നിനക്കായ് : ഭാഗം 4

Share with your friends

എഴുത്തുകാരി: ഫാത്തിമ അലി

ഹരിയെ ശ്രീ ആദ്യമായി കാണുന്നത് അവൾ രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ്… വൈകുന്നേരം സ്കൂൾ കഴിഞ്ഞ് ഓടി ചാടി വീട്ടിലേക്ക് വരുമ്പോൾ തന്നെ തറവാട്ട് മുറ്റത്ത് പരിചയമില്ലാത്തൊരു കാർ കിടക്കുന്നത് അവൾ ശ്രദ്ധിച്ചു… അതിനെ തൊട്ടും തലോടിയും ശ്രീ ഉമ്മറത്തേക്ക് ഏന്തി വലിഞ്ഞ് നോക്കിയതും അവളുടെ അച്ഛന്റെ കൂടെ ഇരുന്ന് സംസാരിച്ച് നിൽക്കുന്ന ഒരു ആളും അയാളോടൊപ്പം പത്ത് പതിനൊന്ന് വയസ്സ് തോന്നിക്കുന്ന ഒരു ആൺകുട്ടിയേയും കണ്ടു… താൻ നോക്കുന്നത് കണ്ട അച്ഛൻ കൈ കാട്ടി അടുത്തേക്ക് വിളിച്ചതും ഓടി ചെന്ന് അച്ഛന്റെ മടിയിലേക്ക് കയറി ഇരുന്ന് വന്നവരെ കൗതകത്തോടെ നോക്കി…

അപ്പോഴാണ് അയാൾ അത് അവളുടെ അമ്മാവനും മകനും ആണെന്ന് പറഞ്ഞത്… അച്ഛന്റെ ഒരേ ഒരു സഹോദരി ആരുടെയോ കൂടെ ഒളിച്ചോടി പോയതാണെന്ന് അമ്മ ആരോടോ പറയുന്നത് കേട്ടിരുന്നെങ്കിലും അത് എന്താണെന്ന് മനസ്സിലാക്കാനുള്ള പക്വത അന്ന് അവൾക്ക് എത്തിയിരുന്നില്ല… എങ്കിലും അയാൾ പറയുന്നത് കേട്ട് മനസ്സിലായെന്ന പോലെ തലയാട്ടിക്കൊണ്ട് ആ ആൺകുട്ടിയെ നോക്കി ചിരിച്ചു… അവൾ ചിരിക്കുന്നത് കണ്ടിട്ടും അവന്റെ മുഖത്ത് അപ്പോഴും ഗൗരവത്തിൽ ആയിരുന്നു…

അത് കണ്ട് ശ്രീയുടെ മുഖം വാടിയത് അമ്മാവൻ കണ്ടത് കൊണ്ടാവാം അവന്റെ പേര് ഹരി എന്നാണെന്നും അവർ പഴയ താമസസ്ഥലത്ത് നിന്നും ഇങ്ങോട്ട് പോന്നതിന്റെ ദേഷ്യത്തിലാണ് അവനെന്നും എന്നോട് പറഞ്ഞത്… മുത്തശ്ശൻ മരിച്ചത് കൊണ്ട് പുതിയ വീട് ഉണ്ടാക്കുന്നത് വരെ അമ്മാവനും അമ്മായിയും കൂടെ ശ്രീയുടെ വീട്ടിൽ തന്നെ ആയിരുന്നു താമസിച്ചിരുന്നത്.. അപ്പോഴൊക്കെ അവൾ ഹരിയോട് അടുക്കാൻ ശ്രമിച്ചെങ്കിലും എന്നോട് ഒന്ന് മര്യാദക്ക് സംസാരിക്കുക പോലും ചെയ്തിരുന്നില്ല…

ആദ്യമൊക്കെ സങ്കടം വന്നെങ്കിലും വിടാതെ പിന്നാലെ നടന്നത് കൊണ്ടാവാം ഒരു ചിരി ശ്രീക്ക് സമ്മാനിക്കാൻ തുടങ്ങിയത്… ഒരു ദിവസം ഹരി അവളോട് എന്തോ ആവശ്യത്തിന് വഴക്ക് കൂടി തള്ളിയതും ശ്രീ ഉമ്മറത്തെ പടിയിലേക്ക് നെറ്റി അടിച്ച് വീണു… അവളുടെ കരച്ചിൽ കേട്ട് എല്ലാവരും ഉമ്മറത്തേക്ക് വന്ന് ശ്രീയെ ആശ്വസിപ്പിച്ചു… വിതുമ്പി കരയുന്ന അവളുടെ കുഞ്ഞി കൈ ഹരിയടെ കൈയിൽ ചേർത്ത് വെച്ച് അമ്മാവനാണ് ഇവൾ നിന്റെതാണെന്ന് ഹരിയോട് പറഞ്ഞത്… അതിന്റെ പൊരുൾ എന്താണെന്ന് ശ്രീക്ക് മനസ്സിലായില്ലെങ്കിലും ഹരിയുടെ കൈ അവൾ മുറുകെ പിടിച്ച് വെച്ചിരുന്നു…

വലുതാവുന്നതിന് അനുസരിച്ച് ശ്രീക്ക് പതിയെ അമ്മാവൻ പറഞ്ഞതിന്റെ അർത്ഥം മനസ്സിലാകാൻ തുടങ്ങി… കൗമാരത്തിൽ എത്തി നിന്നതും അവളുടെ സ്വപ്നങ്ങളിൽ എല്ലാം ഹരി ആയിരുന്നു നിറഞ്ഞ് നിന്നത്… മറ്റുള്ള കാമുകൻമാരെ പോലെ എപ്പോഴും സംസാരിക്കാനും സമ്മാനങ്ങൾ നൽകാനുമൊന്നും ഹരി നിന്നിരുന്നില്ലെങ്കിലും അവൾക്ക് അവൻ നൽകുന്ന ചെറുചിരിയും അൽപം മാത്രമുള്ള സംസാരങ്ങളും മാത്രം മതിയായിരുന്നു ശ്രീക്ക് സന്തോഷിക്കാൻ… കോളേജിൽ പഠിക്കുമ്പോൾ ഒരുപാട് പേർ അവളുടെ പിന്നാലെ പ്രേമാഭ്യർത്ഥനയുമായി വന്നെങ്കിലും ഹരിയെ മാത്രം മനസ്സിലിട്ട് എല്ലാത്തിൽ നിന്നും ഒഴിഞ്ഞ് മാറി പഠനത്തിൽ മാത്രം ശ്രദ്ധിച്ചു…

ഇതിനിടയിൽ ഒരിക്കൽ പോലും അവന്റെ ഭാഗത്ത് നിന്ന് ഒരു അനിഷ്ടം ഉള്ളതായി ശ്രീക്ക് തോന്നിയിരുന്നില്ല… എന്നാൽ കഴിഞ്ഞ് നാലഞ്ച് മാസങ്ങൾക്ക് ശേഷം ബാംഗ്ലൂരിലേക്ക് പോയിക്കഴിഞ്ഞതും സാധാരണ പോലെയുള്ള മെസ്സേജുകളോ വല്ലപ്പോഴുമുള്ള കോളുകളോ ഒന്നും ഉണ്ടായിരുന്നില്ല… അപ്പോഴൊക്കെയും അവന്റെ തിരക്കുകൾ കൊണ്ട് ആയിരിക്കുമെന്ന് അവൾ സ്വയം മനസ്സിനെ സമാധാനിപ്പിക്കാറായിരുന്നു പതിവ്… പക്ഷേ അപ്പോൾ അറിയാതെ പോലും അവൻ മറ്റൊരു പെണ്ണിന് മനസ് പകുത്തി കൊടുത്തിട്ടുണ്ടാകുമെന്ന് കരുതിയിരുന്നില്ല… ശ്രീക്ക് ഹൃദയം പൊട്ടി പോകുന്നത് പോലെ തോന്നി…

ഇത്രയും നാൾ ജീവനെ പോലെ കൊണ്ട് നടന്നവനിൽ നിന്നും ഇതുപോലൊരു പ്രതികരണം അവളെ ആകെ തളർത്തി കളഞ്ഞിരുന്നു… ഉറക്കെ കരയണമെന്നുണ്ടെങ്കിലും അച്ഛനും അമ്മയും അറിഞ്ഞാൽ ഉണ്ടാവുന്ന പ്രതികരണം ഓർത്ത് തന്നാൽ കഴിയുന്നതും അവൾ നിലവിളി പിടിച്ച് നിർത്തി… കരഞ്ഞ് കരഞ്ഞ് അവളുടെ മുഖം പൊത്തി വെച്ചിരുന്ന ദാവണിത്തുമ്പ് കണ്ണുനീർ വീണ് നനഞ്ഞ് കുതിർന്നിരുന്നു… വാടി തളർന്ന അവളുടെ കണ്ണുകളിൽ മയക്കം വന്ന് പൊതിഞ്ഞു… “ശ്രീക്കുട്ടീ…മോളേ…വാതിൽ തുറന്നേ…സമയം എത്രയായീന്നാ വിചാരം….എഴുന്നേറ്റേ…ശ്രീക്കുട്ടീ….”

വസുന്ധര ഡോറിന് ശക്തിയായി തട്ടുന്നത് കേട്ടാണ് ശ്രീ കണ്ണുകൾ വലിച്ച് തുറന്നത്… കണ്ണുനീർ കുതിർന്ന് കൺപീലികളെല്ലാം ഒട്ടിപ്പിടിച്ചിരുന്നു.. അവളുടെ തുടത്ത കവിളുകളിൽ ചാടലിട്ടൊഴുകിയ കണ്ണീരിന്റെ പാടുകൾ വ്യക്തമായി കാണാമായിരുന്നു…. ഇരുന്ന ഇരുപ്പിൽ എപ്പോഴാണ് ഉറങ്ങിയതെന്ന് മനസ്സിലാകാതെ അവൾ തലക്ക് കൈ കൊടുത്ത് ഇരുന്നു… “മോളേ….” വസുന്ധരയുടെ സ്വരം ഉയർന്നതും ശ്രീ പതിയെ ഇരുന്നിടത്ത് നിന്ന് എഴുന്നേൽക്കാൻ ശ്രമിച്ചു… കൈകളും കാലുകളും തളരുന്നത് പോലെ തോന്നിയ അവൾ ചുവരിൽ പിടിച്ച് മെല്ലെ എഴുന്നേറ്റ് നിന്നു…

തലയാകെ പൊട്ടി പിളർക്കുന്നത് പോലെ തോന്നിയ ശ്രീ രണ്ട് കൈകൾ കൊണ്ടും നെറ്റി അമർത്തി പിടിച്ചു.. “ശ്രീക്കുട്ടീ…” ഇത്തവണ വസുന്ധരയുടെ സ്വരത്തിൽ ഉത്കണ്ഠ നിറഞ്ഞിരുന്നു…. ശ്രീ ഒരുവിധം ബാലൻസ് ചെയ്ത് ഡോർ തുറന്ന് കൊടുത്തു… “ഞാൻ എത്ര നേരം കൊണ്ട് വിളിക്കുന്നതാ….എന്താ മോളെ…മുഖം ഒക്കെ വല്ലാതെ…തലവേദന കുറവില്ലേ ശ്രീക്കുട്ടീ…?” ശ്രേയുടെ മുഖം കണ്ട് ആകുലതയോടെ അവർ അവളുടെ മുഖം കൈകളിൽ എടുത്ത് ചോദിച്ചതു… “അ…മ്മാ….” എന്തോ പറയാൻ ആഞ്ഞ ശ്രീ പെട്ടെന്ന് ബോധം മറഞ്ഞ് വസുന്ധരയുടെ മാറിലേക്ക് ചെന്ന് വീണിരുന്നു….

“മാധവേട്ടാ….” ശ്രീയെ നെഞ്ചോട് അടുക്കി പിടിച്ച് വസുന്ധര നിലവിളിയോടെ മാധവനെ വിളിച്ചു…. ഉമ്മറത്ത് ഇരുന്ന അയാൾ ഓടി വന്നപ്പോഴാണ് ശ്രീയെയും അടക്കി പിടിച്ച് കരയുന്ന വസുന്ധരയെ കണ്ടത്… “വസൂ….എന്ത് പറ്റി…ശ്രീക്കുട്ടീ….മോളേ…” “അറിയില്ല മാധവേട്ടാ..മോള് പെട്ടെന്ന്…” മാധവൻ ശ്രീയെ കോരി എടുത്ത് ബെഡിലേക്ക് കിടത്തി… “വസൂ…വെള്ളം എടുക്ക്…” വസുന്ധര വെള്ളം എടുത്ത് കൊടുത്തതും അയാൾ അത് ശ്രീയുടെ മുഖത്തേക്ക് കുടഞ്ഞു.. അവൾ പതിയെ കണ്ണുകൾ ചിമ്മി തുറക്കാൻ ശ്രമിച്ചു… “എന്താ വാവേ…അച്ഛന്റെ മോൾക്ക് വയ്യേ..?” “ത…ല..വേദ..നിക്കു..ന്നു…”

“ഹോസ്പിറ്റലിൽ കൊണ്ട് പോയാലോ മാധവേട്ടാ…?” “നീ ആ ജയനോട് ഒന്ന് വന്ന് മോളെ നോക്കാൻ പറ…” “ആഹ്..” വസുന്ധര അയൽവാസിയായ ജയദേവനെ വിളിക്കാൻ പോയി…അയാൾ ഒരു ഡോക്ടർ ആണ്… “പേടിക്കാൻ ഒന്നുമില്ല…ബി.പി കുറഞ്ഞതാണ്…എന്ത് പറ്റി ശ്രീകുട്ടീ…ഫുഡ് കഴിച്ചില്ലായിരുന്നോ ഇന്ന്…?” ജയൻ അവളുടെ തലയിൽ തലോടിക്കൊണ്ട് ചോദിച്ചതും അവൾ ഒന്ന് ചിരിക്കാൻ ശ്രമിച്ചു… *** “ഹരീ……” റൂമിൽ കിടക്കുന്ന ഹരിയുടെ അടുത്തേക്ക് ചെന്ന് സുമ അവനെ പതിയെ വിളിച്ചു… “മോനേ…” സുമയോട് ദേഷ്യപ്പെട്ടതിന് ശേഷം പിന്നെ ഹരി അവരോട് സംസാരിച്ചിരുന്നില്ല…

അത് കഴിഞ്ഞ് രണ്ട് ദിവസം കഴിഞ്ഞെങ്കിലും ഹരിയുടെ ഭാഗത്ത് നിന്ന് ഒരു വിട്ട് വീഴ്ചയും ഉണ്ടായിരുന്നില്ല…. ആദ്യമൊന്നും കാര്യമാക്കിയില്ലെങ്കിലും മകന്റെ അവഗണന അധികമായതും ആ അമ്മക്ക് അത് താങ്ങാൻ കഴിഞ്ഞില്ല… “ഹരീ…നിന്നോടൊപ്പമുള്ള ഒരു ജീവിതം ആ പാവം എന്തു മാത്രം ആശിച്ച് കാണും…ഇത് അവൾ അറിയുമ്പോ താങ്ങാൻ കഴിയുമോ…?” സുമ പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചതും ഹരി ബെഡിൽ നിന്നും എഴുന്നേറ്റു… “അപ്പോ എന്റെ കാര്യം ഓർത്തോ അമ്മ…എനിക്കും ഇല്ലേ ആഗ്രഹങ്ങൾ…?ഞാനുമായി ഒരു ജീവിതം സ്വപ്നം കണ്ട മേഘയ്ക്കും അത് പോലെ തന്നെ ആവില്ലേ…?”

“ഞാൻ…ഞാനെന്ത് ചെയ്യണം എന്നാ നീ പറയുന്നത്…?” സഹികെട്ട സുമ ഹരിയുടെ നേരെ നോക്കിയതും അവൻ അവരുടെ കൈയിൽ പിടിച്ചു… “അമ്മ പോയി അമ്മാവനോട് സംസാരിക്കണം…” “ഹരീ…ഏട്ടനോട്…എങ്ങനെയാ മോനേ ഞാൻ അദ്ദേഹത്തിന്റെ മുഖത്തേക്ക് നോക്കി…എന്തിനാ ടാ നീ അമ്മയെ ഇങ്ങനെ വേദനിപ്പിക്കുന്നേ..?” “അമ്മ എന്തിനാ ഇത്രയും സങ്കടപ്പെടുന്നത്…ഇനി അമ്മക്ക് പറ്റില്ലെങ്കിൽ പറ…ഞാൻ കൊച്ചച്ചനെ വിളിച്ച് അമ്മാവനോട് സംസാരിക്കാൻ പറയാം…പിന്നെ കല്യാണം മുടക്കാൻ തക്ക കാരണങ്ങൾ അവളിൽ തന്നെ ഉണ്ടല്ലോ…ഒരു ചൊവ്വാ ദോഷക്കാരിയെ അല്ലേ നിങ്ങൾ എല്ലാവരും കൂടെ എന്റെ തലയിലേക്ക് കെട്ടി വെക്കാൻ നോക്കിയത്…?

അവളുടെ ജാതകത്തിൽ വൈധവ്യയോഗം ഉണ്ടെന്ന് പറഞ്ഞാൽ അമ്മാവന് പിന്നെ നമ്മളെ നിർബന്ധിക്കാൻ പറ്റുമോ…?” “ഹരീ..നീ ഈ കാണിച്ച് കൂട്ടുന്നതൊക്കെ ശരിയാണെന്ന് നിനക്ക് തോന്നുന്നുണ്ടോ..?അവസാനം നീ ഇതിനൊക്കെ ഖേദിക്കേണ്ടി വരും…?” “അമ്മ ഒന്ന് പോയേ…എന്ത് ചെയ്യണം എന്ന് ഞാൻ തീരുമാനിച്ചോളാം….” ഹരിയോട് എന്ത് പറഞ്ഞിട്ടും കാര്യമില്ലെന്ന് തോന്നിയതും ഒരു നെടുവീർപ്പോടെ സുമംഗല അവന്റെ അരികിൽ നിന്നും എഴുന്നേറ്റ് പുറത്തേക്ക് പോയി… **** പിറ്റേന്ന് രാവിലെ വസുന്ധര വന്ന് വിളിച്ചപ്പോഴാണ് ശ്രീ കണ്ണുകൾ തുറന്നത്…

ഈ മൂന്ന് ദിവസങ്ങൾക്കിടയിൽ രാത്രിയിലൊക്കെയും അവളുടെ കണ്ണുനീർ തലയിണയെ നനയിച്ച് കൊണ്ടിരുന്നു…. മുഖം അമർത്തി തുടച്ച് ശ്രീ വാതിൽ തുറന്നതും വസുന്ധര ദേഷ്യം പിടിച്ച് നിൽക്കുന്നുണ്ടായിരുന്നു… “സമയം എത്രയായെന്നാ ശ്രീക്കുട്ടീ നിന്റെ വിചാരം..വന്നേ… ചായ കുടിക്കാം…” “അമ്മ ചെന്നോ…ഞാനിപ്പോ വരാം…” “മ്മ്…വേഗം താഴേക്ക് വാ…” വസുന്ധര പോയതും ശ്രീ ഒരു നെടുവീർപ്പോടെ ബാത്ത്റൂമിൽ കയറി മുഖമൊക്കെ കഴുകി ടേബിളിനടുത്തേക്ക് ചെന്നു… കഴിക്കാനിരുന്നപ്പോഴും നിശബ്ദമായി പ്ലേറ്റിൽ കിള്ളി പെറുക്കി ഇരിക്കുന്ന അവളെ വസുന്ധരയും മാധവനും നോക്കി നിന്നു…

“എന്താ മോളേ പറ്റിയത്…രണ്ട് മൂന്ന് ദിവസം ആയി ഞങ്ങൾ ശ്രദ്ധിക്കുന്നു..എന്തെങ്കിലും പ്രശ്നം ഉണ്ടോ മോൾക്ക്…?” “ഏയ്…എ…എനിക്ക് ഒന്നും ഇല്ല അമ്മാ…തലവേദന കുറവില്ല… അത് കൊണ്ടാ…” “തലവേദന എന്നും പറഞ്ഞ് ഒന്നും കഴിക്കാതെ ഇരുന്നോ… രണ്ട് മൂന്ന് ദിവസം കൊണ്ട് തന്നെ പകുതി ആയി നീ…” “നീ അവളെ ചീത്ത പറയാതെ വസൂ…മോള് കഴിക്ക്…” ശ്രീ മാധവനെ നോക്കി ഒരു വിളറിയ ചിരിയോടെ ഒരു കഷ്ണം ദോശ എടുത്ത് കഴിക്കാനായി വായ്ക്ക് നേരെ കൊണ്ട് പോയി… കോളിങ് ബെൽ ഉയർന്നതും മാധവനും വസുന്ധരയും എഴുന്നേറ്റ് ഉമ്മറത്തേക്ക് ചെന്നു… “ആഹാ…ആരാ ഇത്…

ഹരിയോ…വന്നേ…?” ഹരിയാണ് വന്നെതെന്ന് അറിഞ്ഞതും ശ്രീയുടെ കൈയിലിരുന്ന ഭക്ഷണം നിലത്തേക്ക് വീണു… തന്റെ ഹൃദയം വല്ലാതെ മിടിക്കുന്നത് പോലെ തോന്നിയ ശ്രീ ചെയറിൽ നിന്ന് എഴുന്നേറ്റ് കൈ കഴുകി ഹാളിലേക്ക് ചെന്നു… അവിടെ ചെയറിലായി ഇരിക്കുന്ന ഹരിയെയും സുമയെയും കൂടെ ഹരിയുടെ കൊച്ചച്ചനും ഇരിക്കുന്നുണ്ടായിരുന്നു… സുമയുടെ സങ്കടം നിഴലിച്ച മുഖം കണ്ടപ്പോൾ തന്നെ ശ്രീക്ക് കാര്യങ്ങൾ ഏകദേശം വ്യക്തമായിരുന്നു… “അമ്മാവാ….എനിക്ക് ശ്രീയോട് കുറച്ച് സംസാരിക്കാനുണ്ട്…” ശ്രീയെ കണ്ടതും ഹരി ചെയറിൽ നിന്ന് എഴുന്നേറ്റ് മാധവനോട് പറഞ്ഞു..

“അതിനെന്താ…മോൻ ചെല്ല്…” മാധവന്റെയും വസുന്ധരയുടെയും മുഖത്തെ സന്തോഷം അസ്തമിക്കാൻ ചുരുങ്ങിയ സമയം മാത്രമേ ബാക്കി ഉള്ളൂ എന്ന തിരിച്ചറിവിൽ ശ്രീയുടെ നെഞ്ച് വിങ്ങി… അവൾ ആരെയും നോക്കാതെ ഹരിയുടെ പിന്നാലെ പുറത്തേക്ക് ഇറങ്ങി.. തറവാട്ടിലെ കുളപ്പടവിലേക്കായിരുന്നു ഹരി നടന്ന് ചെന്ന് നിന്നത്.. പിന്നാലെ എത്തിയ ശ്രീ അവന് അൽപം വിട്ട് മാറി എങ്ങോട്ടോ നോട്ടമെറിഞ്ഞ് നിന്നു… “ശ്രീ…..” ഹരിയുടെ സ്വരത്തിലെ സൗമ്യത ശ്രീയുടെ നെഞ്ചിലെ കനലിനെ നേരിയ തോതിൽ അണയിച്ചിരുന്നു…

കണ്ണുകളിൽ നേരിയ പ്രതീക്ഷ നിറച്ച് അവൾ തല ഉയർത്തി ഹരിക്ക് നേരെ നോക്കി… “ശ്രീ…നമ്മുടെ വിവാഹം…അത് നടക്കില്ല…” ഈ ദിവസങ്ങൾക്കിടയിൽ താൻ ഇത് പോലെ ഒരു ദിവസത്തെ അഭിമുഖീകരിക്കേണ്ടി വരുമെന്ന് ശ്രീ പ്രതീക്ഷിച്ചിരുന്നു…. എങ്കിലും ഹരിയുടെ നാവിൽ നിന്നും അത് കേട്ടപ്പോൾ നെഞ്ച് പൊട്ടുന്നത് പോലെ അവൾക്ക് തോന്നി… നിറഞ്ഞ് വരുന്ന കണ്ണുകൾ ഇറുകെ അടച്ച് പിടിച്ചതും അവളുടെ കണ്ണിൽ നിന്നും ഉതിർന്ന് വീണ കണ്ണുനീർ തുള്ളി നിലത്ത് വീണ് ചിതറി….തുടരും

നിനക്കായ് : ഭാഗം 3

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!