ശിവമല്ലിക്കാവിലെ സ്വർണ്ണനാഗം: ഭാഗം 8

Share with your friends

എഴുത്തുകാരി: ജീന ജാനഗി

കണ്ടാൽ നാൽപത്തഞ്ച് വയസുള്ള ഒരു മധ്യവയസ്കൻ മുന്പിൽ നിൽക്കുന്നു. ആരോഗ്യദൃഡഗാത്രമായ ശരീരം. തലയുടെ അവിടവിടെയായി നരച്ച മുടികൾ എത്തി നോക്കുന്നു. ഇടുപ്പിൽ ഒരു തോർത്ത് കെട്ടിയിട്ടുണ്ട്. അയാൾ ചോദ്യഭാവത്തിൽ ഇരുവരെയും നോക്കി. “ആരാ ? ” “ഞങ്ങൾ കുറച്ചു ദൂരെ നിന്നും വരികയാണ്. ഞങ്ങൾക്ക് വാമദേവൻ നമ്പൂതിരിയെ ഒന്നു കാണണം….” “ആരാ രാമാ അപ്പുറത്ത് ? ” ക്ഷീണിച്ച സ്വരം അകത്തു നിന്നും കേട്ടു. “അങ്ങയെ കാണാൻ രണ്ടു പേര് വന്നിരിക്കുന്നു .” അയാൾ ഭവ്യതയോടെ വിളിച്ചു പറഞ്ഞു. ആ വ്യക്തിയാണ് അവിടത്തെ കാര്യസ്ഥൻ എന്നവർക്ക് മനസ്സിലായി.

“അകത്തേക്ക് വരിക……” ഇരുവരും അയാളുടെ പുറകേ നടന്നു…. പഴയൊരു മന. കുറഞ്ഞത് ഒരു നൂറ്റമ്പതോളം വർഷം പഴക്കം കാണും. നേരിയൊരു വെളിച്ചം മാത്രമേ ഉള്ളൂ. വെളിച്ചം പോലും എത്തിനോക്കാൻ ഭയക്കുന്ന പോലെ ദത്തന് തോന്നി. അർജുൻ അപ്പോഴാണ് ദത്തന്റെ കയ്യിലുള്ള കവർ ശ്രദ്ധിച്ചത്…. “ദത്താ…… എന്താ നിന്റെ കയ്യിൽ ? ” “ഇതൊരു പുസ്തകമാണ് …” “പുസ്തകമോ ? അതെന്തിനാ ഇവിടെ കൊണ്ട് വന്നത് ? ” “ആവശ്യമുണ്ട്. അത് നിനക്ക് വഴിയേ മനസ്സിലാകും……” അവർ അയാളുടെ പിന്നാലെ ചെന്ന് കയറിയത് ഒരു വിശാലമായ മുറിയിലാണ്.

അവിടെ അത്യാവശ്യം വെളിച്ചം ജനാലയിലൂടെ അകത്തേക്ക് വരുന്നുണ്ടായിരുന്നു. പഴയൊരു ചാരു കസേരയിൽ പ്രായം എഴുപതു കഴിഞ്ഞൊരു വൃദ്ധൻ ഇരിപ്പുണ്ടായിരുന്നു. അയാൾ നെറ്റി ചുളിച്ച് ഒന്ന് നോക്കിയ ശേഷം രാമനെ നോക്കി. അയാൾ ഒന്ന് തലകുലുക്കിയ ശേഷം പുറത്തിറങ്ങി പോയി. “ആരാ മനസ്സിലായില്ല…..” “എന്റെ പേര് ദത്തൻ. ഇതെന്റെ ഫ്രണ്ട് അർജുൻ…..” “എവിടുന്നാ നിങ്ങൾ വരുന്നത് ?” “ഞാൻ അമ്പാട്ട് തറവാട്ടിലെ ദേവനാരായണവർമ്മയുടെ മകനാണ്.” അമ്പാട്ട് തറവാടെന്ന് കേട്ടതും അയാളുടെ നെറ്റി ചുളിഞ്ഞു. “അമ്പാട്ട് തറവാട്ടിലെ കുട്ടി എന്താ ഇവിടെ ?” “എന്റെ ചില സംശയങ്ങൾക്ക് ഉത്തരം കണ്ടെത്താൻ വന്നതാണ്…”

“ഹാ…… എന്താ കഥ. മഹാമാന്ത്രികനായ ഒരാൾ തറവാട്ടിൽ തന്നെ ഉള്ളപ്പോൾ സംശയനിവാരണത്തിന് എന്തിനാ കുട്ട്യേ നീ ഇത്രടം വരെ വന്നത് ?” “വല്യത്താൻ എനിക്ക് ഉത്തരം തരില്ല എന്നുള്ളത് കൊണ്ടാണ് ഞാൻ ഇവിടെ വന്നത്. അങ്ങ് എന്നെ സഹായിക്കണം….” “എന്താ ഞാൻ ചെയ്യേണ്ടത് ?” “എനിക്ക് ശിവമല്ലിക്കാവിനെ കുറിച്ച് അറിയണം…. ” കാവിന്റെ പേര് കേട്ടതും ഇടിവെട്ടേറ്റ പോലെ അയാൾ നിന്നു. കണ്ണുകൾ ഭയം കൊണ്ട് നിറയുന്നത് അവർ കണ്ടു. “അതെന്തിനാ കുട്ടി നീ അറിയുന്നത് ?” “എനിക്കത് അറിഞ്ഞേ തീരൂ…..” അയാളുടെ കണ്ണുകൾ പതിയെ പിൽക്കാലത്തേക്ക് യാത്ര പോയി….. **************

അമ്പാട്ട് തറവാടിനേക്കാൾ പ്രൗഢഗംഭീരമായി തലയുയർത്തി നിൽക്കുന്ന മനയായിരുന്നു വെള്ളോട്ടു മന. മഹാമാന്ത്രികനായ സൂര്യനാരാണൻ നമ്പൂതിരിയായിരുന്നു അവിടുത്തെ കാരണവർ. വേദങ്ങളിലും സംഗീതങ്ങളിലും മന്ത്രതന്ത്രങ്ങളിലും അഗ്രകണ്യൻ…… സൂര്യനാരായണന്റെ സീമന്തപുത്രനായിരുന്നു വാമദേവൻ നമ്പൂതിരി. വാമദേവന്റെ ഗുരുനാഥനും സൂര്യനാരായണൻ തന്നെ ആയിരുന്നു. അച്ഛന്റെ കാലശേഷം കാരണവർ സ്ഥാനം വാമദേവനിലേക്കെത്തി. അച്ഛനെക്കാൾ കീർത്തി കേട്ട മാന്ത്രികൻ. വീണാവായനയിലും സംഗീതത്തിലും അദ്ദേഹത്തെ വെല്ലാൻ ആരുമില്ലെന്ന് തന്നെ പറയാം…..

നാനാ ദേശങ്ങളിൽ നിന്നും അയാളെ തിരക്കി ആളുകളുടെ വൻ പ്രവാഹമായിരുന്നു… അന്ന് ശിവമല്ലിക്കാവിൽ ലക്ഷദീപം തെളിയാത്ത നാളുകൾ വിരളമായിരുന്നു. ഉദ്ദിഷ്ടകാര്യലബ്ദിക്ക് യക്ഷിയമ്മയെ കാണാൻ വരുന്നവർ കുറവല്ലായിരുന്നു. വാമദേവൻ നമ്പൂതിരിയുടെ കീർത്തി കേട്ടറിഞ്ഞായിരുന്നു അമ്പാട്ടെ വല്യത്താനും മാന്ത്രികൻ ആകണമെന്ന മോഹമുദിച്ചത്. നാളുകുറിച്ച് രാഹുകാലം നോക്കി വല്യത്താൻ വാമദേവന്റെ അടുത്തെത്തി. എത്ര കാഠിന്യമേറിയ മന്ത്രമായാലും നിഷ്പ്രയാസം പഠിച്ചെടുക്കുന്ന വല്യത്താൻ അധികം വൈകാതെ വാമദേവന്റെ പ്രിയ ശിഷ്യനായി മാറി…….

ആർക്കും പറഞ്ഞു കൊടുക്കാത്ത അതി വിശിഷ്ടമായ പല അറിവുകളും അയാൾ തന്റെ പ്രിയ ശിഷ്യന് ഉപദേശിച്ചു കൊടുത്തു. അമ്മയും അനുജത്തിയും അനിയനും ഭാര്യയും അടങ്ങുന്നതായിരുന്നു വാമദേവന്റെ കുടുംബം. വല്യത്താൻ പിന്നീട് അവിടത്തെ ഒരു അംഗത്തെ പോലെയായി….. അങ്ങനെ ഇരിക്കെ ഒരു ദിവസം ഏതോ ചർച്ചയ്ക്കിടെ വാമദേവൻ നാഗമാണിക്യത്തെക്കുറിച്ച് അവിചാരിതമായി പരാമർശിച്ചു….. അധികം അറിയാത്തതുകൊണ്ട് വല്യത്താൻ തന്റെ സംശയം തുറന്നു ചോദിച്ചു ; “നാഗമാണിക്യം ? എന്താണ് അതിന്റെ പ്രത്യേകത ?”

വാമദേവൻ നമ്പൂതിരി നാഗമാണിക്യത്തിന്റെ കഥ പറയാൻ തുടങ്ങി….. “ശിവഭഗവാന്റെ സമ്പത്താണ് നാഗമാണിക്യം. അതിശക്തിശാലിയായിരുന്ന നാഗയക്ഷിയമ്മയായിരുന്നു ആദ്യം നാഗമാണിക്യത്തെ സംരക്ഷിച്ചിരുന്നത്. പിന്നീട് ധ്യാനത്തിൽ മുഴുകി. ധ്യാനത്തിൽ നിന്നുണരും വരെ നാഗമാണിക്യത്തെ സംരക്ഷിക്കുവാനായി ഒരു നാഗകന്യകയെ ചുമതലയേൽപ്പിച്ചു. കൊടും വിഷമുള്ളൊരു കരിനാഗം. അവളാണ് ‘നാഗനന്ദിനി ‘. ” വല്യത്താൻ സൂഷ്മമായി കേട്ടിരുന്നു. വാമദേവൻ തുടർന്നു….. “ശിവമല്ലിക്കാവിൽ ഭക്തിയോടെ എത്തുന്നവരെ അവൾ ഒന്ന് പേടിപ്പിച്ചിട്ടുകൂടി ഇല്ല.

ലക്ഷംദീപം തെളിയിക്കുമ്പോഴും നാഗരൂട്ട് നടക്കുമ്പോഴും ആൽത്തറയുടെ കോണിൽ അവളുണ്ടായിരിക്കും. എല്ലാവരും നാഗനന്ദിനിയെ ദൈവീക ശക്തിയുള്ള നാഗമായി കണ്ട് ആരാധിച്ചു…….. അധികം സമയവും കാവിൽ തന്നെയാണ് അവൾ ചിലവഴിച്ചിരുന്നത്……… അതീവ ഭക്തയായിരുന്നു അവൾ….. നാഗമാണിക്യത്തെ സകല പരിശുദ്ധിയോടും കൂടി അവൾ സംരക്ഷിച്ചു പോന്നു…… അനന്തമായശക്തി അടങ്ങിയിരിക്കുന്ന അതിവിശിഷ്ടമായ കല്ല്. സാക്ഷാൽ മഹാദേവന്റെ സമ്പത്ത്………. ഒരു പ്രത്യേക ദിവസം അത് തനിയെ പ്രകാശിക്കും. ആരുടേയും കണ്ണഞ്ചിപ്പിക്കുന്നത്ര തീവ്രമായി തന്നെ പ്രകാശിക്കും….

അപ്പോൾ മാത്രമേ നമുക്ക് അത് കാണാൻ പറ്റുള്ളൂ…. വിലമതിക്കാനാവാത്ത അമൂല്യ രത്നം. അത് കയ്യിലുള്ളയാൾ അനന്തമായ ശക്തിക്കുടമയാകും…… ലോകം തന്നെ അധീനതയിലാക്കാൻ പോന്നത്ര ശക്തിയാണ് അതിലടങ്ങിയിട്ടുള്ളത്……” വല്യത്താന്റെ കണ്ണുകൾ തിളങ്ങി. അയാൾ പതിയെ വാമദേവനോട് ചോദിച്ചു ; “അവിടുത്തേക്ക് നാഗമാണിക്യം സ്വന്തമാക്കണം എന്ന് മോഹമില്ലേ ?” വാമദേവൻ ഒന്ന് ഞെട്ടി…… “അത് മഹാദേവന്റെ സമ്പത്താണ്. അത് സ്വന്തമാക്കുന്നത് പാപമല്ലേ ?” “എന്ത് പാപം ?

നമ്മൾ അത് ദുരുപയോഗം ചെയ്യുന്നില്ലല്ലോ . ഭക്തിയോടും ബഹുമാനത്തോടും സൂക്ഷിക്കും. അപ്പോൾ നമുക്ക് ഐശ്വര്യവും വന്നുചേരും….” തേൻചാലിച്ച വല്യത്താന്റെ വാക്കുകളിൽ ഒരു നിമിഷം വാമദേവൻ വീണുപോയി….. വല്യത്താൻ ചോദിച്ചു ; “എന്നാണ് പറ്റിയ സമയം ? ” വാമദേവൻ കണ്ണടച്ചു കൊണ്ട് മനക്കണക്ക് നോക്കിയ ശേഷം പറഞ്ഞു ; “ഇന്നേക്ക് നാലാം നാൾ…… നാഗമാണിക്യം സ്വയം തിളങ്ങുന്ന ദിവസം….. അന്ന് മാത്രമേ അത് സ്വന്തമാക്കാൻ സാധിക്കുള്ളൂ. ചെറിയൊരു പിഴവ് വന്നാൽ കരിനാഗം നമ്മളെ ഇല്ലാതാക്കും………” പുറത്ത് അശുഭലക്ഷണം പോലെ കാറ്റാഞ്ഞ് വീശി………. വാമദേവന് ഉറക്കം വന്നില്ല. അയാൾ മുറിയ്കുള്ളിലൂടെ തലങ്ങും വിലങ്ങും നടന്നു. മനസ് കലുഷിതമാണ്.

അയാൾ പൂജാമുറിയിലേക്ക് പോയി. നെയ്ത്തിരി നാളത്തിന്റെ ശോഭയിൽ പരദേവതയുടെ മുഖപ്രസാദത്തിന് പതിവിൽ കവിഞ്ഞൊരു ശോഭയുള്ളത് പോലെ തോന്നി. ദേവിക്ക് മുന്നിൽ കൈകൂപ്പി നിന്നപ്പോൾ മനസ്സിലെ ഭാരത്തിന് ഒരയവ് വന്ന പോലെ തോന്നി. വറ്റിത്തുടങ്ങിയ വിളക്കിലേക്കൽപ്പം നെയ് കൂടി പകർന്ന ശേഷം അയാൾ പൂജാമുറിയിൽ നിന്നും പുറത്തേക്ക് വന്നു. പുറത്ത് അയാളെ പ്രതീക്ഷിച്ചിട്ടെന്ന പോലെ രുഗ്മിണി നിന്നിരുന്നു….. തന്റെ ഇരുപത്തിരണ്ടാം വയസ്സിലാണ് അവളെ താലിചാർത്തി തന്റെ വേളിയാക്കിയത്. നാളിതു വരെ ഒന്നും തന്നെ അവളോട് ഒളിച്ചു വച്ചിട്ടില്ല.

വർഷങ്ങൾ കടന്നു പോയിട്ടും ഒരു കുഞ്ഞിനെ ദൈവം സമ്മാനിച്ചില്ല. വിശേഷങ്ങളിൽ പോകുമ്പോൾ എല്ലാവരും ഒളിഞ്ഞും തെളിഞ്ഞും ചോദിക്കാൻ തുടങ്ങിയതോടെ ആളുകൂടുന്നിടത്ത് പോകാൻ ആ പാവത്തിന് മടിയാണ്. പിന്നീട് അവളുടെ യാത്ര വീട്ടിലും അമ്പലത്തിലേക്കും മാത്രമായി ചുരുങ്ങി. ഒരിക്കലും അവൾ പരാതി പറഞ്ഞിട്ടില്ല. ദൈവത്തോട് പോലും. എല്ലാം വിധിയാണെന്ന് കരുതി കരഞ്ഞ് കാലം കഴിക്കുന്നൊരു സാധു ജന്മം….. അവൾ പതിയെ വാമദേവന്റെ അടുത്ത് വന്നു. അയാൾ അവളുടെ കണ്ണുകളിൽ നിന്നും തന്റെ നോട്ടം പിൻവലിച്ചു…. “എന്താ പറ്റിയത് ?

എന്തേലും അസ്വസ്ഥത ഉണ്ടോ ?” ഒന്ന് പരുങ്ങിയ ശേഷം വാമദേവൻ പറഞ്ഞു ; “ഏയ് എനിക്കൊന്നൂല്ല. നിനക്ക് തോന്നുന്നതാ രുക്കൂ……” “ഇന്ന് വൈകുന്നേരം തൊട്ട് ഞാൻ ശ്രദ്ധിക്കുന്നു….. എന്താ ഒരു വല്ലായ്മ ?” അയാൾ അവളുടെ അരികിൽ വന്നു. “ഒന്നുമില്ലെടോ….. താൻ ഓരോന്ന് ചിന്തിച്ച് ആധികയറണ്ട. ആട്ടെ ഇതുവരെയായിട്ടും ഉറങ്ങാത്തതെന്തേ ?” “അത് എന്താന്നറിയില്ല. മനസ്സിനൊരു സമാധാനം ഇല്ല. എന്തോ വലിയ ആപത്ത് വരാൻ പോകുന്നെന്നൊരു ഉൾവിളി പോലെ തോന്നുന്നു…..” അയാളൊന്ന് ഞെട്ടിയെങ്കിലും അത് പുറത്തു കാട്ടിയില്ല. പതിയെ വേളിയെ തന്റെ നെഞ്ചിലേക്ക് ചേർത്തു…..

“താനെന്തിനാ പേടിക്കുന്നത്. ഞാനുണ്ടല്ലോ…” വാമദേവൻ അവളെ മുറിയിൽ കൊണ്ട് കിടത്തി. പതിയെ അരികിൽ ഇരുന്നുകൊണ്ട് അവളുടെ തലയിൽ തലോടി. നിദ്രയിലേക്ക് വഴുതി വീണ രുഗ്മിണിയുടെ നിഷ്കളങ്കമായ മുഖത്തേക്ക് അയാൾ നോക്കിയിരുന്നു. പതിയെ മുഖത്തേക്ക് പാറി വീണ മുടിയിഴകൾ മാറ്റിയ ശേഷം വാമദേവൻ രുഗ്മിണിയുടെ നെറ്റിത്തടത്തിൽ ഒരു ചുംബനം നൽകിയ ശേഷം കിടക്കയിലേക്ക് ചാഞ്ഞു. നിദ്രാദേവി തന്നെ തുണയ്കില്ലെന്നറിഞ്ഞിട്ടും അയാൾ ഉറക്കത്തിനായ് മിഴികൾ പൂട്ടി. **********

അങ്ങ് ദൂരെ അമ്പാട്ട് തറവാട്ടിലും ഉറക്കം വരാതെ ഒരാൾ ഉലാത്തുന്നുണ്ടായിരുന്നു. ‘വല്യത്താൻ……….’ അയാൾ വരാൻ പോകുന്ന മധുരനിമിഷങ്ങളെ അയവിറക്കി നടക്കുകയായിരുന്നു. വാമദേവനിൽ മോഹം വളർത്തിയതിന് പിന്നിൽ അയാൾക്കൊരു ഗൂഢ ലക്ഷ്യങ്ങൾ ഉണ്ടായിരുന്നു. നാഗമാണിക്യം കിട്ടിയ ശേഷം അത് കൈക്കലാക്കി ഒരു നയത്തിൽ അയാളെ ഒഴിവാക്കുക….. നാഗമാണിക്യം കിട്ടിയാൽ പിന്നെ തന്റെ കീർത്തി നാടെങ്ങും പരക്കും. വാമദേവനെ കാണാൻ വന്നിരുന്ന ജനപ്രവാഹം ഇവിടേക്കും വരാൻ തുടങ്ങും. മഹാമാന്ത്രികൻ…….

അയാൾ പുളകം കൊണ്ടു. നാളിതുവരെയുള്ള തന്റെ ശ്രമങ്ങൾ പൂവണിയാൻ പോകുന്നു. ഇനി കുറച്ചു ദിവസങ്ങൾ കൂടി. നിമിഷങ്ങൾക്ക് പോലും യുഗങ്ങളേക്കാൾ ദൈർഘ്യം തോന്നി. വരാനിരിക്കുന്ന സുന്ദരസ്മരണകളിൽ മതിമറന്ന് അയാൾ നിദ്രയിലേക്കാണ്ടു പോയി. നിശയുടെ യാമങ്ങളോരോന്നായ് കൊഴിഞ്ഞു വീണു. വല്യത്താന് താൻ യാത്ര ചെയ്യും പോലെ തോന്നി. വഴുതുന്ന കല്ലിന്റെ മുകളിലാണ് താനിപ്പോൾ. ആ കല്ലുകൾ ഒഴുകി നടക്കുന്ന നിലയിലാണ്. വീഴാതിരിക്കാൻ നന്നേ പണിപ്പെട്ടു. കണ്ണിൽ കുത്തുന്നത്ര അന്ധകാരം നിറഞ്ഞിരുന്നു. കുറച്ചു ദൂരം പിന്നിട്ടപ്പോൾ അകലെ പൊട്ടുപോലൊരു വെളിച്ചം ദൃശ്യമായി……

അടുക്കും തോറും പ്രകാശത്തിന്റെ തീവ്രത ഏറിവരികയാണ്. അവസാനം അത് കണ്ണഞ്ചിപ്പിക്കുന്നത്ര തീവ്രമായി മാറി. വല്യത്താൻ തന്റെ കണ്ണുകൾ പൊത്തി. നിമിഷങ്ങൾക്കകം അതിന്റെ തിളക്കം കുറഞ്ഞുവന്നു…. വല്യത്താൻ കണ്ണുതിരുമ്മി നോക്കി. സമീപത്തായ് ഒരു കല്ലിന്റെ പുറത്ത് നാഗമാണിക്യം ദൃശ്യമായി. അയാളുടെ കണ്ണുകൾ വികസിച്ചു. അതെടുക്കുവാനായ് അയാളുടെ കൈ നീണ്ടു. പക്ഷേ പെട്ടെന്ന് തന്നെ നാഗമാണിക്യത്തിന് പുറകിൽ ഭീമാകാരമായ ഒരു സ്വർണ്ണനാഗം പ്രത്യക്ഷമായി.

തീയിൽ തൊട്ടപോലെ അയാൾ കൈ പിൻവലിച്ചു. ഉഗ്രകോപത്തോടെ ചീറുകയാണ് അത്. പിന്തിരിഞ്ഞു ഓടാൻ തുടങ്ങും മുമ്പ് വിശാലമായ വാലുകൊണ്ട് നാഗം വല്യത്താനെ വരിഞ്ഞു മുറുക്കി. അയാളിൽ നിന്നും ഞരക്കമുണ്ടായി. നാഗം അയാളെ അതിന്റെ പത്തിക്കടുത്തേക്ക് ചേർത്തു….. സ്വർണ്ണനാഗം അയാളെ ലക്ഷ്യമാക്കി തീ തുപ്പി. വല്യത്താനിൽ നിന്നൊരു ആർത്തനാദം ഉയർന്നു.. അയാൾ ഒരലർച്ചയോടെ നിലംപതിച്ചു…തുടരും

ശിവമല്ലിക്കാവിലെ സ്വർണ്ണനാഗം: ഭാഗം 7

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!