അദിതി : ഭാഗം 6

Share with your friends

എഴുത്തുകാരി: അപർണ കൃഷ്ണ

അദിതി മഹേശ്വർ രാജ്പുത്….. ഒരുപാടു നാളുകൾ എന്തിനെന്നറിയാതെ കാത്തിരുന്നതിനു ശേഷം ആണ് ഞാൻ അവളെ കാണുന്നത്, എങ്കിലും പരസ്പരം നേർത്ത ഒരു പുഞ്ചിരി സമ്മാനിച്ചതല്ലാതെ ഞാൻ അങ്ങോട്ട് ഒന്നും സംസാരിച്ചില്ല…… അല്ല ഞാൻ സംസാരിക്കുന്നതെന്തിനാ, അറിയാൻ ആഗ്രഹം ഉള്ളതെല്ലാം അവളുടെ വായിൽ നിന്ന് തന്നെ കേൾക്കുന്നുണ്ട്, ക്ലാസ്സിൽ ഉള്ള തെണ്ടികൾ എല്ലാം അവളെ വളഞ്ഞിരിക്കുകയാണ്. പാവത്തിനെ ഒന്ന് ശ്വാസം വിടാൻ പോലും സമ്മതിക്കുന്നില്ല.

എല്ലാവരും വളരെ ആകാംഷയോടെ അവളോട് ഓരോന്ന് ചോദിച്ചു കൊണ്ടിരിക്കുമ്പോൾ ഞാൻ സ്വയം ആലോചിക്കുകയായിരുന്നു, ജീവിതത്തിൽ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത ഈ വ്യക്തിയെ എനിക്കൊരുപാട് നാളുകളായി അറിയാം എന്ന് തോന്നുന്നത് എന്തുകൊണ്ടാകും എന്ന്……. ഞാൻ ഇതും ഓർത്തിരിക്കെ അദിതിയുടെ കണ്ണുകൾ എന്റേതുമായൊന്നു ഇടഞ്ഞു, ചുണ്ടിൽ ഒരു നേർത്ത പുഞ്ചിരിയോടെ അതൊരു നിമിഷം എന്റെ മുഖത്ത് തന്നെ നിന്നു. ചന്ദനനിറമുള്ള ഒരു അനാർക്കലി ചുരിദാർ ആയിരുന്നു അദിതിയുടെ വേഷം. ഒരുപക്ഷെ ഞാൻ അവളെ അത്തരം ഒരു വേഷത്തിൽ പ്രതീക്ഷിച്ചിരുന്നില്ല. കുറച്ചു കൂടി മോഡേൺ ആയ ഒരു രൂപം ആണ് പ്രതീക്ഷിച്ചത്.

ഇത് പക്ഷെ ഒരു ഗണത്തിലും പെടുത്താൻ കഴിയാത്ത എന്തൊക്കെയോ സവിശേഷതകൾ ഉള്ളത് പോലെ…. അല്ലെങ്കിലും പ്രതീക്ഷകൾ അസ്ഥാനത്തു ആകുമ്പോളല്ലേ നമ്മൾ ഒരു വ്യക്തിയെ കൂടുതൽ അറിയാൻ തുടങ്ങുന്നത്. വേഷത്തിൽ ഉള്ള ലാളിത്യം അദിതിയുടെ സംസാരത്തിലും പെരുമാറ്റത്തിലും ഒക്കെ കാണാൻ കഴിഞ്ഞു…. റോയിച്ചന്റെയും മാളൂന്റേം ഒക്കെ ചോദ്യങ്ങൾക്കു ശുദ്ധമായ ഇംഗ്ലീഷിൽ തന്റെ പതിഞ്ഞ സ്വരത്തിൽ അവൾ മറുപടി നൽകി കൊണ്ടിരുന്നു. രാജസ്ഥാൻ ആണ് പുള്ളിക്കാരിയുടെ സ്വദേശം എന്നറിയാൻ കഴിഞ്ഞു. ഇതിനു മുന്നേ പഠിച്ചതും വളർന്നതും എല്ലാം ബാംഗ്ലൂരിലും. എങ്കിലും അവൾക്കു മലയാളം അറിയാം എന്ന് എനിക്ക് തോന്നി. ചോദിച്ചില്ല.

സമയമായില്ല എന്നൊരു തോന്നൽ. അദിതിയുടെ രൂപത്തെ വിവരിക്കുകയാണെങ്കിൽ, നന്നേ വെളുത്തു മെലിഞ്ഞ ഒരു പെണ്കുട്ടി. അവളുടെ രൂപം ഒരു നർത്തകിയുടേതാണ് എന്ന് തോന്നുന്നു. ആകർഷണീയത മുഴുവൻ അവളുടെ വജ്രനിറമുള്ള കണ്ണുകൾക്കാണ്, കണ്ണുകളുടെ തിളക്കം അവളുടെ ഭംഗിക്ക് കൂടുതൽ മാറ്റു പകർന്നു. ചെമ്പൻ നിറമുള്ള മുടി പിന്നിയിട്ടിരിക്കുന്നു….. മറ്റു ചമയങ്ങൾ ഒന്നുമില്ലെങ്കിലും അവൾ അതിസുന്ദരി എന്ന് തന്നെ പറയാം…. പേർസണൽ ചോദ്യങ്ങൾ ആ കുട്ടിയെ അസ്വസ്ഥയാക്കുന്നുണ്ടാകുമോ എന്നെനിക്കു സംശയം തോന്നി….

പുഞ്ചിരിയോടെ ഓരോന്നിനും മറുപടി നൽകിക്കൊണ്ടിരുന്നു എങ്കിലും എന്തോ….. അടുത്ത നിമിഷം ക്ലാസിനു വേണ്ടി ബെല്ലടിച്ചതിനാൽ എല്ലാവരും അവളെ വിട്ടു അവരവരിലേക്കു മടങ്ങി. ക്ലാസ്സിൽ പുതുതായി എത്തിയ കുട്ടിയെ ഓരോ പീരീഡ് കഴിയുമ്പോഴും അദ്ധ്യാപകർ വന്നു പരിചയപ്പട്ടു കൊണ്ടിരുന്നു… അന്ന് വളരെ ഉത്സാഹത്തോടെ ആണ് ഞാൻ തിരികെ വീട്ടിൽ എത്തിയത്. അമ്മയും അപ്പയും ഒക്കെ എന്താ എന്നുള്ള അർഥത്തിൽ മുഖമുയർത്തി എങ്കിലും പറയാൻ അറിയാത്ത ഏതോ ഒരു കാരണത്താൽ ഞാൻ സന്തോഷവതി ആയിരുന്നു….. “എന്നാലും അപ്പാ ഈ കല്യാണത്തിന്റെ പേരും പറഞ്ഞു കുറെ വയസത്തികളുടെ ഇടയിൽ എന്നെ തള്ളി അപ്പ രക്ഷപെട്ടു കളഞ്ഞല്ലോ”….

ഇതും പറഞ്ഞു സോഫയിൽ ഇരുന്ന അപ്പയുടെ തോളിലേക്ക് ഞാൻ ചാരി കിടന്നു. പിന്നെ അമ്മക്ക് ദേഷ്യം വരാതെ ഇരിക്കോ, “അല്ലേലും ഞാൻ നിനക്ക് വയസ്സത്തിയാടി, നിനക്കും നിന്റെ അപ്പാക്കും എന്റെ ഒപ്പം എവിടേലും വരാൻ പറഞ്ഞാൽ കുറച്ചിൽ ആയി പോകുമല്ലോ” അമ്മയുടെ വർത്തമാനം കേട്ടതും അപ്പ എന്നെ നോക്കി കണ്ണുരുട്ടി. നല്ല ഒരു പാരയാണ് ഞാൻ അപ്പയ്ക്കിട്ടു പണിഞ്ഞത്, ഇനി അമ്മയെ തണുപ്പിക്കാൻ കുറെ പാടാണ്, അല്ലേലെ രാവിലെ അപ്പ കൂടെ കല്യാണത്തിന് പോകാതിന് കലിപ്പിൽ ഇരിക്കുവാരുന്നു. എന്റെ ഡയലോഗ് കൂടെ ആയപ്പോ മതിയായി.

ഞാൻ അപ്പയെ നോക്കി വെളുക്കനെ ഒരു ചിരി കൊടുത്തിട്ടു അവിടന്ന് സ്കൂട്ട് ആയി…… അപ്പ ഇനി പാട്ടുപാടി മഴ പെയ്യിച്ചു അമ്മേടെ ദേഷ്യം ഒക്കെ കളഞ്ഞു വരുമ്പോളത്തേക്കും നേരം കുറെ ആകും. അത് കഴിഞ്ഞു മിക്കവാറും ഒരു കറങ്ങാൻ പോക്കും ഉണ്ടാകും, അന്നേരം കെട്ടിയോനും കെട്ടിയോളും മാത്രമേ പോകൂ, നമ്മൾ ഔട്ട്. അല്ല എനിക്കിതു വരണം. ചുമ്മാ ഇരുന്ന അമ്മയെ ദേഷ്യം പിടിപ്പിച്ചത് ഈ ഞാൻ തന്നെ ആണല്ലോ… ദിവസങ്ങൾ പതിയെ കടന്നു പോയിക്കൊണ്ടിരുന്നു. ഇതിനിടയിൽ അദിതി ഞങ്ങളുടെ ക്ലാസ്സിൽ ഒരു പ്രധാന ഘടകമായി മാറിയിരുന്നു.

ഇടയ്ക്കിടെ ഉള്ള ഗുഡ്മോർണിംഗ് ഗുഡാഫ്റ്റർനൂൺ, പിന്നെയും ക്ലാസ്സിനെ സംബന്ധിക്കുന്ന കുറച്ചു വാക്കുകൾ…. അല്ലാതെ ഞാൻ അദിതിയുമായി വേറെ ഒന്നും സംസാരിച്ചതെ ഇല്ല…. . ഒരു പക്ഷെ എപ്പോഴും അവളുടെ ചുണ്ടുകളിൽ നിറഞ്ഞു നിന്നിരുന്ന ചെറു പുഞ്ചിരി മതിയായിരുന്നിരിക്കണം ഞങ്ങൾ തമ്മിലുള്ള ആശയ വിനിമയത്തിന്. സെമിനാറുകളും അസൈൻമെൻറ്കളും ഒക്കെ ആയി ദിവസങ്ങൾ കടന്നു പോയി, എന്നിരിക്കിലും ആ ദിവസങ്ങൾ ഒന്നും വിരസങ്ങൾ ആയിരുന്നില്ല.

ഓരോ ദിവസം ഓരോ വ്യക്തികൾ, ഓരോ അനുഭവങ്ങൾ കൂടെ എന്റെ പീക്കിരികളും… സംഭവബഹുലമായ ദിവസങ്ങൾ… ഈ കാലത്തിനിടയിൽ കോളേജിന്റെ ഓരോ മുക്കും മൂലയും വരെ എനിക്ക് പരിചിതമായി കഴിഞ്ഞിരുന്നു, എല്ലാ ഡിപ്പാർട്മെന്റിലും പരിചയക്കാർ. അദ്ധ്യാപകർ വരെ സുഹൃത്തുക്കൾ ആണ്, അതിന്റെ ക്രെഡിറ്റ് അന്നത്തെ വീഴ്ചക്ക് കൊടുക്കണം കേട്ടോ, കോളേജിലെ ഒട്ടു മൊത്തം അദ്ധ്യാപകരും ഉണ്ടായിരുന്നു ആ കൂട്ടത്തിൽ. എന്തിനു അധികം പറയുന്നു, എല്ലാം കേട്ടറിഞ്ഞു പ്രിൻസിപ്പൽ വരെ കമ്പനി ആണ്. ഞാൻ ഒരുപാടു സന്തോഷവതി ആയിരുന്നു.

ഇപ്പോൾ എല്ലാവരും എന്നെ അലോഷി എന്ന് തന്നെ ആണ് വിളിക്കുന്നത്, തോമസ് സാർ പോലും അലീന എന്ന എന്റെ പേര് മറന്നിരിക്കുന്നു എന്ന് തോന്നുന്നു. ഇതിനിടക്ക് കോളേജിന്റെ പിജി ഒന്നാം വർഷ വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള ഫ്രഷേഴ്‌സ് ഡേ നടന്നിരുന്നു. ആദ്യം ഓരോ ഡിപ്പാർട്മെന്റിലും പരിചപ്പെടൽ ഉണ്ടാകും എന്നിട്ടാണ് ഇങ്ങനെ ഒരു ഫങ്ക്ഷൻ നടത്തുന്നത്, അതോടു കൂടി ഞങ്ങൾ ഒന്നാം വർഷക്കാർ ശെരിക്കും കോളേജിനോട് ഇഴകിച്ചേരുന്നു. സീനിയർസ്ന്റെ വകയായി കുറെ കലാപരിപാടികൾ ഉണ്ടായിരുന്നു കൂടെ ഞങ്ങൾ ജൂനിയർസും, ഞാൻ അന്ന് പാടിയത്, udtha panjab എന്ന ഫിലിമിലെ ikk kudi എന്ന പാട്ടിന്റെ ക്ലബ് മിക്സ് വേർഷൻ ആയിരുന്നു.

എന്തോ അത് കേൾക്കുമ്പോൾ എനിക്കൊരുപാട് സന്തോഷം തോന്നാറുണ്ട്. പാടുന്നതിന്റെ ഇടയിൽ എന്റെ കണ്ണുകൾ ആരെയോ തിരയുന്നുണ്ടായിരുന്നു, അദിതി കാഴ്ചക്കാരുടെ ഇടയിൽ ഒരു ചെറു ചിരിയോടെ ഇരിക്കുന്നത് ഞാൻ കണ്ടു. പീക്കിരികൾ, റോയിച്ചൻ, മാളു, ദേവു, എല്ലാരും ഉണ്ട്. പിന്നെയും ഒരു മുഖം കൂടെ കാണണം എന്നുണ്ടായിരുന്നു, പാടികഴിഞ്ഞു ഉയരുന്ന കയ്യടികൾക്കിടയിലും ഞാൻ ഒരു ചെറു പുഞ്ചിരിയോടെ അതിനായി തിരഞ്ഞു. ഇല്ല കണ്ടില്ല….. അദിതി കോളേജിൽ എത്തിയിട്ട് ഒരാഴ്ച്ച കഴിഞ്ഞിരുന്നു. ഞങ്ങൾ വന്നിട്ട് ഏകദേശം ഒരു മാസത്തോളവും ആയിരിക്കുന്നു.

അങ്ങനെ ഇരിക്കെ ആണ് ഞാൻ അതുവരെ അറിയാത്ത ചില ആളുകൾ വീണ്ടും ആ കോളേജിന്റെ പടികയറി വരുന്നത്. വീണ്ടും എന്ന് തന്നെ പറയണം. അദിതി ഒരു കണക്കിന് പറഞ്ഞാൽ എന്റെ മറ്റൊരു വേർഷൻ ആണ്. പുള്ളിക്കാരി എല്ലാരോടും മിണ്ടും എങ്കിലും ആരോടും അധികം കമ്പനി ഇല്ല. ഫ്രീ കിട്ടുന്ന ടൈം ബാക്കി എല്ലാരും ക്ലാസ്സിൽ ഇരുന്നു കത്തി വയ്ക്കുമ്പോൾ ഞങ്ങൾ രണ്ടുപേരും പതിയെ മുങ്ങും. അവൾ അവൾഡ് വഴിക്ക് ഞാൻ എന്റെ വഴിക്ക്. ലൈബ്രറിയിലോ ലവ്വേർസ് പാർക്കിലോ ഒക്കെ കുടി അലഞ്ഞു നടക്കുമ്പോൾ ഞങ്ങൾ ഇടയ്ക്കു കണ്ടു മുട്ടും, പരസപരം ഒരു പുഞ്ചിരി സമ്മാനിച്ച് സ്വന്തം വഴിക്കു നടന്നു നീങ്ങുകയും ചെയ്യും.

ഞങ്ങളുടെ ഡിഫറെൻസ് എന്താന്ന് വച്ചാൽ, ഞാൻ ഇപ്പോഴും ഷർട്ടും ജീൻസും കോട്ടും ഒക്കെ ആയി നടക്കുമ്പോൾ അദിതി അയഞ്ഞ അനാർക്കലി ചുരിദാർ ആണ് ധരിക്കാര്, അത് പലപ്പോഴും വെള്ളയോ ചന്ദനകളറോ മഞ്ഞയോ ഒക്കെ ആകും. പിന്നെ ആകപ്പാടെ അലമ്പി നടക്കുന്നതിനാൽ കോളേജ് മൊത്തം എനിക്ക് ഫ്രണ്ട്‌സ് ഉണ്ട്. പുള്ളികാരിയെയും എല്ലാരും ശ്രദ്ധിക്കും അവളുടെ മനോഹാരിത അത്. എന്റെ കാര്യം ഓർത്തു ചിലപ്പോൾ എനിക്ക് തന്നെ അത്ഭുതം തോന്നും, അദിതിയെ കാണാൻ വേണ്ടി വളരെയധികം ആകാംഷയോടെ കാത്തിരുന്നവൾ ആണ് ഞാൻ, എങ്കിൽ പോലും അവളോട് പോയി സംസാരിക്കണം എന്നോ കൂട്ടാക്കണം എന്നോ എനിക്ക് തോന്നിയിട്ടില്ല.

അവളെ പറ്റി കൂടുതൽ അറിയണം എന്നും തോന്നിയിട്ടില്ല. പക്ഷെ ആ പുള്ളിക്കാരി അരികിൽ എവിടെയോ ഉണ്ടെന്നറിയുമ്പോൾ പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു സന്തോഷം എനിക്ക് ഫീൽ ചെയ്യാറുണ്ട്. അതെ ചില സൗഹൃദങ്ങൾ അങ്ങനെയും ഉണ്ടാകാറുണ്ട്, അകന്നു നിന്ന് കാണുക, സ്നേഹിക്കുക അതിലൊക്കെ എന്തോ ഒരു കുറുമ്പ് നിറഞ്ഞ സംതൃപ്തി ഉണ്ടാകും. പേര് പോലും അറിയാതെ ചിലർ സുഹൃത്തുക്കൾ ആകാറുണ്ട്. മനസ്സിൽ അവരുടെ രൂപം അല്ലാതെ, മറ്റൊന്നും ഓർമ ഉണ്ടാകില്ല, അല്ലെങ്കിൽ മറ്റൊന്നും അറിയത്തുമില്ല. എങ്കിലും ആ സൗഹൃദം ഒരു വല്ലാത്ത അനുഭൂതി ആകും ചിലപ്പോളൊക്കെ…

പീക്കിരികളോടൊപ്പം ക്യാന്റീനിൽ പോയി വരുമ്പോളാണ്, ഇതുവരെ കോളേജിൽ കാണാത്ത ഒരുകൂട്ടം മുഖങ്ങൾ ഞാൻ കണ്ടത്. ഒറ്റ നോട്ടത്തിൽ വഷളൻമാർ എന്ന് തോന്നുന്ന കുറച്ചു പയ്യൻമ്മാർ. അവരുടെ കൂട്ടത്തിലും ഉണ്ട്, രണ്ടു പെൺകുട്ടികൾ. സാദാരണ ഗതിയിൽ കാണുന്നവരെ ഒറ്റ നോട്ടത്തിൽ ജഡ്ജ് ചെയ്യുന്ന ഒരു സ്വഭാവം എനിക്കില്ല. കാരണം ഒരിക്കലും ഒരു വ്യക്തിയെ അങ്ങനെ മനസിലാക്കാൻ നമുക്ക് സാധിക്കില്ല എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഓരോ ആളുകളെയും നമ്മൾ കാണുന്ന ചുറ്റുപാടിനെ അപേക്ഷിച്ചിരിക്കും അവരുടെ അന്നേരത്തെ സ്വഭാവം.

സന്തോഷപൂർണമായ മനസോടെ നിൽക്കുന്ന ഒരു വ്യക്തിക്ക് പെരുമാറാൻ കഴിയുന്നത് പോലെ തന്നെ അയാൾ ദുഃഖം ഉണ്ടാകുമ്പോൾ പ്രതികരിക്കണം എന്നില്ല. ഓരോ സാഹചര്യങ്ങളും, പിന്നെ ആരുടെ അടുത്താണ് സംസാരിക്കുന്നത് എന്നതും ഒക്കെ ഓരോ ആളുകളുടെയും പെരുമാറ്റത്തെ സ്വാധീനിക്കും. പക്ഷെ എന്തുകൊണ്ടോ ഞാൻ അന്നേരം കണ്ട മുഖങ്ങൾ എനിക്കൊരുപാട് അസ്വസ്ഥതയുളവാക്കി. ഒരു ഇൻസ്റ്റന്റ് ഡിസ്‌ലൈക്ക്. അതുകൊണ്ട് തന്നെ അവരെ കടന്നു പോരുമ്പോൾ കേട്ട കമെന്റുകളെ, എന്നെയല്ല എന്ന മട്ടിൽ ഒഴിവാക്കി ഞാൻ നടന്നത്. അവരെ കഴിഞ്ഞു വന്ന ശേഷം ഞാൻ പതിയെ പീക്കിരികളെ തിരിഞ്ഞു നോക്കി.

സാധാരണ ഇത്തരം കമന്റടി കേട്ടാൽ എനിക്ക് മുന്നേ ചാടി വീണു പ്രതികരിക്കുന്ന കക്ഷികൾ ആണ്. അവരുടെ മുഖത്തും മ്ലാനത കലർന്നിരുന്നു. എന്താ കാര്യം എന്ന് തിരക്കിയിട്ടും പറയാതെ ഒഴിയാൻ നോക്കിയ പീക്കിരികളെ ഞാൻ പിടിച്ചവിടെ നിർത്തി. എന്റെ കൂർത്ത നോട്ടം കണ്ടിട്ടാകണം, ജെസ്റ്റു ആണ് കാര്യം പറഞ്ഞത്. അവന്മാർ ഒക്കെ ഞങ്ങളുടെ കോളേജിൽ കോളേജിൽ തന്നെ പഠിക്കുന്നത് ആണ്. വഷള് ലുക്ക് മാത്രമല്ല സ്വഭാവവും അങ്ങനെ തന്നെ ആണ്. കള്ളും കഞ്ചാവും ഒക്കെ ആയി നശിക്കാൻ ഉറപ്പിച്ചിറങ്ങിയ ഒരു കൂട്ടം. തന്തമാരുടെ സ്വാധീനം കൊണ്ടാണ് ഇവിടെ അഡ്മിഷൻ കിട്ടിയത്.

കഷ്ടം എന്ന് പറയാട്ടെ ഞങ്ങളുടെ ഡിപ്പാർട്മെന്റിലും ഉണ്ട്, ആ കൂട്ടത്തിലെ രണ്ടെണ്ണം. അടിയും പിടിയും കമന്റടിയും ഒക്കെ ആയി പ്രിൻസിപ്പൽ ഒരുപാടു പ്രാവശ്യം വാണിംഗ് കൊടുത്തിട്ടുള്ളതാണ്, കഴിഞ്ഞ തവണ ഒരു കുട്ടിയെ റാഗ് ചെയ്യാൻ ശ്രമിച്ചു അത് കംപ്ലയിന്റ് ആയപ്പോൾ ഒരാഴ്ചത്തെ സസ്പെന്ഷന് ആണ് കിട്ടിയത്. എന്നാൽ അതും കൊണ്ട് നന്നാകാതെ കഴിഞ്ഞ ഓണം സെലിബ്രേഷന്റെ ഇടയിൽ വച്ച്, ആ കുട്ടിയോട് പകരം വീട്ടാനായി അതിനു മയക്കു മരുന്ന് കൊടുത്തു ഉപദ്രവിക്കാൻ ശ്രമിച്ചു. തക്ക സമയത്തു ആളുകൾ കണ്ടത് കൊണ്ടാണ്, ആ കുട്ടി അന്ന് രക്ഷപെട്ടത്.

അതിന്റെ പേരിൽ ഉണ്ടായത് ഒരു ഡിസ്മിസൽ ആയിരുന്നു. എന്നാൽ സ്വാധീനം കാരണവും ആ പെണ്കുട്ടിയുടെ വീട്ടുകാർ പരാതി നല്കാൻ വിസമ്മതിച്ചത് കാരണവും ഒരു മാസത്തെ സസ്പെന്ഷൻ ആയിരുന്നു വിധിച്ചത്. അത് കഴിഞ്ഞു അവന്മാർ ഇന്നാണ് എത്തുന്നത്. ഞങ്ങൾ പിജിക്കാർക്ക് അഡ്മിഷൻ ആയത് ഓണം കഴിഞ്ഞ ശേഷം ആയിരുന്നു, അത് കൊണ്ട് തന്നെ ഈ കോലാഹലങ്ങൾ ഒന്നും അറിഞ്ഞതുമില്ല. മാത്രമല്ല ഇതൊന്നും വാർത്ത ആയതുമില്ല. എന്തായാലും ആ കുട്ടിയുടെ വീട്ടുകാർ പരാതി കൊടുക്കേണ്ടതായിരുന്നു. അങ്ങനെ എങ്കിൽ ഇനി ഒരാളോട് ഇത്തരത്തിൽ ചെയ്യുന്നതിന് മുന്നേ അവന്മാർ ആലോചിച്ചേനേ.

എവിടന്നു മക്കളുടെ എല്ലാ തെറ്റും കവർ ചെയ്യാൻ ശ്രമിക്കുന്ന മാതാപിതാക്കൾ ആണ് ഈ തലമുറയുടെ ശാപം. പണം ഉണ്ടാക്കാൻ ഉള്ള നെട്ടോട്ടത്തിന്റെ ഇടയിൽ മക്കൾ എന്ത് അവസ്ഥയിൽ ആണ് ജീവിക്കുന്നത് എന്ന് അനേഷിക്കാൻ മറന്നു പോകുന്നു. കള്ളും കഞ്ചാവും മയക്കു മരുന്നും ഒക്കെ ആയി ജീവിതം കൈ വിട്ടു പോയ ശേഷം, കരഞ്ഞിട്ട് എന്തേലും കാര്യം ഉണ്ടോ? മാടന് കൂട്ട് യക്ഷി എന്ന പോലെ രണ്ടു തലതെറിച്ച പോക്ക് പെൺപിള്ളേരും ഉണ്ട് അവന്മാരോടൊപ്പം. “അലോഷിക്കറിയാമോ, നമ്മടെ കോളേജിൽ ബാക്കി എല്ലാരും ഒറ്റകെട്ടായി നിൽക്കുമ്പോൾ, ഇവമാരാണ് എന്തേലും ഒക്കെ കുഴപ്പങ്ങൾ ഉണ്ടാക്കി വയ്ക്കുന്നത്.

കോളേജിൽ രണ്ടാം വര്ഷം പഠിക്കുന്നതെ ഉള്ളു, എങ്കിലും കയ്യിലിരിപ്പ് വെറും വെടക്കാണ്. അന്ന് ഇവന്മാര് ഉപദ്രവിച്ച കുട്ടിക്ക് ആകെ കുഴപ്പമായി, അത് ഇവിടത്തെ പഠിത്തം പോലും നിർത്തി പോയി” ജെസ്റ്റു പറഞ്ഞു നിർത്തി. കുറച്ചു നേരം ഞങ്ങളുടെ ഇടയിൽ അസ്വാസ്ഥ്യകരമായ ഒരു മൗനം തങ്ങി നിന്നു. പിന്നെ വിനു സംസാരിച്ചു തുടങ്ങി, “ഞങ്ങൾ എല്ലാരും അന്ന് വടംവലി മത്സരത്തിന്റെ ആഘോഷത്തിന്റെ ഇടയിൽ ആയിരുന്നു. അന്ന് ഡേവിച്ചൻ ഇല്ലാരുന്നെന്നേൽ ആ കുട്ടീടെ കാര്യം ഓർക്കാൻ പോലും വയ്യ” “ഡേവിച്ചൻ” അതാരാ എന്ന മട്ടിൽ ഞാൻ വിനുവിനെ നോക്കി, “അലോഷിക്കറിയില്ലേ ഡേവിച്ചനെ,

അന്ന് നമ്മൾ നെല്ലിക്ക പറിക്കാൻ പോയപ്പോൾ അലോഷിയെ നോക്കി പ്രീതിചേച്ചിക്കൊപ്പം വന്ന ആൾ” വിനു ആവേശത്തോടെ ചോദിച്ചു. കരുണ നിറഞ്ഞ കണ്ണുകളുമായി ഒരു മുഖം എന്റെ മനസ്സിൽ തെളിഞ്ഞു വന്നു. “ആഹ് എനിക്കോര്മയുണ്ട്” ഞാൻ പറഞ്ഞു നിർത്തിയതും വിനു വീണ്ടും തുടർന്നു. ” ഡേവിച്ചനെ മാത്രമേ അവർക്കു പേടിയുള്ളു, പുള്ളി ഭയങ്കര കലിപ്പാ, അന്നേരം ഞങ്ങൾ ഓർത്തു അവന്മാര് എല്ലാം തീർന്നു എന്നു, ഇഷ്ടം പോലെ ഇടി കൊടുത്തു, അവസാനം ഞങ്ങൾ എല്ലാരും കൂടെ പിടിച്ചു നിർത്തിയതാ” അത് ലേശം അവിശ്വനീയതയോടെ ആണ് ഞാൻ കേട്ടിരുന്നത്, കലിപ്പോ ആ മുഖത്ത് ദേഷ്യം വരും എന്ന് ചിന്തിക്കാൻ കൂടി എനിക്ക് പറ്റിയില്ല.

എന്റെ മുഖം കണ്ടീട്ടാകണം സേവി ചോദിച്ചത്, ” എന്താ അലോഷി” “അല്ല അങ്ങേരെ കണ്ടാൽ പാവമാണല്ലോ, കലിപ്പാണ് എന്നൊന്നും തോന്നില്ല “ഹി ഹി അത് അലോഷിക്ക് അറിയാത്ത കൊണ്ടാ പുള്ളി ആള് പുലിയാ വെറും പുലിയല്ല പുലിസിംഹം” രാജമാണിക്യം സിനിമയിലെ മമ്മുക്കയെ അനുകരിച്ചു വിനു പറഞ്ഞു. ഞങ്ങൾ എല്ലാരും ഒന്ന് ചിരിച്ചു. എന്നാലും അയാൾ… ഡേവിഡ് ജോൺ…. ഞങ്ങളുടെ കോളേജിൽ തന്നെ ഡിഗ്രി ചെയ്തയാളാണ് പുള്ളി. എന്നിട്ടു എംബിഎ എടുത്ത ശേഷം ആണ് വീണ്ടും എം.കോം പഠിക്കാൻ ഇങ്ങോട്ട് വന്നത്. നല്ല സീനിയർ ആണ് പുള്ളി അപ്പോൾ.

നന്നായി പാടും, ഇൻസ്റ്റ്മെന്റ്സ് വായിക്കും എല്ലാ കാര്യങ്ങൾക്കും മുന്നിൽ, പഠിക്കാനും ആള് വേറെ ലെവൽ ആണ്, അത് കൊണ്ട് തന്നെ ടീച്ചേഴ്‌സിനും കുട്ടികൾക്കും എല്ലാം പ്രിയപ്പെട്ടവൻ. ഞാൻ വല്ലപ്പോഴും മാത്രമേ പുള്ളിയെ കണ്ടിട്ടുള്ളു. പലപ്പോഴും എന്റെ നടപ്പ് പീക്കിരികൾക്കൊപ്പം ആയതിനാൽ സീനിയർസ്‌നെ കാണുന്നതും കുറവായിരുന്നു. ഫ്രീ സമയങ്ങളിൽ ക്ലാസ്സിൽ എല്ലാരും സീനിയർസുമായി ഇന്ററാക്ട് ചെയ്യാറുണ്ട്. അതിൽ സ്ഥിരം ഇല്ലാത്തത്, ഞാനും അദിതിയും ആകും. അത് കൊണ്ടാകും ഡേവിഡിനെ പറ്റി ഞാൻ ഒന്നും അറിയാതെ പോയത്.

എന്തായാലും കൊള്ളം ആള് ഇന്റെർസ്റ്റിംഗ് ക്യാരക്ടർ ആണെന്ന് തോന്നുന്നു. ഹും വരട്ടെ കാണാം…. അന്നു പരിചയപെടലിന്റെ ദിവസം പാട്ട് പാടിക്കൊണ്ടിരുന്ന എന്റെ മുഖത്ത് തറഞ്ഞു നിന്ന കണ്ണുകൾ ഞാൻ ഓർത്തു അതിൽ ലേശം അത്ഭുതം ഉണ്ടായിരുന്നു. പിന്നെ നെല്ലിക്ക പറിക്കാൻ മരത്തിൽ കേറിയിരുന്ന എന്നെ നോക്കിയ കണ്ണുകളിൽ ലേശം കുറുമ്പായിരുന്നു ഉണ്ടായിരുന്നത്. പക്ഷെ അവയെക്കാളുപരി മനസ്സിൽ തറയുന്നത്, സ്ഥായിയായ കാരുണ്യം ആകും.

എന്നാലും ജീസസിനെ പോലെ കാരുണ്യം നിറഞ്ഞ മുഖം ഉള്ള ഒരാൾക്ക് കലിപ്പൻ അകാൻ പറ്റുമോ? ഞാൻ ആലോചിച്ചു. അങ്ങനെ നടക്കവേ പെട്ടന്ന് ദേവാലയം കച്ചവട സ്ഥലം ആകിയതിനു ചുങ്കക്കാരെയും കച്ചവടക്കാരെയും ചാട്ടവാറിനടിച്ച കർത്താവിന്റെ മുഖം എനിക്ക് ഓര്മ വന്നു. അന്നേരം പുള്ളിയുടെ മുഖത്തും കരുണക്കുപരിയായി നല്ല കലിപ്പൻ ഭാവം ആയിരുന്നിരിക്കണം ഉണ്ടായിരുന്നത്. ഒരു ചെറു ചിരിയോടെ ഞാൻ പീക്കിരികളോടൊപ്പം നടന്നു….. തുടരും

അദിതി : ഭാഗം 5

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!