ഒരു ചെമ്പകപ്പൂവിന്റെ ഓർമ്മയ്ക്ക്: ഭാഗം 11

Share with your friends

എഴുത്തുകാരി: ദിവ്യ കഷ്യപ്പ്

“ഗൗരി… ” ആർദ്രമായിരുന്നു നവിയുടെ വിളി… “ങ്‌ഹേ… “ഗൗരി ഞെട്ടി തിരിഞ്ഞു “എ… എന്താ ഡോക്ടറെ… ” “കുറച്ചു സംസാരിക്കണമായിരുന്നു എനിക്ക്… ഒന്ന് കേൾക്കുവോ… ” “പ്രേമമോ മണ്ണാങ്കട്ടയോ വല്ലതുമാണെങ്കിൽ കേൾക്കണ്ട “അറുത്തു മുറിച്ചായിരുന്നു ഗൗരിയുടെ മറുപടി… നവി ഒന്ന് പരവേശപ്പെട്ടു… പെട്ടെന്ന് തന്നെ അത് മറച്ചു വെച്ച് പറഞ്ഞു.. “എന്താടോ താനിങ്ങനെ… ഞാൻ തന്റെ അമ്മയുടെ കാര്യം സംസാരിക്കാൻ വേണ്ടിയാരുന്നു.. ” “ഓഹ്… ഞാൻ വരാം ഡോക്ടർ പൊയ്ക്കോ… ” “ഓക്കേ.. “നവി എഴുത്തു പുരയുടെ മുൻവശത്തേക്ക് പോയി..

തുണി വിരിച്ചിട്ടതിനു ശേഷം ഗൗരി നനഞ്ഞ കൈ പാവാടയിൽ തൂത്തു കൊണ്ട് ബക്കറ്റുമെടുത്ത് മുൻവശത്തേക്ക് ചെന്നു… നവി അരഭിത്തിയിൽ ഇരിപ്പുണ്ടായിരുന്നു.. അവിടുത്തെ തൂണിൽ ചാരി ഗൗരി നിന്നു.. അപ്പുറത്തെ തിണ്ണയിൽ മുത്തശ്ശി ഇരിപ്പുണ്ടായിരുന്നു… നാമം ജപിച്ചതിനു ശേഷവും എന്തെങ്കിലും ഒക്കെ കൂടി ചൊല്ലി കൊണ്ട് തിണ്ണയിൽ ഇരിക്കുന്നത് മുത്തശ്ശിയുടെ പതിവാണ്… “എന്നോട് ചിലതൊക്കെ രാധികേച്ചി പറഞ്ഞായിരുന്നു… അങ്ങനെ പെട്ടെന്ന് നിർത്താൻ പറ്റുവോ മരുന്ന്…

“ഗൗരി ആശങ്കയോടെ നവിയെ നോക്കി.. നവി തലതിരിച്ച് ഗൗരിയെ നോക്കി… “ആ മരുന്നൊക്കെ തളർത്തി കിടത്തുകയെ ഉള്ളു ഗൗരി.. അമ്മയുടേത് തളർന്നു പോയൊരു മനസാണ്.. അതിനിത്തിരി ബലമാണ് വേണ്ടത്… ഞാൻ ഇന്നലെയും അമ്മയോട് സംസാരിച്ചിരുന്നു.. ഞാൻ മനസിലാക്കിയിടത്തോളം ദേവന്റെ വേർപാടി നെക്കാളും ഉപരി അമ്മയെ തളർത്തുന്നത് തന്റെ സങ്കടമാ.. താനിങ്ങനെ ചിരിക്കാതെയും പറയാതെയും ഗൗരവക്കാരിയായി നടക്കുന്നത്.. താൻ ഒറ്റപ്പെട്ടു പോയി എന്നോർത്തുള്ള സങ്കടമാ അമ്മയ്ക്ക്…

തനിക്കെ അമ്മയെ തിരിച്ചു കൊണ്ട് വരാൻ പറ്റൂ.. അമ്മയോട് സന്തോഷത്തോടെ തനിക്ക് ദുഖമൊന്നുമില്ല എന്ന മട്ടിൽ ഒക്കെ പെരുമാറുക… പഴയ ഗൗരി ആകുക… അമ്മക്ക് മരുന്ന് കഴിക്കുന്നുണ്ട് എന്ന് മനസിലാക്കാനായി മാത്രം കുറച്ചു ഗുളികകൾ കൊടുത്താൽ മതിയാവും.. മനസിന്റെ ഒരു തൃപ്തിക്ക്… അത്.. ഞാൻ കുറച്ചു വൈറ്റമിൻ ടാബ്‌ലറ്റ്സ് തരാം… അത് കൊടുത്താൽ മതി… “നവി പറഞ്ഞു.. .. “മ്മ്… “എന്തോ ആലോചിച്ചു ഗൗരി മൂളി.. “താൻ വിഷമിക്കണ്ടെടോ..

ഞാനും ഉണ്ടല്ലോ ഇവിടെ… നമുക്ക് ശരിയാക്കാം… പറ്റുമെങ്കിൽ ഒരു കല്യാണമൊക്കെ കഴിച്ചു കുടുംബമൊക്കെ ആവുകയാണെങ്കിൽ എല്ലാവർക്കും സന്തോഷം… “നവി ഒളികണ്ണിട്ട് ഗൗരിയെ ഒന്ന് നോക്കി.. “ആഹ്… ബെസ്റ്റ്… ഞാൻ കല്യാണം കഴിക്കാൻ റെഡി ആണെന്ന് പറയുമ്പോൾ കെട്ടാൻ വരാൻ പോകുവല്ലേ ചെക്കന്മാര് ക്യൂ ആയിട്ട്.. ” “ഞാൻ കെട്ടിക്കോളാം… “നവി പതിയെയാണ് അത് പറഞ്ഞത്…. “എന്താ… “ഗൗരി പുരികമുയർത്തി… “ഒ… ഒന്നുമില്ല… എന്തോ തൊണ്ടയിൽ തടഞ്ഞു… “നവി കണ്ഠം ശരിയാക്കി.. “ങാ… ഇനിയിപ്പോ കെട്ടണമെങ്കിലോ… ‌ഉപ്പ് തൊട്ട് കർപ്പൂരം വരെ ഞാൻ തന്നെ ഉണ്ടാക്കണം…

പൊന്ന്, പണം കല്യാണ ചെലവ് എല്ലാം ഞാൻ തന്നെ കരുതണം.. അതിലും നല്ലത് ഉള്ള പ്രാരാബ്ദവുമായി മുന്നോട്ട് പോകുന്നതല്ലേ… ” “ഒന്നും വേണ്ടാന്ന് പറഞ്ഞു ആരെങ്കിലും വന്നാലോ.. ഈ ആളെ മാത്രം മതീന്നും പറഞ്ഞു… “നവി ചെറു ചിരിയോടെ ചോദിച്ചു… “അതും നടക്കില്ലല്ലോ… ഒരു അമ്മയും മുത്തശ്ശിയും ഫ്രീ അല്ലേ… അതുങ്ങളെ ഇട്ടിട്ട് പോകാൻ പറ്റില്ലല്ലോ… ” നവി ഒന്നും മിണ്ടിയില്ല… അവൾ ചിരിയോടെ പറഞ്ഞതാണ് അതെങ്കിലും ഉള്ളിലെവിടൊക്കെയോ ആ ഹൃദയം വേദനിക്കുന്നത് പോലെ അവന് തോന്നി…

നവി അവളെ തന്നെ നോക്കി നിന്നു.. ഏതോ ഓർമ്മകളിൽ നിന്നും മുക്തയായി അവനിലേക്ക് നോക്കിയ അവളുടെ മിഴികൾ അവന്റേതുമായി കോർത്തു… അത്രമേൽ വെളിച്ചം ഇല്ലാതിരുന്നിട്ടും നവിയുടെ കണ്ണിന്റെ തിളക്കം ഗൗരിയെ അലോസരപ്പെടുത്തി…നവിയും കാണുകയായിരുന്നു ആ കണ്ണിലെ പിടപ്പും വിറയലും… അവനിൽ നിന്നും മിഴികൾ പറിച്ചെടുത്ത് ഒരല്പം ധൃതിയിൽ അവൾ പോകാൻ തുനിയവേ.. പെട്ടെന്ന് കറന്റ്റ് പോയി… അവൾ നടക്കാനാഞ്ഞതും കയ്യിൽ നവിയുടെ പിടുത്തം വീണു… വിറച്ചു പോയി ഗൗരി…. “എ.. എന്താ ഡോക്ടറേ.. പിടി വിട്ടേ…

ഞാൻ ഒച്ച വെയ്ക്കും… “അവൾ തളർച്ചയോടെ പറഞ്ഞു… “നീ ഒച്ച വെയ്ക്കില്ല… അത് കുറച്ചു മുൻപേ നിന്റെ കണ്ണുകൾ എന്നോട് പറഞ്ഞു…നിനക്ക് ഒച്ച വെയ്ക്കാൻ കഴിയില്ലെന്ന്… “നവി അവളെ ഇടുപ്പിൽ ചുറ്റി തന്നോട് ചേർത്ത് നിർത്തി… ഒരു കൈ കൊണ്ട് അവളെ ചുറ്റി പിടിച്ചു നെഞ്ചോടു ചേർത്ത് നിർത്തി മറു കൈവിരലുകൾ കൊണ്ട് അവളുടെ കവിളിൽ ഓടിച്ചു അവൻ… “എനിക്കിപ്പോ മനസിലായല്ലോ എന്താ ഈ ആൾ പൊട്ട് തൊടാത്തെ എന്ന്… എന്താ കണ്ണെഴുതാത്തെ എന്ന്…

എന്താ നിറമുള്ള സാരിയുടുക്കാത്തെ എന്ന്… ” ഗൗരി മെല്ലെ കണ്ണുകൾ അടച്ചു… “ഗൗരിയെ കുറിച് ഓർമയുണ്ടായിരുന്നെങ്കിൽ അയാൾ ആത്മഹത്യ ചെയ്യില്ലായിരുന്നു.. ഗൗരിയെ ഇഷ്ടമായിരുന്നെങ്കിൽ അയാൾ നിന്നെ തനിച്ചാക്കി ഓടി ഒളിക്കില്ലായിരുന്നു… എല്ലാം നിന്റെ തലയിൽ വെച്ച് കടന്ന് കളയില്ലായിരുന്നു… ആ ആൾക്ക് വേണ്ടിയാണോ നീ സങ്കടപ്പെടുന്നത്… നിന്നെ ഇഷ്ടമില്ലാതിരുന്ന ആ ആൾക്ക് വേണ്ടിയാണോ നീ ഇങ്ങനെ നിന്നെ തന്നെ മറന്നു നീറി ജീവിക്കുന്നത്…നിന്നെ ഇഷ്ടമുള്ള വേറെയൊരാളുണ്ട്…

അയാളുടെ ഇഷ്ടം നീ കണ്ടില്ലെന്നു നടിക്കരുത്… “നവിയുടെ ആർദ്രമായ ശബ്ദം അവളുടെ ചെവിയോരം ചേർന്നിരുന്നു… “മ… മാറ്.. എനിക്ക് പോകണം… “ഗൗരി തന്റെ ഇടുപ്പിൽ ചുറ്റിയിരുന്ന അവന്റെ കൈകൾ വിടുവിക്കാൻ ഒരു പാഴ്ശ്രമം നടത്തി… “വിടാം… പക്ഷെ എനിക്കറിയണം.. നീ തന്നെ പറഞ്ഞു കേൾക്കണം… നിന്റെ നാവിൽ നിന്നു തന്നെ അറിയണം എനിക്ക്… എന്റേതാകും നീയെന്ന്… ” ഗൗരി അവനെ കണ്ണ് മിഴിച്ചു നോക്കി… “നോക്കണ്ട… മുത്തശ്ശിയേം അമ്മയേം ഫ്രീ ആയിട്ടല്ല.. പൊന്നിൻവില അങ്ങോട്ട് തന്നു എടുത്തോളാം ഞാൻ…

കൂട്ടത്തിൽ ഈ കാന്താരിയെയും… ” നവി അവളുടെ മേലുള്ള പിടുത്തം വിട്ടു.. ആ മുഖം കൈക്കുമ്പിളിൽ എടുത്തു.. “അപ്പൊ എല്ലാം പറഞ്ഞ പോലെ… “അവൻ തന്റെ നെറ്റി അവളുടെ നെറ്റിമേൽ മൃദുവായി മുട്ടിച്ചു… ഗൗരി തറഞ്ഞു നിന്നു പോയി അവിടെ… അപ്പോഴേക്കും കറന്റും വന്നു… “എന്തേ പോകുന്നില്ലേ… പോവാൻ തോന്നുന്നില്ലേ നവിയേട്ടനെ വിട്ടിട്ട്… “നവി കുസൃതി ചിരിയോടെ ചോദിച്ചു.. “ങ്‌ഹേ.. “ഗൗരിക്ക് അപ്പോഴാണ് സ്ഥലകാല ബോധം ഉണ്ടായത്…

അവൾ പെട്ടെന്ന് അവിടെ നിന്നും നടന്നു നീങ്ങി… “യീ ഹാ.. “നവി സന്തോഷത്തോടെ മുഷ്ടി ചുരുട്ടി തൂണിന്മേൽ ഇടിച്ചു… “ഓഹ്… “നവിയുടെ മുഖം ചുളിഞ്ഞു പോയി… കൈ നന്നായി വേദനിച്ചവൻ ഊതി തിരുമ്മി കൊണ്ട് അരഭിത്തിയിലേക്കിരുന്നു.. ചിരിയോടെയവൻ അച്ഛമ്മയെ ഓർത്തു… ……………………………🌷🌷🌷 അന്നും ലഞ്ച് കഴിക്കാൻ നേരം പൊതിചോറുമായി നിരഞ്ജന വന്നു… നവിക്ക് വല്ലാതെ ആരോചകമായി തോന്നി അത്… ഇതിങ്ങനെ പോയാൽ ഇവൾ തന്റെ തലയിൽ ആകുമെന്ന് അവൻ ഊഹിച്ചു…

നിരഞ്ജന തൃശൂരിലെ വീട്ടിൽ നിന്നും വന്നതായിരുന്നു… സ്പെഷ്യൽ ഐറ്റംസ് ഒക്കെയുണ്ടെന്നും പറഞ്ഞു അവൾ അവനെ കൊണ്ട് ചോറ് തീറ്റിച്ചു… അവളുടെ ചിരിയിലും നോട്ടത്തിലുമൊക്കെയുള്ള ചില വ്യത്യാസങ്ങൾ മനസിലാക്കി ഒരു വിധത്തിൽ തൊണ്ടയിൽ നിന്നിറങ്ങാത്ത ഭക്ഷണത്തെ കുത്തിയിറക്കി നവി എഴുന്നേറ്റു…. നവിയുടെ പോക്ക് നോക്കിയിരുന്ന നിരഞ്ജനയുടെ കണ്ണിൽ പ്രണയത്തിൻ നക്ഷത്രങ്ങൾ പൂത്തു…..പിന്നെയത് ഒരു ചിരി തിളക്കമായി ചുണ്ടിലേക്കെത്തി….. ❣️

നെടുമ്പാശേരിയിലാണ് പ്രിയംവദ വന്നിറങ്ങിയത്… ചന്ദ്രശേഖറും പിന്നെ പ്രിയംവദയുടെ അച്ഛനും നവിയുടെ അപ്പൂപ്പനുമായ മോഹൻദാസ് പാലാഴിയും അവരെ കൊണ്ടുവരാൻ ചെന്നിട്ടുണ്ടായിരുന്നു… അമ്മായിഅച്ഛനും മരുമകനും തമ്മിൽ നല്ല പൊരുത്തമാണ്… ചന്ദ്രശേഖറിനെ മോഹൻദാസിനു വലിയ കാര്യമാണ്… മകളുടെ പല കൊള്ളരുതായ്മകളും ഉൾക്കൊള്ളാൻ കഴിയാത്ത ആളാണ്‌ മോഹൻദാസ്… അതുകൊണ്ട് തന്നെയാണ് ഭാരിച്ച സ്വത്തു വകകൾ മുഴുവൻ ഒറ്റമകളായ പ്രിയംവദയുടെ പേരിൽ എഴുതാതെ മരുമകനായ ചന്ദ്രശേഖറിന്റെയും നവിയുടെയും പേരിൽ അയാൾ എഴുതി വെച്ചത്…

അല്ലെങ്കിൽ കാൽ ചുവട്ടിൽ നിന്നും മണ്ണോലിച്ചു പോകുന്നത് ചിലപ്പോൾ അറിയില്ല എന്നയാൾക്ക് അറിയാമായിരുന്നു… ഭാര്യയെ കണ്ടു ചന്ദ്രശേഖർ അടുത്തേക്ക് ചെന്നു… കണ്ണ് നിറഞ്ഞു നിൽക്കുന്ന അവരെ കണ്ടു അയാൾ അമ്പരന്നു… “വരൂ…” അവരുടെ ബാഗ് കയ്യിൽ വാങ്ങി അയാൾ അവരെ കാറിനടുത്തേക്ക് ക്ഷണിച്ചു… “നീ വീട്ടിലോട്ടാണോ… അതോ ചന്ദ്രന്റെ അടുത്തേക്കോ… “?? മോഹൻദാസ് തിരക്കി “ഞാൻ ചന്ദ്രേട്ടന്റെ അടുത്തേക്കാ.. അച്ഛൻ പൊയ്ക്കോ… ” പ്രിയംവദയുടെ മറുപടി കേട്ട് എന്തോ പുതിയ അടവുമായുള്ള വരവാണിതെന്ന് ചന്ദ്രശേഖറിന് തോന്നി..🌷🌷🌷

“ഗൗരി… എനിക്ക് ഉച്ചക്കുള്ള പൊതിച്ചോറ് തന്നു വിടുവോ… എന്തായാലും തനിക്കായി കൊണ്ടുപോകണമല്ലോ… അപ്പൊ എനിക്കും കൂടി… “രാവിലെ തിരക്കിട്ട പണികൾക്കിടയിലാണ് അടുക്കള പടിയിൽ നവിയുടെ ശബ്ദം ഗൗരി കേട്ടത്… മൂന്ന് ദിവസമായി അവന്റെ കൺ വെട്ടത്ത് പെടാതെ നടക്കുകയായിരുന്നു അവൾ… മുത്തശ്ശി ഇരുന്നു കറിക്ക് അരിയുന്നുണ്ട്.. അവർ ചോദ്യ ഭാവത്തിൽ ഗൗരിയെ നോക്കി.. “പൊതിച്ചോറൊക്കെ തരാം…

മാസം മുന്നൂറ്റന്പത് ഉറുപ്യ കൂടുതൽ തരേണ്ടി വരും… ” മുഖത്ത് നോക്കാതെയുള്ള അവളുടെ തിരിഞ്ഞു നിന്നുള്ള മറുപടി കേട്ടു നവി അവിടെ കിളി പോയി നിന്നു…. ഒരു നിമിഷം വേണ്ടെന്നു പറഞ്ഞിട്ടും പൊതിച്ചോറ് കെട്ടിക്കൊണ്ട് വരുന്ന നിരഞ്ജനയെ ഓർത്തു പോയി അവൻ…. 😊dk❣️ ദിവ്യകശ്യപ് 🌷🌷

ഒരു ചെമ്പകപ്പൂവിന്റെ ഓർമ്മയ്ക്ക്: ഭാഗം 10

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!