ഒരു ചെമ്പകപ്പൂവിന്റെ ഓർമ്മയ്ക്ക്: ഭാഗം 10

Share with your friends

എഴുത്തുകാരി: ദിവ്യ കഷ്യപ്പ്

ആഴ്ചകൾ രണ്ടു മൂന്ന് കടന്ന് പോയി… കഴിവതും ഗൗരിയുടെ മുന്നിൽ ചെന്ന് പെടാതെ നോക്കുകയായിരുന്നു നവി… കണ്ടു കഴിയുമ്പോൾ ഉള്ളു പൊള്ളിച്ചൊരു വേദന ഇങ്ങ് വന്നു നെഞ്ചാകെ മൂടും… തന്റേതല്ല എന്ന തിരിച്ചറിവിൽ നിന്നുണ്ടാകുന്ന ഹൃദയവേദന… ആ കണ്ണും ആ മൂക്കും.. ആ ചുണ്ടുകളും ചെമ്പകപ്പൂ തിരുകി വെക്കുന്ന കേശഭാരവുമൊക്കെ കാണാനും നുകരാനും അറിയാനും മറ്റൊരാൾ ഉണ്ടെന്നുള്ള അറിവ്…

അത് വല്ലാത്തൊരു വേദനയാണ്… കഴിവതും ഗൗരി വിളക്ക് വെച്ചു പ്രാർത്ഥിച്ചു എഴുന്നേറ്റു പോയി കഴിയുമ്പോഴേ അവൻ വാര്യത് വന്നു കയറൂ… രാവിലത്തെയും രാത്രിയിലത്തെയും ഭക്ഷണം മുത്തശ്ശിയാണ് കൊണ്ട് തരുന്നത്…. അത് കൊണ്ട് അവളെ അങ്ങനെ കാണേണ്ടി വരാറില്ല… എങ്കിലും വെളുപ്പിന് ശംഖു നാദത്തിന് മുൻപ് എഴുന്നേറ്റ് ആ ജനാല വിടവിലൂടെ അവൾ തുളസി മാല കെട്ടുന്നത് അവൻ നോക്കാറുണ്ടാരുന്നു.. ആ ഇരുണ്ട വെട്ടത്ത് അവ്യക്തമായി എങ്കിലും ഒന്ന് കാണാതെ അവന് പറ്റുന്നുണ്ടായിരുന്നില്ല….

രണ്ടു ദിവസം കൂടി കഴിഞ്ഞൊരു ഞായറാഴ്ച… ഗൗരിയും ഭദ്രകുട്ടിയും കൂടി ഗൗരിയുടെ ഒരു കൂട്ടുകാരിയുടെ വീട്ടിൽ പോയ നേരം… മുത്തശ്ശിക്ക് കൂട്ടായി രാധികേച്ചി വന്നിരുപ്പുണ്ട്… ഇരുവരും വാതിൽക്കൽ വർത്തമാനം പറഞ്ഞിരിക്കുന്നു… നവി എഴുത്തു പുരയുടെ അരഭിത്തിയിൽ ഫോണും നോക്കിക്കൊണ്ടിരിക്കുകയാണ്… പെട്ടെന്നാണ് അകത്തു നിന്നും “ദേവാ… ദേവാ… “എന്നുള്ള വിളി കേട്ടത്… രാധികേച്ചിയുടെയും മുത്തശ്ശിയുടെയും ഒപ്പം നവിയും ഓടിക്കയറി അകത്തേക്ക്… നവി ഓടിച്ചെന്നു ശ്രീദേവി അമ്മയുടെ അരികിലേക്കിരുന്നു… ആ കൈ പിടിച്ചു.. “എന്താമ്മേ… എന്ത് പറ്റി… ഞാനിവിടെ ഉണ്ടല്ലോ… ന്തെ… അമ്മ പേടിച്ചോ??

” ഗൗരി ഇല്ലാത്ത സമയം നോക്കി നവി ശ്രീദേവിയമ്മയെ ചെന്ന് കാണുന്നുണ്ടായിരുന്നു ഇടയ്ക്കൊക്കെ… “മോനെ ഇന്ന് കണ്ടില്ലല്ലോ… നീ എവിടെ പോയിരുന്നു ദേവാ… ” “ഞൻ മുറ്റത് മുത്തശ്ശിയോടൊപ്പം ഉണ്ടായിരുന്നല്ലോ അമ്മേ… അമ്മയ്ക്ക് മുറ്റത്തിറങ്ങണോ… ഞാൻ കൊണ്ട് പോകട്ടെ… “നവി ചോദിച്ചു… ശ്രീദേവിയുടെ മുഖം പ്രകാശിച്ചു… രാധികേച്ചിയും സന്തോഷത്തോടെ പറഞ്ഞു.. “അത് നല്ലൊരു കാര്യമാണ് നവി… വാ നമുക്ക് എഴുന്നേൽപ്പിച്ചു പുറത്ത് കൊണ്ട് പോകാം… ” രാധികേച്ചിയും സഹായിച്ചു നവിയെ ശ്രീദേവിയമ്മയെ എഴുന്നേൽപ്പിക്കാനായി…

രണ്ടു പേരും കൂടി അവരെ താങ്ങിപ്പിടിച്ചു പുറത്തേക്കു നടത്തി… ഒരുപാടു നാളായിരുന്നു അവർ നടന്നിട്ട്.. കാലുകൾക്കൊക്കെ ഒരു ബലക്ഷയം അനുഭവപ്പെടുന്നുണ്ടായിരുന്നു… നവി പറഞ്ഞതനുസരിച്ചു മെല്ലെ മെല്ലെ അവർ പിച്ച വെച്ച് നടന്നു… കുറച്ചു കഴിഞ്ഞപ്പോൾ രാധികേച്ചി പിടി വിട്ട് തിണ്ണയിൽ വന്നിരുന്നു.. ഇപ്പൊ നവി മാത്രമാണ് അവരെ പിടിച്ചിരിക്കുന്നത്… ശ്രീദേവി ആദ്യം കാണുന്ന പോലെ നോക്കുകയായിരുന്നു വീടും തൊടിയുമെല്ലാം… മുറ്റത്തെ ചെമ്പകപ്പൂക്കൾ നോക്കി ഒരുപാട് നേരം അവർ നിന്നു… ഒരു ചെമ്പകപ്പൂ എടുത്ത് നവിയുടെ പോക്കറ്റിലേക്കിട്ടു കൊടുത്തു…

“ഇഷ്ടമല്ലാരുന്നോ ദേവൻ കുട്ടന്… ചെമ്പകപ്പൂവ് പോക്കറ്റിൽ ഇടുന്നത്… ” “ഉം… “നവി വെറുതെ മൂളി… “എത്രയെണ്ണമാ ഗൗരൂട്ടി കൊണ്ട് വന്നു പോക്കറ്റിൽ ഇട്ടു തന്നിരുന്നത്… “അവർ വിടർന്ന മുഖത്തോടെ ചോദിച്ചു.. “ഉം… “ഇത്തവണ നവിയുടെ മൂളൽ പക്ഷെ ഇടറിയിരുന്നു… “മോനിനി പോകുവോ അമ്മയേം ഗൗരിയേം വിട്ട്… “ആശങ്കയോടെയുള്ള ആ ചോദ്യം കേട്ടു നവി പകച്ചു… “ഇല്ലമ്മേ.. പോകില്ല… ” “അമ്മയ്ക്ക് കാൽ വേദനിക്കുന്നു കുട്ടാ… ” “വാ ഞാൻ കൊണ്ടുപോയി അകത്തു കിടത്താം അമ്മയെ… ഇനി നമുക്ക് നാളെ കാണാം ട്ടോ കാഴ്ചകൾ… അടുത്ത ഞായറാഴ്ച കൃഷ്ണന്റെ അമ്പലത്തിൽ പോവാം നമുക്ക് രണ്ടാൾക്കും കൂടി..

“അവൻ ചിരിയോടെ പറഞ്ഞു… “ഗൗരിയേം കൂട്ടാം… ഇല്ലെങ്കിൽ പിണങ്ങും അവൾ… അല്ലെങ്കിൽ തന്നെ ദേവേട്ടന് എന്നെയല്ല അമ്മയെയാ കൂടുതൽ ഇഷ്ടം എന്നും പറഞ്ഞു വഴക്കാ എന്നും ആ കുശുമ്പത്തിപ്പാറു.. ” “മനസിൽ കയറി പറ്റിയ വാക്കുകളുടെ വേദന പുറത്ത് കാട്ടാതെ നവി പറഞ്ഞു.. “പിന്നെന്താ ഗൗരിയും പോന്നോട്ടെ… ” നവി അവരെ പിടിച്ചു മുറിയിൽ കൊണ്ടുപോയി കിടത്തി തിരികെ വന്നു… “നല്ല കാര്യം നവി… ആ പാവം ഒത്തിരി നാൾ കൂടിയാ ഇത്തിരി വെട്ടവും വെളിച്ചവുമൊക്കെ കാണുന്നത്…”രാധികേച്ചി പറഞ്ഞു… “എന്ത് പറ്റീതാ… അമ്മയ്ക്ക്… ദേവൻ അമ്മയുടെ ആങ്ങളയുടെ മോൻ ആണെന്ന് ഭദ്രക്കുട്ടി പറഞ്ഞായിരുന്നു ..

അയാൾ ഇപ്പോൾ ഇങ്ങോട്ട് വരാറില്ലേ… എന്താ ഉണ്ടായത്… അമ്മയുടെ മനോനില തെറ്റാൻ… “നവി രാധികേച്ചിയോട് ചോദിച്ചു… “ദേവൻ…. ദേവൻ ജീവിച്ചിരുപ്പില്ല നവി…. !!അഞ്ചു വർഷമായി മരിച്ചിട്ട്… ആത്മഹത്യ ആയിരുന്നു… തെക്കേ തൊടിയിലെ മൂവാണ്ടൻ മാവിന്റെ കൊമ്പിൽ ഒരു മുഴം കയറിൽ തീർന്ന ജീവിതം… ” “ങ്ഹേ !!!!”നവി ശക്തമായൊന്നു ഞെട്ടി.. “മരിച്ചെന്നോ… ആത്മഹത്യയോ… എന്തിനു..” “ഒന്നുമറിയില്ല ന്റെ കുട്ടി… ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല… നന്നായി പഠിക്കുമായിരുന്നു… സിവിൽ സർവീസ് എഴുതി എടുക്കണം എന്നായിരുന്നു ആഗ്രഹം… പഠിപ്പിച്ചതൊക്കെ ഗൗരിടെ അച്ഛനാ…

ദേവന്റെ അച്ഛൻ ചെറുപ്പത്തിൽ തന്നെ മരിച്ചിരുന്നു… അവരെ ഇവിടെ അടുത്തൊരു വീട് വാങ്ങി താമസിപ്പിച്ചതും ഇവിടുത്തെ മാഷാ… ദേവനെ ഡൽഹിയിൽ വിട്ടാ പരീക്ഷക്കുള്ള കോച്ചിങ് ഒക്കെ കൊടുത്തത്… ഒക്കെ കഴിഞ്ഞു സന്തോഷത്തോടെ തന്നെയാ അവൻ തിരികെ വന്നതും… പിന്നെ എന്ത് പറ്റീന്ന് ആർക്കും അറിയില്ല… എന്തിനാണ് അവൻ അങ്ങനെ ചെയ്തതെന്ന് ഇന്നും ആർക്കും അറിയില്ല… “രാധികേച്ചി പറഞ്ഞു നിർത്തി.. “ഇനി എക്സാം എഴുതിയത് കിട്ടില്ല എന്നോർത്ത് വല്ലതുമാണോ “നവി ചോദിച്ചു.. “ഏയ്… അവന് നല്ല വിശ്വാസമുണ്ടായിരുന്നു കിട്ടുമെന്ന്…

റിസൾട്ട്‌ വന്നപ്പോൾ അവൻ ലിസ്റ്റിലും ഉണ്ടായിരുന്നു… മാഷ് ഈ വീടും പറമ്പും പണയം വെച്ചാ അവനെ ഡൽഹിക്കയച്ചത്… അതൊക്കെ അവന് നന്നായി അറിയാവുന്നതുമായിരുന്നു… അവൻ രക്ഷപെട്ടാൽ ഈ കുടുംബം മൊത്തം രക്ഷപെടും എന്ന് അവൻ എപ്പോഴും പറയുമായിരുന്നു… പിന്നെന്താണ് പറ്റിയതെന്നു ഒരറിവുമില്ല…. ” “റിസൾട്ട് വരുന്നത് വരെ എല്ലാവരും വിചാരിച്ചിരുന്നത്.. കിട്ടില്ല എന്ന് ഭയന്നാണ് അവൻ ഇങ്ങനെ ഒരു പ്രവർത്തി ചെയ്തതെന്നാ… പക്ഷെ റിസൾട്ട് വന്ന പ്പോൾ അവൻ മുൻപന്തിയിൽ തന്നെയുണ്ടായിരുന്നു… അവന് വേണ്ടി ഗൗരി കൽക്കണ്ടകുന്നു കയറിയതാ…

മഹാദേവനെ തൊഴാൻ… തൊഴുതതുമാ… അവൻ പാസാകാൻ വേണ്ടി… പാസായി… പക്ഷെ ആള് പോയി… ” “അന്ന് മുതലാണോ അമ്മയ്ക്കിങ്ങനെ.. “നവി ചോദിച്ചു.. “മ്മ്… കയറിൽ തൂങ്ങി നിൽക്കുന്നത് ആദ്യം കണ്ടത് ശ്രീദേവി ചേച്ചിയാ.. അവിടെ വീണതാ… പിന്നെ എഴുന്നേറ്റുമില്ല… നേരെ ചൊവ്വേ മിണ്ടീട്ടിട്ടുമില്ല… എപ്പോഴും കരഞ്ഞു കരഞ്ഞു ‘ദേവൻ എവിടെ ദേവൻ എവിടെ’എന്ന് ചോദിച്ചു കൊണ്ടിരിക്കും.. ഗൗരിയുടേം ദേവന്റേം കല്യാണം നടത്തണം എന്നായിരുന്നു മാഷിന്റേം ചേച്ചീടേം ദേവന്റെ അമ്മയുടേയുമൊക്കെ ആഗ്രഹം… അതിനുള്ള ഒരുക്കങ്ങളുമൊക്കെ ഉണ്ടായിരുന്നു…

ഗൗരിയുടെ വിഷമവും കണ്ടു നിൽക്കാൻ ശ്രീദേവി ചേച്ചിക്കായില്ല… ഗൗരിക്കൊരുപാട് ഇഷ്ടമായിരുന്നു ദേവനെ.. കുഞ്ഞിന്നാളിലെ മനസ്സിൽ കൊണ്ട് നടന്നതല്ലേ… എല്ലാം കണ്ടു വീണുപോയതാണ് ശ്രീദേവി ചേച്ചി… “രാധികേച്ചിയും മുത്തശ്ശിയും ഒരുപോലെ മിഴികളൊപ്പി…. നവിയിലും ഒരു വേദന ഉണ്ടായി… “മ്മ്… അമ്മയ്ക്ക് ഇപ്പൊ കുഴപ്പമൊന്നുമില്ല.. മരുന്നിന്റെ സെഡേഷൻ മാത്രമേ ഉള്ളു… ആരെങ്കിലും അടുത്തിരുന്നു അല്ലെങ്കിൽ ഇഷ്ടം ഉള്ള കാര്യങ്ങളൊക്കെ പറഞ്ഞു കേൾപ്പിച്ചാൽ മനസ്സിനൊരു താങ്ങാകും… ദേവൻ ഒരു വേദനയായി അവിടെയുണ്ട്… അതൊന്നു മാറി കിട്ടണം…

ആ സത്യം ഉൾക്കൊള്ളണം…. അത്രേ വേണ്ടൂ… “പറഞ്ഞു കൊണ്ട് നവി ഇരുന്നിടത്തു നിന്നും എഴുന്നേറ്റു… പുറകിൽ ഒരു നിഴലാട്ടം കണ്ടു അവൻ അകത്തേക്ക് നോക്കി… വാതിലിൻ മറവിൽ ഭിത്തിയിൽ ചാരി ഗൗരി… നിശബ്ദം കണ്ണീർ വാർക്കുന്നു… ഇവൾ ഏതു വഴി വന്നു… പിന്നിലൂടെയോ… നവി ഓർത്തു.. ചെന്നൊന്നു ആശ്വസിപ്പിക്കാനും ആ മുഖം നെഞ്ചിലേക്കമർത്തി “ഞാനുണ്ട് നിനക്ക്” എന്ന് പറയാനും നവി മോഹിച്ചു… രാധികേച്ചിയും മുത്തശ്ശിയും ഇരിക്കുന്നത് കൊണ്ട് കൂടുതലൊന്നും പറയാതെ നവി എഴുത്തു പുരയിലേക്ക് നടന്നു…

“നവി… ഇഷാനി വിളിച്ചിട്ടുണ്ടായിരുന്നു… “രാവിലെ തന്നെ അച്ഛന്റെ കോൾ ആണ് നവിയെ ഉണർത്തിയത്… “ചേച്ചിയോ.. എന്തിന്.. ” “ഹ ഹ… മിസ്സിസ്സ് പ്രിയംവദ പാലാഴി തിരികെ വരുന്നു… ഇനിയുള്ള നാൾ നാട്ടിൽ ഭർത്താവ് ചന്ദ്രശേഖറിനോടും മകൻ നവനീത് ചന്ദ്രശേഖറിനോടും ഒപ്പം ജീവിക്കാനാണത്രേ പ്ലാൻ… കൂട്ടത്തിൽ അപ്പൂപ്പൻ കൊച്ചു മകന് വേണ്ടി പണിയുന്ന പാലാഴി ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസിന്റെ ഓൾ ഇൻ ഓൾ ആകാനും ചെറിയ താല്പര്യമുണ്ട്… ചെറുതല്ല… അതാണ്‌ ലക്ഷ്യം… അല്ലാതെ എന്ത് ഭർത്താവ്… എന്ത് മകൻ… ”

“അതിന്റെ സന്തോഷത്തിൽ രാവിലെ തുടങ്ങിയോ അടി… “നവി ചിരിച്ചു… “നോ മാൻ.. ജസ്റ്റ് എ സിപ്… ഹ ഹ… ” “ഏതായാലും ഞാൻ അങ്ങോട്ടില്ല… എന്താന്നു വെച്ചാൽ മിസ്റ്റർ ചന്ദ്രശേഖർ അനുഭവിച്ചോ… ” “ഡാ മോനെ… അങ്ങനെ പറയല്ലേടാ… ഇടക്ക് വരണേ… ഇല്ലെങ്കിൽ ഞാൻ പെടും കേട്ടോ.. ” “വരാമച്ഛാ… ഏതായാലും ആൾ എത്തട്ടെ…” “മ്മ്.. വോക്കെ.. ബൈ… “അയാൾ ഫോൺ വെച്ചു… ………………….

വൈകിട്ട് തിരിച്ചു വന്നു കൊണ്ടിരിക്കുമ്പോഴേ കണ്ടു ഫോണിലേക്ക് അച്ഛമ്മയുടെ കോൾ വന്നു കൊണ്ടിരിക്കുന്നത്… വീതി കുറഞ്ഞ റോഡ് ആയതിനാൽ കാർ ഒതുക്കി നിർത്തി ഫോൺ എടുക്കാനാവാത്തതിനാൽ നവി എഴുത്തു പുരയിൽ എത്തിയിട്ടാണ് തിരികെ വിളിച്ചത്… “എന്താ അച്ഛമ്മേടെ കുട്ടി… സങ്കടവൊക്കെ മാറിയോ… “അച്ഛമ്മയുടെ സ്നേഹശബ്ദം ചെവിയിലെക്കെത്തി… “കുട്ടീടെ ഇഷ്ടം നടക്കുവോ… “??? വീണ്ടും അച്ഛമ്മ…. “നടക്കുവോ… “നവി ചിന്തിച്ചു… ഒരേ സമയം മനസിന്‌ ഒരു വിങ്ങലും സന്തോഷവും ഒരുമിച്ചു വന്നു…

മനസ്സിൽ തറച്ചൊരു മുള്ളായിരുന്നു “ദേവൻ” എന്നാൽ ആ ആൾ ഇല്ലാ എന്നത് ചെറിയൊരു സങ്കടവും വലിയൊരു സന്തോഷവും തനിക്ക് നൽകുന്നു… “അമ്പാടികുട്ടാ… “അച്ഛമ്മയുടെ സ്വരം അവനെ ഉണർത്തി… “അച്ഛമ്മ മഹാദേവന് ജലധാര നേർന്നൂട്ടോ…കുട്ടന്റെ ഇഷ്ടം നടക്കാൻ.. എങ്ങനെയാ നടക്കുവോ… ” നവിയുടെ ചുണ്ടിലൊരു ചിരിയൂറി… “മ്മ്… നടക്കും അച്ഛമ്മ കുട്ടി… അച്ഛമ്മേടെ അമ്പാടികുട്ടൻ നടത്തിയിരിക്കും … തലയിൽ കെട്ടി ഇറങ്ങാൻ പോവാ അതിന് വേണ്ടി …ഇനി അത് കഴിഞ്ഞേ വിശ്രമം ഉള്ളു… ഹ ഹ… ” “മ്മ്… വരുമ്പോൾ പറയണേ കാര്യം… ” “ആദ്യം നടക്കാൻ പ്രാർത്ഥിക്ക്… ശരിയായാൽ പറയാം… ഇല്ലേൽ മിണ്ടൂല്ല.. “നവി ചിരിച്ചു കൊണ്ട് ഫോൺ വെച്ചു..

വൈകിട്ട് നനച്ച് വെച്ച തുണി നാമം ചൊല്ലി തീർന്നപ്പോൾ എഴുത്തു പുരക്ക് പുറകിലുള്ള ഷെഡ്‌ഡിൽ വിരിച്ചിടാൻ പോന്നതാണ് ഗൗരി… ഒരു ബക്കറ്റുമായി ഗൗരി പുറകിലേക്ക് പോകുന്നത് നവി മുറിയിലിരുന്നു കാണുന്നുണ്ടായിരുന്നു… അവൻ മെല്ലെ പുറത്തേക്കിറങ്ങി… സന്ധ്യ ഇരുട്ടും ചെമപ്പും ചേർന്ന നിറത്തിൽ സൗന്ദര്യവതിയായിരുന്നു… കൽക്കണ്ടക്കുന്നിലെ ദീപപ്രഭയുടെ ശോഭയും ആ രാത്രിയെ സുന്ദരിയാക്കിയിരുന്നു… ചെമ്പകപ്പൂക്കളുടെ ഗന്ധം നിറഞ്ഞു നിന്ന തൊടിയിൽ എവിടെയോ ഇരുന്നു ഏതോ ഒരു ഉന്മാദി കുയിൽ തന്റെ പെൺകുയിലിനു വേണ്ടി നീട്ടി പാടുന്നുണ്ടായിരുന്നു…. ചുവടുകൾ മെല്ലെ വെച്ച് നവി ഭസ്മത്തട്ടിലെ ഭസ്മത്തിൻ സൗന്ദര്യം മാത്രം മുഖത്ത് നിലനിർത്തുന്ന പൂർണ്ണ ചന്ദ്രനെയും വെല്ലുന്ന ആ മുഖത്തെ ഒരു നോക്ക് കാണുവാനായി നടന്നടുത്തു…… 😊dk❣️ ദിവ്യകശ്യപ് 🌷🌷

ഒരു ചെമ്പകപ്പൂവിന്റെ ഓർമ്മയ്ക്ക്: ഭാഗം 9

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!