ഗന്ധർവ്വയാമം: ഭാഗം 2

Share with your friends

എഴുത്തുകാരി: അഞ്ജലി അഞ്ജു

സെൻട്രൽ സ്റ്റാൻഡിൽ വെച്ചിരിക്കുന്ന ബൈക്കിന്റെ ഓരോ ഭാഗവും അവൾ കണ്ണുകളാൽ ഉഴിഞ്ഞു. ആകാശ നീല നിറത്തിലെ പെട്രോൾ ടാങ്കിലെ കറുപ്പ് നിറത്തിലെ അക്ഷരങ്ങളിലൂടെ അവളുടെ വിരലുകൾ സഞ്ചരിച്ചു. എന്തോ ഓർത്തിട്ടെന്ന പോലെ ഫോണെടുത്ത് പല രീതിയിൽ നിന്ന് ഫോട്ടോ എടുക്കാൻ തുടങ്ങി. വണ്ടിയിൽ ഇരുന്നു സെൽഫി എടുക്കാൻ വേണ്ടി കയറാൻ നോക്കിയപ്പോളാണ് ബാലൻസ് തെറ്റി വണ്ടിയുമായി വീണത്. എങ്ങനെയൊക്കെയോ എഴുന്നേറ്റ് ആദ്യം തന്നെ ചുറ്റും നോക്കി.

ആരും കണ്ടില്ലെന്ന് മനസിലായപ്പോ പയ്യെ ബൈക്ക് എടുത്ത് നേരെ വച്ചു. വീഴ്ച്ചയിൽ വലതു വശത്തെ ഇൻഡിക്കേറ്റർ പൊട്ടി പോയിരുന്നു കുറച്ചു പെയിന്റും പോയിട്ടുണ്ട്. ഇനിയും അവിടെ നിക്കുന്നത് പന്തിയല്ലെന്ന് തോന്നിയത് കൊണ്ട് അവൾ വേഗം സ്ഥലം കാലിയാക്കി. പോകുന്ന വഴിക്കും വണ്ടിയെ പറ്റി ആയിരുന്നു ചിന്ത. ചെയ്തത് തെറ്റാണെന്ന് തോന്നിയത് കൊണ്ട് വൈകിട്ട് അതിന്റെ ഉടമയെ കണ്ടെത്തി ശെരിയാക്കാനുള്ള പൈസ കൊടുക്കാമെന്ന തീരുമാനത്തിലാണ് എത്തിയത്. ഫോണെടുത്തു എടുത്ത ഫോട്ടോസ് നോക്കി. ഒരെണ്ണം എടുത്ത് സ്റ്റാറ്റസും ഇട്ടു. ഓഫീസിന് മുന്നിൽ തന്നെ അഭി അവളെ കാത്ത് നിൽക്കുന്നുണ്ടായിരുന്നു.

“ആഹ് നീ എന്നാ ഇവിടെ തന്നെ നിൽക്കുന്നത്?” “നീയുമായി പോകാമല്ലോ എന്ന് വെച്ചു.” “അത് പതിവുള്ള കാര്യം അല്ലല്ലോ?” പുരികം ചുളിച്ചു സംശയ ഭാവത്തിൽ അഭിയോടായി ചോദിച്ചു. “എന്റെ ഈശ്വരാ ഒന്നും ഇല്ല. നേരത്തേ ചെന്ന് ഇരിക്കണ്ടല്ലോ എന്ന് വെച്ചു നിന്നതാ.” “നീ എന്റെ സ്റ്റാറ്റസ് കണ്ടോ?” “ഇല്ലല്ലോ?” “നോക്ക്.” അഭി ഫോണെടുത്തു സ്റ്റാറ്റസ് നോക്കി. “ഓ ഇതാണോ? ഇതാരുടെ വണ്ടിയാ?” “അതോ ഒരാളുടെയാ.” മുഖത്തു ആവശ്യത്തിൽ അധികം നാണം വരുത്താൻ ശ്രമിച്ചു കൊണ്ടാണ് അവളത് പറഞ്ഞത്.

“അതാരാ എനിക്കറിയാത്ത ഒരാൾ? നീ കുറച്ചൊക്കെ തള്ള് കേട്ടോ.. എവിടോ ഇരുന്ന പൊട്ട വണ്ടിയുടെ കൂടെ ഫോട്ടോ എടുത്തിട്ട് ഷോ കാണിക്കുന്നു.” “നിന്നെ പോലുള്ള വിവരദോഷിയോട് പറയാൻ വന്ന എന്നെ പറഞ്ഞാൽ മതിയല്ലോ. കണ്ണ് തുറന്ന് നോക്ക് എന്നാ ലുക്കാ.” അവൾ ഫോട്ടോ സൂം ചെയ്ത് കാണിച്ചു കൊണ്ടിരുന്നപ്പോളാണ് അവരുടെ അരികിലേക്ക് കാതടിപ്പിക്കുന്ന ശബ്ദത്തിൽ ഒരു ബൈക്ക് പാഞ്ഞു വന്നു നിർത്തിയത്. വന്ന വണ്ടിയിലേക്കും ഫോട്ടോയിലേക്കും അഭി മാറി മാറി നോക്കി. അവൾ എന്തോ പറയാൻ വാ തുറക്കും മുന്നേ ആമി അവളെയും വലിച്ചു അകത്തേക്ക് പോയിരുന്നു.

“അല്ല ആ വണ്ടി… അതല്ലേ ഇത്? പക്ഷെ അതെന്താ ഇൻഡിക്കേറ്റർ ഒക്കെ പൊട്ടി ഇരുന്നത്.” “എന്റെ പൊന്ന് അഭി നീ കിടന്ന് കാറല്ലേ.” ആമിയുടെ മുഖത്തെ വെപ്രാളവും പരവേശവും കണ്ട് അഭി അവളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. “സത്യം പറ നീയല്ലേ…?” “അത് അറിയാതെ പറ്റി പോയതാ.. ഞാൻ ശെരിയാക്കി കൊടുത്തോളാം.” “എന്നാൽ നിനക്ക് ഇപ്പോ പറഞ്ഞാൽ പോരായിരുന്നോ?” “ഇപ്പോ വേണ്ട. ഓഫീസ് അല്ലേ? എങ്ങാനും ദേഷ്യപ്പെട്ടാലോ?” “അത് ശെരിയാ..” അപ്പോളാണ് നവി അങ്ങോട്ടേക്ക് വന്നത്. “ആഹാ നിങ്ങൾ ഇവിടെ ഇരിക്കുവാണോ? ദേ പുതിയ ടീം ലീഡർ ലാൻഡ് ചെയ്തിട്ടുണ്ട്.

നിങ്ങളോട് സാറിന്റെ ക്യാബിനിൽ ചെല്ലാൻ പറഞ്ഞു.” “ഏഹ് ഇയാളിത് എപ്പോ വന്നു? നമ്മൾ കണ്ടില്ലല്ലോ?” “എന്റെ പൊന്ന് ആമി അതൊക്കെ പിന്നെ ആലോചിക്കാം. നീ വാ ഇനി ലേറ്റ് ആയതിന് ചീത്ത കേൾക്കണ്ടല്ലോ.” “പയ്യെ ഒക്കെ പോയാൽ മതി. ഇത്രക്ക് പേടിക്കുന്നത് എന്തിനാ?” “എന്നാൽ നീ അവിടെ നിന്നോ.” അതും പറഞ്ഞ് അഭി മുന്നിൽ നടന്നു പോയി. ആമി മുഖത്തൊക്കെ പുച്ഛം വാരി വിതറി പിന്നാലെയും നടന്നു. അഭി അനുവാദം വാങ്ങി കയറിയതിനു പിന്നാലെ ചെന്ന ആമി ഒരു നിമിഷം നിശ്ചലമായി ഡോറിനു അരുകിൽ നിന്നു. “ഇയാൾ??? ദൈവമേ ഇയാളുടെ വേണ്ടിയല്ലേ ഞാൻ…” അവൾ പരിഭ്രമത്തോടെ അഭിയെ നോക്കി.

അവൾ കണ്ണുകൾ കൊണ്ട് അവളെ അകത്തേക്ക് വിളിച്ചു. അഭിക്ക് അരികിലായി ആമിയും പോയി ഇരുന്നു. “ഇത് വസുദേവ്. നിങ്ങളുടെ പുതിയ ഹെഡ് ആണ്. ഞാൻ പറഞ്ഞിരുന്നല്ലോ.. നിങ്ങൾ ഒന്നിച്ചാണ് ഇനി വർക്ക്‌ ചെയ്യേണ്ടത്.” അർജുൻ വീണ്ടും എന്തൊക്കെയോ കാര്യങ്ങൾ വസുവിനെ കുറിച്ച് പറയുന്നുണ്ടായിരുന്നു. എന്നാൽ ആമിക്ക് അതൊന്നും ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. അവൾ ആ കണ്ണുകളെ ശ്രദ്ധിക്കുകയായിരുന്നു. ആ നോട്ടത്തിന്റെ തീവ്രത മറ്റെവിടെയോ താൻ അനുഭവിച്ചത് പോലെ അവൾക്ക് തോന്നി. “ഇനി ബാക്കിയൊക്കെ വസു തന്നെ നിങ്ങളോട് പറയും.

എനിക്ക് മറ്റൊരു മീറ്റിംഗ് ഉണ്ട്.” അത്രയും പറഞ്ഞ് വസുവിന് ഒരു പുഞ്ചിരി സമ്മാനിച്ച് അർജുൻ പുറത്തേക്ക് പോയി. ആമിയുടെ മാറ്റങ്ങൾ അഭി ശ്രദ്ധിച്ചിരുന്നു. അവൾ മെല്ലെ ആമിയുടെ കയ്യിൽ പിടിച്ചു കാരണം അന്വേഷിച്ചു. ഒന്നുമില്ലെന്ന് അവൾ കണ്ണടച്ചു കാണിച്ചു. “പുതുതായി വന്ന ഒരു റിസോർട്ടിന്റെ വർക്കിന് വേണ്ടിയാണ് എന്നെ ഇങ്ങോട്ടേക്കു കൊണ്ട് വന്നിട്ടുള്ളത്. ട്രഡീഷണൽ സ്റ്റൈലിൽ അതായത് ഒരു നാലുകെട്ട് മോഡൽ ആണ് അവർ ഉദ്ദേശിക്കുന്നത്. ഏറ്റവും മികച്ചത് തന്നെ തിരഞ്ഞെടുക്കാൻ ആവോളം സമയം അവർ തന്നിട്ടുണ്ട്. സോ എല്ലാവരും അവരുടേതായ ഐഡിയാസ് വെച്ചു നോക്കൂ.

ഇന്ന് കസ്റ്റമറുമായി മീറ്റിംഗ് ഉണ്ട്. ബാക്കിയൊക്കെ..” ഫോൺ വരുന്നത് കണ്ട് ഇടയ്ക്ക് വെച്ചു വാക്കുകൾ മുറിഞ്ഞു. “വൺ മിനിറ്റ്.” വസു കാൾ അറ്റൻഡ് ചെയ്തു. “ഹലോ..” “ആഹ് അതേ. ഇന്ന് രാവിലെ ആയിരുന്നു. ഞാൻ ചോദിച്ചു. കണ്ടവരാരും ഇല്ല. ഇത്ര ലേസി ആയുള്ള സെക്യൂരിറ്റി ആണ് അവിടെ ഉള്ളത്?” അവന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നിരുന്നു. ആമിക്ക് ഏകദേശം കാരണം ഊഹിക്കാമായിരുന്നു. അഭിയും മറ്റുള്ളവരും ഒന്നും മനസിലാകാതെ നോക്കുന്നുണ്ട്. “നിങ്ങൾക്ക് നിസാരമായി തോന്നുമായിരിക്കാം.

എങ്ങനെ ഇത് സംഭവിച്ചെന്ന് അറിയാതെ വസുദേവ് ഇതിൽ നിന്ന് പിന്മാറില്ല. CCTV ഉണ്ടല്ലോ?” “മ്മ്. അപ്പോ ഇന്ന് വൈകിട്ട് ആ വിഷ്വൽസ് എനിക്ക് കിട്ടണം. ആഹ് ഓക്കേ.” ഫോൺ കട്ട്‌ ചെയ്ത് നോക്കുമ്പോൾ തന്നെ മിഴിച്ചു നോക്കുന്ന കണ്ണുകളെയാണ് അവൻ കണ്ടത്. “ഓ സോറി. നിങ്ങൾ പൊയ്ക്കൊള്ളൂ. ബാക്കിയൊക്കെ പിന്നീട് പറയാം.” അതും പറഞ്ഞ് അവൻ തനിക്ക് മുന്നിലെ ഫയൽസിൽ ശ്രദ്ധ പതിപ്പിച്ചു. ക്യാബിനിൽ നിന്ന് ഇറങ്ങിയിട്ടും ആമിയുടെ ചിന്തകൾ വസു പറഞ്ഞ കാര്യങ്ങളെ പറ്റി ആയിരുന്നു. തന്റെ ഊഹം ശെരിയാണെങ്കിൽ വൈകിട്ട് പാർക്കിങ്ങിലെ വിഷ്വൽസ് നോക്കുന്ന കാര്യമാണ് പറഞ്ഞത്.

കർത്താവേ ഇന്നത്തോടെ എന്റെ കാര്യത്തിൽ തീരുമാനം ആവും. അതും മനസ്സിൽ ഓർത്തു സങ്കടത്തിൽ നോക്കുമ്പോളാണ് അഭി ആകമാനം നാണിച്ച് പൂത്തുലഞ്ഞ് എന്തൊക്കെയോ ആലോചിച്ചു ഇരിക്കുന്നത് കണ്ടത്. “എന്താണ് ഭവതിയുടെ കവിൾത്തടങ്ങൾ ചുവന്നു തുടുത്തിരിക്കുന്നത്? ആരാണ് ആള്?” ആമി കളിയാക്കിയാണ് അത് പറഞ്ഞതെങ്കിലും അഭിക്ക് അത് നന്നേ ബോധിച്ചു. കക്ഷി വീണ്ടും പൂത്തുലയാൻ തുടങ്ങി. “നീ സാറിനെ ശ്രദ്ധിച്ചോ?” “ഏത് സാറിനെ?” “നമ്മുടെ വസു സാറിനെ. എന്തൊക്കെയോ പ്രത്യേകത ഇല്ലേ?” “പ്രത്യേകതയോ?? ആ എനിക്കൊന്നും തോന്നിയില്ല.”

സത്യം പറഞ്ഞാൽ അവനെ കണ്ട് കഴിഞ്ഞ് ആകെ മൊത്തോം പുക മൂടിയ അവസ്ഥ ആയിരുന്നു. ആകെ രണ്ട് കണ്ണുകൾ മാത്രേ ശ്രദ്ധിച്ചിട്ടുള്ളൂ. “മുടിയൊക്കെ വെട്ടി മിനുക്കി എക്സിക്യൂട്ടീവ് ലുക്കിൽ ഒന്നും അല്ലല്ലോ? ഒരു റൗഡി ലുക്ക്‌ അല്ലേ. മുടിയും വളർത്തി. കട്ടിക്ക് മീശയും ഇൻസേർട് ചെയ്യാത്ത ഷർട്ടും…” “ഏഹ് അങ്ങനൊക്കെ ആയിരുന്നോ? നീ ആള് കൊള്ളാല്ലോ. വേറെ എന്തൊക്കെ കണ്ട് പിടിച്ചു.” “വേറെ ഒന്നുമില്ല.” “എന്താണ് മോളേ ഒരു ഇളക്കം.” ആമിയുടെ ചോദ്യം കേട്ടതും അവളിൽ വീണ്ടും നാണം വിടർന്നു. “എന്തോ എവിടെയോ കണ്ടിട്ടുള്ളത് പോലെ.. ഒരു അടുപ്പം.” അവളത് പറഞ്ഞതും ആമിയിലും അതേ സംശയം ഉണർന്നു. തനിക്കും അവനെ കണ്ടപ്പോൾ അങ്ങനെ തന്നെയാണ് തോന്നിയത്.

എങ്കിലും അതിനെ പറ്റി ഒന്നും അഭിയോട് പറഞ്ഞില്ല. അവളെ ആ പേരും പറഞ്ഞ് കുറേ കളിയാക്കിയിട്ട് ഇരുവരും ജോലികളിൽ വ്യാപൃതരായി. തിരികെ ഫ്ലാറ്റിലേക്ക് പോകുമ്പോൾ എന്തെന്നില്ലാത്ത ഭയം തന്നിൽ വ്യാപിക്കുന്നത് അവളറിഞ്ഞു. അത്ര വലിയ തെറ്റൊന്നും താൻ ചെയ്തിട്ടില്ലെങ്കിലും തെറ്റ് മറച്ചു പിടിക്കാൻ ശ്രമിച്ചതിൽ കുറ്റബോധം തോന്നി. അപ്പോൾ തന്നെ തെറ്റ് തിരുത്തിയിരുന്നെങ്കിൽ ഇങ്ങനൊരു അവസ്ഥ ഒഴിവാക്കാമായിരുന്നു. ഇതിപ്പോ തല കുനിച്ചു നിൽക്കേണ്ടി വരുമെന്നതാണ് ഏറ്റവും വലിയ ഭയം. താഴെ സെക്യൂരിറ്റി ക്യാബിന് അടുത്തേക്ക് നടന്നു.

എന്തായെന്ന് അറിയാൻ വല്ലാത്ത ആകാംഷ തോന്നി. പുറത്ത് എത്തിയപ്പോൾ തന്നെ ഒച്ചയും ബഹളവും കേൾക്കാമായിരുന്നു. ഒരു തവണയേ കേട്ടിട്ടുള്ളെങ്കിലും ആ ശബ്ദം തിരിച്ചറിയാൻ കഴിഞ്ഞിരുന്നു. “ഇതൊക്കെ എവിടെങ്കിലും നടക്കുന്ന കാര്യങ്ങൾ ആണോ? വണ്ടി വീണത് കണ്ടവർ ആരും ഇല്ല. CCTV ആണെങ്കിൽ അപ്പോൾ വർക്കും ചെയ്തിരുന്നില്ല. കൊള്ളാല്ലോ..” “അത് സാർ.. ഞങ്ങൾ പറഞ്ഞല്ലോ എന്താ പറ്റിയതെന്ന് അറിയില്ല. ഇനി ഇത് ആവർത്തിക്കില്ല.” “അതേ വസുദേവ് ഇത്തവണത്തേക്ക് ക്ഷമിച്ചേക്ക്.

ചിലപ്പോൾ വണ്ടി തനിയെ വീണതാവും.” അസോസിയേഷൻ സെക്രട്ടറിയുടെ ആ വാക്കുകൾ അവൾക്ക് അൽപം ആശ്വാസം പകർന്നിരുന്നു. “വണ്ടി വീണിട്ട് തനിയെ എണീറ്റിരുന്നു എന്നാണോ സാർ പറയുന്നത്?” അത് കേട്ടപ്പോളാണ് താൻ ചെയ്ത മണ്ടത്തരം അവൾക്ക് മനസിലായത്. “ശേ.. എടുത്ത് വെക്കണ്ടായിരുന്നു!” “വീഴ്ത്തിയപ്പോളെ പറഞ്ഞിരുന്നേൽ ഇത്ര ദേഷ്യം എനിക്ക് തോന്നില്ലായിരുന്നു. ഇതിപ്പോ അവനെ കണ്ടു പിടിക്കാൻ വാശി ആയി.” “പിള്ളേരാവും സാറെ… ഇനി ഇങ്ങനെ ഉണ്ടാവില്ല. ഉറപ്പ്.” ദേഷ്യത്തിൽ ചവിട്ടി തുള്ളി പുറത്തേക്ക് വരുന്ന വസുവിനെ കണ്ടതും ആമി സൈഡിലേക്ക് മാറി നിന്നു.

ആശ്വാസത്തോടെ ദീർഘനിശ്വാസം വിട്ട് മുകളിലേക്ക് പോയി. ചെമ്പക പൂക്കളുടെ വാസന നാസികയിലേക്ക് ഇരച്ചു കയറിയപ്പോളാണ് അവൾ കണ്ണ് തുറന്നത്. അവളുടെ കാലുകൾ ജാലകത്തെ ലക്ഷ്യമാക്കി നടന്നു. ജനാല തുറന്നതും കോട മഞ്ഞ് ഉള്ളിലേക്ക് അരിച്ചു കയറി. വെള്ള പുതച്ചു കിടക്കുന്ന കുന്നിൻ ചെരുവുകളിലേക്ക് നോക്കി കൊണ്ട് അവൾ കൈകൾ പിണച്ചു കെട്ടി. പെട്ടെന്ന് തന്നെ പിന്നിലൂടെ രണ്ടു കൈകൾ അവളെ മുറുകെ പുണർന്നു. ആ നെഞ്ചോട് ചേർന്ന് നിൽക്കുമ്പോൾ അസാധാരണമായ ചൂട് അവൾക്ക് അനുഭവപ്പെട്ടു.

തന്റെ പ്രിയപ്പെട്ടവന്റെ കൈകളിൽ ഒതുങ്ങിക്കൊണ്ട് അവൾ പുറത്തെ കാഴ്ചകൾ ആസ്വദിച്ചു കൊണ്ടിരുന്നു. ചെമ്പകത്തിന്റെ ഗാഢ ഗന്ധം വീണ്ടും ഇരച്ചു കയറി കൊണ്ടിരുന്നു. അതവളെ മത്തു പിടിപ്പിച്ചു. ഞെട്ടി ഉണർന്നു ചുറ്റും നോക്കിയപ്പോളാണ് സ്വപ്‌നമാണെന്ന്‌ അവൾക്ക് മനസിലായത്. ആമി നന്നായി വിയർത്തിരുന്നു. ആദ്യായിട്ടാണ് ഇങ്ങനൊരു സ്വപ്നം അവളെ തേടി എത്തുന്നത്. സ്വപ്നത്തിൽ ആണെങ്കിലും തന്നെ ചേർത്ത് നിർത്തിയത് ആരെന്ന് അറിയാത്തതിൽ അവൾക്ക് സങ്കടം തോന്നി. ഇപ്പോളും ആ ചെമ്പകത്തിന്റെ വാസന റൂമിൽ തങ്ങി നിൽക്കും പോലെ അവൾക്ക് തോന്നി.

സമയം നോക്കിയപ്പോൾ 11 ആവുന്നതേ ഉള്ളൂ. ഫോണിൽ നോക്കി ഇരുന്നു എപ്പോളോ ഉറങ്ങി പോയതാണ്. സാധാരണ ഈ സമയത്ത് ഉറങ്ങാറില്ല. ഉറക്കം പോയ സ്ഥിതിക്ക് TV കാണാമെന്നു വെച്ചു ഹാളിലേക്ക് നടന്നു. ഒരു ലെയ്സ് പാക്കറ്റും കയ്യിലെടുത്തു അങ്ങോട്ടേക്ക് ചെന്നതും പുറത്ത് എന്തോ ശബ്ദം കേൾക്കുന്നത് പോലെ തോന്നി. ഈ സമയത്ത് ഡോർ തുറക്കുന്നത് യുക്തിക്കു നിരക്കാത്തത് ആയത് കൊണ്ട് കീ ഹാളിലൂടെ നോക്കി. തന്റെ ഓപ്പോസിറ്റ് റൂമിനു പുറത്ത് ഒരാൾ നിൽപ്പുണ്ട്. കൂടെ ഒരു പെണ്ണും. ചിലപ്പോൾ പുതുതായി വന്ന താമസക്കാർ ആവും. പെണ്ണിന്റെ ഡ്രസ്സിങ് അത്ര ശെരിയല്ലാത്തത് കൊണ്ട് ആണ് സൂക്ഷിച്ചു നോക്കിയത്.

ക്ലബ്ബിലൊക്കെ പോവുമ്പോ ഇടുന്നത് പോലുള്ള ഷോർട് മിഡിയും ടോപ്പുമാണ് പെണ്ണ് ഇട്ടേക്കുന്നത്. അവളുടെ കാൽ നിലത്തുറക്കുന്നില്ല. കണ്ടാലേ അറിയാം നല്ല ഫിറ്റാണെന്ന്. ഇത്ര ഫോർവേഡ് ആയ ഹസ്ബന്റിനെ കാണാനുള്ള ആഗ്രഹം കൊണ്ടാണ് കൂടെയുള്ള ചെറുപ്പക്കാരനെ നോക്കിയത്. ആളുടെ മുഖം കണ്ടതും ആമിയുടെ കിളികളൊക്കെ കൂടും കിടക്കയും കൊണ്ട് ഓടി പോയിരുന്നു. ഈശ്വരാ വസുദേവ്! ഇയാളാണോ ഇവിടെ താമസിക്കുന്നത്. ആ പെണ്ണ് ഏതാണാവോ? പുള്ളി ബാച്‌ലർ ആണെന്നാണല്ലോ അഭി പറഞ്ഞേ… ഓരോന്നും ആലോചിച്ച് വീണ്ടും നോക്കുമ്പോളേക്കും അവർ അകത്തു കയറി കഴിഞ്ഞിരുന്നു.

വസുവിനെ പറ്റിയും കൂടെയുള്ള പെണ്ണിനെ കുറിച്ചും ആലോചിച്ചു സോഫയിൽ പോയി ഇരുന്നെങ്കിലും അവരെ പറ്റി അറിയാനുള്ള ജിജ്ഞാസ അവളെ കാർന്നു തിന്നു കൊണ്ടിരുന്നു. ആകാംഷ അടക്കാനാവാതെ വന്നപ്പോൾ അവൾ മെല്ലെ വാതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങി. ചുറ്റും ആരും ഇല്ലെന്ന് മനസിലായപ്പോൾ എതിർ വശത്തുള്ള വസുവിന്റെ ഫ്ളാറ്റിന് മുന്നിൽ ചെന്നു. ചെവി ഡോറിനോട് ചേർത്ത് വെച്ചു. ആരോ ഷൗട് ചെയ്യുന്ന പോലുള്ള ശബ്ദം കേട്ടതും കുനിഞ്ഞു നിന്ന് കീ ഹോളിലൂടെ അകത്തേക്ക് നോക്കി. ഒന്നും കാണാൻ കഴിയുന്നുണ്ടായിരുന്നില്ല. ആകാംഷയോടെ വീണ്ടും നോക്കാൻ ശ്രമിക്കുമ്പോളേക്കും വാതിൽ തുറക്കപ്പെട്ടിരുന്നു…..തുടരും…

ഗന്ധർവ്വയാമം: ഭാഗം 1

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!