ഗന്ധർവ്വയാമം: ഭാഗം 3

ഗന്ധർവ്വയാമം: ഭാഗം 3

എഴുത്തുകാരി: അഞ്ജലി അഞ്ജു

വാതിൽ തുറന്നപ്പോൾ പെട്ടെന്ന് ആമിയെ മുന്നിൽ കണ്ടപ്പോൾ ഒന്ന് ഞെട്ടിയെങ്കിലും അതൊക്കെ മറച്ചു പിടിച്ചു പുരികക്കൊടി പൊക്കി ചോദ്യ ഭാവത്തിൽ വസു നിന്നു. കള്ളി വെളിച്ചത്തായ ജാള്യതയിൽ കണ്ണുകളടച്ചു മെല്ലെ എണീക്കാൻ ശ്രമിച്ചപ്പോളാണ് കയ്യിലെ ലെയ്സ് പാക്കറ്റിനെ പറ്റി ചിന്തിച്ചത്. വേഗം അത് താഴെ ഇട്ടിട്ടു എടുത്തു. വസുവിനു നേരെ നിന്നു. മുഖത്തു അത്ഭുത ഭാവമൊക്കെ കുത്തി നിറച്ചു. “അയ്യോ.. ഇത് സാറിന്റെ ഫ്ലാറ്റ് ആയിരുന്നോ? ഞാൻ ദേ ഇവിടാ താമസിക്കുന്നത്. വാട്ട്‌ എ കോയിൻസിഡൻസ്!” അതിശയത്തോടെ അവൾ പറയുന്നത് അവൻ ഗൗരവത്തിൽ നോക്കി നിന്നു. “മ്മ്.

താനെന്താ ഈ സമയത്ത് ഇവിടെ?” “അത്.. ഞാൻ ലെയ്സ് വാങ്ങി വന്നപ്പോൾ പെട്ടെന്ന് സ്ലിപ് ആയി. അപ്പൊ ദേ ഇത് ഇവിടെ വീണു. അതെടുക്കുവായിരുന്നു.” “ഈ സമയത്ത് ലെയ്സ് എവിടുന്നാ?” “ഞാൻ സെക്യൂരിറ്റി ചേട്ടനെ കൊണ്ട് വാങ്ങിപ്പിച്ചതാ.” ആ ചോദ്യം പ്രതീക്ഷിച്ചിരുന്നത് കൊണ്ട് തന്നെ ഉത്തരത്തിന് പരതേണ്ടി വന്നില്ല. അവൻ അവളെ സംശയത്തോടെ നോക്കുന്നത് കണ്ടപ്പോളേ താൻ പറഞ്ഞത് അവന് വിശ്വാസമായിട്ടില്ലെന്ന് അവൾക്ക് മനസിലായി. “എന്നാൽ ഞാൻ പോട്ടെ??” നന്നായി ചിരിച്ചു കാട്ടിയിട്ട് അവൾ തിരിഞ്ഞു നടന്നു. ഹാവു രക്ഷപ്പെട്ടു! “താനവിടെ നിന്നെ.”

ഈശ്വരാ ഇനി എന്താണാവോ? അവൾ തിരിഞ്ഞു നോക്കി. “നെയിം എന്തായിരുന്നു?” “തപസ്യ.” “നോക്ക് തപസ്യ. തന്നെ ഇവിടെ കണ്ടത് നന്നായി. താൻ എനിക്കൊരു ഹെല്പ് ചെയ്യുവോ? അവൾ സംശയത്തോടെ അവനെ നോക്കി.” “വസു.. ഡിയർ… വാ നമുക്ക് കിടക്കാം..” അവനൊപ്പം കണ്ട പെൺകുട്ടി സോഫയിൽ ഇരുന്ന് പറയുന്നത് ഇരുവരും ശ്രദ്ധിച്ചു. അവളുടെ പെരുമാറ്റത്തിൽ നിന്ന് നന്നായി മദ്യപിച്ചിട്ടുണ്ടെന്ന് ആമിക്ക് മനസിലായി. “ഇത് ആകെ ശല്യമായല്ലോ.?” അവൻ പല്ലുകൾ കടിച്ച് പിടിച്ച് പറഞ്ഞു. “അതെന്റെ ഫ്രണ്ട് ആണ് നേഹ. ക്ലബ്ബിൽ പോയി വരുന്ന വഴിയാണ്. കണ്ടില്ലേ ഇന്നവൾ അൽപം ഓവറായി പോയി.

ഞങ്ങൾക്ക് ക്ലബ്ബിൽ വെച്ചു കണ്ടുള്ള പരിചയമേ ഉള്ളൂ. അത് കൊണ്ട് തന്നെ എനിക്ക് ഇവൾ എവിടാണ് താമസിക്കുന്നതെന്ന് അറിയില്ല. ഈ ഒരു അവസ്ഥയിൽ അവിടെ ഉപേക്ഷിച്ചു പോരാനും തോന്നിയില്ല. പക്ഷെ ഇപ്പോ… ഇവൾ ഇങ്ങനെ ശല്യം ആകുമെന്ന് ഓർത്തില്ല. ഈ ഒരു അവസ്ഥയിൽ ഞാൻ ഇവിടെ നിന്നാൽ ചിലപ്പോൾ ശെരിയാവില്ല.” അവൻ പറയുന്നത് ശ്രദ്ധയോടെ കേൾക്കുകയായിരുന്നു ആമി. അവൻ പറയുന്നതിൽ അവൾക്കും കാര്യം ഉണ്ടെന്ന് തോന്നി.

“അല്ല അതിനിപ്പോ ഞാൻ എന്ത് സഹായിക്കാനാ?” അവൾ സംശയത്തോടെ ചോദിച്ചു. “ഇന്നൊരു ദിവസത്തേക്ക് ഞാൻ തന്റെ ഫ്ലാറ്റിൽ കിടക്കട്ടെ?” “എന്ത്??” അവൾ കണ്ണൊക്കെ മിഴിച്ചു ചോദിച്ചു. “അതല്ല. ഈ അവസ്ഥയിൽ ഞങ്ങൾ ഒന്നിച്ചു നിന്നാൽ നാളെ ഞാൻ അതിന് സമാധാനം പറയേണ്ടി വരും. താൻ ഇവിടെ നിന്നിട്ട് തന്റെ റൂം എനിക്ക് തരുമെങ്കിൽ… രാത്രിയിൽ വേറെ റൂം അന്വേഷിച്ചു പോകണ്ടല്ലോ അതാ.” അവൻ പരുങ്ങലോടെ പറഞ്ഞു നിർത്തി. “ഓ അതാണോ? പക്ഷെ എന്റെ റൂമിൽ എങ്ങനാ..?” അവൾ തന്റെ താല്പര്യമില്ലായ്മ കാണിക്കാൻ എന്നവണ്ണം പറഞ്ഞു. “തനിക്ക് ഇഷ്ടമല്ലെങ്കിൽ ഓക്കേ.

വിട്ടു കളഞ്ഞേക്ക്. വേറെ വഴിയില്ലെങ്കിൽ ഇവിടെ തന്നെ കിടക്കാം.” അതും പറഞ്ഞ് അവൻ തിരികെ ഫ്ലാറ്റിലേക്ക് കയറാൻ ഒരുങ്ങി. “അതേ നിന്നെ. അല്ലെങ്കിൽ വേണ്ട ഞാൻ ഇവിടെ കിടന്നോളാം. ഞാൻ എന്റെ റൂം ഒന്ന് റെഡിയാക്കി ഇട്ടിട്ട് വരാം.” അതും പറഞ്ഞ് അവൾ അകത്തേക്ക് ഓടി. അലങ്കോലപ്പെട്ടു കിടന്ന റൂം പെട്ടെന്ന് വൃത്തിയാക്കി. അവിടിവിടെ ആയി കിടന്ന തുണികൾ പെറുക്കി ബാസ്കറ്റിൽ ഇട്ടു. മടക്കി വയ്ക്കാനുള്ളത് ചുരുട്ടി കൂട്ടി അലമാരയിൽ കയറ്റി ലോക്ക് ചെയ്തു. ഷീറ്റും എടുത്ത് വേഗം അവന്റെ ഫ്ലാറ്റിലേക്ക് പോയി. ലോക്ക് ചെയ്തിട്ടില്ലായിരുന്നു. അത് കൊണ്ട് അകത്തേക്ക് ചെന്നു.

അവൻ സോഫയിൽ തലയ്ക്കു കൈ കൊടുത്ത് കുനിഞ്ഞ് ഇരിക്കുന്നുണ്ടായിരുന്നു. അവനരികിലായി ആ പെൺകുട്ടിയും അവൾ എന്തൊക്കെയോ വാ തോരാതെ പറഞ്ഞ് കൊണ്ടിരുന്നു. “സാർ..” അവളുടെ ശബ്ദം കേട്ടതും അവൻ തല ഉയർത്തി നോക്കി. അവളെ കണ്ടപ്പോൾ അവനുണ്ടായ ആശ്വാസം ആ കണ്ണുകളിൽ നിന്നും അവൾ മനസിലാക്കി. “അങ്ങോട്ടേക്ക് പൊയ്ക്കോളൂ.” “താങ്ക്സ്..” നല്ലൊരു പുഞ്ചിരി സമ്മാനിച്ച് അവൻ പുറത്തേക്ക് പോയി. “വസു.. നീ എവിടെ പോകുവാ..” നേഹ അതും പറഞ്ഞ് സോഫയിലേക്ക് വീണ്ടും ചാഞ്ഞു. പിന്നിൽ നിന്നും ആ കുട്ടി ചോദിച്ചത് വക വയ്ക്കാതെ അവൻ പുറത്തേക്ക് പോയി.

“അവളുടെ ഒരു വസു !” മുഖം കോട്ടി കൊണ്ട് അവളെ നോക്കി പറഞ്ഞിട്ട് ആമി ചുറ്റും നോക്കി. നല്ല വൃത്തിയുള്ള ഹാൾ ആയിരുന്നു അത്. ഓ ഇന്ന് താമസം മാറി വന്നതല്ലേ ഉള്ളൂ അതിന്റെ വൃത്തി ആവും.പുച്ഛത്തോടെ മാനസിൽ വിചാരിച്ചു അവൾ അവന്റെ റൂമിലേക്ക് പോയി. കർട്ടൻ തൊട്ട് ബെഡ്ഷീറ്റ് വരെ അവൾക്ക് ഇഷ്ടമുള്ള തരത്തിൽ ഉള്ളതായിരുന്നു. മേശയ്ക്ക് മുകളിൽ മറ്റു പല സാധനങ്ങൾ ഇരുന്നെങ്കിലും അവൾ സ്വയം നിയന്ത്രിച്ച് ബെഡിൽ കിടന്നു. മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് ആവശ്യമില്ലാതെ ഒളിഞ്ഞു നോക്കുന്നത് നല്ലതല്ല ആമി !! അവൾ സ്വയം കടിഞ്ഞാണിട്ട് കൊണ്ടിരുന്നു.

“അല്ല അയാൾ ഇവിടെ കിടക്കാമെന്ന് പറഞ്ഞപ്പോൾ ഞാനെന്തിനാ പെട്ടെന്ന് വെപ്രാളപ്പെട്ട് ഇങ്ങോട്ട് വന്നത്? അപ്പോളാണ് അവൾ അതിനെ പറ്റി ചിന്തിച്ചത്. അയാൾ ആരുടെ കൂടെ നടന്നാലും എനിക്കെന്താ..? ഇനി വല്ല പ്രേമവും?” അവൾ ഞെട്ടി എണീറ്റ് ബെഡിൽ ചമ്രം പടഞ്ഞ് ഇരുന്നു. “ഹേയ് അതൊന്നുമല്ല. ഒന്നാമതെ അങ്ങേരുടെ വണ്ടി ഞാൻ നശിപ്പിച്ചു. അപ്പോ അതിനു പകരമായി ഒരു സഹായം അങ്ങോട്ടും ചെയ്ത് കൊടുക്കണമല്ലോ. മാത്രവുമല്ല ടീം ലീഡറെ സോപ്പിട്ട് നിർത്തിയാൽ ഗുണമുണ്ടാവും.” മനസ്സിൽ ഓരോന്നും ആലോചിച്ചു ചിരിച്ചു കൊണ്ട് അവൾ വീണ്ടും ബെഡിൽ കിടന്നു. വീണ്ടും നാസികയിലേക്ക് ആ ഗന്ധം ഇരച്ചു കയറിയപ്പോളാണ് കണ്ണ് തുറന്നത്.

റൂം മുഴുവൻ മഞ്ഞു പോലെ.. അതിനിടയിലായി തിരിഞ്ഞു നിൽക്കുന്ന പുരുഷ രൂപം. മുഖം കാണാതെ തന്നെ അതാരാണെന്ന് അവൾക്ക് അറിയാമായിരുന്നു. ആ ശരീരത്തിന്റെ ചൂട് ഇപ്പോളും തനിക്ക് അനുഭവപ്പെടുന്നു… “ഡോ.. ഡോ..” നിർത്താതെയുള്ള വസുവിന്റെ ശബ്ദം കേട്ടാണ് അവൾ കണ്ണ് തുറന്നത്. ചുറ്റും നോക്കുമ്പോൾ താൻ ബെഡിൽ ഇരിക്കുവാണെന്ന് അവൾക്ക് മനസിലായി. മുന്നിൽ നിൽക്കുന്ന വസുവിനെ കണ്ടതും ചാടി പിടഞ്ഞവൾ എഴുന്നേറ്റു. “താനെന്താ ഇരുന്ന് ഉറങ്ങുവാണോ?” “ദൈവമേ ഞാൻ ഇരുന്നു കൊണ്ട് സ്വപ്നം കാണുവായിരുന്നോ?” “അല്ല സാറെങ്ങനെ ഉള്ളിൽ വന്നു?” “നേഹ രാവിലേ പോയിരുന്നു. ഇറങ്ങാൻ നേരം എന്നെ വിളിച്ചിരുന്നു.

അപ്പോളാണ് ഞാൻ ഇങ്ങോട്ടേക്കു വന്നത്. താൻ ഉറങ്ങുന്നത് കൊണ്ട് ഞാൻ കിച്ചണിലെ ജോലി തീർത്തു. സമയം കുറെ ആയി അതാ ഞാൻ ഇങ്ങോട്ട് വന്നു വിളിച്ചത്.” നേരത്തേ എണീക്കാത്തതിൽ ആമിക്ക് ജാള്യത തോന്നി. ജാള്യത മറയ്ക്കാൻ എന്ന വണ്ണം വസുവിനെ നോക്കി ഇളിച്ചു കാണിച്ച് ആമി പുറത്തേക്ക് ഇറങ്ങി. വേഗം പോയി റെഡി ആയി. ഓഫീസിലേക്ക് പോകാൻ ഇറങ്ങുമ്പോൾ വസുവിന്റെ ഫ്ലാറ്റിലേക്ക് കണ്ണുകൾ പോയെങ്കിലും ആരെയും കണ്ടില്ല. പാർക്കിങ്ങിൽ അവന്റെ വണ്ടി കാണാതായപ്പോൾ അവൻ പോയിട്ടുണ്ടാവുമെന്ന് അവൾ ഊഹിച്ചു.

പതിവിലുമധികം ജോലിത്തിരക്ക് ഉണ്ടായിരുന്നതിനാൽ കഴിഞ്ഞ ദിവസത്തെ സംഭവ വികാസങ്ങൾ അഭിയോട് പറയാൻ കഴിഞ്ഞിരുന്നില്ല. ഇടയ്ക്ക് എപ്പോളോ വസു അവരെ കടന്നു പോയപ്പോൾ പരിചയം പുതുക്കാൻ ആമി വെളുക്കെ ചിരിച്ചെങ്കിലും അവൻ മൈൻഡ് ചെയ്തില്ല. ഉച്ചയ്ക്ക് കഴിക്കാനായി പോയപ്പോൾ തലേ ദിവസത്തെ കാര്യങ്ങൾ അഭിയോടും പറഞ്ഞു. “ഏഹ് സാർ നിന്റെ അടുത്താണോ താമസിക്കുന്നെ? എങ്കിൽ ഇടക്ക് ഇനി ഞാനും അവിടെ വന്നു നിൽക്കാം.” “ഓ എന്നിട്ട് എന്തിനാ? അയാൾ ഒടുക്കത്തെ ജാഡയാ. എന്റെ ഊഹം ശെരിയാണെങ്കിൽ നല്ല അസ്സൽ കൊഴിയും.”

“ദേ ആമി വെറുതെ എല്ലാരേയും കുറ്റം പറയുന്ന ഈ ശീലം നല്ലതല്ല കേട്ടോ.” “ഇപ്പോ ഞാൻ കുറ്റം പറയുന്നതാണോ പ്രശ്നം. അയാൾ കോഴി അല്ലെങ്കിൽ ക്ലബ്ബിലെ പെണ്ണുങ്ങളെ എന്തിനാ വീട്ടിൽ വരെ കൊണ്ട് വരുന്നത്?” “അതിന്റെ കാരണം പറഞ്ഞല്ലോ. അവരെ ആ അവസ്ഥയിൽ..” “എടി പൊട്ടി അവിടെ എത്രയോ പേര് ഉണ്ടാവും. ഇയാളുടെ കൂടെ അവൾ വരാൻ ഇയാളെന്താ കാമദേവനോ? അത് മാത്രമല്ല എന്നെ കണ്ടത് കൊണ്ടാവും അയാൾ വിശുദ്ധനെ പോലെ അഭിനയിച്ചത്. എനിക്ക് നല്ല സംശയം ഉണ്ട്.” “എന്റെ പൊന്ന് ആമി നീ പണ്ടേ സംശയരോഗിയാ.. എനിക്ക് അറിയാം.” “ഞാൻ ഒന്നും പറയുന്നില്ല.

അല്ലെങ്കിലും നിനക്ക് ഇപ്പോ എന്നോടുള്ള സ്നേഹം കുറഞ്ഞു. എനിക്ക് മനസ്സിലാവുന്നുണ്ട് കേട്ടോ.” അതും പറഞ്ഞ് ആമി തന്റെ ഇരിപ്പടത്തിലേക്ക് പോകുന്നത് ചിരിയോടെ അഭി നോക്കി ഇരുന്നു. അഭിയോട് ദേഷ്യപ്പെട്ട് സീറ്റിൽ വന്നിരുന്നപ്പോളാണ് എന്നെയും നവിയെയും അരുണിനെയും വസു സാർ ഉള്ളിലേക്ക് വിളിപ്പിച്ചത്. എന്നെ മൈൻഡ് ചെയ്യാതിരുന്നത് കൊണ്ട് ഞാനും അൽപം ഷോ ഇട്ടു നിൽക്കാമെന്ന് മനസ്സിൽ തീരുമാനിച്ചിട്ടാണ് ഉള്ളിലേക്ക് പോയത്. ഞങ്ങൾ മൂന്നു പേരും അകത്ത് കയറി ഇരുന്ന് കഴിഞ്ഞാണ് സാർ ഉള്ളിലേക്കു വന്നത്. സാർ അരികിലേക്ക് വരും തോറും ചെമ്പകത്തിന്റെ ഗന്ധം അവിടമാകെ വീണ്ടും പരന്നു.

മത്തു പിടിപ്പിക്കുന്ന ആ ഗന്ധത്തിന് വല്ലാത്ത വശ്യത ഉണ്ടായിരുന്നു. ആവേശത്തോടെ വീണ്ടും വീണ്ടും ഉള്ളിലേക്ക് ആവാഹിക്കാൻ തോന്നും വിധത്തിൽ അത് ആകർഷിച്ചു കൊണ്ടിരുന്നു. അപ്പോളാണ് വാസു സാറിനെ ശ്രദ്ധിച്ചത്. ആ കണ്ണുകൾ എന്നിൽ തറഞ്ഞു നിൽക്കുന്നു. എന്തൊക്കെയോ എന്നോട് അദ്ദേഹം സംസാരിക്കുന്നുണ്ട്. വാക്കുകൾ ചെവിയിൽ പതിക്കുന്നില്ലെങ്കിലും ആ കണ്ണുകൾ പറയുന്നത് മനസിലാവുന്നത് പോലെ. ചിരിക്കുമ്പോൾ വിരിയുന്ന നുണക്കുഴിയും ഇടം പല്ലുകളും… “ഈശ്വരാ ഇങ്ങേർക്ക് ഇത്രയും ഭംഗി ഉണ്ടായിരുന്നോ?”

നവി തട്ടി വിളിച്ചപ്പോളാണ് സ്വബോധത്തിലേക്ക് വന്നത്. “നീ എന്തിനാ വെറുതെ ഇരുന്ന് ചിരിക്കുന്നത്?” അടക്കി പിടിച്ച അവന്റെ ചോദ്യം കേട്ടപ്പോളാണ് താൻ ഇപ്പോളും ചിരിച്ചു കൊണ്ടിരിക്കുവാണെന്ന് അവൾക്ക് മനസിലായത്. മുഖത്തെ ചിരി മറച്ച് സീരിയസ് ആയി വസുവിനെ നോക്കുമ്പോൾ അവൻ ഗൗരവത്തിൽ എന്തൊക്കെയോ വർക്കിന്റെ കാര്യങ്ങൾ പറഞ്ഞു കൊണ്ടിരിക്കുവാണ്. ദൈവമേ എനിക്ക് ഇത് എന്തൊക്കെയാ സംഭവിക്കുന്നത്? ഉണർന്നിരിക്കുമ്പോളും സ്വപ്നം കാണാൻ തുടങ്ങിയോ?

എപ്പോളും ഒരാളെ തന്നെ? അത് സാർ ആയിരുന്നോ? ഹേയ് ആ കണ്ട മനുഷ്യനും ഇപ്പോൾ മുന്നിൽ നിൽക്കുന്ന ആളും തമ്മിൽ നിറയെ വത്യാസങ്ങൾ ഉണ്ട്. പക്ഷെ ഈ കണ്ണുകൾ.. നൂറായിരം ചോദ്യങ്ങളും അതിനൊത്ത ഉത്തരങ്ങളും അവളുടെ മനസ്സിൽ നുരഞ്ഞു പൊങ്ങി കൊണ്ടിരുന്നു. “അപ്പോ എല്ലാവർക്കും ഓൾ ദി ബെസ്റ്റ്. നിങ്ങൾക്ക് പോകാം.” വസുവിന്റെ വാക്കുകൾ കേട്ടതും തിടുക്കത്തിൽ പോകാനായി ആമി എഴുന്നേറ്റു. “തപസ്യ.. വൺ മിനിറ്റ്.” അവനത് പറഞ്ഞതും അരുണും നവിയും അവളെ ഒന്ന് നോക്കിയിട്ട് പുറത്തേക്ക് പോയി. കാരണം എന്താണെന്ന് മനസിലാവാതെ അവൾ വസുവിനെ സംശയത്തോടെ നോക്കി. “താനെന്തിനാ ഞാൻ നിങ്ങൾക്ക് എക്സ്പ്ലെയിൻ ചെയ്ത് തന്നപ്പോൾ എന്നെ നോക്കി ആക്കി ചിരിച്ചത്?”

“ആക്കി ചിരിച്ചെന്നോ? ഞാനോ?” “നോക്ക് ഓഫീസിനു വെളിയിലുള്ള കാര്യങ്ങൾ അവിടെ തീർന്നു. ഇന്നലെ നടന്ന കാര്യം വെച്ചു എന്നെ മുതലെടുക്കാമെന്നൊന്നും താൻ കരുതണ്ട.” “എനിക്ക് ആരെയും മുതലെടുക്കേണ്ട കാര്യമൊന്നും ഇല്ല. ഞാൻ ആരെയും നോക്കി ചിരിച്ചിട്ടുമില്ല.” അൽപം കനപ്പിച്ചു അത്രയും പറഞ്ഞൊപ്പിച്ചു അവൾ വേഗം പുറത്തേക്ക് ഇറങ്ങി. എന്തെങ്കിലും പറഞ്ഞ് അവിടുന്ന് രക്ഷപ്പെടുകയല്ലാതെ മറ്റു വഴികളൊന്നും ഇല്ലായിരുന്നു. ഇടക്ക് തിരിഞ്ഞു നോക്കുമ്പോൾ അവൻ പന്തം കണ്ട പെരുച്ചാഴിയെ പോലെ നോക്കി നിൽക്കുന്നതാണ് കണ്ടത്….തുടരും…

ഗന്ധർവ്വയാമം: ഭാഗം 2

Share this story