ശിവമല്ലിക്കാവിലെ സ്വർണ്ണനാഗം: ഭാഗം 9

Share with your friends

എഴുത്തുകാരി: ജീന ജാനഗി

ശരീരം വേദനിക്കുന്നത് കാരണം ബദ്ധപ്പെട്ട് അയാൾ കണ്ണുതുറന്നതും അന്ധാളിച്ചു പോയി. “ങേ……. ഇത്ര നേരവും സ്വപ്നമായിരുന്നോ കണ്ടത് ? ” വല്യത്താൻ ദീർഘമായി ഒന്ന് നിശ്വസിച്ചു. “വല്ലാതെ പേടിച്ചു. വെറുമൊരു സ്വപ്നമല്ലേ? അല്ലെങ്കിൽ തന്നെ കാവലിനുള്ളത് കരിനാഗമല്ലേ ?” അയാൾ കൂജയിൽ നിന്നും വെള്ളം കുടിച്ച ശേഷം പതിയെ കിടക്കയിലേക്ക് ചാഞ്ഞു….. ***** ***** ****

“അച്ഛൻ വിളിച്ചിരുന്നോ ?” വല്യത്താൻ ഭവ്യതയോടെ ചോദിച്ചു… “ആം….. ദേവനും മീനാക്ഷിയ്കും സന്താനഭാഗ്യം ഉണ്ടാകുവാനായി കുറേയേറെ വഴിപാടുകൾ നേർന്നിരുന്നു. അതിപ്പോൾ സഫലമായത് കൊണ്ട് എല്ലാം നടത്തണം. ഞാനും അവരോടൊപ്പം പോകുന്നുണ്ട്. നാനാദേശങ്ങളിൽ പോകേണ്ടി വരും. അതുകൊണ്ട് തന്നെ രണ്ടാഴ്ച കഴിഞ്ഞേ മടക്കം ഉണ്ടാകുള്ളൂ. അതുവരെ തറവാട്ടിൽ നീ മാത്രമേ ഉണ്ടായിരിക്കുള്ളൂ…. എല്ലാ കാര്യത്തിലും നിന്റെ ഒരു ശ്രദ്ധ വേണം.” “ഉം…… ഞാൻ ശ്രദ്ധിച്ചുകൊള്ളാം…..” പടിപ്പുര വരെ വല്യത്താൻ അവരെ അനുഗമിച്ചു. അയാളുടെ മനസ്സിൽ ആനന്ദം തുടികൊട്ടി.

“ഇതിലും അനുകൂലമായ മറ്റൊരു സമയം ഉണ്ടാകാൻ പോകുന്നില്ല…..” നേരം പാതിരാത്രിയോടടുത്തു. വല്യത്താൻ വെള്ളോട്ട് മനയിൽ എത്തുമ്പോൾ ഉമ്മറത്ത് അസ്വസ്ഥനായി വാമദേവൻ ഉലാത്തുന്നുണ്ടായിരുന്നു….. വല്യത്താനെ കണ്ടതും അയാൾ കയറി ഇരിക്കാൻ ആംഗ്യം കാണിച്ചു…. ഉമ്മറത്തിണ്ണയിലിരുന്ന അയാൾ വാമദേവനെ സൂഷ്മമായ് നിരീക്ഷിച്ചു. “നമുക്ക് ഇത് ചെയ്യണോ ? മനസ്സിന് സമാധാനം ഇല്ല. ഒരു അപകടസൂചന….” വാമദേവൻ പരിഭ്രമത്തോടെയാണ് അത് ചോദിച്ചത്…. “ഒരു അപകടവും ഇല്ല. നമ്മൾ ഇത് ദുർവിനിയോഗം ചെയ്യുന്നില്ലല്ലോ. പിന്നെന്തിനാ പേടി.

ആട്ടെ ഇവിടെ ആരൂല്ലേ ?” “രുഗ്മിണിയുടെ കുടുംബക്ഷേത്രത്തിൽ ഉത്സവമാണ്. അതുകൊണ്ട് എല്ലാവരും അവിടേക്ക് പോയി. രണ്ടീസം കഴിഞ്ഞേ മടങ്ങുള്ളൂ എന്നാ പറഞ്ഞത്….” “ആഹ്….. ഇത്രയും നല്ല അവസരം ഇനിയുണ്ടാകില്ല. പാതിരാത്രി പിന്നിട്ടിരിക്കുന്നു. അങ്ങ് കാവിലേക്ക് വരിക….” വാമദേവൻ ഒരു യന്ത്രത്തെ പോലെ അയാളെ അനുഗമിച്ചു. കാവിൽ ഇരുട്ട് പരന്നിരുന്നു. ലക്ഷദീപങ്ങളെല്ലാം അണഞ്ഞു പോയിരിക്കുന്നു. ആകെ ആൽത്തറയിൽ മാത്രം കുറച്ചു ദീപങ്ങൾ എരിയുന്നുണ്ട്.. ഇരുവരും കാവിനടുത്തുള്ള കുറ്റിക്കാട്ടിൽ ക്ഷമയോടെ മറഞ്ഞിരുന്നു. ഇരുട്ടിന് കനം കൂടി വന്നു.

കത്തിച്ചു വെച്ച വിളക്കുകളുടെ പ്രഭ മാത്രമായിരുന്നു കാവിലെ തമസ്സകറ്റിയത്. പെട്ടെന്ന് കരിയിലകൾ അനങ്ങുന്ന ശബ്ദം കേട്ടു. അവർ അവിടേക്ക് സൂഷ്മമായി നോക്കി. കരിനാഗം ഇഴഞ്ഞു വരികയാണ്. അത് ഇഴഞ്ഞുവന്ന് നാഗയക്ഷിയമ്മയുടെ മുന്പിൽ നിലയുറപ്പിച്ചു. പെട്ടെന്ന് നിനച്ചിരിക്കാതെ ആ നാഗരൂപം വലുതാകാൻ തുടങ്ങി. പകുതി ഉടൽ മനുഷ്യസ്ത്രീയുടേതും ബാക്കി ഭാഗം നാഗത്തിന്റെയും രൂപം പൂണ്ടു. ആരുടേയും രക്തം മരവിക്കുന്ന കാഴ്ച. അവരിൽ വിയർപ്പ് കണങ്ങൾ പൊടിഞ്ഞു. അയാൾ ശ്വാസമടക്കി ഇരുന്നു. അവൾ കുറച്ചു നിമിഷങ്ങൾക്ക് ശേഷം പൂർണ്ണസ്ത്രീരൂപം പ്രാപിച്ചു.

പിന്നീട് നൃത്തം ചവിട്ടാൻ തുടങ്ങി. അരമണിക്കൂറോളം തളരാതെ അവൾ നാഗനൃത്തം ചവിട്ടി. കൽവിളക്കിലെ തീനാളത്തിന്റെ പ്രഭ വർദ്ധിച്ചു. അവസാനത്തെ ചുവടും വച്ച ശേഷം നാഗരൂപമായി മാറി വായ്ക്കുള്ളിൽ നിന്നും ഒരു കല്ല് പുറത്തേക്ക് തുപ്പി. അവർ അതിലേക്ക് നോക്കിയിരിക്കവേ ആ കല്ല് തീവ്രമായി പ്രകാശിക്കാൻ തുടങ്ങി. “നാഗമാണിക്യം” വല്യത്താന്റെ കണ്ണുകൾ തിളങ്ങി. മുൻപോട്ട് കുതിക്കാനുള്ള തന്റെ വികാരത്തെ അയാൾ ബദ്ധപ്പെട്ട് ഉള്ളിൽ തളച്ചിട്ടു. ആ നാഗരൂപം പതിയെ ധ്യാനത്തിൽ മുഴുകി. വല്യത്താൻ കൈയിൽ കരുതിയിരുന്ന കിഴിയിൽ നിന്നും ഒരു ഉരുള ചാണകം എടുത്തു. സൂക്ഷ്മമായി തന്റെ ലക്ഷ്യത്തെ മനസിൽ കണ്ട് ചാണകം എറിഞ്ഞു. നാഗമാണിക്യത്തിന് പുറത്ത് അത് വീണ മാത്രയിൽ ആ തിളക്കം ഇല്ലാതെയായി. പെട്ടെന്ന് നാഗം കണ്ണു തുറന്നു. അവൾ പരിഭ്രാന്തയായി.

അവൾ ദിക്കുകൾ തോറും ഇഴഞ്ഞു നടന്നു. ഈ തക്കം നോക്കി വല്യത്താൻ പതിയെ നാഗമാണിക്യം കൈക്കലാക്കി. “തിരുമേനി വരിക…. ഇനി ഇവിടെ നിന്നാൽ ആപത്താണ്… ശീഘ്രം….. ” ഇരുവരും പുറത്തേക്ക് പാഞ്ഞു. ഓടുന്നതിനിടയിൽ മരത്തിന്റെ വേര് തട്ടി വാമദേവൻ അടുത്തുള്ള കുഴിയിൽ പതിച്ചു…. “തിരുമേനി……” വല്യത്താൻ വിളിച്ചു. എന്നാൽ നമ്പൂതിരി വിളി കേട്ടില്ല…. “ഇനിയും നിന്നാൽ നാഗം എന്നെ കണ്ടെത്തും. എന്തായാലും നാഗമാണിക്യം എനിക്ക് കിട്ടിയല്ലോ …. ” അത്യാഗ്രഹം നിറഞ്ഞ വല്യത്താൻ നാഗമാണിക്യവും കൊണ്ട് തറവാട് ലക്ഷ്യമാക്കി കുതിച്ചു. ഈ സമയം കുഴിയിൽ വീണ വാമദേവൻ നമ്പൂതിരിയുടെ ബോധം മറഞ്ഞിരുന്നു……. *********

കാറ്റ് അതിന്റെ സംഹാരതാണ്ഡവം തുടങ്ങിയിരുന്നു. ആകാശത്ത് ഇടിമിന്നലുകൾ വേദനയോടെ പുളഞ്ഞു. നാഗനന്ദിനി ഭ്രാന്തിയെപ്പോലെ നാനാദിക്കുകളിലും ഇഴഞ്ഞു നടന്നു. എന്നാൽ നാഗമാണിക്യം കാണാൻ സാധിച്ചില്ല. ക്ഷീണിച്ചവശയായി അവൾ ആ നാഗയക്ഷി സ്വരൂപത്തിന് മുൻപിൽ എത്തി. അവൾ സ്ത്രീരൂപം പ്രാപിച്ചു. അവളുടെ മിഴികളിൽ നിന്നും ചിന്തിയ കണ്ണുനീർ കണങ്ങൾക്ക് അഗ്നിയെക്കാൾ താപമുണ്ടായിരുന്നു. നാഗനന്ദിനി യക്ഷിയമ്മയ്ക് മുന്നിൽ മുട്ടുകുത്തി ഇരുന്നു. “അമ്മേ……. പാപിയാണ് ഞാൻ. എത്രമാത്രം വിശ്വാസത്തോടെ ആണ് അവിടുന്ന് ഈ നാഗമാണിക്യം എന്നെ ഏൽപ്പിച്ചത്.

എന്നാൽ ആ വിശ്വാസം തകർന്നിരിക്കുന്നു. സാക്ഷാൽ മഹാദേവന്റെ അമൂല്യ സമ്പത്ത്…… അനന്തമായ ശക്തി സ്ത്രോതസ്സ്….. എന്റെ അശ്രദ്ധ മൂലം കൈമോശം വന്നിരിക്കുന്നു….. പാപിയാണ് ഞാൻ…… കൊടുംപാപി….. നാഗമാണിക്യത്തിന്റെ സംരക്ഷണം ഏറ്റെടുക്കുന്ന സമയം അവിടുത്തേക്ക് ഞാൻ ഒരു വാക് തന്നിരുന്നു.” നന്ദിനിയുടെ പ്രതിജ്ഞ അവളുടെ കാതുകളിൽ മുഴങ്ങി….. “എന്റെ അവസാന ശ്വാസം വരെയും ഇതിനെ കാത്തുസൂക്ഷിക്കും…..” ലോകം വിറക്കുമാറൊച്ചയിൽ ഇടിനാദം മുഴങ്ങി…… നന്ദിനിയുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ ധാരയായി ഒഴുകിയിറങ്ങി….. ഒരു നിമിഷം അവൾ തന്റെ കണ്ണുകൾ അടച്ച് ധ്യാനിച്ച ശേഷം പതിയെ എഴുന്നേറ്റ് നിന്നു.

കണ്ണുകൾ തുടച്ചശേഷം യക്ഷിയമ്മയോടായ് പറഞ്ഞു ; “എന്റെ ഈ മഹാ അപരാധത്തിന് തീർച്ചയായും എനിക്ക് ശിക്ഷ ലഭിക്കണം. അത് ഞാൻ സ്വയം വരിക്കാൻ പോകുന്നു. നഷ്ടപ്പെട്ട ആ നാഗമാണിക്യം എന്റെ മകൾ അമ്മയ്ക്ക് വീണ്ടെടുത്തു തരുന്നതാണ്. എനിക്ക് വിട തരൂ അമ്മേ……..” നന്ദിനി നാഗരൂപം പ്രാപിച്ചു. മേഘങ്ങൾ ഗർജ്ജിച്ചു. പ്രകൃതി മഴത്തുള്ളികളായ് മിഴിനീർ പൊഴിച്ചു. സങ്കടത്തിന്റെ ഒരു പേമാരിയെ ഉള്ളിലൊതുക്കി അവൾ ആൽത്തറയിൽ തന്റെ തല ആഞ്ഞിടിച്ചു. മൂന്നാം തവണ ഇടിച്ചതും കണ്ണുകൾ വലയാൻ തുടങ്ങി…… ഇതേ സമയം മഴത്തുള്ളികൾ മുഖത്ത് പതിച്ചതും വാമദേവൻ നമ്പൂതിരിയുടെ ബോധം തെളിഞ്ഞു.

അയാൾ ഒരു വിധം കുഴിയിൽ നിന്നും പുറത്തേക്ക് വന്നു. തനിക്ക് ചതി പറ്റിയിരിക്കുന്നു….. അയാൾ തിരിച്ചറിഞ്ഞു. കുറ്റബോധത്തിന്റെ ഭാണ്ഡവും പേറി വിറയ്ക്കുന്ന കാലടികളോടെ വാമദേവൻ ആൽത്തറയ്ക് സമീപം ചെന്നു…. വളരെ പരിതാപകരമായ രംഗത്തിനാണ് അയാൾ സാക്ഷ്യം വഹിച്ചത്…. മഴകൊള്ളാതെ മരപ്പൊത്തിൽ വച്ചൊരു കുഞ്ഞുമൺചിരാതിന്റെ വെളിച്ചത്തിൽ രക്തമൊലിപ്പിച്ചു കിടക്കുന്ന നാഗനന്ദിനിയെ കണ്ടു….. അയാൾ അതിന് മുന്പിൽ പോയി മുട്ടുകുത്തി ഇരുന്നു… ജീവൻ വിട്ടകലാറായ ആ നാഗത്തിന്റെ കണ്ണുകളിൽ നിന്നും കണ്ണുനീർ പുറത്തേക്ക് തൂവുന്നുണ്ടായിരുന്നു…..

“എന്നോട് ക്ഷമിക്കൂ അമ്മേ…… തെറ്റു പറ്റിപ്പോയി….. വലിയ തെറ്റ്…… ഈ കാലമത്രയും ഒരു തെറ്റും ചെയ്യാതെ ദൈവങ്ങളെ ഉപാസിച്ച് ജീവിച്ചവനാണ് ഞാൻ… ഇന്നോളം ഒന്നിനോടും എനിക്ക് അതിമോഹം തോന്നിയിരുന്നില്ല… എന്നാൽ ഇന്ന്…….. ഇന്ന് ഞാൻ ആ ചതിയന്റെ വാക്കിൽ മയങ്ങിപ്പോയി…… അത് എന്നെ വലിയ പാപിയാക്കുമെന്ന് സ്വപ്നത്തിൽ പോലും നിരീച്ചില്യാ….. ” ജീവന്റെ അവസാന തുടിപ്പിലും നന്ദിനിയുടെ കണ്ണുകളിൽ അഗ്നിയാളി….. അയാൾ തേങ്ങിക്കരഞ്ഞു…… “പൊറുക്കണേ അമ്മേ ഈ പാപിയോട്…. മാപ്പ് തരൂ…….” “മാപ്പോ….. നിനക്കോ….. എങ്ങനെയാണ് ഞാൻ നിനക്ക് മാപ്പ് നൽകുക….

നാഗമാണിക്യം എന്താണെന്നു നിനക്കറിയോ…. കേവലം താളിയോല ഗ്രന്ഥങ്ങളിൽ ആലേഖനം ചെയ്ത് വച്ച കാര്യങ്ങൾ മാത്രമല്ല…. അതിനപ്പുറം അതൊരു സത്യമാണ്….. മഹാദേവന്റെ സമ്പത്താണ്. അർഹമല്ലാത്ത കൈകളിൽ എത്തിച്ചേർന്നാൽ ഗുണത്തേക്കാളേറെ ദോഷമായിരിക്കും ഫലം……” വാമദേവൻ നിസ്സഹായതയോടെ നിന്നു…. “അതിന്റെ പവിത്രത നിനക്കറിയില്ല. ധ്യാനത്തിൽ നിന്നുണരും വരെ നാഗമാണിക്യത്തെ സംരക്ഷിക്കുവാനായി എന്റെ കയ്യിൽ ഏൽപ്പിച്ചത് ആ നാഗയക്ഷിയമ്മയാണ്. അമ്മയ്ക്ക് ഞാൻ കൊടുത്ത വാക്ക് നീ കാരണം ലംഘിക്കപെട്ടു. ഇനി എനിക്ക് ജീവിച്ചിരിക്കാൻ യോഗ്യത ഇല്ല……” അവൾ ദീർഘമായി ഒന്ന് നിശ്വസിച്ചു…..

“ഇന്നലെ വരെ എന്റെ ചൂടുപറ്റിയുറങ്ങിയ ഒരു കുഞ്ഞ് ഞാൻ വരുന്നതും കാത്തിരിപ്പുണ്ട്. നിന്റെ ഈ പ്രവൃത്തി മൂലം അവൾ അനാഥയായി….. ഒരു നിമിഷം നീ അത്യാഗ്രഹം കാട്ടിയപ്പോൾ സംഭവിച്ചത് ഒരു മഹാ വിപത്താണ്. ഇല്ലാതായത് ഒരുപാട് ജീവിതങ്ങളും….. ” അവൾ ക്രോധത്താൽ ചീറി…… “ഏത് ഐശ്വര്യത്തിനാണോ നീ ഈ നീചപ്രവൃത്തിക്ക് തയ്യാറായത് ആ ഐശ്വര്യങ്ങളെല്ലാം നിന്നെ വിട്ടകന്നു പോകും. നിന്റെ പേരും പെരുമയും നാമാവശേഷമാകും. എന്റെ കുഞ്ഞ് അനാഥയാകും പോലെ നീയും ബന്ധുജനങ്ങൾ ദുർമരണപ്പെട്ട് ഏകനാകും. നിന്റെ മന ശ്മശാനസമാനമാകും……”

ഇത്രയും ശാപവർഷങ്ങൾ ചൊരിഞ്ഞ് അവളുടെ അവസാനതുടിപ്പും ആ ശരീരം വിട്ടകന്നു……. വാമദേവൻ തലമുടി പിച്ചിപ്പറിച്ചു. അയാൾ അലറിക്കരഞ്ഞു…. മഴ സംഹാരതാണ്ഡവമാടി…. മിന്നൽപ്പിണറുകൾ വേദനയോടെ പുളഞ്ഞിറങ്ങി…… ഒരു ഭ്രാന്തനെപ്പോലെ അയാൾ അവിടെ നിന്നും ഓടി മറഞ്ഞു…… ****** ***** **** അർജ്ജുനും ദത്തനും ശ്വാസമടക്കി ഇരിക്കുകയാണ്…. വാമദേവൻ നമ്പൂതിരിയുടെ കുഴിഞ്ഞ കണ്ണുകളിൽ നേർത്ത നനവിന്റെ തിളക്കം…. അയാൾ മുണ്ടിന്റെ തുമ്പെടുത്ത് കണ്ണുകളൊപ്പി….. “പിന്നീട് എന്താണ് സംഭവിച്ചത് ?” ദത്തൻ ആകാംക്ഷയോടെ ചോദിച്ചു… ഒന്ന് നിശ്വസിച്ച ശേഷം അയാൾ തുടർന്നു…. “മഴ നനഞ്ഞ് ഓടിവരുന്നതിനിടയിൽ എവിടൊക്കെയോ തട്ടിത്തടഞ്ഞ് വീണു.

എന്നാൽ ഞാൻ വേദനയൊന്നും അറിഞ്ഞിരുന്നില്ല…. മനയിലെത്തി മുറിപൂട്ടി അതിനകത്ത് ഇരുന്നു….. രണ്ട് നാൾ ആ ഇരുപ്പ് തുടർന്നു…. കുളിക്കാതെ….. ആഹാരം കഴിക്കാതെ….. ജലപാനം ചെയ്യാതെ…. ഒരു ഭ്രാന്തനെപ്പോലെ…..” അയാൾ പതിയെ ചാരുകസേരയിലേക്ക് ചാഞ്ഞു…… “ഞാൻ ചെയ്ത തെറ്റിന്റെ ഫലം അനുഭവിച്ചത് എന്റെ അമ്മയും അനുജനും പിന്നെന്റെ രുഗ്മിണിയും… കാവിൽ വിളക്ക് വച്ച് മടങ്ങവേ സർപ്പദംശനമേറ്റ് എന്റെ അമ്മ പോയി…. ഒരാഴ്ച പോലും തികയും മുൻപേ എന്റെ അനുജനും പോയി…. പിന്നെ ഈ മനയിൽ ഞാനും എന്റെ രുക്കുവും മാത്രമായി…..” അയാൾ തലചെരിച്ച് ഭിത്തിയിലേക്ക് നോക്കി നെടുനിശ്വാസം വിട്ടു…. എന്നിട്ട് അവിടേക്ക് വിരൽ ചൂണ്ടി…. ഇരുവരും അവിടേക്ക് നോക്കി.

അവിടൊരു ചിത്രമുണ്ടായിരുന്നു…. വെളുത്ത് ലക്ഷണമൊത്ത ഒരു സ്ത്രീ. കാരുണ്യം പെയ്തിറങ്ങുന്ന പ്രായത്തിന്റെ ചുളിവുകൾ എത്തിനോക്കാത്ത മുഖം….. “അതാണെന്റെ രുക്കു…. എന്റെ കൈപിടിച്ച് ഈ മനയിലേക്ക് കയറുമ്പോൾ ഒത്തിരി സ്വപ്നങ്ങൾ ഉണ്ടായിരുന്നു ആ പാവത്തിന്. ഒരു കുഞ്ഞിനെ താലോലിക്കണം എന്ന് അതിയായ മോഹമുണ്ടായിരുന്നു. ഒരിക്കൽ പോലും ഒരു പരാതിയോ പരിഭവമോ പറഞ്ഞിട്ടില്ല. എല്ലാം ഈശ്വരവിധിയായി കരുതി എനിക്ക് വേണ്ടി ജീവിച്ചു. അനുജനും അമ്മയും വിട്ടു പോയതിൽ പിന്നെ എന്റെ പേടിക്ക് ആക്കം കൂടി….. ഞാൻ ഒരു ഭ്രാന്തനായി പെരുമാറി. രാവും പകലും അവൾക്ക് കാവലിരുന്നു…….” വാമദേവന്റെ തൊണ്ടയിടറി…..

“എന്റെ ഈ പ്രവൃത്തി അവളെ വല്ലാതെ തളർത്തി. എനിക്ക് ചിത്തഭ്രമം ബാധിച്ചു എന്ന വാർത്ത നാടാകെ പരന്നു. ആളുകളുടെ സഹതാപം നിറഞ്ഞ നോട്ടത്തിൽ മനംനൊന്ത് പലപ്പോഴും എന്റെ മുന്നിൽ വാവിട്ടു കരഞ്ഞിട്ടുണ്ട്. പക്ഷേ ഞാൻ നിസ്സഹായനായിരുന്നു…. എന്റെ മനസ്സിൽ അവളുടെ ജീവനെക്കുറിച്ചുള്ള ആശങ്ക മാത്രമായിരുന്നു…. ഒരു കുഞ്ഞിനെ പോലെ അവളുറങ്ങുമ്പോളും ആ നെറ്റിയിൽ തഴുകിത്തലോടി ഞാൻ ഉണർന്നിരുന്നു….. നിരന്തരമായ ഉറക്കമൊഴിയലും അഹാരത്തോടുള്ള വിരക്തി എന്നെ ഒരു രോഗിയാക്കി. അപ്പോൾ ഒരു സഹായത്തിനായി എത്തിയതാണ് രാമൻ….. രുക്കുവിന്റെ അകന്ന ബന്ധത്തിലുള്ള ഒരു ആങ്ങള…..

എനിക്കായ് അവൾ നേരാത്ത വഴിപാടുകളോ വ്രതമോ ഇല്ല…..” അയാളുടെ വാക്കുകൾ മുറിഞ്ഞു……. “വൈദ്യന്റെ മരുന്നിന്റെ പ്രഭാവത്താൽ നിദ്രയിലാണ്ട ഒരു സായാഹ്നത്തിൽ കാവിൽ വിളക്ക് വയ്ക്കാൻ പോയതായിരുന്നു എന്റെ രുക്കു….. പിന്നെ ഞാൻ അവളെ കാണുന്നത് തണുത്ത് വിറങ്ങലിച്ച് നീലിച്ച ശരീരത്തോടെയാണ്…… എന്റെ ദുഷ്പ്രവൃത്തി…… എനിക്കേറ്റ ശാപം…… കൊണ്ടുപോയെടോ എന്റെ പ്രാണനെ…….” വാമദേവൻ ഒരു കുഞ്ഞിനെ പോലെ വാവിട്ടു നിലവിളിച്ചു…. ദത്തന്റെയും അർജ്ജുന്റെയും കണ്ണുകൾ ഈറനണിഞ്ഞു……. വാമദേവൻ പതിയെ തന്റെ തേങ്ങലടക്കി…. കണ്ണിലൂടെ ഒഴുകിപ്പരന്ന കണ്ണുനീർ പുറംകൈ കൊണ്ട് തൂത്തെറിഞ്ഞു….. അയാൾ തുടർന്നു….

“നാഗനന്ദിനിയുടെ കുഞ്ഞ് ശക്തിനാഗമായി മാറി…. അമ്മയേക്കാൾ പതിന്മടങ്ങ് ശക്തിയോടെ പ്രതികാരദാഹിയായി മാറി. വല്യത്താന്റെയോ മറ്റ് മഹാമാന്ത്രികൻമാരുടെയോ മന്ത്രങ്ങൾക്കൊന്നും അവളെ അടക്കാൻ സാധിച്ചില്ല. അവസാനം നാഗമാണിക്യത്തിന്റെ ശക്തിയാൽ അമ്പാട്ട് തറവാടിന്റെ ചുറ്റും ഒരു അദൃശ്യ രേഖ വരച്ചു. അത് താണ്ടാൻ അവൾ അശക്തയാണ്….. വല്യത്താൻ പിന്നീട് തറവാടിന് പുറത്തേക്ക് പോകുന്നത് വിരളമായി. പോകുമ്പോൾ രക്ഷയ്ക്ക് നാഗമാണിക്യവും കൈയിൽ കരുതും…. അയാളെ ഒന്നും ചെയ്യാൻ കഴിയാത്തത് കാരണം ഒരു അവസരം കാത്ത് പകയോടെ ഇരിക്കുന്നുണ്ട് അവൾ നാഗതീർത്ഥത്തിനടിയിൽ……”

ദത്തന്റെയും അർജ്ജുന്റെയും മുഖത്ത് ഭീതി പടർന്നു…….. “അവൾക്ക് അതിനകത്ത് കയറാൻ ഒരു വഴി മാത്രമേ ഉള്ളൂ….. പിൻകഴുത്തിന് താഴെയായി നാഗരൂപം മറുകായുള്ള അമ്പാട്ട് തറവാട്ടിലെ സന്തതിയുടെ വിരൽ സ്പർശത്താൽ അവൾക്ക് അതിനുള്ളിലേക്ക് കയറാൻ സാധിക്കും…..” ദത്തന്റെ ഉള്ളൊന്നു ആളി. അവൻ പതിയെ തന്റെ പിൻകഴുത്തൊന്ന് തടവി…. വാമദേവൻ ചിരിച്ചു….. “സംശയിക്കേണ്ട …. നീ തന്നെയാണ് അത്…. ഇത് സാക്ഷാൽ ജഗദീശ്വരൻ എഴുതി വച്ച വിധി. ആ വിധി നടപ്പാക്കാൻ നാം ഓരോരുത്തരും അതിന്റെ കണ്ണികളായി…. നിന്റെ ജന്മോദ്ദേശ്യം അതാണ്….. നിന്റെ ഇരുപത്തിമൂന്നാം ജന്മദിനശേഷം മാത്രമേ നിന്റെ ഉള്ളിൽ ആ ചൈതന്യം ഉണ്ടാകുള്ളൂ…..

മൈലുകൾക്കപ്പുറം വസിച്ച നിന്നെ ഇങ്ങിവിടെ കൊണ്ടെത്തിച്ചില്ലേ…. അതാണ് അവൾ…… കൂർമ്മബുദ്ധി….. പകയുടെ മൂർത്തീ ഭാവം….. ആർക്കും അടക്കാനും അളക്കാനും കഴിയാത്ത അതിഭയങ്കരിയായ സ്വർണ്ണനാഗമാണവൾ…..” “ശിവമല്ലിക്കാവിലെ സ്വർണ്ണനാഗം….” ലോകം വിറയ്കുമാറ് ഒരു ഇടിനാദം മുഴങ്ങി. അതിന്റെ ശബ്ദത്തിൽ എല്ലാവരും ഞെട്ടി വിറച്ചു. ദത്തനെ ഭയം ഗ്രസിച്ചു. അവന്റെ തൊണ്ട വരണ്ടു. “തിരുമേനി കുറച്ചു വെള്ളം ?” അവൻ എങ്ങനെയോ പറഞ്ഞൊപ്പിച്ചു….. “രാമാ…… ഇവിടേക്ക് സംഭാരം….. ” വാമദേവൻ പറഞ്ഞ് രണ്ടു മിനിട്ടിനകം ഇരുവർക്കും സംഭാരവുമായി രാമനെത്തി. പഴയ മോഡലിലുള്ള വലിയ ചെമ്പിന്റെ ഗ്ലാസ്സിലായിരുന്നു സംഭാരം കൊണ്ട് വന്നത്.

വല്ലാത്തൊരു സുഗന്ധമുണ്ടായിരുന്നു അതിന്. ദത്തനും അർജ്ജുനും അത് കുടിക്കുന്നതിനിടെ വാമദേവൻ പറഞ്ഞു…. “ഇത് മനയിലെ പഴയൊരു ആചാരമാണ്… അതിഥികൾക്ക് സംഭാരം നൽകുക എന്നത്. ആകെ പാലിച്ചു പോകുന്ന ആചാരവും….” കറിവേപ്പിലയും നാരകത്തിന്റെ ഇലയും പച്ചമുളകും ഇഞ്ചി ചതച്ചതും പാകത്തിന് ഉപ്പും ചേർത്ത് വളരെ സ്വാദിഷ്ടമായാണ് അത് തയ്യാറാക്കിയിരുന്നത്……. ഒഴിഞ്ഞ ഗ്ലാസുമായി രാമൻ അവിടെ നിന്നും പോയി. ദത്തൻ പതിയെ തന്റെ കയ്യിലുള്ള നാഗശാസ്ത്രം വാമദേവന്റെ കൈകളിലേക്ക് നൽകി. അയാൾ അത്ഭുതത്തോടെ ആ പുസ്തകം നോക്കി….

“നാഗശാസ്ത്രം…. നിനക്കിത് എവിടുന്നു കിട്ടി കുഞ്ഞേ ? ” ദത്തൻ അത് കിട്ടിയതെങ്ങനെയെന്ന് വിവരിച്ചു….. “ഇത് വളരെ മഹത്തായ ഒരു ഗ്രന്ഥമാണ്. അത്ര സരളമായി ആർക്കും കിട്ടില്ല. നീ ചെയ്ത സുകൃതം….. ” വാമദേവൻ പറഞ്ഞു നിർത്തി. “തിരുമേനി…. എനിക്ക് ഇതിലെന്താണെന്ന് അറിയണം…..” ദത്തന്റെ ആവശ്യം കേട്ട് അയാൾ ഒന്നിരുത്തി മൂളി. ശേഷം വിളക്കിനടുത്തേക്ക് നീങ്ങിയിരുന്ന് ഒരു കണ്ണട വച്ചു വായിക്കാൻ തുടങ്ങി. സമയം കടന്നു പോയി…. പുസ്തകത്തിന്റെ താളുകൾ മറിഞ്ഞു……. കുറച്ചു താളുകൾ വായിച്ച ശേഷം വാമദേവൻ പറഞ്ഞു തുടങ്ങി….. “ഇത് നാഗങ്ങളെ കുറച്ചുള്ള വിവരങ്ങളാണ്…. അനാദി കാലം മുതൽക്കേ തന്നെ നമുക്ക് നാഗാരാധനയുമായി ബന്ധമുണ്ട്.

ഹിന്ദുവിന്റെ ഏതു ആചാരങ്ങൾ നോക്കിയാലും പ്രത്യക്ഷമായോ പരോക്ഷമായോ നാഗാരാധനയുമായി അതിന് ബന്ധമുണ്ട്. തറവാടുകളിലെ കാവുകളിൽ നാഗയക്ഷിയും നാഗരാജാവും കരിനാഗവും മണിനാഗവും അങ്ങനെ ഒത്തിരി പ്രതിഷ്ഠകൾ ഉണ്ടാകും. ആയില്യപൂജയും നൂറുംപാലും സർപ്പബലിയും നാഗബലിയും അഷ്ടനാഗബലിയും നാഗരൂട്ടും പട്ടും നൂറും സമർപ്പണവും കളമെഴുത്തും പാട്ടും ഇങ്ങനെ നമ്മുടെ ആചാരങ്ങളിൽ സർപ്പ ആരാധനയുടെ ബന്ധം നീളുന്നു… സർപ്പങ്ങൾ നമുക്ക് ബാഹ്യവും ആന്തരികവുമായി ഗുണങ്ങൾ തരുന്ന ദേവതയാണ് …. പാട്ടുകളിലും തോറ്റങ്ങളിലും കുണ്ഡലിനിയിലെ ശക്തിയെ പെൺ സർപ്പമായി ഭാവനചെയ്താണ് ആരാധിക്കുന്നത്….

ബാഹ്യാരാധനയിൽ സർപ്പങ്ങൾ നമുക്ക് കാവൽ ദൈവങ്ങൾ ആണ്…. മണ്ണ് ,സ്വത്ത് , ജീവൻ, പ്രകൃതി തുടങ്ങിയ അനവധി ജീവകണികകളെ സംരക്ഷിക്കുന്ന സംരക്ഷകരാണ് നാഗങ്ങൾ…..” ദത്തനും അർജ്ജുനും ഇമയനക്കാതെ കേട്ടിരിക്കുകയാണ്….. വാമദേവൻ തുടർന്നു…. ” വാസുകി, തക്ഷകൻ, കാർക്കോടകൻ, ശംഖൻ, ഗുളികൻ, പത്മൻ, മഹാപത്മൻ, അനന്തൻ എന്നിവരാണ് അഷ്ടനാഗങ്ങൾ…. അതായത് അറുപത്തി നാല് ശാക്ത നാഗങ്ങളിലും, അൻപത്തി നാല് വൈഷ്ണവ നാഗങ്ങളിലും, തൊണ്ണൂറ്റി ആറു ശൈവ സർപ്പങ്ങളിൽ വച്ച് മുഖ്യമായ എട്ടെണ്ണം.. നാഗലോകം വ്യാപിച്ചു കിടക്കുന്നത് ഒന്ന് മഹാതലത്തിലും മറ്റേത് പാതാളത്തിലുമാണ്…”

“ഇത് രണ്ടും തമ്മിൽ എന്താ തിരുമേനി വ്യത്യാസം ?” അർജ്ജുൻ ചോദിച്ചു…. ” മഹാതലത്തിൽ വാസുകിയാണ് ലോകനാഥൻ…. ഇവിടത്തെ സർപ്പങ്ങളെ വാസുകിയാണ് സംരക്ഷിക്കുന്നത്. സർപ്പശത്രുവായ ഗരുഡൻ വാസുകിയുടെ മിത്രവുമായതിനാൽ ഗരുഡൻ ഇവയെ ദ്രോഹിക്കാറില്ല….. ഈ ലോകത്തിലാണ് പ്രശസ്ത സർപ്പങ്ങളായ തക്ഷകൻ , കാളിയൻ , കാർക്കോടകൻ, ഗുളികൻ തുടങ്ങിയ സർപ്പങ്ങൾ വസിക്കുന്നത്. ഇവരെ ഭക്തിയോടെ പരിചരിക്കുന്ന നാഗഭക്തരും ഇവിടെയുണ്ട്.ഇവർ മഹാതലത്തിന്റെ ഓരോരോ പ്രത്യേക പ്രദേശങ്ങൾ ഭരിക്കുന്നു….. ഈ സർപ്പങ്ങൾക്ക് നൂറും , ഇരുന്നൂറും , അഞ്ഞൂറും ശിരസ്സുകളുണ്ട് .” ദത്തനും അർജ്ജുനും വിശ്വസിക്കാനാകാതെ അയാളെ നോക്കി……തുടരും

ശിവമല്ലിക്കാവിലെ സ്വർണ്ണനാഗം: ഭാഗം 8

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!