ഹരി ചന്ദനം: ഭാഗം 13

Share with your friends

എഴുത്തുകാരി: ശ്രുതി കൃഷ്ണ

രാവിലെ ഉറക്കമുണർന്നു നേരെ മുകളിലെ ബാൽക്കണിയിലേക്കു ചെന്നു.എന്തോ H.P യെ ചെറുതായിട്ട് മിസ്സ് ചെയ്യുന്നൊക്കെയുണ്ട്.അങ്ങനെ ചുറ്റുപാടും നിരീക്ഷിച്ചിരിക്കുമ്പോളാണ് പെട്ടെന്നൊരു ഐഡിയ തോന്നിയത്. H.P യുടെ വീക്നെസ്സിൽ കയറി തന്നെ കൊത്താം എന്ന് തോന്നി.വാട്ടറിങ് കാനിൽ കുറച്ച് വെള്ളവുമെടുത്തു ആദ്യം പോയത് ബാൽക്കണിയിലേക്കാണ്. എല്ലാ ചെടികളും നന്നായി സസൂക്ഷ്മം നനച്ചു.പിന്നെ വെള്ളവുമെടുത്തു ടെറസിലേക്ക് പോയി.അവിടുത്തെ നനയും കഴിഞ്ഞു പിന്നെ പോയത് മുറ്റത്തേക്കാണ്. അവിടെ പിന്നെ സൗകര്യത്തിനു ഹോസ്‌ പൈപ് ഉണ്ട്.

ചെടികളോട് കഥയൊക്കെ പറഞ്ഞ് നനച്ചു കൊണ്ടിരിക്കുമ്പോളാണ് അമ്മ മുറ്റത്തേക്ക് ഇറങ്ങി വന്നത്. “മോളെ കാണാത്തതു കൊണ്ട് ഞാൻ നോക്കിയിറങ്ങിയതാണ്.” “ഞാൻ H.P ടെ….. അല്ല… ഹരിയേട്ടന്റെ ചെടിയൊക്കെ നനയ്ക്കാമെന്നു വച്ചു. ” എന്റെ H.P വിളി കേട്ടിട്ടാണെന്നു തോന്നുന്നു അമ്മ ചിരിക്കുന്നുണ്ട്. “ഈ H.P ഇടയ്ക്കിടയ്ക്ക് കയറി വരുന്നുണ്ടല്ലോ എന്റെ കുട്ടിക്ക്. ” “അത്… പിന്നെ… അമ്മേ… ഞാൻ ” “വേണ്ട വേണ്ട കിടന്നുരുളണ്ട. ഇന്നലേം കേട്ടു. ” “അത് എന്നെ ഇടയ്ക്കിടെ വഴക്കു പറയുമ്പോൾ വായിൽ വരുന്നതാ.ഇപ്പോൾ വഴക്ക് കേട്ട് കേട്ട് എപ്പോഴും കയറി വരും. ” “അതൊക്കെ ശെരി.

പക്ഷെ ആ വിളി വേണ്ട കേട്ടോ. ഹരിയേട്ടൻ അത് മതി. ” “ശെരി അമ്മേ…” “എന്തായാലും ഇത് നന്നായി. ഞാൻ പണിയൊക്കെ ഒന്നൊതുക്കി നനയ്ക്കാനായി വരുവായിരുന്നു. ഇനിയിപ്പോ ഇതൊക്കെ മോളേറ്റെടുത്ത സ്ഥിതിക്ക് എന്റെ പണി കുറഞ്ഞല്ലോ.” “ഞാൻ വെറുതെ ചെയ്തെന്നെ ഉള്ളൂ. ഹരിയേട്ടന് ചിലപ്പോൾ ഇഷ്ടപ്പെടില്ല. ” “അങ്ങനൊന്നും ഇല്ലെന്നേ….എന്തായാലും അമ്മ പറയും ഇന്നിതൊക്കെ ചെയ്തത് മോളാണെന്നു. ” അങ്ങനെ ഓരോരോ കഥകളൊക്കെ പറഞ്ഞ് നനയൊക്കെ തീർത്തു. പിന്നെ കുളിയൊക്കെ കഴിഞ്ഞു അടുക്കളയിൽ കയറി.

പാചകം പഠിക്കാൻ അമ്മയുടെ ശിഷ്യത്വം സ്വീകരിച്ചു എന്ന് വേണമെങ്കിൽ പറയാം.എല്ലാം പഠിപ്പിക്കുന്ന കൂട്ടത്തിൽ H.P യുടെയും വീട്ടിലെ ബാക്കി ഉള്ളവരുടെയും ഇഷ്ടങ്ങൾ ഒക്കെ അമ്മ പറയുന്നുണ്ടായിരുന്നു.H.P യുടെതൊക്കെ ഞാൻ പ്രത്യേകം നോട്ട് ചെയ്തു. ആവശ്യം വരുമല്ലോ. ഇന്നത്തെ ദിവസം മുഴുവൻ ഞാൻ അമ്മയുടെ പുറകെ ആയിരുന്നു.ഒരുപാട് സംസാരിച്ചും ജോലികളിൽ അമ്മയെ സഹായിച്ചും സമയം തള്ളി നീക്കി.ഉച്ച ആയപ്പോൾ H.P വിളിച്ചായിരുന്നു മീറ്റിംഗ് നേരത്തെ കഴിഞ്ഞെന്നും അവർ തിരിച്ചെന്നും കൂടെ ദിയയും കിച്ചുവും ഉണ്ടെന്നും പറഞ്ഞു. ഉച്ചക്ക് ശേഷം സച്ചുവും ചാരുവും വീഡിയോ കാൾ ചെയ്തു.

സച്ചു ഇറങ്ങാൻ തുടങ്ങുന്നതിനു മുൻപ് വിളിച്ചതായിരുന്നു. കുറച്ച് സംസാരിച്ച ശേഷം അവൻ ഫോൺ വച്ചു.പിന്നെ എന്റെയും ചാരുവിന്റെയും കത്തിയടി തന്നെയായിരുന്നു. ഇന്നലെ അമ്മ പറഞ്ഞ കാര്യങ്ങൾ ഒക്കെ ഞാൻ അവളോട്‌ പറഞ്ഞു.കിച്ചുവിന്റെ കാര്യത്തിൽ ചെറിയൊരു കൺഫ്യൂഷൻ ഉണ്ടായെങ്കിലും ദിയയുടെ കഥകളൊക്കെ കേട്ടപ്പോൾ ചാരുവിനും ദിയയോടുള്ള ദേഷ്യമൊക്കെ പോയി. രാത്രിയിൽ ഒരു എട്ട് മണിയോടെയാണ് അവർ എത്തിയത്. വന്നയുടനെ മൂന്നാളും അമ്മയെ വന്നു കെട്ടിപ്പിച്ചു വിശേഷങ്ങൾ ഒക്കെ ചോദിക്കുകയും പറയുകയും ചെയ്യുന്നുണ്ടായിരുന്നു.

കിച്ചു എന്റെ അടുത്ത് വന്ന് ഷേക്ക്‌ഹാൻഡ് ഒക്കെ തന്നു കുറേ സംസാരിച്ചെങ്കിലും ബാക്കി രണ്ടാളും മൈൻഡ് ചെയ്യാതെ ഫ്രഷ്‌ ആവാൻ കയറി പോയി.ഫ്രഷ് ആയി വന്നു മൂന്നാളും ഫുഡ്‌ കഴിക്കാനിരുന്നു. എന്നോട് ഇരിക്കാൻ പറഞ്ഞെങ്കിലും ഞാൻ അമ്മയുടെ കൂടെ ഇരുന്നോളാം എന്ന് പറഞ്ഞു ഒഴിഞ്ഞു മാറി.കറികളൊക്കെ ഞാൻ ഉണ്ടാക്കിയതാണെന്ന് പറഞ്ഞു തന്നെയാണ് അമ്മ വിളമ്പിയത് H.P യോട് അഭിപ്രായം ചോദിച്ചപ്പോൾ അമ്മ ഉണ്ടാക്കുന്നത്ര പോരാത്രെ.അതു കേട്ടതോടെ പ്രതീക്ഷയോടെ അങ്ങേരെ നോക്കിയിരുന്ന എന്റെ മുഖം മങ്ങി.എന്തായാലും അമ്മയ്ക്ക് കാര്യം പിടി കിട്ടി.

അവള് ആദ്യമായി ഉണ്ടാക്കിയിട്ടും ഇത്രയും നന്നായില്ലേ എന്ന് ചോദിച്ചു അങ്ങേരുടെ തലയ്ക്കൊരു കൊട്ട് കൊടുത്തു. അതോടെ അങ്ങേര് എന്നെയൊന്നു കണ്ണുരുട്ടി നോക്കിയെങ്കിലും ഞാൻ തല വെട്ടിച്ചു കളഞ്ഞു.എങ്കിലും കിച്ചു സൂപ്പർ എന്ന് പറഞ്ഞു രുചി പിടിച്ചു കഴിക്കുന്നുണ്ടായിരുന്നു. ദിയ പിന്നെ കഴിപ്പിനേക്കാൾ കൂടുതൽ ഫോണിൽ കൊത്തി പെറുക്കുന്നുണ്ട്. ഭക്ഷണമാണെന്ന് കരുതി ഫോൺ വിഴുങ്ങാതിരുന്നാൽ ഭാഗ്യം.അങ്ങനെ അവർ കഴിച്ചു കഴിഞ്ഞു ഞങ്ങൾ ഇരുന്നു.

H.P ഫോണിൽ കുത്തി കൊണ്ട് ഹാളിൽ ഇരിക്കുന്നുണ്ടായിരുന്നു. ദിയയും കിച്ചുവും ക്ഷീണമാണെന്ന് പറഞ്ഞു ഉറങ്ങാൻ പോയി.സത്യം പറഞ്ഞാൽ അമ്മയും ഞാനും സംസാരിച്ചു മതിവരാത്തതുപോലെ തോന്നി . ഞങ്ങൾ ഇങ്ങനെ ഓരോന്ന് പറഞ്ഞു ചിരിച്ചു കൊണ്ടേയിരുന്നു.ഇടയ്ക്കു അമ്മ ഒരുരുള എനിക്കും ഞാൻ തിരിച്ചും കൊടുത്തു.ഈ രണ്ട് ദിവസത്തിനുള്ളിൽ ഞാൻ അമ്മയോട് ഒത്തിരി അടുത്തു. ഇതൊക്കെ രണ്ടു കണ്ണുകൾ ഹാളിലിരുന്നു വീക്ഷിക്കുന്നുണ്ടായിരുന്നു.

അങ്ങനെ താഴത്തെ ജോലികളൊക്കെ തീർത്തു മുകളിലേക്കു പോവാൻ തുടങ്ങുമ്പോൾ അമ്മയെ കെട്ടിപിടിച്ചു ഒരുമ്മ കൊടുക്കാനും മറന്നില്ല.ഇതൊക്കെ കാണുമ്പോൾ H.P യുടെ കണ്ണുകളിൽ അത്ഭുതം നിറയുന്നത് പോലെ തോന്നി. മുകളിൽ ചെന്ന ഉടനെ പപ്പയെ വിളിച്ച് വിശേഷങ്ങൾ ഒക്കെ പറഞ്ഞു.ഇന്ന് H.P യോട് സംസാരിക്കണമെന്ന് പപ്പാ പറഞ്ഞപ്പോൾ ഫോൺ ഞാൻ ബാൽക്കണിയിൽ കൊണ്ട് പോയി കൊടുത്തു.ആള് ഞാൻ ചെല്ലുമ്പോൾ ചെടികളൊക്കെ നിരീക്ഷിക്കുകയായിരുന്നു.

ഞാൻ നനച്ചതാണെന്നു പറയണമെന്ന് തോന്നിയെങ്കിലും പിന്നെ വേണ്ടെന്നു വച്ചു. പപ്പയോടു ആള് അവിടുത്തെ വിശേഷങ്ങൾ ഒക്കെ ചോദിച്ചു പതിവുപോലെ വളരെ കുറഞ്ഞ വക്കിൽ സംസാരം മുറിച്ചു. ആളുടെ ഗൗരവം ഇതുവരെ വിട്ടില്ലേ എന്ന ചോദ്യം പപ്പയിൽ നിന്ന് വന്നെങ്കിലും പതിയെ ശെരിയാവും എന്ന് പറഞ്ഞു ഞാൻ ഫോൺ വച്ചു. പപ്പയോടെങ്കിലും അങ്ങേർക്കു കുറച്ചൂടെ സംസാരിക്കാമായിരുന്നു എന്ന തോന്നൽ എന്നിൽ ചെറിയൊരു ദുഃഖം ഉണ്ടാക്കി. എങ്കിലും ഇതൊക്കെ മാറ്റിയെടുക്കാം എന്ന് സ്വൊയം ആശ്വസിപ്പിച്ചു ഞാൻ ഉറങ്ങാൻ കിടന്നു. പിറ്റേന്ന് രാവിലെ എണീറ്റു പതിവുപോലെ ബാൽക്കണിയിലേക്ക് പോയി.

H.P ജോഗിങ് കഴിഞ്ഞ് വരുമ്പോളേക്കും കുളിച്ചു താഴോട്ട് പോയി.അമ്മ തന്ന ഗ്രീൻ ടീ കൊണ്ട് കൊടുത്ത് കുറച്ച് നേരം H.P യെ ചുറ്റിപ്പറ്റി നിന്നു. എന്തെങ്കിലും ചോദിക്കുകയോ പറയുകയോ ചെയ്യുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതൊന്നും ഉണ്ടായില്ല. ആള് ബാൽക്കണിയിലെയും ടെറസിലെയും നന കഴിഞ്ഞു നേരെ മുറ്റത്തേക്ക് പോയി.വാല് പോലെ ഞാനും പുറകെ പോയി.അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ. എന്റെ ഉദ്ദേശമറിയാനാണോ എന്തോ ആള് ഇടയ്ക്കൊന്നു നോക്കി. ഞാൻ വേഗം ഉമ്മറത്തെ ചെയറിലേക്കിരുന്നു പത്രമെടുത്തു വായന തുടങ്ങി.കുറച്ച് കഴിഞ്ഞ് അമ്മയും മുറ്റത്തേക്ക് ഇറങ്ങി വന്നു.

“മോളെന്താ ഇവിടെ വന്നിരിക്കുന്നത്? ” “ഒന്നുല്ല അമ്മേ ഞാൻ ചുമ്മാ പത്രം നോക്കി ഇരുന്നതാ. ” “കേട്ടോ ഹരിക്കുട്ടാ….ഇന്നലെ ചന്തു മോളാണ് ഇതൊക്കെ ചെയ്തത്.ഇനി മുതൽ നീ ഇല്ലാത്തപ്പോൾ ഇതൊക്കെ എന്റെ കുഞ്ഞ് ചെയ്തോളും.” ആള് അതു കേട്ട ഉടനെ അമ്മയെയും എന്നെയും തിരിഞ്ഞൊന്നു നോക്കി. “എന്റെ മോള് ഇത്രയൊക്കെ കഷ്ടപ്പെട്ട് ഇതൊക്കെ ചെയ്തിട്ടും നീ എന്താ ഒന്നും പറയാത്തത്? ” “എന്തു പറയാനാ അമ്മേ….എനിക്കും തോന്നി വക തിരിവില്ലാത്ത ആരോ ആണ് ഇതൊക്കെ ചെയ്തതെന്ന്. എന്റെ പല ചെടികൾക്കും വല്ലാത്ത വാട്ടം.

അമ്മയ്ക്ക് വല്ല ആവശ്യവും ഉണ്ടോ അറിയാൻ പാടില്ലാത്ത പണികളൊക്കെ വല്ലവരേം ഏൽപ്പിക്കാൻ. ” “വല്ലവരും ആണോടാ നിന്റെ സ്വൊന്തം ഭാര്യ അല്ലെ? ” അതും പറഞ്ഞു അമ്മ ആളുടെ ചെവി പിടിച്ചു. ആള് ചെവി തടവി എന്നെ നോക്കുന്നുണ്ടായിരുന്നു ഞാൻ മൈൻഡ് ആക്കാൻ പോയില്ല.ചെടി വാടി പോയത്രേ….ഹും…ഇത് കൊണ്ടൊന്നും ചന്തു തളരില്ല.ഞാനെ ഇനിം നനയ്ക്കും. വേണമെങ്കിൽ അതിരാവിലെ അലാറം വച്ചു എണീറ്റ് നനയ്ക്കും… അല്ലപിന്നെ. അപ്പോഴാണ് കിച്ചു എണീറ്റ് ഉമ്മറത്തേക്ക് വന്നത്. “Gd മോർണിംഗ് ഏട്ടത്തി ” “Gd മോർണിംഗ് കിച്ചു ” ആള് വന്ന ഉടനെ ടേബിളിൽ ഇരിക്കുന്ന മറ്റൊരു പത്രം എടുത്ത് വായന തുടങ്ങി.

“അല്ല ഹരിക്കുട്ടാ….. നീ ബാംഗ്ലൂർ പോയിട്ട് എന്റെ മോൾക്ക്‌ ഒന്നും കൊണ്ട് വന്നില്ലേ? ” അമ്മ ആളേ വിടുന്ന ലക്ഷണം ഇല്ല “അത്… അമ്മേ…അതിനൊന്നും ടൈം കിട്ടിയില്ല. ഞാൻ വളരെ ബിസി ആയിരുന്നു. ” “അതൊക്കെ ഒരു കാരണമാണോ… സമയം കണ്ടെത്തി എന്റെ കുഞ്ഞിന് എന്തേലും വാങ്ങണമായിരുന്നു. ” “അതിന്…അവിടെ കിട്ടുന്നതൊക്കെ ഇവിടെയും കിട്ടില്ലേ. പിന്നെ അവിടുന്നെ കെട്ടിപ്പേറി കൊണ്ട് വരണ്ടല്ലോ. ” “അങ്ങനാണെങ്കിൽ എന്റെ മോൻ ഇനി കുറച്ചു സമയം കണ്ടെത്തി വച്ചോ.

നാളെ മുതൽ എല്ലാടേം വിരുന്നിനു പോയിക്കൊള്ളണം.കുടുംബക്കാരൊക്ക പരാതി പറയാൻ തുടങ്ങി. കല്യാണം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞിട്ട് പുതുപെണ്ണിനേം ചെക്കനേം അങ്ങോട്ടൊന്നും കണ്ടില്ലെന്നു.ഇത്രേം കാലം മോൾക്ക്‌ എക്സാം ആണെന്ന് പറഞ്ഞു പിടിച്ചു നിന്നു.ഇനി അതു പറ്റില്ല. ” “അയ്യോ അമ്മേ ഓഫീസിൽ നല്ല തിരക്കാ ഇപ്പോൾ. ” “നീ ഇങ്ങോട്ട് ഒന്നും പറയണ്ട. ഞാൻ പറയുന്നത് അങ്ങ് കേട്ടാൽ മതി.വിരുന്നു മാത്രല്ല മര്യാദയ്ക്ക് എന്റെ മോളെ അത്യാവശ്യം പുറത്തൊക്കെ കൊണ്ടുപോയിക്കൊള്ളണം.” “എങ്കിൽ പിന്നെ ഇവർക്ക് ഹണിമൂൺ പ്ലാൻ ചെയ്തുടെ? ”

കിച്ചുവാണ്.H.P തറപ്പിച്ചൊന്നു നോക്കിയതോടെ ആള് വീണ്ടും പത്രത്തിലേക്ക് മുഖം പൂഴ്ത്തി. “ഹണിമൂണിനൊന്നും ഇപ്പോൾ ഞാൻ നിർബന്ധിക്കുന്നില്ല.അതൊക്കെ പതിയെ രണ്ടാളുടേം സൗകര്യം പോലെ ചെയ്യാം. പക്ഷെ ഇപ്പോൾ ഞാൻ പറഞ്ഞതു നീ ചെയ്തിരിക്കണം. കേട്ടല്ലോ.. ? അതു കഴിഞ്ഞുള്ള തിരക്കൊക്കെ മതി നിനക്ക്. ” അമ്മ കട്ടായം പറഞ്ഞതോടെ ആള് ഒതുങ്ങിയ മട്ടാണ്‌.പക്ഷെ എനിക്ക് വലിയ സന്തോഷമൊന്നും തോന്നിയില്ല. അങ്ങേരുടെ കൂടെ എവിടെ പോയാലും അവാർഡ് ഫിലിം കാണാൻ പോയ പോലെ ആവും. അതൊക്കെ ആലോചിച്ചു ഇരിക്കുമ്പോളാണ് കിച്ചു എന്റെ നേരെ തിരിഞ്ഞത്.

“അല്ല ഏട്ടത്തി… എന്താ ഇന്നത്തെ പ്രധാന ന്യൂസ്‌? ” ആ ചോദ്യം കഴിഞ്ഞതും കിച്ചുവും അമ്മയും കൂടി പരസ്പരം നോക്കി ചിരിച്ചു.സത്യം പറഞ്ഞാൽ അപ്പോഴാണ് കയ്യിലെ പത്രത്തിന്റെ കാര്യം ഞാൻ ഓർത്തത്‌ തന്നെ. H.P യും മുഖം ചുളിച്ചു നോക്കുന്നത് കണ്ടു. ഞാൻ വേഗം പ്രധാനപ്പെട്ട ന്യൂസ്‌ പരതാൻ തുടങ്ങി. അതോടെ കിച്ചു അവന്റെ കയ്യിലുള്ള പത്രമെടുത്തു എന്റെ കയ്യിൽ തന്നു. “ഇന്നത്തെ ചൂടുള്ള വാർത്ത അറിയാനെ ഈ പത്രത്തിൽ നോക്കണം. അല്ലാതെ ഇന്നലത്തെ പത്രവും എടുത്ത് ഭർത്താവിനെയും നോക്കി ഇരുന്നാൽ ഇന്നത്തെ വാർത്തകൾ ഒന്നും തെളിയില്ല. ” അതോടെ അമ്മയുടെയും കിച്ചുവിന്റെയും ചിരി ഉയർന്നു.

ഞാൻ ആകെ നാണം കേട്ടു എന്ന് പറഞ്ഞാൽ മതിയല്ലോ. H.P ആണെങ്കിൽ ഇതൊക്കെ ഇപ്പോൾ എന്ന വിധത്തിൽ നോക്കുന്നത് കണ്ടു. അവസാനം രക്ഷയില്ലാതെ പത്രവും അവിടെ വച്ചു ഞാൻ മുങ്ങി. അന്ന് മുഴുവൻ കിച്ചുവിന്റെ കളിയാക്കലായിരുന്നു. ആദ്യമൊക്കെ അമ്മയും കൂടിയെങ്കിലും പിന്നെ പിന്നെ എന്നോട് പാവം തോന്നി അമ്മ കിച്ചുനെ ഓടിച്ചു വിട്ടു. എന്തായാലും H.P യോടാണ് അമ്മയ്ക്ക് സ്നേഹക്കൂടുതൽ എന്ന അവന്റെ പരിഭവം എന്റെ വരവോടെ നിലച്ചു.അതവൻ തുറന്നു പറയുകയും ചെയ്തു.ഇപ്പോൾ അമ്മ എന്റെ മോള്.. എന്റെ മോള്.. എന്നും പറഞ്ഞു എപ്പോഴും എന്റെ പുറകേയാ.

എന്തിനേറെ പറയുന്നു അമ്മയുടെ സ്നേഹക്കാര്യത്തിൽ ദിയയ്‌ക്കു പോലും എന്നോടിത്തിരി അസൂയ ഉണ്ടെന്നു തോന്നി. ഇടയ്ക്കിടെ അമ്മയുടെ ശ്രദ്ധ പിടിച്ചു പറ്റാനായി ഓരോ കാരണങ്ങൾ ഉണ്ടാക്കി വരുന്നുണ്ടായിരുന്നു. ഞാനും ദിയയോട് അടുത്തിടപഴകാൻ ഒത്തിരി ശ്രമിച്ചു.പക്ഷെ അവളെന്നെ അടുപ്പിക്കുന്നില്ലായിരുന്നു.സംസാരിക്കാൻ ഒത്തിരി ശ്രമിച്ചെങ്കിലും മൈൻഡ് ചെയ്യാൻ ഭാവം ഇല്ലെന്നു തോന്നി.എന്നെ അത്ഭുതപ്പെടുത്തിയ കാര്യം മറ്റൊന്നാണ് എല്ലാവരുടെയും മുൻപിൽ വച്ചു ഏട്ടത്തി എന്നൊക്കെ വിളിച്ച് സ്നേഹത്തോടെ ചിരിച്ചു കളിച്ചു പെരുമാറുന്നുണ്ട്.

എന്നാൽ ഞങ്ങൾ മാത്രം ഉള്ളപ്പോൾ താൻ, നീ, ചന്ദന എന്നൊക്കെയാണ് എന്നോടുള്ള പ്രയോഗങ്ങൾ.ആകെ മൊത്തം ഒരു സ്പെല്ലിങ് മിസ്റ്റേക്ക്. എന്തായാലും അതോടെ ആ ശ്രമം ഞാനും ഉപേക്ഷിച്ചു. ഇന്ന് ചാരുവിന്റെ വക വിളി നേരത്തെ തന്നെ ഉണ്ടായി.ഞാൻ അതു പ്രതീക്ഷിച്ചതുമാണ്. ചോദിച്ചപ്പോൾ എന്റെ കാര്യങ്ങൾ അറിയാൻ ഉള്ള ആകാംക്ഷയിൽ വിളിച്ചതാണെന്നു പറഞ്ഞെങ്കിലും അവളുടെയീ ശുഷ്‌കാന്തിക്കു കാരണം വേറെയാണെന്നു എനിക്ക് മനസ്സിലായി.

ചോദിച്ചപ്പോൾ ആദ്യം ഭയങ്കര ഡിമാൻഡ് ഇട്ടു നിന്നെങ്കിലും കിച്ചുവിന്റെ കാര്യം ഒഴികെ ബാക്കി എല്ലാവരുടെയും വിശേഷങ്ങൾ ഞാൻ പറഞ്ഞതോടെ അവള് ആയുധം വച്ചു കീഴടങ്ങി. അതോടെ അവര് വന്ന വിശേഷവും, H.P യും ദിയയും മൈൻഡ് ചെയ്യാത്ത കാര്യവും, നാളെ മുതൽ വിരുന്നു പോവാനുള്ള അമ്മയുടെ ഓർഡറും എല്ലാം അവളോട്‌ പറഞ്ഞു. എന്തായാലും ഇനി ദിയ ഇങ്ങോട്ട് വരട്ടെ എന്ന നിലപാട് തന്നെയാണ് അവളും പറഞ്ഞത്.പിന്നെ H.P യെ വളയ്ക്കാനുള്ള പുതിയ തന്ത്രങ്ങൾ കൂടി ആവിഷ്കരിച്ചു ഞങ്ങൾ ഫോൺ വച്ചു. ഇന്ന് വീട്ടിലെ അംഗങ്ങൾ എല്ലാം ഉള്ളത് കൊണ്ട് ആകെ മൊത്തം തിരക്കു തന്നെയായിരുന്നു.

എല്ലാം കഴിഞ്ഞ് രാത്രി അത്യാവശ്യം വൈകിയാണ് മുകളിലേക്കു പോകാൻ കഴിഞ്ഞത്. പപ്പാ ഇന്ന് വൈകിട്ടു തന്നെ വിളിച്ചിരുന്നു. അതേതായാലും നന്നായി എന്ന് തോന്നി.റൂമിൽ ചെന്നപ്പോൾ H.P യെ കണ്ടില്ല. പതിവുപോലെ ബാൽക്കണിയിൽ കുത്തിക്കൊണ്ടു ഇരിപ്പുണ്ടാകും.ഇന്നെന്തായാലും പതിവുപോലെ അവിടെ പോയി ഇരിക്കുന്നില്ല. ഒന്ന് ഫ്രഷ്‌ ആയി വേഗം കിടന്നുറങ്ങണം എന്ന് തോന്നി.അത്രയ്ക്ക് ക്ഷീണമുണ്ട്. ഡ്രസ്സ്‌ എടുക്കാൻ വാഡ്രോബ് തുറന്നപ്പോളാണ് ടെറസ്സിൽ വിരിച്ച തുണികളുടെ കാര്യം ഓർമ വന്നത്. ഇന്നത്തെ തിരക്കിനിടയിൽ അതും മറന്നിരുന്നു.

എന്തായാലും ആദ്യം അതെടുത്തു കളയാം എന്ന് കരുതി നേരെ ടെറസിലേക്കു വിട്ടു. അവിടേക്കുള്ള ലൈറ്റ് ഇട്ട് വാതിൽ തുറക്കാൻ നോക്കിയപ്പോൾ അത് ചാരിയിട്ടേ ഉണ്ടായിരുന്നുള്ളൂ. ഞാൻ വാതിൽ തുറന്നതും ഒരു വെളുത്ത രൂപം ഇരുട്ടിൽ നിന്ന് ഓടി എന്റെ അടുത്തേക്ക് വന്നു.ചാരു ഇടയ്ക്കിടെ തള്ളിമറിയ്ക്കുന്ന യക്ഷിയുടെയും മറുതയുടെയും കഥകളാണ് ആ കാഴ്ചയിൽ ചിന്തയിലേക്ക് ആദ്യം പാഞ്ഞെത്തിയത്.

പെട്ടന്നങ്ങനെയൊക്കെ കണ്ട ഷോക്കിൽ ശബ്ദം പുറത്തു വന്നില്ലെങ്കിലും സർവ ശക്തിയും സംഭരിച്ചു അടുത്ത നിമിഷം തന്നെ ഞാൻ അലറിവിളിച്ചു.എന്റെ ശബ്ദം ആ വീട്ടിലാകെ പ്രകമ്പനം കൊള്ളുന്നതിനിടയിൽ ആ രൂപം വെളിച്ചത്തിലെത്തിയിരുന്നു.അടുത്ത നിമിഷത്തിൽ അത് ദിയയാണെന്ന തിരിച്ചറിവ് ഉണ്ടായപ്പോഴേക്കും പുറകിൽ ഒരു നിഴൽ രൂപം കൂടി വെളിച്ചത്തിലേയ്ക്കു അടുക്കുന്നുണ്ടായിരുന്നു….തുടരും

ഹരി ചന്ദനം: ഭാഗം 12

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!