ഒരു ചെമ്പകപ്പൂവിന്റെ ഓർമ്മയ്ക്ക്: ഭാഗം 9

Share with your friends

എഴുത്തുകാരി: ദിവ്യ കഷ്യപ്പ്

“അമ്മ കിടക്കൂ… ക്ഷീണം ഉണ്ട് നല്ലതു പോലെ… ഒന്നുറങ്ങി എഴുന്നേൽക്കുമ്പോൾ ശരിയാവും… “നവി അവരെ പതുക്കെ കിടക്കയിലേക്ക് കിടത്തി… കിടന്നുവെങ്കിലും ശ്രീദേവി നവിയുടെ കയ്യിലെ പിടി വിട്ടില്ല… “ദേവാ.. മോൻ പോകുവോ ഇനി… അമ്മയുടെ അടുത്തിരിക്കുവോ… പോകല്ലേ മോനെ.. അമ്മയ്ക്ക് പേടിയാ.. ഗൗരൂട്ടിയും പേടിക്കും നീ പോയാൽ…. “ഞാൻ പോവില്ലാമ്മേ… ദാ ഇവിടെ അടുത്തില്ലേ…. “നവി അവരുടെ കൈകളിൽ അമർത്തിപ്പിടിച്ചുകൊണ്ട് അടുത്തിരുന്നു… അവനെ നോക്കി മന്ദഹസിച്ചു കൊണ്ട് അവർ കിടന്നു…

ഇടക്കെപ്പോഴോ എന്നിട്ട് ഉറക്കത്തിലേക്കു ആണ്ടു പോയി…. “മുത്തശ്ശി… അമ്മയെ ഏത് ഡോക്ടറെയാ കാണിക്കുന്നേ… “നവി മുത്തശ്ശിയോട് ചോദിച്ചു… “അറീല്ല മോനെ… ടൗണിലാ… ഗൗരിയാ വണ്ടി പിടിച്ചു കൊണ്ട് പോകുന്നെ… ” അവൻ മേശപ്പുറത്തിരുന്ന മരുന്നിന്റെ ബോക്സ്‌ തുറന്നു ഓരോന്നും എടുത്തു പരിശോധിച്ചു… എല്ലാം തന്നെ സർവ്വ നാഡി ഞരമ്പുകളെയും തളർത്തി കളയുന്ന സെഡേഷൻ ഉള്ള ഹൈ ഡോസ് ഗുളികകൾ… നവി ശ്രീദേവി അമ്മയുടെ മുഖത്തേക്ക് നോക്കി… പാവം നല്ല തളർച്ചയുണ്ട്.. ഏതോ സൈക്കാർട്ടിസ്റ്റിന്റെ വിഷമുള്ള ഗുളികകളിൽ നിന്നും ഉണ്ടായ തളർച്ച…

അവൻ മെല്ലെ ശ്രീദേവിയുടെ കൈ അടർത്തി മാറ്റി എഴുന്നേറ്റു…. മുറ്റത്താരോ പുരാണക്കാർ വന്നതും മുത്തശ്ശി അവരോടൊപ്പം പുരാണിക്കാൻ പോയി… അവൻ ഭദ്രകുട്ടിയുമായി ഓരോ മുറിയും കയറിയിറങ്ങി കണ്ടു… ആ കാ‍ന്താരി ഉള്ളപ്പോൾ ഇതിന്റെ ഏഴയലത്ത് കയറ്റില്ല… ഇപ്പോഴേ ഒന്ന് കാണാൻ പറ്റൂ… നവി മനസ്സിൽ ഓർത്തു… ഒരു മുറിയിൽ കയറിയപ്പോൾ അത് ഗൗരി കിടക്കുന്ന മുറിയാണെന്ന് അവന് മനസിലായി… ഒരു വശത്തുള്ള അയയിൽ അവളുടെ ദാവണിയും സാരിയുമൊക്കെ മടക്കിയിട്ടിരുന്നു… മേശപ്പുറത്തു എഴുത്തു പുരയിൽ ഇരിക്കുന്ന പോലത്തെ അച്ഛന്റെ ഒരു ഫോട്ടോ…

ചെറുതാണെങ്കിലും വൃത്തിയുള്ള മുറി… പെട്ടെന്നാണ് മേശപ്പുറത്തിരിക്കുന്ന ഫോൺ അവൻ കണ്ടത്… വെറുതെ എടുത്ത് ഓൺ ചെയ്തു നോക്കി… ലോക്കൊന്നും ഇട്ടിട്ടുണ്ടായിരുന്നില്ല.. വാൾ പേപ്പർ ആയിട്ടിരുന്ന സുമുഖനായ ഒരു ചെറുപ്പക്കാരന്റെ ഫോട്ടോ കണ്ട് നവിയുടെ ഇടനെഞ്ചിലൂടെ ഒരു മിന്നൽ പിണർ പാഞ്ഞുപോയി… മുറിയിൽ ഇരുട്ടായിരുന്നത് കൊണ്ട് അവന് അത് നന്നായി കാണാൻ കഴിഞ്ഞില്ല… അവൻ അടുക്കളപ്പുറത്തെ തിണ്ണയിലേക്കിറങ്ങി നിന്ന് ആ ഫോട്ടോയിലേക്ക് നോക്കി… “ഇവിടിരിക്കാം… ഡോക്ടറേട്ടാ… “ഭദ്രക്കുട്ടി അവന്റെ കയ്യിൽ തൂങ്ങി കൊണ്ട് അവിടുത്തെ അര ഭിത്തിയിലേക്കിരുന്നു..

“ഇത് ഞങ്ങളുടെ ഇഷ്ടപ്പെട്ട സ്ഥലവാ… എന്റേം ഗൗരിയേച്ചീടേം… ഇവിടിരുന്നാൽ കൽക്കണ്ടകുന്ന് കാണാല്ലോ.. ദേ…. “ഭദ്രക്കുട്ടി ദൂരേക്ക് വിരൽ ചൂണ്ടി…. ഒന്നും കേൾക്കാൻ ഒരു മാനസികാവസ്ഥയിൽ ആയിരുന്നില്ല നവി.. അവൻ വീണ്ടും ആ ഫോട്ടോയിലേക്ക് നോക്കി… മനസ് കൈവിട്ടു പോകുന്നുണ്ടായിരുന്നു അവന്റെ… “കരിനീല ഷർട്ടും കസവു മുണ്ടും ധരിച്ചു നെറ്റിയിൽ ചന്ദനക്കുറിയും തൊട്ട് നല്ല കട്ടി മീശയൊക്കെ ആയി…ചുണ്ടിൽ നറു പുഞ്ചിരിയുമായി കൈകെട്ടി നിൽക്കുന്ന ഒരു സുമുഖന്റെ ഫോട്ടോ… ” നവി ആ ഫോട്ടോയിലേക്ക് നോക്കുന്നത് കണ്ട് ഭദ്രക്കുട്ടി പറഞ്ഞു..

“ഇത് ദേവേട്ടൻ അല്ലേ… അയ്യോ ഇത് ഗൗരിചേച്ചിടെ ഫോൺ അല്ലേ… ” “മ്മ്… ആരാ ദേവേട്ടൻ… “? നവി ചോദിച്ചു.. “ഇവിടുത്തെ ശ്രീദേവി അമ്മേടെ ചേട്ടന്റെ മോൻ … ഗൗരി ചേച്ചിടെ ലൗ… ” നവി ഞെട്ടലോടെ ഭദ്രയെ നോക്കി.. “എന്നിട്ട്… ഒരീസം….. “ഭദ്രേ… ഈ കുട്ടി ഇവിടില്ലേ… ഡി…. കല്യാണ വീട്ടിൽ പോകണ്ടേ… “രാധികേച്ചി ആണ്.. “ദാ.. വരുന്നു… “ഭദ്ര പുറത്തേക്കെടുത്തോടി നവി കൽക്കണ്ടക്കുന്നിലേക്ക് നോക്കി.. ദീപം തെളിഞ്ഞു നിൽപ്പുണ്ട്… അതിലേക്ക് നോക്കും തോറും മിഴികൾ നിറഞ്ഞു നിറഞ്ഞു വരുന്നുണ്ടായിരുന്നു നവിയുടെ..

ഉച്ചക്ക് ഊണ് കഴിക്കാൻ പോകാതെ നവി കസേരയിലേക്ക് തല ചായ്ച്ചു മിഴികളടച്ചു കിടന്നു… ഗൗരിയുടെ മുഖമാണ് മനസ്സിൽ… എന്തിനോ വേണ്ടി വെറുതെ തോന്നിയോരിഷ്ടം… മുറച്ചെറുക്കൻ മനസ്സിൽ ഉണ്ടെന്നു അറിഞ്ഞില്ല… ആ മനസ്സിൽ താൻ ഉണ്ടാകും എന്ന് വെറുതെ നിനച്ചു… നമുക്കിഷ്ടമുള്ള ഒരാൾടെ മനസ്സിൽ വേറെ ഒരാൾ ആണെന്നറിയുമ്പോഴുള്ള ഒരു വിങ്ങൽ… അത് അവൻ അനുഭവിച്ചറിയുകയായിരുന്നു.. “നവനീത്… കഴിക്കുന്നില്ലേ… “നിരഞ്ജന ആണ്… “ഇല്ല.. ഇയാൾ കഴിച്ചോളൂ… “നവി മെല്ലെ എഴുന്നേറ്റു… “ദാ… ഞാൻ കൊണ്ട് വന്നിട്ടുണ്ട്…. “അവൾ പൊതിച്ചോറ് മേശപ്പുറത്ത് വെച്ചു…

നവി അവളെ നോക്കി… “ഇത് വേണ്ടായിരുന്നു… നിരഞ്ജന… ” “ഇപ്പൊ ഏതായാലും കഴിക്കൂ… കൊണ്ട് വന്നു പോയില്ലേ…”നിരഞ്ജന ചിരിയോടെ പൊതിച്ചോറ് അവന്റെ മുന്നിലേക്ക് വെച്ചു… അവളുടെ ഒപ്പമിരുന്ന് അവൻ കഴിച്ചു തുടങ്ങി…. “അടുത്ത വീക്കെന്റ് ഞാൻ വീട്ടിൽ പോകുന്നുണ്ട്… നവനീത് വരുന്നോ… തൃശൂർക്ക്… എന്റെ നാട്ടിൽ… അച്ഛനും അമ്മയും അനിയത്തിയും ഉണ്ടവിടെ… രണ്ട് ദിവസം നിന്നിട്ട് പോരാം… “നിരഞ്ജന ചോദ്യഭാവത്തിൽ അവനെ നോക്കി… “ന്റെ മൂഡ് ശരിയല്ല നിരഞ്ജന… പിന്നീടൊരിക്കൽ ആവാം… “അവൻ കഴിപ്പ് മതിയാക്കി എഴുന്നേറ്റു…

വൈകിട്ട് വാര്യത്ത് ചെല്ലുമ്പോൾ വൈകിയിരുന്നു… മനഃപൂർവം വൈകിയതാണ്… ദിവാകരേട്ടന്റെ ചായ കടയിൽ കയറി വെറുതെ വർത്തമാനം പറഞ്ഞിരുന്നു.. കാറിൽ നിന്നിറങ്ങുമ്പോൾ ഗൗരി വിളക്ക് വെക്കുന്നത് കണ്ടു… നാമം ചൊല്ലാനിരിക്കുന്നതിനു മുൻപ് ഇങ്ങോട്ട് നോക്കുന്നത് കണ്ടു… അവൻ അൽപനേരം അറിയാതെ നോക്കി നിന്ന് പോയി അവളെ… മെല്ലെ പടിയിറങ്ങി അരികിലേക്ക് വരുന്നത് കണ്ടു അന്തിച്ചു പോയി നവി… അത് പതിവുള്ളതല്ല… “മുത്തശ്ശിക്ക് ഒരു പനി പോലെ… കിടക്കുവാ.. ചായ വേണോ ഇപ്പൊ… “അവളുടെ പതിഞ്ഞ ചോദ്യം കേട്ട് അവൻ അത്ഭുതത്തോടെ അവളെ നോക്കി… “ഇത് ഗൗരി തന്നെയാണോ….

“അറിയാതെ ചോദിച്ചു പോയി… “എന്തേ… ” “അല്ല… ഇത്രയും നന്നായി ഇതുവരെ സംസാരിച്ചിട്ടില്ലല്ലോ അതാ… ” “ഓ.. അതാണോ… പൈസ വാങ്ങുന്നുണ്ടല്ലോ ആഹാരത്തിനു… അതിന്റെ ഒരു മര്യാദ കാണിച്ചെന്നേയുള്ളു….അല്ലാതൊന്നുമില്ല.. “ഗൗരി പറഞ്ഞു.. “ചായ വേണ്ട… പിന്നെ മുത്തശ്ശിക്ക് ടാബ്‌ലറ്റ് വല്ലതും വേണോ… പനിയുണ്ടോ.. ” “മുത്തശ്ശിക്ക് അലോപ്പതി ഒന്നും പിടിക്കൂല്ല നല്ല ചുക്കും കുരുമുളകും ഇട്ട് കാപ്പി ഇട്ട് കൊടുത്തിട്ടുണ്ട്… പനി വിട്ടോളും… “ഗൗരി തിരിഞ്ഞു നടന്നു… ആ പോക്കും നോക്കി നവി നിന്നു…

എന്റെയല്ല… ഇവൾ… ദേവന്റെ പെണ്ണാണ്… നവിയുടെ മനസ്സിൽ ദേവന്റെ മുഖം തെളിഞ്ഞു വന്നു…. എന്തോ ഒരു കുശുമ്പും സങ്കടവുമൊക്കെ മനസിലൂടെ കടന്ന് പോയി.. എവിടാരിക്കും അയാൾ… വല്ല ജോലി സ്ഥലത്തും ആയിരിക്കുവോ… അങ്ങനെയെങ്കിൽ ഇവരെ ഇവിടെ ഇട്ട് ഇങ്ങനെ കഷ്ടപ്പെടുത്തുന്നത് എന്തിനായിരിക്കും… കൂടെ കൊണ്ട് പൊയ്ക്കൂടേ…. പല വിധ ചിന്തകളിൽ പെട്ട് നവിയുടെ മനസിടറി…. വേഷം മാറി വന്നു അരഭിത്തിയിൽ കയറിയിരുന്നു കയ്യിലെടുത്തു വെച്ചിരുന്ന ചെമ്പകപ്പൂവിലേക്ക് നോക്കി… വെറുതെ അത് വാസനിച്ചു… ആ പൂവെടുത്ത് ചുണ്ടിലേക്ക് അമർത്തിയിട്ട് അവൻ കണ്ണുകളടച്ചു…

“എനിക്കിഷ്ടമാണ് ഗൗരി നിന്നെ… വേറെ ആര് നിന്നെ സ്നേഹിച്ചാലും… നീ ആരെ സ്നേഹിച്ചാലും… എനിക്ക് നിന്നെ വേണം ഗൗരി… ” ഒത്തിരി സങ്കടം ഇങ്ങ് ഇരട്ടിച്ചു വന്നപ്പോൾ നവി അച്ഛമ്മയെ വിളിച്ചു “എന്താ അച്ഛമ്മേടെ അമ്പാടി കുട്ടന്.. ശബ്ദമൊക്കെ ഇടറി ഇരിക്കുന്നെ… ” “ഒന്നൂല്ല… ” “പറയെടാ കണ്ണാ… ” “ഇനി വരുമ്പോൾ പറയാം… പക്ഷെ പ്രാർത്ഥിക്കുവോ എന്റെ ഒരിഷ്ടം നടക്കാൻ… “കൊച്ചു കുട്ടികളെ പോലെ അവൻ ചോദിക്കുന്നത് കേട്ട് അച്ഛമ്മ അമ്പരന്നു… “ന്താണേലും നടക്കും…

അച്ഛമ്മയാ പറയണേ… ന്റെ അമ്പാടിയുടെ ഇഷ്ടമേ നടക്കൂ… ഉറപ്പ്… മഹാദേവൻ കാക്കും… ” ആ ആശ്വാസവാക്കിൻ പുറത്ത് തൽക്കാലത്തേക്ക് തണുത്ത മനസുമായി നവി ആ അരഭിത്തിയിൽ കൈ പിണച്ചു കെട്ടി പുറകിലേക്ക് വെച്ചു കിടന്നു… ആകാശത്തു അവനെ തന്നെ നോക്കി ചിരിച്ച്‌ ശതകോടി നക്ഷത്രങ്ങൾ അവന് കാവലായി നിന്നു….. 😊dk❣️ ദിവ്യകശ്യപ് 🌷🌷

ഒരു ചെമ്പകപ്പൂവിന്റെ ഓർമ്മയ്ക്ക്: ഭാഗം 8

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!