ഋതുസംക്രമം : ഭാഗം 20

ഋതുസംക്രമം : ഭാഗം 20

എഴുത്തുകാരി: അമൃത അജയൻ

ക്യാഷ്വാലിറ്റിയിൽ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നവർക്കിടയിലൂടെ ആരെയോ തിരഞ്ഞുകൊണ്ട് നടക്കുന്ന സൂര്യനന്ദനെ നിരഞ്ജനും ആഷിക്കും തെല്ലതിശയത്തിൽ നോക്കി . അന്ന് പഴയിടത്ത് വച്ച് നാടൻ മുണ്ടും ഷർട്ടും മാത്രം ധരിച്ചു കണ്ട ശുദ്ധനായ നാട്ടിൻപുറത്തുകാരനിൽ നിന്നും ഇന്നത്തെ മാറ്റം അവരെ അത്ഭുതപ്പെടുത്തി . ബേയ്ഗ് കളർ പാൻ്റും ഇൻസേർട്ട് ചെയ്ത ലൈറ്റ് പർപ്പിൾ ഷർട്ടുമായിരുന്നു വേഷം . ഫോണിൽ ആരെയോ വിളിക്കാൻ ശ്രമിക്കുകയും കിട്ടാതെ വരുമ്പോൾ ചെവിയിൽ നിന്ന് മാറ്റി അതിലേക്ക് നോക്കുകയും ചെയ്യുന്നു .

ആ വരവ് മൈത്രിയ്ക്കും പുതുമയുള്ള കാഴ്ചയായിരുന്നു . പെട്ടന്ന് അവളുടെ മുഖം കടുത്തു . ” നിരഞ്ജാ .. നിരഞ്ജാ .. സൂര്യേട്ടൻ കാണാതെ എന്നെയിവിടുന്ന് രക്ഷിക്കൂ .. പ്ലീസ് ” നിരഞ്ജൻ്റെ കൈത്തണ്ടയിൽ പിടിച്ച് കുലുക്കിക്കൊണ്ടുള്ള പറച്ചിലും അവളുടെ മിഴികളിൽ കണ്ട ഭയവും എന്തുകൊണ്ടാണെന്ന് രണ്ടാൾക്കും മനസിലായില്ല . പഴയിടവുമായിട്ടാണ് അവൾക്കാകെ അടുപ്പമെന്ന് ഉണ്ണി പറഞ്ഞറിവുള്ളതാണ് നിരഞ്ജന് . അപ്പോപ്പിന്നെയെന്താണിങ്ങനെ . ” സൂര്യേട്ടനിപ്പോ ൻ്റെ അമ്മേടെ പേഴ്സണൽ സ്റ്റാഫാണ് .. ” നിരഞ്ജൻ്റെ മുഖഭാവം മനസിലാക്കി അവൾ പറഞ്ഞു . വീട്ടിലവൾക്ക് കാര്യമായിട്ടെന്തോ പ്രശ്നമുണ്ട് .

അല്ലെങ്കിൽ തനിച്ചിവിടെവരെ വരില്ല . അതും കൽക്കത്തയിലോ മുംബൈയിലോ എവിടെയാണെന്ന് നിശ്ചയമില്ലാത്ത ആൻറിയുടെ അടുത്തേക്ക് പോകാൻ . അത്രയും ദൂരം തനിയെ യാത്ര ചെയ്യാൻ ധൈര്യമുള്ള പെൺകുട്ടിയായി മൈത്രേയിയെ തോന്നിയിട്ടുമില്ല . സൂര്യൻ സർജറി ഭാഗത്തേക്ക് നടന്നു പോകുന്നത് മൂവരും കണ്ടു . ” ഞാൻ ഉണ്ണിയെ വിളിച്ച് പറഞ്ഞിരുന്നു മൈത്രിയെ ഇവിടെ കൊണ്ടുവന്ന വിവരം . എന്താ എതാന്നറിയാത്തത് കൊണ്ട് നിന്നെ വിളിച്ചതിനു പിന്നാലെ അവനെയാ ഞാൻ വിളിച്ചത് , ഉണ്ണിക്ക് മൈത്രിയുടെ ഫാമിലിയെ അറിയിക്കാൻ കഴിയുമല്ലോന്ന് വിചാരിച്ചിട്ട് . ”

സൂര്യൻ എന്തിനാകും വന്നതെന്ന നിരഞ്ജൻ്റ് ചോദ്യത്തിന് മറുപടിയായി ആഷിക് പറഞ്ഞു .. ” നിരഞ്ജാ പ്ലീസ് ..” അവൾ ദയനീയമായി നോക്കുന്നത് അവഗണിക്കുവാൻ കഴിഞ്ഞില്ല . ” ഒരു പണിയുണ്ട് , ഞാൻ ലാബ് ടെസ്റ്റിനെഴുതാം .. നീ മൈത്രിയെ കൂട്ടി പുറത്തിറങ്ങിക്കോ .. സൂര്യനെ മാനേജ് ചെയ്യുന്ന കാര്യം ഞാനേറ്റു .. ” എങ്ങോട്ടെങ്കിലും മാറിയിരുന്ന് അവളോട് വിവരങ്ങൾ ചോദിച്ചറിയാനുള്ള സമയം കിട്ടും . ആഷിക്കും അത് തന്നെയാവണം ഉദ്ദേശിച്ചിട്ടുണ്ടാവുക . ആഷിക് അവളുടെ ഒപി ടിക്കറ്റുമായി വന്നപ്പോൾ നിരഞ്ജൻ മൈത്രിയുടെ ഡ്രിപ്പ് കണക്ഷൻ മാറ്റി .. ബെഡിൽ നിന്നെഴുന്നേറ്റപ്പോൾ നിരഞ്ജൻ ഒരു കൈകൊണ്ട് ചേർത്തു പിടിച്ചു .

” നടക്കാൻ പറ്റുമോ ..?” അവൾ പറ്റുമെന്ന് തല കുലുക്കി . ഒബ്സർവേഷനിൽ നിന്ന് ഫാർമസിയിലേക്ക് പോകാനുള്ള പാസേജീലൂടെ ഇരുവരും പുറത്തേക്ക് കടന്നു .. ” ഒന്നും കഴിച്ചില്ല അല്ലേ ..” അവളെ ചേർത്തു പിടിച്ച് നടക്കുന്നതിനിടയിൽ നിരഞ്ജൻ ചോദിച്ചു . അവളില്ലെന്ന് തലയാട്ടി . അവൻ്റെയടുത്ത് ഔചിത്യങ്ങളില്ലാതെ ഇടപഴകുന്ന മൈത്രേയി .. ആദ്യം അവർ ക്യാൻറീനിലേക്ക് പോയി .. അവൾക്ക് കഴിക്കാൻ ഭക്ഷണം പാഴ്സൽ വാങ്ങി . അവിടുന്ന് അവർ സ്കാനിംഗ് സെക്ഷൻ്റെ ഭാഗത്തേക്ക് നടന്നു .

അവിടെയൊരു റൂം പ്രവർത്തനമില്ലാതെ കിടപ്പുണ്ട് . വല്ലപ്പോഴും ഹൗസ് സർജൻസോ മെഡിക്കൽ സ്റ്റുഡൻസോ റസ്റ്റെടുക്കാനോ , വല്ല പണിയും വരുമ്പോൾ ഒളിച്ചിരിക്കാനോ ഭക്ഷണം കഴിക്കാനോ അവിടെപ്പോയിരിക്കാറുണ്ട് . നിരഞ്ജൻ പ്രതീക്ഷിച്ചത് പോലെ തന്നെ അവിടെയാരും ഉണ്ടായിരുന്നില്ല .. മൈത്രി ചുറ്റും കണ്ണോടിച്ചു നോക്കി . അവിടെ വലതുവശത്തായുള്ള പാസേജിൻ്റെ എൻറിൽ ഗ്രില്ലിട്ടിട്ടുണ്ട് . അതിനപ്പുറത്തു കൂടി ആളുകൾ നടക്കുന്നത് കാണാം .. ” പേടിക്കണ്ട .. ഇങ്ങോട്ടാരും വരില്ല .. ” അവൾ ചിരിച്ചു .

അവൻ അകത്ത് കടന്ന് ആദ്യം പോയി ഒരു ജനൽ തുറന്നിട്ടു , പിന്നെ വന്ന് ഡോറടച്ചു .. ” പേടി തോന്നുന്നുണ്ടോ ..” എന്ന് ചോദിച്ചപ്പോൾ നേർത്ത ചിരിയോടെ ഇല്ലെന്ന് കണ്ണടച്ചു കാട്ടി . റൂമിൽ രണ്ടറ്റത്തായി കിടന്ന മേശയും ബെഞ്ചും നേരെ പിടിച്ചിട്ടു .. ഭക്ഷണ കിറ്റ് മേശയിൽ വച്ചിട്ട് ആദ്യം മിനറൽ വാട്ടറെടുത്ത് അടപ്പ് തുറന്ന് കൈയിൽ കൊടുത്തു .. രണ്ടു കവിൾ വെളളം കുടിച്ചിട്ട് അവൾ ജനാലയിലൂടെ പുറത്തേക്ക് കൈകഴുകിയൊഴിച്ചു . എന്തുകൊണ്ടോ നിരഞ്ജനോട് ഒരപരിചിതത്വവും അവൾക്കനുഭവപ്പെടുന്നില്ല . അതിനുമാത്രം യാതൊരടുപ്പവും അവനോടില്ലാത്തതാണ് .

എന്നിട്ടും എന്തോ മനസുകൊണ്ട് അവൻ തൻ്റെയാരൊക്കെയോ ആയിതീരുന്നു .. അതോ തൻ്റെ കാര്യം നടക്കാൻ അവനെ ഉപകരണമാക്കുന്നതോ ? മനസിനെ എന്തൊക്കെയോ മധിച്ചു കൊണ്ടിരുന്നു .. ” ഏയ് .. ആരെയാ നോക്കി നിൽക്കുന്നേ ..അവിടെ മോർച്ചറിയാണ് .. പരിചയക്കാരാരെങ്കിലുമുണ്ടോ ..?” അവൾ വെട്ടിത്തിരിഞ്ഞു നോക്കി .. മേശയിൽ ചാരി കൈകെട്ടി നിന്ന് ചിരിക്കുന്ന അവനെ നോക്കി ചുണ്ടുകൂർപ്പിച്ചു കൊണ്ട് അവൾ തിരിച്ചു വന്നു .. ആ മുഖഭാവം കണ്ടപ്പോൾ അവൻ ശബ്ദമില്ലാതെ ചിരിച്ചു . നിരഞ്ജൻ തന്നെ ചപ്പാത്തി പൊതി തുറന്ന് അതിനു മേലെ കടലക്കറി ഒഴിച്ചു കൊടുത്തു . അവൾ ബെഞ്ചിലിരുന്ന് കഴിക്കാൻ തുടങ്ങിയപ്പോൾ അവനും അരികിലിരുന്നു . ”

നിരഞ്ജൻ കഴിച്ചായിരുന്നോ . ” ” കഴിച്ചു … ” അങ്ങനെ പറഞ്ഞെങ്കിലും , അവൾ കഴിക്കുന്ന ചപ്പാത്തിയിൽ നിന്ന് വളരെ സാവധാനം നുള്ളിയെടുത്ത് അവനും കഴിച്ചു . അത് വിശപ്പു കൊണ്ടായിരുന്നില്ല .. അവൾക്കൊപ്പം ഒരേ പൊതിയിൽ നിന്ന് കഴിക്കാനുള്ള ആഗ്രഹം കൊണ്ട് .. അവൾ കഴിച്ചു കഴിയുന്ന വരെ മറ്റൊന്നും സംസാരിച്ചില്ല . കൈകഴുകി തിരിച്ച് വന്ന് അതേ ബെഞ്ചിൽ അടുത്തടുത്തിരുന്നു .. ” ക്ഷീണം തോന്നുന്നുണ്ടോ …? ” അവളില്ലെന്ന് തലയാട്ടി .. ” ഇനി പറ … എന്താ നിൻ്റെ പ്രശ്നം .. ” അവൾ പെട്ടന്ന് മൗനമായി .. ” എന്നോട് പറയാൻ ബുദ്ധിമുട്ടുണ്ടോ …? ” ” അതു കൊണ്ടല്ല .. ഒരുപാടുണ്ട് ..

എന്തൊക്കെ പറയണന്നോ , ഞാൻ പറയുന്നതൊക്കെ നിരഞ്ജന് മനസിലാകുവോന്നോ ഒന്നുമെനിക്കറിഞ്ഞൂടാ .. ചിലപ്പോ ഞാൻ പറയുന്നതൊക്കെ നിരഞ്ജന് നിസാരമായിട്ടേ തോന്നു . ” ” സാത്യതയില്ല .. അറ്റ്ലീസ്റ്റ് നിൻ്റെ ദേഹത്തെ ഈ അടിയുടെ പാടെങ്കിലും ഞാൻ നിസാരമായി കാണില്ല … ” അവളുടെ കൈകളിൽ നീലിച്ച് കിടന്ന തഴമ്പിലേക്ക് നോക്കി അവൻ പറഞ്ഞു .. അവളുടെ കണ്ണ് നിറഞ്ഞു പോയി . അവൻ കൈനീട്ടിയപ്പോൾ അതാഗ്രഹിച്ചിരുന്ന പോലെ അവളാ കൈയിൽ കൈകോർത്തു .. പിന്നീട് അവൻ കേട്ടത് ഒരു പെൺകുട്ടിയുടെ ഇരുണ്ട ലോകത്തിലെ അനുഭവങ്ങളാണ് .

അത് പറഞ്ഞു തീരുമ്പോൾ പലപ്പോഴായി അവൾ പൊട്ടിക്കരഞ്ഞു .. അവൻ ഉണ്ണിയിൽ നിന്ന് അവ്യക്തമായി അറിഞ്ഞ പല കാര്യങ്ങൾക്കും ഒരു ക്ലിയർ പിക്ചർ കിട്ടുകയായിരുന്നു . മാതാപിതാക്കൾക്കൊപ്പം ജീവിക്കാൻ ഭാഗ്യമുള്ള കുട്ടികളെ ഒരസൂയയോടെ നോക്കി നിന്നതൊക്കെ വെറുതെയായിരുന്നെന്ന് തോന്നിപ്പോയി അവൾ പറയുന്നതൊക്കെ കേൾക്കുമ്പോൾ . അവർക്കും താനനുഭവിച്ച അനാഥത്വത്തെക്കാൾ ഭീകരമായ ഒറ്റപ്പെടലിൻ്റെ കഥകളുണ്ടായിരുന്നോ . അനാഥാലയത്തിൽ താനൊരിക്കലും ഒറ്റയ്ക്കായിരുന്നില്ല .. തന്നെപ്പോലെ തനിച്ചായിപ്പോയ കുറേ കൂടപ്പിറപ്പുകളെങ്കിലും കൂട്ടിനുണ്ടായിരുന്നു ..

എല്ലാം പറഞ്ഞവസാനിപ്പിച്ച് മേശയിൽ തല വച്ച് കിടക്കുമ്പോൾ അവളവനോട് ഒന്നും മറച്ചു വച്ചിരുന്നില്ല . ” മൈത്രിയെങ്ങോട്ടു പോയാലും അമ്മയന്വേഷിച്ച് കണ്ടു പിടിക്കില്ലേ .. അല്ലെങ്കിലും ആൻ്റിയുടെ അടുത്തേക്കുള്ള പോക്ക് സെയ്ഫല്ല .. എവിടാണെന്നറിയാതെ പോയിട്ടെന്ത് ചെയ്യാനാ …? ” ” ഞാൻ തിരിച്ച് വീട്ടിലേക്ക് പോവില്ല നിരഞ്ജാ .. ഒന്നും പറ്റിയില്ലേൽ ഞാനാ റെയിൽവേ ട്രാക്കിൽ തീർക്കുമല്ലോ …” ” നോ …….” അവളെ പറഞ്ഞു മുഴുപ്പിക്കാനനുവാദിക്കാതെ തന്നിലേക്ക് വലിച്ചടുപ്പിച്ചത് പെട്ടന്നായിരുന്നു . അപ്പോൾ മറ്റൊന്നും അവൻ ചിന്തിച്ചില്ല ..

അവളെ ഒരു മരണത്തിനും താൻ വിട്ടു കൊടുക്കില്ല .. ഇനിയൊരു പക്ഷെ അവളെ തനിക്കു കിട്ടിയില്ലെങ്കിൽപ്പോലും . ഒരു കൈകൊണ്ട് അവളെ തൻ്റെ തോളോട് ചേർത്ത് പിടിച്ചിരിക്കുമ്പോഴും ഇനിയെന്താണ് ചെയ്യേണ്ടതെന്ന ആലോചനയിലായിരുന്നു .. ” നിനക്കെന്നെ വിശ്വാസമുണ്ടോ ..” എന്തൊക്കെയോ മനസിലുറപ്പിച്ചു കൊണ്ട് അവൻ ചോദിച്ചു .. അടുത്ത സെക്കൻ്റിൽ തന്നെ വിശ്വസിക്കാൻ മാത്രം അവൾക്കെന്തടുപ്പമാണ് തന്നോടുള്ളതെന്ന് അവനാലോചിച്ചു .. അവളവൻ്റെ തോളിൽ നിന്ന് മുഖമുയർത്തി മുഖത്തേക്ക് നോക്കിയിരിക്കുകയായിരുന്നു .. ” എനിക്ക് വിശ്വാസാ …”

അവൻ അത്ഭുതത്തിൽ നോക്കി . അവളത് വെറുതെ പറഞ്ഞതല്ലെന്ന് ആ മുഖത്ത് നിന്ന് വായിച്ചെടുക്കാമായിരുന്നു . ” ഇന്നെന്തായാലും മൈത്രി തിരിച്ച് വീട്ടിലേക്ക് പോകണം … ” അത് കേട്ടതേ അവളുടെ മുഖം മങ്ങി .. ” ഇല്ല … ഞാൻ പോവില്ല … ഞാൻ പോവില്ല ” ” പറയുന്നത് കേൾക്ക് മൈത്രീ … ” ” ഇല്ല … നിരഞ്ജന് എന്നെ സഹായിക്കാൻ പറ്റില്ല .. ഞാനതോർക്കാണ്ട് പറഞ്ഞതാ .. സാരോല്ല .. നിരഞ്ജൻ ബുദ്ധിമുട്ടണ്ട .. ഞാനെന്തെങ്കിലും ചെയ്തോളാം .. ” അവൾ എഴുന്നേറ്റ് കഴിഞ്ഞിരുന്നു .. താനെന്തൊരു പൊട്ടിയാണ് .. നിരഞ്ജന് തന്നെ എങ്ങനെ രക്ഷപ്പെടുത്താൻ കഴിയും .. അവൻ നിസാഹായനാണ് ..

ഇനിയവനെ ബുദ്ധിമുട്ടിക്കേണ്ടതില്ലെന്ന് മനസിലുറപ്പിച്ചു .. അവനിൽ പ്രതീക്ഷ വച്ചതിൽ പോലും അവൾക്ക് ജാള്യത തോന്നി .. തൻ്റെ ഭാരമെടുത്ത് തലയിൽ വയ്ക്കേണ്ട എന്താവശ്യമാണ് അവനുള്ളത് . ” എവിടെപ്പോകുന്നു .. ഇവിടെയിരിക്ക് ഞാൻ പറയട്ടെ … ” അവനും എഴുന്നേറ്റു അവൾക്കെതിരെ നിന്നു .. ” വേണ്ട നിരഞ്ജാ … എനിക്ക് വേണ്ടി നിരഞ്ജൻ ബുദ്ധിമുട്ടണ്ട .. ” ബെഞ്ചിൽ ഒതുക്കി വച്ചിരുന്ന ബാഗെടുത്ത് അവൾ തോളിലിട്ടു .. ” അതാണോ …അതാണോ ഞാൻ പറഞ്ഞോണ്ടുവരുന്നേ .. ഇങ്ങനെ പോകാനാണെങ്കിൽ പിന്നെ നീയെന്തിനാ എന്നെ വിശ്വാസമാണെന്ന് പറഞ്ഞത് ..? ”

അവൾ ദൈന്യതയോടെ നോക്കി .. അവനും അവളോട് സഹതാപം തോന്നി .. ” നോക്ക് , നീയന്ന് പറഞ്ഞില്ലെ നമുക്ക് നല്ല ഫ്രണ്ട്സായിട്ടിരിക്കാമെന്ന് .. അത്രേം മതി .. ആ വിശ്വാസമെങ്കിലും നീയെനിക്ക് തന്നാൽ മതി … ” അവൾ നിറമിഴികളോടെ അവനെ നോക്കി നിന്നു .. ” മൈത്രീ , സിനിമയിലെ നായകന്മാരെപ്പോലെ ടൊയോട്ടാ പ്രാഡോയിൽ നിന്നെ തട്ടിക്കൊണ്ട് പോയി ഒളിപ്പിച്ചു വയ്ക്കാനൊന്നും എന്നെക്കൊണ്ട് കഴിയില്ലെന്ന് ഞാൻ സമ്മതിക്കുന്നു .. പക്ഷെ ഒരുറപ്പ് തരാം , നിനക്കിഷ്ടമില്ലാത്ത കല്ല്യാണത്തിന് നീ തല കുനിച്ചു കൊടുക്കേണ്ടി വരില്ല ഒരിക്കലും .. നിൻ്റെ ആൻറിയെ ഞാൻ കണ്ടു പിടിച്ച് നിന്നെ അവരുടെയടുത്ത് എത്തിക്കും , ഇല്ലെങ്കിൽ ആൻറി നിൻ്റെയടുത്ത് വരും ..

പക്ഷെ അതീ നിമിഷം പറ്റില്ല കുറച്ച് സമയം വേണം .. ആ സമയം വരെ നിൻ്റെ വീട്ടിൽ നീ സെയ്ഫായിരിക്കും , കഴിയുമെങ്കിൽ കോളേജിൽ പോകാനുള്ള വഴിയും തുറന്നു തരും … ഇത്രേം സമ്മതമാണെങ്കിൽ , എന്നെ വിശ്വാസിക്കാമെങ്കിൽ ഞാൻ പറയുന്നതനുസരിക്കണം ” അവളവൻ്റെ മുഖത്തേക്ക് ദൃഷ്ടിയൂന്നി .. അവൻ്റെ കണ്ണുകളിൽ നിശ്ചയദാർഢ്യമുണ്ടായിരുന്നു .. അതവഗണിച്ചു പോകണോ വേണ്ടയോ .. പോയാൽ താനെവിടെയെത്തും .. പോയില്ലെങ്കിൽ , നിരഞ്ജൻ പറയുന്ന പോലെ തൻ്റെ വീട്ടിലും അവന് തന്നെ സെയ്ഫാക്കാൻ കഴിയുമോ . ചിന്തകൾ അവളെ മഥിച്ചു കൊണ്ടേയിരുന്നു …….( തുടരും ) അമൃത അജയൻ അമ്മൂട്ടി

ഋതുസംക്രമം : ഭാഗം 19

Share this story