു… “ഇവളെന്തൊക്കെയാ മോളേ ഈ പറയണേ… നീയാണോ ദർശനെക്കൊണ്ട് ഇവളെ കല്യാണം കഴിപ്പിക്കാമെന്ന് പറഞ്ഞത്…?” ഇന്ദിര ഒന്നും മനസ്സിലാവാതെ വർഷയോട് ചോദിച്ചു… അവളുടെ ഉത്തരം കിട്ടാനായവർ കാത്തു നിന്നു എന്നാൽ അപ്പോഴും വർഷയുടെ ശ്രദ്ധ ഗോപുവിൽ തന്നെയായിരുന്നു…ഗോപുവിന്റെ കണ്ണിൽ നിന്നൂർന്നിറങ്ങുന്ന ചുടുകണ്ണീർ അവളുടെ മനസ്സിൽ ഒരു കുളിർമഴ പെയ്യിച്ചു…

ഒരു ഉന്മാദിയെപോലവൾ ഗോപുവിന്റെ വേദനയിൽ ആനന്ദം കണ്ടെത്തി. “ഞാൻ പറഞ്ഞതാ അമ്മേ ദർശേട്ടനോട്‌…ഗോപുവിന് ദർശേട്ടനെ ഇഷ്ടവാണെന്ന്…ഗോപുവിനെ കല്യാണം കഴിച്ചോളാൻ ഞാൻ പറഞ്ഞതാ…പക്ഷെ ദർശേട്ടൻ കേൾക്കണ്ടേ… ആൾക്ക് ഇവളെ കല്യാണം കഴിക്കാൻ കുറച്ചിലാണത്രേ… ഇവളെക്കാൾ നല്ലത് ഞാൻ ആണത്രേ… പിന്നേ ഞാൻ എന്ത് ചെയ്യാനാ…” എങ്ങോ മിഴിനട്ട് കരയുന്ന ഗോപുവിനെ ഇടംകണ്ണാലെ നോക്കിക്കൊണ്ട് വർഷ പറഞ്ഞു..കഥയൊന്നും മനസ്സിലാവാതെ അത്ഭുതപ്പെട്ടു നിൽക്കുന്ന അമ്മയെ അവൾ ഒന്ന് കണ്ണിറുക്കിക്കാണിച്ചു..പറയാനേറെയുള്ള ഒരു പറ്റിക്കൽക്കഥ പിന്നെപ്പറയാം എന്നവൾ മുഖം കോട്ടിക്കാണിച്ചു..

അത് മനസ്സിലായെന്ന പോലെ അവരും വെറുതെ തലകുലുക്കി… വർഷ എന്തൊക്കെ പറഞ്ഞിട്ടും അതൊന്നും വിശ്വസിക്കാനാവാതെ ഗോപു തറഞ്ഞുനിന്നു…ബാക്കിയുണ്ടായിരുന്ന ഇത്തിരി വെട്ടം കൂടി അണഞ്ഞുപോയി..ഇനിയൊന്നും കേൾക്കാൻ ശക്തിയില്ലെന്ന മട്ടിൽ തിരികെ മുറിയിലേക്ക് കയറി..വാതിൽ ചേർത്തടച്ചവൾ കട്ടിലിലേക്ക് വീണു…കണ്ണുകൾ ഇറുകെ ചിമ്മി വേണ്ടുവോളം കരഞ്ഞു…ഒരോ നിമിഷവും കരച്ചിലിന്റെ ആക്കം കൂടിവന്നു… അതിനിടയ്ക്കെപ്പോഴോ പുറത്തു നിന്നുള്ള അടക്കിപ്പിടിച്ച ചിരികൾ കേൾക്കാതെ പോയി…അവനോടൊത്തുള്ള ഓർമ്മചിത്രങ്ങൾക്കെല്ലാം മനസ്സിൽ മങ്ങലേറ്റു…

അവനെ വെറുക്കാനാവാതെ വെറുതെ പിണക്കം നടിച്ചു… കഴിഞ്ഞുപോയ നാളുകളൊന്നിൽ തന്നോട് ഇഷ്ടക്കേട് നടിച്ച അവന്റെ മുഖഭാവത്തിനായവൾ തിരഞ്ഞു… ഒത്തിരി ഓർത്തപ്പോൾ ഒന്നോർമ്മ വന്നു… അന്ന് കള്ളം പറയുന്നതിഷ്ടമല്ലെന്നവൻ പിണക്കത്തോടെ പറഞ്ഞത്..അതാവുമോ തന്നെ ഇഷ്ടമല്ലെന്ന് പറയാൻ കാരണമെന്നവൾ പലകുറി ചിന്തിച്ചു..തിരിച്ചും മറിച്ചും ഒത്തിരി ചിന്തിച് പിന്നെയും കാരണങ്ങൾക്കായി തിരഞ്ഞു…ഹൃദയഭാരം ഏറിവരുന്നത് പോലെ തോന്നിയപ്പോൾ തലയിണയിൽ പിച്ചിപ്പറിച്ചവൾ ആശ്വാസം തേടി..

പെട്ടെന്നൊരോർമയിൽ തലയിണയ്ക്കടിയിൽ നിന്നും വെള്ളത്തൂവാല വലിച്ചെടുത്ത് അതിൽ ചുണ്ട് ചേർത്തു…ഇതിനോടകം തന്നെ അവളുടെ കണ്ണീരിന്റെ ഉപ്പുരസം മറ്റെല്ലാത്തിനും പുറമെ ഏറെയതിൽ സ്ഥാനം പിടിച്ചിരുന്നു…സങ്കടം പിന്നെയും ഏറി വന്നു…ഉള്ള് പൊള്ളി തേങ്ങലുകൾ പുറത്ത് ചാടി… ചുണ്ടുകൾ വിറകൊണ്ടു… എല്ലാം വിസ്മരിച്ചവൾ അലറിയലറി കരഞ്ഞു. ❤️❤️❤️❤️❤️ “ഇതെപ്പഴാ തുടങ്ങിയത്?” “ദേ ഇപ്പൊ സന്ധ്യയോടെയാ നല്ല പനി വന്ന് പിച്ചും പേയും പറയാൻ തുടങ്ങിയത്…” ഇന്ദിരയുടെ മറുപടിയൊന്നു മൂളിക്കേട്ട് ദർശൻ ഗോപുവിന്റെ നെറ്റിയിലും കഴുത്തിലും തൊട്ട് നോക്കി…

പൾസ് നോക്കുന്നതിനൊപ്പം തന്നെ തന്റെ സ്റ്റെതസ്കോപ്പ് ചെവിയിൽ ചേർത്തുവച്ചു അവളെ പരിശോധിച്ചു..തളർന്നവശയായി കട്ടിലിൽ വിറച്ചു കിടക്കുന്നവളെ കാൺകെ അവന് വല്ലാത്തൊരു നോവ് തോന്നി..ഇന്നോളം ഇത്രമേൽ അവശയായി ആരും അവളെ കണ്ടിട്ടുണ്ടാവില്ല..പനിച്ചു വരണ്ട ചുണ്ടുകൾ വിറച്ചു മന്ത്രിക്കുന്നത് തന്റെ പേരാണെന്നറിയാതെ അവൻ വെറുതെയാ മുടിയിഴകളിലൂടെ തലോടി..ശേഷം വർഷ കൊണ്ടുവന്ന തുണി തണുത്തവെള്ളത്തിൽ നനച്ചു പിഴിഞ്ഞവൻ അവളുടെ നെറ്റിയിൽ വിരിച്ചിട്ടു. “നല്ല ടെമ്പറേചർ ഉണ്ടല്ലോ… നിനക്ക് ഉച്ചകഴിഞ്ഞു വിളിച്ചപ്പോൾ എന്നോടൊന്നു സൂചിപ്പിക്കായിരുന്നില്ലേ വർഷേ…?

വൈകീട്ട് വീട്ടിൽ ചെന്നപ്പോൾ അച്ഛൻ പറഞ്ഞത് ചെറിയ ചൂടുണ്ടെന്ന് മാത്രമാ… പിന്നെ അതിന് മുൻപ് ഞാൻ വിളിച്ചപ്പോൾ നീയും ഒന്നും പറഞ്ഞില്ല…” “അയ്യോ മോനെ ഞാൻ പറഞ്ഞില്ലേ… നല്ല ചൂട് തുടങ്ങിയത് ദാ ഇപ്പഴാ… ഞാനും വർഷ മോളും കൂടി ആ ജാനുചേച്ചിടെ മോന്റെ ഓട്ടോയിൽ ആശുപത്രിയിൽ കൊണ്ടോവാൻ വിചാരിച്ചിരിക്കയായിരുന്നു അപ്പഴാ മോൻ വന്നത്” വർഷയെ കുറ്റപ്പെടുത്തി ദർശൻ സംസാരിച്ചപ്പോൾ സ്വൊന്തം മോളേ രക്ഷിക്കാനെന്ന വണ്ണം ഇന്ദിരയും ഒരോ കള്ളങ്ങൾ പറഞ്ഞൊപ്പിച്ചു. “ഞാൻ നാട്ടിലുള്ള ഒന്ന് രണ്ട് കൂട്ടുകാരെ കല്യാണം ക്ഷണിക്കാൻ പോയതായിരുന്നു…

അതുകൊണ്ടാ തിരിച്ചെത്താൻ ഇത്ര ലേറ്റ് ആയത്…എന്തായാലും ഇപ്പഴെങ്കിലും വരാൻ തോന്നിയത് നന്നായി…അല്ല ഗോപു എന്തെന്തെങ്കിലും കഴിച്ചിരുന്നോ…” “ഉച്ച കഴിഞ്ഞ് ഇത്തിരി ഉപ്പിട്ട കഞ്ഞിവെള്ളം കുടിക്കുന്നുണ്ടായിരുന്നു… വേറൊന്നും തൊട്ടിട്ടില്ല…” “മ്മ്മ്… ഒരു കാര്യം ചെയ്യൂ…നിങ്ങളിത്തിരി പൊടിയരിക്കഞ്ഞി ഉണ്ടാക്കൂ… അപ്പോഴേക്കും ഞാൻ മരുന്ന് വാങ്ങിയിട്ട് വരാം…എന്തെങ്കിലും കഴിക്കാതെ മരുന്ന് അകത്ത് ചെന്നാൽ നാളെയും തല പൊങ്ങില്ല…” ഗോപുവിനെ ഒന്നുകൂടി നന്നായി പുതപ്പിച്ച് ദർശൻ മുറിവിട്ടിറങ്ങി… അവന്റെ മുൻപിൽ നല്ല പിള്ള ചമയേണ്ടത് തങ്ങളുടെ ആവശ്യമായത്തിനാൽ അമ്മയും മോളും അപ്പോൾ തന്നെ കഞ്ഞിയുണ്ടാക്കാനായി പുറപ്പെട്ടു..

ഇറങ്ങും മുൻപ് മരുന്നിന്റെ പേര് ഒരു വെള്ളക്കടലാസിലേക്കവൻ കുറിച്ചിട്ടു..അതു മടക്കി ഷർട്ടിന്റെ കീശയിലേക്ക് വയ്ച് വണ്ടിയുമെടുത്ത് മരുന്ന് വാങ്ങാനായി പുറപ്പെട്ടു… ഇരുള് പരന്ന വഴിയിലൂടെ വേഗത്തിൽ വണ്ടിയോടിച്ചു പോവുമ്പോൾ അവനും അറിയുന്നുണ്ടായിരുന്നില്ല അവൾക്കുള്ള ഏറ്റവും നല്ല മരുന്ന് തന്റെ സ്നേഹമാണെന്ന്…അത്രത്തോളം ശക്തിയുള്ള വേറൊന്നുംതന്നെ അവളെ ഭേദമാക്കാൻ ഇല്ലെന്ന്….❤️.. തുടരും….

അത്രമേൽ: ഭാഗം 5

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!