സ്‌നേഹതീരം: ഭാഗം 15

Share with your friends

എഴുത്തുകാരി: ശക്തികലജി

അപ്പൂസിനെ ഗിരിയേട്ടൻ്റെ അരികിൽ കിടത്തിയപ്പോൾ അവൻ ചിണുങ്ങി… ഞാൻ മുട്ടുകുത്തിയിരുന്നു ചേർത്തു പിടിച്ച് തട്ടി കൊടുത്തു…. അപ്പൂസ് നന്നായി ഉറങ്ങി എന്ന് മനസ്സിലായപ്പോൾ ഞാൻ പതുക്കെ എഴുന്നേറ്റു….. തലയണ എടുത്ത് കട്ടിലിൻ്റെ അറ്റത്ത് വച്ചു…. തിരികെ മുറിയിൽ വന്നിട്ടും എനിക്ക് ഉറക്കം വന്നില്ല – ഹൃദയം എന്തിനോ വിങ്ങുകയായിരുന്നു…. തിരിഞ്ഞും മറിഞ്ഞും കിടന്ന് എപ്പോഴോ ഉറങ്ങി…… രാവിലെ ഉണരുമ്പോൾ രണ്ടു കുഞ്ഞികൈകൾ എന്നെ ചുറ്റിപിടിച്ചിരുന്നു… എനിക്കതിശയം തോന്നി രാത്രി മുകളിലത്തെ മുറിയിൽ കൊണ്ടു കിടത്തിയ കുഞ്ഞെങ്ങനെ ഇവിടെ വന്നു…

ചിലപ്പോൾ രാത്രി മോൻ എഴുന്നേറ്റ് കരഞ്ഞത് കൊണ്ട് ഗിരിയേട്ടൻ കൊണ്ട് കിടത്തിയതാവും… ഇന്നലെ എന്തോ മോനെ മുകളിൽ ഗിരിയേട്ടൻ്റെ അരികിൽ കിടത്തിയിട്ട് വന്നപ്പോൾ വല്ലാത്ത വിഷമമായിരുന്നു… വാതിൽ അടയ്ക്കാൻ പോലും മറന്നു പോയാണ് ഉറങ്ങിയത്…. ഞാൻ പതിയെ എന്നെ ചുറ്റിപിടിച്ചിരിക്കുന്ന കുഞ്ഞി കൈകൾ എടുത്ത് മാറ്റി…. എഴുന്നേറ്റ് നോക്കുമ്പോൾ നല്ല ഉറക്കമാണ്.. ഞാൻ തലയണ കട്ടിലിൻ്റെ അറ്റത്ത് വച്ചിട്ട് എഴുന്നേറ്റു.. സമയം നോക്കിയപ്പോൾ അഞ്ചരയായിരിക്കുന്നു… വീട്ടിൽ ആള് കൂടുതൽ ഉള്ളത് കൊണ്ട് നേരത്തെ അടുക്കളയിൽ കയറിയേ ഒക്കു…

ഞാൻ സാരി നേരെയാക്കി ചുറ്റി കുളിച്ച് മാറ്റാനുള്ള വസ്ത്രം എടുത്തു… ഞാൻ ഹാളിൽ ചെന്നപ്പോൾ ഗിരിയേട്ടൻ ചാരുകസേരയിൽ ഇരുന്ന് ഉറങ്ങുന്നു…. ഞാൻ ശബ്ദമുണ്ടാക്കാതെ അടുക്കളയിലേക്ക് നടന്നു… ഗിരിയേട്ടനെന്താ ഹാളിൽ ഇരുന്ന് ഉറങ്ങിയത്… ഞാൻ വെളിയിലത്തെ ലൈറ്റിട്ടു… അടുക്കള വാതിൽ തുറന്നു.. ഇരുട്ട് മാറി വരുന്നേയുള്ളു… വേഗം പോയി കുളിച്ചിട്ട് അലക്കാനുള്ള തുണി സോപ്പു വെള്ളത്തിൽ മുക്കി വച്ചിട്ട് വന്നു.. എല്ലാരുടെയും കൂടി ഒരുമിച്ച് അലക്കാം എന്ന് വിചാരിച്ചു…

കുളിയൊക്കെ കഴിഞ്ഞ് ഞാൻ അടുക്കളയിലേക്ക് വന്നപ്പോൾ ഗിരിയേട്ടൻ അടുപ്പ് കത്തിച്ചു ചായയ്ക്കു പാത്രം വച്ചിരുന്നു.. അടുക്കളയിലെ ഷെൽഫിൽ ഓരോ ടബയായി തുറന്ന് നോക്കുകകയാണ്… ചായപ്പൊടി തിരയുകയാവും… “എന്താ അതിരാവിലെ ഒരു തിരയൽ ” എന്ന് ഞാൻ ചോദിച്ചു.. “തനിക്ക് ‘ജോലി കൂടുതൽ അല്ലെ… ഇന്ന് തൊട്ട് ഞാനൂടി സഹായിക്കാമെന്ന് വിചാരിച്ചു… “ഞാനാ ചായപ്പൊടിയെവിടെ എന്ന് നോക്കുവായിരുന്നു.. “ഗിരിയേട്ടൻ പറഞ്ഞു.. “കുഞ്ഞിനുള്ള പാൽ മാറ്റി വച്ചിട്ട് വേണം ചായയിടാൻ… ഞാൻ ചായയിടാം… ഗിരിയേട്ടൻ അങ്ങോട്ട് മാറിക്കേ.. ”

എന്ന് ഞാൻ പറഞ്ഞപ്പോഴാണ് ഗിരിയേട്ടൻ തിരിഞ്ഞ് നോക്കിയത്…. ഒന്നും മറുപടി പറയാതെ ഒരു വശത്തേക്ക് മാറി നിന്നു… ഗിരിയുടെ മിഴികൾ ചന്ദ്രയുടെ മുഖത്ത് ഉറ്റ് നോക്കി കൊണ്ടിരുന്നു…. അവളുടെ ഓരോ ചലനങ്ങളും ശ്രദ്ധയോടെ വീക്ഷിച്ചു… മുഖത്ത് പതിവിലും സന്തോഷം നിറഞ്ഞു നിൽക്കുന്നുണ്ട്… ഒന്നൂടി സുന്ദരിയായത് പോലെ… നിറം കുറവാണെങ്കിലും നല്ല ഐശ്വര്യമുള്ള മുഖം… വെള്ളക്കൽ മുക്കുത്തിയുടെ നിറം മങ്ങിയിരിക്കുന്നു… കാതിലെ കുഞ്ഞു കമ്മൽ വർഷങ്ങൾ പഴക്കം തോന്നിച്ചു…. അമ്മ കൊടുത്ത വളയും മാലയും അണിഞ്ഞിട്ടുണ്ട്… “എന്താ ഗിരിയേട്ടാ ഇങ്ങനെ നോക്കുന്നത്…

എന്നെ ആദ്യായിട്ട് കാണുകയാണോ ” എന്ന് ചന്ദ്ര ചോദിച്ചപ്പോൾ അവൻ ചമ്മലോടെ ചിരിച്ചു… “എന്തോ ഇന്ന് തനിക്കെന്തോ മാറ്റം…” ഗിരിയേട്ടൻ പറഞ്ഞപ്പോൾ ഞാൻ സ്വയം നോക്കി… “ഹേയ് എനിക്ക് മാറ്റമൊന്നുമില്ല… ഞാനെപ്പോഴും ഉള്ളത് പോലെ തന്നെയാണ് ” എന്ന് പറഞ്ഞ് ചിരിച്ചു… ചായയ്ക്ക് ഇഞ്ചിയും ഏലയ്ക്കയും ചതച്ചിട്ടു ചെറിയ തീയിൽ തിളപ്പിച്ചു… ഗിരി ഒന്നൂടി അവളുടെ അടുത്തേക്ക് നീങ്ങി നിന്നു.. ” അല്ല… മാറ്റമുണ്ട്… ഇന്ന് സമയം കിട്ടുമ്പോൾ മുറിയിലേ കണ്ണാടിയിൽ ഒന്നു നോക്കണം..

പഴയ വർഷങ്ങൾക്ക് മുൻപ് ഉള്ള ചന്ദ്രയുടെ കുറുമ്പ് കാണാം” എന്ന് ഗിരിയേട്ടൻ ചിരിയോടെ പറയുമ്പോൾ ഞാൻ ചായ ഗ്ലാസ്സിലേക്ക് പകർന്ന് കൈയ്യിൽ കൊടുത്തു… “ഓ… ഇനി എന്ത് മാറ്റമുണ്ടായിട്ട് എന്ത് കാര്യം ഗിരിയേട്ടാ… എൻ്റെ ജീവിതം അത്രേയുള്ളു… ആകെ നല്ലത് എന്ന് പറയാൻ ഉള്ളത് എൻ്റെ മക്കളുടെ കൂടെ ജീവിച്ച കുറച്ച് വർഷങ്ങളാണ് “… ആ ഓർമ്മകൾ കൂടുതൽ എന്നെ വേദനിപ്പിക്കാറേയുള്ളു”… ശരിക്കും ഞാനിപ്പോൾ ആർക്കു വേണ്ടിയാ ജീവിക്കുന്നത് എന്നെനിക്ക് തന്നെയറിയില്ല….

മരിക്കാൻ ഭയമായത് കൊണ്ട് മാത്രം ജീവിക്കുന്നു.. ചിലപ്പോ തോന്നും മരിച്ചാൽ മതീന്ന്” എന്ന് ഞാൻ പറഞ്ഞു കഴിഞ്ഞപ്പോഴേക്ക് മിഴികൾ നിറഞ്ഞു തുളുമ്പിയിരുന്നു…. പെട്ടെന്നാണ് ഗിരിയേട്ടൻ എന്നെ ചേർത്ത് പിടിച്ചത്… ” അങ്ങനെ പറയല്ലേ ചന്ദ്രാ… ഞാനുണ്ട്.. എൻ്റെ അമ്മയുണ്ട്… കുഞ്ഞുണ്ട് ” എന്ന് ഗിരിയേട്ടൻ എന്നെ ചേർത്ത് പിടിച്ച് പറഞ്ഞപ്പോൾ പുറകിൽ നിന്നുമാരോ എൻ്റെ മുടിയിൽ പിടിച്ച് വലിച്ച് എറിഞ്ഞത് പോലെ തോന്നി… ഞാൻ തെറിച്ചു വീണു…. അടുക്കളയിലെ ഒരു സ്ളാബിൽ ഇടിച്ചാണ് വീണത്… ആരാണെന്ന് നോക്കും മുന്നേ ‘ടപ്പേ’ന്ന് ശബ്ദം കേട്ടു..

ഗിരിയേട്ടൻ്റെ കൈയ്യിലിരുന്ന ചായ ഗ്ലാസ്സ് താഴെ വീണു പൊട്ടി ചിതറി… ഞാൻ നോക്കുമ്പോൾ ശിഖ കവിൾ പൊത്തി നിൽക്കുന്നതാണ് കണ്ടത്… എൻ്റെ കൈ പിടിച്ച് ഗിരിയേട്ടൻ എഴുന്നേൽപ്പിച്ചു… തല വല്ലാതെ വേദനിച്ചു.. “ഗിരിയേട്ടൻ എന്നെ അടിച്ചു അല്ലെ… അതും ഈ പെണ്ണിന് വേണ്ടി…. നോക്കിക്കോ ഈ ശിഖ ആരാണെന്ന് “.. ശിഖ ദേഷ്യത്തോടെ പറഞ്ഞു… “നീയെന്തിനാ ചന്ദ്രയെ തള്ളിയിട്ടത് “ഗിരി ദേഷ്യത്തോടെ ചോദിച്ചു… ” അത് പിന്നെ നിങ്ങൾ രണ്ടു പേരും കെട്ടിപിടിച്ച് നിൽക്കുന്നത് കണ്ടപ്പോ “ശിഖ നിന്ന് പരുങ്ങി.. ” അവൾ എൻ്റെ നല്ല സുഹൃത്താ..

എൻ്റെ അമ്മയുടെ അടുത്ത കുട്ടുകാരിയുടെ മകൾ… അവൾടെ മനസ്സൊന്നു വേദനിച്ചപ്പോ ഞാൻ ഒന്നു ചേർത്തു പിടിച്ചതിനാണോ നീയീ കെട്ടിപ്പിടിച്ചത് എന്ന് പറഞ്ഞ് സ്വയം തരം താഴ്ന്ന് പോകുന്നത് “.. നിൻ്റെ മനസ്സിലെ അഴുക്ക് ആദ്യം കളയ്… ഇങ്ങനെ വഴക്കുണ്ടാക്കാനാണെങ്കിൽ ഇന്ന് തന്നെ ഇവിടെ നിന്ന് ഇറങ്ങിക്കോണം… കുഞ്ഞിനെ നോക്കാൻ ഞാൻ ജോലിക്കാരെ ഏൽപ്പിച്ചോളാം….” ഗിരി ശാസനയോടെ പറഞ്ഞു.. അവർ രണ്ടു പേരുടെയും സംസാരം കേട്ട് ഞാൻ തരിച്ച് നിന്നു…. “ഹേയ് എനിക്ക് ബുദ്ധിമുട്ടൊന്നുമില്ല കുഞ്ഞിനെ നോക്കാൻ…. ഞാനിവിടെ ആർക്കും ഒരു ശല്യവുമില്ലാതെ കഴിഞ്ഞോളാം..

എനിക്കവനെ പിരിഞ്ഞിരിക്കാൻ പറ്റില്ല” ശിഖ കരഞ്ഞു തുടങ്ങി… “മേലിൽ ഇങ്ങനെയൊരു പെരുമാറ്റം ആവർത്തിക്കരുത് ” എന്ന് ഗിരിയേട്ടൻ പറഞ്ഞതും ശിഖ അടുക്കളയിൽ നിന്നും പോയി…. എനിക്ക് ഗിരിയേട്ടൻ്റെ മുഖത്ത് നോക്കാൻ മടി തോന്നി… താഴെ പൊട്ടി ചിതറി കിടക്കുന്ന ഗ്ലാസ്സിൻ്റെ കഷണങ്ങർ ഓരോന്നായി പെറുക്കിയെടുക്കാൻ തുടങ്ങിയപ്പോഴേക്ക് ഗിരിയേട്ടൻ ചൂലുമെടുത്ത് വന്നിരുന്നു… “എഴുന്നേറ്റേ… കൈ കൊണ്ടെടുത്താൽ വിരൽ മുറിയും”…എന്ന് ഗിരിയേട്ടൻ പറഞ്ഞപ്പോൾ ഞാൻ എഴുന്നേറ്റ് മാറി നിന്നു… ഗിരിയേട്ടൻ ചൂലുകൊണ്ട് അടുക്കള മൊത്തം തുത്തുവാരി..

ഗിരിയേട്ടന് എന്ത് പറ്റി… എന്ത് കൊണ്ടാണ് എന്നെ ചേർത്ത് പിടിച്ചത്… ഒരു നിമിഷം ഞാനും അത് ആഗ്രഹിച്ചിരുന്നോ… ഗിരിയേട്ടനിൽ നിന്ന് ഒഴിഞ്ഞുമാറാതെ ആ നെഞ്ചിൽ മുഖം ചേർത്തു നിന്നു പോയി… എന്താ സംഭവിക്കുന്നത് എന്ന് തിരിച്ചറിയുo മുന്നേ ശിഖ വന്ന് തള്ളിയും ഇട്ടു… ഇപ്പോഴേ ഗിരിയേട്ടനെ ഇത്ര സംശയമാണ് എങ്കിൽ വിവാഹം കഴിഞ്ഞാൽ എന്താവും അവസ്ഥ… പാവം അപ്പൂസിൻ്റെ അവസ്ഥ ഇതിലും ദയനീയമാകും…. പ്രശ്നങ്ങൾ കൂടുതൽ ആവുന്നതിന് മുന്നേ പരിഹരിക്കാൻ ഗിരിയേട്ടനോട് പറയണം… മനസ്സിൽ പലവിധ ചിന്തകൾ കുമിഞ്ഞ് കൂടി… ” ഇതെന്ത് സ്വപ്നം കണ്ട് നിൽക്കുകയാടോ….

ഇന്ന് ആശുപത്രിയിൽ പോയി സ്റ്റിച്ച് എടുക്കണ്ട ദിവസമാണ്.. ഇങ്ങനെ നിന്നാൽ ഇന്ന് പോകുന്നത് നടക്കില്ല” എന്ന് ഗിരിയേട്ടൻ പറയുന്നത് കേട്ട് ഒന്നു ഞെട്ടി… ” ഇനിയിപ്പോ ശരിയാവില്ല… ഞാൻ ഓട്ടോയ്ക്ക് പറയാം”… ശിഖ വല്ലാതെ തെറ്റിദ്ധരിച്ചിട്ടുണ്ട്.. ” ഞാൻ മടിയോടെ പറഞ്ഞു.. “സാരമില്ല അത് പോട്ടെ… മോന് വേണ്ടി.. അവന് ഒരു സന്തോഷമാകും.. പിന്നെ അവരെ ഇന്ന് തന്നെ ഇവിടെ നിന്ന് പറഞ്ഞു വിടാനുള്ള വഴി നോക്കാം “… അവർ പോയാൽ മോൻ വിഷമിക്കുമോ എന്ന ഭയം കൊണ്ടാണ് എല്ലാം സഹിച്ചത്…. ഇനി അതിൻ്റെ ആവശ്യമില്ലടോ.. ചന്ദ്ര എൻ്റെ മോൻ്റെ കാര്യങ്ങൾ നോക്കുമല്ലോ ” ഗിരിയേട്ടൻ ചിരിയോടെ പറഞ്ഞു.. ”

അത് ശരിയാവില്ല.. എനിക്ക് പറ്റുമെന്ന് തോന്നുന്നില്ല….”.. ഞാൻ പതർച്ചയോടെ പറഞ്ഞു.. “ചന്ദ്രയെ കൊണ്ട് പറ്റും…. “എനിക്കറിയാം തനിക്ക് എൻ്റെ മോനെ ഒത്തിരി ഇഷ്ടമാണ് എന്ന്…. അവൻ ഇന്നലെ ഉറക്കത്തിൽ കരഞ്ഞു… തൻ്റെ അടുക്കൽ കൊണ്ടു വന്നപ്പോൾ അപ്പൂസേ എന്ന് വിളിച്ച് ചന്ദ്രയും ഉറക്കത്തിൽ കരയുന്നുണ്ടായിരുന്നു…. ഞാൻ അടുത്ത് കിടത്തിയപ്പോൾ തൻ്റെ കൈകൾ അവനെ സുരക്ഷിതമായി പൊതിഞ്ഞു പിടിച്ചിരുന്നു.. ” എന്ന് ഗിരിയേട്ടൻ പറയുമ്പോൾ ഞാൻ അത്ഭുതത്തോടെ കേട്ടു നിന്നു…. ” ഞാൻ ശ്രമിക്കാം…. ഞാൻ അവനോട് ഒത്തിരി അടുത്തു പോകുമോ എന്ന് ഭയം തോന്നുന്നു…

നിങ്ങൾ സ്ഥലം മാറ്റം കിട്ടി പോവുമ്പോൾ ചിലപ്പോ എനിക്ക് താങ്ങാൻ പറ്റില്ല ” ഞാൻ പറഞ്ഞപ്പോൾ ഗിരിയേട്ടൻ ചിരിച്ചു… ” അത് അപ്പോഴല്ലേ.. ഇപ്പോഴെ അതോർത്ത് വിഷമിക്കണ്ട…”…. വേഗം പറഞ്ഞോ എന്തൊക്കെയാ ചെയ്യണ്ടേന്ന് ” ഗിരിയേട്ടൻ പിച്ചാത്തിയെടുത്ത് ഇരുന്നു… അരിയാൻ പയറും പാവയ്ക്കായും എടുത്തു വച്ചു…. ഗിരിയേട്ടൻ പയറുതോരന് അരിയാൻ തുടങ്ങി.. ഞാൻ ചോറിന് വെള്ളം വച്ചു… അരിയിട്ടു.. രാവിലത്തേക്കിന് ദോശ ചുട്ടുവച്ചു… തേങ്ങാ ചമ്മന്തിയും അരച്ചു…. പയറ് തോരന് തേങ്ങാ ചതച്ച് വച്ചു… പറമ്പിൽ പോയി മല്ലിയില മുറിച്ച് കൊണ്ടുവന്നു നന്നായി കഴുകി ചെറുതായി അരിഞ്ഞുവച്ചു…

ചട്ടി വച്ച് എണ്ണ ചൂടായപ്പോൾ കുറച്ച് ഉഴുന്ന് ഇട്ടു… ചുവന്നു തുടങ്ങിയപ്പോൾ ഉള്ളിയും വെളുത്തുള്ളിയും ജീരകവും ചുവന്ന മുളകും ഇട്ട് വഴറ്റിയ ശേഷം മല്ലിയില ഇട്ടു.. ഉപ്പ്, മഞ്ഞൾ പൊടി ആവശ്യത്തിന് പുളി / തക്കാളി ചേർത്ത് നന്നായി ഇളക്കി….. എന്നിട്ട് ഹാളിൽ ഫാനിട്ട് ചൂടാറാൻ വച്ചു വന്നപ്പോഴേക്ക് ഗിരിയേട്ടൻ കൂട്ടാനുള്ളത് അരിഞ്ഞു കഴിഞ്ഞിരുന്നു.. ” മതി ഗിരിയേട്ടാ ബാക്കി ഞാൻ വച്ചോളാം…” ഞാൻ പറഞ്ഞു.. ” ഞാൻ സാമ്പാറിനും കൂടി അരിഞ്ഞ് വച്ചേക്കാം” എന്ന് പറഞ്ഞ് ഗിരിയേട്ടൻ പച്ചക്കറിയെടുത്ത് സാമ്പാറിനുള്ള കഷണം അരിയാൻ തുടങ്ങി….

ചോറ് കലം മാറ്റി വച്ച് പയറ് തോരന് അടുപ്പിലിട്ടു… ഞാനും ചേർന്ന് പച്ചക്കറിയരിഞ്ഞത് കൊണ്ട് വേഗം കഴിഞ്ഞു.. “ഗിരിയേട്ടന് ചൂടുവെള്ളം വയ്ക്കണോ” ഞാൻ ചോദിച്ചപ്പോൾ ആൾ മുഖമുയർത്തി നോക്കി.. ” ഇന്ന് വേണ്ട.. ദേഹത്ത് വേദനയൊക്കെ കുറഞ്ഞു… ഞാൻ കുളിച്ചിട്ട് വരാം ” എന്ന് പറഞ്ഞ് എഴുന്നേറ്റു… “മോൻ ഉണർന്നോ എന്ന് നോക്കണേ ” എന്ന് ഞാൻ പറഞ്ഞപ്പോൾ ശരിയെന്ന് പറഞ്ഞ് അടുക്കളയിൽ നിന്നും പോയി… ഞാൻ ഹാളിൽ ചെന്ന് ചൂടാറാൻ വച്ചത് എടുത്ത് കൊണ്ടുവന്നു.. ചൂടാറ്റയോന്ന് തൊട്ട് നോക്കി… ചൂടാറിയിട്ടുണ്ട്…. മിക്സി ജാറിൽ എല്ലാം ഇട്ട് കുറച്ച് വെള്ളം ഒഴിച്ച് നന്നായി അരച്ചു ഒരു പാത്രത്തിൽ എടുത്തു വച്ചു….

പാത്രത്തിൽ എടുത്ത മല്ലിയില ചമ്മന്തി മേശയിൽ വച്ചു… ചോറ് വാർത്തു വച്ചിട്ട് സാമ്പാറിനുള്ളത് അടുപ്പിലിട്ടു വച്ചു…. ഞാൻ ഹാളിലേക്ക് ചെന്നപ്പോൾ ഗിരിയേട്ടൻ്റെ അമ്മയുടെ മടിയിൽ അപ്പൂസ് ഇരിക്കുന്നുണ്ട്… ഇന്നലെ വാങ്ങി കൊടുത്ത നീല പന്ത് കൈയ്യിൽ വച്ച് ഉരുട്ടുകയാണ്.. എന്നെ കണ്ടതും മടിയിൽ നിന്നിറങ്ങി ചിരിച്ചു കാണിച്ചു… ” വരുന്നോ കൃഷിയൊക്കെ എന്തായിന്ന് നോക്കിയിട്ട് വരാം….” എന്ന് ഞാൻ ചോദിച്ചപ്പോൾ ഓടി വന്ന് കൈ പിടിച്ച് നിന്നു…. മുറിയിൽ പോയി തോർത്ത് എടുത്തു കൊണ്ടുവന്നു….. തണുപ്പടിക്കാതിരിക്കാൻ ചെവിയോടു ചേർത്തു കെട്ടി കൊടുത്തു…..

എൻ്റെ കൈ പിടിച്ച് പറമ്പിൽ മുഴുവൻ നടന്നു… ഒരു കല്ലിൽ അപ്പൂസിനെ ഇരുത്തി… എല്ലാ ചെടിയുടെയും പേര് പറഞ്ഞ് കൊടുത്തു… എല്ലാം വള്ളി വീശി തുടങ്ങിയിരിക്കുന്നു.. കമ്പ് കുത്തി കൊടുത്തു….. ചരിഞ്ഞ് നിൽക്കുന്നതിന് കമ്പ് കൊണ്ട് താങ്ങ് കൊടുത്തു… കുറച്ച് കഴിഞ്ഞപ്പോഴേക്ക് ഗിരിയേട്ടൻ വന്നു വിളിച്ചു… ” അവിടെ മോനെ അന്വഷിക്കുന്നു…. അവരെല്ലാം പോകാനിറങ്ങി ” എന്ന് പറഞ്ഞ് ഗിരിയേട്ടൻ അപ്പൂസിനെ വിളിച്ചു കൊണ്ടുപോയി…. ഞാനുo വേഗം അവരുടെ പുറകെ പോയി….ചെന്നപ്പോൾ ശിഖയുടെ അച്ഛനും അമ്മയും പോകാൻ ഒരുങ്ങി നിൽക്കുന്നു.. “എന്താ പെട്ടെന്ന് പോകാൻ ഒരുങ്ങിയത്..

രണ്ടു ദിവസം കൂടി നിൽക്കാരുന്നല്ലോ ” എന്ന് ഞാൻ അവരോട് ചോദിച്ചപ്പോൾ ഗിരിയേട്ടൻ എന്നെ നോക്കി കണ്ണുരുട്ടുന്നുണ്ടായിരുന്നു.. ” വീട്ടിൽ കള്ളൻ കയറിയെന്ന്.. അയൽപ്പക്കക്കാര് വിളിച്ചിരുന്നു.. എന്തൊക്കെ കൊണ്ടു പോയോ എന്തോ ‘… ശിഖ ഇവിടെ നിൽക്കുവാണെന്ന് പറഞ്ഞു.. ഞങ്ങൾ വേഗം പോയിട്ട് വിവരം പറയാം” എന്ന് ശിഖയുടെ അച്ഛൻ പറഞ്ഞു.. അപ്പോഴേക്ക് ഓട്ടോ വന്നു.. പിന്നെ ചോദിക്കാനും പറയാനും നിന്നില്ല..

വേഗം ഓട്ടോയിൽ കയറി പോയി…. “നീയെന്താ പോകാഞ്ഞത് “ഗിരിയേട്ടൻ ശിഖയോടു ചോദിച്ചു… ” ഞാനവിടെ പോയിട്ടെന്ത് ചെയ്യാനാ…. ഗിരിയേട്ടൻ മോനെ ഞങ്ങളുടെ കൂടെ വിടില്ലല്ലോ ” എന്ന് ശിഖ പറഞ്ഞു….. ” നിൻ്റെ കാമുകനാണ് കള്ളൻ….. അവൻ പോലീസ് സ്റ്റേഷനിലുണ്ട്”…. നീയവിടെ ഉണ്ടെന്ന് കരുതി വന്നതാണോ ” എന്ന് ഗിരി ചോദിക്കുമ്പോൾ ശിഖയുടെ മുഖം താഴ്ന്നു പോയി……..തുടരും

സ്‌നേഹതീരം: ഭാഗം 14

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!