ഹരി ചന്ദനം: ഭാഗം 14

ഹരി ചന്ദനം: ഭാഗം 14

എഴുത്തുകാരി: ശ്രുതി കൃഷ്ണ

ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് പുറകെയെത്തിയ നിഴൽ തിരിച്ചറിയാൻ അധികം സമയം വേണ്ടിവന്നില്ല. അപ്പോഴേക്കും വീട്ടിലുള്ള ബാക്കി എല്ലാവരും എന്റെ ബഹളം കേട്ട് ഓടി എത്തിയിരുന്നു.അമ്മ ഓടിവന്നു എന്ത് പറ്റിയെന്നു ചോദിച്ചു കെട്ടിപിടിച്ചു.എനിക്ക് മുൻപിൽ നിൽക്കുന്ന രണ്ടു പേരിലേക്ക് വിരൽ ചൂണ്ടുവാനെ സാധിച്ചുള്ളൂ.അപ്പോഴും എന്റെ വിറയൽ മാറിയിരുന്നില്ല. ഞാൻ ചൂണ്ടിയ വിരലിനു നേരെ സ്തംഭിച്ചു നിൽക്കുന്ന ദിയയെയും പുറകിലായി വിളറി നിൽക്കുന്ന കിച്ചുവിനെയും സംശയത്തോടെ ആണ് എല്ലാവരും നോക്കിയത്.അമ്മ എന്നെ ആകെ ഒന്ന് തടവി തന്നു.H.P ആണെങ്കിൽ ഒരു കസേര എടുത്തിട്ടു തന്ന് ഇനി എന്തു ചെയ്യണം എന്നറിയാതെ ശങ്കിച്ചു നിൽപ്പുണ്ട്.

കസേരയിൽ ഇരുന്നു കുറച്ചു കഴിഞ്ഞു എന്റെ കിതപ്പോന്ന് ശമിച്ചപ്പോൾ അമ്മ വിശദമായി കാര്യം അന്വേഷിച്ചു. “മോളെ മോൾക്ക്‌ കുഴപ്പൊന്നും ഇല്ലല്ലോ? ” “ഇല്ല അമ്മേ ഇപ്പോൾ ഓക്കേ ആണ്. ” “എന്താ പറ്റിയെ…. എന്തിനാ മോള് നിലവിളിച്ചതു? ” “അത്… ഞാൻ.. പെട്ടന്ന് പേടിച്ചതാ. ” “പേടിക്കാനോ… അതിന് മാത്രം എന്തുണ്ടായി? ” അതും ചോദിച്ചു അമ്മ കിച്ചുവിനെയും ദിയയെയും രൂക്ഷമായി ഒന്ന് നോക്കി.രണ്ടാളും തല താഴ്ത്തി കുറ്റവാളികളെ പോലെ നിൽപ്പുണ്ട്. “അത് അമ്മേ ഞാൻ വിരിച്ചിട്ട തുണി എടുക്കാൻ വന്നപ്പോൾ പെട്ടന്ന് ഇരുട്ടിൽ നിന്നും ദിയ ഓടി വരുന്നത് കണ്ടു.പുറകെ കിച്ചുവും.ഈ വൈറ്റ് ഡ്രെസ്സും ഇട്ടോണ്ട് പെട്ടന്ന് ഇരുട്ടിൽ നിന്നും ഒരു രൂപം ഓടി അടുക്കുന്നത് കണ്ടപ്പോൾ ഞാൻ പേടിച്ചുപോയി.

അങ്ങനെ നിലവിളിച്ചതാ. ” “രണ്ടാളും കൂടി എന്റെ കുഞ്ഞിനെ പേടിപ്പിച്ചല്ലോ. ” അതും പറഞ്ഞു അമ്മ പോയി രണ്ടിന്റെയും ചെവി പിടിച്ചു. “നിങ്ങൾ ഈ ഇരുട്ടത്ത് എന്തെടുക്കുവായിരുന്നു? ” H.P യാണ്. ഇങ്ങേരുടെ വായിൽ നാക്കുണ്ടായിരുന്നോ “അതുശരിയാ നിങ്ങളീ പാതിരാത്രി ഇരുട്ടത്ത് അവിടെ എന്തെടുക്കുവായിരുന്നു? ” “അത് അമ്മേ ഞങ്ങൾ വെറുതെ സംസാരിക്കാൻ. ” കിച്ചു നിന്ന് പരുങ്ങുവാണ്. “ഇന്ന് പകല് മുഴുവൻ സംസാരിച്ചില്ലേ. പിന്നെ രാത്രി എന്താ ഇത്ര പ്രത്യേകമായി രഹസ്യമായി സംസാരിക്കാൻ? ” അമ്മ രണ്ടിനെയും വിടുന്ന ലക്ഷണമില്ല.അമ്മ സംശയത്തോടെ ദിയയെ നോക്കിയതും അവളാകെ നാണിച്ചു തല താഴ്ത്തി പൂത്തുലഞ്ഞു നിൽപ്പുണ്ട്.

അവള് കാലു കൊണ്ട് കളം വരയ്ക്കാൻ തുടങ്ങിയതോടെ എല്ലാവർക്കും അവിടെ നടന്ന കാര്യങ്ങളെ കുറിച്ച് ഒരു ഏകദേശ ധാരണയായി.അമ്മ രണ്ടിനെയും കപടദേഷ്യത്തോടെ നോക്കി കൊണ്ട് റൂമിലേക്ക്‌ പറഞ്ഞു വിട്ടു.കിച്ചു ഒരു വിളറിയ ചിരിയോടെ എന്റെ അടുത്ത് വന്ന് ഒരു സോറിയും പറഞ്ഞ് മിസൈലു പോലെ റൂമിലേക്ക് പോണത് കണ്ടു. പുറകെ എനിക്ക് മുഖം തരാതെ ദിയയും.പാതി രാത്രി രണ്ടെണ്ണവും കൂടി പുഷ്പിക്കാൻ പോയി മനുഷ്യന്റെ ജീവൻ കളഞ്ഞതും പോരാ അവന്റെ ഒരു കോറി. ഹും…. അപ്പോഴേക്കും ടെറസിൽ നിന്നും എന്റെ വിരിച്ചിട്ട തുണിയൊക്കെ എടുത്തു തന്നു വേഗം ചെന്ന് ഉറങ്ങാനും നിർദേശം വച്ചു അമ്മ പോയി.അവർ തമ്മിൽ ഇങ്ങനെ ഒരു അടുപ്പം ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.

അടുത്ത നിമിഷം എന്റെ ചിന്തകൾ ചാരുവിലേക്കെത്തി നിന്നു.ഇനി അവളോട്‌ എന്ത് പറയും. എന്റെ എല്ലാം പോയെ എന്നുള്ള ഇരിപ്പ് കണ്ടാണ് എന്ന് തോന്നുന്നു H.P നോക്കി നിൽപ്പുണ്ട്. “താൻ ഓക്കേ അല്ലെ? കുടിക്കാൻ വെള്ളം വല്ലതും വേണോ? ” ഞാൻ അങ്ങേരെ രൂക്ഷമായി ഒന്ന് നോക്കി. എഴുന്നേറ്റു റൂമിലേക്ക്‌ നടന്നു. അല്ല പിന്നെ മനുഷ്യനിവിടെ ടെൻഷൻ അടിച്ചിരിക്കുമ്പോളാണ് അങ്ങേരുടെ ഒരു വെള്ളം കുടി.റൂമിൽ എത്തിയപ്പോൾ ആദ്യം ചാരുവിനെ വിളിച്ചു കാര്യം പറയണം എന്ന് തോന്നി.ഒരു നിമിഷമെങ്കിൽ അത്രയും നേരത്തെ അവളുടെ ആ ആഗ്രഹം മനസ്സിന്നു കളയട്ടെ.എന്റെ ഭാഗത്തും തെറ്റുണ്ട് അവളെ ഒതുക്കാനായി പലപ്പോഴും കിച്ചു എന്ന ആയുധം ഞാൻ പ്രയോഗിച്ചു.

ഒന്നും വേണ്ടിയിരുന്നില്ല. ഫോൺ കയ്യിലെടുത്തപ്പോളെക്കും വാല് പോലെ H.P പുറകെ വന്നു. അതോടെ ആ പ്ലാൻ ഉപേക്ഷിച്ചു.ആള് എന്തോ തിരയുന്നത് പോലെ അങ്ങോട്ടും ഇങ്ങോട്ടും നടപ്പുണ്ട്.ഇടയ്ക്കിടെ എന്നെ ഇടംകണ്ണിട്ട് നോക്കുന്നുമുണ്ട്.പേടിച്ചു എന്റെ നട്ട് ഇളകിയെന്ന് ഒരു പ്രതീക്ഷ അങ്ങേർക്കുണ്ടെന്നു തോന്നുന്നു. സില്ലി ബോയ്… പിറ്റേന്ന് രാവിലെ തന്നെ ചാരുവിനെ വിളിച്ചു വിശദമായി തന്നെ കാര്യങ്ങൾ പറഞ്ഞു.എല്ലാം കേട്ടപ്പോൾ ഒന്നും പറയാതെ അവൾ ഫോൺ വച്ചു.അവൾ ഒന്ന് ഓക്കേ ആയിട്ട് വീണ്ടും വിളിക്കാം എന്ന് ഞാനും കരുതി.അമ്മ പറഞ്ഞ പോലെ വിരുന്നു പോവാനായി H.P ഇന്ന് ലീവ് എടുത്തു.അത്യാവശ്യം കംപ്ലയിന്റ് പറഞ്ഞ എല്ലാ വീടുകളിലും ആദ്യം തന്നെ പോയി പരാതി തീർത്തു.എല്ലാവരെയും വിശദമായി പരിചയപ്പെട്ടു.

കല്യാണത്തിന് കണ്ട പല മുഖങ്ങളും ഞാൻ മറന്നു തുടങ്ങിയിരിക്കുന്നു. അധികം സമയം ഒന്നും എവിടെയും ചിലവഴിക്കാൻ പറ്റിയില്ല.എല്ലാടേം ഒരു ഓട്ടപ്രദക്ഷിണം നടത്തി എന്ന് തന്നെ പറയാം.എല്ലാം കഴിഞ്ഞ് വീട്ടിലേക്കു വരുന്ന വഴി ആള് മാളിൽ കൊണ്ട് പോയി കുറച്ച് ഡ്രസ്സ്‌ ഒക്കെ മേടിച്ചു തന്നു. പിന്നെ പുറത്തുന്നു ഡിന്നറും കഴിച്ചു. ഇതാണ് അങ്ങേരുടെ സങ്കല്പത്തിലെ ഭാര്യയുമൊത്തുള്ള കറങ്ങൽ എന്ന് തോന്നുന്നു.പക്ഷെ സത്യം പറയാല്ലോ ആകെ ശോകമായിരുന്നു. ആള് ഫുൾ ടൈം ഫോണിൽ കുത്തിക്കൊണ്ടു നടപ്പായിരുന്നു. ഇടയ്ക്കിടെ കോളും വരുന്നുണ്ടായിരുന്നു.

ഇതിലും നല്ലത് ഞാൻ ഒറ്റയ്ക്ക് പോണതായിരുന്നു.വീട്ടിലെത്തി അമ്മ വിശേഷങ്ങൾ ഒക്കെ ചോദിച്ചെങ്കിലും H.P യെ കുറിച്ച് ഞാൻ കുറ്റമൊന്നും പറഞ്ഞില്ല.സത്യത്തിൽ അങ്ങേരുടെ കൂടെ പുറത്തു പോയി അന്ന് തന്നെ എനിക്ക് മടുത്തിരുന്നു.ഇനി ഞാൻ തൃപ്തയല്ലെന്ന് തോന്നി അമ്മ ഹണിമൂണിനെങ്ങാൻ പറഞ്ഞു വിട്ടാൽ തീർന്നു.എന്തായാലും അമ്മ ഇന്ന് ഒത്തിരി സന്തോഷത്തിൽ ആയിരുന്നു. ദിയയുടെയും കിച്ചുവിന്റെയും അടുപ്പം അമ്മ ഒത്തിരി ആഗ്രഹിച്ചിരുന്നതായി തോന്നി.അന്ന് വൈകിട്ടു തന്നെ അവർ രണ്ടാളും തിരിച്ചു പോയി.ഞാൻ ഇത്തിരി പേടിച്ചെങ്കിലെന്താ അവർക്കു രണ്ടു പേർക്കും അടുത്തിടപഴകാനുള്ള സ്വാതന്ത്ര്യം കിട്ടി. രാത്രിയിൽ പപ്പ വിളിച്ചപ്പോളും വിരുന്നിന്റെ വിശേഷങ്ങൾ ഒക്കെ പറഞ്ഞു.

അത് കഴിഞ്ഞ് സച്ചുവും ചാരുവും വിളിച്ചു. ചാരു ഓക്കേ ആയതായി തോന്നി.പിന്നെ ആ വിഷയം ഞങ്ങൾ സംസാരിച്ചതേ ഇല്ല. പഴയ പോലെ ഞങ്ങൾ മൂന്നാളും കൂടി ഒത്തിരി ബഹളം ഒക്കെ വച്ചു സംസാരിച്ചു. പിന്നെയും രണ്ടു ദിവസം കൂടി ഞങ്ങളുടെ വിരുന്നു മഹാമഹം നീണ്ടു നിന്നു.അതിനായി H.P ഓഫീസിൽ നിന്നും നേരത്തെ വന്നു.അങ്ങനെ ഒരു വിധം എന്റെ കുടുംബക്കാരെയും അങ്ങേരുടെ കുടുംബക്കാരെയും വിരുന്ന് പോയി തൃപ്തിപ്പെടുത്തി.ഇടയ്ക്കു കിച്ചുവിന്റെ വീട്ടിലും ചാരുവിന്റെ വീട്ടിലും കൂടി ഞങ്ങൾ പോയി. എന്തായാലും വിരുന്നു പോയതോടെ H.P യുടെ ഒരു വീക്നെസ് കൂടി ഞാൻ കണ്ടു പിടിച്ചു.എന്താണെന്നല്ലേ കുട്ടികൾ. അങ്ങേർക്ക് കുട്ടികളെ ഭയങ്കര ഇഷ്ടമാണ്.

ഇടയ്ക്ക് കസിൻസിന്റെ കുട്ടികളുമൊക്കെയായി മതി മറന്നു കളിക്കുകയും അവരെയൊക്കെ ഓർത്ത് വച്ചു അവർക്കു കളിപ്പാട്ടങ്ങളും ചോക്ലേറ്റ്സും ഒക്കെ വാങ്ങി കൊടുക്കുന്നുമുണ്ടായിരുന്നു.കുട്ടികളോടൊപ്പം കൂടുമ്പോൾ അദ്ദേഹം വേറൊരു മനുഷ്യനാവുന്നതുപോലെ തോന്നി.ഞാൻ ഇതുവരെ കാണാത്ത പുതിയൊരു H.P. ദിവസങ്ങൾ പിന്നെയും കൊഴിഞ്ഞു വീണു കൊണ്ടിരുന്നു.H.P യിൽ ചെറിയ മാറ്റങ്ങൾ ഇല്ലെന്ന് പറയാതെ വയ്യ.തൊട്ടതിനും പിടിച്ചതിനുമൊക്കെയുള്ള വഴക്കൊക്കെ ഇത്തിരി കുറഞ്ഞിട്ടുണ്ട്. അങ്ങേരെ പാട്ടിലാക്കാനുള്ള എന്റെയും ചാരുവിന്റെയും പ്ലാനിങ് ഒക്കെ മുറപോലെ നടക്കുന്നുണ്ട്. അങ്ങനെ പെട്ടന്നൊരു ദിവസം ഞങ്ങളുടെ റിസൾട്ടും വന്നു.

എനിക്കും ചാരുവിനും ഡിസ്റ്റിംക്ഷൻ ഉണ്ട്. ഞങ്ങളുടെ പഠിപ്പിസ്റ് സച്ചുവായിരുന്നു യൂണിവേഴ്സിറ്റി ടോപ്പർ.നല്ല മാർക്ക്‌ കിട്ടിയതോടെ എല്ലാരും വിളിച്ചു അഭിനന്ദിച്ചു. H.P ഉൾപ്പെടെ.പപ്പയുടെ വക യു.എസ്സിൽ നിന്നും എനിക്കും, ചാരുവിനും, സച്ചുവിനും സമ്മാന പൊതികളൊക്കെ വന്നു.പപ്പയുടെ വിശേഷം പറയുകയാണെങ്കിൽ അവിടുത്തെ ടെസ്റ്റുകളൊക്കെ കഴിഞ്ഞ് ഇനി ഓപ്പറേഷൻ ഡേറ്റ് പറയാം എന്ന് ഡോക്ടർ അറിയിച്ചിട്ടുണ്ട്. എന്തായാലും എന്നെ കൂട്ടാതെ പോയി രണ്ടാളും അവിടെ സുഖിക്കുവാണ്. ഞാനാണെങ്കിൽ ഇവിടെ ഈ H.P യെ നന്നാക്കാൻ കഷ്ടപ്പെടുന്നു. റിസൾട്ട്‌ വന്നതോടെ ഞാനും ചാരുവും ഭാവിപരിപാടികളെ കുറിച്ച് ചിന്തിക്കുകയായി.

വൈകാതെ ചാരുവിന്റെ ഇഷ്ട പ്രകാരം അവൾക്കു സ്പെഷ്യലൈസേഷനായി ബാംഗ്ലൂരിൽ അഡ്മിഷൻ കിട്ടി.എനിക്ക് പിജി ചെയ്യാനായി അഡ്മിഷൻ കിട്ടിയത് ഞങ്ങൾ പഠിച്ച കോളേജിൽ തന്നെയായിരുന്നു. അങ്ങനെ പ്രതീക്ഷിച്ച പോലെ ഞങ്ങൾ പലവഴിക്കായി.അഡ്മിഷൻ കിട്ടി ഒരാഴ്ച കഴിഞ്ഞപ്പോളേക്കും ചാരു ബാംഗ്ലൂർക്ക് പോയി. അവിടെ ഹോസ്റ്റലിൽ നേരത്തെ താമസ സൗകര്യം ഒക്കെ റെഡി ആക്കിയിരുന്നു. അവിടുന്ന് രണ്ടാഴ്ച കഴിഞ്ഞപ്പോളേക്കും ഇവിടുത്തെ ക്ലാസ്സുകളും ആരംഭിച്ചു.ഞങ്ങളുടെ കൂടെ മുൻപ് പഠിച്ച രണ്ട് കുട്ടികൾ കൂടി പിജി ചെയ്യാൻ ഉണ്ടായിരുന്നു. സത്യം പറഞ്ഞാൽ അതെനിക്കൊരു ആശ്വാസം ആയിരുന്നു.മുൻപേ ഉള്ള പരിചയം വച്ചു ഞങ്ങൾ കുറച്ചൂടെ കൂട്ടായി.

ദിവസങ്ങൾ പിന്നെയും ഓടികൊണ്ടിരുന്നു.ഞാൻ പഠിത്തത്തിന്റെ തിരക്കുകളിലേക്ക് മുഴുകി. വീട്ടിലെത്തിയാൽ അമ്മയും,ദിവസവും വരുന്ന പപ്പയുടെയും, സച്ചുവിന്റെയും, ചാരുവിന്റെയും കോളുകളും, ഇടയ്ക്കിടെ ടീച്ചറമ്മയുടെ വീട്ടിലുള്ള സന്ദർശനവും മാറ്റമില്ലാതെ തുടരുന്ന എന്റെ ദിവസങ്ങൾക്കു വലിയ ആശ്വാസം തന്നെയായിരുന്നു.H.P അത്യാവശ്യം സൗമ്യഭാവമൊക്കെ കാട്ടി തുടങ്ങിയിട്ടുണ്ട്.കിച്ചുവിന്റെയും ദിയയുടെയും റൊമാൻസ് ഒക്കെ നന്നായി പോകുന്നുണ്ട്.കിച്ചു മിക്കവാറും വീക്കെന്റുകളിൽ വരാറുണ്ട്. ദിയയുടെ വരവുകൾ കുറവായിരുന്നു .അല്ലെങ്കിലും അവൾ വന്നിട്ടും എനിക്ക് വലിയ പ്രയോജനം ഉണ്ടെന്നു തോന്നുന്നില്ല.

അവൾക്കിപ്പോഴും എന്നോടുള്ള മനോഭാവത്തിൽ വലിയ മാറ്റമൊന്നും വന്നിട്ടില്ല.ഇപ്പോൾ കോളേജിലെ ഓരോരോ തിരക്കുകൾക്കിടയിൽ ഞാനും അവളെക്കുറിച്ച് ആലോചിക്കാറില്ലായിരുന്നു.ഈ ആഴ്ചയും പതിവുപോലെ കിച്ചു വന്നു.ഞായറാഴ്ച വൈകിട്ടു തിരിച്ചു പോവുകയും ചെയ്തു. അങ്ങനെ പിറ്റേന്ന് പതിവുപോലെ സന്ധ്യയ്ക്കു വിളക്കൊക്കെ വയ്ച്ചു.അടുക്കളയിൽ അമ്മയോട് സംസാരിച്ചു നിൽക്കുമ്പോളാണ് പെട്ടന്ന് കാളിങ് ബെൽ അടിച്ചത്.സാദാരണ H.P വരുന്ന സമയം ആവുന്നതേ ഉള്ളായിരുന്നു. അല്ലെങ്കിൽ തന്നെ ആള് വരുമ്പോൾ കാറിന്റെ സൗണ്ട് കേൾക്കുന്നതാണ്. അപ്പോൾ പിന്നെ ഇന്ന് ഈ നേരത്ത് ആരായിരിക്കും എന്ന് ചിന്തിച്ചിട്ട് ഒരൂഹവും കിട്ടിയില്ല.

വേഗം തന്നെ മുൻപിൽ ഞാനും പുറകെ അമ്മയും ആളെയറിയാൻ ഉമ്മറത്തേക്ക് വച്ചു പിടിച്ചു.മുന്പിലെ ജനലിന്റെ കർട്ടൻ നീക്കി ആളേ തിരഞ്ഞപ്പോൾ ദേ നിൽക്കുന്നു വലിയൊരു ബാഗും തോളിലിട്ടു ഉമ്മറത്തൊരു മൈന…..തുടരും

ഹരി ചന്ദനം: ഭാഗം 13

Share this story