അദിതി : ഭാഗം 7

അദിതി : ഭാഗം 7

എഴുത്തുകാരി: അപർണ കൃഷ്ണ

കുറച്ചു ആലങ്കാരികമായി പറയുകയാണെങ്കിൽ അലോഷി എന്ന ഞാൻ കോളേജിൽ അളകനന്ദ പോലെ ആയിരുന്നു, ഗർജ്ജനത്തോടെ അലച്ചു തുള്ളി പതഞ്ഞൊഴുകുന്ന നദി. അദിതി മന്ദാകിനി പോലെ ശാന്തയായി കളകളാരവത്തോടെ ഒഴുകി. എന്നാലും ഇരുവരും നദികൾ തന്നെ ആയിരുന്നു. ഇടയ്ക്കിടെ ഉള്ള പുഞ്ചിരിയിൽ നിന്ന് പഠിത്തത്തിനായുള്ള സഹകരണത്തിലേക്കു വല്ലപ്പോഴും മാത്രം ഞങ്ങൾ വളർന്നു. അധികമൊന്നും മിണ്ടിയിട്ടില്ല എങ്കിൽ കൂടി ആ മുഖത്ത് നോക്കുമ്പോൾ പ്രക്ഷുബ്ധമായിരിക്കുന്ന മനസ്സ് പതിയെ ശാന്തമാകുന്ന ഒരവസ്ഥ പലപ്പോഴും എനിക്കുണ്ടായിട്ടുണ്ട്.

കോളേജിന് തലവേദനയായ കഞ്ചാവ് ഗാങ് എത്തിയെന് ശേഷം പുറമെ, എല്ലാം ശരിയെന്നു തോന്നിക്കുമെങ്കിലും അകമേ പുകയുകയായിരുന്നു…. … പലപ്പോഴും മറ്റുള്ള കുട്ടികളുമായി ഉള്ള അവരുടെ ഉരസലുകൾ ഞങ്ങൾ അറിയുന്നുണ്ടാർന്നു. രോഹിത് എന്ന് പേരുള്ള ഒരുത്തൻ ആയിരുന്നു ആ കൂട്ടത്തിലെ നേതാവ്. അവന്റെ അച്ഛൻ ഒരു ബിസിനസ് മാൻ ആണ്. പൂത്ത പണം കയ്യിൽ ഉള്ള കൊണ്ടുള്ള അഹങ്കാരം അല്ലാണ്ട് എന്താ…ഈ കഞ്ചാവ് ഗാങ് എന്ന് ഞാൻ അവരെ വിളിക്കുന്ന പേരാണ്, എന്നാൽ അവർ അവരെ സ്വയം ബ്ലാക്ക് ഹോഴ്സ്സ് എന്ന് വിളിച്ചു. പറ്റിയ പേരുകൾ തന്നെ കറുത്ത കുതിരകൾ പോലും.

ഹും ഒരു ലോഡ് പുച്ഛം ടു ദാറ്റ് ഗെയ്‌സ്…… ദിവസങ്ങൾ നടന്നു പോകവേ പലപ്പോഴും ഞാൻ ഇവമ്മാരുടെ മുന്നിൽ ചെന്ന് പെടുകയുണ്ടായി, എന്റെ അടുത്ത് എന്തേലും ചൊറിഞ്ഞ വർത്തമാനം പറയാൻ തുടങ്ങും, ഞാൻ തിരിച്ചൊന്നു മാന്തി വിടാൻ തുടങ്ങുമ്പോളെക്കും പീക്കിരികൾ എന്നെ അവിടന്ന് വലിച്ചെടുത്തോണ്ടു പോകും. അതിന്റെ പേരിൽ ഞാൻ പീക്കിരികളോട് കലഹിക്കും. എന്തൊക്കെ പറഞ്ഞാലും അവര് നല്ല പക്വത ഉള്ള പിള്ളേരാ, കലാപരിപാടികളും അലമ്പലും ഒക്കെ പുറമെ നടക്കുമ്പോൾ, ആരും അറിയാതെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഒക്കെ ചെയ്യുന്നുണ്ട് പിള്ളേർ…….

ഒരു ദിവസം അപ്പയുടെയും അമ്മയുടെയും ഒപ്പം അടുത്തുള്ള കരുണാലയത്തിൽ പോയപ്പോളാണ് പീക്കിരികളെ അവിടെ വച്ച് കണ്ടത്. എന്തോ അന്നേരം അവരുടെ മുന്നിൽ പോയി നില്ക്കാൻ എനിക്ക് തോന്നില. അവിടുത്തെ ഫാദർ ആണ് പറഞ്ഞത് അവര് അവിടത്തെ സ്ഥിരം സന്ദര്ശകർ ആണെന്നുള്ള വിവരം. അപ്പയുടെയും അമ്മയുടെയും മുഖത്തു അത്ഭുതവും സ്നേഹവും നിറഞ്ഞപ്പോൾ എനിക്ക് സത്യം പറയാല്ലോ അഭിമാനം ആണ് തോന്നിയത്. യെസ് ആം പ്രൗഡ് ഓഫ് മൈ പീക്കിരിസ്….. ഞാൻ ഈ വിവരം അറിഞ്ഞു എന്നുള്ള കാര്യം അവർക്കറിയില്ല കേട്ടോ. കോളേജിൽ അന്ന് ഉച്ചക്ക് ശേഷം അവധി ആയിരുന്നു.

അങ്ങനെ ഉച്ചക്ക് ശേഷം അവധി കിട്ടുന്ന ദിവസങ്ങളിൽ ചുരുക്കം ചില കുട്ടികൾ പോകുന്നതൊഴിച്ചാൽ ബാക്കി എല്ലാരും കോളേജിൽ തന്നെ ഉണ്ടാകും. ആരെയും പേടിക്കാതെ ധൈര്യമായി സൊള്ളാൻ കിട്ടുന്ന അവസരം അല്ലെ ആരേലും പാഴാക്കുമോ. .. ഞാൻ പതിവ് പോലെ ക്ലാസ്സിൽ നിന്ന് ചാടാൻ തുടങ്ങിയതും റോയിച്ചനും ദേവും കൂടെ വളഞ്ഞിട്ടു പിടിച്ചു, അല്ല അവരെ പറഞ്ഞിട്ടും കാര്യമില്ല, ഏതേലും ഒരു ഫ്രീ പീരീഡ് കിട്ടിയാൽ അല്ലെങ്കിൽ ഇന്റർവെൽ ആണേൽ എന്റെ പൊടി പോലും ക്ലാസ്സിനുള്ളിൽ ഉണ്ടാകില്ല. അവരെല്ലാം കൂടെ എന്നെ വലിച്ചെടുത്തോണ്ടു ലൈബ്രറിയുടെ സൈഡിലേക്ക് നടന്നു. അവരും സീനിയർസും സ്ഥിരം സംഗമിക്കുന്നത് അവിടെ വച്ചാണ്.

സൗഹൃദം മാത്രമല്ല പല പ്രണയങ്ങളും അവിടെ രൂപം കൊള്ളുന്നുണ്ടായിരുന്നു, അത് കൊണ്ട് കൂടെ ആണ് ഞാൻ പതിയെ മുങ്ങുന്നത്. പൂച്ചക്കെന്താ പൊന്നുരുക്കുന്നിടത്തു കാര്യം. അന്നാദ്യമായിട്ടാണ് അത്തരം ഒരു സംഗമത്തിൽ ഞാൻ പങ്കുചേരുന്നത്. എല്ലാ അവതാരങ്ങളും ഉണ്ട്, പക്ഷെ അദിതി ഇല്ല. പുള്ളിക്കാരി മിക്കവാറും നേരത്തെ പോയിട്ടുണ്ടാകും കോളേജ് എക്സ്പ്ലോറിങ്നു വേണ്ടി. ഇന്ന് എന്തായാലും മുങ്ങാൻ പറ്റില….. ഷെയ് ഞാൻ പെട്ടല്ലോ എന്നും പറഞ്ഞിരിക്കുവാരുന്നു. എല്ലാരും കലപില വർത്തമാനവും ചിരിയും മേളവും ഒക്കെയാണ്. ഞാൻ ബഹളം ഒന്നും ഉണ്ടാക്കാതെ ഇരിക്കുവാരുന്നു. എനിക്കെന്തോ, ഒരു അസ്കിത തെണ്ടാൻ പോകാൻ പറ്റാഞ്ഞിട്ടു……

ഡേവിച്ചനെ ഇവിടെങ്ങും കാണുന്നില്ലല്ലോ എന്ന് ഓർത്തു ഇരുന്നപ്പോൾ ആണ് ഒരാൾ വന്നു എന്റെ ഓപ്പോസിറ്റ് ഇരിക്കുന്നത്. ഈ തേടിയ വള്ളി കാലിൽ ചുറ്റി എന്നൊക്കെ കേട്ടിട്ടില്ലേ, അതന്നെ…… ഒരു നിമിഷം അവനെ അലസമായി നോക്കിയപ്പോൾ പുള്ളിക്കാരന്റെ കണ്ണുകൾ എന്റെ മുഖത്താണ്. നിങ്ങൾ ഈ ഐലോക്ക് ഐലോക്ക് എന്ന് കേട്ടിട്ടുണ്ടോ? അഹ് ഒള്ളത് പറയാല്ലോ ഞാൻ കുടുങ്ങി പോയി, ഞാൻ മാത്രം അല്ല അവനും… കർത്താവെ കണ്ണെടുക്കാൻ പറ്റുന്നില്ല പണ്ടാരം……………..

എനിക്കാണേൽ നല്ല ചിരിയും വരുന്നുണ്ട്…. ചിരിച്ചാൽ അത് പൊട്ടിച്ചിരി കടന്നു കൊലച്ചിരി ആകും എന്ന് നന്നായി അറിയേം ചെയ്യാം. അങ്ങേർക്കണേൽ എന്നെ കാട്ടിലും വിമ്മിഷ്ടം. എന്നാലും കണ്ണ് മാറ്റാൻ പറ്റുന്നില്ല, മനസ്സിൽ പൂമരത്തിലെ പാട്ടാണ്…. “ഞാൻ ഒന്ന് നോക്കി അവൻ എന്നെയും നോക്കി നാൽപതു പേരും ശിഷ്യന്മാരും ഒന്നിച്ചു നോക്കി” ഒന്നിച്ചു നോക്കാൻ ശിഷ്യൻമാർ ഇല്ലാരുന്നു എങ്കിലും, ഏകദേശം നാൽപതു പേര് അവിടെ ഉണ്ടാരുന്നു. അവര് പക്ഷെ പാടിയത് പൂമരം അല്ലായിരുന്നു. പകരം… ” ആ ആ ആ ആ ആ ആ ആ ആ ആ ആ ആ ആ ആ കണ്ണും കണ്ണും…………….. തമ്മിൽ തമ്മിൽ………………. കഥകൾ കൈമാറും അനുരാഗമേ………………………..”

റോയിച്ചൻ: ” കോളേജിൽ തെണ്ടി നടക്കണ ചിലരെ ഒക്കെ ഞാൻ വലിച്ചിങ്ങോട്ട് കൊണ്ട് വന്നപ്പോൾ കണ്ടോ പ്രീതിച്ചേച്ചി ലൈബ്രറിയിൽ തപസു ചെയ്യാണ വിശ്വാമിത്രമ്മാരു പുറത്തിറങ്ങിയത്” പ്രീതി: “കണ്ടു മോനെ കണ്ട്, എന്നാലും ഈ ബഹുവചനം വേണ്ടടാ ഏകവചനം മതി, വിശ്വാമിത്രൻ” വളിച്ച ഒരു ചിരിയോടെ ഡേവിച്ചൻ നോട്ടം പിൻവലിച്ചു. എന്നാൽ എനിക്കാണേൽ ആകപ്പാടെ രസം തോന്നി ” ഷെയ് എന്ത് ബോർ മനുഷ്യരാന്നെ നിങ്ങളൊക്കെ…. ഞാനാണേൽ വേറെ നല്ല ഒരു പാട്ടാർന്നു പാടിക്കൊണ്ടിരുന്നത്, എല്ലാം നശിപ്പിച്ചില്ലേ”……..

ഒരു കള്ള ചിരിയോടെ ഇത് പറഞ്ഞു നിർത്തിയപ്പോൾ എല്ലാരും അന്തംവിട്ടു കുന്തം വിഴുങ്ങിയത് പോലെ എന്നെ ഒന്ന് നോക്കി….. “ഏയ് അതേതു പാട്ടാ അലോഷി” പ്രീതിചേച്ചിടെ ചോദ്യം ആണ്. ഡേവിച്ചനും ആകാംഷയോടെ നോക്കുന്നുണ്ട്, പുള്ളിടെ ചളിപ്പ് ഇതുവരെ മാറില എന്ന് തോന്നുന്നു…… അങ്ങനെ എല്ലാ മുഖങ്ങളും എന്നെ തന്നെ നോക്കിയിരിക്കുമ്പോൾ ഞാൻ തൊണ്ട ശെരിയാക്കിയെന് ശേഷം പാടികൊടുത്തു. … ” ഞാൻ ഒന്ന് നോക്കി അവൻ എന്നെയും നോക്കി നാൽപതു പേര് ചുറ്റുമിരുന്നൊന്നിച്ചു നോക്കി” ഇത് കേട്ടതും എല്ലാം കൂടെ പടക്കം പൊട്ടിച്ച പോലെ ചിരിക്കാന്നു. ശ്ശെടാ ഈ ചളി ഒക്കെ കേട്ടിട്ട് ഇങ്ങനെ ചിരിക്കേണ്ട എന്തേലും കാര്യം ഉണ്ടോ. …..

എന്നായാലും ഞാനും ഈ ന്ന് ചിരിച്ചു കൊടുത്തു. ഇത് കഴിഞ്ഞു കഥാനായകന്റെ മുഖത്ത് നോക്കിയപ്പോൾ അങ്ങേരിപ്പോ എന്നെ പിടിച്ചു തിന്നും എന്ന മട്ടിൽ ഇരിക്കുന്നു. അവിടെ നോക്കി വെളുക്കനെ ഒരു ചിരി പാസ് ആക്കിയപ്പോൾ ആ ചുണ്ടിൽ ഒരു പുഞ്ചിരി മിന്നി മറഞ്ഞോ? അങ്ങനെ ഇരുന്നപ്പോൾ ഉണ്ട് എന്റെ തലക്കിട്ട് ഒരു കൊട്ട്, നോക്കിയപ്പോൾ നമ്മട പീക്കിരികൾ ആണ്. കർത്താവെ അപ്പോളാണ് എനിക്ക് അവമാരോട് ഞാൻ ക്യാന്റീനിന്റെ അടുത്ത് നിക്കാൻ പറഞ്ഞ കാര്യം ഓര്മ വന്നത്. എല്ലാം കൊഴഞ്ഞു. ഇന്നിവന്മാര് എന്നെ പഞ്ഞിക്കിടും….

വിനു: “എന്നാലും അലോഷി നീ ഇവിടെ കണ്ണിൽ കണ്ണിൽ നോക്കി ഇരിക്കാന്നുള്ള കാര്യം ഒരു വാക്ക് പറയണ്ടേ, ഞങ്ങൾ അവിടെ നിക്കാൻ തുടങ്ങിട്ടു നേരം കുറെ ആയി” ഓഹ് മൈ ഗോഡ്, ഇവമ്മാരും കണ്ടോ, തീർന്നു മോളെ തീർന്നു. ഇനി ഇതിന്റെ പേരിൽ ആയിരിക്കും എനിക്കിട്ട് പണിയുന്നത്… .. എന്തായാലും അവമ്മാരെ ഇനി അവിടെ നിർത്തുന്നത് അപകടം ആണെന്ന് മനസിലാക്കിയ ഞാൻ പതിയെ അവിടന്ന് എസ്‌കേപ്പ് ആയി, എന്നെ അവിടെ പിടിച്ചിരുത്താൻ കൊറേ എണ്ണം നന്നായി നോക്കി, എന്തിനാ എന്നോടുള്ള സ്നേഹം കൊണ്ടാകാൻ യാതൊരു ചാൻസും ഇല്ല, ഇന്ന് അവർക്കു കിട്ടിയ ഇര ഞാൻ ആണ്. അങ്ങനെ ഇപ്പൊ സുഖിക്കണ്ട. ബ്ലഡി ബഗേര്സ്. തിരിഞ്ഞു നോക്കാതെ പതിയെ അവിടന്ന് രക്ഷപെട്ടു. പീക്കിരികളോടൊപ്പം ഞാൻ ക്യാന്റീനിലേക്കു നടന്നു.

ജെസ്റ്റു: “അലോഷി, നീ ഡേവിഡ് മച്ചാനെ അങ്ങ് പ്രേമിച്ചോ, അങ്ങേര് നിനക്കു നല്ല മാച്ചാ” ശെടാ ഇവനിതൊക്കെ എന്തോ ഭവിച്ചോണ്ടാ… ” പോടാ പൊട്ടാ.. നിനക്ക് വേറെ പണി ഒന്നും ഇല്ലേ” ഞാൻ പറഞ്ഞു. സേവി: “അല്ല അവിടെ ഇരുന്നു നോക്കി വാറ്റുന്നതും, പാട്ടു പാടുന്നതും ഒക്കെ കണ്ടാർന്നല്ലോ, അതോണ്ട് പറഞ്ഞതാ” ജെസ്റ്റു :”നിങ്ങള് തമ്മിൽ നല്ല ജോഡി ആയിരിക്കും” നല്ല ജോഡി…….. ഇപ്പോഴും മറക്കാൻ ശ്രമിക്കുന്ന ഇനിയും ഉണങ്ങാത്ത ചില മുറിവുകളിൽ നിന്ന് വീണ്ടും രക്തം കിനിയുന്ന വേദന എനിക്കനുഭവപ്പെട്ടു. എന്റെ മുഖം വലിഞ്ഞു മുറുക്കിയത് വിനു കണ്ടു. ” എന്താ അലോഷി ” അവൻ ചോദിച്ചു. ഒന്നുമില്ല എന്ന് തലയാട്ടിയ ശേഷം ഞാൻ വേഗം മുന്നോട്ടു നടന്നു.

വിനു: “നിനക്കൊക്കെ എന്തിന്റെ കേടാഡാ ഒരു ചെറുക്കനോട് ആരേലും വേറെ ഒരു ചെറുക്കനെ പ്രേമിക്കാൻ പറയോ? അലോഷിക്ക് ഒരു പെണ്ണിന്റെ കണ്ടു പിടിക്കാടാ” അവൻ ഇത് പറഞ്ഞതും ബാക്കി ഉള്ളതെല്ലാം ചിരി തുടങ്ങി, കൂടെ ഞാനും. കാലം മായ്ക്കാത്ത മുറിവുകൾ ഇല്ലല്ലോ. ……………………………….. എന്തായാലും കുറെ നേരം എന്നെ കാത്തു നിക്കേണ്ടി വന്നതിന്റെ അരിശം ആ കൊരങ്ങമ്മാരു ക്യാന്റീനിൽ കേറി അങ്ങ് തീർത്തു, അടി ഇടി വേടി പുക ലൈൻ ആണ് ലവമ്മാര് ആഹാരം കണ്ടു കഴിഞ്ഞാൽ, പഴം പൊരി മൊത്തത്തോടെ എടുത്തു വയ്ക്കകത്തു കുത്തി കേറ്റി ശ്വാസം കിട്ടാതെ ആയിട്ട് പോലും തീറ്റ കുറയ്ക്കില്ല എന്ന് വച്ചാൽ………..

വേറെ ആരും അല്ല ഞാൻ തന്നെ. .. പീക്കിരികൾക്കു വാങ്ങി കൊടുത്തതെല്ലാം തിന്നു തീർത്തിട്ട് എൻ്റെ കൈയിൽ നിന്നുംകൂടെ എടുക്കാൻ വന്നാൽ പിന്നെ ഞാൻ എന്ത് ചെയ്യാനാ. അവസാനം ചുമച്ചു ചുമച്ചു ഒരു പരുവം ആയി. അവിട ക്യാന്റീനിൽ ഉണ്ടാർന്ന എല്ലാ തെണ്ടികളും വന്നു എന്റെ തലയിൽ ഫ്രീ ആയി കൊട്ടിയിട്ടു പോയി. പാവം ഞാൻ. ……… ക്യാന്റീനിൽ നിന്ന് പുറത്തിറങ്ങി പതിയെ ഞങ്ങൾ കോളേജിൽ ഒരു വലം വയ്ക്കാം എന്നോർത്ത് ചുറ്റി നടക്കുകയായിരുന്നു. പരസ്പരബന്ധം ഇല്ലാത്ത എന്തൊക്കെയോ പറഞ്ഞും ചിരിച്ചും നടക്കുന്നതിന്റെ ഇടയിൽ ആണ് ഞാൻ ആ കാഴ്ച കണ്ടത്. കോളേജിൽ ഒരു വശത്തു നിറയെ പലനിരത്തിൽ പൂക്കൾ ഉള്ള മരങ്ങൾ ഉണ്ട്. കൊന്നയുടെ ചില വകഭേദങ്ങൾ ആണ് അവ.

ടാറിട്ട നടപ്പാതയിൽ അവയുടെ പൂക്കൾ തീർത്ത മെത്തയുടെ മുകളിൽ കൂടി നടന്നു നീങ്ങുന്ന അദിതി. നേർത്ത ആകാശനിലയും വെള്ളയും കലർന്ന ചുരിദാർ ആയിരുന്നു അവളുടെ വേഷം. മരങ്ങളുടെ എതിർ വശത്തു ലേശം ഉയരത്തിൽ ചെറു കുന്നുകളുടെ രൂപത്തിൽ ഒരുക്കിയ ഐലൻഡ്കൾ ഉണ്ട്. അത്തരം ഒന്നിൽ ഇരുന്നു കൊണ്ട് അദിതിയുടെ നേരെ എന്തൊക്കെയോ വിളിച്ചുപറയുന്ന കഞ്ചാവ് കൂട്ടം. ബ്ലാക് ഹോർസ്സസ്. എന്നാൽ അവള് അതൊന്നും ശ്രദ്ധിക്കാതെ നടക്കുന്നു. പെട്ടെന്ന് അതിലൊരുത്തൻ എഴുന്നേറ്റ് ഒരു കമ്പെടുത്ത് അവൾക്കു നേരെ ആഞ്ഞെറിഞ്ഞു.

സാമാന്യം കനം ഉള്ള ആ കമ്പു പോകുന്നത് അവളുടെ തലയെ ലക്ഷ്യമാക്കി ആണ്. അത് തലയിൽ കൊണ്ടാൽ അവൾ. ..അദിതി. … ഒരു നിലവിളി ചീള് പോലെ എന്റെ തൊണ്ടയിൽ നിന്ന് പുറപ്പെട്ടു. ഞാൻ അവൾക്കു നേരെ ഓടി. എനിക്കും അവൾക്കുമിടയിലെ ദൂരം ഓടിത്തീർക്കുന്നതിനു മുന്നേ ആ കമ്പു അവളുടെ തൊട്ടരികിൽ എത്തി. അതവളുടെ തലയിൽ പ്രഹരമേൽപ്പിച്ചെന്നു കരുതി എന്നോടൊപ്പം ഓടിയെത്തിയ പീക്കിരി തലയിൽ കൈവച്ചു കുനിഞ്ഞു പോയി. എന്നാൽ സംഭവിച്ചത്.

ആ കമ്പു ഇപ്പോൾ കൊള്ളും എന്ന മട്ടിൽ അട്ടഹാസം മുഴക്കി നിന്ന അവമ്മാരെ ഞെട്ടിച്ചു കൊണ്ട് അദിതി നിന്നു. തിരിയാതെ തന്റെ കൈ നീട്ടി പാഞ്ഞു വന്ന ആ കമ്പു പിടിച്ചെടുത്തു, എന്നിട്ടു തിരിഞ്ഞു തന്റെ നേരെ എറിഞ്ഞവനെ നോക്കി പുഞ്ചിരിച്ചു. ആ കമ്പു അവൾ ഒന്നോ രണ്ടോ വട്ടം കറക്കി മുകളിലേക്ക് വലിച്ചെറിഞ്ഞു, അത് ഓർ സ്കാർഫ് ആയി രൂപം പ്രാപിച്ചു എന്നിട്ടു പതിയെ തറയിലേക്ക് വീണു. ഒരു ചെറു പുഞ്ചിരിയോടെ അദിതി തിരിഞ്ഞു പോകുമ്പോൾ ചുറ്റും ആ കാഴ്ച കണ്ടു നിന്നവർ കണ്ണ് തിരുമി കണ്ടത് സത്യമോ എന്ന് നോക്കി. തറയിൽ അത് വീണ്ടും കമ്പായി കിടക്കുന്നു.

എന്നാൽ അന്തരീക്ഷത്തിൽ അത് ഒരു കഷ്ണം തുണിയായി പറന്നത് എല്ലാവരും കണ്ടതാണ്. അദിതി നടന്നു കോളേജ് ഗേറ്റ് കഴിഞ്ഞു പോയിരുന്നു. കണ്ടവർ എല്ലാം അത്ഭുതപ്പെട്ടു… കണ്മുന്നിൽ ആ മായാജാലം. കയ്യടികൾക്കൊടുവിൽ ആരവങ്ങൾ ഒഴിഞ്ഞു നിന്ന കറുത്ത കുതിരകളെ നോക്കി കൂവലുയർന്നു. അവർ സ്തബ്ധരായി നിൽക്കെ എന്റെ ചുണ്ടിൽ അറിയാതെ ഒരു പുഞ്ചിരി വിടർന്നു. മാജിക്………… തുടരും

അദിതി : ഭാഗം 6

Share this story